We use cookies to help you find the right information on mental health on our website. If you continue to use this site, you consent to our use of cookies.

വിഷാദരോഗമുള്ള വ്യക്തിയോടൊപ്പം ജീവിതം

വിഷാദരോഗമുള്ള ഒരു വ്യക്തിയോട് എങ്ങനെ പെരുമാറണമെന്ന് പലർക്കും അറിയില്ല. അരുണ പറയുന്നു.

അരുണ രമൺ
 
വിഷാദം ഒരു അപരിചിത സ്വഭാവ സവിശേഷതയാണ്. ദിനംപ്രതി വിഷാദവും ഉത്കണ്ഠയും കൈകാര്യം ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക് എന്റെയുള്ളിൽ ജീവിക്കുന്ന ഈ നൂറ് തലയൻ പാമ്പിനെ മനസിലാക്കുവാൻ ഞാൻ പ്രയാസപ്പെടുന്നുണ്ട്. എന്റെ ജീർണ്ണിച്ച നാഡികളെ സമാധാനിപ്പിക്കാൻ ദീർഘനിശ്വാസം കൊണ്ട് കഴിയുമെന്ന് ചിന്തിക്കുമ്പോൾതന്നെ മോശമായതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന തോന്നൽ വയറിൽനിന്ന് ഉണ്ടാകുന്നു. വിഷാദരോഗമുള്ള ഒരുവനുമായി ജീവിക്കുക എന്നത് അതുപോലെ തന്നെ പേടിപ്പെടുത്തുന്ന ഒന്നാണെന്ന് എനിക്ക് സങ്കല്പിക്കുവാൻ കഴിയും. തിരസ്‌കരണം ഏൽപ്പിക്കുന്ന കടുത്ത ക്ഷതം, കുഴഞ്ഞ ആശയങ്ങളുടെ പ്രശ്‌നസ്ഥലി, മറ്റൊരാളുടെ രോഗം ഇതിലും കഠിനമാണ് അല്ലെങ്കിൽ വേറൊരാൾക്ക് നല്ല സുഖമുണ്ട് എന്ന രീതിയിലുള്ള താരതമ്യപ്പെടുത്തലുകളും എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഒന്നുകിൽ തോൽവി അല്ലെങ്കിൽ യുദ്ധം എന്നതായിരുന്നു എന്റെ പഴയ തന്ത്രങ്ങൾ. രണ്ടും വൃത്തികെട്ട വാഗ്വാദങ്ങളിലേക്കും വെറുപ്പുളവാക്കുന്ന മൌനത്തിന്റെ രീതിയിലേക്കും കാര്യങ്ങളെ നയിക്കുമായിരുന്നു. 
 
എന്നിരുന്നാലും സ്വയം മനസിലാക്കുവാനുള്ള ശ്രമത്തിനിടയിൽ ഞാൻ എനിക്ക് ചുറ്റുമുള്ളവരെ ശ്രദ്ധിക്കുവാൻ തുടങ്ങി. ഇതോടൊപ്പം അവർക്ക് സഹായിക്കണം എന്നുണ്ടെന്നും എന്നാൽ അതിന് കഴിയാതെ കഷ്ടപ്പെടുകയാണെന്നും ഞാൻ തിരിച്ചറിഞ്ഞു. ഈ രോഗത്തെക്കുറിച്ചുള്ള കാര്യമായ ചർച്ചകൾ ഞങ്ങൾക്ക് ഒരു അനുഗ്രഹമാണെങ്കിൽ കൂടി ഞങ്ങളെ സഹായിക്കണം എന്നാഗ്രഹിക്കുന്നവരുടെ മനസിൽ ഇതൊരു ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഒരു സുഹൃത്ത് അടുത്തിടെ പറഞ്ഞതാണ്, 'ഞങ്ങൾ നിന്നെ സ്‌നേഹിക്കുന്നുണ്ട്, എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയില്ല'. എന്തിനൊക്കെയാണ് എന്നെ സഹായിക്കാൻ കഴിഞ്ഞേക്കുക (അല്ലെങ്കിൽ കഴിയുക) എന്ന എന്റെ തന്നെ ചിന്തകളെ കൂട്ടിയിണക്കാൻ ഈ വികാരം എന്നെ സഹായിച്ചു. എന്റെ അനുഭവ സമ്പത്ത് ഇവിടെ വിവരിക്കുന്നില്ല. ഇവ ദിനംപ്രതി ചെയ്യുവാൻ കഴിയുന്ന ചില ചെറിയ കാര്യങ്ങളാണ്. 
 
ഘട്ടം 1, ഘട്ടം 2: ദിനചര്യയോടെയും അതില്ലാതെയും
 
കൃത്യമായ ഒരു ദിനചര്യ ഉണ്ടാക്കുക എന്നത് വിഷാദരോഗത്തേയും ഉത്കണ്ഠയേയും തരണം ചെയ്യുവാൻ സാധാരണ ഉപയോഗിക്കാറുള്ള മാർഗ്ഗമാണ്. ഇതെന്നിൽ അത്ഭുതങ്ങളുണ്ടാക്കാറുണ്ട്. ഒരു ചിട്ടയുള്ള ദിനചര്യ സ്ഥിരത കൈവരിക്കുന്നതിന് എന്നെ സഹായിക്കുന്നു. എന്റെ ചിന്തകൾ അതിർത്തി ലംഘിച്ച് കടക്കുന്നതിനാൽ എനിക്ക് പുറത്തുള്ള സ്ഥിരസ്ഥായിയായ ചിന്തകൾ എന്റെ ഉള്ളിലെ പ്രശ്‌നങ്ങളെ തരണം ചെയ്യുവാൻ സഹായിക്കുന്നു. അന്നത്തെ ദിവസം എങ്ങനെയാവും എന്നോർത്ത് പ്രഭാതങ്ങളിലാകും ഞാൻ ഏറ്റവും കൂടുതൽ ഉത്കണ്ഠാകുല ആകുക. ഇതിൽനിന്ന് രക്ഷപ്പെടാൻ എന്റെ ദിനചര്യ എന്നെ സഹായിക്കുന്നു. 
 
എന്തിനാണ് ദിനചര്യ ഒരു പ്രത്യേക ചിട്ടയിൽ ആവർത്തിക്കുന്നതെന്ന് ശരിയായ അര്ർത്ഥത്തിൽ തന്നെ കുടുംബാംഗങ്ങൾ എന്നോട് ചോദിച്ചിരുന്നു. എന്റെ (അവരുടേയും) ഒരു ദിവസത്തെ പരിപാടികളിൽനിന്ന് ജിമ്മിൽ പോകുന്നത് ഒഴിവാക്കാമോ എന്ന് അവരെന്നോട് ചോദിച്ചിട്ടുണ്ട്. എന്നിരുന്നാലും എന്നെ സംബന്ധിച്ചിടത്തോളം ദിനചര്യ എന്റെ യാത്രയെ ഉത്കണ്ഠയിൽനിന്ന് അന്നത്തെ ദിവസത്തെ തയ്യാറെടുപ്പിലേക്ക് നയിക്കുന്നു. അത് അങ്ങനെതന്നെ തുടരാൻ അനുവദിക്കണം എന്നതാണ് കുടുംബത്തോടും മറ്റ് സുഹൃത്തുക്കളോടുമുള്ള അപേക്ഷ. അതിനായി കഷ്ടപ്പെടുന്നത് ഒരു നല്ലകാര്യമല്ലെന്ന് തോന്നിയേക്കാം. എങ്കിലും ചെറുതും വലുതുമായ തടസ്സങ്ങളെ നേരിടാൻ അതൊരു മികച്ച മാർഗ്ഗമാണ്. രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നവരുടെ കൈയ്യിൽനിന്ന് നിങ്ങളത് തട്ടിപ്പറിക്കില്ലെന്ന് കരുതുന്നു. 
 
ആ ‘ഞാൻ മറന്നു’, തലയ്ക്കകത്തെ വെപ്രാളവും
 
എന്റെ ഓർമ്മ ക്ഷണികവും പ്രവചനാതീതവുമാണ്. ചില ദിവസങ്ങളിൽ അതൊരു വിശ്വസ്തനായ സുഹൃത്തും മറ്റ് ചിലപ്പോൾ ഉപേക്ഷിച്ച് പോയ ഒരുവനുമാണ്. വിഷാദരോഗവുമായി മല്ലടിക്കുന്ന ഒരാളുമായാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ നൂറുകൂട്ടം സാധനങ്ങളുടെ ഒരേ ഷോപ്പിങ്ങ് ലിസ്റ്റുമായി അവർ മൂന്ന് ദിവസങ്ങളായി കടയിൽ കയറിയിറങ്ങുന്നത് കാണാനാകും. ആദ്യദിവസം തന്നെ എല്ലാ സാധനങ്ങളും ഒന്നിച്ച് വാങ്ങുന്നതാണ് യുക്തിപരമായ രീതിയെങ്കിലും അവർ എല്ലാ ദിവസവും പലചരക്ക് കടയിലേക്ക് ഓടിക്കൊണ്ടിരിക്കും. യുക്തികളുടെ നിയമങ്ങളെ വിഷാദരോഗികൾ പാലിച്ചിരുന്നെങ്കിൽ എന്ത് നന്നായേനെ! 
 
ഞാൻ മിക്കവാറും എന്റെ ഷോപ്പിങ്ങ് ലിസ്റ്റിൽ തുറിച്ചുനോക്കി അവയിൽ പല സാധനങ്ങളും എടുക്കാൻ മറന്ന് അടുത്ത ദിവസം ഓടിപാഞ്ഞു വന്ന് വാങ്ങുന്നത് പതിവായിരുന്നു. വീണ്ടും, ഇങ്ങനെ ജീവിക്കാൻ ഞങ്ങളെ അനുവദിക്കൂ. മിക്കവാറും ആളുകൾ കരുതുന്നത് ആ വ്യക്തിക്കുവേണ്ടി ഷോപ്പിങ്ങ് ചെയ്ത് കൊടുത്ത് ഈ പ്രശ്‌നത്തെ പരിഹരിക്കാമെന്നാണ്. എന്നാൽ മറ്റൊരാൾക്ക് ഷോപ്പിങ്ങ് ചെയ്യുന്നത് ഒരുപാട് ഊർജ്ജം ചെലവാക്കുന്ന പ്രക്രിയയാണ്. ചില പ്രത്യേക ക്രമത്തിലൂടെയും രീതിയിലൂടെയുമാണ് ഞാൻ ഷോപ്പിങ്ങ് ചെയ്യുന്നത്. എന്താണ് എനിക്ക് വേണ്ടതെന്ന പൂർണ്ണബോധ്യം എനിക്കുണ്ട്. അലമാരയിൽ നിരന്നിരിക്കുന്ന സാധനങ്ങളിൽനിന്ന് എനിക്കാവശ്യമുള്ള വസ്തുക്കൾ കൃത്യമായി തിരഞ്ഞെടുക്കാൻ എനിക്ക് സാധിക്കുന്നു. 
 
എന്റെ ദൃശ്യപരിധിയിലുള്ള വസ്തുക്കൾ പുനഃക്രമീകരിക്കപ്പെടുന്നത് എനിക്ക് അസഹ്യമാണ്. മേശയുടെ പുറത്തിരിക്കുന്നതിന് പകരം പത്രം അടിയിലാണ് തിരുകി വെച്ചിരിക്കുന്നതെങ്കിലും അടുക്കള അലമാരയിലെ ഒരു സ്പൂൺ സ്ഥാനം തെറ്റി മറ്റെവിടെയെങ്കിലും ആണെങ്കിലുമൊക്കെ അതൊരു പ്രശ്നമാണ്. അങ്ങനെ തന്നെയാവട്ടെ കാര്യങ്ങൾ!
 
ഓർമ്മക്കുറവിന്റെ അടുത്ത കൂട്ടുകാരനാണ് തലയ്ക്കകത്തെ വെപ്രാളം. കുതിരയെ ഓടിക്കുന്നതിനോട് താരതമ്യപ്പെടുത്തിയാൽ ഓർമ്മക്കുറവ് കുതിരപ്പുറത്തുള്ള ചെറിയ ചാട്ടങ്ങളാണ്. എന്നാൽ വെപ്രാളം ഒരു കുതിരപ്പാച്ചിലാണ്. കൂടുതൽ ലളിതമാക്കിയാൽ വെപ്രാളമെന്നാൽ പല ചിന്തകൾ കൂട്ടിയിടിക്കാനും കെട്ടുപിണയാനുമുള്ള പ്രവണതയാണ്. ഞാൻ വൈകാരിക നിർദ്ദേശകരാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. അവരെന്നോട് ചപ്പ് ചവറുകൾ പുറത്ത് കളയാൻ ആവശ്യപ്പെടുകയും ഞാനത് ചെയ്യുമ്പോൾ പ്ലംബ്ബറിനെ വിളിപ്പിക്കുകയും സഹോദരന്മാർക്ക് വാട്‌സ് ആപ്പിൽ സന്ദേശം അയക്കുകയും എങ്ങനെയാണ് നുരയുന്ന ഒരു കാപ്പി ഉണ്ടാക്കുക എന്ന് കണ്ടുപിടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നിൽക്കൂ ഒരു പ്രത്യേകഘട്ടം കഴിഞ്ഞാൽ ഇത് അർത്ഥമൊന്നുമില്ലാത്ത ജല്പനമാണ്. എന്റെ ഉള്ളിൽ എന്തോ ഒന്ന് ഭയന്ന് പിൻമാറുന്നതായി എനിക്ക് തോന്നുന്നു. പലകാര്യങ്ങൾ ഒരേസമയം ചെയ്യാനുള്ള ഒരാളുടെ കഴിവ് ഏറെ പ്രകീർത്തിക്കപ്പെടാറുണ്ടെന്ന് എനിക്കറിയാം. ഒരേസമയം എനിക്ക് വളരെ കുറച്ച് നിർദ്ദേശങ്ങൾ മാത്രമേ നടപ്പാക്കാൻ കഴിയുന്നുള്ളൂ. വിവരങ്ങളെ കൃത്യമായി മനസിലാകുന്ന മട്ടിൽ ക്രമീകരിക്കുകയാണെങ്കിൽ പല കാര്യങ്ങളും ഒന്നിച്ച് ചെയ്യാൻ എനിക്ക് കഴിയുന്നതാണ്. നിർദ്ദേശങ്ങൾ എഴുതിവെയ്ക്കുകയാണെങ്കിൽ ചിന്തിക്കാൻ ഒന്നുമില്ലാത്ത സമയങ്ങളിൽ ഇത് ഓർക്കാനും മനസിൽ അടുക്കിവെയ്ക്കാനും സാധിക്കും. 
 
വിശാലമായ തുറന്ന സ്ഥലങ്ങൾ
 
മാസത്തിൽ വല്ലപ്പോഴെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനായി ഞാൻ എന്റെ ദിനചര്യകളിൽനിന്ന് ഇടവേളകൾ എടുക്കുന്നു. ഇതെന്നെ പൂർവ്വസ്ഥിതിയിലാക്കാനും എന്റേതായ വേഗതയിൽ ജോലി ചെയ്യാനും ധ്യാനാത്മകമായി ഇരിക്കുവാനും ഉള്ള സാഹചര്യം ഒരുക്കി തരുന്നു. തീർച്ചയായും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ദിവസം എന്നത് ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള ദിവസം കൂടിയാണ്. വാട്ടർപ്രൂഫിങ്ങ് കോൺട്രാക്ടറെ വിളിക്കണം, തുണി ഇസ്തിരിയിടാൻ കൊടുക്കണം, ട്രാവൽ ഏജന്റിനെ വിളിക്കണം എന്നിങ്ങനെ ഒരുപാട് ജോലികൾ കാണും. ഒറ്റയ്ക്കിരിക്കുന്ന സമയം തലയിൽക്കൂടി ഓടികൊണ്ടിരിക്കുന്ന ചിന്തകളുടെ കുരുക്കഴിച്ച് സമയം കളയാതിരിക്കാൻ ഇത് സഹായിക്കുന്നു. എന്റെ ഊർജ്ജമില്ലായ്മ പ്രകടമാകുന്ന ദിവസങ്ങളിലോ എന്തെങ്കിലും മോശമായി തോന്നുന്ന സമയങ്ങളിലോ ഞാൻ ഈ ദിവസങ്ങളെ അതിനായി ക്രമപ്പെടുത്തിയിരിക്കും. അതുകൊണ്ട് എന്റെ സമയത്തെ അധികസമ്മർദ്ദത്തിലാക്കുന്നത് വിപരീതഫലം ഉണ്ടാക്കുന്നു. അതെന്റെ ഇഷ്ടത്തിന് വഴങ്ങുന്നതായി തോന്നുന്നുണ്ടെങ്കിൽ കുഴപ്പമില്ല, മധുരമില്ലാത്ത പദാർത്ഥങ്ങൾ പ്രമേഹത്തിൽനിന്നു രക്ഷിക്കുമെങ്കിൽ ഈ തന്ത്രങ്ങൾ ഞങ്ങളെ സഹായിക്കും. 
 
സുഹൃത്തുകളോടൊപ്പമുള്ള അത്താഴം, കുടുംബത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കുക തുടങ്ങി സാമൂഹികമായി ഇടപഴകാൻ ഞാൻ ആഗ്രഹിക്കാത്ത അവസരങ്ങൾ ഉണ്ടാകാം. ഇത് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ എനിക്ക് കുറച്ചുകൂടി ഭേദം തോന്നും എന്നതിൽ തുടങ്ങി ഞാൻ ഏറ്റവും വെറുക്കുന്ന മറ്റൊരു വാദമാണ് എക്‌സ്-നോ വൈ-ക്കോ വേണ്ടിയെങ്കിലും അത് ചെയ്യുക എന്നത്. ഇങ്ങനെ നല്ല അർത്ഥത്തിൽ സംസാരിക്കുന്നവർ എന്റെയടുത്ത് ഇങ്ങനെ പലതും പറഞ്ഞിട്ടുണ്ട്. അവരോട് എനിക്ക് ഇത് മാത്രമാണ് പറയാനുള്ളത്. ഡെങ്കി ബാധിച്ച് കിടക്കുന്നവനോട് ഒരു പൈന്റ് കഴിക്കാൻ നിങ്ങൾ നിർബന്ധിക്കില്ലല്ലോ? 
 
അതേ, നിങ്ങൾക്ക് സാധിക്കുമെന്ന് പറയൂ!
 
വിഷാദരോഗത്തിന്റെ പ്രധാനഫലം പരിഭ്രമിപ്പിക്കുന്നതാണ്. എന്റെ കൂടെ ചിലവഴിക്കുമ്പോൾ എന്താണ് എന്നെ വിഷമിപ്പിക്കുന്നതെന്ന് അവർക്ക് അറിയില്ലെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്. അവരിങ്ങനെ സന്നിഗ്ദ്ധാവസ്ഥയിൽ ആകുമെന്ന് ഓർക്കുമ്പോൾ എനിക്ക് വിഷമമുണ്ട്. ഇതേ സ്ഥിതിയിൽ തുടരുന്നത് കുറ്റബോധം ഉണ്ടാക്കുന്നതിനും തന്നോടുതന്നെയുള്ള മതിപ്പ് കുറയുന്നതിനും കാരണമാകും. അതുകൊണ്ട് ഉറപ്പുവരുത്തലിന്റെ ഭാഗമായി ചില ലളിതമായ പ്രവർത്തനങ്ങൾ ഒരാളുടെ അഹംബോധത്തെ പുനർനിർമ്മിക്കുന്നതിന് സഹായിക്കുന്നു. ഉദാഹരണത്തിന്, ഒരു റസ്റ്റോറന്റ് തിരഞ്ഞെടുക്കുന്നതോ പാർക്കിങ്ങ് സ്ഥലം നിർദ്ദേശിക്കുന്നതോ പോലുള്ള നിസാര കാര്യങ്ങൾക്ക് ഞാൻ ഗാഢമായി ചിന്തിച്ച് വിവശയായിട്ടുണ്ട്. എതിർക്കുന്നതിനും വികാരവിക്ഷോഭിതയാകുന്നതിനും തമ്മിൽ കൃത്യമായി വ്യത്യാസമുണ്ട്. കാരണം ഇവ ഗുരുതരമായ പരിണിതഫലങ്ങൾ ഉണ്ടാക്കുന്നു. അതൊരു നല്ല ആശയമാണ് തുടങ്ങിയ പോസിറ്റീവായ കാര്യങ്ങൾ മുൻനിർത്തി മാത്രം കാര്യങ്ങൾ ചെയ്യുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല, ദോഷൈകദൃക്കാകാനും സാധിക്കണം. എന്നോട് തന്നെയുള്ള മതിപ്പ് വർദ്ധിപ്പിക്കാനായി ചോദ്യം ചെയ്യാനാവാത്ത അനുമതി ഞാൻ ആവശ്യപ്പെടുന്നു. 
 
മഹത് രൂപം
 
നമ്മുടെ സമൂഹം നിലനിന്ന് പോകുന്നത് താരതമ്യം ചെയ്ത് ഉറപ്പാക്കുന്നതിലൂടെയാണ്. ആരെങ്കിലും എപ്പോഴെങ്കിലുമൊക്കെ തെറ്റായും ശരിയായുമുള്ള തിരഞ്ഞെടുപ്പുകൾ ജീവിതത്തിൽ എടുത്തിട്ടുണ്ടാകും. ഇവിടെയാണ് അധികമാകുന്നതിന്റെ നിയമങ്ങൾ പ്രയോഗത്തിൽ വരുന്നത്. ഒരു കൈ പുറകിൽ കെട്ടിയിട്ടുകൊണ്ട് മൂന്ന് കുട്ടികൾക്കുമായി ഓർഗാനിക് ഭക്ഷണം തയ്യാറാക്കുക, ബാങ്ക് ജോലിയിൽ ഏർപ്പെട്ടുകൊണ്ട് രാത്രിസമയങ്ങളിൽ പുസ്തകമെഴുതുക തുടങ്ങിയവ ചെയ്യുന്നവരുടെ വിജയകഥകൾ രോഗം ബാധിച്ച, കൈകാര്യം ചെയ്യാനാവാത്ത ഒരു യുദ്ധം തലയിൽ അരങ്ങേറുന്നവരുമായി  താരതമ്യപ്പെടുത്തുമ്പോൾ വളരെ മികച്ചതായിതോന്നാം. എല്ലാ പ്രിയപ്പെട്ടവരോടും എനിക്ക് പറയാനുള്ളത് എന്തെന്നാൽ അവരുടെ തിരഞ്ഞെടുപ്പുകളിൽ എതിർപ്പുണ്ടെങ്കിൽപ്പോലും അവരെ അംഗീകരിക്കുക (വെറുപ്പോടെയാണെങ്കിലും). എന്റെ മാനസിക ആരോഗ്യം തകരുകയാണെങ്കിൽ അതിന്റെ ആഘാതം കുറയ്ക്കുവാൻ ഉതകുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പുകളാണ് ഞാൻ എടുത്തിട്ടുള്ളതെന്ന കാര്യത്തിൽ എനിക്ക് പൂർണ്ണബോധ്യമുണ്ട്. എന്റെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് തുടർച്ചയായി വാദിക്കേണ്ടിവരിക എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ഊർജ്ജം ചോർന്ന് പോകുന്ന പ്രക്രിയ. സജീവവും വിപരീതഫലം ഉളവാക്കുന്നതുമായ താത്പര്യങ്ങളെക്കാളും താത്പര്യമില്ലായ്മയാണ് നല്ലതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. 
 
ഈ വിഷയത്തെപ്പറ്റിയുള്ള നിഗൂഢത ഇല്ലാതാക്കാനുള്ള ഒരു ശ്രമമല്ല എന്റേത്. ഞാനും നിങ്ങളെപ്പോലെ തന്നെ ആശയക്കുഴപ്പത്തിലാണ്. പക്ഷേ ഈ വഴിയിലൂടെ എന്നോടൊപ്പം നടക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. 
 
ഒരു അമേരിക്കൻ സർവ്വകലാശാലയോട് ചേർന്ന് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകയാണ് അരുണ രമൺ. തന്റെ ഉത്കണ്ഠയേയും നിരാശയേയും തരണം ചെയ്യാനും സൂക്ഷ്മതയുള്ള ജീവിതം നിർമ്മിച്ചെടുക്കുവാനുമുള്ള ശ്രമത്തിലാണ് അവർ. ഉത്കണ്ഠയേയും നിരാശയേയും എങ്ങനെ തരണം ചെയ്യാമെന്ന വിഷയത്തിലും അവർ സംസാരിക്കുന്നു.