ആർത്തവ വിരാമവും മാനസികാരോഗ്യവും

ആർത്തവ വിരാമ കാലത്ത് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്, എപ്പോഴാണ് സഹായം തേടേണ്ടത്?

എന്താണ് ആർത്തവവിരാമം?

ആർത്തവവിരാമം (Menopause) എന്നു പറയുന്നത് ഒരു സ്ത്രീയുടെ ആർത്തവ ചക്രത്തിന്‍റെ സ്വാഭാവികമായ പരിണതിയാണ്. ഇന്ത്യയിൽ ആർത്തവവിരാമത്തിന്‍റെ  ശരാശരി പ്രായം 46 മുതൽ 48 വയസ്സു വരെ ആണ്. എന്നിരുന്നാലും വ്യത്യസ്തരായ സ്ത്രീകൾക്ക് അവരവരുടെ വൈദ്യശാസ്ത്രപരവും കുടുംബ ചരിത്രപരവും ആയ കാരണങ്ങള്‍ അനുസരിച്ച് വ്യത്യസ്തമായ അനുഭവങ്ങൾ ആയിരിക്കും അനുഭവപ്പെടുക. ചില സ്ത്രീകൾക്ക് 41 വയസ്സിനും 50 വയസ്സിനും ഇടയക്ക് ആവാം ആർത്തവവിരാമം അനുഭവിക്കേണ്ടി വരിക. 40 വയസ്സിനു മുമ്പ് സംഭവിക്കുന്ന ആർത്തവവിരാമം അകാല ആർത്തവവിരാമം ആയി പരിഗണിക്കപ്പെടുന്നു; 52 വയസ്സിനു ശേഷം സംഭവിക്കുന്ന ആർത്തവവിരാമം അമാന്തിച്ച ആർത്തവവിരാമവും. 

ഒരു 10 വർഷ കാലത്തിനുള്ളിൽ ആയിരിക്കും സ്ത്രീകൾ സാധാരണഗതിയില്‍ ആർത്തവവിരാമം അനുഭവിക്കുവാൻ ഇടയാകുന്നത്. ആർത്തവ ചക്രത്തിന്‍റെ  ആവർത്തനങ്ങളിൽ ഉള്ള ഒരു വ്യതിയാനം,  പ്രവാഹത്തിൽ ഉള്ള വ്യതിയാനം, ക്രമം കെട്ട ആർത്തവ കാലങ്ങൾ, ചൂടുള്ള പ്രവഹിക്കൽ, വിയർക്കൽ, ഉറക്കത്തിലെ അസ്വാസ്ഥ്യങ്ങൾ എന്നിവയോടെ ആയിരിക്കും അതു സംഭവിക്കുക. ഈ ഘട്ടത്തിൽ കുടുംബ പിന്തുണ വളരെ നിർണ്ണായകവും ആകുന്നു.  

ആർത്തവവിരാമം ഒരു സ്ത്രീയുടെ ജീവിതത്തിലെ അനേകം മേഖലകളിൽ മാറ്റം കൊണ്ടുവരുന്നു

മിയ്ക്കവാറും ഇന്ത്യൻ സ്ത്രീകൾക്കും ആർത്തവവിരാമം സംഭവിക്കുന്നത് അവരുടെ മക്കൾ വീടു വിട്ടു പൊയ്ക്കഴിഞ്ഞതിനു ശേഷമായിരിക്കും; അവർ സ്വന്തം മാതാപിതാക്കളുടേയും ഭർതൃ മാതാപിതാക്കളുടേയും പരിചരണം നിർവ്വഹിക്കേണ്ടി വരികയോ അവരുടെ വേർപിരിയിൽ അനുഭവിക്കേണ്ടി വരികയോ കൂടി ചെയ്യുന്ന കാലമായിരിക്കും അത്. അവർ തങ്ങളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടി വരികയും എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ - പ്രമേഹം, കൊളസ്‌ട്രോൾ, ഹൃദയാഘാതത്തിന്‍റെ  അപകടസാദ്ധ്യത, രക്താതിസമ്മർദ്ദം, അതല്ലെങ്കിൽ തൈറോയിഡ് അസന്തുലിതാവസ്ഥ - നിലവിലുണ്ടോ എന്നു കണ്ടുപിടിക്കുകയും ചെയ്യേണ്ടുന്ന കാലവും കൂടിയാണ്. ജോലി ചെയ്യുന്ന സ്ത്രീകൾ ആണെങ്കിൽ അവർ തങ്ങളുടെ തൊഴിലിൽ കൂടുതൽ ചുമതല ഏറ്റെടുക്കേണ്ടി വരുന്ന കാലവും കൂടി ആയിരിക്കാം, ഈ മാറ്റങ്ങൾ അവരിൽ നിന്ന് ആവശ്യപ്പെടുന്ന അവകാശപൂർവ്വമുള്ള എല്ലാ നിർബന്ധങ്ങളും നേരിടുന്നതിന് അവർ ബുദ്ധിമുട്ട് അനുഭവിച്ചേക്കാം.  

ശാരീരിക ആരോഗ്യപ്രശ്‌നങ്ങൾ 

ആർത്തവ വിരാമ കാലത്ത്, ശരീരം ഈസ്ട്രജൻ ഉത്പാദനം കുറയ്ക്കും. ഹൃദയം, ത്വക്ക്, എല്ല് എന്നിവയുടെ ആരോഗ്യത്തിന് ഈസ്ട്രജൻ അത്യന്താപേക്ഷിതമാണ്, ഇവ സംബന്ധമായി പലേ സ്ത്രീകൾക്കും സങ്കീർണ്ണ പ്രശ്‌നങ്ങളും ഉണ്ടാകും. എല്ലുകൾ കൂടുതൽ ദുർബ്ബലമാകും, പുറം വേദനകളും തോൾ, സന്ധി വേദനകളും അനുഭവപ്പെടുന്നു,. ചില സ്ത്രീകൾക്ക് ആത്മസംയമനക്കുറവ് അനുഭവപ്പെട്ടെന്നു വരാം. ഇത് സംബന്ധമായി അവർ അമ്പരപ്പ് അനുഭവിക്കുകയും ചെയ്‌തെന്നും വരാം.

മിയ്ക്ക സ്ത്രീകളും ഉറക്കത്തിന് പ്രശ്‌നങ്ങൾ ഉള്ളതായി അറിയിക്കാറുണ്ട്; ഉറക്കം വരിക എന്നതിനും രാത്രി മുഴുവനും ഉറങ്ങുന്നതിനും തങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ട് എന്ന് അവർ മനസ്സിലാക്കുന്നു. (ബംഗളുരുവിലുള്ള ഒരു ഗൈനക്കോളജിസ്റ്റ് പറയുന്നത് അവരുടെ രോഗികളിൽ 20-25 ശതമാനം പേർ ഇക്കാലത്ത് ഉറക്കമില്ലായ്മ അനുഭവിക്കുന്നുണ്ട് എന്നാണ്). 

ആർത്തവവിരാമവും മാനസികാരോഗ്യവും

ആർത്തവവിരാമം പ്രതീക്ഷിക്കുകയും അതിനു തയ്യാറെടുക്കുകയും ചെയ്യുന്ന അനേകം സ്ത്രീകളുണ്ട്; അതു കൊണ്ടുവരുന്ന മാറ്റങ്ങളോടു സമരസപ്പെടുന്നതിനു അവർക്കു സാധിക്കുന്നു. പക്ഷേ മറ്റു ചിലർക്ക്, ആർത്തവവിരാമം എന്നത്  വലിയ വെല്ലുവിളി ഉയർത്തുന്ന ഒരു ജീവിതസംഭവം ആയിത്തീരുന്നു, ഒരു മാനസികാരോഗ്യ വിദഗ്ദ്ധയില്‍ നിന്ന്  അവർക്കു സഹായം തേടേണ്ടതായി വരെ വരികയും ചെയ്‌തേക്കാം. 

"തങ്ങളുടെ ശരീരം ശരീരശാസ്ത്രപരമായി പ്രായമാവുകയാണ്, അതും തങ്ങൾ ഔദ്യോഗികമായി ഏറ്റവും ഉയർന്ന പദവിയിൽ ആയിരിക്കുകയും തങ്ങളുടെ മനസ്സുകൊണ്ട് ഏറ്റവും ചെറുപ്പവും സമ്പൂർണ്ണമായി ആരോഗ്യവതിയും ആണ് എന്നു തോന്നുന്ന അവസരത്തിൽ, എന്ന പൊടുന്നനെ ഉണ്ടാകുന്ന തിരിച്ചറിവുമായി സമരസപ്പെടുന്നത് അവർക്ക് അങ്ങേയറ്റം ബുദ്ധിമുട്ടാണ്. വളരെ ഉയർന്ന ലക്ഷ്യങ്ങൾ മനസ്സിൽ കണക്കു കൂട്ടിയിരുന്ന അവർക്ക് തങ്ങളുടെ ജീവിതത്തിന്‍റെ  അർത്ഥപൂർണ്ണമായ ഒരു ഭാഗം ഇപ്പോൾ തന്നെ തങ്ങൾക്കു പിന്നിലായി കഴിഞ്ഞു എന്നതിന്‍റെ  ഒരു ഓർമ്മപ്പെടുത്തൽ ആയി ഇതിനെ കണക്കാക്കുന്നു. ഈ തിരിച്ചറവ് ഉത്കണ്ഠ, ഉൽക്കട വ്യഥ, പ്രതീക്ഷയില്ലായ്മ എന്നിവ അവരിൽ സൃഷ്ടിച്ചേക്കാം, " സക്ര വേൾഡ് ഹോസ്പിറ്റലിലെ കൺസൽറ്റന്‍റ് സൈക്യാട്രിസ്റ്റ് ആയ ഡോ സബീന റാവു പറയുന്നു. 

ആർത്തവവിരാമ സമയത്ത് പ്രതീക്ഷിക്കേണ്ടത് എന്തെല്ലാം

ആർത്തവവിരാമ സമയത്ത് നിങ്ങൾ അനേകം ഹോർമോൺ മാറ്റങ്ങൾ, ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾ എന്നിവയക്ക് വിധേയരായെന്നു വരാം. താഴെ പറയുന്ന ചിലത് അവയിൽ ഉൾപ്പെടുന്നു. 

  • ക്ഷീണം; വല്ലാത്ത തളർച്ചയും ഉത്സാഹക്കുറവില്ലായ്മയും ദിവസം മുഴുവൻ അനുഭവപ്പെടുന്നു. 

  • തടസ്സപ്പെടുന്ന ഉറക്ക ക്രമങ്ങൾ

  • പുറത്തേക്ക് ചൂടുള്ള രക്തപ്രവാഹം, വിയർക്കുന്നതായി അനുഭവപ്പെടുക

  • മൽസരിച്ചു മിടിക്കുന്ന ഹൃദയവും മനോഭാവ ചാഞ്ചാട്ടങ്ങളും

  •  മാനസിക പിരിമുറുക്കം മൂലം ഉണ്ടാകുന്ന നിയന്ത്രണമില്ലായ്മ (ഉദാഹരണത്തിന് ചുമയ്ക്കുമ്പോൾ അറിയാതെ മൂത്രം പോകുക)

  • പുറവും ചുമലും വേദനിയ്ക്കുക 

മിതമായ തോതിൽ ഈ ലക്ഷണങ്ങൾ കാണപ്പെടുന്നത് ആർത്തവ വിരാമത്തിന്‍റെ  പതിവു രീതിയാണ്. പക്ഷേ ഈ ലക്ഷണങ്ങൾ സ്വാഭാവികം അല്ലാതാകുമ്പോൾ നിങ്ങൾക്ക് സഹായം ആവശ്യമുണ്ട് എന്നു മനസ്സിലാക്കുന്നത് പ്രധാനമാണ്. 

ചില ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ക്ഷീണവും വളരെ താഴ്ന്ന മട്ടും തോന്നുന്നു. 

 ഇത് 'വെറും ആര്‍ത്തവവിരാമം അല്ല', നിങ്ങള്‍ക്കു  സഹായം ആവശ്യമുണ്ട്: 

നിരന്തരം തളർച്ചയും നിരാശയും പ്രതീക്ഷയില്ലായ്മയും അധികം ദിവസങ്ങളിലും അനുഭവപ്പെടുന്നു, രണ്ടാഴ്ച്ചത്തേക്ക് എങ്കിലും കൂടെക്കൂടെയുള്ള കരച്ചിൽ ഇടവേളകൾ ഉണ്ടാകുന്നു; എന്തെങ്കിലും ആത്മഹത്യാ സങ്കൽപ്പം.

നിങ്ങളുടെ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് നിങ്ങൾക്ക് ചിന്തകൾ ഉണ്ടാകുന്നു എങ്കിൽ, ദയവു ചെയ്ത് ഒരു മാനസികാരോഗ്യ വിദഗ്ദ്ധനുമായി ബന്ധപ്പെടുക, അതല്ലെങ്കിൽ ഉടനേ തന്നെ ഒരു ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുക.

മനോഭാവ ചാഞ്ചാട്ടങ്ങൾ (Mood swings): പ്രകോപനപരമായി പെരുമാറുക, കോപം അല്ലെങ്കിൽ ചില സമയത്ത് ദുഃഖം; തലവേദനയും ശ്രദ്ധിക്കുന്നതിൽ പ്രയാസവും

ഇത് സാധാരണമാണ് : 

ഇത് സാധാരണമാണ് : 

ഇത് 'വെറും ആര്‍ത്തവവിരാമം അല്ല', നിങ്ങള്‍ക്കു  സഹായം ആവശ്യമുണ്ട്: 

കൂടെക്കൂടെയുള്ള മനോഭാവ ചാഞ്ചാട്ടങ്ങൾ ചുരുങ്ങിയത് രണ്ട് ആഴ്ച്ച എങ്കിലും; പ്രതീക്ഷയില്ലായ്മ അനുഭവപ്പെടുക അല്ലെങ്കിൽ സമരസപ്പെടുവാൻ കഴിയാതെ വരിക

ഇത് സാധാരണമാണ് : 

ഉത്കണ്ഠ (Anxiety), പ്രകോപനപരത, ഭക്ഷണരുചിയിലോ ഉറക്ക ക്രമങ്ങളിലോ മാറ്റങ്ങൾ; ചിലപ്പോൾ പിരിമുറുക്കമോ തളർന്നു പോകുലോ അനുഭവിക്കുക

ഇത് 'വെറും ആര്‍ത്തവവിരാമം അല്ല', നിങ്ങള്‍ക്കു  സഹായം ആവശ്യമുണ്ട്: 

അടുപ്പിച്ച് രണ്ടാഴ്ച്ചയിൽ അധികം നിൽക്കുന്ന ഉത്കണ്ഠാകുലമയ ചിന്തകൾ, പിരിമുറുക്കം, തളർച്ച; അല്ലെങ്കിൽ ഭാവിയെ കുറിച്ചുള്ള നിങ്ങളുടെ ആവേശം വളരെ താഴ്ന്നതായിരിക്കുക

ഇത് സാധാരണമാണ് : 

വിയർക്കുന്നതായോ അല്ലെങ്കിൽ 'വിറയക്കുന്ന കൈകൾ' ഉള്ളതായോ അനുഭവപ്പെടുക; അല്ലെങ്കിൽ ചിലപ്പോഴെല്ലാം പെട്ടെന്നുള്ള മനഃക്ഷോഭം അനുഭവപ്പെടുക 

ഇത് 'വെറും ആര്‍ത്തവവിരാമം അല്ല', നിങ്ങള്‍ക്കു  സഹായം ആവശ്യമുണ്ട്: 

നിങ്ങൾക്ക് ഒരു കടുത്ത ഭീതി, ഭയം, അല്ലെങ്കിൽ അപ്രതീക്ഷിതമായി കുറഞ്ഞ് 15 മിനുട്ടു നേരത്തേക്കെങ്കിലും നീണ്ടുനിൽക്കുന്ന തരം നെഞ്ചിടിപ്പ് അനുഭവപ്പെടുക, നിങ്ങൾക്ക് ഒരു പക്ഷേ ഒരു ഉത്കണ്ഠയുടെ അമിതമായ  ആക്രമണം ആയിരിക്കാം. ഒന്നിൽ അധികം തവണ നിങ്ങൾക്ക് ഉത്കണ്ഠയുടെ അമിതമായ  ആക്രമണം അനുഭവപ്പെടുന്നു എങ്കിൽ, ഉടനടി സഹായം തേടുക.  

ആർത്തവവിരാമകാലത്തുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ (Mental Health issues)

ആർത്തവ വിരാമകാലത്ത് ചുരുങ്ങിയത് അഞ്ചിൽ ഒരു സ്ത്രീ വിഷാദം അനുഭവിയ്ക്കുന്നുണ്ട്. വ്യക്തിപരമായോ കുടുംബപരമായോ വിഷാദചരിത്രം (ശിശുജനനത്തിനോട് അനുബന്ധിച്ചുള്ള വിഷാദം ഉൾപ്പടെ) ഉള്ളവര്‍ പ്രത്യേകിച്ചും ഇതിന് എളുപ്പത്തിൽ വശംവദരാകാൻ സാദ്ധ്യതയുണ്ട്. വിദഗ്ദ്ധർ പറയുന്നത് രാത്രി വിയർക്കൽ, ചൂടുള്ള രക്തപ്രവാഹം എന്നിവ മൂലമുള്ള അസ്വസ്ഥതകൾ ഉറക്ക വിഘ്‌നങ്ങളിലേക്ക് നയിക്കുന്നതിന് സാദ്ധ്യതയുണ്ട് എന്നും  മനോഭാവ സ്ഥിരതയെ ബാധിച്ചേക്കാം എന്നും ആണ്. 

അനേകം സ്ത്രീകൾ തങ്ങളുടെ ധാരണാശക്തി പ്രവർത്തനം സംബന്ധിച്ച് പ്രശ്‌നങ്ങൾ അനുഭവിക്കാറുണ്ട്; കാര്യങ്ങൾ ഓർമ്മിച്ചു വയ്ക്കുന്നതിനും പ്രത്യേക ചുമതലകളിൽ ശ്രദ്ധ പതിപ്പിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നു വരാം.  ഇതിനു മുമ്പേ തന്നെ സ്‌കിസോഫ്രീനിയ, ബൈപോളാർ ഡിസോഡർ, ഉത്കണ്ഠ, അമിതഭീതി തകരാർ തുടങ്ങിയ മാനസിക രോഗങ്ങൾക്ക് വശപ്പെട്ടിട്ടുള്ള സ്ത്രീകളിൽ ആർത്തവവിരാമം ഇവയക്ക് വീണ്ടും തിരികൊളുത്തി എന്നു വരാം. നേരത്തേ മാനസികരോഗം ഉണ്ടായിരുന്ന സ്ത്രീകൾക്ക് മാറിയ രോഗം വീണ്ടും വരുന്നതിനും ക്ഷിപ്രവശംവദത്വത്തിന് വശംവദരാകുന്നതിനും ഇടയുണ്ട്. 

ആർത്തവവിരാമം 'സ്വാഭാവികം' അല്ലാത്തപ്പോൾ

ശസ്ത്രക്രിയ ചെയത് ആർത്തവവിരാമം (അണ്ഡാശയങ്ങൾ നീക്കം ചെയ്യൽ, അത് അവരുടെ ആർത്തവ ചക്രത്തിന്‍റെ അന്ത്യം കുറിക്കുന്നു) നടത്തുന്ന സ്ത്രീകൾ കഠിന വ്യഥ അനുഭവിക്കാം, ഭാഗികമായി മുൻസൂചനകൾ യാതൊന്നും തന്നെ ഇല്ലാതെ (സ്ത്രീയുടെ ആർത്തവചക്രങ്ങളിൽ ക്രമക്കേട് സംഭവിക്കുന്നതില്‍ തുടങ്ങി സ്വാഭാവിക ആർത്തവവിരാമം സംഭവിക്കുന്നത് ഒരു പത്തു വർഷ കാലയളവു കൊണ്ടാണ്) അവരുടെ ആർത്തവവിരാമം തീരെ അപ്രതീക്ഷിതമായി വന്നു ഭവിച്ചു എന്നതുകൊണ്ടോ അതല്ലെങ്കിൽ ഒരു സ്ത്രീ ആയിട്ടിരിക്കുക എന്നതിന്‍റെ അന്തഃസത്ത നഷ്ടപ്പെട്ടു എന്ന സ്വയം തോന്നുന്നതുകൊണ്ടോ ആയിരിക്കാം അത്; ഹോർമോൺ തോതുകളിലുള്ള വ്യതിയാനം ശരീരഭാരം വർദ്ധിക്കുന്നതിനു കാരണമാകാം, അത് ശാരീരിക പ്രതിച്ഛായാ പ്രശ്‌നങ്ങളിലേക്കു നയിച്ചെന്നും വരാം. ഉത്കണ്ഠയുടേയും വിഷാദത്തിന്‍റേയും ലക്ഷണങ്ങളും അവരിൽ ഉടലെടുത്തു എന്നും വരാം. 

പലപ്പോഴും ശസ്ത്രക്രിയയ്ക്കു ശേഷം അവർക്ക് മികച്ച പരിചരണവും മാനസികമായ പിന്തുണയും കുടുംബ പിന്തുണയും ലഭിക്കുകയാണെങ്കിൽ ഈ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് അതുമായി സമരസപ്പെടുന്നത് എളുപ്പമായി തോന്നും. നിങ്ങൾ ശസ്ത്രകിയ മൂലം ആർത്തവിരാമം അനുഭവിക്കുകയാണെങ്കിൽ, നിങ്ങളുടെ ചിന്തകളും സ്വയം-പ്രതിച്ഛായയും കൈകാര്യം ചെയ്യുന്നതില്‍ സഹായിക്കുന്നതിനായി നിങ്ങൾക്ക് ഒരു കൗൺസിലറുടെ സഹായം തേടാവുന്നതാണ്.

ആർത്തവവിരാമവുമായി സമരസപ്പെടുന്നതിന് കുടുംബത്തിൽ നിന്നുള്ള പിന്തുണ സഹായകമാകുന്നു

ആർത്തവവിരാമം സ്വാഭാവികമാണെങ്കിലും ഇല്ലെങ്കിലും, കുടുംബത്തിൽ നിന്നുള്ള പിന്തുണയ്ക്ക് - പ്രത്യേകിച്ചും പങ്കാളിയിൽ നിന്നുളളതിന് - ആർത്തവിരാമം കൊണ്ടുവരുന്ന ശാരീരികവും വൈകാരികവുമായ മാറ്റങ്ങളോടു സമരസപ്പെടുന്നതിന് സ്ത്രീയെ സഹായിക്കും. ഈ പ്രക്രിയ ഒരു സ്ത്രീയ്ക്ക് എളുപ്പമാക്കിത്തീർക്ക വിധം കുടുംബത്തിന് ചെയ്യുവാൻ കഴിയുന്ന കാര്യങ്ങൾ ഇതാ:

  • ആ സ്ത്രീ എന്തിൽ കൂടിയാണ് കടന്നു പോകുന്നത് എന്നുള്ളതു സംബന്ധിച്ച് കുടുംബത്തിനു ബോധമുണ്ടാകേണ്ടത് പ്രധാനമാണ്. സ്ത്രീയുടെ ഡോക്ടറുമായിട്ടുള്ള കൂടിക്കാഴ്ച്ചാവേളകളിൽ പങ്കാളിക്കും അവരുടെ ഒപ്പം തുണ പോകുകയും സ്വയം പരിചരിക്കുന്നതിൽ അവൾക്ക് പിന്തുണ നൽകാവുന്നതാണ്. 
  • സ്ത്രീ ആരോഗ്യവതിയായി ഇരിക്കുന്നതിനു വേണ്ടി ദമ്പതികൾക്ക് ഇരുവർക്കും കൂടി ചെയ്യാവുന്ന കാര്യങ്ങൾ, ഉദാഹരണത്തിന് ഒന്നിച്ച് നടക്കുക, ഓടുക,  അല്ലെങ്കിൽ പതിവു വ്യായാമം എന്നിവ സംബന്ധിച്ച് പങ്കാളിക്ക് ആസൂത്രണം നടത്താവുന്നതാണ്. 
  • സ്ത്രീക്ക് ആവശ്യമായ വൈകാരിക പിന്തുണ നൽകുക; അവളും ഒത്ത് ഗുണമേന്മയുള്ള സമയം ചെലവാക്കുക.
  • സമരസപ്പെടുന്നതിനു ബുദ്ധിമുട്ടായി സ്ത്രീക്ക് അനുഭവപ്പെടുമ്പോൾ അവളോടു തന്മയീഭാവം ഉണ്ടായിരിക്കുക.
  • അവൾ ഒരു നിരാശാ മനോഭാവത്തിൽ ആണെങ്കിൽ അതിനെ പിഎംഎസ് അല്ലെങ്കിൽ 'സ്ത്രീയുടെ മാത്രം വിഷയം' ആക്കി നിസ്സാരമാക്കി കാണരുത് - സ്ത്രീ കടന്നു പോകുന്നത് എന്താണോ അത് അവൾക്ക് തീരെ തളർത്തിക്കളയുന്നതോ മുഴുക്കിക്കളയുന്നതോ ആയ അനുഭവം ആയിരിക്കാം. 

ആർത്തവവിരാമകാലത്ത് മാനസിക സൗഖ്യത്തോടെ കഴിയുന്നത്

ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ആർത്തവവിരാമം കൊണ്ടുവന്ന മാറ്റങ്ങളുമായി സമരസപ്പെടുന്നതിന് നിങ്ങളെ സഹായിക്കും. 

  • കൃത്യമായി ആരോഗ്യ പരിശോധനകൾക്കു വിധേയയാകുക., ഒരു ശരിയല്ലാത്ത തൈറോയിഡ് പ്രവർത്തനം അല്ലെങ്കിൽ പ്രത്യുത്പാദന അവയവങ്ങൾക്ക് എന്തെങ്കിലും രോഗം എന്നിവ ഇല്ല എന്നു ഉറപ്പു വരുത്തുന്നതിനായി നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനെ കൂടെക്കൂടെ കാണുക.
  • വ്യായാമം ചെയ്യുക. നിങ്ങൾ ഇതിനു മുമ്പ് ഒരിക്കലും വ്യായാമം ചെയ്തിട്ടില്ലെങ്കിൽ ആ പതിവു തുടങ്ങുന്നതിനുള്ള ഒരു നല്ല സമയം ആണ് ഇത്. നിങ്ങളെ അയവുള്ള തരത്തിലും നിങ്ങളുടെ എല്ലുകളടെ ആരോഗ്യം നിലനിർത്തുന്ന തരത്തിലും നിലനിർത്തുന്നതിന് യോഗയ്ക്കും പ്രാണായാമത്തിനും നിങ്ങളെ സഹായിക്കുവാൻ കഴിയും. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.
  • നിങ്ങളുടെ ശരീരം മാറിക്കൊണ്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കക; അതനുസരിച്ച് നിങ്ങളുടെ പ്രതീക്ഷകൾ ഉറപ്പിക്കുക. ശരീരഭാരം കുറയ്ക്കുന്നതിൽ മാത്രം ആയിരിക്കരുത് ശ്രദ്ധ പതിപ്പിക്കേണ്ടത്, പകരം വീണ്ടും ഭാരം കൂടാതിരിക്കുന്നതിനാണ്. നിങ്ങൾക്ക് അതു നിയന്ത്രിക്കുവാൻ സാധിക്കുകയില്ല എന്ന് കരുതിക്കൊണ്ട് നിങ്ങൾ ആരോഗ്യത്തോടെ ഇരിക്കുന്നത് ഇല്ലാതാക്കി കളയരുത്. 
  • നിങ്ങളുടെ ഭക്ഷണത്തിൽ ശ്രദ്ധ പതിപ്പിക്കുക; ചെറിയ അളവുകളിൽ ഇടയ്ക്കിടെ ആയി ഭക്ഷണം കഴിക്കുക. നാരുകൾ പ്രകൃത്യാ ഉള്ള വിറ്റമിനുകൾ, മിനറലുകൾ എന്നിവ കഴിക്കുന്നത് വർദ്ധിപ്പിക്കണം.
  • ഏറ്റവും പ്രധാനമായി, സ്വയം പരിചരണത്തിന് സമയം എടുക്കുക. കുറച്ച് 'ഞാൻ' സമയം നീക്കി വയ്ക്കുക, നിങ്ങൾ ആസ്വദിക്കുന്ന ഏതെങ്കിലും വിനോദങ്ങളിലോ പ്രവർത്തനങ്ങളിലോ മുഴുകുക. 
  • നിങ്ങൾ വല്ലാതെ പരവശതയിൽ ആണ്, അതിനോടു സമരസപ്പെടുവാൻ കഴിയുന്നുമില്ല എങ്കിൽ ഉടനേ തന്നെ ഒരു കൗൺസിലറിനേയോ സൈക്യാട്രിസ്റ്റിനേയോ സമീപിക്കുക.

ഈ ലേഖനം തയ്യാറാക്കിയിരുന്നത് സക്ര വേൾഡ് ഹോസ്പിറ്റലിലെ കൺസൽറ്റന്‍റ്  സൈക്യാട്രിസ്റ്റ് ആയ ഡോ സബീന റാവു, അപ്പോളോ ക്രേഡിൽ ഹോസ്പിറ്റലിലെ ഒബിസ്റ്റട്രീഷനും ഗൈനക്കോളജിസ്റ്റും ആയ ഡോ അരുണ മുരളീധർ, ബംഗളുരു നിംഹാൻസിലെ സൈക്യാട്രി വകുപ്പിലെ അഡീഷണൽ പ്രൊഫസർ ആയ ഡോ ഗീതാ ദേശായി എന്നിവർ പകർന്നു തന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org