വിഷാദം പേറുന്ന ഒരു വ്യക്തിയോട് സംസാരിക്കേണ്ടത് എങ്ങനെയാണ്?

നിങ്ങൾ സ്‌നേഹിക്കുന്ന ഒരാൾക്ക് വിഷാദം ഉണ്ടെങ്കിൽ, പരിചരിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് നിങ്ങൾക്ക് അത് ഒരു വെല്ലുവിളി ആയിത്തീരാം. അവരോട് ഒരു പിന്തുണയക്കുന്ന മട്ടിൽ സംസാരിക്കേണ്ടത് എങ്ങനെയാണ് ഇതാ ഇവിടെ പറഞ്ഞിരിക്കുന്നു.

 ചെയ്യാൻ പാടില്ലാത്തത്: ആ വ്യക്തിയുടെ അനുഭവം നിസ്സാരവൽക്കുന്ന മട്ടിലുള്ള ഭാഷയോ വാക്കുകളോ ഉപയോഗിക്കുന്നത്. വിഷാദം ഉള്ള ആളുകൾ പലപ്പോഴും താഴെ പറയുന്നതു പോലെയുള്ള പ്രസ്താവനകൾ കേൾക്കാന്‍ ഇടവന്നു എന്നു വരാം:

"എല്ലാവരും വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്"

"നിങ്ങൾ എന്തിനാണ് അത് ഇത്ര വ്യക്തിപരമായി എടുക്കുന്നത്?"

"ഇതെല്ലാം ജീവിതത്തിന്‍റെ ഭാഗമാണ്, സന്തോഷിക്കൂ!"

"നിങ്ങൾ കുറച്ചു കൂടി വ്യായാമം ചെയ്തിരുന്നെങ്കിൽ, അല്ലെങ്കിൽ ഒരു പുതിയ വിനോദം കണ്ടു പിടിച്ചിരുന്നെങ്കിൽ നിങ്ങൾക്കു കുറച്ചു കൂടി ഭേദപ്പെട്ടതായി തോന്നുമായിരുന്നു."

ചെയ്യാവുന്നത്: അവർ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്, അത് അവർക്ക് വളരെ കഠിനം ആയിരിക്കും എന്ന് അംഗീകരിക്കുക.

ചെയ്യാൻ പാടില്ലാത്തത്: വിഷാദലക്ഷണങ്ങൾ അടക്കി വയക്കുന്നതിന് ആ വ്യക്തിയെ പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുന്നത്. തങ്ങൾ എന്തോ തെറ്റു ചെയ്യുകയാണ് എന്ന് അവർ സ്വയം അനുമാനിക്കത്തക്ക വിധത്തിൽ എന്തെങ്കിലും പറയുന്നത് ഒഴിവാക്കുക:   "എന്തിനാണ് നിങ്ങൾ കരയുന്നത്?"

"കരയുന്നത് നിർത്തൂ"

"വിഷമിക്കുന്നത് എന്തിനാണ്, സന്തോഷമായിരിക്കൂ!"

ചെയ്യാൻ പാടില്ലാത്തത്: അവർ സ്വയം തയ്യാറാകുന്നതു വരെ അവരെ ആ മാനസികാവസ്ഥയിൽ നിന്നു പുറത്തു വരാൻ നിർബന്ധിക്കുന്നത്. 

ചെയ്യാവുന്നത്: അവരെ അങ്ങനെ തന്നെ വിട്ടേക്കുക. അവർക്കു ആവശ്യമുള്ള പക്ഷം അവർക്കു വേണ്ടി നിങ്ങൾ എപ്പോഴും ഉണ്ടായിരിക്കും എന്ന് അവർ അറിയാൻ ഇട വരുത്തുക. നിങ്ങള്‍ക്ക് അവരുടെ തോളിലൂടെ ഒന്നു കൈയ്യിടുകയോ അവരെ ഒന്ന് ആലിംഗനം ചെയ്യുകയോ ചെയ്യാവുന്നതാണ്. 

ചെയ്യാൻ പാടില്ലാത്തവ: അവർ അവരുടെ വിഷാദാവസ്ഥയിൽ നിന്നു പുറത്തു വരുമ്പോൾ, എന്തെങ്കിലും അന്വേഷിക്കുകയോ അഭിപ്രായം പറയുകയോ ചെയ്യുന്നത്.

"ഓ, നോക്കൂ ഇതാരാണ് ഇപ്പോൾ നല്ല മിടുക്കി/മിടുക്കൻ ആയിട്ടിരിക്കുന്നത്  എന്ന്!"

ചെയ്യാവുന്നത്: സാധാരണ സംഭാഷണം വീണ്ടെടുക്കുക. അവരോട് ആ സംഭവത്തെ പറ്റി സംസാരിക്കുന്നതിന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് സൗമ്യമായി ചെയ്യുക:"നിങ്ങൾക്ക് ഇപ്പോൾ സുഖം തോന്നുന്നുണ്ടോ?"

"നിങ്ങൾക്ക് എന്നോടു വല്ലതും പറയണം എന്നു തോന്നുന്നുവോ?"

"എനിക്ക് എന്തെങ്കിലും തരത്തിൽ സഹായിക്കുവാൻ കഴിയുമോ?"

അവർ എപ്പോൾ തയ്യാറാകുന്നുവോ അപ്പോൾ അവരെ കേൾക്കുന്നതിന് നിങ്ങൾക്ക് മനസ്സുണ്ട് എന്ന് അവരെ അറിയിക്കുക. സംസാരത്തിലൂടെ അല്ലാതെ ആംഗികമായ ആശയവിനിമയം (പുറത്ത് തട്ടുന്നത് അല്ലെങ്കിൽ ആലിംഗനം ചെയ്യുന്നത്) ഉപയോഗിക്കുന്നത് നിങ്ങൾ അവരെ പിന്തുണയ്ക്കുന്നുണ്ട് എന്ന് ആ വ്യക്തിയെ മനസ്സിലാക്കിക്കുന്നതിൽ വളരെ പ്രധാനമാണ്.

ചെയ്യാൻ പാടില്ലാത്തത്: നിങ്ങളോടു സംസാരിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതും അവർ ആശയവിനിമയത്തിനു തയ്യാറല്ലാത്ത ഇടവേളയിൽ ആയിരിക്കുമ്പോൾ അവരോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നതും. 

ചെയ്യാവുന്നത്: അവർ എങ്ങനെയോ അങ്ങനെ തന്നെ ആവട്ടെ എന്നു വയ്ക്കുന്നത്. അവർ നിങ്ങളോടു പങ്കു വയ്ക്കുന്നതിനു തയ്യാറാണെങ്കിൽ അവർക്ക് സംഭവിക്കുന്നത് എന്താണ് എന്നു മനസ്സാലക്കുന്നതിന് നിങ്ങൾക്ക് താൽപ്പര്യമുണ്ട് എന്ന് അവർ അറിയാൻ ഇട വരട്ടെ. നിങ്ങൾക്ക് ഇങ്ങനെ പറായം, "ഈ സമയത്ത് നിങ്ങൾക്ക് എന്നോടു സംസാരിക്കുവാൻ താൽപ്പര്യമുണ്ടാകില്ല എന്ന് എനിക്ക് അറിയാം, ഞാൻ അത് അംഗീകരിക്കയും ചെയ്യുന്നു."

നിങ്ങൾ സ്‌നേഹിക്കുന്ന വ്യക്തിയെ ബുദ്ധിമുട്ടിക്കുന്നത് എന്താണ് എന്ന് അറിയുന്നതിനു നിങ്ങൾക്കു താൽപ്പര്യം തോന്നുന്നതും അവർ സുഖപ്പെടുന്നതിനു വേണ്ടി അവരെ സഹായിക്കേണ്ടത് എങ്ങനെയാണെന്നു അറിയാതിരിക്കുമ്പോൾ നിസ്സഹായത തോന്നുന്നതും സ്വാഭാവികമാണ്. സൗമ്യമായി ചോദിക്കുക; അവരുടെ ഭാഗത്തു നിന്ന് ഒരു എതിർപ്പ് ഉണ്ടെന്നു നിങ്ങൾക്കു തോന്നുന്നു എങ്കിൽ, അത് ഇപ്പോൾ നിങ്ങളോടു ചർച്ച ചെയ്യുന്നതിനുള്ള ഇടം അവര്‍ക്ക് ഇല്ലായിരിക്കാം എന്നതു അംഗീകരിക്കുക.

ചെയ്യാൻ പാടില്ലാത്തത്: താഴെ പറയും പോലെയുള്ള നിർണ്ണായകങ്ങളായ അഭിപ്രായങ്ങൾ പറയുന്നത്:

"നിങ്ങൾ ഒരുകാലത്തും മെച്ചപ്പെടാൻ പോകുന്നില്ല."

"എല്ലാ ദിവസവും ഇങ്ങനെയിരിക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്കറിയാം."

"നിങ്ങളുടെ പെരുമാറ്റം കൊണ്ട് എനിക്കു മതിയായിരിക്കുന്നു."

"നിങ്ങൾക്ക് എപ്പോഴാണ് ഒരു മാറ്റമുണ്ടാവുക?"

"എപ്പോഴാണ് നിങ്ങൾക്കൊന്നു ഭേദമാവുക?"

"നിങ്ങൾ ആവശ്യത്തിനു പരിശ്രമിക്കുന്നില്ല."

"നിങ്ങൾക്ക് വേണ്ടത്ര മനഃശക്തി ഉണ്ടെങ്കിൽ, ഭേദപ്പെടുമായിരുന്നു."

"നിങ്ങൾ ഇങ്ങനെ പെരുമാറുന്നത് തുടരുകയാണെങ്കിൽ, ഞാൻ നിങ്ങളോടു സംസാരിക്കുവാൻ ഇഷ്ടപ്പെടുന്നില്ല."

ആ വ്യക്തി അയാളുടെ പെരുമാറ്റത്തിൽ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് ബോധവാനാകണം എന്ന ഉദ്ദേശത്തോടെ ആയിരിക്കാം ഇങ്ങനെയുള്ള പ്രസ്താവനകൾ നടത്തുന്നത് എങ്കിലും ഇത് ആ വ്യക്തിക്ക് താൻ തന്‍റെ അസുഖത്തിന്‍റെ അനുഭവങ്ങളിലേക്കു ചുരുങ്ങി പോകുന്നു എന്നായിരിക്കും പലപ്പോഴും അനുഭവപ്പെടുക. മനഃപൂർവ്വമല്ലെങ്കിലും ആ വ്യക്തി എന്തോ തെറ്റു ചെയ്യുകയാണ് എന്നോ മനഃപൂർവ്വം അസുഖം ഭാവിക്കുന്നതാണ് എന്നോ ദ്യോതിപ്പിക്കുന്നതിനു ഇവയ്ക്കു കഴിയുകയും ചെയ്യും. 

ഇത്തരം അഭിപ്രായങ്ങൾ നിങ്ങൾ സ്‌നേഹിക്കുന്ന വ്യക്തി ഹൃദയത്തിലേക്ക് ആവാഹിക്കാതിരിക്കുന്നതിനും സാദ്ധ്യതയുണ്ട്, എന്നിരുന്നാലും അവർ എളുപ്പത്തിൽ മുറിപ്പെടാൻ തക്ക മാനസികാവസ്ഥയിൽ ആണെങ്കിൽ, അവരുടെ രോഗലക്ഷണങ്ങൾ കൂടുതൽ വഷളായി എന്നു വരാം. ചില അവസരങ്ങളിൽ, സ്‌നേഹിക്കപ്പെടുന്നില്ല, തന്‍റെ ജീവിതത്തിനു മുല്യമില്ല തുടങ്ങിയ ചിന്തകളുമായി അവർ മുൻപേ തന്നെ സ്വന്തം മനസ്സിൽ യുദ്ധം തുടങ്ങിയിരുന്നു എങ്കിൽ, ഇതേ പോലുള്ള ഉത്തേജന വാക്കുകൾക്ക് തങ്ങളെ സ്വയമോ അല്ലെങ്കിൽ മറ്റുള്ളവരേയോ മുറിവേൽപ്പിച്ചേക്കം എന്നതു വരെ പരിഗണിപ്പിക്കുന്നതിനു കഴിഞ്ഞെന്നും വരാം. 

ചെയ്യാവുന്നത്: അസുഖം അവരുടെ തെറ്റ് ആണ് എന്നു ദ്യോതിപ്പിക്കാത്ത വിധത്തിൽ, നിങ്ങളുടെ ഉത്കണ്ഠ വ്യക്തമായി പ്രകാശിപ്പിക്കുക. നിങ്ങൾക്ക് ഏതാണ്ട് ഇതുപോലെ എന്തെങ്കിലും പറയാവുന്നതാണ്: "നിങ്ങളെ എല്ലാ ദിവസവും ഇങ്ങനെ ദുഃഖിച്ചു കാണുമ്പോൾ, എനിക്ക് നിങ്ങളെ കുറിച്ച് ഉത്കണ്ഠ തോന്നുന്നുണ്ട്. നിങ്ങളെ പിന്തുണയ്ക്കുന്നതിനായി എനിക്ക് ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടോ?" 

വിഷാദം ബാധിച്ചിട്ടുള്ള ഒരു വ്യക്തിയുമായി ആശയവിനിമയം നടത്തുമ്പോൾ മനസ്സിൽ സൂക്ഷിക്കേണ്ട,  ചെയ്യാവുന്ന മറ്റു ചിലകാര്യങ്ങൾ

  • രോഗനിർണ്ണയം നടത്തപ്പെടുന്നതിനു മുമ്പ് നിങ്ങൾ ആ വ്യക്തിയോട് എങ്ങനെയാണോ പെരുമാറിയിരുന്നത് അതേ പോലെ തന്നെ തുടർന്നും പെരുമാറുക. രോഗത്തെ കുറിച്ച് എപ്പോഴു ചർച്ച ചെയ്യേണ്ട ആവശ്യമില്ല, നിങ്ങൾ സ്‌നേഹിക്കുന്ന ആ വ്യക്തി തന്നെ അസുഖ വിഷയം എടുത്ത് ഇടുകയാണെങ്കിൽ മാത്രമേ നിങ്ങൾ അതു ചെയ്യേണ്ടതുള്ളു. 
  • അനാവശ്യമായി അധികം തലയിടുന്ന രീതിയിൽ അല്ലാതെ അവരുടെ പെരുമാറ്റത്തേയും മനോഭാവത്തേയും കുറിച്ച് എപ്പോഴും അവബോധത്തോടെ ഇരിക്കുക. അവർ നിങ്ങളോടു സംസാരിക്കുവാൻ തയ്യാറല്ല എങ്കിൽ അവരെ ഒന്നു ആലിംഗനം ചെയ്യുകയോ പുറത്തു തട്ടുകയോ ചെയ്തുകൊണ്ട് നിങ്ങളുടെ പിന്തുണ അവരെ അറിയിക്കുക.
  • അവർക്ക് പിന്തുണ ആവശ്യമുണ്ട് എന്നു നിങ്ങൾക്കു തോന്നുന്ന പക്ഷം നിങ്ങളുടെ പിന്തുണ അവർക്ക് ആവശ്യമുണ്ടോ എന്നു തിരക്കുക: "നിങ്ങൾക്കു സംസാരിക്കുവാൻ താൽപ്പര്യമുണ്ടോ?" അല്ലെങ്കില്‍  "ഏതെങ്കിലും തരത്തിൽ എനിക്കു നിങ്ങളെ പിന്തുണയക്കുവാൻ കഴിയുമോ?"

വിഷാദം ബാധിച്ചവരോട്: സദുദ്ദേശത്തോടെ എന്ന മട്ടില്‍ ഉള്ള അഭിപ്രായങ്ങളോടോ ഉപദേശങ്ങളോടോ പ്രതികരിക്കേണ്ടത് എങ്ങനെയാണ്? 

സദുദ്ദേശത്തോടെയുള്ള എന്ന മട്ടിലുള്ള അഭിപ്രായങ്ങളും നിങ്ങൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ഉപദേശങ്ങളും കൈകാര്യം ചെയ്യുന്നതിന് തയ്യാറെടുക്കുന്നത് നിങ്ങൾക്കു സഹായകമാകും. അങ്ങനെയുള്ള അവസരങ്ങളിൽ പ്രതികരിക്കുന്നതിനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടി നിങ്ങളുടെ സൈക്യാട്രിസ്റ്റിനോടോ കൗൺസിലറിനോടോ സംസാരിക്കാവുന്നതാണ്.

വിനയമുള്ള എന്നാൽ വ്യക്തമായ സന്ദേശം നൽകുന്ന ഉത്തരങ്ങൾ നിങ്ങൾക്ക് തയ്യാറാക്കാവുന്നതാണ്:

"നിങ്ങളുടെ ഉത്കണ്ഠയിൽ നന്ദിയുണ്ട്. എനിക്കു സഹായം ലഭിക്കുന്നുണ്ട്, ഇപ്പോൾ എനിക്കു ഭേദം തോന്നുന്നുണ്ട്." 

അനാവശ്യമായി തലയിടുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് അവ എന്നു തോന്നുകയും നിങ്ങൾക്ക് അവയുടെ ഉത്തരം നൽകുന്നത് ബുദ്ധിമുട്ടാണ് എന്നു  അനുഭവപ്പെടുകയും ചെയ്യുന്നു എങ്കിൽ, നിങ്ങൾക്ക് ഇങ്ങനെ പറയാം, "ഇതേ കുറിച്ച് ഇപ്പോൾ സംസാരിക്കുന്നതിന്  എനിക്കു ബുദ്ധിമുട്ടുണ്ട്." 

മറ്റുള്ളവരുടെ അഭിപ്രായങ്ങളും ചോദ്യങ്ങളും മൂലം നിങ്ങൾ വല്ലാതെ പരവശമാകുന്നു എങ്കിൽ ഒരു പവർത്തി പദ്ധതി ഉണ്ടാക്കുന്നതിനു വേണ്ടി നിങ്ങളുടെ സൈക്യാട്രിസ്റ്റിന്‍റേയോ കൗൺസിലറുടേയോ പിന്തുണ തേടുക. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org