മാനസികാരോഗ്യത്തെ കുറിച്ചു മനസ്സിലാക്കൽ

എന്‍റെ മാനസികാരോഗ്യ പ്രശ്നവുമായി ഞാന്‍ ആരെ സമീപിക്കണം?

ശാരീരിക രോഗങ്ങള്‍ ചികിത്സിക്കാന്‍ നമുക്ക് ഡോക്ടര്‍മാര്‍ ഉള്ളതുപോലെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ചികിത്സിക്കാന്‍ നമുക്ക് മാനസികാരോഗ്യ വിദഗ്ധരുണ്ട്.

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

നിങ്ങള്‍ക്ക് പല്ലുവേദന വന്നാല്‍ അത് ചികിത്സിക്കുന്നതിനായി നിങ്ങള്‍ ദന്തഡോക്ടറുടെ അടുത്ത് പോകും, സന്ധിവേദന വന്നാല്‍ എല്ലുഡോക്ടറുടെ (ഓര്‍ത്തോപീഡിയസ്റ്റിന്‍റെ) അടുത്ത് പോകും. വിവിധ തരത്തിലുള്ള ശാരീരിക രോഗങ്ങള്‍ ചികിത്സിക്കുന്ന പലതരം സ്പെഷ്യലിസ്റ്റുകളെക്കുറിച്ച് നമ്മളില്‍ മിക്കവര്‍ക്കും അറിയാം. മനസിന്‍റേയും അതിന്‍റെ ആരോഗ്യത്തിന്‍റേയും കാര്യത്തിലാണ് സംശയം വരുന്നത്.
 
ഈ ലേഖനത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങളില്‍ പ്രത്യേക പ്രാവീണ്യം നേടിയിട്ടുള്ളവരും മനഃശാസ്ത്ര സംബന്ധവും മനോരോഗചികിത്സാ സംബന്ധവുമായ ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്ന വിദഗ്ധരെക്കുറിച്ചാണ് ഞങ്ങള്‍ പറയുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യധാരാ വിദഗ്ധരുടെ സംഘത്തില്‍ സൈക്യാട്രിസ്റ്റ് (മനോരോഗ ചികിത്സകര്‍) , ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍ (മനോരോഗ ചികിത്സാ മേഖലയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍) നേഴ്സുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
ഒരോ വിദഗ്ധരേയും അവരുടെ കഴിവുകളേയും കുറിച്ച് ഇവിടെ ചുരുക്കി പറയുന്നു, അത് എന്തെങ്കിലും മാനസികാരോഗ്യ പ്രശ്നം ഉണ്ടെങ്കില്‍ ആരെ ബന്ധപ്പെടണം എന്ന് തീരുമാനിക്കുവാന്‍ നിങ്ങള്‍ക്ക് സഹായകരമാകും.
 
സൈക്യാട്രിസ്റ്റ് (മനോരോഗ ചികിത്സകന്‍)
 
എന്താണ് മനോരോഗ ചികിത്സ (സൈക്യാട്രി) ? 
 
മനോരോഗ ചികിത്സ (സൈക്യാട്രി) എന്നാല്‍ മനോവികാരങ്ങളെ, ഗ്രഹണസംബന്ധമായ പ്രവര്‍ത്തനങ്ങളെ, പെരുമാറ്റത്തെ ബാധിക്കുന്ന വിവിധ മാനസിക തകരാറുകളെ കണ്ടെത്തുകയും  വിലയിരുത്തുകയും നിയന്ത്രിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന വൈദ്യശാസ്ത്രത്തിലെ ഒരു ശാഖയാണ്. ഇതില്‍ പ്രത്യേക പ്രാവീണ്യം നേടിയിട്ടുള്ള ഡോക്ടര്‍മാരെയാണ് സൈക്യാട്രിസ്റ്റുകള്‍ (മനോരോഗ ചികിത്സകര്‍) എന്ന് വിളിക്കുന്നത്. 
 
ആരാണ് സൈക്യാട്രിസ്റ്റ് (മനോരോഗ ചികിത്സകന്‍)?
 
മാനസികാരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിലും പ്രത്യേക പ്രാവീണ്യം നേടിയിട്ടുള്ള ഡോക്ടറെയാണ് സൈക്യാട്രിസ്റ്റ് (മനോരോഗ ചികിത്സകന്‍) എന്ന് പറയുന്നത്. വൈദ്യശാസ്ത്രമേഖലയിലെ സമഗ്രമായ ചികിത്സാ പരിശീലന പഠന കാലത്ത് സൈക്യാട്രിസ്റ്റുകള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളും തലച്ചോറും ശരീരവും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധവും മനസിലാക്കാന്‍ പരിശീലനം നേടുന്നു. മാനസികവും ശാരീരികവുമായ ക്ലേശങ്ങള്‍ക്കുള്ള ശാരീരികവും മാനസികവുമായ കാരണങ്ങള്‍ വേര്‍തിരിച്ചറിയാന്‍ ഏറ്റവും യോഗ്യതയുണ്ടായിരിക്കുക ഇവര്‍ക്കായിരിക്കും.
 
സൈക്യാട്രിസ്റ്റുകള്‍ എങ്ങനെയാണ് തങ്ങളുടെ രോഗികള്‍ക്ക് എന്താണ് കുഴപ്പമെന്ന് പറയുന്നത്? 
 
സൈക്യാട്രിസ്റ്റുകള്‍ ശാരീരിക രോഗങ്ങളെക്കുറിച്ചും അറിവുള്ളവരും അവയ്ക്ക് ചികിത്സ നടത്തുന്നവരും കൂടി ആയതിനാല്‍ അവര്‍ രോഗിയുടെ പരിപൂര്‍ണമായ ശാരീരിക, മാനസികാവസ്ഥയെക്കുറിച്ച് മനസിലാക്കുന്നതിനായി ഒരു സമ്പൂര്‍ണ വൈദ്യശാസ്ത്ര, മനശാസ്ത്ര പരിശോധന നടത്താന്‍ യോഗ്യത നേടിയിട്ടുള്ളവരായിരിക്കും. അങ്ങനെ അവര്‍ രോഗിയുടെ ശരീരശാസ്ത്രപരവും മനശാസ്ത്രപരവുമായ എല്ലാ വിവരങ്ങളും വിലയിരുത്തുകയും രോഗനിര്‍ണയം നടത്തുകയും ശരിയായ ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
 
എന്തെല്ലാം ചികിത്സകളാണ് സൈക്യാട്രിസ്റ്റുകള്‍ ഉപയോഗപ്പെടുത്തുന്നത്?
 സൈക്യാട്രിസ്റ്റുകള്‍ സാധാരണമായി മരുന്നുകഴിക്കല്‍ അടക്കമുള്ള നിരവധി ചികിത്സാമുറകള്‍ ഉപയോഗപ്പെടുത്താറുണ്ട്. അതുപോലെ തന്നെ അവര്‍ രോഗത്തിന്‍റെ തീവ്രതയുടേയും രോഗിയുടെ അവസ്ഥയുടേയും അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സയും നിര്‍ദ്ദേശിക്കാറുണ്ട്. മരുന്നിനൊപ്പം ഒരു രോഗിക്ക് സൈക്കോതെറാപ്പിയും ആവശ്യമാണെങ്കില്‍ സൈക്ര്യാട്രിസ്റ്റ് രോഗിയെ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനടുത്തേക്ക് അയയ്ക്കുകയും ചെയ്യും. 
 
സൈക്യാട്രിസ്റ്റുകള്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തക്കുന്നത്? 
 
ക്ലിനിക്കുകള്‍, പൊതുവായിട്ടുള്ളതും മനോരോഗ ചികിത്സക്കായിട്ടുള്ളതുമായ ആശുപത്രികള്‍, യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്‍ററുകള്‍, സാമൂഹ്യ സേവന ഏജന്‍സികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, നഴ്സിംഗ് ഹോമുകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, വ്യവസായശാലകള്‍, സര്‍ക്കാര്‍, പ്രതിരോധ മേഖല, കോടതികള്‍, ജയിലുകള്‍, സ്കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, അഭയകേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ സ്ഥലങ്ങളില്‍ സൈക്ര്യാട്രിസ്റ്റുകള്‍ (മനോരോഗ ചികിത്സകര്‍) ജോലി ചെയ്യുന്നുണ്ട്.
 
 
സൈക്കോളജിസ്റ്റ് (മനഃശാസ്ത്രജ്ഞന്‍) 
 
എന്താണ് മനഃശാസ്ത്രം (സൈക്കോളജി)?
 
മനുഷ്യ മനസിനേയും പെരുമാറ്റങ്ങളേയും കുറിച്ചുള്ള ശാസ്ത്രീയമായ പഠനമാണ് മനഃശാസ്ത്രം.പ്രവര്‍ത്തികള്‍ക്ക് പ്രചോദനമാകുന്ന ചിന്തകള്‍, വികാരങ്ങള്‍, മാനസികവിക്ഷോഭങ്ങള്‍ തുടങ്ങിയവയുടെ എല്ലാ വശങ്ങളും വിവിധ പരിശോധനകളിലൂടേയും വിശകലനങ്ങളിലൂടേയും ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്നു. മനഃശാസ്ത്രപരമായ അറിവുകള്‍ മാനസികാരോഗ്യ പ്രശ്നങ്ങളുടെ വിലയിരുത്തലും ചികിത്സയും ഉള്‍പ്പെടെ,  മനുഷ്യ പ്രവര്‍ത്തനങ്ങളുടെ വ്യത്യസ്ത മണ്ഡലങ്ങളെ മനസിലാക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നു.
 
ആരാണ് ഒരു സൈക്കോളജിസ്റ്റ് (മനഃശാസ്ത്രജ്ഞന്‍)?
 
ഒരു സൈക്കോളജിസ്റ്റിന് സൈക്കോളജിയില്‍ (മനഃശാസ്ത്രത്തില്‍)ബിരുദവും മനുഷ്യന്‍റെ പെരുമാറ്റം സംബന്ധമായ കാര്യങ്ങളില്‍ വൈദഗ്ധ്യവും ഉണ്ടായിരിക്കും. ആളുകളുടെ ചിന്തകളെ, ധാരണകളെ, വികാരങ്ങളെ, പ്രവര്‍ത്തികളെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഇവര്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നു.  തെളിവടിസ്ഥാനത്തിലുള്ള ഉപായങ്ങള്‍/തന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇവര്‍ ആളുകളെ ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും പ്രണയബന്ധം, വൈവാഹിക ബന്ധം, വിവാഹേതര ബന്ധം എന്നിങ്ങനെയുള്ള വിവിധ തരം മനുഷ്യ ബന്ധങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍, മാതാപിതാക്കള്‍ എന്ന നിലയ്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍, കൗമാരത്തില്‍ ഉണ്ടാകുന്ന വെല്ലുവിളികള്‍, ആരോഗ്യത്തില്‍ ഉണ്ടാകുന്ന ജീവിതശൈലിയുടെ സ്വാധീനം, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രോഗം എന്നിങ്ങനെയുള്ള ജീവിതത്തിലെ വിവിധ വിഷയങ്ങളെ വിജയകരമായി നേരിടാനും സഹായിക്കുന്നു.  ഉത്കണ്ഠ, വിഷാദരോഗം, ഭക്ഷണംകഴിക്കലിലെ തകരാറുകള്‍, അകാരണമായി പെട്ടെന്നുണ്ടാകുന്ന അമിത ഭീതി, മദ്യ-മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ആളുകളുടെ കാര്യത്തില്‍ സൈക്കോളജിസ്റ്റുകള്‍  രോഗത്തെക്കുറിച്ച്  ശാസ്ത്രീയമായ നിലപാടുകളില്‍ ഉള്ള തങ്ങളുടെ നൈപുണ്യം ഉപയോഗപ്പെടുത്തുന്നു. 
വിഷയത്തിന്‍റെ അടിസ്ഥാന ശാസ്ത്രവും ഘടനയും ഒന്നാണെങ്കിലും,  വ്യത്യസ്ത പ്രവര്‍ത്തി മണ്ഡലങ്ങളിലുള്ള ആളുകളെ ചികിത്സിക്കുന്ന സൈക്കോളജിസ്റ്റുകളെ താഴെ പരിചയപ്പെടുത്തുന്നു:
 
1. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് : മാനസിക പിരിമുറുക്കം കുറയ്ക്കാനും  മാനസിക സൗഖ്യം വര്‍ദ്ധിപ്പിക്കാനും പരിശ്രമിക്കുന്നു. അസാധാരണ മനഃശാസ്ത്രം (അബ്നോര്‍മല്‍ സൈക്കോളജി) പഠിച്ചിട്ടുള്ള സൈക്കോളജിസ്റ്റുകള്‍ ഉത്കണ്ഠാരോഗം, വിഷാദരോഗം, മയക്കുമരുന്ന് ദുരുപയോഗം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങള്‍  കൈകാര്യം ചെയ്യുന്നു.
 
2. കൗണ്‍സിലര്‍: മാനസിക രോഗം കണ്ടെത്തിയിട്ടില്ലെങ്കിലും  മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു. ഈ ആളുകളുടെ മാനസികമായ അസന്തുലനത്തിന് കാരണമായേക്കാവുന്നതരത്തില്‍ മറഞ്ഞുകിടക്കുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നു. ഇവര്‍, പ്രിയപ്പെട്ടവരുടെ മരണം മൂലം ഉണ്ടാകുന്ന ദുഃഖം, മുന്‍കാലത്തേയും ഇപ്പോഴത്തേയും ബന്ധങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, പെരുമാറ്റ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവ പോലെ വിവിധ ശ്രേണിയിലുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. അതുപോലെ തന്നെ കൗണ്‍സിലര്‍മാര്‍ ആളുകളെ അവരുടെ മനോഭാവങ്ങളില്‍ മാറ്റം വരുത്താനും പുകവലി ഉപേക്ഷിക്കാനും കൂടുതല്‍ അര്‍ത്ഥപൂര്‍ണമായ അവസ്ഥയിലേക്ക് ജീവിതത്തെ കൂട്ടിക്കൊണ്ടുപോകാനും സഹായിക്കുന്നു. 
 
3. സ്കൂള്‍ സൈക്കോളജിസ്റ്റ് : കുട്ടികളുടേയും കൗമാരക്കാരുടേയും വളര്‍ച്ചയും പഠനുവായി ബന്ധപ്പെട്ട് അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ സൈക്കോളജിസ്റ്റുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ നയം രൂപീകരിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നു. 
 
4. ഫൊറന്‍സിക് സൈക്കോളജിസ്റ്റ് :  കുറ്റാന്വേഷണം, കുറ്റകരമായ പെരുമാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന  മാനസിക പ്രശ്നങ്ങള്‍ മനസിലാക്കല്‍, കുറ്റവാളികള്‍ക്ക് ചികിത്സ ലഭ്യമാക്കല്‍ തുടങ്ങിയ നിയമപരമായ നടപടികളുടെ മനഃശാസ്ത്രപരമായ വശങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഫൊറന്‍സിക് സൈക്കോളജിസ്റ്റുകള്‍ 'ക്രിമിനല്‍ സൈക്കോളജിസ്റ്റ്', 'ലീഗല്‍ സൈക്കോളജിസ്റ്റ്', ക്രിമിനോളജിസ്റ്റ് എന്നീ പേരുകളിലും  അറിയപ്പെടുന്നു.
 
5. ന്യൂറോ സൈക്കോളജിസ്റ്റ്: കാഴ്ച, ഓര്‍മ്മ, ഗന്ധം എന്നിവ പോലെയുള്ള, തലച്ചോറും അതിന്‍റെ നാഡീ-മനഃശാസ്ത്ര (ന്യൂറോ-സൈക്കോളജിക്കല്‍) പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധം സംബന്ധിച്ച പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു. അതുപോലെ തന്നെ ഇവര്‍ തലച്ചോറിന്  പരിക്കു പറ്റിയിട്ടുള്ളവര്‍, മസ്തിഷ്കാഘാതം, ഡിമെന്‍ഷ്യ, ട്യൂമര്‍, അല്‍ഷിമേഴ്സ് രോഗം പോലെ മാറ്റാനാകാത്തതും ക്രമേണ വര്‍ദ്ധിക്കുന്നതുമായ തലച്ചോര്‍ സംബന്ധമായ രോഗങ്ങള്‍  ഉള്ളവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നു.
 
6. ഒക്കുപേഷണല്‍/വൊക്കേഷണല്‍ സൈക്കോളജിസ്റ്റ് : സ്ഥാപനങ്ങളെ അവരുടെ തൊഴില്‍ സേനയില്‍ നിന്നും ഏറ്റവും മികച്ച ഫലം നേടിയെടുക്കുന്നതിനും തൊഴിലാളികളെ ജോലിയിലുള്ള സംതൃപ്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഈ മേഖലയില്‍ പ്രത്യേക പ്രാവീണ്യം നേടുകയും ശ്രദ്ധയൂന്നുകയും ചെയ്യുന്ന സൈക്കോളജിസ്റ്റുകള്‍ -  തൊഴിലാളികളെ പ്രചോദിപ്പിക്കുക, ഏറ്റവും മികച്ചവരെ ജോലിക്ക് തെരഞ്ഞെടുക്കുക, വ്യക്തികളെ പുതിയ നൈപുണ്യങ്ങള്‍ നേടാന്‍ സഹായിക്കുക, കരിയര്‍ ആസൂത്രണം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്ക് മികച്ച രീതികള്‍ അവലംഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഒരു പ്രത്യേക മേഖലയുമായി അല്ലെങ്കില്‍ തസ്തികയുമായി  വ്യക്തികള്‍ക്കുള്ള പൊരുത്തം/ചേര്‍ച്ച എത്രമാത്രമുണ്ടെന്ന് അളക്കുന്നതിനുമായി മനഃശാസ്ത്രപരമായ പരീക്ഷകള്‍ ഉപയോഗപ്പെടുത്താനും രൂപപ്പെടുത്താനും ഒക്കുപേഷണല്‍ സൈക്കോളജിസ്റ്റുകള്‍ക്ക് കഴിയും. 
 
എന്താണ് മനഃശാസ്ത്രപരമായ വിലയിരുത്തല്‍?
 
ഒരു മനഃശാസ്ത്രജ്ഞന്‍  മനഃശാസ്ത്രപരമായ വിലയിരുത്തല്‍ നടത്തുന്നത്  എങ്ങനെയാണ് ആളുകളുടെ ചിന്ത, വികാരങ്ങള്‍, അളുകള്‍ എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു, പ്രതികരിക്കുന്നു, എന്താണ് അവര്‍ക്ക് അനുഭവപ്പെടുന്നത് തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനുവേണ്ടിയാണ്. മനഃശാസ്ത്രപരമായ വിലയിരുത്തലില്‍ അഭിമുഖ സംഭാഷണം, നിരീക്ഷണം, വിവിധതരം വിശകലനങ്ങള്‍, മുറപ്രകാരമുള്ള മനഃശാസ്ത്ര പരീക്ഷകള്‍, ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മറ്റു വിദഗ്ധരുമായി ചര്‍ച്ചചെയ്ത് ഉപദേശം സ്വീകരിക്കല്‍ തുടങ്ങിയ വിവിധ രീതികള്‍ ഉള്‍പ്പെടുന്നു. 
 
ശ്രദ്ധിക്കുക: മനഃശാസ്ത്ര പരീക്ഷയില്‍, ഒരു പരീക്ഷ/പരിശോധന നടത്തുക,  അതിന്‍റെ മാര്‍ക്ക് നിര്‍ണയിക്കുക, അതിന് ശേഷം ആ പരീക്ഷയുടെ ഫലത്തെ വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുക എന്നിവ ഉള്‍പ്പെടുന്നു. 
 
സൈക്കോളജിസ്റ്റുകള്‍ വിവിധ വിശകലന പ്രക്രിയകള്‍ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ ഓരോ വ്യക്തിയുടേയും പെരുമാറ്റവും കഴിവുകളും സംബന്ധിച്ച് ഒരു പൂര്‍ണമായ റിപ്പോര്‍ട്ട് ഉണ്ടാക്കുന്നതിനായെടുക്കുന്നു.പിന്നീട് ഈ വിവരങ്ങള്‍ ആ വ്യക്തിക്ക് എന്ത് ചികിത്സയാണ് ശുപാര്‍ശ ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നതിന് അടിസ്ഥാനമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, കുട്ടികളുടേയും യുവാക്കളുടേയും കാര്യത്തില്‍ കരിയര്‍ (തൊഴില്‍/തൊഴില്‍ മേഖല) ആസൂത്രണം ചെയ്യാന്‍, അല്ലെങ്കില്‍ മാനസിക രോഗമുള്ള ഒരാള്‍ക്കുവേണ്ടി ചികിത്സാ പദ്ധതി നിശ്ചയിക്കാന്‍. ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ രേഖപ്പെടുത്തപ്പെടുകയും ഒരു മനഃശാസ്ത്രാവലോകനമായി അവതരിപ്പിക്കുകയും ചെയ്യും. 
 
മനഃശാസ്ത്രപരമായ പരീക്ഷ/പരിശോധന എന്നാല്‍ എന്ത്? 
 
മനഃശാസ്ത്രപരമായ പരീക്ഷ/പരിശോധന   വ്യക്തികളുടെ അഭിരുചി, ബുദ്ധിശക്തി പോലുള്ള ശേഷികള്‍ അളക്കുന്നതിനായി നടത്തപ്പെടുന്നതാണ്. ഈ പരീക്ഷ/പരിശോധനകള്‍ പൊതുവില്‍ സ്വീകാര്യമായിട്ടുള്ള മനഃശാസ്ത്രപരവും ശാസ്ത്രീയവുമായ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്.
 
മനഃശാസ്ത്രപരമായ പരീക്ഷ/പരിശോധന ഓരോരുത്തര്‍ക്കും  വ്യത്യസ്തമായ രീതിയിലുള്ളതായിരിക്കും. പേപ്പറും പെന്‍സിലും ഉപയോഗിച്ചുള്ളതും അല്ലെങ്കില്‍  കംപ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ളതും വിവിധ ഭാഗങ്ങള്‍ ചേര്‍ത്ത് രൂപം ഉണ്ടാക്കല്‍, ചിത്രരചന, ഉത്തരം കണ്ടെത്തല്‍, ഓര്‍മ്മശക്തി പരിശോധിക്കല്‍ എന്നിങ്ങനെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെട്ടതുമായിരിക്കും. അതുപോലെ തന്നെ ഇതില്‍ നിര്‍ദ്ദിഷ്ട വ്യക്തിയുടെ മറ്റുള്ളവരുമായുള്ള ഇടപെടലും പെരുമാറ്റവും നിരീക്ഷിക്കലും ഉള്‍പ്പെടുത്തപ്പെട്ടേക്കാം. ഈ പരീക്ഷകളുടെ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍, സൈക്കോളജിസ്റ്റ് ആ വ്യക്തിയുടെ സഹജമായ കഴിവുകളേയും സാധ്യതകളേയും കുറിച്ച് ഒരു അനുമാനത്തിലെത്തും. ഇതുപോലെ തന്നെ  അബോധമനസിനെ മനസിലാക്കുന്നതിന് വേണ്ടി വിഷയാധിഷിഠിത അന്തര്‍ബോധ പരിശോധന ( തീമാറ്റിക് അപ്പെര്‍സെപ്ഷന്‍ ടെസ്റ്റ്), റോര്‍സ്ചാര്‍ച്ച് ടെസ്റ്റ് (ഒരു ഒപ്പുകടലാസില്‍ മഷിവീഴ്ത്തി അതിലൂടെ തെളിയുന്ന രൂപം വിലയിരുത്തി ബുദ്ധിശക്തിയും ഭാവനാശക്തിയും മറ്റും അളക്കുന്നതുപോലുള്ള ഒരു പരിശോധന) എന്നിവ പോലെയുള്ള ചില ടെക്നിക്കുകളും സൈക്കോളജിസ്റ്റുകള്‍ ഉപയോഗപ്പെടുത്താറുണ്ട്. 
 
ഒരു സൈക്കോളജിക്കല്‍ ടെസ്റ്റില്‍ (മനഃശാസ്ത്രപരമായ പരീക്ഷ/പരിശോധനയില്‍)  ഏതെല്ലാം വശങ്ങളാണ്  വിലയിരുത്തപ്പെടുന്നത്? 
 
മനഃശാസ്ത്രപരമായ പരീക്ഷ വ്യത്യസ്തങ്ങളായ നിരവധി മേഖലകളെ ഉള്‍ക്കൊള്ളുന്നുണ്ട്. അവയില്‍ ചിലത് താഴെ പറയുന്നു: 
 
പൊരുത്തപ്പെടല്‍ സംബന്ധിച്ച പെരുമാറ്റം വിലയിരുത്തല്‍ (അഡാപ്റ്റീവ് ബിഹേവിയര്‍ അസ്സെസ്മെന്‍റ): സാമൂഹികവും പ്രായോഗികവുമായ നൈപുണ്യം അളക്കുന്നതിന് വേണ്ടി നടത്തപ്പെടുന്നു. ഉദാഹരണത്തിന്, പൊതുവായ ഒരിടത്ത് ഒരു കുട്ടി എങ്ങനെ പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു, അവന്/ അവള്‍ക്ക് സ്കൂളില്‍ /വീട്ടില്‍ കാര്യങ്ങളെ നേരിടുകയും മുന്നോട്ട് പോകുകയും ചെയ്യുന്നതിന് ആവശ്യമായ ജീവിത നൈപുണ്യം (മിടുക്ക്) ഉണ്ടോ? ഈ ടെസ്റ്റ് സാധാരണയായി ധാരണാശക്തി (തിരിച്ചറിയല്‍  ശേഷി) സംബന്ധിച്ച പരീക്ഷയ്ക്ക് ഒപ്പമാണ് നടത്തപ്പെടാറ്, പ്രത്യേകിച്ച് ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്തുതീര്‍ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് അല്ലെങ്കില്‍ ധാരണാശക്തി (ഗ്രഹണശക്തി/തിരിച്ചറിയല്‍ ശഷി) വളരെ കുറഞ്ഞവരെന്ന് സംശയിക്കപ്പെടുന്നവര്‍ക്ക്.
 
അഭിരുചി പരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്): വിവിധ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ശേഷിയാണ് ഇതിലൂടെ അളക്കുന്നത്. ഉദാഹരണത്തിന്, ചില വ്യക്തികള്‍ക്ക് യന്ത്രങ്ങളും അവയുമായി  ബന്ധപ്പെട്ട കാര്യങ്ങളും ചെയ്യുന്നതിനുള്ള ശേഷി മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഉണ്ടായിരിക്കും.  മറ്റുചിലര്‍ക്കാകട്ടെ ഭാഷാപരവും യുക്തിചിന്താപരവുമായ മിടുക്ക്  കൂടുതലുണ്ടായിരിക്കുമ്പോള്‍ വേറേ ചിലര്‍ക്ക് സര്‍ഗാത്മകമായ (ചിത്രരചന, കവിതാരചന, ശില്പനിര്‍മാണം, കരകൗശലം തുടങ്ങിയ) കാര്യങ്ങളിലായിരിക്കും കഴിവ് കൂടുതലുണ്ടായിരിക്കുക. ഈ വ്യത്യസ്തമായ ശേഷികളുടെ അളവ് പരിശോധിക്കുന്നതിലാണ് അഭിരുചി  പരീക്ഷ ശ്രദ്ധവെയ്ക്കുന്നത്.  ജോലി തെരഞ്ഞെടുക്കല്‍, അല്ലെങ്കില്‍ തൊഴില്‍ നൈപുണ്യ പരിശോധയില്‍ ഒരു വ്യക്തി ഒരു പ്രത്യേക (ആ നിര്‍ദ്ദിഷ്ട) തൊഴിലിന് അയാളുടെ കഴിവുകളുടെ അടിസ്ഥാനത്തില്‍ എത്രമാത്രം യോജിച്ചതാണ് എന്ന് നിശ്ചയിക്കുന്നതിനാണ് ഈ പരീക്ഷ പലപ്പോഴും നടത്തപ്പെടുന്നത്. 
 
ഗ്രഹണശക്തി/ധാരണാശക്തി പരിശോധിക്കല്‍: ഒരു വ്യക്തിയുടെ ഉത്തരം കണ്ടെത്തല്‍, യുക്തിസഹമായ ചിന്ത, പദസമ്പത്ത്, ധാരണാശക്തി, ഓര്‍മ്മ ശക്തി എന്നിവ വിലയിരുത്തുന്നതിനായി നടത്തപ്പെടുന്നു. ഇത് ബുദ്ധി പരീക്ഷ, ഐ ക്യു ടെസ്റ്റ്, പൊതുസാമര്‍ത്ഥ്യ പരിശോധന  എന്ന പേരുകളിലും അറിയപ്പെടുന്നു, ഇവ മിക്കവാറും വിദ്യാഭ്യാസ മേഖലയിലാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, കുട്ടികളെ അവരുടെ ശേഷികള്‍ തിരിച്ചറിയാനും അവര്‍ക്ക് ആകാവുന്നതിന്‍റെ പരമാവധിയില്‍  എത്തിച്ചേരാനും സഹായിക്കുന്നതിനായി. 
 
വിദ്യാഭ്യാസപര/വിജയസാധ്യതാ പരിശോധന: ഒരു വ്യക്തി ഏതെങ്കിലും പ്രത്യേക വിഷയം (കണക്ക്, വായന, മുതലായവ) പഠിക്കുന്നതില്‍ എത്രമാത്രം പുരോഗതി കൈവരിച്ചു എന്നും  ആ വിഷയം പഠിക്കുന്നതില്‍ അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ എന്നും പരിശോധിക്കുന്നതിനായി നടത്തപ്പെടുന്നു. കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുന്നതിനായി വിദ്യാഭ്യാസപരമായ പരീക്ഷകളുടെ കൂട്ടത്തില്‍ വിജയസാധ്യതാ പരിശോധന ഇടയ്ക്കിടെ നടത്തപ്പെടാറുണ്ട്. 
 
ഫൊറന്‍സിക് സൈക്കോളജിക്കല്‍ പരിശോധന: ഈ പരിശോധന സാധാരണയായി നടത്തുന്നത് ഇതിന് വിധേയനാകുന്ന വ്യക്തി ഒരു കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് വിലയിരുത്തുകയും ഉറപ്പാക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ്. ഈ പരിശോധനയില്‍ ധാരണ, വ്യക്തിത്വം, നാഡീ-മനശാസ്ത്ര പരമായ കാര്യങ്ങള്‍ എന്നിവ സംബന്ധമായ വിലയിരുത്തല്‍ ഉള്‍പ്പെടുന്നു. ഇവ മിക്കവാറും നിയമ സംബന്ധമായ മേഖലയിലാണ് ഉപയോഗിക്കുന്നത്. 
 
മാനസികാരോഗ്യം വിലയിരുത്തല്‍ : ഇതില്‍ ഒരു വ്യക്തിയുടെ ചികിത്സാ ചരിത്രം, കുടുംബ ചരിത്രം, നിലവിലത്തെ മാനസികാരോഗ്യാവസ്ഥ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. ഈ വിലയിരുത്തല്‍ ആ വ്യക്തിക്ക് എന്തെങ്കിലും മാനസികാരോഗ്യ പ്രശ്നം ഉണ്ടോ എന്ന് തിരിച്ചറിയാനും രോഗനിര്‍ണയവും ചികിത്സയും സംബന്ധിച്ച തീരുമാനമെടുക്കാനും സഹായിക്കുന്നു.
 
നാഡീ-മനഃശാസ്ത്രപരമായ പരിശോധന: തലച്ചോര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, തലച്ചോറിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് വിശകലനം ചെയ്യുന്നു. ഉദാഹരണത്തിന്, തലച്ചോറിന് പരിക്കുള്ള ഒരു വ്യക്തി, അല്ലെങ്കില്‍ ഡിമെന്‍ഷ്യയ്ക്ക് സാധ്യതയുള്ള ഒരു വ്യക്തിക്ക് അവരുടെ ഓര്‍മ്മ ശക്തി പരിശോധിക്കുന്നതിനായി ഈ ടെസ്റ്റിന് വിധേയനാകാവുന്നതാണ്.
 
വ്യക്തിത്വം വിലയിരുത്തല്‍: ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകളില്‍ ശ്രദ്ധയൂന്നുന്നു. ഒരു വ്യക്തി അമിതമായി അന്തര്‍മുഖനാണോ, ബഹിര്‍മുഖനാണോ, കടുംപിടുത്തക്കാരനാണോ, വാചാലാനാണോ അതോ മിതഭാഷിയാണോ, വിവിധ ജീവിത സാഹചര്യങ്ങളില്‍ ഇവര്‍ എങ്ങനെ പ്രതികരിക്കുകയും പ്രതിപ്രവര്‍ത്തക്കുകയും ചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്താന്‍ ഈ പരിശോധന സഹായിക്കും.
 
കൗണ്‍സിലര്‍
 
എന്താണ് കൗണ്‍സിലിംഗ്? 
 
കൗണ്‍സിലിംഗ് എന്നാല്‍, ആളുകള്‍ക്ക് വിവിധ ജീവിത സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന വൈകാരികവും പെരുമാറ്റപരവും സാമൂഹികവുമൊക്കെയായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നതില്‍ ശ്രദ്ധവെയ്ക്കുന്ന പ്രയോഗയുക്തമായ ഒരു തരം മനഃശാസ്ത്ര സമീപനമാണ്. ഉദാഹരണത്തിന്, ജോലിസ്ഥലം, സ്കൂള്‍ അല്ലെങ്കില്‍ കോളേജ് എന്നിവിടങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍  കുടുംബ പ്രശ്നങ്ങള്‍ മുതലായവ. കൗണ്‍സിലിംഗില്‍, ഒരു വ്യക്തിക്ക് യുക്തിസഹമായ തീരുമാനം എടുക്കുന്നതിനായി നിര്‍ദ്ദേശകമായതോ നിര്‍ദ്ദേശകമല്ലാത്തതോ ആയ മാര്‍ഗോപദേശങ്ങളിലൂടെ വിവിധ  ഘടനാപരമായ പ്രക്രിയകള്‍ ഉപയോഗിക്കുന്നു. കൗണ്‍സിലിംഗ് പൂര്‍ണമായും രഹസ്യമായിട്ടായിരിക്കും.
കൗണ്‍സിലിംഗ് താഴെ പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധയൂന്നുന്നു: 
 
* ജീവിതത്തിലെ വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ലളിതമോ നിയന്ത്രിതമോ ആയ  പ്രശ്നങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളുടെയത്ര ഗുരതരമല്ലാത്ത മറ്റ് മാനസിക സംഘര്‍ഷങ്ങളും.
*  പ്രവര്‍ത്തികളിലേക്ക് നയിക്കുന്ന ചിന്തകള്‍ വിശ്വാസങ്ങള്‍, മനോവികാരങ്ങള്‍ തുടങ്ങിയ മനസിലാക്കല്‍.
* കഴിഞ്ഞകാല സംഭവങ്ങളേക്കാള്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പ്രധാന്യം നല്‍കല്‍.
*  സര്‍ഗാത്മകത വളര്‍ത്തിയെടുക്കല്‍, ആത്മ-പ്രകാശനം, സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കാനുള്ള കഴിവ്.
* ബോധം, യുക്തിസഹമായ ചിന്ത എന്നിവ മെച്ചപ്പെടുത്തല്‍, ജീവിത സാഹചര്യങ്ങളോട് അനുകൂല സമീപനം പുലര്‍ത്തല്‍.
 
ആരാണ് ഒരു കൗണ്‍സിലര്‍? 
 
കൗണ്‍സിലിംഗില്‍ ബിരുദാനന്തര ബിരുദം മുതല്‍  തപാലില്‍ എതാനും മാസങ്ങളുടെ പരിശീലനം നേടിയിട്ടുള്ളവര്‍ വരെയായ കൗണ്‍സിലര്‍മാരുണ്ട്.
ഒരു കൗണ്‍സിലര്‍ മറ്റൊരാള്‍ പറയുന്നത് കേട്ടിരിക്കാന്‍ പരിശീലനം നേടിയിട്ടുണ്ടാകും. അതുപോലെ തന്നെ ഒരു വ്യക്തിക്ക് അയാളുടെ പ്രശ്നങ്ങള്‍ വിശകലനം ചെയ്യാനും യുക്തസഹമായ ഒരു പരിഹാരം കണ്ടെത്താനും സഹായിക്കാനുള്ള മിടുക്കും ഇവര്‍ക്കുണ്ടാകും. ഒരു മനോരോഗ ചികിത്സകന്‍, മനഃശാസ്ത്രജ്ഞന്‍ അല്ലെങ്കില്‍ സൈക്കോതെറാപ്പിസ്റ്റ് കൈയേല്‍ക്കുന്ന അത്രയും തന്നെ വ്യത്യസ്തവും വിശാലവുമായ പ്രശ്നങ്ങള്‍ ഒരു കൗണ്‍സിലറും കൈകാര്യം ചെയ്യുന്നു.
ഒരു വ്യക്തി നേരിടുന്ന അടിസ്ഥാന പ്രശ്നം കൂടുതല്‍ തീവ്രവും ചികിത്സ ആവശ്യമുള്ളതും ആയതിനാല്‍ കൗണ്‍സിലിംഗ് കൊണ്ട് ആയാളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല എന്ന് ഒരു കൗണ്‍സിലര്‍ക്ക് തോന്നിയാല്‍ അദ്ദേഹം ആ വ്യക്തിയെ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും തെറാപ്പിക്ക് അല്ലെങ്കില്‍ മരുന്ന് കഴിക്കുന്നതിനും വേണ്ടി ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കാന്‍ ഉപദേശിക്കും.  
 
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍: 
 
മാനസിക രോഗങ്ങള്‍ക്കൊപ്പം ഉണ്ടാകുന്ന വിവിധ ജീവിത, സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍  രോഗികളെ സഹായിക്കുന്ന മാനസികാരോഗ്യ വിദഗ്ധരാണ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നറിയപ്പെടുന്നത്. ഒരു രോഗിയുടെ വ്യക്തി ബന്ധങ്ങള്‍, തൊഴില്‍ സാഹചര്യം, ജീവിത നിലവാരം എന്നിവയ്ക്ക് രോഗംമൂലം വലിയ ആഘാതം ഏറ്റിട്ടുണ്ടാകും, ഇതൊരു വലിയ ബുദ്ധിമുട്ടുള്ള സാഹചര്യമാകുകയും ചെയ്തേക്കാം. സോഷ്യല്‍ വര്‍ക്കര്‍മാര്‍ രോഗികളെ ഈ പ്രശ്നങ്ങള്‍ നേരിടാന്‍ സഹായിക്കുന്നു. 
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍ അവരുടെ പതിവ് കര്‍ത്തവ്യ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നു: 
*രോഗിയുടെ വൈകാരികവും സാമൂഹികവും സാമ്പത്തികവും മാനസികാരോഗ്യ പരവുമായ ആവശ്യങ്ങള്‍ എന്താണെന്ന് തിട്ടപ്പെടുത്തുന്നു.
* രോഗിക്കും കുടുംബാംഗങ്ങള്‍ക്കും ആ രോഗിയുടെ രോഗത്തേക്കുറിച്ചുള്ള അറിവ് പകര്‍ന്നു കൊടുക്കുകയും രോഗിയുടെ ചികിത്സാ പദ്ധതിയെക്കുറിച്ച് മനസിലാക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു. 
* രോഗിയുടെ സാമൂഹികസാമ്പത്തിക നില വിലയിരുത്തുകയും അവര്‍ക്ക് സഹായകരമായേക്കാവുന്നതരത്തില്‍ അവര്‍ ജീവിക്കുന്ന ചുറ്റുപാടില്‍ തന്നെയുള്ള വിഭവങ്ങളും സാധ്യതകളും അന്വേഷിക്കുകയും ചെയ്യുന്നു. 
* വ്യക്തികള്‍ക്കും , സംഘങ്ങള്‍ക്കും കുടുംബത്തിനും തെറാപ്പിക്കുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു, തെറാപ്പിയുടെ ഘട്ടം ലഘുവാക്കാന്‍/സുഗമമാക്കാന്‍ സഹായിക്കുന്നു. 
* രോഗിക്കും കുടുംബാംഗങ്ങള്‍ക്കും ആരോഗ്യസംരക്ഷണ സംഘത്തിനും ഇടയിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. 
* രോഗിയെ തിരികെ സമൂഹത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനുള്ള പദ്ധതി ഉണ്ടാക്കുന്നു.
* മൊത്തത്തില്‍ ഇവര്‍ രോഗിക്ക് കുടുംബത്തിലേക്കും സമൂഹത്തിലേക്കും അനായാസമായി തിരികെയെത്തുന്നതിനുള്ള സഹായം കൊടുക്കുന്നതില്‍ വളരെ പ്രധാനപ്പെട്ടൊരു പങ്ക് വഹിക്കുന്നു.
 
സൈക്യാട്രിക് നേഴ്സ്
 
മാനസികാരോഗ്യ തകരാറുള്ള വ്യക്തികളെ വിലയിരുത്താനും രോഗനിര്‍ണയം നടത്താനും ചികിത്സിക്കാനും യോഗ്യതനേടിയിട്ടുള്ള മാനസികാരോഗ്യ വിദഗ്ധരാണ് സൈക്യാട്രിക് നേഴ്സുമാര്‍. അവര്‍ വ്യക്തികള്‍, കുടുംബങ്ങള്‍, ഗ്രൂപ്പുകള്‍, സാമൂഹ്യസംഘടനകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും അവരുടെ മാനസികാരോഗ്യപരമായ ആവശ്യങ്ങള്‍ തിട്ടപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ക്ക് അതോടൊപ്പം തന്നെ  രോഗത്തെ സംബന്ധിച്ച അറിവ് കൊടുക്കുന്നവര്‍, കൗണ്‍സിലര്‍, രോഗിക്കും കുടുംബത്തിനും തെറാപ്പി ചെയ്യുന്നവര്‍  എന്നിങ്ങനെയുള്ള സേവനങ്ങളും ചെയ്യാനാകും.
White Swan Foundation
malayalam.whiteswanfoundation.org