ദൈനംദിന ജീവിതത്തില്‍ നമുക്ക് നേരിടേണ്ടി വരുന്ന മാനസിക സമ്മര്‍ദ്ദത്തിന്‍റെ തോത് കൂടി വരുന്നതിനാല്‍ ഓരോ തൊഴിലിടവും ആത്മഹത്യ തടയുന്നതിനുള്ള ഒരു നിര്‍ണായക ഇടമായി മാറിയിരിക്കുന്നു. ഈ ലേഖനത്തില്‍, ഒരു സ്ഥാപനത്തിന് എങ്ങനെയെല്ലാം തൊഴിലാളികളുടെ ആത്മഹത്യ തടയാനാകുമെന്നും ആത്മഹത്യയ്ക്ക് വഴങ്ങിയേക്കാവുന്ന തൊഴിലാളികളെ അതില്‍ നിന്ന് രക്ഷപെടാന്‍ എങ്ങനെ സഹായിക്കാനാകുമെന്നും വിശദീകരിക്കുകയാണ് ശ്രീരഞ്ജിത ജയോര്‍കര്‍.
ഒരു ആത്മഹത്യയെക്കുറിച്ച് കേട്ടാലുടന്‍ തന്നെ ആ വ്യക്തിയെ അതിലേക്ക് നയിച്ചത് ഏതെങ്കിലും ഒരൊറ്റ ഘടകമാണ് എന്ന് നമ്മള്‍ ഉറപ്പിക്കും- ആ വ്യക്തിക്ക് ഉണ്ടായിരുന്ന ഒരു പ്രണയബന്ധം തകര്‍ന്നതുകൊണ്ടാണ്, വന്‍ സാമ്പത്തിക ബാധ്യത മൂലമാണ്, അല്ലെങ്കില്‍ അയാള്‍ക്ക് ജോലിക്കയറ്റം കിട്ടാതിരുന്നതുകൊണ്ടാണ്- എന്നിങ്ങനെ ഒരു കാരണം ഉറപ്പിച്ച് പറയുന്നത് നമ്മുടെ ശീലമായിരിക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ ആത്മഹത്യയെന്നത് നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന സങ്കീര്‍ണമായ ഒരു പ്രതിഭാസമാണ്. ഒരു വ്യക്തി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത് അയാള്‍ നേരിടുന്ന വെല്ലുവിളി നിറഞ്ഞ നിരവധി സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമായേക്കാം- ജോലിസ്ഥലത്തെ സമ്മര്‍ദ്ദം, ജോലിയില്‍ സംതൃപ്തിയില്ലായ്മ, വ്യക്തി ബന്ധങ്ങളില്‍ അല്ലെങ്കില്‍ കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, സാമ്പത്തിക നഷ്ടം, ഉത്കണ്ഠ, വിഷാദം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും മാനസികാരോഗ്യപ്രശ്നം. ഇങ്ങനെ പലതും സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ കൂടിച്ചേരുമ്പോഴാണ് ഒരു വ്യക്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നത്.
തൊഴിലാളികള്‍ തുറന്നു പറയാന്‍ മടിക്കുന്നതിനാല്‍ ആത്മഹത്യയെന്നത് സാധാരണയായി ഒരു മറഞ്ഞിരിക്കുന്ന പ്രശ്നമാണെന്ന് പറയാം. ഇക്കാര്യത്തില്‍ മറ്റുള്ളവരുടെ സഹായം തേടുന്നതില്‍ നിന്ന് ആളുകളെ അകറ്റിനിര്‍ത്തുന്നത് പലതരത്തിലുള്ള പേടികളാണ്. "എന്‍റെ ബോസ് ഇത് മനസിലാക്കിയാല്‍ എന്തു സംഭവിക്കും?", " എനിക്ക് പ്രമോഷനും ബോണസും നഷ്ടമാകുമോ?", ഇക്കാര്യം മനസിലാക്കിയാല്‍ പിന്നെ എന്‍റെ സഹപ്രവര്‍ത്തകരും തൊഴിലുടമയും എങ്ങനെയായിരിക്കും എന്നോട് പെരുമാറുക?", "എനിക്ക് എന്‍റെ ജോലി നഷ്ടമാകുമോ?" എന്നിങ്ങനെയുള്ള പേടികളാണ് സാധാരണ ഇക്കാര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉണ്ടാകുന്നത്. ഇത്തരം ഭീതികള്‍ മൂലം തൊഴിലാളികള്‍ ആത്മഹത്യയെക്കുറിച്ചുള്ള അവരുടെ ചിന്ത ആരുമായും പങ്കുവെയ്ക്കാറില്ല. സ്ഥാപത്തില്‍ നിന്നും തങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചുള്ള അവരുടെ അറിവില്ലായ്മയും ഒരു പ്രശ്നമാകാറുണ്ട്, അതുകൊണ്ടു തന്നെ അവര്‍ പൊതുവില്‍ ആരേയും സഹായത്തിനായി സമീപിക്കുന്നുമില്ല. പല സ്ഥാപനങ്ങളിലും മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന തൊഴിലാളികളോട് അവധിയെടുക്കാന്‍ ആവശ്യപ്പെടുകയും (ചിലപ്പോള്‍ വേതനമില്ലാത്ത അവധി) ഏതെങ്കിലും ഒരു ആശുപത്രിയിലേക്ക് ശുപാര്‍ശ ചെയ്യപ്പെടുകയും ചെയ്യാറുണ്ട്, അവിടെ അവര്‍ക്ക് ആവശ്യമായ സഹായം ലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്യാം.
പക്ഷെ നമുക്ക് ഒരു പ്രശ്നവും ഇല്ല!
ഭൂരിപക്ഷം സ്ഥാപനങ്ങളും അവിടെ ആ ഒരു ആത്മഹത്യയെ സംഭവിച്ചിട്ടുള്ളു എന്ന വിശ്വാസത്തില്‍ ഒരു സുസ്ഥിരമായ ആത്മഹത്യാ പ്രതിരോധ പരിപാടി എന്ന ആശയം വിട്ടുകളയുന്നു. ഇക്കാര്യത്തില്‍ " ഈ ഒരാളല്ലെ ഇതുവരെയായി ആത്മഹത്യ ചെയ്തിട്ടുള്ളു", അല്ലെങ്കില്‍ " ഓ.. ഈ ആത്മഹത്യ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലമായിരിക്കില്ല", അതുമല്ലെങ്കില്‍ " എനിക്കറിയാം, എന്‍റെ തൊഴിലാളികള്‍ക്ക് ഇത് കൈകാര്യം ചെയ്യാനാകും," എന്നിങ്ങനെയുള്ള നിരവധി അബദ്ധ ധാരണകളും വിശ്വാസങ്ങളും ഇവിടെ നിലനില്‍ക്കുന്നുണ്ട്.
ഒരാത്മഹത്യയാണെങ്കിലും അത് സംഭവിക്കുമ്പോള്‍ അതിന്‍റെ ഫലമായി വളരെ കാലം നീണ്ടു നില്‍ക്കുന്ന ആഘാതം സൃഷ്ടിക്കപ്പെട്ടേക്കും. ഈ ഒരാത്മഹത്യ മരിച്ചയാളെ മാത്രമല്ല, മറ്റ് തൊഴിലാളികളേയും സ്ഥാപനത്തെ തന്നെയും ഗുരുതരമായി ബാധിച്ചേക്കും എന്നറിയുക. കുടെ പണിയെടുക്കുന്നവരും സ്ഥാപനത്തിലെ മറ്റ് സഹപ്രവര്‍ത്തകരും മിക്കപ്പോഴും ആ ആത്മഹത്യ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലമാണെന്ന് ചിന്തിച്ചേക്കാം. അതുപോലെ തന്നെ ഇതേ പ്രശ്നം ഭാവിയില്‍ തങ്ങളേയും ബാധിച്ചേക്കാമെന്ന് അവര്‍ കരുതുകയും ചെയ്തേക്കാം. ഇത് സ്ഥാപനത്തിനുമേല്‍ അല്ലെങ്കില്‍ മാനേജ്മെന്‍റിനുമേല്‍ പൊതുവായുള്ള ഒരു അവിശ്വാസം രൂപപ്പെടുന്നതിന് കാരണമായേക്കാം.
ഒരു സ്ഥാപനത്തിലെ ഒരു തൊഴിലാളിയുടെ ആത്മഹത്യയെന്നത് ഒരു പക്ഷെ ഒരു മഞ്ഞുമലയുടെ തുമ്പ് മാത്രമായേക്കാം. ചിലപ്പോള്‍ മറ്റ് നിരവധി തൊഴിലാളികള്‍ ജോലി സ്ഥലവുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കാരണങ്ങള്‍ മൂലം ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകാം. പ്രശ്നങ്ങള്‍ക്ക് എളുപ്പം അടിപ്പെട്ടുപോകുന്ന ഈ തൊഴിലാളികള്‍ ഒരു പക്ഷെ ആത്മഹത്യയെ തങ്ങള്‍ നേരിടുന്ന ദുരിതപൂര്‍ണമായ സാഹചര്യത്തില്‍ നിന്നും രക്ഷപെടുന്നതിനുള്ള എളുപ്പവഴിയായി കാണുന്നുണ്ടാകാം.
തൊഴിലാളികള്‍ സ്ഥാപനത്തെക്കുറിച്ച് ഒരു പ്രതികൂലമായ വിചാരം ഉണ്ടാക്കിയെടുക്കുകയും അതിന്‍റെ ഫലമായി അവര്‍ സ്ഥാപനം ഉപേക്ഷിച്ച് പോകുകയും ചെയ്തേക്കാം. ഇത് സ്ഥാപനത്തെ മനുഷ്യവിഭവശേഷിയും ഉത്പാദനക്ഷമതയും, സമ്പാദ്യവും സല്‍പേരും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.
ഒരു സ്ഥാപനത്തില്‍ ഉണ്ടാകുന്ന ആത്മഹത്യകള്‍- ഒരു പക്ഷെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒരൊറ്റ ആത്മഹത്യയെ സംഭവിച്ചിട്ടുള്ളു എങ്കില്‍ പോലും- പലപ്പോഴും അവിടെ മറഞ്ഞിരിക്കുന്ന പ്രശ്നങ്ങള്‍ എന്ന മഞ്ഞുമലയുടെ ഒരു തുമ്പുമാത്രമായിരിക്കുമെന്നാണ് പല കേസുകളില്‍ നിന്നും മനസിലാകുന്നത്.ആത്മഹത്യ ഒരു തരംഗമാല പോലെയാണ.് നമ്മള്‍ കാണുന്ന ഒരു ആത്മഹത്യയോ ആത്മഹത്യാ ശ്രമമോ ആ തരംഗമാലയുടെ ഒരറ്റം മാത്രമാണ്. ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ കുറഞ്ഞത് 10-20 പേര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു, നൂറുകണക്കിനുപേര്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു, അതിലേറെപ്പേര്‍ ആത്മഹത്യ ചെയ്യാനുള്ള അപകടകരമായ സ്ഥിതിയിലായിരിക്കുകയും ചെയ്യുന്നു," നിംഹാന്‍സിലെ പ്രൊഫസറും എപിഡെമിയോളജി വിഭാഗം മേധാവിയുമായ ഡോ. ഗുരുരാജ് ഗോപാലകൃഷ്ണന്‍ പറയുന്നു.
ഒരു സ്ഥാപനത്തിലെ തൊഴിലാളി, അയാള്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ലാത്തതും അയാള്‍ക്ക് ശരിയായി ചെയ്യാനാകാത്തതുമായ ഒരു ജോലിയിലേക്ക് നിയമിക്കപ്പെടുന്നു എന്ന് കരുതുക, അപ്പോള്‍ എന്ത് സംഭവിക്കും? പരിചയമില്ലാത്തത് ചെയ്യേണ്ടി വരികയും എന്നാല്‍ ഫലപ്രദമായി ചെയ്യാനാകാതെ വരികയും ചെയ്യുമ്പോള്‍ അയാള്‍ വലിയ തോതില്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നു. ഇതില്‍ നിന്ന് രക്ഷനേടാന്‍ അയാള്‍ പുകവലിയിലും മദ്യപാനത്തിലും അഭയം തേടുന്നു, അങ്ങനെ അയാളുടെ വരുമാനത്തിന്‍റെ നല്ലൊരു പങ്കും സിഗരറ്റിനും മദ്യത്തിനുമായി ചെലവാക്കുകയും ചെയ്യുന്നു. ഈ സാഹചര്യം പലരേയും വാതുവെയ്പ്പ്, ചൂതാട്ടം, ചീട്ടുകളി തുടങ്ങിയ ദുശീലങ്ങളിലേക്ക് നയിക്കുന്നു. ഇതയാളുടെ കടം ഇരട്ടിയാക്കുന്നു. അങ്ങനെ അയാള്‍ക്ക് തന്‍റെ കുടുംബത്തെ സഹായിക്കാനാകാത്ത സ്ഥിതി വന്നു ചേരുന്നു. കുടുംബത്തില്‍ അസന്തുഷ്ടി പടരുന്നു, അയാള്‍ പതിവായി തന്‍റെ ഭാര്യയുമായി വഴക്കടിക്കുന്നു. അയാള്‍ കൂടുതല്‍ മദ്യപിക്കുകയും കൂടുതല്‍ വിഷാദമുള്ളവനും മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്നവനുമായിത്തീരുന്നു. ക്രമേണ അയാള്‍ക്ക് താന്‍ ഒറ്റപ്പെട്ടിരിക്കുന്നതായി അനുഭവപ്പെടുന്നു, എല്ലാ പ്രവര്‍ത്തികളിലുമുള്ള താല്‍പര്യം നഷ്ടപ്പെടുന്നു, ഒടിവില്‍ ഇനി എന്തിനാണ് ഇങ്ങനെ ജീവിച്ചിരിക്കുന്നത്, ജീവിച്ചിരിക്കുന്നതില്‍ എന്തര്‍ത്ഥം എന്നിങ്ങനെ ചിന്തിക്കാന്‍ തുടങ്ങുന്നു. അയാളുടെ ഈ ചിന്ത കൂടുതല്‍ കൂടുതല്‍ അവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണ്ടാകുന്നു, നിയന്ത്രിക്കാന്‍ പറ്റാത്ത വിധം ശക്തമാകുന്നു. ഈ ഘട്ടത്തില്‍ അയാള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതിനും അപ്പുറത്തേക്ക് പോയി ആത്മഹത്യ ചെയ്യുന്നതിനുള്ള ആസൂത്രണം നടത്തുന്നു.
(മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വിവിധ കേസുകളെ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിലും ഒരു യഥാര്‍ത്ഥ ജീവിത സാഹചര്യത്തിലൂടെ ഈ പ്രതിഭാസത്തെ മനസിലാക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയും തയ്യാറാക്കിയിട്ടുള്ളതാണ്).
ആത്മഹത്യകള്‍ സാമൂഹികവും സാംസ്ക്കാരികവും ജീവശാസ്ത്രപരവും ജോലി സംബന്ധവും വ്യവസ്ഥിതി സംബന്ധവുമായ നിരവധി ഘടകങ്ങള്‍ മൂലം സംഭവിക്കുന്നതാണ്. ഓരോന്നും പരസ്പരം ബാധിക്കുകയും ഒത്തുചേര്‍ന്ന് സ്വാധീനം ചെലുത്തുകയും ചെയ്യും. ഈ ഘടകങ്ങള്‍ കുറേ നാളുകൊണ്ട് കുന്നുകൂടുകയും ഒരാളെ അയാളുടെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലേക്ക് വളര്‍ന്ന് വലിയ മനഃക്ലേശത്തിനും സമ്മര്‍ദ്ദത്തിനും കാരണമാകുകയും ചെയ്യും.
ഒരു ആത്മഹത്യാ പ്രതിരോധ പരിപാടിയുടെ പ്രാധാന്യമെന്ത്?
ഒരു സ്ഥാപനത്തില്‍ മാനസികാരോഗ്യ, ആത്മഹത്യാ പ്രതിരോധ പദ്ധതികള്‍ ഉണ്ടായിരിക്കേണ്ടത് താഴെ പറയുന്ന കാര്യങ്ങള്‍ സാധ്യമാക്കുന്നതിന് ആവശ്യമാണ്:
- തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും വര്‍ദ്ധിപ്പിക്കാന്‍.
- മാനസികാരോഗ്യ തകരാര്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരെ കണ്ടെത്താന്‍, അവര്‍ക്ക് ആവശ്യമായ പിന്തുണ കൊടുക്കാന്‍.
- വളരെ അപകടകരമായ സാഹചര്യത്തിലുള്ളവരെ -അതായത്, ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളവരെ, അല്ലെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നവരെ- കണ്ടെത്താന്‍, അവര്‍ക്ക് തക്കസമയത്ത് പിന്തുണയും തുടര്‍ സഹായങ്ങളും നല്‍കാന്‍.
- മാനസികാരോഗ്യ പ്രശ്നങ്ങളോ ആത്മഹത്യാ ചിന്തയൊ ബാധിച്ചിരിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അവരെ ഉത്പാദനക്ഷമതയിലേക്ക് തിരിച്ചു കൊണ്ടുവരാനും.
തൊഴിലുടമയുടെ പക്ഷത്തുനിന്ന് നോക്കുമ്പോള്‍, ഒരു ഫലപ്രദമായ ആത്മഹത്യാ പ്രതിരോധ പരിപാടി തൊഴിലാളികളുടെ മാനസികാരോഗ്യം ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ഒരു തൊഴിലാളിക്ക് ആത്മഹത്യാചിന്ത ഉണ്ടെങ്കില്‍ അയാള്‍ക്ക് ഈ പ്രശ്നത്തെ അതിജീവിക്കുന്നതിനും നന്നായി ജോലി ചെയ്യുന്നതിനുമുള്ള സഹായവും അവരുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പിന്തുണയും ഇതിലൂടെ ലഭ്യമാകും. അതോടൊപ്പം തന്നെ ഇത്തരം പരിപാടിയിലൂടെ ജീവനക്കാര്‍ക്ക് അവര്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന തോന്നല്‍ ഉണ്ടാകുകയും അതുകൊണ്ട് അവരുടെ സുഖാവസ്ഥയുടെ നില മെച്ചപ്പെടുകയും ചെയ്യും. ആകെക്കൂടി, ഫലപ്രദമായ ഒരു മാനസികാരോഗ്യ-ആത്മഹത്യാ പ്രതിരോധ കര്‍മ്മ പരിപാടി ഉണ്ടായിരിക്കുന്നതിലൂടെ ഒരു സ്ഥാപനത്തിന് കൂടുതല്‍ മാനസികാരോഗ്യവും ഉത്പാദനക്ഷമതയുമുള്ള തൊഴിലാളികള്‍ എന്ന നേട്ടം ഉണ്ടാക്കാനാകുന്നു.
തൊഴിലാളികള്‍ക്കാകട്ടെ, സ്ഥാപനത്തില്‍ ഒരു ഫലപ്രദമായ മാനസികാരോഗ്യ-ആത്മഹത്യാ പ്രതിരോധ കര്‍മ പരിപാടി ഉണ്ടായിരിക്കുമ്പോള്‍ സ്ഥാപനത്തിന് അവരുടെ ആരോഗ്യത്തിലും ക്ഷേമത്തിലും താല്‍പര്യമുണ്ടെന്ന വിശ്വാസം ഉണ്ടാകുന്നു, ഇത് മാനേജ്മെന്‍റിലുള്ള അവരുടെ വിശ്വാസവും ഉറപ്പും വര്‍ദ്ധിപ്പിക്കുന്നു.അതോടൊപ്പം തന്നെ ഈ പരിപാടിയിലൂടെ തൊഴിലാളികള്‍ക്ക് ഒരു വിദഗ്ധ സംഘത്തോട് തങ്ങള്‍ നേരിടുന്ന വെല്ലുവിളികളും മാനസിക സംഘര്‍ഷങ്ങളും ചര്‍ച്ച ചെയ്യാനും അവരില്‍ നിന്ന് സഹായം സ്വീകരിക്കാനും സഹപ്രവര്‍ത്തകര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വേണ്ടി സഹായം തേടാനുമുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു. ഇതിനുള്ള അവസരം എന്നത് ആത്മഹത്യ തടയുന്ന കാര്യത്തില്‍ വളരെ നിര്‍ണായകമായ ഘടകമാണ്. സഹായം സ്വീകരിക്കാനും വിദഗ്ധരുടെ പിന്തുണയോടെ തങ്ങളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനും അവസരം ലഭിക്കുന്ന വ്യക്തികള്‍ക്ക് ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്ന ഘട്ടത്തില്‍ നിന്ന് വേഗത്തില്‍ പുറത്തു കടക്കാനാകും.
ആത്മഹത്യാ പ്രതിരോധ പരിപാടിയെന്നത് ഒരു ദീര്‍ഘകാല ശ്രദ്ധയും പിന്തുണയും കൊടുക്കല്‍ കൂടിയാണ്. ഇതാകട്ടെ കൂടുതല്‍ ശുഭപ്രതീക്ഷയോടെ സ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തൊഴിലാളികളെ സജ്ജരാക്കുകയും ചെയ്യും. ചുരുക്കത്തില്‍, ഫലപ്രദമായ ഒരു മാനസികാരോഗ്യ-ആത്മഹത്യാ പ്രതിരോധ പരിപാടി ഉണ്ടായിരിക്കുന്നതിലൂടെ തൊഴിലുടമയ്ക്കും തൊഴിലാളികള്‍ക്കും നേട്ടമുണ്ടാക്കാനാകും.
ഒരു സംവിധാനം സജ്ജമാക്കല്‍
നമ്മള്‍ 'ഒരു ആത്മഹത്യ മാത്രം' എന്ന് പറയുമ്പോള്‍ വാസ്തവത്തില്‍ നമ്മള്‍ ശ്രദ്ധവെയ്ക്കുന്നത് ഒരു മഞ്ഞുമലയുടെ ഒരു തുമ്പില്‍ മാത്രമാണ്. അങ്ങനെയുള്ള ഏത് സംഭവവും ഗൗരവത്തിലെടുക്കണം. ചില സ്ഥാപനങ്ങള്‍ ഒരു തൊഴിലാളി ആത്മഹത്യ ചെയ്ത സാഹചര്യം ഉണ്ടാകുമ്പോള്‍ നഷ്ടവും നാശവും മറ്റും നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന, ഒരു തരം പ്രതിപ്രവര്‍ത്തന രീതിയലാണ് പ്രവര്‍ത്തിക്കുക.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു സ്ഥാപനം സ്വീകരിക്കേണ്ടത് ഒരു പ്രതിസന്ധിഘട്ടവും നിരാശയുടെ തലത്തിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കുന്ന, തൊഴിലാളികള്‍ക്ക് അനുകൂലമായ സമീപനമാണ്", ഡോ. ഗുരുരാജ് ഗോപാലകൃഷ്ണന്‍ പറയുന്നു.
തൊഴിലാളികളുടെ ആത്മഹത്യ തടയുന്നതിനായി ഒരു സ്ഥാപനത്തിന് രണ്ടു വഴിക്കുള്ള സജീവ സമീപനം സ്വീകരിക്കാവുന്നതാണ്:
- സാധാരണ മാനസികാരോഗ്യ പ്രശ്നങ്ങളായ വിഷാദരോഗം, ഉത്കണ്ഠ, മദ്യ-മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ മാനസിക തകരാറുകളെ നേരിടുന്നതിനുള്ള സമഗ്രമായ ഒരു മാനസികാരോഗ്യ പരിപാടിയിലൂടെ.
- സ്വതന്ത്രമായോ അല്ലെങ്കില്‍ തൊഴില്‍ സ്ഥലത്തെ മാനസികാരോഗ്യ പരിപാടി എന്ന നിലയ്ക്കോ ഒരു ആത്മഹത്യാ പ്രതിരോധ കര്‍മ പരിപാടിയിലൂടെ.
ആത്മഹത്യാ പ്രതിരോധ-മാനസികാരോഗ്യ പരിപാടിയെ വന്‍കിട തൊഴിലാളി ക്ഷേമ പരിപാടിയുടെ ഭാഗമായി അംഗീകരിക്കേണ്ട ആവശ്യമുണ്ട്. അതേസമയം തന്നെ, ആത്മഹത്യയെ ഒരു പ്രശ്നമായി അംഗീകരിക്കുകയും ഒരു സ്ഥാപനത്തില്‍ അതുണ്ടാക്കുന്ന ആഘാതം വിലയിരുത്തുകയും അത് കൈകാര്യം ചെയ്യുന്നതിന് സമഗ്രവും സുശക്തവുമായ ഒരു കര്‍മ്മ പദ്ധതി രൂപപ്പെടുത്തുകയും ചെയ്യണം എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഏത് ആത്മഹത്യാ പ്രതിരോധ പരിപാടിയിലും ഓരോ സ്ഥാപനവും സഹായം ആവശ്യമുള്ള എല്ലാ തൊഴിലാളികള്‍ക്കും ഈ കര്‍മ്മപരിപാടിയുടെ സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അതുപോലെ തന്നെ സഹായം തേടാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്നും പിന്തുണ നല്‍കുകയും വേണം. ഈ വിഷയത്തിന്‍റെ വൈകാരികവും സങ്കീര്‍ണവുമായ സ്വഭാവം കണക്കിലെടുത്ത് ആത്മഹത്യാ പ്രതിരോധ പരിപാടി വളരെ ശാസ്ത്രീയമായും സമഗ്രമായും നന്നായി ചര്‍ച്ച ചെയ്തും വേണം തയ്യാറാക്കുവാന്‍. തൊഴിലുടമകളും തൊഴിലാളികളും പരസ്പരം ഓരോരുത്തരുടെ ആവശ്യം അംഗീകരിക്കുകയും പരസ്പരം സഹായിക്കാന്‍ സന്നദ്ധരാകുകയും വേണം.
മേല്‍പ്പറഞ്ഞ വിവരങ്ങള്‍- ഡോ. ഗുരുരാജ് ഗോപാല്‍കൃഷ്ണ ( നിംഹാന്‍സിലെ എപിഡിമിയോളജി വിഭാഗം മേധാവി), ഡോ.പ്രഭ ചന്ദ്ര ( സൈക്യാട്രി പ്രൊഫസര്‍, നിംഹാന്‍സ്), ഡോ. സീമ മെഹ്റോത്രാ (അഡീ. പ്രൊഫസര്‍, ക്ലിനിക്കല്‍ സൈക്കോളജി, നിംഹാന്‍സ്), ഡോ. പൂര്‍ണിമ ബോല (അസോസിയേറ്റ് പ്രൊഫസര്‍, ക്ലിനിക്കല്‍ സൈക്കോളജി, നിംഹാന്‍സ്), ഡോ. സെന്തില്‍ കുമാര്‍ റെഡ്ഡി (അസോസിയേറ്റ് പ്രൊഫസര്‍, സൈക്യാട്രി, നിംഹാന്‍സ്) എന്നിവര്‍ നല്‍കിയ വിവരങ്ങളുടെ സഹായത്തോടെ വൈറ്റ്സ്വാന്‍ ഫൗണ്ടേഷന്‍ തയ്യാറാക്കിയിട്ടുള്ളതാണ്.