ഒരു ജീവനക്കാരന്‍റെ ആത്മഹത്യയെ തുടര്‍ന്നുള്ള സാഹചര്യത്തെ അഭിമുഖീകരിക്കല്‍

ഓരോ ആത്മഹത്യയും ആ വ്യക്തിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന നിരവധി പേരില്‍ തരംഗങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഒരു സ്ഥാപനത്തിന് എങ്ങനെ ഒരു ജീവനക്കാരന്‍റെ ആത്മഹത്യയെ തുടര്‍ന്നുണ്ടാകുന്ന ദുര്‍ഘട ഘട്ടത്തെ കൈകാര്

ദൈനംദിന ജീവിതത്തില്‍ നമുക്ക് നേരിടേണ്ടി വരുന്ന മാനസിക സമ്മര്‍ദ്ദത്തിന്‍റെ തോത് കൂടി വരുന്നതിനാല്‍ ഓരോ തൊഴിലിടവും ആത്മഹത്യ തടയുന്നതിനുള്ള  ഒരു നിര്‍ണായക ഇടമായി മാറിയിരിക്കുന്നു. ഈ ലേഖനത്തില്‍, ഒരു സ്ഥാപനത്തിന് എങ്ങനെയെല്ലാം ആത്മഹത്യ തടയാനാകുമെന്നും ആത്മഹത്യയക്ക് വഴങ്ങിയേക്കാവുന്ന തൊഴിലാളികളെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ എങ്ങനെ സഹായിക്കാനാകുമെന്നും വിശദീകരിക്കുകയാണ്ശ്രീരഞ്ജിത ജയോര്‍കാര്‍.
 
അജയ് (35 വയസ്), ഒരു വന്‍കിട സോഫ്റ്റ്വെയര്‍ കമ്പനിയില്‍ അഞ്ചുവര്‍ഷം ജോലി ചെയ്തു. അയാള്‍  ഒരു കഠിനാധ്വാനിയായി അറിയപ്പെടുന്നയാളും  സഹപ്രവര്‍ത്തകര്‍ക്കെല്ലാം വളരെ പ്രിയപ്പെട്ടയാളുമായിരുന്നു. അജയ് ഒരാഴ്ച ജോലിക്ക് വരാതിരുന്നപ്പോള്‍ അയാളുടെ സഹപ്രവര്‍ത്തകര്‍ കരുതിയത് എന്തെങ്കിലും അസുഖമായിരിക്കും എന്നാണ്. അത്രയും നീണ്ട ദിവസങ്ങള്‍ അജയ്നെ ജോലിയില്‍ നിന്നും അകറ്റിനിര്‍ത്തുന്ന മറ്റൊരു കാരണവും അവര്‍ക്ക്  സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. മുന്‍കൂട്ടി നിശ്ചയിച്ചുള്ളതല്ലാത്ത ഈ അവധിയുടെ കാരണം അന്വേഷിക്കാന്‍ അയാളുടെ സ്ഥാപനം  ശ്രമിച്ചു. അജയിന്‍റെ കുടുംബാംഗങ്ങളില്‍ നിന്നും അവര്‍ക്ക് അറിയാന്‍ കഴിഞ്ഞത് അജയ് ആത്മഹത്യ ചെയ്തു എന്നാണ്.
 
ക്രമേണ, അജയിന്‍റെ സഹപ്രവര്‍ത്തകര്‍ അയാളുടെ മരണത്തെക്കുറിച്ച് അറിയാന്‍ തുടങ്ങി.അയാളുടെ അടുത്ത സുഹൃത്തുക്കള്‍ ഈ വിവരം അറിഞ്ഞപ്പോള്‍ സ്തംഭിച്ചു പോകുകയും അവര്‍ക്ക് ജോലിയില്‍ ശ്രദ്ധവെയ്ക്കാന്‍ കഴിയാതാകുകയും ചെയ്തു. അജയ് എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്നതിനെക്കുറിച്ച് കിംവദന്തികള്‍ പരക്കാന്‍ തുടങ്ങി. ജോലി സംബന്ധമായ സമ്മര്‍ദ്ദം മൂലമാണ് ആയാള്‍ ആത്മഹത്യ ചെയ്തതെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ മറ്റുചിലര്‍ പറഞ്ഞത് അതയാളുടെ ഒരു പ്രണയബന്ധവുമായി ബന്ധപ്പെട്ട പ്രശ്നം മൂലമാണെന്നായിരുന്നു. എന്തായാലും കൈവിട്ടു പോകും മുമ്പ് ഈ സാഹചര്യം കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് സ്ഥാപനാധികാരികള്‍ക്ക് അറിയില്ലായിരുന്നു.
 
(ഈ സംഭവ കഥ വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ളതാണ്. ഒരു യഥാര്‍ത്ഥ ജീവിത സാഹചര്യത്തില്‍ ഇത്തരമൊരു പ്രശ്നത്തെ മനസിലാക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിവിടെ അവതരിപ്പിച്ചിരിക്കുന്നത്).
 
ഒരു തൊഴിലാളിയുടെ ആത്മഹത്യ ആ സ്ഥാപനത്തിലൊന്നാകെ ഒരു തിരയിളക്കിവിടും. ആ മരണം അയാളുടെ സഹപ്രവര്‍ത്തകര്‍, മാനേജര്‍മാര്‍, മനുഷ്യവിഭവശേഷി (എച്ച്ആര്‍) വിഭാഗം, സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റ് എന്നിവരെയെല്ലാം ബാധിക്കും. തൊഴിലാളികള്‍ക്കും മാനേജ്മെന്‍റിനും തങ്ങളുടെ കൂടെ നിന്ന് ജോലിചെയ്തിരുന്ന ഒരാളെ നഷ്ടപ്പെട്ടതിന്‍റെ ദുഃഖം  നേരിടേണ്ടിവരും, അല്ലെങ്കില്‍ അവര്‍ക്ക് കുറ്റബോധം  ("എനിക്ക് അയാളെ സഹായിക്കാന്‍ കഴിയുമായിരുന്നില്ലെ..." അല്ലെങ്കില്‍ "ഞാന്‍ ഒന്ന് ശ്രമിച്ചിരുന്നെങ്കില്‍ അയാളത് ചെയ്യില്ലായിരുന്നു..." എന്നിങ്ങനെയുള്ള തോന്നല്‍), സങ്കടം (ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടതില്‍) ദേഷ്യം ( ആ വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളവിട്ട സാഹചര്യത്തോട്) തുടങ്ങിയവ അനുഭവപ്പെട്ടേക്കാം.
 
ഈ വ്യക്തി ആത്മഹത്യ ചെയ്തത് ജോലിയുമായി ബന്ധപ്പെട്ട കാരണം മൂലമാണെങ്കില്‍ പ്രശ്നം കൂടുതല്‍ ഗുരുതരമാകും. സഹപ്രവര്‍ത്തകര്‍ക്കും സംഘാംഗങ്ങള്‍ക്കും വൈകാരികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും അത് അവരുടെ പ്രവര്‍ത്തന മികവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മിക്കപ്പോഴും, ഒരു അസ്വാഭാവിക മരണം അതെങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് നിരവധി കിംവദന്തികളും ഊഹാപോഹങ്ങളും പടരുന്നതിന് ഇടയാക്കും. ഇതെല്ലാം തന്നെ തൊഴിലാളികളുടെ മനോവീര്യത്തേയും കമ്പനിയുടെ പ്രതിച്ഛായയേയും ബാധിക്കുകയും ചെയ്യും.
 
എന്താണ് ആത്മഹത്യാനന്തര പിന്തുണ?
 
ആത്മഹത്യാനന്തര പിന്തുണ എന്നാല്‍ ഒരു വ്യക്തിയുടെ ആത്മഹത്യ മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് അതിനെ അതിജീവിക്കുന്നതിനുള്ള സഹായം നല്‍കലാണ്. മിക്കവാറും എല്ലാ ആത്മഹത്യാനന്തര സഹായ പരിപാടികളും (പോസ്റ്റ്വെന്‍ഷന്‍ പരിപാടികളും) മരിച്ചയാളുടെ കുടുംബത്തിലും സുഹൃത്തുക്കളിലുമാണ് ശ്രദ്ധവെയ്ക്കുന്നത്. എന്നാല്‍ ഒരു ആത്മഹത്യ, അതിനുള്ള കാരണം എന്തുതന്നെയായിരുന്നാലും ആ വ്യക്തിയുടെ സഹപ്രവര്‍ത്തകരിലും കനത്ത ആഘാതം സൃഷ്ടിക്കുന്നുണ്ട്.
 
ഒരു സ്ഥാപനം തങ്ങളുടെ തൊഴിലാളികള്‍ക്ക് ഒരു ആത്മഹത്യാനന്തര പിന്തുണ (പോസ്റ്റ്വെന്‍ഷന്‍) പരിപാടി ലഭ്യമാക്കുന്നതിലൂടെ മാനേജ്മെന്‍റ് ഒരു ആത്മഹത്യയുടെ ദുഃഖം അനുഭവിക്കുന്ന തൊഴിലാളികളെ അതില്‍ നിന്ന് കരകയറാന്‍ സഹായിക്കുകയും അതോടൊപ്പം തന്നെ മറ്റൊരു ആത്മഹത്യയുണ്ടാകുന്നതിനെ തടയുകയുമായിരിക്കും ചെയ്യുന്നത്. കാരണം ഒരു ആത്മഹത്യയിലൂടെ നിരാശ്രയമാക്കപ്പെടുകയോ തീവ്രദുഃഖത്തിലാകുകയോ ചെയ്യുന്നവര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കാനുള്ള സാധ്യത വളരെയേറെയാണ്.
 
ഈ പരിപാടിയുടെ ലക്ഷ്യങ്ങള്‍ താഴെ പറയുന്നു:
 
1. ഒരു തൊഴിലാളിയുടെ മരണത്തെക്കുറിച്ച് കൃത്യമായ വിവരം ലഭ്യക്കുക, അതിലൂടെ തെറ്റായ വിവരങ്ങളും കിംവദന്തികളും നിയന്ത്രണീധീതമായി പടരുന്നതിനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുക.
 
2. സഹപ്രവര്‍ത്തകന്‍റെ ആത്മഹത്യ മൂലം തീവ്രദുഃഖം അനുഭവിക്കുന്ന തൊഴിലാളികളെ അതില്‍ നിന്ന് കരകയറാനും തങ്ങള്‍ക്കുണ്ടായ ആഘാതം നേരിടാനും  സഹായിക്കുക. ഇത് തുടര്‍ ആത്മഹത്യകള്‍ ഉണ്ടാകുന്നത് തടയാന്‍ സ്ഥാപനത്തെ സഹായിക്കും.
 
3. ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അപമാനത്തെ അഭിമുഖീകരിക്കുക.
 
4. ഒരു സാധാരണ മാനസികാവസ്ഥയിലേക്ക് തിരിച്ചു പോകാന്‍ തൊഴിലാളികളെ സഹായിക്കുക, തങ്ങളുടെ ഉത്തരവാദിത്തങ്ങളിലേക്ക് മടങ്ങാനും കൂടുതല്‍ ആരോഗ്യവാന്മാരായിരിക്കാനും അവരെ പ്രാപ്തരാക്കുക.
 
ഈ ലക്ഷ്യങ്ങളോടെയുള്ള ആത്മഹത്യാനന്തര പിന്തുണാ പരിപാടി തുടര്‍ ആത്മഹത്യകള്‍ സംഭവിക്കുന്നതിനെ തടയും എന്നതിനാല്‍ ഒരു സ്ഥാപനത്തിന്‍റെ സുപ്രധാനമായ ആത്മഹത്യാ പ്രതിരോധ പരിപാടിയായിരിക്കും.
 
വാസ്തവത്തില്‍, ഒരു ആത്മഹത്യ സംഭവിക്കുന്നതിന് മുമ്പു തന്നെ ഒരു സ്ഥാപനം പോസ്റ്റ്വെന്‍ഷന്‍ പരിപാടി നടപ്പിലാക്കുകയാണ് വേണ്ടത്. ഏതെങ്കിലും ഒരു തൊഴിലാളി ആത്മഹത്യ ചെയ്യുകയോ ആത്മഹത്യയ്ക്ക് ശ്രമിക്കുകയോ ചെയ്താന്‍ എന്താണ് ചെയ്യേണ്ടത് എന്നതു സംബന്ധിച്ച് ഒരു ധാരണ രൂപപ്പെടുത്തുന്നതിനായി സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റും എച്ച് ആര്‍ വിഭാഗവും മാനസികാരോഗ്യ വിദഗ്ധരുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ ഒരു കര്‍മ്മപദ്ധതി തയ്യാറാക്കുകയും വേണം. ഒരു പക്ഷെ സ്ഥാപനത്തിന് ഈ കര്‍മ്മപദ്ധതിയുടെ ആവശ്യം ഒരിക്കലും വന്നേക്കില്ല, എങ്കിലും ഇത് ഉണ്ടാക്കിവെയ്ക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഒരു ആത്മഹത്യയോട് പ്രതികരിക്കേണ്ടത് എങ്ങനെയെന്ന കാര്യത്തില്‍ തൊഴിലാളികള്‍ക്കും മാനേജ്മെന്‍റിനും ഒരു മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ഇത് ഉപകരിക്കും. അതുപോലെ തന്നെ ഒരു ആത്മഹത്യ ഉണ്ടാക്കുന്ന ആഘാതത്തെ നേരിടാന്‍ ഇത് തൊഴിലാളികളെ സഹായിക്കുകയും ചെയ്യും. 
 
പ്രതിസന്ധിഘട്ടത്തോട് പ്രതികരിക്കല്‍
 
പോസ്റ്റ്വെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപനത്തിന് ഒരു പ്രതിസന്ധിഘട്ടത്തില്‍ പെട്ടന്ന് പ്രതികരിക്കുകയും ആ സാഹചര്യം നേരിടുന്നതിന് സജ്ജമാകുകയും ചെയ്യുന്ന ഒരു സംഘം (ടീം) ഉണ്ടായിരിക്കണം. ഈ ടീമിലെ അംഗങ്ങള്‍ക്ക് (എച്ച്ആര്‍, മാനേജ്മെന്‍റ്, അല്ലെങ്കില്‍ മറ്റേതെങ്കിലും വകുപ്പുകള്‍ എന്നിവയില്‍ നിന്നുള്ളവരാകാം) ഓരോരുത്തര്‍ക്കും അവരവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് കൊടുത്തിരിക്കണം, ഇത് ഒരു ആത്മഹത്യയെക്കുറിച്ച് വാര്‍ത്ത കിട്ടിയാലുടന്‍ പ്രവര്‍ത്തനിരതരാകാന്‍ അവരെ പ്രാപ്തരാക്കും. പ്രതിസന്ധിഘട്ടത്തില്‍ പിന്തുടരുന്നതിനായി ഇവര്‍ക്ക് വ്യക്തമായ  ഒരു മാര്‍ഗരേഖ ഉണ്ടായിരിക്കണം. പോസ്റ്റ്വെന്‍ഷന്‍ പദ്ധതിയില്‍ താഴെ പറയുന്ന കാര്യങ്ങളും ഉള്‍പ്പെടുന്നു:
 
  • മരിച്ചയാളുടെ കുടുംബവുമായി സംസാരിക്കുന്നതിന്  ഒരാളെ കണ്ടെത്തുക.
  • തൊഴിലാളികളോട്, പ്രത്യേകിച്ച് മരിച്ചയാളുടെ അടുത്ത സുഹൃത്തുക്കളോടും ടീം അംഗങ്ങളോടും വിവരം പറയാനുള്ള വ്യക്തിയെ കണ്ടെത്തുക.
  • സ്ഥാപനത്തിന്‍റെ നയമനുസരിച്ച് മാധ്യമങ്ങളുമായി വിവരം പങ്കുവെയ്ക്കുന്നതിനുള്ള വ്യക്തിയെ കണ്ടെത്തുക.
  • സ്ഥാപനത്തിലെ മറ്റ് അംഗങ്ങള്‍ക്ക് ലഭ്യമാകുന്ന സഹായങ്ങളെക്കുറിച്ചുള്ള വിവരം (സ്ഥാപനത്തിന്‍റെ സ്വന്തം കൗണ്‍സിലര്‍, അല്ലെങ്കില്‍ മറ്റൊരു മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കുന്നതിനുള്ള സംവിധാനം) കൊടുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുക.
മരിച്ചയാളുടെ കുടുംബവുമായി കൂടിയാലോചിച്ച ശേഷം സ്ഥാപനത്തിന് തങ്ങളുടെ തൊഴിലാളിയുടെ മരണത്തെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവെയ്ക്കാവുന്നതാണ്. മിക്കപ്പോഴും, സാമൂഹ്യമായ അപമാനം ഭയന്ന് മരണകാരണം മൂടിവെയ്ക്കാനാണ് കുടുംബം ആഗ്രഹിക്കുക. അതാണ് സാഹചര്യം എങ്കില്‍ സ്ഥാപനം കുടുംബത്തിന്‍റെ ആഗ്രഹത്തോട് സഹകരിക്കുകയാണ് വേണ്ടത്. എത്രമാത്രം വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കണം എന്നതും കുടുംബത്തിന്‍റെ താല്‍പര്യങ്ങള്‍ പരിഗണിച്ചതിന് ശേഷം തീരുമാനിക്കുക. 
 
വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത് ഒരു ആത്മഹത്യയെക്കുറിച്ചുള്ള വിവരം കൈമാറുമ്പോള്‍ സ്ഥാപനങ്ങള്‍ ഇതുസംബന്ധിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിദ്ദേശങ്ങള്‍ പാലിക്കണം എന്നാണ്. അവ താഴെ പറയുന്നു:
  • ഈ ആത്മഹത്യ ആ വ്യക്തി അയാളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ചെയ്തതാണെന്ന് സൂചിപ്പിക്കുന്നതോ ആത്മഹത്യയെ ഉദ്വേഗജനകമാക്കുന്നതോ (സെന്‍സേഷണലാക്കുന്നതോ) ആയ വാക്കുകള്‍ ഒഴിവാക്കുക.
  • എങ്ങനെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നോ അത് പൂര്‍ത്തിയാക്കിയതെന്നോ വിശദീകരിക്കുന്നത് ഒഴിവാക്കുക.
  • ഫോട്ടോഗ്രാഫുകള്‍ വീഡിയോ എന്നിവ ഒഴിവാക്കുക
  • ആത്മഹത്യയിലൂടെ നിരശ്രയമാക്കപ്പെടുകയോ തീവ്ര ദുഃഖത്തിലാകുകയോ ചെയ്ത വ്യക്തികളോട് പരിഗണന കാണിക്കുക.
  • ആത്മഹത്യയെക്കുറിച്ച് അവബോധം നല്‍കുന്നതിനായി ഈ അവസരം ഉപയോഗപ്പെടുത്തുക.
  • തൊഴിലാളികള്‍ക്ക് എവിടെ സഹായം തേടാം എന്നതിനെക്കുറിച്ച് വിവരം നല്‍കുക.
 
വിദഗ്ധര്‍ പറയുന്നത്, നിര്‍ബന്ധിതമായ ഒരു സാഹചര്യം നിലനില്‍ക്കുന്നില്ലായെങ്കില്‍ പിന്നെ അടുത്ത കുടുംബാംഗങ്ങളോടല്ലാതെ മറ്റാരോടും  മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെയ്ക്കേണ്ടതില്ല എന്നാണ്. മരണത്തെ സംബന്ധിച്ച വൈകാരികമായ വിവരങ്ങള്‍ പിടിച്ചു വെയ്ക്കുന്നത് കുടുംബത്തിന്‍റെ സ്വകാര്യത സംരക്ഷിക്കുന്നതിനും സഹപ്രവര്‍ത്തകന്‍റെ മരണം മൂലം ആഘാതം അനുഭവിച്ചേക്കാവുന്ന മറ്റു വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കും.  ആത്മഹത്യക്ക് ഏതെങ്കിലും ഒരൊറ്റ കാരണം ചൂണ്ടികാണിക്കുകയോ ആ വ്യക്തിയെ ആത്മഹത്യയിലേക്ക് നയിച്ചതിന് ഉത്തരവാദിയെന്ന് തോന്നിയേക്കാവുന്ന ആരെയെങ്കിലും പരോക്ഷമായ് പോലും കുറ്റപ്പെടുത്തുകയോ ചെയ്യുന്നതും ഒഴിവാക്കണം എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
 
തൊഴിലാളികളുമായി ആശയവിനിമയം നടത്തുമ്പോള്‍ , ആത്മഹത്യ ഒരിക്കലും ഒരു ഒറ്റ ഘടകം മൂലം ഉണ്ടാകുന്നതല്ല എന്ന കാര്യം ഊന്നിപ്പറയേണ്ടത് സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആത്മഹത്യ വിവിധ കാരണങ്ങള്‍ ഒത്തു ചേര്‍ന്ന് ഉണ്ടാകുന്ന ഒരു സങ്കീര്‍ണവും സങ്കടകരവുമായ സംഭവമാണ്.
 
ഈ ദുരന്ത വാര്‍ത്ത പങ്കുവെയ്ക്കുന്ന ഏതുതരത്തിലുള്ള ആശയവിനിമയത്തിലും മരിച്ചയാളോട് അടുത്ത വ്യക്തികള്‍ക്കും ഈ മരണം മൂലം മാനസിക സമ്മര്‍ദ്ദം നേരിട്ടേക്കാവുന്ന വ്യക്തികള്‍ക്കും സഹായം ലഭ്യമാകുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കണം. മരിച്ചയാളുടെ കുടുംബത്തിന്‍റെ സ്വകാര്യത സംരക്ഷിക്കണം എന്ന കാര്യം ഊന്നിപ്പറഞ്ഞുകൊണ്ട് സ്ഥാപനത്തിന് പരോക്ഷമായി കിംവദന്തികള്‍ പടരുന്നതിനെ നേരിടാനാകും. അതുപോലെ സ്ഥാപനത്തിനകത്തും പുറത്തുമുള്ള സംസാരങ്ങളില്‍ എന്തെല്ലാം വിവരങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും  സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്തെല്ലാം പങ്കുവെയ്ക്കാം എന്തെല്ലാം പങ്കുവെയ്ക്കാന്‍ പാടില്ലായെന്നും തൊഴിലാളികളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യാവുന്നതാണ്.
 
ദുഃഖാചരണം
 
മരിച്ച വ്യക്തിയുടെ സഹപ്രവര്‍ത്തകരുമായും മാനേജര്‍മാരുമായും മരണവാര്‍ത്ത പങ്കുവെച്ചുകഴിഞ്ഞാല്‍  സ്ഥാപനം തങ്ങളുടെ തൊഴിലാളികള്‍ക്ക് ശവസംസ്കാര ചടങ്ങുകളിലോ അനുസ്മരണ  ചടങ്ങുകളിലോ പങ്കെടുക്കുന്നതിന് സമയം അനുവദിക്കണം. ഇത് മറ്റു തൊഴിലാളികള്‍ക്ക് തങ്ങളുടെ ദുഃഖം പ്രകടിപ്പിക്കുന്നതിനും വൈകാരിക സമ്മര്‍ദ്ദം നേരിടുന്നതിനും  അവസരം നല്‍കും. തൊഴിലാളിയുടെ മരണത്തെക്കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പില്‍ മരിച്ച വ്യക്തിയെ അധിക്ഷേപിക്കുകയോ മരണം ഒരു ആത്മഹത്യയായിരുന്നു എന്ന വസ്തുതയെ ഉദ്വേഗജനകമാക്കുകയോ ചെയ്യുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് മതിയായ ശ്രദ്ധ പുലര്‍ത്തണം. ആ വ്യക്തിയുടെ ജിവിതത്തിലെ ഗുണവശങ്ങളും ആ ജീവിതം അവസാനിച്ച  വഴിയും തമ്മില്‍ ബോധപൂര്‍വും  വേര്‍തിരിച്ച് പറയണം. മരിച്ചയാളെ കുറ്റവിചാരണ നടത്താതിരിക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ തന്നെ മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ ് ഇത്തരത്തില്‍ ജീവിതത്തിന് വിരാമമിടുന്നതിലെ ദുരന്തത്തെക്കുറിച്ച് സ്ഥാപനങ്ങള്‍ക്ക് അവരോട് പറയാവുന്നതാണ്. സ്ഥാപനം തൊഴിലാളികളുടെ ദുഃഖത്തില്‍ പങ്കുചേരുമ്പോള്‍ തൊഴിലാളികള്‍ക്ക് അവരുടെ തീവ്രദുഃഖം കുറേക്കൂടി എളുപ്പത്തില്‍ നേരിടാനുള്ള ശേഷി കിട്ടും. ഈ ഘട്ടത്തില്‍, കൗണ്‍സിലിംഗ് ആവശ്യമുള്ള സഹപ്രവര്‍ത്തകരെ ക ണ്ടെത്താനും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പും പരിപൂര്‍ണമായ പിന്തുണയും കൊടുത്തുകൊണ്ട് തൊഴിലാളികള്‍ക്ക് സുരക്ഷ അനുഭവപ്പെടുന്നു എന്ന് ഉറപ്പുവരുത്താനും സ്ഥാപനങ്ങള്‍ക്ക് കഴിയും.
 
പിന്തുണ നല്‍കല്‍
 
മരിച്ചയാളുടെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പിന്തുണ നല്‍കിക്കൊണ്ട് പ്രതികരണ സംഘത്തിന് (റെസ്പോണ്‍സ് ടീമിന്) അവരെ സഹായിക്കാനാകും. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിന് എളുപ്പത്തില്‍ വഴങ്ങിക്കൊടുത്തേക്കാവുന്ന തൊഴിലാളികളെ (അല്ലെങ്കില്‍ തങ്ങളുടെ സഹപ്രവര്‍ത്തകന്‍റെ നഷ്ടം ബാധിച്ചിരിക്കുന്നവരെ) ചെറിയ ചെറിയ ഗ്രൂപ്പുകളായി അഭിമുഖീകരിക്കുകയും, അവര്‍ക്കുണ്ടായിരിക്കുന്ന നഷ്ടം മനസിലാക്കുകയും, അവര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാകുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൊടുക്കുകയും  ചെയ്തുകൊണ്ട് തങ്ങള്‍ തൊഴിലാളികളുടെ ക്ഷേമം പരിഗണിക്കുകയും ആത്മഹത്യയെ ചുറ്റിപറ്റിയുള്ള മാനക്കേട് ഇല്ലാതാക്കുകയും ചെയ്യുന്നു എന്ന വ്യക്തമായ സന്ദേശം അവരിലേക്ക് എത്തിക്കാന്‍ സ്ഥാപനത്തിന് കഴിയും. ശവസംസ്ക്കാരത്തിലും അനുസ്മരണ ചടങ്ങുകളിലും പങ്കെടുക്കാന്‍ സമയം അനുവദിച്ചാല്‍ അത് തൊഴിലാളികള്‍ക്ക് അവരുടെ സഹപ്രവര്‍ത്തകന്‍റെ മരണം എന്ന നഷ്ടത്തെ അഭിമുഖീകരിക്കാന്‍ കൂടുതല്‍ സഹായകരമാകും. അതുപോലെ തന്നെ പ്രതികരണ സംഘം (റെസ്പോണ്‍സ് ടീം) പ്രത്യേകമായ പിന്തുണ ആവശ്യമുള്ള തൊഴിലാളികളെ കണ്ടെത്തുകയും അവര്‍ ഗൗരവതരമായ കഠിനദുഃഖത്തിലും മാനസിക സമ്മര്‍ദ്ദത്തിലും അല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കുകയും വേണം.
 
തൊഴിലാളികളുടെ സൗഖ്യം ഉറപ്പാക്കല്‍
 
സ്ഥാപനത്തില്‍ ആത്മഹത്യാനന്തര പിന്തുണാ പദ്ധതി (പോസ്റ്റ്വെന്‍ഷന്‍ പ്ലാന്‍)  പ്രതിസന്ധിഘട്ടം കഴിഞ്ഞും നിലനില്‍ക്കുന്നത് സ്ഥാപനത്തെ എളുപ്പത്തില്‍ അതിന്‍റെ പതിവ് പ്രവര്‍ത്തനങ്ങളിലേക്ക് തിരികെ പോകാന്‍ സഹായിക്കും. ഒരു ദുഃഖം അനുഭവിക്കുന്നതിന് നമുക്ക് എല്ലാവര്‍ക്കും വ്യത്യസ്തമായ വഴികളുണ്ട്. ചിലര്‍ ആഴ്ചകളെടുക്കുമ്പോള്‍ മറ്റുചിലര്‍ മാസങ്ങള്‍ എടുത്തേക്കും. ഈ സമയത്ത്, തൊഴിലാളികള്‍ക്ക് സഹപ്രവര്‍ത്തകന്‍റെ മരണത്തിലൂടെ അനുഭവപ്പെടുന്ന നഷ്ടത്തെ മറികടക്കാന്‍ പ്രത്യേകമായ അധിക സഹായം എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് പരിശോധിച്ചുകൊണ്ട് അവരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പോസ്റ്റ്വെന്‍ഷന്‍ ടീമിന് കഴിയും. പോസ്റ്റ്വെന്‍ഷന്‍ പരിപാടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങള്‍ക്ക് നിങ്ങളുടെ സ്ഥാപനത്തില്‍ എംപ്ലോയി അസിസ്റ്റന്‍സ് പ്രോഗ്രാം (ഇഎപി) ലഭ്യമാക്കുന്നയാളെ ബന്ധപ്പെടാവുന്നതാണ്.
 
നിംഹാന്‍സിന്‍റെ സെന്‍റര്‍ ഫോര്‍ വെല്‍ബീയിംഗും ക്ലിനിക്കല്‍ സൈക്കോളജി വിഭാഗവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കായി മാനസികാരോഗ്യം,ആത്മഹത്യ  തടയല്‍, ആത്മഹത്യാനന്തര പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശില്പശാലകള്‍ സംഘടിപ്പിക്കുന്നുണ്ട്.കോര്‍പ്പറേറ്റുകള്‍ക്ക് workshops.nimhans@gmail.com. എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതുമാണ്.
 
മേല്‍പ്പറഞ്ഞ വിവരങ്ങള്‍- ഡോ.  ഗുരുരാജ് ഗോപാല്‍കൃഷ്ണ ( നിംഹാന്‍സിലെ എപിഡിമിയോളജി വിഭാഗം മേധാവി), ഡോ.പ്രഭ ചന്ദ്ര ( സൈക്യാട്രി പ്രൊഫസര്‍, നിംഹാന്‍സ്), ഡോ. സീമ മെഹ്റോത്രാ (അഡീ. പ്രൊഫസര്‍, ക്ലിനിക്കല്‍ സൈക്കോളജി, നിംഹാന്‍സ്), ഡോ. പൂര്‍ണിമ ബോല (അസോസിയേറ്റ് പ്രൊഫസര്‍, ക്ലിനിക്കല്‍ സൈക്കോളജി, നിംഹാന്‍സ്), ഡോ. സെന്തില്‍ കുമാര്‍ റെഡ്ഡി (അസോസിയേറ്റ് പ്രൊഫസര്‍, സൈക്യാട്രി, നിംഹാന്‍സ്) എന്നിവര്‍ നല്‍കിയ വിവരങ്ങളുടെ സഹായത്തോടെ വൈറ്റ്സ്വാന്‍ ഫൗണ്ടേഷന്‍ തയ്യാറാക്കിയിട്ടുള്ളതാണ്.