പരിചരണം നൽകൽ

മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തികളുടെ കുടുംബങ്ങള്‍ക്കും സാമൂഹികമായ ദുഷ്‌കീർത്തി സഹിക്കേണ്ടതായി വരുന്നുണ്ട്

മാനസിക അസ്വാസ്ഥ്യം ബാധിച്ചവരെ പരിചരിക്കുന്നവർ നേരിടേണ്ടി വരുന്ന സാമൂഹികമായ ദുഷ്‌കീർത്തി അവരുടെ ക്ലേശഭാരം വർദ്ധിപ്പിക്കുന്നു, അവരുടെ പരിചരിക്കുന്നതിനുള്ള കഴിവിനെ ബാധിക്കുകയും ചെയ്യുന്നു

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

കനേഡിയൻ സാമൂഹ്യശാസ്ത്രജ്ഞൻ (സോഷ്യോളജിസറ്റ്) ആയ ഇർവിംഗ് ഗോഫ്മൻ സാമൂഹിക ദുഷ്‌കീർത്തിബോധം അഥവാ കളങ്കബോധം എന്നതിനെ നിർവചിക്കുന്നത് ഇങ്ങനെയാണ്: ഒരു പ്രത്യേക വിധത്തിൽ സാമൂഹികമായി അപകീർത്തിപ്പെടുത്തുന്ന  തരം ഒരു പ്രതീകം, പെരുമാറ്റം, അല്ലെങ്കിൽ ദുഷ്പ്പേര് എന്നത്രേ. ഗോഫ്മന്‍റെ സിദ്ധാന്തം പറയുന്നത് ഒരു വ്യക്തിയെ,  അംഗീകരിക്കപ്പെട്ട ഒരു സാധാരണ വ്യക്തി എന്ന മട്ടിൽ അല്ലാതെ അനഭിലഷണീയവും പരിത്യജിക്കപ്പെട്ടതും ആയ വാര്‍പ്പുമാതൃക പോലൊരാൾ എന്ന് മറ്റുള്ളവർ മാനസികമായി തരം തിരിക്കുന്നതിന് സാമൂഹിക ദുഷ്‌കീർത്തിബോധം കാരണഭൂതമായി ഭവിക്കുന്നു എന്നാണ്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് സ്റ്റിഗ്മ അഥവാ സാമൂഹിക ദുഷ്‌കീർത്തി എന്നത് അന്യമായ വാക്ക് അല്ല. യഥാർത്ഥത്തിൽ ഡോ നോമൻ സട്ടോറിയസ് (Dr Norman Sartorious), ലോകാരോഗ്യ സംഘടനയുടെ (WHO) മാനസിക വിഭാഗത്തിന്‍റെ മുൻകാല ഡറക്ടർ, സാമൂഹിക ദുഷ്‌കീർത്തിയെ പറ്റി ചൂണ്ടി കാണിക്കുന്നത് മാനസിക അസുഖങ്ങൾ ഉള്ളവരുടെ ചികിത്സ തേടല്‍ തടയുന്ന ഏറ്റവും വലിയ ഒറ്റ ഘടകം എന്നാണ്. പക്ഷേ മാനസിക രോഗവുമായി ബന്ധപ്പെട്ടുള്ള ഈ കളങ്കം അസുഖബാധിതർ മാത്രം അഭിമുഖീകരിക്കുന്ന ഒന്നാണോ? പഠനങ്ങൾ, എണ്ണത്തിൽ കുറവാണെങ്കിലും, സൂചിപ്പിക്കുന്നത്, മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉള്ള ആളുകളുടെ കുടുംബങ്ങളും 'കളങ്കിതരുമായി' ഉള്ള സംസർഗ്ഗം മൂലം സാമൂഹിക ദുഷ്‌കീർത്തി അനുഭവിക്കുന്നുണ്ട് എന്നാണ്.

ബ്രിട്ടീഷ് ജേണൽ ഓഫ് സൈക്യാട്രി പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ, മാർഗറീറ്റ ആസ്റ്റ്മെൻ (Margareta Ostman), ലോഷ് ജെല്ലിന്‍ (Lars Kjellin) എന്നിവർ,  മാനസിക രോഗം ബാധിച്ചവരുടെ  സംസർഗ്ഗം മൂലം അവരുടെ പരിപാലകരും ബന്ധുക്കളും  അനുഭവിക്കുന്ന സാമൂഹിക ദുഷ്‌കീർത്തിയെ കുറിച്ചു പഠനം നടത്തിയിട്ടുണ്ട്. കൂട്ടുകെട്ടു മൂലം ഉണ്ടാകുന്ന സാമൂഹിക ദുഷ്‌കീർത്തിയെ [സംസർഗ്ഗവശാല്‍ സംഭവിക്കുന്ന കളങ്കം, കടപ്പാടുള്ള കളങ്കം (courtesy stigma) എന്നും വിളിക്കപ്പെടുന്നുണ്ട്] അവർ വിവരിക്കുന്നത് ഇങ്ങനെയാണ്: ഒരു വ്യക്തി, കളങ്കിതനായി വിധിക്കപ്പെട്ട മറ്റൊരു വ്യക്തിയുമായുള്ള അയാളുടെ കൂട്ടുകെട്ടിന്‍റെ അല്ലെങ്കിൽ സംസർഗ്ഗത്തിന്‍റെ അടിസ്ഥാനത്തില്‍, കളങ്കിതനാക്കപ്പെടുന്നു.

സ്പഷ്ടമായിട്ടുള്ളതും നീണ്ടകാലം നിലനിൽക്കുന്നതും ആയ  മാനിസകരോഗത്തിന്‍റെ ലക്ഷണങ്ങൾ ഉള്ള വ്യക്തികളെ പരിചരിക്കുന്നവർക്ക് അവരുടെ പേരിൽ ചാർത്തിക്കിട്ടുന്ന കളങ്കം ഒഴിവാക്കുന്നത് പ്രയാസമാണ് എന്നു മനസ്സിലാകുന്നുണ്ട്. "രോഗം ഒരു കുറഞ്ഞ കാലയളവിലേക്കു മാത്രമുള്ളപ്പോൾ, സാമാന്യജനത്തിന്‍റെ കാഴ്ച്ചപ്പാട് ഇങ്ങനെയാണ് എന്നിരിക്കെ, അറിയേണ്ട ആവശ്യമുള്ളത്രയും കാര്യങ്ങൾ മാത്രം ആണ് പരിചരിക്കുന്നവരോ ബന്ധുക്കളോ പങ്കു വയ്ക്കാറുള്ളത്. എന്നാൽ ഒരു നീണ്ട കാലം നിലനിൽക്കുന്ന രോഗം സംബന്ധിച്ച് ഇതു ദുഷ്‌കരമായിരിക്കും," നിംഹാൻസ് (NIMHANS) ആശുപത്രിയിലെ സൈക്യാട്രിക് റീഹാബിലിറ്റേഷൻ (മനോരോഗ പുനരധിവാസം) വകുപ്പിലെ അസിസ്റ്റന്‍റ് പ്രൊഫസർ ആയ ഡോ റ്റി ശിവകുമാർ പറയുന്നു.

"സമൂഹം, മാനസിക രോഗം ബാധിച്ച വ്യക്തികളേയും ഒപ്പം തന്നെ അവരുടെ ബന്ധുക്കളേയും കളങ്കിതരായി വിധിക്കുന്നു എന്നത് അറിയാവുന്ന കാര്യമാണ്, അത് കൈകാര്യം ചെയ്യപ്പെടേണ്ടതുമാണ്. പരിചരിക്കുന്നവർ പലപ്പോഴും ഈ കളങ്കത്തെ കാണുന്നതും അല്ലെങ്കിൽ പലരും വിശ്വസിക്കുന്നതു പോലും, വിവിധതരം കാരണങ്ങള്‍ മൂലം അപമാനിക്കപ്പെടുന്നവർ ആയിരിക്കുന്നതിന് തങ്ങൾ അർഹരാണ് എന്നത്രേ. വ്യക്തിപരമായ കളങ്കബോധത്തോടും ജനസാമാന്യത്തിന്‍റെ കാഴ്ച്ചപ്പാടിലുള്ള കളങ്കബോധത്തോടും പരിചരിക്കുന്ന വ്യക്തി പ്രതികരിക്കുന്നത് എങ്ങനെയാണ് എന്നതിന് അയാളുടെ ജീവിതത്തിന്‍റേയും തന്‍റെ ബന്ധുവിന് അയാൾക്കു നൽകാൻ കഴിയുന്ന പരിചരണത്തിന്‍റേയും  ഗുണമേന്മ  രൂപ്പെടുത്തുന്നതിന് കഴിയുന്നു," നിംഹാൻസ് (NIMHANS) ആശുപത്രിയിലെ സൈക്യാട്രിക് ആൻഡ് സോഷ്യൽ വർക്ക് വിഭാഗത്തിലെ  അസിസ്റ്റന്‍റ്  പ്രൊഫസർ ആയ ഡോ ആരതി ജഗന്നാഥൻ പറയുന്നു. 

എന്താണ് സംസർഗ്ഗവശാൽ സംഭവിക്കുന്ന കളങ്കം?

സംസർഗ്ഗവശാൽ സംഭവിക്കുന്ന കളങ്കം എന്നതിനെ 'കളങ്കപ്പെട്ട' വ്യക്തി ആരാണോ ആ വ്യക്തിയുമായി ഉള്ള സംസർഗ്ഗമോ സാദൃശ്യമോ മൂലം കളങ്കിതനാക്കപ്പെടുന്ന പ്രക്രിയ എന്ന് നിർവ്വചിക്കാവുന്നതാണ്. സംസർഗ്ഗവശാലുള്ള കളങ്കം എന്നത്, ഒന്നുകിൽ മാനസികരോഗമുള്ള വ്യക്തികളെ സമൂഹം കളങ്കിതര്‍ എന്നു വിധിക്കുന്നതു പോലെ പുറമേ നിന്നും സംഭവിക്കുന്നതാകാം, അതല്ലെങ്കിൽ മനോരോഗത്തെ സംബന്ധിച്ച് സമൂഹത്തിനുള്ള തെറ്റായ പ്രത്യക്ഷബോധം മാനസികരോഗമുള്ള വ്യക്തിയുടെ കുടുംബവും വിശ്വസിക്കുകയും തങ്ങൾ കളങ്കിതരാക്കപ്പെടും എന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നതു മൂലം കുടുംബത്തിനുള്ളില്‍ നിന്നു തന്നെ സംഭവിക്കുന്നതും  ആകാം. "മാനസിക രോഗത്തെ കുറിച്ചുള്ള സമൂഹത്തിന്‍റെ പൊതുബോധം രോഗബാധിതനായ വ്യക്തി തന്നെ സ്വാംശീകരിക്കുന്നതാണ് 'ആത്മകളങ്കബോധം '  എന്നതിന്‍റെ ഏറ്റവും ലളിതമായ നിർവ്വചനം," ഡോ റ്റി ശിവകുമാർ പറയുന്നു. 

സാമൂഹികമായ ദുഷ്‌കീർത്തി കൂടാതെ, മറ്റു ചില പ്രത്യേകതരം കാരണങ്ങളിൽ നിന്നും കളങ്കബോധം ഉത്ഭവിക്കുന്നതായി കാണാറുണ്ട്.

വംശപാരമ്പര്യവശാൽ എന്ന അനുമാനവും നിഷ്‌ക്രിയത്വത്തിന്‍റെ   കുറ്റബോധവും

  • മാനസികരോഗം ജനിതകവശാലോ വംശപാരമ്പര്യവശാലോ സംഭവിക്കുന്നതാണ് എന്ന പ്രത്യക്ഷബോധം മൂലം മാനസികരോഗമുള്ള വ്യക്തികളുടെ കുടുംബങ്ങൾക്ക് തങ്ങൾ കളങ്കിതരാക്കപ്പെട്ടിരിക്കുന്നതായി പലപ്പോഴും തോന്നുന്നു. പരിചരിക്കുന്നവരുടെ ഇടയിലും സമൂഹത്തിലും മാനസിക തകരാറുകളെപ്പറ്റി നിലനില്‍ക്കുന്ന അറിവിന്‍റെ കുറവ് ഒരു പോലെ നിലനിൽക്കുന്നു എന്നതിൽ നിന്നാണ് ഈ തോന്നൽ ഉടലെടുക്കുന്നത്. ചില രോഗങ്ങൾ പാരമ്പര്യവശാൽ ആകാം എന്നുള്ളപ്പോഴും, അവ ബന്ധുക്കളിൽ കാണപ്പെടുകയോ കാണപ്പെടാതിരിക്കുകയോ ചെയ്യാം. മാനസിക രോഗമുള്ള വ്യക്തികളുടെ 527 കുടുംബാംഗങ്ങളുടെ ഇടയില്‍ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത് മാനസികരോഗം പാരമ്പര്യവശാൽ ഉള്ളതാണ് എന്നു വിശ്വസിക്കുന്ന ആളുകൾ മാനസികമായ വൈഷമ്യം പ്രകടിപ്പിച്ചു എന്നാണ്. "മാനസികരോഗം ജനിതകവശാൽ തീരുമാനിക്കപ്പെടുന്നതാണ് എന്നു കണക്കാക്കപ്പെടുമ്പോൾ ഒരു വ്യക്തിയുടെ ആരോഗ്യം സംബന്ധിച്ച് അനിശ്ചിതത്വം പിൻതുടരുകയും അതിന്‍റെ അനന്തരഫലമായി ഒളിഞ്ഞു കിടക്കുന്ന മാനസികരോഗം സംബന്ധിച്ചുള്ള ഉത്കണ്ഠ ഉടലെടുക്കുകയും ചെയ്യുന്നു," പഠനം പറയുന്നു. 
  • "മാനസിക പിരിമുറുക്കം" എന്നതിനെ പലപ്പോഴും മാനസിക തകരാറിന്‍റെ കാരണം എന്നു തെറ്റായി കണക്കാക്കുന്നു, ഇതുമൂലം മാനസികരോഗം ഉണ്ടാകുന്നതിന് തങ്ങൾ അറിയാതെ കാരണക്കാരായി ഭവിച്ചല്ലോ എന്ന് പരിചരിക്കുന്നവർക്കു തോന്നുന്നു. മാനസികരോഗമുള്ള വ്യക്തികളുടെ കുടുംബങ്ങളെ കൗൺസിലിംഗിനു വിധേയരാക്കുകയും തകരാറിനെ കുറിച്ച് അവരോടു വിശദീകരിക്കുകയും ചെയ്യുന്നതിലൂടെ ഈ ആത്മകളങ്കബോധം വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതാണ്. 
  • ഒരു രോഗി ചികിത്സയോടു നല്ല രീതിയില്‍ പ്രതികരിക്കുകയും രോഗിയുടെ അസുഖം ഭേദപ്പെടുകയും ചെയ്യുമ്പോൾ, മാനസികാരോഗ്യവിദഗ്ദ്ധന്‍റെ അടുത്ത് തങ്ങൾ രോഗിയെ മുമ്പേ തന്നെ എത്തിച്ചില്ലല്ലോ എന്ന് പരിചരിക്കുന്നവർ പലപ്പോഴും സ്വയം പഴിക്കുന്നു. ആദ്യലക്ഷണങ്ങൾ ശ്രദ്ധിക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടതു മൂലം രോഗിയുടെ കഷ്ടപ്പാടിന് കാരണക്കാരായവർ തങ്ങളാണ് എന്നു അവര്‍ സ്വയം പഴിക്കുന്നു. " ചില രോഗികൾ യാഥാർത്ഥ രോഗ ലക്ഷണങ്ങൾക്ക് തൊട്ടുമുൻപ് ഉണ്ടാകുന്ന മുന്നറിയിപ്പുകളോ ലക്ഷണങ്ങളോ ഒന്നും തന്നെ ആദ്യ അവസ്ഥകളിൽ പ്രദർശിപ്പിച്ചു എന്നു വരില്ല, അവർ അതു പ്രകടിപ്പിച്ചാൽ തന്നെ, അതു കണ്ടെത്തുന്നതിന് ഏറെ ബുദ്ധിമുട്ടാണ്," ഡോ റ്റി ശിവകുമാർ പറയുന്നു. 

ഒരു സൈക്യാട്രിസ്റ്റിനോടു നിങ്ങളുടെ ഭീതികളും സംശയങ്ങളും തുറന്നു സംസാരിക്കാൻ തയ്യാറാകുന്നതിലൂടെ, കുറ്റബോധവും തെറ്റായ അറിവുകളും മൂലം ഉടലെടുക്കുന്ന ആത്മകളങ്കബോധം, സ്പഷ്ടമാക്കുകയും ഇല്ലാതാക്കുകയും ചെയ്യാൻ കഴിയുന്നതാണ്. 

ജീവിതലക്ഷ്യങ്ങൾ നേടുന്നതിലിള്ള കഴിവുകുറവു മൂലം ഉണ്ടാകുന്ന അമ്പരപ്പ്

കളങ്കത്തിനുള്ള ഈ കാരണം ഇന്ത്യൻ സാഹചര്യത്തിൽ സവിശേഷമായും ശരിയാണ്. വിദ്യാഭ്യാസം പൂർത്തീകരിക്കൽ, വിവാഹം, ജോലി തുടങ്ങിയ സാമൂഹ്യ നാഴികക്കല്ലുകൾ നേടാത്തപ്പോൾ, മാനസികരോഗമുള്ള വ്യക്തിയും കുടുംബവും ഒരേ പോലെ തങ്ങളുടെ തന്നെ സാമൂഹികമായ പാരസ്പര്യത്തിൽ നിന്ന് പിൻവലിയുന്നതിനുള്ള പ്രവണത പ്രകടിപ്പിക്കുന്നു. പരിചരണം നൽകുന്ന മാതാപിതാക്കൾ ഇത് നിരാശാജനകമായി കാണുന്നു, ഈ ഭാരം പലപ്പോഴും കൂടി വരികയും തങ്ങളുടെ കുട്ടിയെ പരിചരിക്കുന്നതിനുള്ള അവരുടെ കഴിവിനെ ബാധിക്കുകയും ചെയ്യുന്നു. 

സംസർഗ്ഗവശാൽ ഉള്ള കളങ്കം എങ്ങനെയാണ് മാനസികരോഗമുള്ള വ്യക്തികളുടെ കുടുംബങ്ങളെ ബാധിക്കുക?

ചികിത്സ തേടുന്നതിനുള്ള കാലതാമസം

തങ്ങളുടെ കുടുംബം മാനസികരോഗമുള്ള കുടുംബം എന്ന് മുദ്ര കുത്തപ്പെടുമോ എന്ന ഭയം മൂലം വൈദ്യചികിത്സ തേടുന്നത് വൈകിപ്പിക്കുക എന്നതാണ് കളങ്കബോധത്തിന്‍റെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന ഉപോത്പന്നം. " 'അത് അങ്ങു കഴിഞ്ഞുപോകും,' എന്നാണ് പലപ്പോഴും അവർ പ്രതീക്ഷിക്കുക, ലക്ഷണങ്ങള്‍ നിയന്ത്രാണതീതമായി പിടവിട്ടു കഴിയുമ്പോൾ മാത്രമാണ് രോഗിയെ സൈക്യാട്രിസ്റ്റിന്‍റെ അടുത്ത് എത്തിക്കുക," ഡോ റ്റി ശിവകുമാർ പറയുന്നു.

മാനസികമായ ഉല്‍ക്കടവ്യഥ

പരിചരിക്കുന്നവർക്കും മാനസികരോഗമുള്ള വ്യക്തികൾക്കും ഉല്‍ക്കടമായ മാനസിക വ്യഥ സൃഷ്ടിക്കുന്നതിന് കളങ്കബോധം കാരണമായേക്കാം. സമൂഹത്തിലോ കൂട്ടുകുടംബത്തിലോ സുഹൃത്തക്കൾക്കിടയിലോ ഉള്ള ഒരു വ്യക്തിയുടെ സ്ഥാനവുമായി ബന്ധപ്പെട്ടുള്ള വിഷമതകളിലോ അസ്വസ്ഥതകളിലോ നിന്നും ഉല്‍ക്കടവ്യഥ ഉടലെടുത്തു എന്നു വരാം. അഭിസംബോധന ചെയ്യപ്പെടാതെ കിടക്കുന്ന ചില മാനസിക പിരിമുറുക്കം പരിചരിക്കുന്ന വ്യക്തിയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതിന് ഇടയുണ്ട്. പരിചരിക്കുന്നവർ മാനസികാരോഗ്യ വിദഗ്ദ്ധരെ സമീപിച്ച് തങ്ങളുടെ ഉത്കണ്ഠകളെ കുറിച്ച് സംസാരിക്കുകയും എന്തങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ അവ ദുരീകരിക്കുന്നതിനായി ഉപദേശം തേടുകയും ചെയ്യേണ്ടതുണ്ട് എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

സാമൂഹികമായ ഒഴിവാക്കലും ഒറ്റപ്പെടുത്തലും

പരിചരിക്കുന്ന വ്യക്തിയോ സമൂഹമോ മുൻകൈ എടുക്കുന്നതിലൂടെ ആവാം സാമൂഹികമായ ഒഴിവാക്കൽ സംഭവിക്കുക.

കളങ്കിതാരക്കപ്പെടുന്നു എന്ന ഭീതി പലപ്പോഴും മാനസിക രോഗം ബാധിച്ച വ്യക്തികളുടെ കുടുംബങ്ങളെ സമൂഹവൃത്തങ്ങളിൽ നിന്ന് പിൻവാങ്ങി സ്വയം ഒറ്റപ്പെട്ടു നിൽക്കുന്നതിന് കാരണമായി ഭവിച്ചേക്കാം. ചിലർ പൂർണ്ണമായും പിൻവാങ്ങുകയും ഒരിക്കലും പുറത്തു പോകാതിരിക്കുകയും ചെയ്യുമ്പോൾ, മറ്റു ചിലർ രോഗം ബാധിച്ച വ്യക്തിയെ വിവാഹങ്ങൾ, പാർട്ടികൾ, പൂജകൾ മുതലായ ഒത്തുകൂടലുകളിൽ നിന്ന് അകറ്റി നിർത്തുകയും അങ്ങനെ അവരെ കുറിച്ച് പൊതുവായി ചർച്ച ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. പലപ്പോഴും മാനസികരോഗത്തിൽ നിന്ന് സുഖം പ്രാപിക്കുന്നതിന് കുടുംബത്തിന്‍റേയും സുഹൃത്തുക്കളുടേയും പിന്തുണ സഹായകമായി ഭവിക്കുന്നു, ഇത്തരത്തിലുള്ള ഒറ്റപ്പെടുത്തൽ ഇങ്ങനെയുള്ള കൂടിച്ചേരലുകളുടെ മെച്ചങ്ങൾ രോഗിയിൽ നിന്ന് കവർന്നെടുക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.

മാനസികരോഗമുള്ള ഒരു വ്യക്തിയെ പരിചരിക്കുന്നതിന് വേണ്ടുന്ന പരസ്പര അടുപ്പവും കഴിവും

കളങ്കബോധം സൃഷ്ടിക്കുന്ന ഉല്‍ക്കടവ്യഥയ്ക്ക് പരിചരിക്കുന്നവരെ രോഗിയിൽ നിന്ന് സ്വയം അകറ്റി നിർത്തിക്കുന്നതിനും നൽകിക്കൊണ്ടിരിക്കുന്ന പരിചരണം കാലക്രമേണ കുറയ്ക്കുന്നതിനും അവരെ നിർബന്ധിതരാക്കുന്നതിന് കഴിയും. മുകളിൽ പരാമര്‍ശിച്ച പഠനത്തിൽ ഗവേഷകർ പറയുന്നു, *"സംസർഗ്ഗവശാൽ സംഭവിക്കുന്ന കളങ്കം (Stigma by Association, SBA) മാനസികമായ ഉല്‍ക്കടവ്യഥയ്ക്ക് ആക്കം കൂട്ടുന്ന തരത്തിലും, രോഗിക്കും രോഗിയെ പരിചരിക്കുന്ന വ്യക്തിയ്ക്കും ഇടയില്‍ ഉണ്ടാകുന്നതിനു സാദ്ധ്യതയുണ്ട് എന്നു കരുതപ്പെടുന്ന അടുപ്പത്തെ നിഷേധാത്മകമായി ബാധിക്കുന്ന രീതിയിലും  പരസ്പരം ബന്ധപ്പെടുത്തുന്നതിന് കഴിയും എന്നുമാണ് ഗവേഷണഫലങ്ങൾ കാണിക്കുന്നത്. സംസർഗ്ഗവശാൽ സംഭവിക്കുന്ന കളങ്കം, രോഗം ബാധിച്ചിട്ടുള്ള വ്യക്തിയുടെ (Person with Mental Illness, PWMI) കുടുംബാംഗങ്ങളെ, രോഗം ബാധിച്ചിട്ടുള്ള അവരുടെ ബന്ധുവിൽ നിന്ന് മാനസികമായി സ്വയം അകലം പാലിക്കുന്നതിന്, ഒരു പക്ഷേ അവരുടെ കുടുംബാഗങ്ങൾ പേറുന്ന കളങ്കത്തിൽ നിന്ന് അകലം പാലിക്കുന്നതിനുള്ള ഒരു ശ്രമം എന്ന നിലയക്ക് ആകാം, പ്രേരകമാകും എന്ന വാദത്തെ പിന്തുണയക്കുന്നു."

കാരണം എന്തു തന്നെയാകട്ടെ, ശരിയായ അറിവിനും വിദ്യാഭ്യാസത്തിനും അഭിഗമ്യത ഉണ്ടാക്കുന്നതു വഴി കളങ്കബോധത്തെ കൈകാര്യം ചെയ്യുവാൻ കഴിയും. മാനസികരോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കളങ്കം ഇല്ലാതാക്കുക എന്ന കർത്തവ്യം സമൂഹത്തിന്‍റേതാണ്, അല്ലാതെ പരിചരിക്കുന്നവരുടേതോ മാനസിക രോഗം ബാധിച്ചവരുടേതോ അല്ല എന്നാണ് മാനസികാരോഗ്യരംഗത്തെ  വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നത്. "ഇപ്പോഴത്തെ ഘടനപ്രകാരം, പരിചരിക്കുന്ന വ്യക്തികൾ ഇപ്പോൾ തന്നെ സാമ്പത്തികവും മാനസികവുമായ ഭാരം കൊണ്ട് ക്ലേശിക്കുന്നുണ്ട്. സമൂഹത്തിലെ കളങ്കബോധം കുറയ്ക്കുന്നത് അവരെ മെച്ചപ്പെട്ട രീതിയിൽ പൊരുത്തപ്പെട്ടു പോകുന്നതിന് സഹായിക്കും," ഡോ ജഗന്നാഥൻ പറയുന്നു. 

*സംസര്‍ഗ്ഗവശാല്‍ സംഭവിക്കുന്ന കളങ്കം കുറയുമ്പോള്‍ അതനുസരിച്ച് പരിചരിക്കുന്ന വ്യക്തിയുടെ ഉല്‍ക്കടവ്യഥയും  കുറയുന്നു, രോഗിയ്ക്കും പരിചരിക്കുന്ന വ്യക്തിയ്ക്കും ഇടയില്‍ ഉണ്ടാകുന്നതിനു സാദ്ധ്യതയുണ്ട് എന്നു കരുതപ്പെടുന്ന അടുപ്പമാകട്ടെ, കൂടുകയും ചെയ്യുന്നു. അതേപോലെ, സംസര്‍ഗ്ഗവശാല്‍ സംഭവിക്കുന്ന കളങ്കം കൂടുമ്പോള്‍  അതനുസരിച്ച് പരിചരിക്കുന്ന വ്യക്തിയുടെ  ഉല്‍ക്കടവ്യഥയും കൂടുന്നു, രോഗിയ്ക്കും പരിചരിക്കുന്ന വ്യക്തിയ്ക്കും ഇടയില്‍ ഉണ്ടാകുന്നതിനു സാദ്ധ്യതയുണ്ട് എന്നു കരുതപ്പെടുന്ന അടുപ്പമാകട്ടെ,  കുറയുകയും ചെയ്യുന്നു. 

 '  

White Swan Foundation
malayalam.whiteswanfoundation.org