പരിചരണം നൽകൽ

മാനസിക രോഗമുള്ള ഒരാള്‍ക്ക് എപ്പോള്‍ ജോലിയിലേക്ക് തിരിച്ചു പോകാനാകും?

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

മാനസികാരോഗ്യ വിദഗ്ധര്‍, മാനസിക രോഗത്തിനുള്ള ചികിത്സയ്ക്ക് ശേഷം നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് എപ്പോള്‍ അയാളുടെ ജോലിയിലേക്ക് തിരികെ പോകാം എന്നതു സംബന്ധിച്ച് ഒരു ഉറച്ച തീരുമാനമെടുക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. 
 
1. രോഗസൂചകമായ പ്രതികരണം: 
 
ഈ വ്യക്തി ഇപ്പോഴും രോഗത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടോ? നിങ്ങളുടെ മനോരോഗ ചികിത്സകന്‍റെ സഹായത്തോടെ ഈ രോഗലക്ഷണങ്ങളുടെ സ്ഥിതി എന്താണെന്ന് പരിശോധിച്ചറിയുകയും ആ വ്യക്തിക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാമെന്ന് മനോരോഗ ചികിത്സകന്‍ (സൈക്യാട്രിസ്റ്റ്) ശുപാര്‍ശ ചെയ്യുകയുമാണെങ്കില്‍.
ഇക്കാര്യത്തില്‍ മനോരോഗത്തിന്‍റെ സ്വഭാവം എന്ത് എന്നതും പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതായ ഒരു കാര്യമാണ്. ഉദാഹരണത്തിന്- ലഘുവായതു മുതല്‍ നിയന്ത്രിതമായ അവസ്ഥയിലേതുവരെയുള്ള വിഷാദരോഗത്തിന് ശരിയായ ചികിത്സ എടുത്തിട്ടുള്ള ഒരാള്‍ ഒ സി ഡിയ്ക്ക് ചികിത്സിക്കപ്പെട്ട ഒരാളെക്കാള്‍ വേഗത്തില്‍ രോഗലക്ഷണങ്ങളില്‍ നിന്ന് മുക്തനായേക്കാം.
 
2. ശീലങ്ങളിലെ മാറ്റം: 
 
ഈ വ്യക്തി രോഗം വരുന്നതിന് മുമ്പ് ചെയ്തിരുന്നതുപോലെ തന്നെ മറ്റുള്ളവരുമായി ഇടപഴകുകയും നന്നായി ഉറങ്ങുകയും നന്നായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടോ? അതുപോലെ തന്നെ, ഈ വ്യക്തി സ്വയം എന്തിലെങ്കിലും വ്യാപൃതനായിരിക്കാന്‍ അല്ലെങ്കില്‍ ജോലിയിലേക്ക് തിരികെ പോകാനുള്ള താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടോ? 
 
3. ദിനചര്യ പാലിക്കല്‍:
 
ഈ വ്യക്തിക്ക് ജോലിയിലേക്ക് തിരികെ പ്രവേശിക്കാനും ജോലിസംബന്ധമായ ദിനചര്യകളിലും മറ്റു ചിട്ടകളിലും ഉറച്ചുനില്‍ക്കാനും സാധിക്കും എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടോ?
ചിലപ്പോഴൊക്കെ, പരിചരിക്കുന്നവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കഴിവുകളിലുള്ള വിശ്വാസക്കുറവുമൂലം, അല്ലെങ്കില്‍ ജോലിസ്ഥലത്തുള്ള മാനസിക സംഘര്‍ഷം വളരെക്കൂടുതലായേക്കാം എന്ന പേടി മൂലം അവരെ തിരികെ ജോലിക്ക് വിടുന്നതില്‍ വൈമനസ്യം കാണിക്കാറുണ്ട്. എന്നാല്‍ അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തേണ്ടതാണ്. 
നിങ്ങളുടെ പ്രിയപ്പെട്ടവരെ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്നതിനായി നിങ്ങള്‍ക്ക് ചെയ്യാനാകുന്ന നിരവധി കാര്യങ്ങളുണ്ട്. അതില്‍ ചിലത് താഴെ പറയുന്നു:
 
  • അവര്‍ തിരികെ ജോലിക്ക് പോകുകയും മറ്റുള്ളവരുമായി ഇടപഴകാന്‍ അവര്‍ക്ക് കഴിവുണ്ടായിരിക്കുകയും ദിവസം മുഴുവന്‍ അവര്‍ക്ക് സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധയുണ്ടായിരിക്കുകും ചെയ്യും എന്നതിനോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുക.
  • ശരിയായ അടിസ്ഥാന സജ്ജീകരണങ്ങള്‍ നടത്തുകയും ജോലിസ്ഥലത്തെ പിന്തുണാ സേവനങ്ങള്‍ മനസിലാക്കി സഹായത്തിനായി സ്വീകരിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രിയപ്പെട്ടവരെ സഹായിക്കുന്നതിനായി അവരുടെ ഉത്കണ്ഠകള്‍ മനസിലാക്കുകയും അവരെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരിടത്ത് അവര്‍ക്ക് ജോലി കണ്ടെത്താന്‍ നിങ്ങള്‍ക്ക് ശ്രമിക്കാവുന്നതാണ്. അവര്‍ രോഗം വരുന്നതിന് മുമ്പ് ചെയ്തിരുന്ന ജോലിയിലേക്ക് തന്നെ തിരിച്ചു പോകുകയാണെങ്കില്‍ തൊഴിലുടമയോട് - എന്താണ് സംഭവിച്ചതെന്നും തൊഴിലുടമയ്ക്ക് എങ്ങനെയാണ് നിങ്ങളുടെ പ്രിയപ്പെട്ടയാളെ സഹായിക്കാനാകുകയെന്നും - വിശദമായി സംസാരിക്കുക.
  • നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് തിരികെ പ്രവേശിക്കാനായി ഒരു ജോലിയില്ലായെങ്കില്‍ അവരുടെ ആത്മവീര്യം കുറച്ച് താഴ്ന്നു പോയേക്കാം. അവര്‍ നഷ്ട്ടപെട്ട അവസരങ്ങളെക്കുറിച്ച് ചിന്തിക്കുകയും തങ്ങളുടെ ജോലിയില്‍ സുഖമായി തുടരുന്ന സഹപ്രവര്‍ത്തകരുമായി തന്നെ സ്വയം താരതമ്യംചെയ്തുനോക്കുകയും ചെയ്തേക്കാം. അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക. അവരുടെ കഴിവിനും താല്‍പര്യത്തിനും ഇണങ്ങുന്ന ഒരു ജോലി കണ്ടെത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  • ജോലിസ്ഥലത്തേക്ക് തിരികെ പോകും മുമ്പ് അവര്‍ക്ക് ചില അധിക ഉത്തരവാദിത്തങ്ങളും സാമൂഹ്യമായി ഇടപഴകുന്നതിനുള്ള അവസരങ്ങളും നല്‍കുക. അതിലൂടെ തങ്ങള്‍ വിലമതിക്കപ്പെടുന്നു എന്നൊരു ബോധം അവരില്‍ ഉണ്ടാക്കാനാകും. അവരെ വിവാഹങ്ങള്‍ക്ക് അല്ലെങ്കില്‍ സാമൂഹ്യമായി ഒത്തുചേരുന്ന  പരിപാടികള്‍ക്ക്  കൂടെ കൊണ്ടുപോകുക, കുടുംബ സംബന്ധമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ അവരേയും പങ്കാളികളാക്കുക, ഷോപ്പിംഗിന് കൊണ്ടുപോകുക, വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ബില്ലുകളടയ്ക്കാന്‍ വിടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തുകൊണ്ട് അവരില്‍ ആത്മാഭിമാനവും ഉത്തരവാദിത്ത ബോധവും വളര്‍ത്തിയെടുക്കാന്‍ നിങ്ങള്‍ക്കാകും. ഇക്കാര്യങ്ങള്‍ ക്രമേണ ഓരോ ചുവടുചുവടായി വേണം ചെയ്യാന്‍ എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെയാകുമ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് ഒരു അധികഭാരമോ തളര്‍ച്ചയോ തോന്നില്ല. എന്നു മാത്രമല്ല അവര്‍ക്ക് ഇക്കാര്യങ്ങളെല്ലാം സുഖകരമായി കൈകാര്യം ചെയ്യാനുമാകും. 
White Swan Foundation
malayalam.whiteswanfoundation.org