പരിചരണം നൽകൽ

പരിചരിക്കുന്നവര്‍ ദിനചര്യയില്‍ യോഗ ഉള്‍പ്പെടുത്തണമോ

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, പരിചരിക്കുന്നവരുടെ മാനസിക പിരിമുറുക്കവും അധിക ജോലിഭാരം മൂലമുള്ള ക്ലേശങ്ങളും മറ്റും യോഗ പോലുള്ള ചില തെറാപ്പികളിലൂടെ കുറയ്ക്കുന്നത് അവരെ ആരോഗ്യത്തോടിരിക്കാനും രോഗിയുടെ കാര്യങ്ങള്‍ കൂടുതല്‍ നന്നായി നോക്കാനും സഹായിക്കുമെന്നാണ്.

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

മാനസ് ഭട്ടാചാര്യയുടെ ഒരു ദിവസം തുടങ്ങുന്നത് രാവിലെ 5.30 നാണ്. ആരോഗ്യത്തിന് ആവശ്യമായ കുറച്ച് പ്രോട്ടീന്‍ പാനീയം പെട്ടെന്ന് കുടിച്ചിച്ച് അയാള്‍ കല്‍ക്കത്തയില്‍ തന്‍റെ വീടിന് അടുത്തുള്ള ജിംനേഷ്യത്തിലേക്ക് പോകുന്നു. അയാളുടെ ഒരു മണിക്കൂര്‍ നീളുന്ന വ്യായാമത്തില്‍ ലഘുവായ ഭാരോദ്വഹനം,  ദണ്ഡ് ഉപയോഗിച്ചുള്ള വ്യയാമം, പിന്നെ കുറച്ച് യോഗ എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു. "എന്‍റെ ശരീരത്തിന് മുഴുവന്‍ വ്യായാമം ലഭിക്കുന്നതിന് ഇത് വളരെ  ഗുണപ്രദമായ ഒരു വ്യായാമക്കൂട്ടാണ്", എന്ന് പറയുന്നു ഏതാണ്ട് എണ്‍പതിനും തൊണ്ണൂറിനും ഇടയില്‍ പ്രായമുള്ള, ഇന്ത്യന്‍ റയില്‍വേസില്‍ നിന്നും വിരമിച്ച ശേഷം ആംവേ ഇന്ത്യയുടെ ഉത്പന്നങ്ങളുടെ വിതരണക്കാരനായിരിക്കുന്ന ഭട്ടാചാര്യ.
ഭട്ടാചാര്യയുടെ 45 വയസുള്ള മകന്‍ പിനാകിക്ക് സ്കിസോഫ്രീനിയയാണ്, 1993 ലാണ് അത് കണ്ടുപിടിക്കപ്പെട്ടത്. ആ മകനെ പരിചരിക്കാനുള്ള ഒരേയൊരാള്‍ ഭട്ടാചാര്യയാണ്. "അവന്‍  ഒരു ദിവസം വീട്ടിലെത്ത ഒന്നും മിണ്ടാതെ അവന്‍റെ മുറിയില്‍ അടച്ചിരുന്നു, കുറേ ദിവസത്തേക്ക്  പുറത്തു വന്നില്ല. അവന്‍ അവന്‍റെ കോസ്റ്റിംഗ് പരീക്ഷയില്‍ തോറ്റുപോയിരുന്നു," മകന്‍റെ പെരുമാറ്റത്തെക്കുറിച്ച് കുടുംബത്തിന് ആദ്യത്തെ അപകട സൂചന ലഭിച്ച ദിവസത്തെക്കുറിച്ച് ഭട്ടാചാര്യ ഓര്‍ക്കുന്നു. "അവന് ചില  ശബ്ദങ്ങള്‍ കേള്‍ക്കുന്നു എന്ന് അവന്‍ പറഞ്ഞു," ഭട്ടാചാര്യ കൂട്ടിചേര്‍ത്തു.  അന്നു മുതല്‍ ഭട്ടാചാര്യയും അദ്ദേഹത്തിന്‍റെ ഭാര്യയും അവരുടെ ജീവിതം ഈ മകനെ പരിചരിക്കുന്നതിനായി സമര്‍പ്പിച്ചു.  "കഴിഞ്ഞ വര്‍ഷം എന്‍റെ ഭാര്യ മരിച്ചതില്‍ പിന്നെ അവനെ നോക്കാന്‍ ഞാന്‍ മാത്രമായി," ഒരു സൈക്യാട്രിസ്റ്റിനെ കാണാന്‍ ബാംഗ്ലൂരിലെ നിംഹാന്‍സില്‍ വന്നപ്പോള്‍ ഭട്ടാചാര്യ ഞങ്ങളോട് പറഞ്ഞു. 
ഈ പ്രായത്തിലും തനിക്ക് തന്‍റെ മകനെ സാധ്യമാകുന്നതില്‍ വെച്ച് ഏറ്റവും നല്ല രീതിയില്‍ പരിചരിക്കാനാകുന്നതിന് കാരണം സ്വന്തം ശാരീരികവും മാനസികവുമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള തന്‍റെ പതിവുതെറ്റാതെയുള്ള ദിനചര്യയാണെന്ന് അദ്ദേഹം  പറയുന്നു. " ഒരു വ്യക്തി നന്നായി ഭക്ഷണം കഴിക്കുകയും നന്നായി ഉറങ്ങുകയും ആവശ്യത്തിന് വ്യായാമം ചെയ്യുകയും എല്ലാ കാര്യങ്ങളോടും എപ്പോഴും ഒരു പ്രസരിപ്പുള്ള അല്ലെങ്കില്‍ അനുകൂലമായ (പോസിറ്റീവ്) സമീപനം പുലര്‍ത്തുകയും വേണം," ഭട്ടാചാര്യ തുടരുന്നു, " എന്‍റെ യോഗ പരിശീലനം തീര്‍ച്ചയായും എന്‍റെ മാനസിക സൗഖ്യത്തിന്‍റെ കാര്യത്തില്‍ വലിയ പങ്കുവഹിക്കുകയും ഒരു പോസിറ്റീവ് സമീപനം നിലനിര്‍ത്തുന്നതിന് വലിയ സംഭാവന നല്‍കുകയും ചെയ്യുന്നുണ്ട്". ഭട്ടാചാര്യയുടെ ഈ ജീവിത മന്ത്രം, മാനസിക രോഗമുള്ളവരെ പരിചിരിക്കുന്നവരില്‍ യോഗ ഉണ്ടാക്കുന്ന ഗുണകരമായ ഫലത്തെക്കുറിച്ചുള്ള നിംഹാന്‍സിന്‍റെ പഠനത്തെ ബലപ്പെടുത്തുന്നതാണ്.
ഈ പഠനത്തിന്‍റെ ആദ്യ ഘട്ടമെന്നത് മാനസിക രോഗമുള്ളവരെ പരിചരിക്കുന്നവരുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണ്, അതില്‍ ഏതിനൊക്കെയാണ് അവര്‍ മുന്‍ഗണന കൊടുക്കുന്നത് എന്ന്  കണ്ടെത്തുക എന്നതായിരുന്നു. രോഗിയുടെ രോഗലക്ഷണങ്ങളെ കൈകാര്യം ചെയ്യുക (ഇതില്‍, ചില മാനസിക തകരാറുകളുടെ കാര്യത്തില്‍ മിഥ്യാബോധം, പിച്ചുംപേയും പറയല്‍, ചിത്തഭ്രമം, അമിതമായ ഉത്കണ്ഠ എന്നിവയും ഉള്‍പ്പെടുന്നു) എന്നത് ഒന്നാമത്തെ ആവശ്യമായി നില്‍ക്കുമ്പോള്‍ അതിനെ തുടര്‍ന്ന് സാമൂഹികവും തൊഴില്‍ പരവുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യല്‍(അതായത്, ജോലി നഷ്ടപ്പെടാതെ നോക്കുക, ദൈനംദിന കര്‍ത്തവ്യങ്ങള്‍ നന്നായി ചെയ്യുകയും കാര്യങ്ങള്‍ നന്നായി പരിപാലിക്കുകയും ചെയ്യല്‍),  എന്നതും, തുടര്‍ന്ന് ശാരീരികവും മാനസികവുമായ ആരോഗ്യവും അതിന് പിന്നാലെ രോഗിയുടെ വൈവാഹികവും ലൈംഗികവുമായ ആവശ്യങ്ങള്‍ പരിഗണിക്കലും പരിഹരിക്കലും ആവശ്യങ്ങളില്‍ പ്രധാനമായി വരുന്നു എന്നാണ് പഠനത്തില്‍ വ്യക്തമായത്.
" ആരോഗ്യം എന്നത് അവരുടെ ആവശ്യത്തിന്‍റെ പട്ടികയില്‍ മൂന്നാമതായാണ് വരുന്നത്. നമുക്ക് നല്ല ആരോഗ്യമുണ്ടെങ്കിലേ മറ്റുള്ളവരുടെ ആവശ്യങ്ങളില്‍  ശ്രദ്ധവെയ്ക്കാന്‍ സാധിക്കു എന്ന കാര്യം നമുക്കെല്ലാം അറിയാവുന്നതാണ്. മാനസിക രോഗമുള്ള വരെ പരിചരിക്കുന്നവരില്‍  പലര്‍ക്കും- ഒരു പക്ഷെ അവരുടെ മാനസിക പിരിമുറുക്കം മൂലമായിരിക്കാം- ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം മുതലായവയുണ്ട്. ഇവ പക്ഷെ മരുന്നുകൊണ്ട് നിയന്ത്രിക്കാവുന്നവയാണ്, അതിനാല്‍ അതിലല്ല, നമ്മള്‍ ഇവിടെ ശ്രദ്ധവെയ്ക്കുന്നത് അവര്‍ക്ക് അമിതാധ്വാനം വേണ്ടി വരുന്നതിലൂടെ ഉണ്ടാകുന്ന ശാരീരിക മാനസിക ക്ലേശത്തിലും മാനസികരോഗമുള്ള ഒരാളെ പരിചരിക്കേണ്ടി വരുന്നതിനാല്‍ അനുഭവിക്കുന്ന മാസിക പിരിമുറുക്കത്തിലും, അവയെ എങ്ങനെ വിജയകരമായി നേരിടാനും അതിജീവിക്കാനുമാകും എന്നതിലുമാണ്", എന്ന് വ്യക്തമാക്കുന്നു , ബാംഗ്ലൂരിലെ സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സമസ്താന (എസ് വി വൈ എ എസ് എ) യുടെ സഹകരണത്തോടെ നിംഹാന്‍സ് നടത്തുന്ന ഈ പഠനത്തിന് നേതൃത്വം കൊടുക്കുന്ന , നിംഹാന്‍സിലെ സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്ക് അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. ആരതി ജഗന്നാഥന്‍.  
രോഗിയെ പരിചരിക്കുന്നവരുടെ പ്രത്യേകമായ ആവശ്യങ്ങള്‍ മനസില്‍ വെച്ചുകൊണ്ട് യോഗാസനങ്ങള്‍, പ്രാണായാമം,  ചാക്രിക ധ്യാനം എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പരിശീലന  പദ്ധതി ഉണ്ടാക്കിയിട്ടുണ്ട്. പരിചരിക്കുന്നവരുടെ മാനസിക ക്ലേശം അല്ലെങ്കില്‍ മാനസിക ഭാരം എന്നത് ശാരീരികമോ മാനസികമോ ആയ രോഗങ്ങള്‍ ഉള്ളവരെ പരിചരിക്കുമ്പോള്‍ പരിചരിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന മാനസിക സംഘര്‍ഷത്തെ, അല്ലെങ്കില്‍ പിരിമുറുക്കത്തെ പൊതുവില്‍ പറയുന്ന പേരാണ്.
യോഗയുടെ അന്താരാഷ്ട്ര മുഖപത്രത്തില്‍, (ഇന്‍റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് യോഗ) "പരിചരിക്കുന്നവരുടെ ആവശ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ട്, അല്ലെങ്കില്‍ സ്വന്തം മാനസിക സംഘര്‍ഷവും ഭാരവും കുറയ്ക്കുന്നതിനുള്ള ശേഷിയും നൈപുണ്യവും നേടാന്‍ അവരെ പ്രാപ്തരാക്കുന്ന ഒരു യോഗാപരിപാടി വികസിപ്പിച്ചെടുത്തുകൊണ്ടോ പരിചരിക്കുന്നവരുടെ മാനസിക ഭാരവും മാനസിക പിരമുറുക്കവും മറ്റും കുറയ്ക്കുക എന്നതാണ് യോഗ പരിശീലന പരിപാടിയുടെ ആന്ത്യന്തികമായ ലക്ഷ്യം. യോഗ പഠിക്കുന്നതിലൂടെ എല്ലാ ആവശ്യങ്ങളേയും നേരിടാനും പരിഹരിക്കാനും കഴിയില്ല എന്നതിനാല്‍ പ്രകടിപ്പിക്കപ്പെടുന്ന ആവശ്യങ്ങളെ പരിഗണിക്കാതെ ഞങ്ങള്‍ ഇവരുടെ മാനസിക ക്ലേശം കുറയ്ക്കുന്നതിലാണ്(പഠനത്തിന്‍റെ ലക്ഷ്യം) ശ്രദ്ധയൂന്നുന്നത്," എന്ന് പറയുന്നു ഡോ. ജഗന്നാഥന്‍.
ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത ഈ പരിശീലന പരിപാടി നിംഹാന്‍സില്‍ കിടത്തി ചികിത്സിപ്പിക്കപ്പെടുന്ന രോഗികളെ പരിചരിക്കുന്ന ഒമ്പതുപേരില്‍ പരീക്ഷിച്ചു നോക്കി. ഒരു മാസത്തെ യോഗാ പരിശീലനം കഴിഞ്ഞപ്പോള്‍, തങ്ങളുടെ മാനസികാരോഗ്യവും പരിചരിക്കുന്നതിന്‍റെ ഫലമായി ഉണ്ടാകുന്ന മാനസിക ക്ലേശത്തെ അല്ലെങ്കില്‍  കര്‍ത്തവ്യ ഭാരത്തെ നേരിടുന്നതിനുള്ള ശേഷിയും വളരെയധികം  മെച്ചപ്പെട്ടതായി ഇവര്‍ പറഞ്ഞു. പഠനത്തിന്‍റെ നിലവാരം നിശ്ചയിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതിനായി ഈ പ്രാഥമിക പരീക്ഷണം സ്കിസോഫ്രീനിയാ രോഗികളെ പരിചരിക്കുന്നവരില്‍ മാത്രമാണ് നടത്തിയത്. ഗവേഷകര്‍ വിശ്വസിക്കുന്നത് മാനസിക രോഗമുള്ള രോഗികളെ പരിചരിക്കുന്ന എല്ലാവരുടെ കാര്യത്തിലും ഇത് ശരിയായിരിക്കും എന്നാണ.് ഈ പരീക്ഷണത്തിലൂടെ കണ്ടെത്തിയ മറ്റൊരു കാര്യം, ഒരു രോഗി എത്രമാത്രം രോഗലക്ഷണങ്ങള്‍ കാണിക്കുന്നു എന്നതും പരിചരിക്കുന്നയാള്‍ക്ക് ഉണ്ടാകുന്ന മാനസിക ക്ലേശവും മനോഭാരവും മറ്റും തമ്മില്‍ ഒരു പരസ്പര ബന്ധമുണ്ടെന്നതാണ്.
" ഞങ്ങള്‍ അനുകൂല, പ്രതികൂല ലക്ഷണങ്ങളുടെ മാനദണ്ഡം  (പോസിറ്റീവ് ആന്‍റ് നെഗറ്റീവ് സിംപ്റ്റം സ്കെയില്‍- പി എ എന്‍ എസ് എസ്) പ്രകാരമാണ് ഈ  പരിശോധന നടത്തുന്നത്. ഇതില്‍ കിട്ടുന്ന മാര്‍ക്ക് (സ്കോര്‍)  ഉയര്‍ന്നതാണെങ്കില്‍ അതിനര്‍ത്ഥം രോഗി ഉയര്‍ന്ന തോതില്‍ രോഗലക്ഷണങ്ങളുള്ള ആളാണെന്നായിരിക്കും. ഞങ്ങള്‍ കണ്ടെത്തിയത്  എപ്പോഴൊക്കെ ഒരു രോഗിയുടെ പി എ എന്‍ എസ് എസ് സ്കോര്‍ ഉയര്‍ന്നതായിരിക്കുന്നുവോ അപ്പോഴെല്ലാം പരിചരിക്കുന്നയാളുടെ മനക്ലേശത്തിന്‍റെ സ്കോറും ഉയര്‍ന്നതായിരിക്കും എന്നതാണ്", ഡോ. ജഗന്നാഥന്‍ പരിചാരകരുടെ മനക്ലേശം നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടികാണിച്ചുകൊണ്ട് പറയുന്നു. എന്നാല്‍, പരിചരിക്കുന്നവര്‍ക്ക് യോഗ ഗുണകരമായ ഫലം ഉണ്ടാക്കുന്നു എന്നതിനോടൊപ്പം- യോഗ ക്ലാസില്‍ പങ്കെടുക്കുക എന്നത് പരിചരിക്കുന്നവര്‍ക്ക് എല്ലായ്പ്പോഴും പ്രായോഗികമായ കാര്യമല്ല- എന്നൊരു കാര്യം കൂടി പഠനം നടത്തുന്നവര്‍ കണ്ടെത്തി.    രോഗിയുടെ അടുത്തു നിന്നും ദുരെ മാറി  സമയം ചെലവഴിക്കേണ്ടി വരുന്നു എന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും വലിയ തടസ്സമായി വരുന്നത്. അതുകൊണ്ടു തന്നെ അവര്‍  തങ്ങളുടെ ശാരീരിക പ്രശ്നങ്ങള്‍ക്ക് പെട്ടെന്നുള്ള ഒരു പരിഹാരം തേടുകയും പലപ്പോഴും മാനസിക സൗഖ്യം എന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നു. 
ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഡോ. ജഗന്നാഥന്‍ ശുപാര്‍ശ ചെയ്യുന്നത്, ബാംഗ്ലൂര്‍ നിംഹാന്‍സിലെ യോഗ സെന്‍ററില്‍ എത്താന്‍ സാധിക്കാത്തവര്‍ തീര്‍ച്ചായായും അവര്‍ താമസിക്കുന്നതിന് അടുത്തുള്ള യോഗാ ക്ലാസില്‍ ചേരുകയോ അല്ലെങ്കില്‍ വിശ്വസിക്കാവുന്ന യോഗാ പരിശീലകരുടെ  വീഡിയോ കണ്ട് അതില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരുകയോ ചെയ്തു കൊണ്ട് യോഗ പരീശീലിക്കണം എന്നാണ്. " ഇതൊന്നുമല്ലായെങ്കിലും  യോഗ പരിശീലിക്കുന്നത് ഒരാളുടെ മാനസിക സൗഖ്യത്തിന് ഗുണകരമായിരിക്കും എന്ന കാര്യം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണല്ലോ", ഡോ. ആരതി ജഗന്നാഥന്‍ പറയുന്നു. 
 പരിചരിക്കുന്നവര്‍ക്കായുള്ള യോഗാ പരിപാടികളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് നിംഹാന്‍സിലെ സംയോജിത യോഗാ പരിശീലന കേന്ദ്രം സന്ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- http://nimhans.ac.in/nimhans/advanced-centre-yoga/contact-us 
White Swan Foundation
malayalam.whiteswanfoundation.org