വിഷാദരോഗം : ഒരു പരിചാരകയുടെ ആകുലത

പരിചരിക്കുന്നയാള്‍ എന്ന നിലയില്‍ താന്‍ അനുഭവിച്ച ഉത്കണ്ഠയേയും വിഷാദത്തേയും കുറിച്ച് അതിനെ അതിജീവിച്ച ഒരു സ്ത്രീ മനസ് തുറക്കുന്നു
അരുണ രാമന്‍
ഞാന്‍ - അദ്ധ്യാപനത്തിലും ഇളം മനസുകളെ പോഷിപ്പിക്കുന്നതിലും വിശാലമാക്കുന്നതിലും ആവേശം കൊള്ളുന്ന ഒരു പ്രൊഫഷണല്‍, സമൂഹത്തില്‍ വിവിധ റോളുകളുള്ള ഒരു വ്യക്തി, ഒരിടത്തിരുന്നുകൊണ്ട് ലോകം ചുറ്റുന്ന, ഇപ്പോള്‍ വാസ്തവത്തില്‍ സഞ്ചരിച്ച് തുടങ്ങിയിട്ടുള്ള, ഇച്ഛാനുസരണം പ്രവര്‍ത്തിക്കുന്നതിന്‍റെ വിഷമങ്ങള്‍ അനുഭവിക്കുന്ന ഒരു സ്ത്രീയാണ്. ഇതുകൂടാതെ ജീവിത കാലം മുഴുവന്‍ ഉത്കണ്ഠയും വിഷാദരോഗവും എന്നെ അലട്ടിയിട്ടുണ്ട്, ചിലപ്പോള്‍ തളര്‍ത്തിക്കളഞ്ഞിട്ടുണ്ട്.
എനിക്ക് പ്രശ്ന പരിഹാരത്തിന് ഒരിക്കലും ഒരു അവസരം കിട്ടിയില്ല. ഓരോ തകര്‍ച്ചയിലും കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും സഹായം തേടുകയുമല്ല, കാര്യങ്ങളെ ഒതുക്കികളയുകയായിരുന്നു അപ്പോഴത്തെ ആവശ്യം. എന്‍റെ കുടുംബക്കാരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും ഇന്ത്യയിലായിരുന്നു എന്‍റെ കൗമാരവും യൗവ്വനവും. അക്കാലത്ത് വിഷാദവും ഉത്കണ്ഠയും ഭ്രാന്ത് എന്ന് കരുതപ്പെട്ടിരുന്നു.അതിനാല്‍ സഹായം തേടാന്‍  അവസരം ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടുവര്‍ഷം മുമ്പ് ജീവിതം മാറ്റി മറിക്കുന്ന ഒരു സാഹചര്യത്തിലേക്ക് ഞാന്‍ തള്ളിവിടപ്പെട്ടു. എന്‍റെ ജീവിതത്തിലെ ചില പ്രധാനപ്പെട്ട ആളുകള്‍ക്ക് അടുപ്പിച്ചടുപ്പിച്ച് ജീവന് ഭീഷണിയുള്ള രോഗങ്ങള്‍ ഉള്ളതായി കണ്ടെത്തപ്പെട്ടു. ആദ്യത്തേതോ രണ്ടാമത്തേതോ ആയ പരിചാരിക എന്ന ഉത്തരവാദിത്തം എന്‍റെ മേല്‍ അടച്ചേല്‍പ്പിക്കപ്പെടുകയും ചെയ്തു. പകല്‍ സമയത്ത് - ബില്ലുകള്‍ അടയ്ക്കുക, നിര്‍ദ്ദേശങ്ങള്‍ നല്‍കുക, ഡോക്ടറുമായുള്ള കൂടിക്കാഴ്ചകള്‍ എന്നിങ്ങനെയുള്ള സാധാരണമായ കര്‍ത്തവ്യങ്ങളില്‍ ഞാന്‍ വ്യാപൃതയായി. രാത്രി, ഭയത്തിന്‍റെ ഒരു കനത്ത ചുരുള്‍ എന്നെ വിടാതെ ശക്തിയായി ചുറ്റിവരിഞ്ഞു. എന്‍റെ സ്വന്തം ഉത്കണ്ഠാ  പ്രശ്നങ്ങള്‍, ശക്തിയോടെ നില്‍ക്കുക എന്ന ആവശ്യവുമായി കൂടിച്ചേര്‍ന്ന്, എന്നെ  ഉള്ളില്‍നിന്നും കാര്‍ന്നു തിന്നു. എനിക്ക്  ഒരേ സമയം രണ്ട് യുദ്ധങ്ങളില്‍ പോരാടേണ്ടി വന്നു.
നമ്മളില്‍ പലരും പെട്ടെന്നുണ്ടാകുന്ന പ്രതികൂലമായ ചില സാഹചര്യങ്ങളില്‍ ഒരു പരിചരിക്കുന്നയാള്‍ എന്ന റോളിലേക്ക് എടുത്തെറിയപ്പെടാറുണ്ട്. ഒരു രോഗത്തിന്‍റെ അല്ലെങ്കില്‍ അപകടത്തിന്‍റെ പ്രധാന ഇര സുഹൃത്തുക്കളുടേയും കുടുംബത്തിന്‍റേയും ശ്രദ്ധാകേന്ദ്രമാകുമ്പോള്‍ അയാളെ പരിചരിക്കുന്നയാള്‍ നിഴലുകളിലും യുദ്ധ തളര്‍ച്ചയിലും മറഞ്ഞുപോകുകയും സങ്കീര്‍ണമായ മനോവികാരങ്ങളുമായി ഏറ്റുമുട്ടുകയും ചെയ്യുന്നു.
രോഗിയെ സംബന്ധിച്ച വിവരങ്ങള്‍ക്കും മറ്റുമായി ഡോക്ടര്‍മാരും, കുടുംബാംഗങ്ങളും ബന്ധുക്കളും  സുഹൃത്തുക്കളും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളും ആദ്യം സമീപിക്കുന്നത് പരിചരിക്കുന്നയാളെയാണ്. അങ്ങനെ അയാള്‍ രോഗിയെ മറ്റുള്ളവരുമായി ബന്ധപ്പെടുത്തുന്ന പ്രധാന കണ്ണിയാകുന്നു. അങ്ങനെയാണെങ്കിലും പരിചരിക്കുന്നയാള്‍ അയാളുടെ സ്വന്തം ഉത്കണ്ഠകളെക്കുറിച്ച്, അനിശ്ചിതത്വത്തെയും ആരോഗ്യത്തേയും കുറിച്ച് ഒന്നു ചിന്തിക്കുക പോലും ചെയ്യാതെ മനസംയമനത്തോടെ അക്ഷോഭ്യതയോടെ ഈ സാഹചര്യം കൈകാര്യം ചെയ്യണം എന്നാണ് മറ്റുള്ളവര്‍ ആഗ്രഹിക്കുന്നത്. എന്‍റെ കാര്യത്തില്‍, എല്ലാ കാര്യങ്ങളിലൂടേയും സ്ഥിരതയോടെയും മനസുറപ്പോടെയും കടന്നു പോകാനുള്ള കഴിവില്ലായ്മയും അതോടൊപ്പം എന്‍റെ വൈകാരിക പ്രശ്നങ്ങളും കൂടി ചേര്‍ന്ന് എന്നെ ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ കണ്ണില്‍, ചിലപ്പോള്‍ എന്‍റെ തന്നെ മനസില്‍ ഒരു നിസാരയും അപ്രധാനിയുമായ ഒരു വ്യക്തിയാക്കിക്കളഞ്ഞു.
എന്നിരുന്നാലും, ഞാന്‍ സാവധാനത്തില്‍ എന്‍റെ വഴി തിരികെ പിടിച്ചു. അതിന് ഞാന്‍ നന്ദി പറയുന്നത്  ഒരു വ്യക്തി എന്ന നിലയ്ക്ക് ഞാന്‍ ആരാണ് എന്നതിനെക്കുറിച്ച് സത്യസന്ധമായ വിലയിരുത്തലുകള്‍ കൊണ്ട് എന്നെ ശക്തിപ്പെടുത്തുകയും ഓരോ ദിവസവും സന്തോഷവും അന്തസും പുലര്‍ത്തണം എന്ന് സ്നേഹത്തോടെ വാശിപിടിക്കുകയും ചെയ്ത് എന്നെ സംരക്ഷിച്ചുകൊണ്ട് എനിക്കു ചുറ്റും നിന്നവരോടാണ്. ദുഷ്കരമായ ആ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ എനിക്ക് സഹായകരമായതും ആര്‍ക്കും       ഉപയോഗപ്പെടുത്താവുന്നതുമായ ചില കാര്യങ്ങള്‍ താഴെ പറയുന്നു: 
  • ചികിത്സിക്കുന്നവരുമായി ഒത്തിണങ്ങിപ്പോകുക:  ഒരു ഡോക്ടര്‍ എന്നാല്‍ സേവനം നല്‍കുന്നയാളാണെന്നും അദ്ദേഹത്തിന് സേവനം ആവശ്യപ്പെടുന്നവരുടേതിന് തുല്യമായ പദവിയാണുള്ളതെന്നും  തിരിച്ചറിയാന്‍ എനിക്ക് ഏറെ നാള്‍ വേണ്ടി വന്നു. ഡോക്ടര്‍മാര്‍ പല തരത്തിലുണ്ട്. അതില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത് അധികം സംസാരിക്കാത്ത, ശാന്ത  പ്രകൃതിയുള്ള, എനിക്ക് എന്‍റെ ജീവിതം അല്ലെങ്കില്‍ എനിക്ക് പ്രിയപ്പെട്ട ഒരാളുടെ ജീവിതം അവരുടെ കൈകളില്‍ വെയ്ക്കാന്‍ സാധിക്കും എന്ന ഭാവം മുഖത്ത് സ്ഫുരിപ്പിക്കുന്നവരെയാണ്. ചിലപ്പോഴെക്കെ വളരെ സമര്‍ത്ഥരായവരാണെങ്കിലും തീരെ മര്യാദയില്ലാത്ത ചില മെഡിക്കല്‍ വിദഗ്ധരുമായും എനിക്ക് ഇടപഴകേണ്ടി വന്നിട്ടുണ്ട്. പരിചരിക്കുന്നയാള്‍ എന്ന നിലയ്ക്ക് , ഒരു ഡോക്ടറുടെ വളരെ അനാരോഗ്യകരമായ പെരുമാറ്റത്തെതുടര്‍ന്ന് മറ്റൊരു ഡോക്ടറിലേക്ക് മാറാന്‍ ഒരിക്കല്‍ ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഞാന്‍ പരിചരിച്ചിരുന്നയാള്‍ക്ക് ആ ഡോക്ടറില്‍ സംതൃപ്തിയുണ്ടായിരുന്നു. അതിനാല്‍ ഡോക്ടറെ മാറ്റുക എന്നതില്‍ നിന്നും ഞാന്‍ ആ ഡോക്ടറുടെ അടുത്തേക്ക് പോകാതിരിക്കുക എന്ന നിലപാടിലേക്ക് മാറി. 
  • പൊള്ളയായ വാക്കുകളെ കൈകാര്യം ചെയ്യല്‍: രോഗത്തില്‍ നിന്നും മുക്തിനേടിക്കൊണ്ടിരിക്കുന്നയാളേയും പരിചരിക്കുന്നവരേയും പലരും സന്ദര്‍ശിക്കും എന്നത് സ്വാഭാവികമായ കാര്യമാണ്. ഇതില്‍ നമ്മുടെ പ്രശ്നങ്ങള്‍ ശരിയായി പരിഗണിക്കുന്നവരും, നമ്മളെ ആശ്വസിപ്പിക്കാനായി വന്നിട്ട് അതുമിതും പറഞ്ഞ് അലോസരപ്പെടുത്തുന്നവരും ഉണ്ട്.  ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നതിന് ഒരു നല്ല കൂട്ടുകാരി എനിക്കൊരു സൂത്രവിദ്യ പറഞ്ഞു തന്നു; ഇത്തരം അപശബ്ദങ്ങളെ മുക്കിക്കളയുന്നതിനായി  മനസില്‍ പ്രിയപ്പെട്ട ഒരു  പാട്ട് മൂളിക്കൊണ്ടിരിക്കുക എന്ന വിദ്യ.
  • ആശ്വാസം കണ്ടെത്തല്‍:പരിചരിക്കുക എന്നത് ശാരീരികമായും മാനസികമായും തളര്‍ത്തിക്കളയുന്ന ജോലിയാണ്. സ്വന്തം സുഖം തേടുമ്പോള്‍ പലപ്പോഴും കുറ്റബോധം അനുഭവപ്പെടും. ഷോപ്പിംഗിന് പോകുമ്പോള്‍ ഞാന്‍ ഇത് അര്‍ഹിക്കുന്നുണ്ടോ എന്നോര്‍ത്ത് എന്‍റെ കൈകള്‍ വിറച്ചിരുന്ന സമയം ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍ വൈകാതെ എനിക്ക് മനസിലായി സ്വയം സന്തോഷിപ്പിക്കുന്നതുകൊണ്ട് വാസ്തവത്തില്‍ ഞാന്‍ കരുത്തുനേടുകയാണ് ചെയ്യുന്നതെന്ന്. കരഞ്ഞും ബഹളമുണ്ടാക്കിയുമാണെങ്കിലും കെട്ടുപൊട്ടിക്കാനുള്ള എല്ലാ അവസരവും ഉപയോഗിക്കണമെന്നും ഞാന്‍ മനസിലാക്കി. ജീവിതം എന്നോട് നീതികാണിക്കുന്നില്ലല്ലോ എന്ന് ഓര്‍ത്തപ്പോള്‍ ഒരിക്കല്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. അങ്ങനെയെങ്കിലും ഒരു ആശ്വാസം നേടല്‍ എനിക്ക് ആവശ്യമായിരുന്നു, കാരണം മാസങ്ങളോളമായി ഞാന്‍ സ്വയം അടച്ചുമൂടപ്പെട്ട് അതില്‍ ശ്വാസം മുട്ടിയിരിക്കുകയായിരുന്നു.
  • സ്വയം സ്നേഹിക്കുക: പരിചരണം നല്‍കുന്ന വ്യക്തികള്‍ പലപ്പോഴും സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെയ്ക്കുന്നു, അല്ലെങ്കില്‍ അവരില്‍ നിന്നും അത് പ്രതീക്ഷിക്കപ്പെടുന്നു. എന്നാല്‍ രക്തസാക്ഷിത്വത്തിന് സമ്മാനങ്ങളൊന്നും കിട്ടില്ല.എന്‍റെ ചില വിചാരങ്ങള്‍ താഴെ പറയുന്നു : 
  • ഞാന്‍ മാരകമായ രോഗങ്ങളുമായി ഇടപെട്ടുകൊണ്ടിരുന്നതിനാല്‍ എനിക്ക്  എന്‍റെ സ്വന്തം മരണത്തെക്കുറിച്ചുള്ള ചിന്ത രൂക്ഷമായി. സ്വതവേ വിഷാദ പ്രവണത ഉള്ളതിനാല്‍ എന്‍റെ ഭയം ഇരട്ടിയായി. എന്‍റെ ഭയം കാരണം ഞാന്‍ ഒരു നല്ല കൂട്ടുകാരിയല്ലാതാകുകയും എനിക്കെന്‍റെ സൗഹൃദങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. എങ്കിലും ഒരു വലിയ മനുഷ്യന്‍ എന്‍റെ ഭയം സ്വാഭാവികമാണെന്ന് എന്ന് അംഗീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. എന്‍റെ ഭയങ്ങളെ ഞാന്‍ അഭിമുഖീകരിക്കുകയും "അങ്ങനെയാണെങ്കില്‍ എന്താ?" എന്ന് തിരിച്ച് ചോദിക്കുന്ന ഘട്ടത്തിലേക്ക് സാവധാനം നീങ്ങുകയും ചെയ്തു. ഇത് എന്നെ വൈകാതെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിച്ചു. 
  • പരിചരണം നല്‍കല്‍ എന്നാല്‍ സ്വയം നഷ്ടപ്പെടലാണ്. ഞാന്‍ എല്ലാ സമയത്തും അവരുടെ കിടക്കയ്ക്ക് അരുകില്‍ ഇല്ലെങ്കില്‍ അരുതാത്ത് എന്തോ സംഭവിക്കും എന്ന് ഞാന്‍ പേടിച്ചിരുന്നു. ഞാന്‍ ഉള്ളപ്പോളാണങ്കിലും ഇല്ലാത്തപ്പോഴാണെങ്കിലും സംഭവിക്കാനുള്ളത് സംഭവിക്കും എന്ന് ഒരു നല്ല ബന്ധു എന്നെ മനസിലാക്കിച്ചപ്പോള്‍ എനിക്ക് അതില്‍ നിന്നും വിടുതല്‍ കിട്ടി. ഞാന്‍ സഹായം തേടാനും വിശ്രമസമയം കണ്ടെത്താനും പഠിച്ചു. ഞാന്‍ ഒറ്റയ്ക്കും കൂട്ടുകാരുമൊത്തും സിനിമയ്ക്ക് പോയി. അടുത്തു സുഹൃത്തുക്കളെ കാണാനുള്ള എല്ലാ അവസരങ്ങളും ഉപയോഗിച്ചു. അവസരം കിട്ടിയപ്പോഴൊക്കെ സൗന്ദര്യ, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ സംരക്ഷിച്ചു. ഇങ്ങനെയൊക്കെ ഇഷ്ടപ്പെടുന്ന എന്തെങ്കിലും കാര്യങ്ങളില്‍ വ്യാപൃതയാകാനും മനസിനെ ആകുന്നത്ര സന്തോഷത്തിലാക്കി വെയ്ക്കാനും ശ്രമിച്ചു, അതിലൂടെ എനിക്ക് പ്രതിസന്ധിഘട്ടത്തില്‍ മുന്നോട്ട് പോകുന്നതിനുള്ള പ്രസരിപ്പ് ലഭിച്ചു. 
  • സഹായം തേടല്‍ :ഒരു നല്ല സുഹൃത്ത് ഒരിക്കല്‍ അഭിപ്രായപ്പെട്ടു- "ഒരു  രോഗിയെ പരിചരിക്കേണ്ടി വരുമ്പോള്‍, ആ വ്യക്തിയുടെ മനസിനെക്കുറിച്ച് മനസിലാക്കുക എന്നതില്‍ എപ്പോഴും ഒരു വലിയ അനിശ്ചിതത്വം നിലനില്‍ക്കന്നതിനാല്‍ പരിചരിക്കുന്നയാളായി തുടരുക എന്നത് വലിയ വെല്ലുവിളിയുള്ള കാര്യമായിക്കും. ചികിത്സിക്കപ്പെടുന്നയാള്‍ക്ക് രോഗമുക്തിക്ക്  ഒരു നിശ്ചിത പാതയെങ്കിലും ഉണ്ട്." ഉത്കണ്ഠാ രോഗിയായ, പരിചരിക്കുന്നയാള്‍ എന്നതില്‍ നിന്നുള്ള എന്‍റെ രോഗമുക്തി തുടങ്ങിയത് എന്‍റെ സ്നേഹവലയത്തില്‍ ആളുകളെ ചേര്‍ക്കുക എന്നതില്‍ നിന്നാണ്. ഇവരില്‍ വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാതെ ഞാന്‍ പറഞ്ഞത് കേള്‍ക്കുകയും എന്നെ ഒരിക്കലും കൈവിടില്ലെന്ന് വാഗ്ദാനം ചെയ്തവരും ഉണ്ടായിരുന്നു,  എന്‍റെ അത്മാഭിമാനം വീണ്ടെടുക്കാന്‍ സഹായിച്ച മാനസികാരോഗ്യ ചികിത്സകര്‍ ഉണ്ടായിരുന്നു, എനിക്ക് വിട്ട് പോരേണ്ടി വന്ന- എന്നാല്‍ ഇപ്പോഴും ഇടയ്ക്ക്  കാണുന്ന- കടുത്ത വിമര്‍ശകരും ഉണ്ടായിരുന്നു. (അതേ, അവരോടും ഞാന്‍ നന്ദിയുള്ളവളാണ്). 
  • തുറന്നു പറയല്‍ : രോഗിയേക്കാളും ദുരിതം ഞാന്‍ അനുഭവിക്കുന്നില്ലല്ലോ എന്ന് ചിന്തിച്ചിരുന്നതിനാല്‍  എന്‍റെ പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞുതുടങ്ങാന്‍ ഞാന്‍ ഏറെ സമയമെടുത്തു. എന്നാല്‍ ഏതോ ഒരു ഘട്ടത്തില്‍ ഇത് ചെയ്യാന്‍ തന്നെ തീരുമാനിക്കുകയും എന്‍റെ സ്നേഹിതരോട് എന്‍റെ ആഴത്തിലുള്ള ഭയങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇത് എനിക്ക് കരുത്ത് പകര്‍ന്നു. എന്‍റെ സുഖപ്പെടല്‍ പുരോഗമിച്ചപ്പോള്‍ ഞാന്‍ എന്‍റെ ഉത്കണ്ഠകളെക്കുറിച്ച് സാധാരണ മട്ടില്‍ സംസാരിച്ച് തുടങ്ങി, ഈ ഉത്കണ്ഠകള്‍ ഞാനപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന പരിചരിക്കുക എന്ന ഉത്തരവാദിത്തത്തിന്‍റെ ഭാഗമായിട്ടുള്ളതാണ് അല്ലാതെ അത് എനിക്കുള്ളില്‍ ഉള്ള ഒരു തകരാറല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. തുടക്കത്തില്‍ ഇത്തരം സംസാരങ്ങള്‍ക്ക് ശേഷം ആളുകള്‍ എന്ത് വിചാരിക്കും എന്ന ചിന്തകാരണം വീണ്ടും എന്നെ ഉത്കണ്ഠ പിടികൂടുമായിരുന്നു.  എന്നെക്കുറിച്ചുള്ള എന്‍റെ വിലയിരുത്തലിനെയാണ് ഞാന്‍ ഭയപ്പെടുന്നതെന്ന് എനിക്ക് പതുക്കെ മനസിലായി. ആളുകള്‍ എന്‍റെ പ്രശ്നങ്ങളെ തള്ളിക്കളയുകയായിരുന്നില്ല, ചിലരൊക്കെ സ്വന്തം ദുഃഖങ്ങളും വേദനകളും എന്നോട് പങ്കുവെയ്ക്കുക പോലും ചെയ്തിരുന്നു. ഒടുവില്‍ എനിക്ക് ദീര്‍ഘകാലം നിലനില്‍ക്കുന്ന സൗഹൃദങ്ങള്‍ ഉണ്ടായി. 
എന്‍റെ യാത്ര ഒരര്‍ത്ഥത്തിലും അവസാനിച്ചിട്ടില്ല. ഞാന്‍ പരിചരിക്കുന്നവര്‍ നന്നായിരിക്കുന്നു. വിഷാദത്തോടും ഉത്കണ്ഠയോടുമുള്ള എന്‍റെ പോരാട്ടം ആജീവനാന്തം ഉള്ള ഒന്നായിരിക്കുമെന്ന് എനിക്ക് അറിയാം. എങ്കിലും സ്വന്തം ശബ്ദത്തിലും ഇച്ഛാശക്തിയിലും ഞാന്‍ കരുത്ത് കണ്ടെത്തുകയാണ്- ഞാന്‍ അങ്ങനെ മുന്നോട്ട് പോകുന്നു. 
സാമൂഹ്യ നവീകരണ രംഗത്തെ പ്രൊഫഷണലായ അരുണാരാമന്‍ ഇപ്പോള്‍ ഒരു അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നു. ഉത്കണ്ഠയേയും വിഷാദത്തേയും അകറ്റി നിര്‍ത്തി നിത്യവും ശാന്തിയും സമാധവും നിറഞ്ഞ മനസോടെ ജീവിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org