എനിക്ക് ശേഷം എന്ത് ?

എനിക്ക് ശേഷം എന്ത് ?

നിങ്ങള്‍ പോയിക്കഴിഞ്ഞാലും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ പരിചരിക്കപ്പെടും എന്ന് ഉറപ്പാക്കുക
Published on
തീവ്രമായ മാനസിക രോഗമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നു. അതോടൊപ്പം വയസായിക്കൊണ്ടിരിക്കുന്ന മാതാപിതാക്കള്‍ മറ്റൊരു വലിയ പ്രായോഗികമായ ഉത്കണ്ഠയിലും പെടുന്നു- എനിക്ക് ശേഷം എന്ത്? എന്നൊരു ചോദ്യം അവരുടെ ഉളളില്‍ മുഴങ്ങാന്‍ തുടങ്ങുന്നു. ജീവിതത്തിന്‍റെ നല്ലൊരു പങ്ക് തങ്ങളുടെ കുട്ടിക്ക് വേണ്ടി ചെലവഴിച്ചതിന് ശേഷം അവരുടെ പ്രധാന ഉത്കണ്ഠ അവരുടെ മരണശേഷം കുട്ടിയുടെ കാര്യം എന്താകും എന്നതിനെക്കുറിച്ചാകുന്നു. അവരുടെ കുട്ടി അവര്‍ക്കു ശേഷവും പരിചരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യണമെന്നും അവര്‍ സുഖമായിരിക്കുമെന്നും അവരുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കപ്പെടുമെന്ന് ഉറപ്പാക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. ഇതില്‍ കുട്ടിയുടെ അടിസ്ഥാന ആവശ്യമായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവയും അവരുടെ ചികിത്സാ ആവശ്യങ്ങളായ പരിചരണം, മരുന്ന്കഴിക്കല്‍, മുടങ്ങാതെ മാനസികാരോഗ്യ വിദഗ്ധരുടെ അടുത്ത് പോകല്‍  തുടങ്ങിയവയും ഉള്‍പ്പെടുന്നു.  
ഇതിനായി സ്വത്തും പണവും ആസൂത്രണം ചെയ്യുന്നതോടൊപ്പം തന്നെ പ്രിയപ്പെട്ടയാളുടെ പരിചരണം ഏറ്റെടുക്കാന്‍ ഏതെങ്കിലും വ്യക്തിയോ അല്ലെങ്കില്‍ ഒരു കൂട്ടം വ്യക്തികളോ ഉണ്ടാകുമെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതായി വരുന്നു. നിങ്ങളുടെ മരണശേഷവും നിങ്ങളുടെ കുട്ടി സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും എന്ന് ഉറപ്പ് വരുത്തുന്നതിന് രണ്ട് വഴികളുണ്ട്. 
  • നിങ്ങളുടെ മരണശേഷം സ്വത്തുക്കള്‍ കുട്ടിയുടെ പേരിലേക്ക് മാറ്റപ്പെടുന്ന തരത്തിലുള്ള ഒരു വില്‍പ്പത്രം തയ്യാറാക്കിവെയ്ക്കുക.
  • നിങ്ങളുടെ കുട്ടിയെ അനുഭവാവകാശക്കാരനാക്കിക്കൊണ്ട് ഒരു ട്രസ്റ്റ് രൂപീകരിക്കുക, അങ്ങനെയാകുമ്പോള്‍ നിങ്ങളുടെ ജീവിത കാലത്തിന് ശേഷവും കുട്ടിയുടെ ആവശ്യങ്ങള്‍ നടക്കും.
ഒരു വില്‍പ്പത്രം തയ്യാറാക്കല്‍
ആര്‍ക്കാണ് ഒരു വില്‍പ്പത്രം തയ്യാറാക്കാനാകുക? 
പ്രായപൂര്‍ത്തി കൈവരിക്കുകയും (18 വയസ്), ആരോഗ്യകരമായ ഒരു മനസ് ഉണ്ടായിരിക്കുകയും ചെയ്യുന്ന ആര്‍ക്കും ഒരു വില്‍പ്പത്രം തയ്യാറാക്കാവുന്നതാണ്.  വില്‍പ്പത്രം തയ്യാറാക്കുന്ന സമയത്ത് സ്വബോധം അല്ലെങ്കില്‍ ആരോഗ്യകരമായ മനസ് ഉണ്ടെങ്കില്‍ തീവ്രമായ ഒരു മാനസിക രോഗമുള്ളയാള്‍ ഉണ്ടാക്കിയ വില്‍പ്പത്രത്തിനും നിയമസാധുതയുണ്ടായിരിക്കും(ഇതിന്, വില്‍പ്പത്രം തയ്യാറാക്കുന്ന സമയത്ത് ഈ വ്യക്തിക്ക് മാനസികാരോഗ്യം ഉണ്ടായിരുന്നു എന്ന് ഒരു സൈക്യാട്രിസ്റ്റ് സാക്ഷ്യപ്പെടുത്തണം എന്ന് വ്യവസ്ഥയും ഉണ്ട്).ഒരു കൂട്ടുകുടുംബത്തിന് അല്ലെങ്കില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും കൂട്ടായി ഒരു സംയുക്തവില്‍പ്പത്രം ഉണ്ടാക്കാവുന്നതുമാണ്. 
ഒരു വില്‍പ്പത്രം തയ്യാറാക്കുന്നതിന്‍റെ നടപടിക്രമം എന്താണ്?
ഒരു വില്‍പ്പത്രം തയ്യാറാക്കുന്നതിന് പ്രത്യേത രൂപഘടനയൊന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല.  രണ്ട് സാക്ഷികളുടേയും വില്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്തം എല്‍പ്പിക്കപ്പെടുന്നയാളുടേയും   സാന്നിദ്ധ്യത്തില്‍ ഏത് തരത്തിലുള്ള സാധാരണ കടലാസിലും വില്‍പ്പത്രം തയ്യാറാക്കാവുന്നാണ്. ഈ സാക്ഷികള്‍ക്ക് ആ വില്‍പ്പത്രത്തില്‍ നിന്ന് യാതൊരു വിധത്തിലുള്ള നേട്ടവും ഉണ്ടാകാന്‍ പാടുള്ളതല്ല. ഒരു വില്‍പ്പത്രം തയ്യാറാക്കുമ്പോള്‍ ഒരു വക്കീലിനോട് ആലോചിക്കുന്നത് നല്ലതായിരിക്കും.
വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യല്‍
നിങ്ങളുടെ വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യണം എന്ന് നിര്‍ബന്ധമില്ല, എന്നാല്‍ കോടതിയില്‍ ഹാജരാക്കുന്ന വേളയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വില്‍പ്പത്രത്തിന് കൂടുതല്‍ മൂല്യമുണ്ടായിരിക്കും.രജിസ്റ്റര്‍ ചെയ്യല്‍ അത്ര ചെലവുള്ളകാര്യമൊന്നുമല്ല- വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കേണ്ടതില്ല. രജിസ്റ്റര്‍ ചെയ്തതിന് ശേഷം വില്‍പ്പത്രം അറ്റോര്‍ണിയുടെ പക്കലോ സബ്-രജിസ്ട്രാറുടെ പക്കലോ സുരക്ഷതിമായി സൂക്ഷിക്കാവുന്നതുമാണ്. ഒരു വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യുന്നതിന് നിങ്ങള്‍ രജിസ്ട്രാറുടെ അല്ലെങ്കില്‍ സബ്-രജിസ്ട്രാറുടെ അടുത്ത് പോകേണ്ടതാണ്. ഇത് രജിസ്റ്റര്‍ ചെയ്തതിന് ശേഷം അത് നടപ്പിലാക്കുന്ന കാലം വരേയ്ക്കും രജിസ്ട്രാര്‍/സബ്-രജിസ്ട്രാറുടെ പക്കല്‍ സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്. 
നടത്തിപ്പുകാരന്‍, സംരക്ഷകന്‍ , കാര്യനിര്‍വാഹകന്‍
വില്‍പ്പത്രം എഴുതിയ വ്യക്തിയുടെ മരണശേഷം വില്‍പ്പത്രത്തില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുകയും ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്യുന്ന ആളെയാണ് നടത്തിപ്പുകാരന്‍ അഥവാ എക്സിക്യൂട്ടര്‍ എന്ന് പറയുന്നത്.
സംരക്ഷകന്‍ എന്നാല്‍, വില്‍പ്പത്രത്തില്‍ പറഞ്ഞിരിക്കുന്ന സ്വത്തിന്‍റെ സംരക്ഷം ഏറ്റെടുക്കുന്നയാളാണ്.  ഒരു വില്‍പ്പത്രത്തിന്‍റെ അനുഭവാവകാശക്കാരന്‍ ഒരു മാനസികരോഗമുള്ള വ്യക്തിയായിരിക്കുകയും ആ വ്യക്തിക്ക് ഈ സ്വത്ത് കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയില്ലാ എന്ന് വില്‍പത്രം എഴുതുന്നയാള്‍ വിചാരിക്കുകയും ചെയ്യുന്നു എങ്കില്‍ അയാള്‍ക്ക് അനുഭവാവകാശക്കാരന് വേണ്ടി ഈ സ്വത്ത് സംരക്ഷിച്ച് നടപ്പാക്കുന്നതിനായി ഒരു സംരക്ഷകനെ നിയമിക്കാവുന്നതാണ്. ഇതൊരു സുഹൃത്തോ, ബന്ധുവോ അല്ലെങ്കില്‍ ഒരു സന്നദ്ധ സംഘടനയോ ട്രസ്റ്റോ ആകാം.
എന്തെങ്കിലും കാരണവശാല്‍ ഒരാള്‍ക്ക് പറ്റിയ ഒരു സംരക്ഷകനെ കണ്ടെത്താന്‍ കഴിയുന്നില്ലായെങ്കില്‍  അവര്‍ക്ക് ഒരു നിയമ കോടതിയെ സമീപിക്കാവുന്നതാണ്. കോടതി അപ്പോള്‍ ആ വില്‍പത്രത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനായി ഒരു സംരക്ഷകനെ അല്ലെങ്കില്‍ കാര്യനിര്‍വാഹകനെ നിയമിക്കും.
വില്‍പ്പത്രം ശരിയായി നടപ്പിലാക്കപ്പെടുമെന്ന് ഒരാള്‍ക്ക് എങ്ങനെ ഉറപ്പാക്കാനാകും? 
വില്‍പ്പത്രത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ടത് നടത്തിപ്പുകാരന്‍ അഥവാ എക്സിക്യൂട്ടറുടെ കര്‍ത്തവ്യമാണ്. എക്സിക്യൂട്ടര്‍ ഇക്കാര്യം ശരിയായി നിര്‍വഹിക്കുന്നില്ലായെങ്കില്‍ സംരക്ഷകന്, കാര്യനിര്‍വാഹകന് അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തിക്ക് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാവുന്നതാണ്. എക്സിക്യൂട്ടര്‍          അയാളില്‍ നിക്ഷിപ്തമായിരുന്ന ചുമതല യഥാവിധം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍  അത് നടപ്പിലാക്കുന്നതിനായി കോടതി ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നതാണ്.  
വില്‍പ്പത്രത്തില്‍  അവകാശാധികാരികളായി പറഞ്ഞിരിക്കുന്ന വ്യക്തികള്‍ മാനസിക രോഗമുള്ളവരാണെങ്കില്‍ അവര്‍ ആ സ്വത്തുക്കള്‍ക്ക് അവകാശികളായിരിക്കുമോ? 
അതെ, മാനസിക രോഗമുള്ള വ്യക്തികള്‍ക്ക് വില്‍പ്പത്രത്തില്‍ പറഞ്ഞിരിക്കുന്ന സ്വത്തുക്കളില്‍ എല്ലാ അവകശാധികാരങ്ങളും ഉണ്ടായിരിക്കും. എന്നിരുന്നാലും അവകാശാധികാരിക്ക് ഈ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയില്ല എന്ന് വില്‍പ്പത്രം എഴുതിയ വ്യക്തിക്ക് തോന്നുകയാണെങ്കില്‍ അയാള്‍ക്ക് ഈ അവകാശാധികാരികളെ സഹായിക്കുന്നതിനായി ഒരു  സംരക്ഷകനെ നിയമിക്കാവുന്നതാണ്. 
ഞാന്‍ ഒരു വില്‍പ്പത്രം എഴുതിയിട്ടില്ലെങ്കില്‍ എന്‍റെ സ്വത്തുക്കള്‍ മാനസിക രോഗമുള്ള എന്‍റെ ബന്ധുവിന്  കിട്ടുമോ?
ഒരു വില്‍പ്പത്രം ഇല്ലാത്ത സാഹചര്യത്തില്‍ ഒരു വ്യക്തിയുടെ സ്വത്തുക്കള്‍ താഴെ പറയുന്ന ക്രമത്തില്‍ അനന്തരാവകാശികള്‍ക്ക് ചെന്നുചേരും. 
  • നിങ്ങളുടെ ഭാര്യ/ഭര്‍ത്താവ് ജീവിച്ചിരുപ്പുണ്ടെങ്കില്‍, നിങ്ങളുടെ സ്വത്തുക്കള്‍ അവര്‍ക്ക് ലഭിക്കും.
  • നിങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ഒരു ഭാര്യ/ഭര്‍ത്താവ് ഇല്ലായെങ്കില്‍ സ്വത്തുക്കള്‍ നിങ്ങളുടെ മക്കള്‍ക്ക് ചെന്നു ചേരും. 
  • നിങ്ങള്‍ക്ക്  മക്കളില്ലായെങ്കില്‍ സ്വത്തുക്കള്‍ നിങ്ങളുടെ അമ്മയ്ക്ക് ലഭിക്കും. 
  • മേല്‍പ്പറഞ്ഞ അനന്തരാവകാശികളൊന്നും (ക്ലാസ് 1 അനന്തരാവകാശികള്‍)  ജീവിച്ചിരിപ്പില്ലായെങ്കില്‍ സ്വത്തുക്കള്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്ക് (ക്ലാസ് 2 അനന്തരാവകാശികള്‍) ചെന്നുചേരും.
ക്ലാസ് ഒന്നിലോ രണ്ടിലോ വരുന്ന ഏതെങ്കിലും അനന്തരാവകാശി മാനസിക തകരാറുള്ള വ്യക്തിയാണെന്ന് നിര്‍ണയിക്കപ്പെട്ടിട്ടുണ്ടെങ്കിലും അനന്തരാവകാശ നിയമം മേല്‍പ്പറഞ്ഞ തരത്തില്‍ തന്നെ നിലനില്‍ക്കും. മാനസിക തകാറുള്ള അനന്തരാവകാശിക്ക് സ്വത്തിന്‍റെ സംരക്ഷണം ഏറ്റെടുക്കാനുള്ള പ്രാപ്തിയില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ ഒരു സംരക്ഷകന്‍ നിയമിക്കപ്പെടും. എന്നിരുന്നാലും നിങ്ങള്‍ മാനസിക രോഗമുള്ള ഒരു വ്യക്തിയുടെ കാര്യത്തില്‍ താല്‍പര്യമുള്ളയാളായിരിക്കുകയും നിങ്ങളുടെ മരണശേഷം അവര്‍ സംരക്ഷിക്കപ്പെടും എന്നുറപ്പാക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു എങ്കില്‍ ഒരു വക്കീലിനെ സമീപിപിച്ച്  വില്‍പ്പത്രം തയ്യാറാക്കുകയുമാണ് നല്ലത്. 
ഒരു ട്രസ്റ്റ്  രൂപീകരിക്കല്‍
എന്താണ് ഒരു ട്രസ്റ്റ്?
ഒരു ട്രസ്റ്റ് എന്നാല്‍, ഏതെങ്കിലും സ്വത്ത്, ഒരു കക്ഷിയുടെ ഗുണത്തിനായി കൈവശം വെയ്ക്കുന്നതിന് ഉടമസ്ഥനില്‍ നിന്നും മറ്റൊരു കക്ഷിയിലേക്ക് കൈമാറ്റം ചെയ്യുന്നത് പ്രകാരമുള്ള ഒരു ബന്ധമാണ് എന്ന് പറയാം. 
ഉദാഹരണത്തിന്- സൗരവിന്  മാനസിക രോഗമുള്ള, ഗൗരവ് എന്നൊരു മകനുണ്ട്. തന്‍റെ മരണശേഷവും മകന്‍ സുഖമായി ജീവിക്കണം എന്നാഗ്രഹിക്കുന്നതിനാല്‍ അദ്ദേഹം 'എക്സ്'  എന്നൊരു  ട്രസ്റ്റ് രൂപീകരിച്ചു. ഇതിനായി അദ്ദേഹം തന്‍റെ സ്വത്തുക്കള്‍  'എക്സ്' എന്ന ട്രസ്റ്റിലേക്ക് കൈമാറേണ്ടതുണ്ട്. അതായത് ഈ സ്വത്ത് കൈകാര്യം ചെയ്യുകയും അതില്‍ നിന്നുള്ള നേട്ടങ്ങളെല്ലാം സൗരവന്‍റെ മകനായ ഗൗരവിന് കൊടുക്കുകയും വേണം. ട്രസ്റ്റിന്‍റെ വ്യവസ്ഥാ പ്രമാണത്തില്‍ പറഞ്ഞിരിക്കുന്ന സൗരവിന്‍റെ താല്‍പര്യങ്ങള്‍ പ്രകാരമായിരിക്കണം ഇത് ചെയ്യുന്നത്. 
ഒരു ട്രസ്റ്റ് രൂപീകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാം? 
എല്ലാ ട്രസ്റ്റിനും ഒരു എഴുതിയ ആളും കുറഞ്ഞത് രണ്ട് ട്രസ്റ്റികളും ഒരു ട്രസ്റ്റ് പ്രമാണവും ഒരു അവകാശാധികാരിയും ഒരു ട്രസ്റ്റ് സ്വത്തും ഉണ്ടായിരിക്കണം. എഴുതിയആള്‍ എന്നാല്‍ ട്രസ്റ്റ് രൂപീകരിക്കുന്ന വ്യക്തിയാണ്- അയാള്‍ പണം അല്ലെങ്കില്‍ ഭൂസ്വത്ത്, ട്രസ്റ്റിലേക്ക് കൈമാറ്റം ചെയ്യുകയും ട്രസ്റ്റ് പ്രമാണം തയ്യാറാക്കുകയും വേണം. ട്രസ്റ്റിന്‍റെ പരിപാലനത്തിന് ഉത്തരവാദിത്തപ്പെട്ടിരിക്കുന്നതും ട്രസ്റ്റിന്‍റെ ലക്ഷ്യങ്ങള്‍ നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ടവരുമായ ആളുകളാണ് ട്രസ്റ്റികള്‍. 
ട്രസ്റ്റ് രൂപീകരിക്കുന്നതിന് കുറഞ്ഞത് ഇത്ര സ്വത്ത് വേണം എന്ന നിബന്ധനയൊന്നുമില്ല. ട്രസ്റ്റികളുടെ എണ്ണത്തിനും നിയന്ത്രണമൊന്നും ഇല്ല.  എന്നാല്‍ ഇതുപോലെ ഒരു സ്വകാര്യ ട്രസ്റ്റാകുമ്പോള്‍ കാര്യനിര്‍വഹണം എളുപ്പമുള്ളതാക്കാന്‍ ട്രസ്റ്റികളുടെ എണ്ണത്തില്‍ നിയന്ത്രണം വെയ്ക്കുന്നതാണ് നല്ലത്.  
ഒരു ട്രസ്റ്റ് പ്രമാണം/ആധാരം എന്നാല്‍ എന്താണ്? 
ഒരു ട്രസ്റ്റ് പ്രമാണം/ആധാരം എന്നാല്‍ ഒരു ട്രസ്റ്റിന്‍റെ താഴെ പറയുന്ന കാര്യങ്ങളെയെല്ലാം വ്യക്തമാക്കുന്ന/നിയന്ത്രിക്കുന്ന ഒരു പത്രമാണ്. 
  • ഇത് ട്രസ്റ്റിന്‍റെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നു.
  • ഇത് സ്വത്തിന്‍റെ അവകാശാധികാരികള്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുന്നു (ഇവിടെ, ആരുടെ നേട്ടത്തിനായാണോ ട്രസ്റ്റ് രൂപീകരിക്കുന്നത്,  മാനസിക രോഗമുള്ള ആ വ്യക്തി).
  • ട്രസ്റ്റികളുടെ  വിശദാംശങ്ങള്‍ ഇതിലുണ്ടാകും- അവരുടെ നിയമനം, കാലാവധി, പുതിയ ട്രസ്റ്റികളെ പ്രവേശിപ്പിക്കുന്നതിനുള്ള വ്യവസ്ഥകള്‍ തുടങ്ങിയ കാര്യങ്ങള്‍. 
  • ട്രസ്റ്റിന്‍റെ സ്വത്തുവകകള്‍ എത്തരത്തിലാണ് വില്‍ക്കുകയോ, കൈമാറ്റം ചെയ്യുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യേണ്ടതെന്നതു സംബന്ധിച്ച വിവരങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരിക്കും. 
ട്രസ്റ്റിന്‍റെ സ്വത്തുവകകള്‍ തെറ്റായി കൈകാര്യം ചെയ്യപ്പെടില്ലെന്ന് ഞാനെങ്ങനെ ഉറപ്പാക്കും?  
ട്രസ്റ്റുകളില്‍ പല ട്രസ്റ്റികള്‍ ഉണ്ടായിരിക്കും എന്നതിനാല്‍ തെറ്റായി കൈകാര്യം ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും ട്രസ്റ്റിന്‍റെ സ്വത്തുക്കള്‍ വ്യവസ്ഥകള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി കൈകാര്യം ചെയ്യാന്‍ ട്രസ്റ്റികള്‍ തമ്മില്‍ ഗൂഢാലോചന നടത്തുകയും ധാരണയിലെത്തുകയും ചെയ്താല്‍, ഏതെങ്കിലും വ്യക്തിക്ക് പോലീസില്‍, വരുമാന നികുതി വകുപ്പില്‍ അല്ലെങ്കില്‍ നിയമ കോടതിയില്‍ പരാതി സമര്‍പ്പിക്കാനാകും. ഒരു ട്രസ്റ്റ് രൂപീകരിക്കുമ്പോള്‍ നിങ്ങളുടെ വക്കീലുമായി കൂടിയാലോചിക്കുക- അവര്‍ നിങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org