പരിചരണം നൽകൽ

താദാത്മ്യപ്പെടല്‍- നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അടുക്കാനുള്ള സുപ്രധാന മാര്‍ഗം

ഒരു വ്യക്തിയുടെ രോഗാവസ്ഥയേക്കുറിച്ചും അതുമൂലം അവര്‍ അനുഭവിക്കുന്ന മനോവികാരങ്ങളെക്കുറിച്ചും മനസിലാക്കുന്നത് അവരെ കൂടുതല്‍ നന്നായി പരിചരിക്കാന്‍ നിങ്ങളെ സഹായിക്കും.

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

നിങ്ങള്‍ മാനസികാരോഗ്യ പ്രശ്നമുള്ള ഒരു വ്യക്തിയെ പരിചരിക്കുന്നയാളാണെങ്കില്‍, നിങ്ങളുടെ ജീവിതത്തിന്‍റെ വിവിധ മേഖലകളെ അത് ബാധിക്കാന്‍ ഇടയുണ്ട്. തുടക്കത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ട ഒരാള്‍ക്ക് രോഗം കണ്ടെത്തി എന്നതിനോടും അങ്ങനെയൊരാള്‍ പെട്ടെന്ന് നിങ്ങളെ ആശ്രയിക്കുന്നയാളായി മാറിയെന്നതിനോടും പൊരുത്തപ്പെടാന്‍ ശ്രമപ്പെടേണ്ടി വരും. അതുപോലെ തന്നെ നിങ്ങള്‍ നിങ്ങളുടെ ഉത്തവാദിത്തങ്ങളും താല്‍പര്യങ്ങളും മുന്‍ഗണനകളും മറ്റും അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പുനഃക്രമീകരിക്കേണ്ടി വരും. ക്രമേണ, നിങ്ങള്‍ പ്രായോഗികമായ വെല്ലുവിളികള്‍ നേരിടാന്‍ തുടങ്ങും. കുടുംബാംഗത്തിന്‍റെ രോഗം മൂലം നിങ്ങള്‍ക്ക് വീട്ടുപണി കൂടുതല്‍ ചെയ്യേണ്ടി വരും, ചില കേസുകളില്‍  ദിവസം മുഴുവന്‍ അവരുടെ കാര്യങ്ങള്‍ നോക്കുകയും  അവരുടെ ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്യേണ്ടി വരും. നിങ്ങളുടെ ജീവിത ശൈലിയിലും പ്രിയപ്പെട്ടയാളുടെ ആരോഗ്യത്തിലും മാറ്റം വന്നതിനാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ അതുവരെയുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായ ഒരു തരത്തില്‍ ആസൂത്രണം ചെയ്യേണ്ടതായും വന്നേക്കും. ഇത്തരം മാറ്റങ്ങളിലൂടെ ഒരു കുടുംബാംഗത്തിന്‍റെ രോഗം മുഴുവന്‍ കുടുംബത്തേയും ബാധിച്ചേക്കും.
സാഹചര്യത്തോട് പൊരുത്തപ്പെടുക
അതുവരെ നന്നായി ജീവിച്ചുപോന്നിരുന്ന ഒരാള്‍, കുടുംബത്തിന് നല്ല മുതല്‍ക്കൂട്ടായിരുന്ന വ്യക്തി, ജോലിയില്‍ അല്ലെങ്കില്‍ പഠനത്തില്‍ നല്ല മികവ് പ്രകടിപ്പിച്ചിരുന്നയാള്‍ ഇപ്പോള്‍ അങ്ങനെയൊന്നും ചെയ്യാനാകാത്ത വിധത്തിലായിരിക്കുന്നു എന്നത് അംഗീകരിക്കാന്‍ പരിചരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടായി തോന്നിയേക്കും. ആ വ്യക്തി  ഭക്ഷണം കഴിക്കല്‍, കുളിക്കല്‍, ഉറങ്ങല്‍, അല്ലെങ്കില്‍ സ്വന്തം ശുചിത്വം പാലിക്കല്‍ പോലുള്ള ദൈനംദിന ജീവിത പ്രവര്‍ത്തികളോട് അവഗണന കാണിക്കാന്‍ തുടങ്ങിയേക്കും. മുമ്പ് വീട്ടുജോലികളില്‍ സഹായിച്ചിരുന്ന ഒരാള്‍ക്ക്, അല്ലെങ്കില്‍ കുടുംബത്തിന് വരുമാനം കണ്ടെത്തിയിരുന്നയാള്‍ക്ക് ഇപ്പോള്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ മൂലം അതിനൊന്നും കഴിഞ്ഞെന്നു വരില്ല. അവര്‍ക്ക് ചിലപ്പോള്‍ ഇടയ്ക്കിടെ മൂഡില്‍ (മനോഭാവത്തില്‍) മാറ്റം വന്നേക്കാം, അല്ലെങ്കില്‍ അത്യാവേശത്തോടെ, എടുത്തുചാടിയുള്ള പെരുമാറ്റം പ്രകടിപ്പിച്ചെന്നു വരാം.  
ഇത് പരിചരിക്കുന്നയാള്‍ക്ക് വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കിയേക്കും, പ്രത്യേകിച്ച് ഈ വ്യക്തിയുടെ സാമ്പത്തികമോ പ്രാവര്‍ത്തികമോ (ഉദാഹരണത്തിന് രോഗം മൂലം വീട്ടുജോലിയില്‍ സഹായിക്കാന്‍ കഴിയാതിരിക്കല്‍) ആയ പങ്കാളിത്തം കുറയുമ്പോള്‍. സാമൂഹ്യമായ കാര്യങ്ങളില്‍-കൂട്ടത്തില്‍ നിന്ന് പിന്‍വലിഞ്ഞ് നില്‍ക്കല്‍, തുറിച്ചുനോക്കല്‍, സ്വയം സംസാരിക്കല്‍, മറ്റുള്ളവരോട് പ്രതികരിക്കാതിരിക്കല്‍ തുടങ്ങിയവ - പോലുള്ള അനുചിതമായ പെരുമാറ്റം പ്രകടിപ്പിച്ചേക്കാം. 
മറഞ്ഞിരിക്കുന്ന സന്ദേശം മനസിലാക്കുക
നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ ആവര്‍ത്തിച്ച് ദേഷ്യപ്പെടുന്നതും ക്ഷോഭിക്കുന്നതും നീരസപ്പെടുന്നതുമൊക്കെ നിങ്ങളില്‍ വലിയ മാനസിക സംഘര്‍ഷവും നിരാശയും ഉണ്ടാക്കിയേക്കാം. നിങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നതിന് മുമ്പ് - ഇയാള്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ പെരുമാറുന്നത്? എന്താണ് അവര്‍ അറിയിക്കാന്‍ ശ്രമിക്കുന്നത്? എന്ന് ഒരു നിമിഷം ആലോചിക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗിയുടെ ഒരാവശ്യം നടക്കാതെ പോയതിന്‍റെ ഭാവപ്രകടനമായിരിക്കും മിക്കവാറും ഇത്തരത്തിലുള്ള പെരുമാറ്റം എന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ പരിചരിക്കുന്നയാള്‍ രോഗി  അറിയിക്കാന്‍ ശ്രമിക്കുന്ന ആ ആവശ്യം എന്താണെന്ന് മനസിലാക്കാന്‍  ശ്രമിച്ചാല്‍ അവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി അടുത്ത് ബന്ധപ്പെടാനും  പ്രശ്നം പരിഹരിക്കാന്‍ ഒരു വഴികണ്ടെത്താനും കഴിയും. ഉദാഹരണത്തിന്, വിശക്കുന്ന ഒരാള്‍ അസ്വസ്ഥനാകുകയോ തനിക്ക് വിശക്കുന്നു എന്ന കാര്യം മറ്റുള്ളവരെ വേണ്ടവിധത്തില്‍ അറിയിക്കാന്‍ അയാള്‍ക്ക് കഴിയാതെ വരുകയോ ചെയ്താല്‍ അയാള്‍ ദേഷ്യം പ്രകടിപ്പിച്ചേക്കാം. 
  നിറവേറ്റപ്പെടാതിരിക്കുന്ന ആവശ്യങ്ങളുടെ പേരില്‍ ആളുകള്‍ വലിയ നിരാശയും അസ്വസ്ഥതയും ദേഷ്യവുമൊക്കെ പ്രകടിപ്പിക്കുന്ന അവസരങ്ങളുണ്ട്. മാനസികാരോഗ്യ പ്രശ്നമുള്ളവര്‍ക്കിടയില്‍ ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണമായേക്കാവുന്ന ചില പൊതു സാഹചര്യങ്ങള്‍ താഴെ പറയുന്നു: 
  • ആ വ്യക്തിക്കുള്ള മാനസിക രോഗം അല്ലെങ്കില്‍ അതിന് കഴിക്കുന്ന മരുന്ന് ഉചിതമല്ലാത്തതായി പരിഗണിക്കപ്പെട്ടേക്കാവുന്ന ചില പെരുമാറ്റങ്ങള്‍ക്ക് കാരണമായേക്കാം. 
  • പരിചരിക്കുന്നയാളുടെ പ്രകടിപ്പിക്കുകയോ പ്രകടിപ്പിക്കാതിരിക്കുകയോ ചെയ്യുന്ന പ്രതീക്ഷകളും ചുറ്റുമുള്ള മറ്റുള്ളവരുമായി ഈ വ്യക്തിയെ താരതമ്യപ്പെടുത്തലും. ഉദാഹരണത്തിന്- "നിങ്ങള്‍ ഒരു കുട്ടിയെ പ്പോലെ പെരുമാറുന്നു", അല്ലെങ്കില്‍ അവനെ നോക്ക്,അവന്‍ ഇങ്ങനെയൊന്നും പെരുമാറില്ല.. എന്നിങ്ങനെയുള്ള താരതമ്യപ്പെടുത്തലുകള്‍).  ഈ വ്യക്തി  ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളുടെ വെല്ലുവിളിയൊന്നും നേരിടേണ്ടതില്ലാത്തവരും രോഗമുള്ളയാളുടെ  അതേ പ്രായത്തിലുള്ളവരുമായ മറ്റുള്ളവരെപ്പോലെ പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന്    പരിചരിക്കുന്നയാള്‍ ആഗ്രഹിക്കുകയും അങ്ങനെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇത് ആ വ്യക്തിയില്‍  നിരാശയും അസ്വസ്ഥതയും ജനിപ്പിക്കുന്നു. 
  • അമിതമായ പരിചരണം: പരിചരിക്കുന്ന പലരും  രോഗിക്ക് ആവശ്യമുള്ളതിനേക്കാള്‍ അധികം  പരിചരണവും ശ്രദ്ധയും കൊടുക്കുകയും  അവരെ ദൈനംദിന കര്‍ത്തവ്യങ്ങളും, ചെറിയ ചെറിയ വീട്ടുകാര്യങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും ചെയ്യുന്നതില്‍ നിന്ന് തടയുകയും ചെയ്യാറുണ്ട്. ഇത് രോഗിക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കിയേക്കും. 
  • ഉത്തേജനക്കുറവ്  അല്ലെങ്കില്‍ അമിത ഉത്തേജനം; ഇതില്‍ രോഗിക്ക്   ഇടപഴകാന്‍ ആരുമില്ല  എന്ന വസ്തുതയും ഉള്‍പ്പെട്ടിരിക്കാം. 
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍  കൈകാര്യം ചെയ്യല്‍
ഒരു മാനസിക രോഗം മറ്റേതൊരു രോഗം പോലെതന്നെയുള്ളതും ചികിത്സിക്കാവുന്നതുമാണ്. വ്യക്തിയുട ചില പെരുമാറ്റങ്ങള്‍ മാനസിക രോഗം മൂലം ആയിരിക്കും  എന്ന കാര്യം ഓര്‍ക്കണം. നിങ്ങള്‍ക്ക് നേരിടാന്‍ ബുദ്ധിമുട്ടുള്ളതായി തോന്നിയേക്കാവുന്ന അത്തരം പെരുമാറ്റങ്ങള്‍ ആ മനുഷ്യന്‍റെ ബലഹീനതയോ അയാള്‍ ബോധപൂര്‍വം തെരഞ്ഞെടുക്കുന്നതോ അല്ല. അതേസമയം തന്നെ ഒരു വ്യക്തിയുടെ എല്ലാ പ്രവര്‍ത്തിയും അയാളുടെ മാനസികാരോഗ്യ പ്രശ്നം മൂലമാണ് എന്ന് ആരോപിക്കാന്‍ തോന്നുന്ന ഒരു കെണിയില്‍ സ്വയം അകപ്പെട്ടു പോകുകയും ചെയ്യരുത്. ഈ വ്യക്തി മറ്റാരേയും പോലെ തന്നെയാണ്, അയാള്‍ അയാള്‍ക്ക് ചുറ്റുമുള്ള മറ്റുള്ളവരെപ്പോലെ തന്നെ തന്‍റെ  സന്തോഷവും നിരാശയും അസ്വസ്ഥതയും ദേഷ്യവും മുഷിച്ചിലുമൊക്കെ പ്രകടിപ്പിച്ചേക്കാം. ഇത് അയാളുടെ രോഗം മൂലമോ അല്ലെങ്കില്‍ രോഗലക്ഷണമോ ആയിരിക്കണമെന്നില്ല. 
പ്രകടിപ്പിക്കപ്പെടുന്ന വികാരങ്ങള്‍ ഒരു വ്യക്തിയുടെ രോഗമുക്തിയില്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.ഈ വ്യക്തിക്ക് പ്രതികൂല വികാരങ്ങളെ മനസിലാക്കാനുള്ള കഴിവുണ്ടായിരിക്കും, അത് അവരുടെ സൗഖ്യാവസ്ഥയ്ക്ക് തടസമുണ്ടാക്കുകയും ചെയ്യും. വിമര്‍ശിക്കുന്നതോ പ്രതികൂലമായതോ ആയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് ഒഴിവാക്കുക. അതിന് പകരം ആ വ്യക്തിയുമായി ഇടപെടുമ്പോള്‍ ഊഷ്മളമായ, സ്നേഹപൂര്‍ണമായ, വാത്സല്യ പൂര്‍ണമായ സമീപനം പുലര്‍ത്തുക. 
ചിലപ്പോഴൊക്കെ ഈ വ്യക്തിക്ക്, പരിചരിക്കുന്നയാള്‍ എന്താണ് പ്രതീക്ഷിക്കുന്നത്, അല്ലെങ്കില്‍ ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കുന്നതില്‍ അല്ലെങ്കില്‍ അതിനോട് ഒത്തുപോകുന്ന കാര്യത്തില്‍ ഒരു കുഴപ്പം ഉണ്ടായേക്കാം. പലപ്പോഴും പരിചരിക്കുന്നവര്‍ക്ക് അവരുടെ പ്രിയപ്പെട്ടയാളെ നന്നായി സംരക്ഷിക്കണം എന്നുണ്ടാകും. അതിനാല്‍ രോഗി ദിവസം മുഴുവന്‍ കിടക്കയില്‍ തന്നെ ഉണ്ടായിരിക്കണം എന്ന് വാശിപിടിക്കും, അല്ലെങ്കില്‍ അവര്‍ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ പോലും വീട്ടുകാര്യങ്ങളൊന്നും ചെയ്യാനോ അതില്‍ സഹായിക്കാനോ അവരെ അനുവദിക്കാതിരിക്കും. മാനസിക രോഗത്തിനുള്ള പുനരധിവാസം ശാരീരിക രോഗത്തിനുള്ള പുനരധിവാസത്തില്‍ നിന്നും വ്യത്യസ്തമായതാണ്. ചില തരത്തിലുള്ള മാനസിക തകരാറുകള്‍ ഉള്ള വ്യക്തികളെ ചികിത്സിപ്പിക്കേണ്ടതായി വന്നേക്കാം, അതോടൊപ്പം തന്നെ അവരെ ജോലിക്ക് പോകുക, വീട്ടുകാര്യങ്ങളില്‍ സഹായിക്കുക തുടങ്ങിയ കാര്യങ്ങളില്‍ വ്യാപൃതരാക്കാനും കഴിയും. ചില കാര്യങ്ങള്‍ ചെയ്തു തുടങ്ങുമ്പോള്‍ അവര്‍ക്ക് സഹായം ആവശ്യമായി വരും. നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് ഒരു പ്രത്യേക കാര്യം  കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടെന്ന്   നിങ്ങള്‍ക്ക് ഉറപ്പില്ലായെങ്കില്‍  ചികിത്സിക്കുന്ന സൈക്യാട്രിസ്റ്റുമായോ കൗണ്‍സിലറുമായോ നിങ്ങള്‍ക്ക് സംസാരിക്കാവുന്നതാണ്.
നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ വിഷമിച്ചിരിക്കുമ്പോള്‍ അയാളെ മനസിലാക്കി, അയോളോട് ഒപ്പം ചേര്‍ന്ന്, സഹാനുഭൂതിയോടെ പെരുമാറുക. നിങ്ങള്‍  നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെ കാണുന്നതുപോലെ തന്നെ ഈ വ്യക്തിയേയും കാണുക. അവര്‍ പറയുന്നത് കേട്ടിരിക്കുക- ഒരു മാനസിക രോഗം ഉണ്ട് എന്നതിന് അവര്‍ക്ക് വികാരങ്ങളൊന്നുമില്ല എന്നര്‍ത്ഥമില്ല. അവര്‍ എല്ലാ മനോവികാരങ്ങളും അനുഭവിക്കുന്നവരും എന്നാല്‍ കേള്‍ക്കാനാളില്ലാത്തവരുമാണ്. അവര്‍ക്ക് എന്താണ് അനുഭവപ്പെടുന്നതെന്നും   എന്ത് കാര്യമാണ് അല്ലെങ്കില്‍  പ്രവര്‍ത്തിയാണ് അവര്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതെന്നും അവരോട് ചോദിക്കുക. അവരെ വീട്ടുകാര്യങ്ങളിലും സംസാരങ്ങളിലും ഉള്‍പ്പെടുത്തുക- ഇതവരെ തങ്ങള്‍  സ്വാഗതം ചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നതായും  കുടുംബത്തിന്‍റെ ഒരു അവിഭാജ്യഘടകമായും അനുഭവപ്പെടുത്തും. 
എ ബി സി രീതി
മാനസികാരോഗ്യ വിദ്ഗധര്‍ പറയുന്ന്, രോഗമുള്ള വ്യക്തിയുടെ ഓരോ ദിവസത്തേയും പെരുമാറ്റത്തെക്കുറിച്ച് ഒരു നാള്‍വിവരപട്ടിക എ, ബി, സി എന്നീ രീതിയില്‍ എഴുതിയുണ്ടാക്കുന്നത് ഏറ്റവും ഫലപ്രദമായ സഹായം തേടാന്‍ പരിചരിക്കുന്നയാളെ സഹായിക്കുമെന്നാണ്. എ ബി സി എന്നാല്‍ എന്താണെന്ന് താഴെ പറയുന്നു: 
  • ആന്‍റിസിഡെന്‍റ് (മുമ്പ് സംഭവിച്ച കാര്യം) : നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ അത്തരത്തിലുള്ള പെരുമാറ്റം പ്രകടിപ്പിച്ചതിന് മുമ്പ് എന്താണ് സംഭവിച്ചത്? 
  • ബിഹേവിയല്‍ (പെരുമാറ്റം) : പ്രകടിപ്പിക്കപ്പെട്ട പെരുമാറ്റത്തിന്‍റെ സ്വഭാവം എന്തായിരുന്നു? (ദേഷ്യം, പിന്‍വലിയല്‍, മുതലായവ). അത് എത്ര നേരം നീണ്ടുനിന്നു? 
  • കോണ്‍സിക്വന്‍സസ്( പരിണിത ഫലങ്ങള്‍): എന്തായിരുന്നു ഈ പെരുമാറ്റത്തിന്‍റെ പരിണിത ഫലം, അതായത് ഈ പെരുമാറ്റത്തെ തുടര്‍ന്ന് എന്ത് സംഭവിച്ചു? പരിചരിക്കുന്നവര്‍ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ ഈ പെരുമാറ്റത്തോട് എങ്ങനെയാണ് പ്രതികരിച്ചത്? 
ആ പ്രത്യേക പെരുമാറ്റം വീണ്ടും ഉണ്ടാകാന്‍ പോകുന്നതിന്‍റെ സൂചനകള്‍  നിങ്ങള്‍ക്ക് ശ്രദ്ധിക്കാവുന്നതാണ്. ദേഷ്യം വരുമ്പോള്‍ ഒരാള്‍ മുഷ്ടി ചുരുട്ടിയേക്കാം, ശബ്ദം ഉയര്‍ത്തിയേക്കാം, അസ്വസ്ഥനാകാന്‍ തുടങ്ങിയേക്കാം. ഈ സൂചനകള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ ഇതെങ്ങിനെയായിരിക്കുമെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഇത്തരം പെരുമാറ്റം ഉണ്ടാകുമ്പോള്‍ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് കരുതിയിരിക്കാന്‍  സാധിക്കും.
ഈ വക കാര്യങ്ങളെല്ലാം നിങ്ങളുടെ പ്രിയപ്പെട്ടവരെ ചികിത്സിക്കുന്ന സൈക്യാട്രിസ്റ്റിനോ കൗണ്‍സിലര്‍ക്കോ കൈമാറിയാല്‍ അത് വിശകലനം ചെയ്ത് രോഗി ജീവിക്കുന്ന സാഹചര്യത്തില്‍ എന്ത് മാറ്റം വരുത്തിനാല്‍ അയാളുടെ പെരുമാറ്റത്തില്‍ മാറ്റം സൃഷ്ടിക്കാനാകുമെന്ന് അവര്‍ക്ക് മനസിലാക്കാനാകും. അതുപോലെ തന്നെ ഇത്തരം പെരുമാറ്റം വീണ്ടും ഉണ്ടായാല്‍ അതെങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ പരിചരിക്കുന്നവര്‍ക്ക് വിദഗ്ധരുടെ ഉപദേശം തേടുകയും ചെയ്യാം.
White Swan Foundation
malayalam.whiteswanfoundation.org