പരിചരണം നൽകൽ

അത്യാസന്ന നിലയിലുള്ള രോഗികളെ പരിചരിക്കല്‍

ജീവിതാവസാനത്തിലെത്തിയ ഒരു രോഗിയ പരിചരിക്കുക എന്നാല്‍ അത്യാസന്നനായ ആ വ്യക്തിയുടെ അന്തസ്സിനെ മാനിക്കുകയും അവരെ അവരുടെ ജീവിതത്തിലെ അവസാനത്തെ കുറച്ചു ദിവസങ്ങള്‍ പ്രശാന്തതയോടെ ജ

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

കഴിഞ്ഞ മൂന്നു വര്‍ഷമായി കാന്‍സര്‍ ബാധിതനായ അച്ഛനെ പരിചരിക്കുന്നത് മഹേഷാണ്. കാന്‍സര്‍ അതിന്‍റെ അവസാന ഘട്ടത്തിലാണ് എന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ മഹേഷ് തകര്‍ന്നുപോയി. കുറെ നാളുകളായി ഒരു പരിചാരകന്‍ എന്ന നിലയില്‍ തുടര്‍ന്നു പോരുകയാണെങ്കിലും ഒടുവില്‍ തന്‍റെ അച്ഛന്‍ ഇല്ലാതാകാന്‍ പോകുന്നു എന്ന വിചാരം അയാളെ ആകെ തളര്‍ത്തിക്കളയുകയും ഉള്ളില്‍  സങ്കടവും വേദനയും വന്ന് നിറയുകയും ചെയ്തു. ആ സാഹചര്യത്തെ  എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു.
(ഈ സാങ്കല്‍പ്പിക കഥ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് ഇത്തരമൊരു അവസ്ഥ യഥാര്‍ത്ഥ ജീവിത സാഹചര്യത്തില്‍ എങ്ങനെയായിരിക്കും എന്ന് മനസിലാക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയാണ്).
പരിചരിക്കല്‍ എന്നത് തന്നെ വളരെ പ്രയാസമേറിയതും തളര്‍ത്തിക്കളയുന്നതുമായ ഒരു ഉത്തരവാദിത്തമാണ്, ആ നിലയ്ക്ക് മാരകമായ രോഗമുള്ള ഒരാളെ പരിചരിക്കല്‍ (കാന്‍സര്‍, എയ്ഡ്സ്, അല്‍ഷിമേഴ്സ്, പ്രായാധിക്യം മൂലമുള്ള സങ്കീര്‍ണതകള്‍ തുടങ്ങിയവയുള്ളവരെ പരിചരിക്കല്‍) എന്നത് കൂടുതല്‍ ഭയപ്പെടുത്തുന്നതും  മനക്ലേശമുണ്ടാക്കുന്നതുമായിരിക്കും. ഒരു വ്യക്തിക്ക് മാരകമായ രോഗമുണ്ട് എന്ന് കണ്ടെത്തുന്നത് അയാളെ പരിചരിക്കുന്നയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വളരെ വേദനയുണ്ടാക്കും. ഡോക്ടര്‍മാര്‍ രോഗിയുടെ അവസ്ഥ എന്താണെന്ന് കുടുംബത്തെ അറിയിക്കുമ്പോള്‍ കുടുംബം വല്ലാത്തൊരു വൈകാരികാവസ്ഥയിലൂടെ കടന്നു പോകുകയും ഓരോരുത്തരും വ്യത്യസ്തമായ തരത്തില്‍ പ്രതികരിക്കുകയും ചെയ്യും. അവര്‍ ആദ്യം  ഒരു നിഷേധത്തിന്‍റെ ഘട്ടത്തിലേക്ക്  പോയേക്കാം. കുറച്ച് സമയം കഴിയുമ്പോള്‍, രോഗം ഭേദമാക്കാന്‍ സാധ്യതയുള്ള വ്യത്യസ്മായ ഏതെങ്കിലും ചികിത്സയുണ്ടോ എന്ന് കണ്ടെത്താന്‍ ശ്രമിക്കും. എന്നാല്‍ ക്രമേണ അനിവാര്യമായ ഒരു കാര്യത്തെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല എന്ന കാര്യം തിരിച്ചറിയുമ്പോള്‍ അവര്‍ യാഥാര്‍ത്ഥ്യത്തെ സ്വീകരിക്കാന്‍ തയ്യാറാകും.
ഇത്തരത്തിലൂള്ള രോഗികളെ പരിചരിക്കുന്നവര്‍ക്ക് ധാരാളം ആശങ്കകളും ആകുലതകളും ഉണ്ടായിരിക്കും. ജീവിതത്തിന്‍റെ അവസാന ഘട്ടത്തെ പരിചരിക്കുമ്പോള്‍ കൊടുക്കുന്ന മരുന്നുകളുടേയും ചികിത്സയുടേയും കാര്യത്തിലുണ്ടാകുന്ന അനിശ്ചിതത്വത്തെക്കുറിച്ച്, ആ വ്യക്തി എത്രകാലം ഇനി ജീവിച്ചിരിക്കും എന്നതിനെക്കുറിച്ച്, ആ വ്യക്തിയോട് ഈ വിവരം എങ്ങനെ പറയും എന്നതിനെക്കുറിച്ച് എന്നിങ്ങനെ പല വിധത്തിലുള്ള ആകുലതകള്‍ അവരെ അലട്ടിക്കൊണ്ടിരിക്കും. അവസ്ഥ കൂടുതല്‍ വഷളാകുമ്പോള്‍ രോഗി പൂര്‍ണമായും പരിചരിക്കുന്നയാളെ ആശ്രയിക്കുന്ന അവസ്ഥയിലെത്തും. ഇത് വലിയ ആത്മസംഘര്‍ഷത്തിനും മാനസിക പിരിമുറുക്കത്തിനും കാരണമാകും. ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ പരിചരിക്കുന്നയാള്‍ അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് പെടാപ്പാടു പെടും. പലപ്പോഴും അവര്‍ക്കതിന് കഴിയാതാകും. ഈ സമയത്ത് പരിചരിക്കുന്നയാള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വലിയ പിന്തുണയും സഹായവും ആവശ്യമുണ്ടായിരിക്കും.
പരിചരിക്കുന്നയാള്‍ എന്ന നിലയില്‍  പിന്തുണ നല്‍കല്‍
മാരകമായ രോഗം ബാധിച്ച് അത്യാസന്ന നിലയിലായവരെ പരിചരിക്കുക എന്നത് നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നിരുന്നാലും ഈ അവസ്ഥയെ തരണം ചെയ്യുന്നതിനായി   പരിചരിക്കുന്നവര്‍ക്ക് ഒരു പരിശ്രമം നടത്താവുന്നതാണ്. പരിചരിക്കുന്നവരെ അതിന് സഹായിക്കുന്ന ചില കാര്യങ്ങള്‍ താഴെ  പറയുന്നു: 
 • മനോനിയന്ത്രണം പാലിക്കുക : ഓരോ വ്യക്തിയും തനിക്ക് മാരകമായ രോഗം ബാധിച്ചിരിക്കുന്നു എന്ന് അറിയുമ്പോള്‍ പ്രതികരിക്കുന്നത് വ്യത്യസ്തമായ രീതിയിലായിരിക്കും. അവര്‍ക്ക് സങ്കടം അനുഭവപ്പെടും എന്നത് തികച്ചും സ്വാഭാവികവുമാണ്. ഈ സാഹചര്യത്തില്‍ പരിചരിക്കുന്നയാള്‍ എന്ന നിലയ്ക്ക് നിങ്ങള്‍ മനോനിയന്ത്രണം പാലിക്കുകയും രോഗിക്ക് വൈകാരികമായ പിന്തുണ നല്‍കുകയും ചെയ്യുക. കുടുംബാംഗങ്ങള്‍ക്ക് ഈ വ്യക്തിയോടൊപ്പം കൂടുതല്‍ സമയം ചെലഴിക്കാനും സാധിക്കും.
 • കാര്യങ്ങള്‍ മുന്‍ കൂട്ടി തീരുമാനിക്കുക: രോഗി തന്‍റെ ഭാവികാര്യങ്ങളെക്കുറിച്ച് ഒരു തീരുമാനമെടുക്കാന്‍ സാധിക്കുന്ന അവസ്ഥയിലായിരിക്കുമ്പോള്‍ തന്നെ കുടുംബം അയാളുമായി കൂടിയാലോചിച്ച് പരിചരണം സംബന്ധിച്ച് പ്രായോഗികമായ തീരുമാനങ്ങളെടുക്കുക, അതനുസരിച്ച് കാര്യങ്ങള്‍ നേരത്തേതന്നെ ആസൂത്രണം ചെയ്യുക. ഇത് സാഹചര്യത്തെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നേരിടാനും തരണം ചെയ്യാനും കുടുംബത്തെ സഹായിക്കും. അത്തരത്തിലൊരു ആസൂത്രണം ഇല്ലായെങ്കില്‍  പരിചരിക്കുന്നയാള്‍ക്ക്  അവസാന ഘട്ടത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ ഉണ്ടായെന്നു വരില്ല.
 • കൂടെക്കൂടെയുള്ള ആശയവിനിമയം: കുടുംബവുമായും ആ വ്യക്തിയുടെ ജീവിതവുമായും ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും ആകുന്നതുപോലെ ഇടയ്ക്കിടെ തുറന്ന, സത്യസന്ധമായ ആശയവിനിമയം നടത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കുടുംബത്തിലെ ചര്‍ച്ചകളിലും സംസാരങ്ങളിലും ഈ വ്യക്തിയെക്കൂടി ഉള്‍പ്പെടുത്തുക. തന്‍റെ ഏറ്റവും അഗാധമായ ചിന്തകളും വികാരങ്ങളും പങ്കുവെയ്ക്കാന്‍ ഈ വ്യക്തിയെ പ്രോത്സാഹിപ്പിക്കുക. പൂര്‍ത്തീകരിക്കേണ്ടതായ എന്തെങ്കിലും ആഗ്രഹങ്ങളോ അങ്ങനെ മറ്റെന്തെങ്കിലുമോ ഉണ്ടോയെന്ന് ചോദിക്കുക. രോഗിക്ക് ഗുരുതരമായ മറവി ബാധിച്ചിട്ടുണ്ടെങ്കില്‍ അയാളുമായി ഇത്തരത്തില്‍ ആശയവിനിമയം നടത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെന്നുവരില്ല.
 • വീട്ടില്‍ ഒരു കൃത്യനിഷ്ഠയും സാധാരണ നിലയും നിലനിര്‍ത്തുക: അവരുടെ എല്ലാകാര്യത്തിലും ഒരു കൃത്യനിഷ്ഠയും ദിനചര്യയും നിലനിര്‍ത്താന്‍ ശ്രമിക്കുക. ഇത് ആ വ്യക്തിയുടെ ദിനചര്യക്ക് ഒരു അടുക്കും ചിട്ടയും കൊണ്ടുവരാനും ഒരു ഘടന നിലനിര്‍ത്താനും അവരെ ആകുന്നത്ര എന്തെങ്കിലും കാര്യത്തില്‍ വ്യാപൃതരാക്കി നിര്‍ത്താനും സഹായിക്കും. ആ വ്യക്തിയെ സാമൂഹികമായ ഒത്തുചേരുകള്‍ക്കും, വിവാഹം പോലെ ആളുകള്‍ ഒത്തുകൂടുന്ന ആഘോഷങ്ങള്‍ക്കും മറ്റും കൊണ്ടുപോകുകയും വീട്ടില്‍ ആകാവുന്നത്ര ഒരു സാധാരണ അന്തരീക്ഷം നിലനിര്‍ത്തുകയും ചെയ്യുക. ഇത് ആ വ്യക്തിയുടെ താന്‍ എത്രമാത്രം വിലമതിക്കപ്പെടുന്നവനാണ്, തനിക്ക് എന്ത് മാന്യതയുണ്ട് എന്നതിനെക്കുറിച്ചുള്ള ധാരണയെ ശക്തിപ്പെടുത്തും.
 • നിയമ, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുക: ഈ  വ്യക്തി ഒരു സ്ഥിരതയുള്ള സ്ഥിതിയിലായിരിക്കുമ്പോള്‍,  നിയമപരവും സാമ്പത്തികവുമായ എല്ലാ കാര്യങ്ങളും(വില്‍പത്രം തയ്യാറാക്കല്‍, സ്വത്ത്, പണം മുതലായവ)   കൈകാര്യം ചെയ്യാനും ഉചിതമായ തീരുമാനങ്ങളെടുക്കാനും പ്രോത്സാഹിപ്പിക്കുക.അങ്ങനെ ചെയ്താല്‍ അക്കാര്യങ്ങളെല്ലാം താന്‍ ആഗ്രഹിച്ചതുപോലെ ചെയ്യാനായി എന്നതിനാല്‍ ആ വ്യക്തിക്ക് ഒരു സംതൃപ്തി അനുഭവപ്പെടുകയും പിന്നീട് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് വിടുതല്‍ കിട്ടുകയും ചെയ്യും.
 • സഹായം തേടുക:  അവസ്ഥ കൂടുതല്‍ വഷളാകുമ്പോള്‍ ഈ വ്യക്തി അവരുടെ കുളി, വസ്ത്രധാരണം, ഭക്ഷണം കഴിക്കല്‍, മലമൂത്രവിസര്‍ജനത്തിന് പോകല്‍ തുടങ്ങിയ ദൈനംദിന കാര്യങ്ങള്‍ക്കെല്ലാം തന്നെ നിങ്ങളെ കൂടുതലായി ആശ്രയിക്കുന്ന സ്ഥിതി വരും.ഈ മാറ്റത്തെ നേരിടാന്‍ നിങ്ങള്‍ തയ്യാറെടുക്കേണ്ടതുണ്ട്. ഈ അവസ്ഥ സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ കുടുംബാംഗങ്ങളോട് നിങ്ങളെ സഹായിക്കാന്‍ ആവശ്യപ്പെടുക, അല്ലെങ്കില്‍  നിങ്ങളെ സഹായിക്കാന്‍ ഒരു മുഴുവന്‍ സമയ പരിചാരകയെ അല്ലെങ്കില്‍ ഹോംനേഴ്സിനെ ഏര്‍പ്പാടാക്കുക.   
 • ആത്മീയ കാര്യങ്ങളില്‍ പിന്തുണ നല്‍കുക:  ഓരോ വ്യക്തിക്കും അവരുടേതായ മതവിശ്വാസവും ദൈവവിശ്വാസവുമൊക്കെ ഉണ്ടായിരിക്കും. ചിലരുടെ  കാര്യത്തില്‍ മതം വളരെ പ്രധാനപ്പെട്ട കാര്യമായിരിക്കും, അത് അവരുടെ ജീവിതത്തിനും മരണത്തിനും അര്‍ത്ഥം നല്‍കുന്നതായിരിക്കാം. എന്തായാലും അവരുടെ ആവശ്യം എന്ത് എന്നതിന്‍റെ അടിസ്ഥാനത്തില്‍  നിങ്ങള്‍ അവര്‍ക്ക് പിന്തുണയും സഹായവും നല്‍കുക. ഉദാഹരണത്തിന്, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനായി അവര്‍ക്ക് പുരോഹിതനെ ആവശ്യമുണ്ടെങ്കില്‍, മതപരമായ പാട്ടുകള്‍, മന്ത്രങ്ങള്‍ തുടങ്ങിയവ കേള്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഒരു വിശുദ്ധ ഗ്രന്ഥ പാരായണം കേള്‍ക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ നിങ്ങള്‍ അതിനുള്ള സഹായം ചെയ്തുകൊടുക്കണം. 
 • സാന്ത്വന ചികിത്സ (പാലിയേറ്റീവ് കെയര്‍) തെരഞ്ഞെടുക്കുക: പരിശീലനം നേടിയ ഒരു വിദഗ്ധ സംഘം ചികിത്സയോടൊപ്പം പ്രത്യേകമായ വൈദ്യ സഹായവും സാന്ത്വനവും ലഭ്യമാക്കുന്ന സംവിധാനമാണിത്. ഇവിടത്തെ പരിചരണം പ്രധാനമായും ശ്രദ്ധവെയ്ക്കുന്നത് വേദനയില്‍ നിന്നും ദുരിതപ്പെടുത്തുന്ന രോഗലക്ഷണങ്ങളില്‍ നിന്നും രോഗിക്ക് ആശ്വാസം കൊടുക്കുകയും  കുടുംബാംഗങ്ങളും രോഗിയും അനുഭവിക്കുന്ന മാനസിക പിരിമുറുക്കത്തിന് അയവുവരുത്തുകയും ചെയ്യുക എന്നതിലായിരിക്കും. പാലിയേറ്റീവ് കെയറുകളില്‍ രോഗിയെ പരിചരിക്കുന്നതിനായി മനഃശാസ്ത്രപരവും ആത്മീയവുമായ തലങ്ങളെ സംയോജിപ്പിക്കുന്നു. ഇതിന്‍റെ ലക്ഷ്യം രോഗിയുടേയും കുടുംബത്തിന്‍റേയും ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ്.
മാരകമായ രോഗാവസ്ഥകള്‍
മാരകമായ ചില അവസ്ഥകള്‍ താഴെ പറയുന്നു: 
 • ദീര്‍ഘകാലമായി തുടരുന്ന, ധാരണാ സംബന്ധവും പ്രവര്‍ത്തനപരവുമായ, രൂക്ഷമായ തകരാറുകളോട് കൂടിയ മെച്ചപ്പെടാന്‍ ഒരു സാധ്യതയുമില്ലാത്ത നാഡീസംബന്ധമായ തകരാറുകള്‍(ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് രോഗം മുതലായവ).
 • ക്രമേണ അവയവങ്ങളുടെ പ്രവര്‍ത്തനം ക്ഷയിപ്പിക്കുന്ന തരത്തിലുള്ള രോഗത്തോട് കൂടിയ വാര്‍ദ്ധക്യം.
 • ചികിത്സ പരാജയപ്പെടുകയോ രോഗി ചികിത്സ നിരസിക്കുകയോ ചെയ്ത, വര്‍ദ്ധിതമായ തോതിലുള്ള കാന്‍സര്‍. 
 • ശസ്ത്രക്രിയെ തുടര്‍ന്നുള്ള ചികിത്സിക്കാനാകാത്ത തരത്തിലുള്ള കുഴപ്പങ്ങള്‍.
 • മരുന്നുകൊണ്ടോ, ശസ്ത്രക്രിയകൊണ്ടോ ചികിത്സിച്ചിട്ടുള്ള ശ്വാസകോശ, ഹൃദയ, വൃക്ക, കരള്‍ സംബന്ധമായ രോഗങ്ങളുടെ അന്ത്യ ഘട്ടം.
 • അവയവങ്ങള്‍  പ്രവര്‍ത്തനക്ഷമമല്ലാതാകുകയും കുറച്ചധികം കാലം ചികിത്സയോട് പ്രതികരിക്കാതിരിക്കുകയും ചെയ്തിട്ടുള്ള പക്ഷാഘാതം, മസ്തിഷ്കാഘാതം എന്നിവ പോലെയുള്ള രോഗങ്ങള്‍.
 • ആഘാതത്തിലൂടെ തലച്ചോറിനുണ്ടായ പരുക്കുമൂലം സംഭവിച്ചിരിക്കുന്ന (മസ്തിഷ്ക മരണം സംഭവിച്ചിട്ടില്ലാത്ത) കോമ.
 • അതിജീവിക്കാന്‍ നേരിയ സാധ്യത മാത്രമുള്ള മറ്റേത് രോഗാവസ്ഥയും.
White Swan Foundation
malayalam.whiteswanfoundation.org