സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ച ഒരാളുമായി എങ്ങനെ ഇടപെടും

സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ച ഒരാളുമായി എങ്ങനെ ഇടപെടും

നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരാള്‍ ആയാളുടെ  ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചു എന്നറിയുന്നത് നിങ്ങള്‍ക്ക് വലിയ മനോവിഷമവും എന്തുചെയ്യണം എന്നറിയാത്ത അവസ്ഥയും ഉണ്ടാക്കുന്ന കാര്യമായേക്കും. അത്തരത്തില്‍ സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ച ഒരാളെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായിക്കുന്നതിനുള്ള ചില വഴികള്‍ താഴെ പറയുന്നു : 
എത്രയും പെട്ടന്ന് വൈദ്യസഹായം ലഭ്യമാക്കുക
ആരെങ്കിലും അവരുടെ ജീവിതം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തിയതായി കണ്ടാല്‍ ഒരു ആംബുലന്‍സ് വിളിക്കുകയോ എത്രയും പെട്ടന്ന് അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയോ ചെയ്യുക.അവരുടെ ജീവന്‍ അപകടാവസ്ഥയിലല്ല എന്ന് ഉറപ്പാക്കുകയാണ് പ്രാഥമികമായി  പ്രധാനപ്പെട്ട കാര്യം.
കുറ്റപ്പെടുത്തുകയോ, ദേഷ്യം പ്രകടിപ്പിക്കുകയോ സംഭവിച്ചതിനെക്കുറിച്ച് ധാരാളം ചോദ്യങ്ങള്‍ ചോദിക്കുകയോ ചെയ്യാതിരിക്കുക
 സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ച ഒരു വ്യക്തി അതിന്‍റെ ഭാഗമായി ഇപ്പോള്‍ തന്നെ വളരെയധികം പ്രശ്നങ്ങളിലും ആശയക്കുഴത്തിലുമൊക്കെയായ മാനസികാവസ്ഥയിലായിരിക്കും. അതുകൊണ്ട് അവരെ കുറ്റപ്പെടുത്താന്‍ ശ്രമിക്കരുത്, അവരോട് ദേഷ്യപ്പെടുകയോ വെറുപ്പുകാണിക്കുകയോ ചെയ്യരുത്. സംഭവിച്ച കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവര്‍ തയ്യാറേയേക്കില്ല, പക്ഷെ അവര്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമായിരിക്കും എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. 
നിങ്ങളുടെ പരിപൂര്‍ണ പിന്തുണ ഉണ്ടായിരിക്കും എന്ന് അവര്‍ക്ക് ഉറപ്പ് കൊടുക്കുക
ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു വ്യക്തിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ടായിരിക്കും. ഈ പ്രയാസമേറിയ സമയത്ത് അവര്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ സുരക്ഷിതരായിരിക്കുമെന്നും ഒരു ഉപാധികളും ഇല്ലാതെ നിങ്ങളുടെ പരിപൂര്‍ണ പിന്തുണ അവര്‍ക്കുണ്ടായിരിക്കുമെന്നും അവര്‍ക്ക് ഉറപ്പ് കൊടുക്കുക.
ആ വ്യക്തി ഇപ്പോഴും ആത്മഹത്യ ചെയ്യാന്‍ സാധ്യതയുള്ള അപകടാവസ്ഥയില്‍ തുടരുകയാണ് എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ അനാവശ്യമായി തലയിടുകയാണ് എന്ന തോന്നലുണ്ടാക്കാതെ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുക
ഒരിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തി തുടര്‍ന്നും ആത്മഹത്യ ചെയ്യാനുള്ള സാധ്യതയുള്ളതായി നിങ്ങള്‍ക്ക് തോന്നുന്നു എങ്കില്‍ അവരെ ഒറ്റയ്ക്കുവിടുകയോ ശ്രദ്ധിക്കാതെ വിട്ടുകളയുകയോ ചെയ്യരുത്. അവരുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കയറാതെ അവരെ സംരക്ഷിക്കുക.
പരിശീലനം നേടിയിട്ടുള്ള ഒരു മാനസികാരോഗ്യ വിദഗ്ധനോട് സംസാരിക്കാനോ അല്ലെങ്കില്‍ ഒരു കൗണ്‍സിലിംഗിന് പോകാനോ അവരെ സൗമ്യമായി പ്രോത്സാഹിപ്പിക്കുക.
ശാരീരികമായ അപകടാവസ്ഥ കടന്നു കഴിഞ്ഞാല്‍, മാനസികാരോഗ്യത്തിന് സഹായം തേടുന്ന കാര്യം ശ്രദ്ധയോടെ അവതരിപ്പിക്കുക. ഇതിനായി നിങ്ങള്‍ക്ക് ഒരു കൗണ്‍സിലറെ, സൈക്കോളജിസ്റ്റിനെ, അല്ലെങ്കില്‍ സൈക്യാട്രിസ്റ്റിനെ സമീപിക്കാവുന്നതാണ്.
ജീവിതത്തില്‍ പ്രയാസം അനുഭവിക്കുമ്പോള്‍ സംസാരിക്കാന്‍ കൊള്ളാവുന്നത് ആരോടൊക്കെയാണ് എന്ന് കണ്ടെത്താന്‍ ഈ വ്യക്തിയെ സഹായിക്കുക
തീവ്രദുഃഖം അനുഭവപ്പെടുകയോ മനസിന് മുറിവേറ്റിരിക്കുകയോ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍ ഈ വ്യക്തിക്ക് സംസാരിക്കാന്‍ കഴിയുന്ന ആളുകളുടെ ഒരു പട്ടിക (ലിസ്റ്റ്) ഉണ്ടാക്കാന്‍ ഇവരെ സഹായിക്കുക. ഈ പട്ടികയില്‍ ഈ വ്യക്തിക്ക് വിശ്വാസമുള്ള കുടുംബാഗങ്ങളേയും കൂട്ടുകാരേയും അടിയന്തിര ഘട്ടത്തില്‍ ഫോണില്‍ സംസാരിക്കാന്‍ സന്നദ്ധനായ ഒരു കൗണ്‍സിലറേയും ഉള്‍പ്പെടുത്തുക. അവര്‍ക്ക് മാനസികാരോഗ്യ/ ആത്മഹത്യാ പ്രതിരോധ ഹെല്‍പ് ലൈനുകളും തെരഞ്ഞെടുക്കാമെന്ന കാര്യം പറഞ്ഞുകൊടുക്കുക.
എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ട് ഈ സംഭവത്തില്‍ നിന്നും മനസിനെ മാറ്റിയെടുക്കാന്‍ ആ വ്യക്തിയെ സഹായിക്കുക
ഒരു തവണ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചു എന്നത് ഒരു വ്യക്തിയേയോ അയാളുടെ ജീവിതത്തേയോ എന്നെന്നേക്കുമായി നിര്‍ണിയിക്കുകയോ  നിര്‍വചിക്കുകയോ ചെയ്യുന്ന കാര്യമല്ല. മനസിനെ അതില്‍ നിന്നും അടര്‍ത്തിമാറ്റി സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോകാന്‍ അവര്‍ക്കാകും. അതുകൊണ്ട്ജോലിയും, കുടുംബവും കൂട്ടുകാരും വ്യായാമവും എല്ലാം ഉള്‍പ്പെടുന്ന ഒരു ആരോഗ്യകരമായ ദിനചര്യയിലേക്കും അതിലൂടെ മെച്ചപ്പെട്ടൊരു ജീവിതത്തിലേക്കും മുന്നേറാന്‍ അവരെ സഹായിക്കുക. 
നിങ്ങള്‍ക്ക് സ്വയം ഈ സംഭവുമായി പൊരുത്തപ്പെടാന്‍ സഹായം ആവശ്യമാണെങ്കില്‍ ഒരു ഇടവേളയെടുക്കുക, അല്ലെങ്കില്‍ അതിനെക്കുറിച്ച് ഒരു വിദഗ്ധനായ കൗണ്‍സിലറോട് സംസാരിക്കുക 
വൈകാരികമോ മാനസികമോ ആയ സംഘര്‍ഷത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയുമായി നിരന്തരം ഇടപെടുക എന്നത് മാനസികവും ശാരീരികവുമായ തളര്‍ച്ചയുണ്ടാക്കുന്ന കാര്യമാണ്. അതിനാല്‍ സ്വന്തം മാനസികവും ശാരീരികവുമായ  സൗഖ്യം ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങളുടെ തുടര്‍ച്ച മൂലം നിങ്ങള്‍ പ്രയാസപ്പെടുന്നതായും അതില്‍ മുങ്ങിപ്പോകുന്നതായും നിങ്ങള്‍ക്ക് സ്വയം തോന്നുന്നു എങ്കില്‍ ഒരു ഇടവേളയെടുത്ത് ഒന്ന് വിശ്രമിക്കുക, അല്ലെങ്കില്‍ ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ഒരു കൗണ്‍സിറെ സമീപിക്കുക.
ഒരു ആത്മഹത്യാ ശ്രമത്തെ തടയാന്‍ നിങ്ങള്‍ക്കെങ്ങിനെ കഴിയുമായിരുന്നു എന്ന് വിശകലനം ചെയ്യാന്‍ ശ്രമിക്കരുത്
നിങ്ങളുടെ ഒരു സുഹൃത്തിനെ/ബന്ധുവിനെ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ നിന്ന് തടുത്തുനിര്‍ത്താന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുമായിരുന്നു എന്നതിനെക്കുറിച്ച് അതുമിതും ചിന്തിച്ചു കൂട്ടുകയോ അതിനെക്കുറിച്ച് കുറ്റബോധം തോന്നുകയോ ചെയ്യരുത്.നിങ്ങള്‍ക്ക് ദേഷ്യം, നിരാശ, സങ്കടം, പശ്ചാത്താപം തുടങ്ങിയ വികാരങ്ങള്‍ അനുഭവപ്പെടാന്‍ സ്വയം അനുവദിക്കുക. സ്വന്തം ഹൃദയഭാരം ഇറക്കിവെയ്ക്കാന്‍ നിങ്ങള്‍ക്ക് വിശ്വാസമുള്ള ആരോടെങ്കിലും സംസാരിക്കുക.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org