മുഖാമുഖം: ക്യാൻസറും വിഷാദവും, അവ തമ്മിലുള്ള ബന്ധം എന്താണ്?

മുഖാമുഖം: ക്യാൻസറും വിഷാദവും, അവ തമ്മിലുള്ള ബന്ധം എന്താണ്?

ക്യാൻസർ രോഗികളും അതിനെ അതിജീവിച്ചവരും വിഷാദത്തിന് അടിപ്പെടുന്നുണ്ട്.

വിഷാദം(depression), ഉത്കണ്ഠ, ഭയം എന്നിവ അര്‍ബ്ബുദം (ക്യാൻസർ) ബാധിച്ച ആൾക്കാരിൽ സാധാരണ കാണപ്പെടുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളാണ്. വൈറ്റ് സ്വാൻ ഫൗണ്ടേഷനിലെ പൂർണ്ണിമ ബി വി, രംഗദൊരെ മെമ്മോറിയൽ ആശുപത്രിയിലെ (Rangadore Memorial Hospital)  കൺസൽറ്റന്‍റ് സൈക്യാട്രിസ്റ്റ് ആയ ഡോ എം എൻ സുന്ദരേശനും ആയി സംസാരിച്ചു. ക്യാൻസർ പരിചരണത്തില്‍  മാനസികാരോഗ്യവശങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഊന്നിപ്പറയുന്നു. 

ക്യാൻസർ ബാധിതരായ രോഗികൾക്കിടയിൽ ജോലി ചെയ്യുന്ന ആൾ എന്ന നിലയ്ക്ക്, അവരുടെ മാനസികാരോഗ്യ ഉത്കണ്ഠകളെ കുറിച്ചുള്ള താങ്കളുടെ അനുഭവങ്ങൾ എന്തെല്ലാം ആണ്?

വിഷാദം, ഉത്കണ്ഠ, ഭീതി, ചിത്തവിഭ്രാന്തി, ശരീര പ്രതിച്ഛായാ പ്രശ്‌നങ്ങൾ എന്നിങ്ങനെ വിവിധ തരം മാനസികാരോഗ്യ പ്രശ്‌നങ്ങളോടെയാണ് ക്യാന്‍സർ ബാധിതരായ ആൾക്കാർ വരാറുള്ളത്. അവരിൽ പെട്ട പലരും വിഷാദത്തിന്‍റെ  ലക്ഷണങ്ങളും ആയിട്ടാണ് വരിക. ചികിത്സിക്കുന്ന വിദഗ്ദ്ധനു മാനസിക രോഗത്തെ കുറിച്ചുള്ള അവബോധക്കുറവു മൂലമോ അതല്ലെങ്കിൽ സമയക്കുറവു മൂലമോ ഈ പ്രശ്‌നം മിയ്ക്കവാറും ഏറ്റവും കുറവ് - അല്ലെങ്കിൽ തീരെ ഇല്ല എന്നു തന്നെ പറയാം - മാത്രമേ കൈകാര്യം ചെയ്യപ്പെടാറുള്ളു. ഇത് അംഗീകരിക്കാനാവില്ല. 

മാനസികാരോഗ്യ പിന്തുണയും ചികിത്സയും നൽകാൻ കഴിയുന്ന, ഒരു യോഗ്യത നേടിയ സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നതിന് രോഗികൾ തയ്യാറായാൽ ഇത്തരം എല്ലാ അവസ്ഥകളും വളരെ എളുപ്പത്തിൽ ചികിത്സിക്കാൻ കഴിയും. ശരീരം മാത്രമോ മനസ്സു മാത്രമോ ചികിത്സിക്കുന്നതിനേക്കാൾ കൂടുതൽ പ്രധാനമാണ് ശരീരത്തേയും മനസ്സിനേയും ചികിത്സിക്കേണ്ടത് എന്ന് ഇവിടെ ഊന്നിപ്പറയേണ്ടിയിരിക്കുന്നു.

ക്യാൻസറിന്‍റെ മാനസികാരോഗ്യ വശങ്ങൾ കൈകാര്യം ചെയ്യുന്നത് ആ രോഗത്തോടു തന്നെ പൊരുതുന്നതിന് സഹായകമാകുമോ?

മാനസിക സൗഖ്യവും വർദ്ധിച്ച ശാരീരിക പ്രതിരോധവും ആയി നേരിട്ടുള്ള ഒരു പരസ്പരബന്ധം തന്നെയുണ്ട്. രോഗിയുടെ പ്രതിരോധശക്തി മെച്ചപ്പെടുമ്പോൾ, രോഗത്തിനോടു പൊരുതുന്നതിനുള്ള അവരുടെ ശക്തിയും മെച്ചപ്പെടുന്നു എന്നത് സ്ഥിരീകരിക്കപ്പെട്ട ഒരു വസ്തുതയാണ്. പകരം, ഇത്, അവർക്കു ലഭിക്കുന്ന പ്രാഥമികരോഗത്തിനുള്ള ചികിത്സയ്ക്കു തന്നെ പരിപൂരകമായി വർത്തിക്കുകയും ചെയ്യുന്നു. വിഷാദം ചികിത്സിക്കാവുന്നതാണ് എന്ന് ഞാൻ ഇവിടെ ഉറപ്പിച്ചു പറയുന്നു. അനേക വർഷങ്ങളിലെ പഠനത്തിനു ശേഷം - പ്രത്യേകിച്ചും സ്തനാര്‍ബ്ബുദ ബാധിതരുടെ ഇടയിൽ നടത്തിയത് - സവിശേഷ തരം ഔഷധങ്ങളോടും ചികിത്സയോടും ഉള്ള പ്രതിരോധവും പ്രതികരണവും മനഃശാസ്ത്രപരമായ രോഗവാസ്ഥയുടെ ചികിത്സ മെച്ചപ്പെടുത്തും എന്ന് ഇവിടെ വ്യക്തമായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ക്യാൻസർ സ്ഥിരീകരിച്ചിട്ടുള്ള വ്യക്തികളേയും അവരുടെ പരിചരണം നിർവ്വഹിക്കുന്നവരേയും ആദ്യം ഒരു സൈക്കോ-ഓങ്കോളജിസ്റ്റിന്‍റെ അവലോകന പരിശോധനയ്ക്കു വിധേയരാക്കേണ്ടതാണ്.

താങ്കളുടെ അനുഭവത്തിൽ, ക്യാൻസർ സ്ഥിരീകരിക്കപ്പെട്ടു കഴിയുമ്പോൾ, ഒരു സൈക്യാട്രിസ്റ്റിന്‍റെ ഉപദേശം ആരായുന്നതിനുള്ള തുറന്ന മനസ്ഥിതി ആളുകൾ പ്രദർശിപ്പിക്കാറുണ്ടോ?

ആശുപത്രികൾ സന്ദർശിക്കുന്നവരില്‍ ഒരു നല്ല സംഖ്യ ആളുകൾ, അവരുടെ ബന്ധുക്കളും പരിചരിക്കുന്നവരും ഉൾപ്പടെ, സൈക്യാട്രിസ്റ്റിനെ സന്ദർശിക്കാറേയില്ല. പടിഞ്ഞാറൻ രാജ്യങ്ങളിൽ, ക്യാൻസർ ബാധിച്ചിട്ടുള്ള മിയ്ക്കവാറും എല്ലാ ആൾക്കാരും മാനസികാരോഗ്യ ഘടകം വിലയിരുത്തുന്നതിനും ചികിത്സയ്ക്കും വേണ്ടി സൈക്കോ-ഓങ്കോളജിസ്റ്റുകളെ സന്ദർശിക്കാറുണ്ട്. ക്യാൻസർ രോഗം ബാധിച്ചിട്ടുള്ള വ്യക്തിയ്ക്കും ആ വ്യക്തിയെ പരിചരിക്കുന്നവർക്കും പിന്തുണ നൽകേണ്ടുന്നതിന്‍റെ ഒരു അത്യാവശ്യകത നിലനിൽക്കുന്നുണ്ട്. എത്രത്തോളം പെട്ടെന്ന് അവർക്ക് മാനസികാരോഗ്യപരമായ പിന്തുണ ലഭിക്കുന്നുവോ,  അത്രത്തോളം മെച്ചമായിരിക്കും അവർക്ക് അത്. ഒരു സൈക്യാട്രിസ്റ്റിന്‍റെ ഉചിതമായ വിലയിരുത്തലും ചികിത്സയും കൊണ്ട്, അവരുടെ ജീവിതത്തിന്‍റെ ഗുണ നിലവാരവും ആയുസ്സും മെച്ചപ്പെടുന്നു. 

ഇന്ത്യയിൽ മാനസികാരോഗ്യം സംബന്ധിച്ച് പരിശീലനത്തിന്‍റേയും  അവബോധത്തിന്‍റേയും കുറവ് വൈദ്യശാസ്ത്രരംഗത്തെ് ജോലി ചെയ്യുന്നവരുടെ ഇടയില്‍ പോലും ഉണ്ട്. മാനസിക ആരോഗ്യപ്രശ്‌നങ്ങൾ സംബന്ധിച്ച്, എല്ലാത്തരത്തിലുമുള്ള സമൂഹങ്ങൾക്ക് - വിദ്യാഭ്യാസം നേടിയവരും നേടാത്തവരും ആയ ഇരുകൂട്ടരും - ഇടയിലും ഭയവും സാമൂഹിക ദുഷ്‌കീർത്തി ഭീതിയും, അജ്ഞതയും നിലനിൽക്കുന്നുണ്ട്. ഈ മേഖലയിൽ ഉള്ള വിദ്യാഭ്യാസത്തിന്‍റെ കുറവും ആവശ്യത്തിനുള്ള മനുഷ്യശേഷി ഇല്ലായ്മയും മൂലം മാനസികാരോഗ്യ നിർവ്വഹണത്തേയും അതിന്‍റെ ഗുണവശങ്ങളേയും കുറിച്ച് നമ്മുടെ രാജ്യം മുഴുവനും തന്നെ ഒരു അവബോധക്കുറവ് നിലനിൽക്കുന്നുണ്ട്. 

അവർ എന്തിനായിട്ടാണ് സമീപിക്കാറുള്ളത്, അവരുടെ ചിന്തകൾ, ആകുലതകൾ, ഉത്കണ്ഠകള്‍ എന്നിവ എന്തെല്ലാമാണ്?

അവരിൽ പലരും വരുന്നത് അവരുടെ ബന്ധുക്കളുടേയോ പരിചരിക്കുന്നവരുടേയോ നിർബന്ധം മൂലമാണ് - അവർ, വലിയ ഭീതി, വ്യക്തതയില്ലാത്ത ശാരീരിക വേദന എന്നിവ അനുഭവിക്കുന്നു - അവർക്ക് ക്ഷീണം, മനോഭാവ ചാഞ്ചാട്ടങ്ങൾ, നിസ്സഹായത, ഉറക്കത്തിന്‍റെ അഭാവം അല്ലെങ്കിൽ ആധിക്യം, കുറ്റബോധം, അലസത, ദൈനംദിന പതിവു പ്രവർത്തനങ്ങളിൽ താൽപ്പര്യക്കുറവ് എന്നിവ ഉണ്ടാകും. സാമൂഹികവും വ്യക്തിപരവും ആയ പ്രവർത്തനകർമ്മങ്ങളുടെ അഭാവത്തോടെ ആയിരിക്കും അവർ വരിക. അവർക്കു രോഗഗ്രസ്തമായ തോന്നലുകൾ ഉണ്ടായിരിക്കും - ജീവിച്ചിരിക്കുന്നതിലും ഭേദം ഒന്നു മരിച്ചു കിട്ടുന്നതാണ് എന്ന് അവർ പറയും. 

ക്യാൻസറിന്‍റെ ചികിത്സ കഴിഞ്ഞാൽ, അവരിൽ ചിലർ മനോവിഭ്രാന്തിയും തങ്ങളുടെ ശരീരത്തിന്‍റെ പല ഭാഗങ്ങളും ഡോക്ടർമാർ നീക്കം ചെയ്യുന്നു എന്ന ന്യായീകരിക്കാനാവാത്ത ഭയവും ആയിട്ടാവും വരിക. ഭീതിയും ഉത്കണ്ഠയും മൂലം അവരിൽ ചിലർ മദ്യത്തിനു അടിപ്പെട്ടു പോകുക വരെ ചെയ്യുന്നു. 

മനഃശാസ്ത്രപരമായ പിന്തുണ നൽകുന്നതിൽ കുടുംബത്തെ കൂടി ഉൾപ്പെടുത്തേണ്ടത് എത്രത്തോളം പ്രധാനമാണ്?

എങ്ങനെയാണ് രോഗം ബാധിച്ച വ്യക്തിയെ പിന്തുണയ്ക്കുന്നതിനും വിഷാദം ആക്രമിക്കുന്നതിനു മുമ്പു തന്നെ അതിന്‍റെ ആദ്യകാല ലക്ഷണങ്ങൾ ഒരു പരിധി വരെ തിരിച്ചറിയുന്നതിനും  ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്‍റെ സേവനം തേടുന്നതിനു മുമ്പു തന്നെ  അവർ തന്നെ അതു കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ് എന്നതു സംബന്ധിച്ചും പരിചരിക്കുന്ന വ്യക്തികൾക്ക് ഉചിതമായ രീതിയിലുള്ള വിദ്യാഭ്യാസം സിദ്ധിച്ചിട്ടുണ്ട് എന്ന് ഉറപ്പിക്കുന്നതു വളരെ പ്രധാനമാണ്. 

പരിചരണം നൽകുന്ന വ്യക്തികള്‍ക്ക് പിന്തുണ, വിദ്യാഭ്യാസം എന്നിവ നൽകുക എന്നതും അവരെ ചികിത്സിക്കുക - കാരണം അവർ പലപ്പോഴും രോഗബാധിതരെ സഹായിക്കുന്നതിനു വേണ്ടി തങ്ങളുടെ ജീവിതത്തിന്‍റെ ഗുണനിലവാരം (സാമൂഹികം, ശാരീരികം, സാമ്പത്തികം) പരിത്യജിച്ചുകൊണ്ട് വളരെ അധികം കാര്യങ്ങള്‍ ചെയ്യുന്നു - എന്നതും ഏറ്റവും പ്രധാനമാണ്. ആവശ്യത്തിനുള്ള പിന്തുണ ഇല്ലാതെ വരുമ്പോള്‍, പരിചിരക്കുന്നവർ, അനുചിതമായ പെരുമാറ്റം, നിരാകരണവും നിഷേധവും, സമരസപ്പെടുന്നതിനുള്ള ഒരു പ്രക്രിയ എന്ന മട്ടിൽ മദ്യപാനത്തിൽ ആശ്വാസം കണ്ടെത്തുക തുടങ്ങി അവരുടെ തന്നെ അനാരോഗ്യത്തിലേക്കു നയിക്കുന്ന പല രീതികളും അവലംബിച്ചു എന്നു വരാം. അങ്ങനെയുള്ള അവസരങ്ങളിൽ, കുടുംബവും പരിചരിക്കുന്നവരും ആണ് പിന്തുണ ആവശ്യമുള്ളവർ.  

ചിലപ്പോൾ, അല്ലെങ്കിൽ എല്ലായ്‌പ്പോഴും, ക്യാൻസറിന്‍റെ ചികിത്സ തുടങ്ങുന്നതിനും മുമ്പു തന്നെ ക്യാൻസർ ബാധിച്ച ഒരു വ്യക്തിയുടെ മാനസികാരോഗ്യപരമായ ആവശ്യങ്ങൾ ആദ്യം അഭിസംബോധന ചെയ്യപ്പെടേണ്ടതായി കാണപ്പെടുന്നുണ്ടോ?

ക്യാൻസർ രോഗനിർണ്ണയം നടന്നു കഴിഞ്ഞാൽ ഉടനെ തന്നെ ആ വ്യക്തിയുടേയും പരിചരിക്കുന്ന വ്യക്തിയുടേയും മാനസികാരോഗ്യ വിലയിരുത്തൽ നിർബന്ധമായും നടത്തേണ്ടതുണ്ട്. 

ഇതു നടത്തുന്നതിന് ഔപചാരികമായ പെരുമാറ്റച്ചട്ടം -ചോദ്യങ്ങളും  അതിന്‍റെ ഉത്തരങ്ങളും ഉപയോഗിച്ച് മാനസികാരോഗ്യ ഘടകങ്ങൾ നിർണ്ണയിക്കുന്നതിനുള്ള ഒരു ലളിതമായ പട്ടിക - ഉണ്ട്. ഈ ചുമതല ഒരു നഴ്‌സിനു നിർവ്വഹിക്കാവുന്നതാണ്. ഒരിക്കൽ മാനസികാരോഗ്യ ഘടകം വിലയിരുത്തി കഴിഞ്ഞാൽ, കൂടുതൽ ആഴത്തിലുള്ള രോഗനിർണ്ണയത്തിനും മനസ്സിലാക്കലിനും വേണ്ടി ഈ വിവരം ഒരു മാനസികാരോഗ്യ വിദഗ്ദ്ധനു കൈമാറാവുന്നതാണ്. നിർഭാഗ്യവശാൽ ഇത്തരത്തിലുള്ള ഔപചാരികമായ പെരുമാറ്റച്ചട്ടങ്ങൾ ഒന്നും തന്നെ സാധാരണ നടത്താറില്ല, അങ്ങനെയൊന്ന് നിശ്ചയമായും നിലനിൽക്കുന്നുണ്ട് എങ്കിൽ കൂടി. ക്യാൻസർ കൈകാര്യം ചെയ്യുന്ന ഓങ്കോളജിസ്റ്റുകൾക്ക് ഈ രോഗികളെ മാനസികാരോഗ്യ വിദഗ്ദ്ധരുടെ - ക്യാൻസർ ആശുപത്രികളിൽ ഇത് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ് - അടുത്തേക്കു വിടുന്നതിന്‌ സമയമോ താൽപ്പര്യമോ ഇല്ല.   

ക്യാൻസർ തന്നെ ആരെയെങ്കിലും വിഷാദത്തിന് അടിപ്പെടുത്തുമോ? 

തീര്‍ച്ചയായും, ചില പ്രത്യേക തരം ക്യാൻസർ - അണ്ഡാശയ ക്യാൻസർ, സ്തനാർബുദം, വൃഷണ ക്യാൻസർ എന്നിവയ്ക്കും മറ്റു ചില ക്യാൻസറുകൾക്കും  അന്തഃസ്രാവ (എൻഡോക്രൈനൽ) പ്രഭാവം ഉണ്ടാകാറുണ്ട്, തൽഫലമായി മാനസിക അസ്വാസ്ഥ്യം, പ്രത്യേകിച്ചും വിഷാദം ഉണ്ടാകാം. ക്യാൻസർ ചികിത്സയിൽ ശസ്ത്രക്രിയ, ഔഷധോപയോഗം, പ്രസരണം (റേഡിയേഷൻ) എന്നിവ ചികിത്സയുടെ ഇടയ്ക്കും അവ കഴിയുമ്പോഴും വിവിധ തരങ്ങളിലും ശ്രേണികളിലും ഉള്ള മാനസിക അസ്വാസ്ഥ്യത്തിനു കാരണമായി തീരാറുണ്ട് എന്ന് കരുതപ്പെടുന്നുണ്ട്. ചികിത്സ തുടങ്ങുന്നതിനു മുന്നേ തന്നെ ഇവയേയും മറ്റു പാർശ്വ ഫലങ്ങളേയും കുറിച്ച് അവബോധം നൽകേണ്ടതുണ്ട്. ക്യാൻസർ ബാധിച്ചിട്ടുള്ള വ്യക്തികളും അവരുടെ പരിചരണം നിർവ്വഹിക്കുന്നവരും ചികിത്സ അംഗീകരിക്കുന്നതിനു മുമ്പേ തന്നെ ഇതേ കുറിച്ച് എല്ലാം അറിഞ്ഞേ മതിയാകൂ എന്ന് ഡോക്ടർമാരോട് നിർബന്ധപൂർവ്വം ആവശ്യപ്പെടണം. 

സ്ത്രീകളും ക്യാൻസറും തമ്മിൽ എന്താണ്? പ്രത്യേകിച്ചും സ്താനാർബ്ബുദത്തിന്‍റെ അധികരിച്ച വ്യാപ്തി ഉള്ളപ്പോൾ?

ഏറ്റവും അറിയപ്പെടുന്ന ക്യാൻസർ ഇതാണ് എങ്കിലും, സ്താനാർബ്ബുദത്തിന്‍റെ ആദ്യകാല തിരിച്ചറിയല്‍ (സ്വയം പരിശോധനയും ഉചിതമായ ചികിത്സാ തെരഞ്ഞെടുപ്പുകളും) വലിയ സഹായമാണ്. എന്നിരുന്നാലും അവഗണനയും കുറ്റബോധവും അനുചിതമായ രോഗനിർണ്ണയവും മൂലം ചില സ്ത്രീകൾ ക്യാൻസർ വിദഗ്ദ്ധരെ സമീപിക്കുന്നത് ജീവിതത്തിൽ വളരെ വൈകിയ വേളകളിലാണ് - ഇത് പലപ്പോഴും വളരെയധികം സാമൂഹികവും വ്യക്തിപരവും ആയ സങ്കീർണ്ണതകൾക്കും അനുചിതമായ പെരുമാറ്റങ്ങൾക്കും വഴിവയ്ക്കാറുണ്ട്. ചില അവസരങ്ങളിൽ, സ്താനാർബ്ബുദം ബാധിച്ച സ്ത്രീകൾ വരാറുള്ളത് സ്ത്രീ എന്ന നിലയിലുള്ള തങ്ങളുടെ സ്വത്വം നഷ്ടപ്പെട്ടു എന്നൊരു ബോധത്തോടെയാണ്. ഇത്തരം ഉത്കണ്ഠകൾ ആദ്യം തന്നെ അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്. ചിലപ്പോൾ സ്‌നേഹബന്ധങ്ങളുടെ തകർച്ച, വിവാഹമോചനങ്ങൾ പിന്നെ മറ്റ് അനേകം സങ്കീർണ്ണതകളും അനന്തരഫലങ്ങളും തുടങ്ങിയവയ്ക്കു  വഴിവയ്ക്കുന്ന തരം സാമൂഹികമായ നൂലാമാലകളും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളും അവരുടെ മാനസികാരോഗ്യ അവസ്ഥയിൽ പ്രഭാവം ചെലുത്തും.

അതേപോലെ, സ്ത്രീകൾക്കു തുണയായി വരുന്ന പുരുഷന്മാർ ആകട്ടെ, സ്ത്രീകൾ തങ്ങളുടെ കാര്യങ്ങൾ സ്വയം പ്രകാശിപ്പിക്കുന്നതിനു സ്ത്രീകളെ  അനുവദിക്കാതെ, പലപ്പോഴും അവർ തന്നെ രോഗത്തെ പറ്റി സംസാരിക്കുകയും ചെയ്യും. 

മനഃശാസ്ത്രപരമായ പിന്തുണ ക്യാൻസറിന്‍റെ മുമ്പോട്ടുള്ള ഗതി തടയുമോ?

ക്യാൻസർ ബാധിതരായ വ്യക്തികൾക്ക് മനഃശാസ്ത്രപരമായ ഇടപെടലും പിന്തുണയും ജീവിതത്തിന്‍റെ ഗുണമേന്മയും ആയുസ്സും മെച്ചപ്പെടുത്തുന്നതിൽ വളരെ പ്രയോജനപ്രദമാണ് എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. മനഃശാസ്ത്രപരമായ പിന്തുണ കുറവുള്ളവരും രോഗനിർണ്ണയം നടത്തപ്പെട്ടിട്ടില്ലാത്ത ശാരീരിക അസുഖവും ഉള്ളവർക്ക് ഗുണമേന്മ കുറവുള്ള ജീവിതവും ആയുസ്സ് കുറവും വർദ്ധിച്ച രോഗാവസ്ഥയും ഉണ്ട്.  ഇത് പിൽക്കാലത്ത്   മുന്നറിവുകളുടെ അഭാവവും ഔഷധങ്ങളോട് തീരെ കുറഞ്ഞ പ്രതികരണവും ഉണ്ടാകുന്നതിനു കാരണമായേക്കാവുന്ന അനുചിതമായ പെരുമാറ്റത്തിലേക്കു നയിച്ചേക്കാം എന്നും കരുതപ്പെടുന്നു. 

മാനസികമായി മെച്ചപ്പെട്ട നിലയിൽ സജ്ജമായിരിക്കുന്നത് അവർക്ക് വേദന മെച്ചപ്പെട്ട രീതിയിൽ സഹിക്കുന്നതിന് കഴിവുണ്ടാക്കുമോ?

തീർച്ചയായും, അവർ അവബോധമുള്ളവരും വിദ്യാഭ്യാസം നേടിയിട്ടുള്ളവരും രോഗത്തിന്‍റെ മാനസികാരോഗ്യ ഘടകം ഉചിതമായി ചികത്സിച്ചവരും ആണെങ്കിൽ, അവർക്ക് അവരുടെ ശാരീരികവും മാനസികവുമായ വേദന കൈകാര്യം ചെയ്യുന്നതിനും ജീവിതത്തിന്‍റെ ഗുണമേന്മയും ആയുസ്സും മെച്ചപ്പെടുത്തുന്നതിനും കഴിയും. ഒരിക്കൽ അത് അഭിസംബോധന ചെയ്യപ്പെട്ടു കഴിഞ്ഞാൽ, ക്യാൻസർ ബാധിച്ചിട്ടുള്ള വ്യക്തിയും പരിചരിക്കുന്ന വ്യക്തിയും ആ അവസ്ഥ നേരിടുന്നതിനോട് മെച്ചപ്പെട്ട രീതിയിൽ സജ്ജമായിരിക്കും. 

ഒരു സൈക്യാട്രിസ്റ്റ് എന്ന നിലയിൽ ക്യാൻസർ ബാധിച്ച വ്യക്തകളോട് താങ്കളുടെ ഉപദേശം എന്തായിരിക്കും?

ഒരിക്കലും പ്രതീക്ഷ കൈവിടരുത് എന്നു പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സഹായം ചോദിക്കുക. ഒരു മാനസികാരോഗ്യ ഘടകം എന്ന നിലയ്ക്കു  വിഷാദം വളരെ എളുപ്പത്തിൽ ചികിത്സിക്കാവുന്നതും ജീവിതത്തിന്‍റെ ഗുണമേന്മ സാർത്ഥകമാകും വിധം മെച്ചപ്പെടുത്താൻ കഴിയുന്നതുമാണ്. കൂടാതെ ക്യാൻസർ ചികിത്സയ്ക്കുള്ള പ്രതികരണം മാനസികാരോഗ്യ പിന്തുണയോടെ വളരെ മെച്ചപ്പെടുകയും ചെയ്യുന്നു. ഈ ചികിത്സ നിർബന്ധപൂർവ്വം ആവശ്യപ്പെടുക എന്നുള്ളത് നിങ്ങളുടെ അവകാശമാണ്. അസുഖത്തെ പറ്റിയും ചികിത്സയും അതു മൂലം ഉത്ഭവിക്കാൻ ഇടയുളള സങ്കീർണ്ണതകളും സംബന്ധിച്ച്  പൂർണ്ണമായ അവബോധം ഉണ്ടായിരിക്കുക എന്നതും നിങ്ങളുടെ അവകാശമാണ്. സാദ്ധ്യമായ എല്ലാ വൈദ്യശാസ്ത്ര അറിവുകളും ലഭ്യമാക്കി ചികിത്സ സംബന്ധിച്ച് നിങ്ങളുടെ മനസ്സിനെ സജ്ജമാക്കുക. വേണ്ടത്ര അറിവില്ലാതെ ഭയം മൂലമോ എന്തെങ്കിലും നിർബന്ധത്തിനു വഴങ്ങിയോ ചികിത്സ നിഷേധിക്കുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക. ക്യാൻസർ ബാധിച്ച ഓരോ വ്യക്തിക്കും പരിചരിക്കുന്ന വ്യക്തിക്കും ആ അറിവ് പകർന്നു നൽകേണ്ടിയിരിക്കുന്നു. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org