തൊഴിലിടം

നിങ്ങളുടെ ജോലിസ്ഥലം മാതൃ സൗഹൃദപരമായത് ആക്കുക

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ
ഒരു ജീവനെ ഉദരത്തില്‍ പേറുന്ന കാലമെന്നത് ജോലി ചെയ്യുന്ന സ്ത്രീകളുടെ ജീവിതത്തിലെ വളരെ നിര്‍ണായകമായ സമയമാണ്. മുഴുവന്‍ സമയ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗര്‍ഭിണികള്‍ക്ക് അവരുടെ തൊഴിലുടമകളില്‍ നിന്നും പ്രസവകാല അവധി, മറ്റ് ആരോഗ്യപരമായ ആനുകൂല്യങ്ങള്‍ തുടങ്ങിയ രൂപത്തിലുള്ള പിന്തുണ ആവശ്യമുണ്ട്.  ഇക്കാര്യങ്ങള്‍ സാധാരണയായി സ്ഥാപനത്തിന്‍റെ മാനവശേഷി വിഭാഗത്തിന്‍റെ (എച്ച് ആര്‍) നയങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്, എന്നിരുന്നാലും  ഇക്കാര്യത്തില്‍ നിയമം അനുശാസിക്കുന്ന ചില മിനിമം ആവശ്യങ്ങളുണ്ട്.
പ്രസവ ആകൂല്യ നിയമം, 1961
ഗര്‍ഭിണികളായ ജീവനക്കാര്‍ക്ക് പ്രസവത്തിന് മുമ്പ് ആറ് ആഴ്ച, പ്രസവത്തിന് ശേഷം ആറ് ആഴ്ച എന്നിങ്ങനെയായി 12 ആഴ്ചത്തെ ശമ്പളത്തോടു കൂടിയ അവധിക്ക് അര്‍ഹതയുണ്ടെന്ന് നിയമം അനുശാസിക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകളോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നതില്‍ നിന്നും നിയമം സ്ഥാപനങ്ങളെ കര്‍ശനമായി വിലക്കുകയും ചെയ്യുന്നുണ്ട്. ഗര്‍ഭിണിയാണ് എന്നതിന്‍റെ അടിസ്ഥാനത്തില്‍ ഒരു സ്ഥാപനത്തിനും ഒരു സ്ത്രീയെ തൊഴിലില്‍ നിന്നും പിരിച്ചുവിടാന്‍ നിയമപ്രകാരം കഴിയുകയില്ല. ഗര്‍ഭിണിയായ സ്ത്രീ എന്നു മുതല്‍ എന്നു വരെയായിരിക്കും താന്‍ ജോലിക്ക് ഹാജരാകാതിരിക്കുന്നത് എന്ന കാര്യം സ്ഥാപനത്തിനെ രേഖാമൂലം അറിയിക്കേണ്ടതുമാണ്. 
ഇതു കൂടാതെ ഗര്‍ഭിണികള്‍ക്ക് ഒരു മാസത്തെ അധിക 'സിക്' ലീവിനും അവകാശമുണ്ട്. ഈ അവധിയെടുക്കുന്നത് ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ മൂലമായിരിക്കുകയും അത് തെളിയിക്കുന്നതിന് മതിയായ തെളിവ്  സമര്‍പ്പിക്കുകയും ചെയ്യേണ്ടതാണ്. ഗര്‍ഭഛിദ്രം സംഭവിക്കുകയാണെങ്കില്‍ അന്നേ ദിവസം മുതല്‍ ആറാഴ്ച അവധി അനുവദിക്കപ്പെടുന്നതാണ്. 
എച്ച് ആര്‍ നയങ്ങള്‍
നിയമപ്രകാരം നിര്‍ബന്ധമായ വ്യവസ്ഥകള്‍ നടപ്പിലാക്കിക്കഴിഞ്ഞാല്‍ പിന്നെ അധിക ആനുകൂല്യങ്ങള്‍ നല്‍കുന്നത് സ്ഥാപനത്തിന്‍റെ എച്ച് ആര്‍ നയം അനുസരിച്ച് ഉദാരമാക്കാവുന്നതാണ്.
 ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം അമ്മയുടെ മാത്രമല്ല പിന്നീട് കുട്ടിയുടേയും  ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പൊതുവില്‍ അവബോധം വര്‍ദ്ധിച്ചുവരുന്നുണ്ട്. ഈ ചിന്ത പുലര്‍ത്തുന്നതിനാല്‍ സ്ഥാപനങ്ങള്‍ മുന്‍കാലത്തേക്കാള്‍ ഇപ്പോള്‍  ഗര്‍ഭിണികളുടെ ക്ഷേമത്തിനായി കൂടുതല്‍ ഉദാരമായ നയങ്ങള്‍ രൂപീകരിക്കുന്നുണ്ട്. വര്‍ദ്ധിപ്പിച്ച പ്രസവാവധി കൂടാതെ  പ്രസവാവകാശങ്ങള്‍, ഗര്‍ഭിണിയായിരിക്കുമ്പോള്‍ യാത്രചെയ്യുന്നതിനുള്ള അലവന്‍സ്, കൂടുതല്‍ ഉദാരമായ ജോലി സമയം, ഡോ-കെയര്‍ സേവനങ്ങള്‍ തുടങ്ങിയ കാര്യങ്ങളും പല കമ്പനികളും നല്‍കുന്നുണ്ട്. 
സമീപകാല പ്രവണതകള്‍
അടുത്തകാലത്തായി, അമ്മയാകാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ക്കായി പല സ്ഥാപനങ്ങളും ആകര്‍ഷകമായ നയങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടുവരുന്നു. ഗൂഗിള്‍, ഫ്ളിപ്കാര്‍ട്ട്, ഇന്‍മോബി, അസന്‍ച്യുര്‍ തുടങ്ങിയ ചില സ്ഥാപനങ്ങള്‍ പ്രസവാവധി 5-6 മാസമായി ദീര്‍ഘിപ്പിച്ചിരിക്കുന്നു. അതിനെ തുടര്‍ന്ന് അമ്മയ്ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം, അല്ലെങ്കില്‍ ജോലിക്ക് വരാന്‍ സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കാനുള്ള അവസരം മുതലായ കാര്യങ്ങളും പല സ്ഥാപനങ്ങളും ചെയ്തു കൊടുക്കുന്നു. പ്രസവാവധി എടുക്കുന്നതിന് തൊട്ടുമുമ്പുള്ള കാലത്ത് സ്ത്രീകള്‍ക്ക് യാത്രാ ആനുകൂല്യങ്ങള്‍ക്കും പ്രസവരക്ഷാ ചെലവുകള്‍ക്കും മറ്റും അവകാശമുണ്ടായിരിക്കുകയും ചെയ്യും.
സ്ഥാപനങ്ങളോട് ചേര്‍ന്ന് 'ക്രെഷ്' (ശിശുസംരക്ഷണ കേന്ദ്രങ്ങള്‍) ആരംഭിച്ചിരിക്കുന്നു എന്നതാണ് ഇക്കാര്യത്തിലെ എടുത്തു പറയേണ്ടുന്ന ഒരു പുരോഗതി. ചിലയിടങ്ങളില്‍ ഇതോടൊപ്പം തന്നെ ജോലി സ്ഥലവും ഉണ്ടായിരിക്കും, അപ്പോള്‍ അമ്മയ്ക്ക് കുട്ടിയുടെ അരുകിലിരുന്ന് തന്നെ ജോലി ചെയ്യാനുള്ള അവസരം ലഭിക്കുന്നു. നിരവധി സ്ഥാപനങ്ങള്‍ ഡോ-കെയര്‍ സെന്‍ററുകളുമായി ധാരണയുണ്ടാക്കുകയും  ഈ സെന്‍ററുകളുടെ സേവനം ഉപയോഗപ്പെടുത്താന്‍ പുതിയ അമ്മമാരെ സഹായിക്കുകയും ചെയ്യുന്നു. പല കമ്പനികളിലും ഇപ്പോള്‍ ഓഫീസുകളോട് ചേര്‍ന്ന് മികച്ച രീതിയില്‍ സജ്ജമാക്കിയിരിക്കുന്ന ശിശു പരിചരണ മുറികളും  (നേഴ്സിംഗ് റൂമുകളും) ഉണ്ട്.
ഈ നയങ്ങളുടെയെല്ലാം ലക്ഷ്യം പുതിയ അമ്മമാര്‍ക്ക് മുലയൂട്ടുന്ന കാലത്ത് അവരുടെ കുട്ടികളില്‍ ശ്രദ്ധ വെച്ചുകൊണ്ടുതന്നെ അവരുടെ ജോലിസ്ഥലത്തേക്ക് അനായാസം തിരിച്ചു വരുന്നതിനുള്ള അവസരം സൃഷ്ടിക്കുക എന്നതാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നത് അമ്മയുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും പ്രസവത്തിന് മുമ്പും പ്രസവത്തിന് ശേഷവും മുലയൂട്ടുന്ന കാലത്തും അമ്മയ്ക്ക് മാനസിക രോഗം വരുന്നതിനുള്ള സാധ്യതകുറയ്ക്കുകയും ചെയ്യും.
അച്ഛനുള്ള അവധി (പറ്റേര്‍ണിറ്റി ലീവ്)
ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായ പുരുഷന്മാര്‍   15 ദിവസത്തെ 'അച്ഛന്മാര്‍ക്കുള്ള അവധി'ക്ക് അര്‍ഹരാണ്. എന്നാല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല. എന്നിരുന്നാലും അടുത്തകാലത്തായി നിരവധി സ്ഥാപനങ്ങള്‍ ഗര്‍ഭകാലത്തും പ്രസവാനന്തരവും അച്ഛനുള്ള പ്രധാന്യം തിരിച്ചറിയുന്നുണ്ട്. അച്ഛന് അദ്ദേഹത്തിന്‍റെ ഗാര്‍ഹികമായ ഉത്തവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി ഫെയ്സ്ബുക്ക് പോലുള്ള ചില സ്ഥാപനങ്ങള്‍ ഇപ്പോള്‍ നാലുമാസം വരെ നീളുന്ന ശമ്പളത്തോടെയുള്ള അവധി അനുവദിക്കുന്നുണ്ട്.