നിങ്ങള്‍ക്ക് ഒരു ജീവന്‍ രക്ഷിക്കാനാകും

ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരാളെ സഹായിക്കുന്നതിന് നിങ്ങള്‍ ആ മേഖയിലുള്ള ഒരു പ്രൊഫഷണല്‍ ആയിരിക്കണം എന്നില്ല

ഡോ. പ്രഭ ചന്ദ്ര, പത്മാവതി
 
അന്ന് രാവിലെ സരോജ വൈകിയാണ് ജോലിക്കെത്തിയത്. അവള്‍ ആകെ അസ്വസ്ഥയായി കാണപ്പെട്ടു, അവളുടെ കണ്ണുകള്‍ കരഞ്ഞുകലങ്ങി വീര്‍ത്തിരുന്നു. കാര്യമായി ഒന്ന് ചോദിച്ചപ്പോള്‍ അവള്‍ മനസ് തുറന്നു- അവളുടെ ഭര്‍ത്താവ് കുടിച്ചിട്ടു വന്ന് കുട്ടികളുടെ മുമ്പില്‍ വച്ച് വല്ലാത്ത രംഗങ്ങള്‍ സൃഷ്ടിച്ചു. സാഹചര്യം വളരെ മോശമായിരുന്നു, അവള്‍ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍  പല തവണ  ചിന്തിച്ചു.
 
സരോജയ്ക്ക് നിസ്സഹായത അനുഭവപ്പെടുന്നുവെന്നും അവള്‍ ആകെ ക്ഷീണിതയാണെന്നും എനിക്ക് മനസിലായി. അടുത്ത പത്തു മിനിറ്റ് എന്‍റെ മറ്റെല്ലാ ജോലികളും മാറ്റി വെച്ച് ഞാന്‍ സഹാനുഭൂതിയോടെ, അവളുടെ പ്രശ്നങ്ങളില്‍ താല്‍പര്യം പ്രകടിപ്പിച്ച് അവള്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാനിരുന്നു, അതവളെ തന്‍റെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ് ഹൃദയഭാരമിറക്കുന്നതിന് സഹായിച്ചു.
 
ഞാന്‍ അവളെ അവളുടെ ശക്തികള്‍ ചൂണ്ടിക്കാണിച്ചു- അവള്‍ വളരെ അനുകമ്പയുള്ളവളും നല്ല ജോലിക്കാരിയും വളരെ സത്യസന്ധയും ആയിരുന്നു. അവളെ ജോലിക്കെടുത്തിട്ടുള്ളവരില്‍ മിക്കവാറും എല്ലാവരും അവളെ വളരെയധികം വിലമതിച്ചിരുന്നു. അവളുടെ ഭര്‍ത്താവിന്‍റെ കാര്യവുമായി ബന്ധപ്പെട്ട് ഉപദേശം സ്വീകരിക്കുന്നതിനായി ഞാന്‍ അവളെ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാമെന്ന് ഞാന്‍ പറഞ്ഞു.
 
ഇതുകൊണ്ട് അവളുടെ പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ലെങ്കിലും അവള്‍ കുറച്ചുകൂടി സമാധാത്തോടെ അന്ന് വീട്ടിലേക്ക് പോയി. ഇനി എപ്പോഴെങ്കിലും ആത്മഹത്യ ചെയ്യണം എന്ന് തോന്നിയാല്‍  ആരെയെങ്കിലും സമീപിച്ച് തന്‍റെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞ് സഹായം തേടുമെന്ന് അവള്‍ എനിക്ക് വാക്ക് തന്നു.
 
ആത്മഹത്യ, സഹായത്തിനു വേണ്ടിയുള്ള ഒരു നിലവിളിയാണ്. ഒരാളെ ആത്മഹത്യയിലേക്ക് നയിക്കുന്നതിന് സമാനമായതോ അതിലേറെ വഷളായതോ ആയ സാഹചര്യത്തില്‍ മറ്റുള്ളവര്‍  മറ്റൊരു പോംവഴി കണ്ടെത്തുമ്പോള്‍  എന്തുകൊണ്ടാണ് ചില ആളുകള്‍ ഈ തീരുമാനം എടുക്കുന്നതെന്ന് വിശദീകരിക്കാന്‍ പ്രയാസമാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളവര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട് അത് ചെയ്യുന്നതിന് തൊട്ടു മുമ്പ് അതിനെക്കുറിച്ച് സമ്മിശ്രമായ ഒരു വികാരമാണ് ഉണ്ടായിരുന്നതെന്ന്. ജീവിതത്തിന്‍റെ വേദനകളില്‍ നിന്ന് എന്നെന്നേക്കുമായി അകന്നു പോകാനുള്ള ത്വര ഉണ്ടാകുമ്പോള്‍ തന്നെ ജീവിക്കാനുള്ള ആഗ്രഹത്തിന്‍റെ ശക്തമായ ഒരു അടിയൊഴുക്ക് ഹൃദയത്തില്‍ ഉണ്ടാകുന്നു. ആത്മഹത്യാ ചിന്തയുണ്ടാകുന്ന മിക്കവാറും പേര്‍ക്ക് യഥാര്‍ത്ഥത്തില്‍ മരിക്കണം എന്നുണ്ടാകില്ല, വളരെ നിസ്സഹായത അനുഭവപ്പെടുന്ന ജീവിത സാഹചര്യം മൂലം  അതിനു ശ്രമിച്ചു പോകുന്നതാണ്. മുകളില്‍ പറഞ്ഞ കഥയിലേതു പോലെ നമ്മള്‍ പിന്തുണയും സഹാനുഭൂതിയും പ്രകടിപ്പിച്ചാല്‍, അവരില്‍ ജീവിക്കാനുള്ള ആഗ്രഹം വര്‍ദ്ധിക്കുകയും ആത്മഹത്യ ചെയ്യാനുള്ള സാധ്യത സാധാരണയായി ഒഴിവാകുകയും ചെയ്യും. 
 
ആത്മഹത്യ ചെയ്യാന്‍ ആലോചിക്കുന്ന വ്യക്തി ചില ഘട്ടങ്ങളില്‍ തന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച്  വ്യക്തമായ ചില സൂചനകള്‍ നല്‍കും. അവിടെ നമുക്ക് ഒരോരുത്തര്‍ക്കും ഒരു കാവല്‍ക്കാരനായി പ്രവര്‍ത്തിക്കാനാകും.
 
ആര്‍ക്കാണ് ഒരു കാവല്‍ക്കാരന്‍(ഗേറ്റ്കീപ്പര്‍) ആകാന്‍ കഴിയുക? 
 
ആത്മഹത്യ തടയാനാകുമെന്ന് വിശ്വസിക്കുകയും ഇതിനായി അല്‍പം സമയവും ഊര്‍ജവും ചെലവഴിക്കാന്‍ സന്നദ്ധമാകുകയും ചെയ്യുന്ന ആളാണ് ഒരു 'കാവല്‍ക്കാരന്‍'. ഇത് ഒരു അദ്ധ്യാപകനാകന്‍, ഹോസ്റ്റല്‍ വാര്‍ഡന്‍, രക്ഷകര്‍ത്താവ്, അയല്‍വാസി, തൊഴിലുടമ, വാച്ച്മാന്‍, ബസ് കണ്ടക്റ്റര്‍, കടയുടമ, ഒരു സമുദായ നേതാവ് ഇങ്ങനെ ആരുമാകാം.  വളരെ കരുതലോടെയിരിക്കുകയും ആരെങ്കിലും വളരെ അസ്വസ്ഥരായി കാണപ്പെടുന്നു എങ്കില്‍ ഒരു 'കാവല്‍ക്കാരന്‍' എന്ന നിലയ്ക്ക് അപായസൂചന മുഴക്കാന്‍ കഴിവുണ്ടാകുകയും വേണം, ആ വ്യക്തിക്ക്  വൈകാരികമായ പിന്തുണ നല്‍കുകയും ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ അടുത്തേക്ക് അവരെ പറഞ്ഞു വിടുകയും വേണം. ഈ വ്യക്തി ആത്മഹത്യയെക്കുച്ച് ചിന്തിക്കുന്നു എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ -  "ജീവിതത്തിന് ഒരര്‍ത്ഥവുമില്ല എന്ന ചിന്ത ചിലപ്പോഴൊക്കെ നിങ്ങള്‍ക്ക് ഉണ്ടാകാറുണ്ടോ?" എന്ന മട്ടിലുള്ള ചില ചോദ്യങ്ങള്‍ ചോദിക്കുകയുമാകാം. ഇത് അത്മഹത്യാ ചിന്തയെക്കുറിച്ച് നിങ്ങളോട് ചര്‍ച്ച ചെയ്യാന്‍ ആ വ്യക്തിയെ സഹായിച്ചേക്കാം. പലരും കരുതുന്നതുപോലെ ഇത്തരത്തിലുള്ള ചോദ്യം ഒരിക്കലും ആ വ്യക്തിയെ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കില്ല. വാസ്തവത്തില്‍, ഇതുപോലുള്ള  ചോദ്യങ്ങള്‍ ആത്മഹത്യയെക്കുറിച്ചും മറ്റുമുള്ള ചിന്തകള്‍ വെളിപ്പെടുത്താന്‍ ആ വ്യക്തിക്കുള്ള പ്രയാസം കുറയ്ക്കുകയാണ് ചെയ്യുക. പലപ്പോഴും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ആ ചിന്തയെക്കുറിച്ച് നാണക്കേടും അനുഭവപ്പെടുന്നുണ്ടാകാം. അതുപോലെ തന്നെ വിമര്‍ശിക്കുകയോ വിലയിരുത്തകയോ ദുര്‍ബലനെന്ന് മുദ്രകുത്തുകയോ ചെയ്യാതെ ഈ ചിന്തയെക്കുറിച്ച് സംസാരിച്ചാല്‍ അവര്‍ക്ക് ആശ്വാസം അനുഭവപ്പെടുകയും ചെയ്യും. 
 
'കാവല്‍ക്കാരന്‍' എന്താണ് ചെയ്യേണ്ടത്?
 
മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയും ആത്മഹത്യാ ചിന്ത പുലര്‍ത്തുകയും മറ്റും  ചെയ്യുന്ന വ്യക്തിയുടെ പ്രശ്നങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുക,  അവരോട് ബഹുമാനത്തോടെ ഇടപെടുക, അവരോട് താദാത്മ്യം പ്രാപിക്കുകയും അവരുടെ വികാരങ്ങളോട് സഹാനുഭൂതി പുലര്‍ത്തുകയും അവരെ ആത്മവിശ്വാസത്തോടെ പരിചരിക്കുകയും ചെയ്യുക. അവരെ വിധിക്കുകയോ കുറ്റപ്പെടുത്തുകയോ വിമര്‍ശിക്കുകയോ ചെയ്യരുത്, താന്‍ കൂടുതല്‍ ഒറ്റപ്പെട്ടതായുള്ള ചിന്ത അവരില്‍ ഉണ്ടാക്കരുത്. 'ആത്മഹത്യ ദൗര്‍ബല്യത്തിന്‍റെ സൂചനയാണ്'- എന്നിങ്ങനെയുള്ള പ്രസ്താവനകള്‍ നടത്തരുത്. ഇവരോട് ദേഷ്യപ്പെടുകയോ ഇവരുടെ പ്രശ്നങ്ങള്‍ അവഗണിക്കുകയോ ചെയ്യരുത്. ആ വ്യക്തിയുടെ ശേഷികളില്‍ ശ്രദ്ധവെയ്ക്കുകയും ജീവിതത്തിലെ നല്ലകാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ആത്മഹത്യയ്ക്ക് ഉപയോഗിക്കാവുന്ന സാധനങ്ങള്‍ (മൂര്‍ച്ചയുള്ള സാധനങ്ങള്‍, മരുന്നുകള്‍, കീടനാശിനികള്‍ തുടങ്ങിയ) നീക്കം ചെയ്യുക. അതുപോലെ തന്നെ വിഷമഘട്ടം (അപകടനില) കടന്നു പോകും വരെ ഈ വ്യക്തി ഒറ്റയ്ക്കാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. 
 
അല്‍പം പരിശീലനത്തിലൂടെ നിങ്ങള്‍ക്കും ഒരു 'കാവല്‍ക്കാരന്‍' ആകാം. 
 
പത്മാവതി എന്‍ സി ഡബ്ല്യു ബി യിലെ സൈക്യാട്രിക് നേഴ്സാണ്.  ഡോ. പ്രഭ ചന്ദ്ര നിംഹാന്‍സിലെ സൈക്യാട്രി പ്രൊഫസറാണ്.
 
ആത്മഹത്യയെ പ്രതിരോധിക്കുന്നതിനുള്ള 'കാവല്‍ക്കാരന്‍' (ഗേറ്റ്കീപ്പര്‍) ആകുന്നതിനുള്ള പരിശീലനം എല്ലാ ഒന്നിടവിട്ടുള്ള മാസങ്ങളിലും ബാംഗ്ലൂരിലെ ബി ടി എം ലേഔട്ടിലുള്ള നിംഹാന്‍സിന്‍റെ സെന്‍റെര്‍ ഫോര്‍ വെല്‍ ബിയിംഗില്‍ (ചകങഒഅചട ഇലിൃലേ ളീൃ ണലഹഹ ആലശിഴ (ചഇണആ) മേ ആഠങ ഹമ്യീൗേ, ആമിഴമഹീൃല.) സംഘടിപ്പിക്കുന്നുണ്ട്. ഈ പരിശീലനം നേടാന്‍ ആഗ്രഹമുള്ളവര്‍ 080-26685948/9480829670 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.