പരിചരിക്കുന്നവര്‍ക്ക് വിശ്രമം

മാനസിക രോഗമുള്ള ഒരു വ്യക്തിയെ പരിചരിക്കുന്നയാള്‍ക്ക് ഇടയ്ക്ക് അല്‍പം വിശ്രമം എടുക്കുന്നതിനായി സേവനം നല്‍കുന്ന നിരവധി സംവിധാനങ്ങള്‍ ഇവിടെയുണ്ട്.
സുധ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ബിസിനസ് ഡവലപ്പ്മെന്‍റ് എക്സിക്യുട്ടീവായി ജോലിനോക്കുകയാണ്. ജോലിയുടെ ഭാഗമായി അവര്‍ക്ക് കുറച്ച് യാത്ര ചെയ്യേണ്ടി വരാറുണ്ട്. സുധയുടെ അമ്മയ്ക്ക് അല്‍ഷിമേഴ്സ് രോഗം ഉണ്ടെന്ന് അടുത്തകാലത്ത് കണ്ടെത്തിയിരുന്നു. താന്‍ ജോലി സംബന്ധമായി യാത്ര പോകുമ്പോള്‍ ആര് അമ്മയെ നോക്കും എന്നോര്‍ത്ത് സുധ വലിയ പ്രതിസന്ധിയിലായി.
 മാനസിക രോഗമുള്ള ഒരാളെ സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക എന്നത് പരിചരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയുള്ള കാര്യമാണ്.അത് അല്‍ഷിമേഴ്സ് രോഗം പോലെ  ക്രമേണ വര്‍ദ്ധിക്കുന്നതും ചികിത്സിച്ച് ഭേദമാക്കാനാകാത്തതുമായ രോഗമുള്ളയാളുടെ കാര്യത്തിലാകുമ്പോള്‍ പരിചരിക്കുന്നയാള്‍ക്ക് കുറച്ചുകഴിയുമ്പോള്‍ അതൊരു വലിയ മാനസിക സംഘര്‍ഷമുണ്ടാക്കുന്ന കാര്യമാകുകയും ചിലപ്പോള്‍ അത് അവരെ തകര്‍ത്തുകളയുന്നത്ര ഗുരുതരമാകുകയും ചെയ്തേക്കാം.
മാനസിക രോഗമുള്ളയാളെ ഒരു സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടൊരു പങ്കാണ് വഹിക്കാനുള്ളത്. എന്നിരുന്നാലും അവരെ പരിചരിക്കുന്നവര്‍ക്ക് ഇടയ്ക്കൊരു വിശ്രമം വേണ്ടി വന്നേക്കും.  അത്തരത്തില്‍, പരിചരിക്കുന്ന ഒരാള്‍ ജോലി സംബന്ധമോ വ്യക്തിപരമോ ആയ കാരണങ്ങള്‍ മൂലം താത്ക്കാലികമായ ഒരു വിശ്രമം ആഗ്രഹിക്കുകയോ പരിചരിക്കുക എന്നതില്‍ നിന്ന് ഒരു ഇടവേളയെടുക്കാന്‍ വിചാരിക്കുകയോ ചെയ്യുന്നു എങ്കില്‍ അതിനായി തങ്ങളുടെ പ്രിയപ്പെട്ടവരുടെ പരിചരണം തല്‍ക്കാലത്തേക്ക് ഏല്‍പ്പിക്കാവുന്ന നിരവധി സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാണ്. 
വിശ്രമകാല പരിചരണ സൗകര്യങ്ങള്‍ പ്രധാനമായും  ജോലി സംബന്ധമായ കാര്യങ്ങള്‍ക്കു പോകുന്നതിനോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നതിനോ ആയി പരിചരിക്കുന്നവര്‍ക്ക് വിശ്രമം നല്‍കുന്നവയാണ്. വിശ്രമ പരിചരണ സൗകര്യം രണ്ടു തരത്തിലാണുള്ളത്: ~ഒരു വീട്ടിലേതുപോലുള്ള സംവിധാനത്തില്‍  താമസിപ്പിച്ചുകൊണ്ടുള്ള (റെസിഡന്‍ഷ്യല്‍) പരിചരണവും അത്തരത്തിലല്ലാതെ പോയിവരുന്ന തരത്തിലുള്ള  പരിചരണ സംവിധാനവും. ഇതിലേതാണ് വേണ്ടതെന്ന് നിശ്ചയിക്കുന്നത് രോഗത്തിന്‍റെ തീവ്രതയും രോഗി എത്രമാത്രം സ്വയം കാര്യങ്ങള്‍ ചെയ്യുന്നയാളാണ് എന്നതും അതോടൊപ്പം സാമൂഹികവും സാമ്പത്തികവുമായ നിലയും സേവനം ലഭ്യമാണോ മുതലായ കാര്യങ്ങളും പരിഗണിച്ചുകൊണ്ടായിരിക്കണം. 
രോഗം വളരെ ഗുരുതരവും സ്വന്തം വ്യക്തി ശുചിത്വവും ദിനചര്യകളും പാലിക്കുന്നതിനുള്ള ശേഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയുമാണെങ്കില്‍ വീട്ടില്‍ താമസിപ്പിച്ചുകൊണ്ട് പരിചരിക്കുന്ന സേവനം തെരഞ്ഞെടുക്കേണ്ടി വരും. അതല്ല, രോഗിക്ക് തന്‍റെ ദൈനംദിന കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കുകയും എന്നാല്‍ എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനുള്ള ശേഷി നേടാനുള്ള പരിശീലനം ആവശ്യമായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണെങ്കില്‍ വീട്ടില്‍ താമസിച്ചു കൊണ്ടല്ലാതെ പോയിവന്നുകൊണ്ടുള്ള സേവനം പരിഗണിക്കാവുന്നതാണ്. 
 ഒരിടത്ത് താമസിപ്പിച്ചുകൊണ്ടുള്ള (റെസിഡന്‍ഷ്യല്‍) പരിചരണം : ഇത്തരത്തിലുള്ള സൗകര്യത്തില്‍, രോഗമുള്ള വ്യക്തിയെ വീടുപോലുള്ള ഒരു സംവിധാനത്തില്‍ കുറച്ചു നാളത്തേക്ക് താമസിപ്പിക്കുകയാണ് ചെയ്യുന്നത്. അവിടെ അവര്‍ക്ക് ഭക്ഷണം, താമസം എന്നിവയോടൊപ്പം അവരുടെ പതിവ് വൈദ്യ പരിശോധനകള്‍ക്കുള്ള സൗകര്യം പുനരധിവാസം എന്നിവയും ലഭ്യമാകും. രോഗിയുടേയും ആയാളുടെ കുടുംബത്തിന്‍റേയും ആവശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ പല തരത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമായിരിക്കും.  താമസിപ്പിച്ചുകൊണ്ടുള്ള പരിചരണം തന്നെ പല തരത്തിലുണ്ട്, അവ താഴെ പറയുന്നു: 
  • ആറുമാസ അഥവാ ഇടക്കാല വീടുകള്‍ : മാനസിക രോഗമുള്ള ഒരു വ്യക്തി ചികിത്സ നേടുകയും കഠിനമായ രോഗാവസ്ഥ കടക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ദൈനംദിന ജീവിതത്തിനുള്ള ശേഷി വികസിപ്പിക്കുന്നതിനും സാമൂഹികവും വ്യക്തിപരവുമായ ഇടപഴകലുകള്‍ക്കും തൊഴിലെടുക്കുന്നതിനുമുള്ള പരിശീലനം ആവശ്യമുള്ള അവസ്ഥയാണെങ്കില്‍  ഇത് തെരഞ്ഞെടുക്കാവുന്നതാണ്. ഇവിടെ ആ വ്യക്തി കുറഞ്ഞത് ആറുമാസമെങ്കിലും താമസിപ്പിക്കപ്പെടുകയാണ് ചെയ്യുക.
  • മൂന്നുമാസ അഥവാ ഹ്രസ്വകാല വീടുകള്‍: കഠിനമായ രോഗമുള്ള ആളുകളെ കുറഞ്ഞത് മൂന്നുമാസമെങ്കിലും താമസിപ്പിച്ച് പരിചരിക്കുന്ന സംവിധാനമാണിത്. 
ആറുമാസ/മൂന്നു മാസ വീടുകള്‍ എന്നത് ഡോക്ടര്‍മാര്‍, മനോരോഗ ചികിത്സകര്‍, മനഃശാസ്ത്രജ്ഞര്‍, നേഴ്സുമാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന ഒരു സംഘം അടങ്ങുന്ന ഒരു സംവിധാനമായിരിക്കും. എന്തെങ്കിലും തരത്തിലുള്ള അടിയന്തിര വൈദ്യ സഹായം ആവശ്യമുണ്ടെങ്കില്‍ അതിനുള്ള സംവിധാനവും ഇവിടെയുണ്ടായിരിക്കും. 
ആറുമാസ (ഇടക്കാല) / മൂന്നുമാസ (ഹ്രസ്വകാല) വീടുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? 
ഇത് തെരഞ്ഞെടുത്തു കഴിഞ്ഞാല്‍, രോഗമുള്ള വ്യക്തി സാധാരണയായി ആദ്യം ഹ്രസ്വകാലത്തേക്ക് ഇവിടെ താമസിപ്പിക്കപ്പെടും. ഇതിനെ ഒരു പരീക്ഷണ (ട്രയല്‍) കാലത്തെ താമസം എന്നാണ് പറയുന്നത്. രോഗമുള്ള വ്യക്തിക്ക് ഈ സ്ഥലവുമായി ഇണങ്ങുന്നതിനു വേണ്ടിയാണ് ഇങ്ങനെ താമസിപ്പിക്കുന്നത്. അതിനെ തുടര്‍ന്ന് ആ വ്യക്തിക്ക് ഈ സ്ഥലം ഇണങ്ങുന്നതായി തോന്നുകയും കുടുംബം സമ്മതിക്കുകയും ചെയ്താല്‍ പിന്നെ രോഗമുള്ളയാളെ അവിടെ താമസിപ്പിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്നതാണ്. 
ആറുമാസ (ഇടക്കാല) / മൂന്നുമാസ (ഹ്രസ്വകാല) വീട്ടില്‍ അവര്‍ എന്താണ് ചെയ്യുന്നത്? 
കഠിനമായ മാനസിക രോഗമുള്ള വ്യക്തികള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം.  പല്ലുതേയ്ക്കുക, കുളിക്കുക തുടങ്ങിയ ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് രോഗം മൂലം കഴിവില്ലാതായിട്ടുണ്ടാകാം. അതുപോലെ തന്നെ അവര്‍ക്ക് തുടര്‍ച്ചയായ വൈദ്യപരിശോധനയും പരിചരണവും  മേല്‍നോട്ടവും ആവശ്യമായി വന്നേക്കാം. 
ആറുമാസ വീടുകളില്‍ തുണിയലക്കുക, പല്ലുതേയ്ക്കുക, സ്വന്തം മുറി വൃത്തിയാക്കുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള പരിശീലനം ഉണ്ടായിരിക്കും. ഇത്തരത്തില്‍ ഇവിടെ രോഗമുള്ള വ്യക്തി എല്ലായ്പ്പോഴും എന്തെങ്കിലും കാര്യത്തില്‍ വ്യാപൃതനാക്കപ്പെടുന്നു. ഇവിടത്തെ കാര്യക്രമത്തില്‍ അകത്തും പുറത്തുമുള്ള കായിക വിനോദങ്ങള്‍, കരകൗശലം, ചിത്രരചന പോലുള്ള കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. 
വീട്ടില്‍ താമസിപ്പിച്ചല്ലാത്ത (നോണ്‍-റെസിഡന്‍ഷ്യല്‍) പരിചരണം: മാനസിക രോഗമുള്ള ഒരു വ്യക്തി അതില്‍ നിന്ന് മുക്തിനേടിക്കൊണ്ടിരിക്കുകയും ആ വ്യക്തിക്ക് തന്‍റെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കുകയുമാണെങ്കില്‍ ആ വ്യക്തിക്കായി ഒരു നോണ്‍ റെസിഡന്‍ഷ്യല്‍ പരിചരണ സംവിധാനം പരിഗണിക്കാവുന്നതാണ്. ആ വ്യക്തിയ്ക്കുള്ള കഴിവുകള്‍ കൂടുതല്‍  മെച്ചപ്പെടുത്തുന്നതിലായിരിക്കും ഇവിടെ പ്രധാനമായും ശ്രദ്ധവെയ്ക്കുന്നത്. 
പകല്‍ പരിചരിക്കുക (ഡെ കെയര്‍) സൗകര്യമുള്ള  ഇത്തരം കേന്ദ്രങ്ങളില്‍ രോഗമുള്ള വ്യക്തിക്ക് രാവിലെ ചെന്ന് പകല്‍ മുഴുവന്‍ അവിടത്തെ പരിശീലനങ്ങളിലും മറ്റ് പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിട്ട് വൈകുന്നേരം കുടുംബത്തിലേക്ക് തിരിച്ചു പോകാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇവിടെ ഇവര്‍ക്കായി ഒരുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കളികള്‍, സാമൂഹ്യമായി ഇടപഴകുന്നതിനുള്ള ശേഷി വളര്‍ത്തല്‍, ജീവനോപാധി കണ്ടെത്തുന്നതിനും ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിനുമുള്ള പരിശീലനങ്ങള്‍, ആര്‍ട്ട് തെറാപ്പി, ചലനം അടിസ്ഥാനമാക്കിയുള്ള തെറാപ്പി, യോഗ, സംഗീത ചികിത്സ എന്നിവയും മെഴുകുതിരി നിര്‍മാണം, വസ്ത്രനിര്‍മാണം, അച്ചടി, കുട്ടനെയ്ത്ത്, പലഹാരമുണ്ടാക്കല്‍, കംപ്യൂട്ടര്‍ പഠനം തുടങ്ങിയവയും ഉള്‍പ്പെട്ടിരിക്കും. രോഗമുള്ള വ്യക്തിക്ക് അവരുടെ കഴിവും താല്‍പര്യവും അനുസരിച്ച് ഇതിലേത് പ്രവര്‍ത്തനത്തിലും പരിശിലനത്തിലും പങ്കെടുക്കാവുന്നതാണ്. 
കുടുംബത്തിന്‍റെ പങ്ക്
മനോരോഗമുള്ളവരുടെ പുനരധിവാസത്തിന്‍റെ കാര്യത്തില്‍ ആ വ്യക്തി, താമസിപ്പിച്ചുകൊണ്ടുള്ളതോ അല്ലാത്തതോ ആയ പരിചരണത്തിലിരിക്കുമ്പോഴും അവരുടെ കാര്യത്തില്‍ കുടുംബത്തിന് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ടായിരിക്കും. ചിലപ്പോള്‍  താമസിപ്പിച്ചുകൊണ്ടുള്ള പരിചരണത്തില്‍ രോഗമുള്ള വ്യക്തി അവസ്ഥ മെച്ചപ്പെട്ടതിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും അതിനെ തുടര്‍ന്ന് കുറച്ചു നാളത്തെ പുനരധിവാസത്തിന് ശേഷം അവര്‍ കുടുംബത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ അവരുടെ പ്രവര്‍ത്തനത്തില്‍ ഒരു ശേഷിക്കുറവ് അല്ലെങ്കില്‍ തകരാറ് പ്രകടിപ്പിക്കുകയും ചെയ്തേക്കാം. അതിനാല്‍ കുടുംബാംഗങ്ങള്‍ മാനസികാരോഗ്യ വിദഗ്ധരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അതിലൂടെ കുടുംബാന്തരീക്ഷം ആ വ്യക്തിക്ക് ഇണങ്ങുന്നതാക്കി മാറ്റാനും ആ വ്യക്തിയുടെ പെരുമാറ്റത്തിലും പ്രവര്‍ത്തനങ്ങളിലും ആകെ തന്നെയും ഒരു തളര്‍ച്ചയ്ക്കും തകര്‍ച്ചയ്ക്കും ഇടയാക്കിയേക്കാവുന്ന പ്രതികൂലാവസ്ഥകള്‍ ഒന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനും കുടുംബാംഗങ്ങള്‍ക്കാകും. 
ഒരു വിശ്രമകാല പരിചരണ സംവിധാനത്തിനായി എവിടെ തിരയണം?
മനോരോഗമുള്ള ഒരു വ്യക്തിയെ പരിചരിക്കുന്നയാള്‍ എന്തെങ്കിലും ആവശ്യത്തിനായി ഒരു ഇടവേളയോ വിശ്രമമോ എടുക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ആ കാലയളവില്‍ രോഗമുള്ള വ്യക്തിയെ പരിചരിക്കുന്നതിനുള്ള സംവിധാനത്തിനായി ആദ്യം തിരയേണ്ടത് സ്വന്തം പരിചയ വൃത്തത്തിനകത്തു തന്നെയാണ്- അതായത്,പരിചരിക്കുക എന്ന പണി പങ്കുവെയ്ക്കാന്‍ തയ്യാറുള്ള ഏതെങ്കിലും സുഹൃത്തോ കുടുംബാംഗമോ ബന്ധുക്കളോ ഉണ്ടോയെന്ന് തിരക്കുക. അത് സാധ്യമല്ലായെങ്കില്‍ നിങ്ങള്‍ക്ക് ആ വ്യക്തിയെ ചികിത്സിക്കുന്ന മനോരോഗ ചികിത്സകനെ (സൈക്യാട്രിസ്റ്റിനെ) അല്ലെങ്കില്‍ അടുത്ത് കിട്ടുന്ന ഏതെങ്കിലും മാനസികാരോഗ്യ വിദഗ്ധനെ സമീപിപിച്ച് ലഭ്യമായിട്ടുള്ള വിവിധ സേവന സൗകര്യങ്ങളെക്കുറിച്ച് വിവരം തേടാവുന്നതാണ്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org