എന്താണ് മാനസികാസ്വസ്ഥ്യം?
മാനസികരോഗം എന്നത് ഒരു വ്യക്തിയെ വൈകാരികമായും മനഃശാസ്ത്രപരമായും പെരുമാറ്റപരമായും ബാധിക്കുന്ന ഒരു ആരോഗ്യാവസ്ഥയാണ്. ശാരീരികാസ്വസ്ഥ്യത്തിന് എന്നതുപോലെ തന്നെ മാനസികാസ്വാസ്ഥ്യത്തിനും വിദഗ്ദ്ധ ചികിത്സ ആവശ്യമുണ്ട്. പക്ഷേ ചില ശാരീരികാസ്വസ്ഥ്യങ്ങളിൽ നിന്നു വിഭിന്നമായി, മാനസികാസ്വസ്ഥ്യങ്ങൾക്ക് കാരണമാകുന്നത് ജീവശാസ്ത്രപരമായതും മനഃശാസ്ത്രപരമായതും ആയ ഘടകങ്ങളുടെ ഒരു സംയോജിത അവസ്ഥയും ഒരു വ്യക്തിയുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും ആണ്.
എങ്ങനെയാണ് മാനസികാസ്വസ്ഥ്യങ്ങൾ ചികിത്സിക്കുന്നത്?
തെറപ്പി - സവിശേഷ ചികിത്സ - ഔഷധോപയോഗം എന്നിവ രണ്ടും സംയോജിതമായി ഉപയോഗിച്ചുകൊണ്ടാണ് ഇവ ചികിത്സിക്കുക. ചിലതിന് ഔഷധോപയോഗം പോലും ആവശ്യമുണ്ട് എന്നു വരില്ല, ധാരണാപര പെരുമാറ്റ ചികിത്സ (സിബിറ്റി) പോലെയുള്ള സൈക്കോതെറപ്പികളിലൂടെ അഭിസംബോധന ചെയ്യപ്പെടാവുന്നതേയുള്ളു.
എനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെങ്കിൽ ഞാൻ ആരെയാണ് സമീപിക്കേണ്ടത്?
നിങ്ങൾക്കോ നിങ്ങൾക്ക് അറിയാവുന്ന ആർക്കെങ്കിലുമോ മാനസികാസ്വാസ്ഥ്യം ഉണ്ട് എന്നു സംശയം തോന്നുന്നുവെങ്കിൽ, നിങ്ങൾ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്‍റെ ഉപദേശം തേടണം. അത് ഒരു കൗൺസിലർ ആകാം, അല്ലെങ്കിൽ ഒരു സൈക്കോളജിസ്‌റ്റോ സൈക്യാട്രിസ്‌റ്റോ ആകാം.
ശ്രദ്ധിച്ചു കേൾക്കുക എന്ന കാര്യത്തിൽ പരിശീലനം സിദ്ധിച്ചവരാണ് കൗൺസിലർമാർ, അവർ ആ വ്യക്തിയെ അയാളുടെ പ്രശ്‌നങ്ങൾ വിശകലം ചെയ്ത്, ഒരു യുക്തിഭദ്രമായ പരിഹാരം കണ്ടെത്തുന്നതിന് തങ്ങളുടെ കഴിവുകൾ ഉപയോഗിക്കുന്നു. അന്തർലീനമായ അവസ്ഥകൾ തീവ്രമാണ്, ഔഷധോപയോഗം വേണ്ടി വരും, അതിനാൽ കൗൺസിലിംഗ് കൊണ്ട് ആ വ്യക്തിയുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യപ്പെടുന്നില്ല എന്ന് കൗൺസിലർ നിരീക്ഷിക്കുന്ന പക്ഷം, അവർ ആ വ്യക്തിയെ രോഗനിർണ്ണയം, ചികിത്സ, തെറപ്പി, അല്ലെങ്കിൽ അവസ്ഥയ്ക്ക് അനുസരിച്ച് ഔഷധോപയോഗം എന്നിവയ്ക്കായി ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്‍റെ അടുത്തേക്ക് വിടുന്നു.
ഒരു സൈക്കോളജിസ്റ്റിന് സൈക്കോളജിയിൽ ബിരുദം ഉണ്ടാകും മനുഷ്യരുടെ പെരുമാറ്റങ്ങളെ സംബന്ധിച്ച് വൈദഗ്ദ്ധ്യവും ഉണ്ടാകും. ഒരു വ്യക്തിയുടെ ചിന്തകളേയും കാഴ്ച്ചപ്പാടുകളേയും വികാരങ്ങളേയും പ്രവർത്തികളേയും പഠിക്കുന്നതിനായി അവർ ശാസ്ത്രീയമായ രീതികൾ ഉപയോഗിക്കുന്നു. ആളുകളെ തങ്ങളുടെ വെല്ലുവിളികൾ അതിജീവിക്കുന്നതിനും പരസ്പരബന്ധപ്രശ്‌നങ്ങൾ, മാതാപിതാക്കൾ കുട്ടികളെ വളർത്തുന്നതിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ, കൗമാരത്തിലെ വെല്ലുവിളികൾ, ആരോഗ്യത്തിലും ചിരസ്ഥായിയായ രോഗത്തിലും സംഭവിക്കുന്ന ജീവിതശൈലീ പ്രഭാവങ്ങൾ തുടങ്ങിയ ജീവിതപ്രശന്ങ്ങളുമായി സമരസപ്പെടുന്നതിനും തെളിവ് അധിഷ്ഠിത നയങ്ങളും ഇടപെടലുകളും ഉപയോഗിക്കുന്നു.
ഒരു സൈക്യാട്രിസ്റ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ രോഗനിർണ്ണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ഒരു ഭിഷഗ്വരൻ ആണ്. അവരുടെ സമഗ്രമായ വൈദ്യശാസ്ത്ര പരിശീലനകാലത്ത് മസ്തിഷ്‌കത്തിന്‍റെ പ്രവർത്തനങ്ങളും ശരീരവും മസ്തിഷ്‌ക്കവും തമ്മിലുള്ള സങ്കീർണ്ണ ബന്ധവും മനസ്സിലാക്കുന്നതിന് പരിശീലിക്കപ്പെടുന്നുണ്ട്. മാനസികവും ശാരീരികവുമായ ക്ലേശങ്ങൾ സൃഷ്ടിക്കുന്ന ശാരീരികവും മാനസികവുമായ കാരണങ്ങൾ തമ്മിൽ തിരിച്ചറിയുന്നതിൽ ഏറ്റവും യോഗ്യത നേടിയവരാണ് അവർ, ഔഷധോപയോഗം നിർദ്ദേശിക്കുവാൻ അധികാരപ്പെട്ട ഏക മാനസികാരോഗ്യവിദഗ്ദ്ധവിഭാഗവും അവരാണ്.
മാനസികാസ്വാസ്ഥ്യങ്ങൾ സുഖപ്പെടുത്താവുന്നവയാണോ?
മാനസികസ്വാസ്ഥ്യത്തിന്‍റെ കാരണം അനുസരിച്ച്, അതു സുഖപ്പെടുത്താവുന്നത് ആകാം. മാത്രമല്ല, തെറപ്പി, ഔഷധോപയോഗം എന്നിവ കൊണ്ട് മാനസികാസ്വാസ്ഥ്യങ്ങൾ ചികിത്സിക്കാനും കൈകാര്യം ചെയ്യാനും സാധിച്ചെന്നും വരാം. ബൈപോളാർ തകരാർ, സ്‌കിസോഫീനിയ തുടങ്ങിയ ചില മാനസികാസ്വാസ്ഥ്യങ്ങൾക്ക് ഔഷധോപയോഗം ആവശ്യമുണ്ട്, എന്നാൽ വിഷാദം, ഉത്കണ്ഠ തകരാറുകൾ എന്നിവ തെറപ്പി കൊണ്ടുമാത്രം ചിലപ്പോൾ ചികിത്സിക്കാൻ കഴിഞ്ഞേക്കാം.
ഓർമ്മിക്കുക -
മാനസികാസ്വാസ്ഥ്യത്തിന് ഒരു വ്യക്തിയുടെ മനഃശക്തിയുമായി ബന്ധമൊന്നുമില്ല
മാനസികാസ്വാസ്ഥ്യം പകരുകയില്ല
ഏതു വ്യക്തിക്കും ഏതു സമയത്തും മാനസികാസ്വാസ്ഥ്യങ്ങൾ ഉടെലെടുക്കാം
മാനസികാസ്വാസ്ഥ്യങ്ങൾ ചികിത്സിച്ചു സുഖപ്പെടുത്താവുന്നവയാണ്
മാനസികാസ്വാസ്ഥ്യം ബാധിച്ച ഒരു വ്യക്തിക്കു സുഖപ്പെടുന്നതിന്, അവരെ സ്‌നേഹിക്കുന്നവരുടേയും അവർ ജീവിക്കുന്ന സമൂഹത്തിന്‍റേയും പിന്തുണ ആവശ്യമാണ്.