എനിക്ക് എട്ടോ ഒൻപതോ വയസ് ഉള്ളപ്പോഴാണ് മാനസിക രോഗത്തെപ്പറ്റി ഞാനാദ്യമായി കേൾക്കുന്നത്. ഗാന്ധി ബസാറിലേക്കുള്ള വഴിയിലൂടെ അമ്മയോടൊപ്പം ഞാൻ നടക്കുകയായിരുന്നു. വൃത്തിഹീനമായ കീറിയ വസ്ത്രങ്ങളും ജഡ കെട്ടിയ മുടിയുമുള്ള ഒരു മനുഷ്യന് ചുറ്റും ഒരാൾക്കൂട്ടത്തെ കണ്ടു. അയാൾ കോപാകുലനായി തന്റെ മുഷ്ടി ചുരുട്ടി ആരെയെന്നില്ലാതെ ചീത്ത പറയുന്നുണ്ടായിരുന്നു. എന്റെ അമ്മ കൈയ്യിലെ പിടിമുറുക്കി പറഞ്ഞു, 'നമുക്ക് ഇവിടെനിന്നു പോകാം. അയാളൊരു ഭ്രാന്തനാണ്. അയാൾ അപകടകാരി ആയേക്കാം.'
സിനിമകളിലേയും പുസ്തകങ്ങളിലേയും മാനസികരോഗത്തിന്റെ ചിത്രീകരണത്തിലൂടെ ‘ഭ്രാന്തനെ’ തെറ്റായ രീതിയിലാണ് പൊതുസമൂഹത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇടയ്‌ക്കെപ്പോഴോ, ഭ്രാന്തന്മാർ മാനസികരോഗ വിദഗ്ദ്ധന്മാരാൽ ചികിത്സിക്കപ്പെടേണ്ടവരാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. കുറച്ചുകാലത്തിനുള്ളിൽ ഈ ചിന്ത മാനസികരോഗ ചികിത്സകന്മാർ ചികിത്സിക്കുന്നവരെല്ലാം ഭ്രാന്തന്മാരാണെന്ന മനോഭാവത്തിലേക്ക് പതുക്കെ മാറി.
മാനസികരോഗം = ഭ്രാന്ത്. ചെറുപ്പകാലം മുതൽക്കെ മാനസികരോഗത്തെക്കുറിച്ച് ആളുകളുടെ മനസിൽ വേരുറപ്പിക്കുന്ന ആശയം ഇതാണ്. കൊച്ചുകുട്ടികൾ സൂര്യന്റെയും ചന്ദ്രന്റെയും വലിപ്പം ഏകദേശം ഒരുപോലെ ആണെന്ന് ചിന്തിക്കുന്നതിന് സമാനമാണിത്. ഈ കാഴ്ചപ്പാട് വ്യത്യാസപ്പെടാതിരുന്നാൽ ഒന്നെങ്കിൽ അവർക്കോ അല്ലെങ്കിൽ മറ്റ് സ്‌നേഹിതർക്ക് വേണ്ടിയോ സഹായം തേടുന്നതിൽനിന്ന് ആളുകളെ വിലക്കുന്ന വിധത്തിലുള്ള തെറ്റിധാരണയായി ഇത് മാറുന്നു. 'ഞാനൊരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണണമെന്നോ! എനിക്ക് ഭ്രാന്താണെന്നാണോ നീ പറയുന്നത്?' മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടണമെന്ന നിർദ്ദേശത്തിന് സാധാരണയായി കാണുന്ന പ്രതികരണം ഇതാണ്.
മനുഷ്യശരീരത്തിലെ ഹൃദയം, ശ്വാസകോശം, വൃക്ക, കരൾ എന്നീ ഏകദേശം എല്ലാ അവയവങ്ങളെയും പലതരം രോഗങ്ങൾ ബാധിക്കുന്നു. പിന്നെന്ത് കൊണ്ടാണ് രോഗബാധയിൽനിന്ന് തലച്ചോറിനെ മാത്രം മാറ്റിനിർത്തുന്നത് (തലച്ചോറിനെ എന്തിനാണ് വ്യത്യസ്ഥമായി കാണുന്നത്?)
ഒരു വസ്തുവിന്റെ രൂപം കണ്ണിന്റെ കോർണിയയിലൂടെ കടന്ന് പോകുന്നത് മുതൽ തലച്ചോറ് അതിനെ വിശകലനം ചെയ്ത് എടുക്കുന്ന സമയംവരെ ഒരുപാട് പ്രക്രിയകൾ സംഭവിക്കുന്നു. നിമിഷാർധങ്ങൾ മാത്രമെടുക്കുന്നതിനാൽ ഈ പ്രക്രിയ നമ്മൾ തിരിച്ചറിയുന്നില്ല. തലച്ചോറ് ഒരു വസ്തുവിന് രൂപം നൽകുന്നതും അതിനുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങളും വലിയ പ്രശ്‌നങ്ങൾ ഇല്ലാതെതന്നെ നമ്മൾ തിരിച്ചറിയുന്നു. ഉദാഹരണത്തിന്, ഒരു ഐസ്‌ക്രീം കോൺ കാണുമ്പോൾ 'ആ ഇതൊരു ചോക്ലേറ്റ് ഐസ്‌ക്രീം ആണെന്ന' ചിന്ത സൃഷ്ടിക്കുവാൻ ആയിരക്കണക്കിന് കോശങ്ങളുടെ അധ്വാനവും ഏകോപനവും ഉണ്ട്. നാഡികോശങ്ങൾ ന്യൂറോട്രാൻസ്മിറ്ററുകൾ (ഒരു നാഡിയിലേക്കോ മാംസപേശിയിലേക്കോ ഒരു സംജ്ഞ കടത്തിവിടുന്നതിനായി നാഡീതന്തു ഉൽപാദിപ്പിക്കുന്ന രാസപദാർഥം) എന്ന രാസപദാർത്ഥം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നത് കൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങളുടെ ഒരു നീണ്ടനിര രൂപപ്പെടുന്നത്. ഒരു രാസപദാർത്ഥം കൃത്യമായി പ്രവർത്തിക്കാതെ വന്നാൽ കണ്ണുകളിലെ നാഡികോശങ്ങൾ ബന്ധിക്കുന്ന സ്ഥലം പ്രവർത്തനരഹിതമാകുകയും കണ്ണിന് ഐസ്‌ക്രീം കാണാന്‍ സാധിക്കാതെ വരുകയും ചെയ്യും. ഇതിന്റെ ഫലമായി തലച്ചോറിൽ രൂപത്തെ വിശകലനം ചെയ്യുന്ന ഭാഗം പ്രവർത്തന രഹിതമാകുന്നതിനാൽ അതൊരു ഐസ്‌ക്രീം ആണെന്ന് തിരിച്ചറിയാൻ തലച്ചോറിന് സാധിക്കില്ല.
ഇതിന് സമാനമായി നാഡികോശങ്ങളും ന്യൂറോട്രാൻസ്മിറ്ററുകളും ചിന്തിക്കാൻ സഹായിക്കുന്നു. അവ കൃത്യമായി ജോലി ചെയ്യുന്നില്ലെങ്കിൽ നമ്മുടെ ചിന്തകളെയും പെരുമാറ്റത്തേയും അത് ബാധിക്കുന്നു. മാനസിക രോഗത്തിന് പ്രമേഹത്തേയോ പാർക്കിൻസൺ രോഗത്തെയോപോലെ ജീവശാസ്ത്രപരമായ ഒരു അടിത്തറയുണ്ട്.
ഏതാണ്ട് 90 ശതമാനം മാനസികരോഗങ്ങളും ജനറൽ ഡോക്ടറെ കാണുവാനുള്ള രോഗാവസ്ഥകളായ ജലദോഷം, പനി, അലർജി കൊണ്ട് ഉണ്ടാകുന്ന ത്വക്‌രോഗങ്ങൾ, തലവേദന, ചെവിവേദന, വയറിളക്കം തുടങ്ങിയവയൊക്കെപ്പോലെ സാധാരണമാണ്. കടുത്ത വയറുവേദനയുമായി ഒരു ജനറൽ ഡോക്ടറെ കാണുകയാണെങ്കിൽ അയാൾ നിങ്ങൾക്ക് പുളിച്ച് തികട്ടൽ ആണെന്ന് കണ്ടെത്തുകയും അന്റാസിഡ് കുറിക്കുകയും ചെയ്യുന്നു. നിങ്ങൾ ഉത്കണ്ഠാകുലനാണോ എന്നയാൾ ചോദിക്കുകയും ആയതിനാൽ അത് കുറയ്ക്കുവാനുള്ള മരുന്ന് കുറിച്ച് തരുകയും ചെയ്യുന്നു. ഉത്കണ്ഠാരോഗത്തിനുള്ള മരുന്ന് കഴിച്ചതിനുശേഷവും ഈ അവസ്ഥ തുടരുകയാണെങ്കിൽ ഒരു മാനസികരോഗ വിദഗ്ദനെ കാണുവാൻ അയാൾ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങളുടെ ചെവിവേദന മരുന്നിനോട് പ്രതികരിക്കുന്നില്ലെന്ന് കാണുമ്പോൾ ജനറൽ ഡോക്ടർ ഒരു ഇഎൻടി വിദഗ്ദ്ധനെ കാണാൻ ആവശ്യപ്പെടുന്നത് പോലെ മാത്രമുള്ള കാര്യമാണിത്.
ആറ് മാസം മുമ്പ് തുടർച്ചയായി ചിന്തിക്കുന്നത് നിർത്താൻ കഴിയാത്തത് മൂലം ജീവിതം പ്രശ്‌നഭരിതമായ 35കാരിയെ കാണാനിടവന്നു. അപ്രധാനമായ കാര്യങ്ങളാണ് അവർ ചിന്തിച്ച് കൂട്ടുന്നത്. നിയന്ത്രിക്കാൻ പറ്റാത്ത ചിന്തകൾ കാട് കയറി അവർ പ്രശ്‌നത്തിലായി. അവർക്ക് തന്റെ മനസിൽനിന്ന് ചിന്തകളെയും ചിന്തിക്കുന്നവെന്ന തോന്നലിനെയും ഒഴിവാക്കാൻ സാധിക്കാതായി. അവർ എപ്പോഴും ഉത്കണ്ഠാകുലയും അമിത രക്തസമ്മർദ്ദത്തിന് ചികിത്സയിലുമായിരുന്നു. മനംപിരട്ടലും തീവ്രമായ വയറുവേദനയും മൂലം ഉറങ്ങുവാനോ ഭക്ഷണം കഴിക്കുവാനോ കഴിഞ്ഞിരുന്നില്ല. വിവാഹമോചനത്തെക്കുറിച്ച് മാത്രമാണ് ഭർത്താവ് ഈ സമയത്ത് സംസാരിച്ചിരുന്നത്. അവരുടെ പെരുമാറ്റത്തിൽ അയാൾ നിരാശനായിരുന്നു. തുടർച്ചയായി ചികിത്സിച്ചിട്ടും അവരുടെ രോഗത്തിന് ശമനമുണ്ടാകാത്തതിനാൽ അയാൾ മനംമടുത്ത് പോയിരുന്നു. വിവാഹം കഴിഞ്ഞു പന്ത്രണ്ട് വർഷമായിട്ടും ഇതായിരുന്നു സംഭവിച്ച് കൊണ്ടിരുന്നത്. കൃത്യമായി ഭക്ഷണം ഉണ്ടാക്കാൻ പോലും സാധിക്കാതെ വന്നു, കുട്ടിയെ നോക്കാനും വീട് വൃത്തിയാക്കാനും സാധിച്ചിരുന്നില്ല. എല്ലായ്പോഴും കരച്ചിലും, ദേഷ്യപ്പെടലും, ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്ന അവർക്കിടയിൽ ശരിയായസംസാരത്തിന് പോലും സാധ്യതയില്ലായിരുന്നു.
രോഗനിർണ്ണയം നടത്തുകയും മരുന്ന് കഴിക്കുവാനും തുടങ്ങുകയും ചെയ്തതോടെ കഴിഞ്ഞ ആറ് മാസമായി അവരുടെ രോഗലക്ഷണങ്ങൾക്ക് കൃത്യമായ കുറവുണ്ടായി. ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങൾ ഇല്ലാതായതോടെ വേർപിരിയുന്നതിനെ കുറിച്ചുള്ള സംസാരങ്ങളും അവസാനിച്ചു. അവർ ജോലിക്ക് പോകുവാൻ തുടങ്ങി. വീടിന്റെ അവസ്ഥ ഇപ്പോഴും പഴയതുപോലെ തന്നെയാണെങ്കിലും അവർ ഉത്സാഹത്തോടെ കാര്യങ്ങൾ ചെയ്യുന്നതിനെപ്പറ്റിയും വീട് വൃത്തിയാക്കുന്നതിനെപ്പറ്റിയും സംസാരിക്കാൻ തുടങ്ങി.
അമിതമായ ദുഃഖം, പേടി, ദേഷ്യം തുടങ്ങിയ മാനസിക രോഗലക്ഷണങ്ങൾക്ക് ചികിത്സ തേടണമോ എന്നത് മാനസിക രോഗത്തോടുള്ള വ്യക്തികളുടെ കാഴ്ചപ്പാട് അനുസരിച്ചിരിക്കുന്നു. മാനസിക രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീങ്ങുകയാണെങ്കിൽ ശാരീരിക ആരോഗ്യത്തെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നത് പോലെ തന്നെ മാനസികപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുക സാധ്യമാണ്.
ഇരുപത് വർഷമായി മാനസികരോഗ വിദഗ്ദ്ധയായി പ്രാക്ടീസ് ചെയ്യുന്ന ഡോ. ശ്യാമള വത്സ, ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്നു.