ബൈപോളാര്‍ തകരാര്‍ (ബൈപോളാര്‍ ഡിസോര്‍ഡര്‍)

Q

എന്താണ് ബൈപോളാര്‍ തകരാര്‍ ?

A

ഒരു ഐടി പ്രൊഫഷണലായ രാമനാണ് ഈ കഥ പങ്കുവെച്ചത് : 
" എന്‍റെ സഹപ്രവര്‍ത്തകന്‍ ചിലസമയത്ത് വിചിത്രമായി പെരുമാറുന്നു. ചില സമയം അവന്‍ വല്ലാത്തൊരു ആവേശത്തള്ളിച്ച കാണിക്കും, അടുക്കും ക്രമവുമില്ലാതെ പലവിധ വിഷയങ്ങളെക്കുറിച്ച് തുടര്‍ച്ചയായി സംസാരിക്കും, അല്ലെങ്കില്‍ ഒരു കമ്പനിയുണ്ടാക്കി കോടിക്കണക്കിന് രൂപ സമ്പാദിക്കും എന്നതുപോലുള്ള വമ്പന്‍ പദ്ധതികളെക്കുറിച്ച് വീമ്പടിക്കും. പക്ഷെ കുറച്ച് ദിവസം കഴിയുമ്പോള്‍ അവന്‍ തീര്‍ത്തും മൗനിയാകും, ആരുമായും ബന്ധപ്പെടില്ല, ജോലി സമയത്ത് ചെയ്തു തീര്‍ക്കുകയുമില്ല.
ഒരിക്കല്‍ ഞങ്ങള്‍ എല്ലാവരും കൂടി പുറത്ത് ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍, താന്‍ ആവശ്യപ്പെട്ട ഭക്ഷണം സമയത്ത് തന്നില്ലെന്ന് പറഞ്ഞ് അവന്‍ പാത്രം വെയ്റ്റര്‍ക്കു നേരെ വലിച്ചെറിഞ്ഞു. അവന്‍റെ ആ പെരുമാറ്റം കണ്ട് ഞങ്ങള്‍ അന്തിച്ചുപോയി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവന്‍റെ പെരുമാറ്റം മുന്‍കൂട്ടിപറയാന്‍ പറ്റാത്ത തരത്തിലുള്ളതായി, അതവന്‍റെ ജോലിയേയും സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തേയും ബാധിക്കുകയും ചെയ്തു. ഒടുവില്‍ അവനോട് രാജിവെയ്ക്കാന്‍ കമ്പനി ആവശ്യപ്പെട്ടു. 
അവന്‍ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്നറിയാന്‍ എനിക്ക് ആകാംഷയുണ്ടായി. എന്‍റെ കുടുംബ ഡോക്ടറുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ സഹപ്രവര്‍ത്തകന് ബൈപോളാര്‍ ഡിസോര്‍ഡറാണെന്ന് എനിക്ക് മനസിലായി".
(ഈ തകരാറിനെ ഒരു യഥാര്‍ത്ഥ ജീവിത സാഹചര്യത്തില്‍ വെച്ച് മനസിലാക്കാന്‍ സഹായിക്കുന്നതിനാണ് ഈ കഥ ഇവിടെ അവതരിപ്പിച്ചത്.)
ബൈപോളാര്‍ തകരാര്‍ (മാനിക് ഡിപ്രഷന്‍ എന്നും അറിയപ്പെടുന്നു) അസാധാരണവും തീവ്രവുമായ മാനസികാവസ്ഥാ മാറ്റത്തിന് കാരണമാകുന്ന ഗുരുതരമായ മാനസിക രോഗമാണ്. ഇതുള്ള വ്യക്തിക്ക് ചിലപ്പോള്‍ ഒരു ആവേശത്തള്ളിച്ച, (സാങ്കേതികമായി മാനിയ എന്നറിയപ്പെടുന്നു-) ചിലപ്പോള്‍ ഇടിഞ്ഞ അവസ്ഥ  (സാങ്കേതികമായി വിഷാദം) തോന്നിയേക്കാം, ഇത് ഏതാനും ദിവസങ്ങളോ ആഴ്ചകളോ തുടര്‍ന്നേക്കും. ഈ വ്യക്തിക്ക് വിഷാദവും മാനിയയും മാറിമാറി വരുന്ന ഘട്ടങ്ങള്‍ ആവര്‍ത്തിച്ച് ഉണ്ടായേക്കാം, ഇവ വേഗം വേഗം മാറിമാറി വന്നേക്കാം, ഒരാഴ്ചയില്‍ പല തവണ പോലും. 
കടുത്ത ബൈപോളാര്‍ ഡിസോര്‍ഡറുള്ള വ്യക്തിക്ക് മതിഭ്രമം, മിഥ്യാബോധം തുടങ്ങിയവ പോലുള്ള മനോരോഗ ലക്ഷണങ്ങളും സ്വയം അപകടപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ഉള്ള ചിന്ത പോലും ഉണ്ടായേക്കാം. ബൈപോളാര്‍ തകരാര്‍ ഒരു വ്യക്തിയുടെ നിത്യജീവിതത്തില്‍ സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ശേഷിയെ തടസ്സപ്പെടുത്തുകയും ഇതിന്‍റെ ഫലമായി വ്യക്തിപരമായും തൊഴില്‍പരമായും ഉള്ള ബന്ധങ്ങള്‍ തകരാറിലാകുകയും ചെയ്തേക്കും.
ശ്രദ്ധിക്കുക : ബൈപോളാര്‍ തകരാര്‍ ഹൃദ്രോഗവും പ്രമേഹവും മറ്റും പോലെ ദീര്‍ഘകാലം നിലനില്‍ക്കുന്നതും ജീവിതകാലം മുഴുവന്‍ കൈകാര്യം ചെയ്യേണ്ടി വരുന്നതുമായ രോഗമാണ്.

Q

എന്താണ് ബൈപോളാര്‍ തകരാര്‍ അല്ലാത്തത് ?

A

 നമുക്കെല്ലാവര്‍ക്കും പലപ്പോഴും മാനസികാവസ്ഥയില്‍ ചാഞ്ചാട്ടവും ആവേശത്തള്ളിച്ചയും മറ്റും അനുഭവപ്പെടാറുണ്ട്. പക്ഷെ അതൊന്നും നമ്മുടെ ദൈനംദിന ജീവിത പ്രവര്‍ത്തികളെ ബാധിക്കാറില്ല. ഇത് ബൈപോളാര്‍ തകരാറല്ല. ബൈപോളാര്‍ തകരാറിന്‍റേയും വിഷാദരോഗത്തിന്‍റേയും ചില ലക്ഷണങ്ങള്‍ ഒരേപോലുള്ളതാണെങ്കില്‍ പോലും വിഷാദരോഗം (ഡിപ്രഷന്‍) ബൈപോളാര്‍ ഡിസോര്‍ഡര്‍ അല്ല. ബൈപോളാര്‍ തകാറുള്ളവരില്‍ മാനസികാവസ്ഥയില്‍ അത്യധികമായ ചാഞ്ചാട്ടം പോലെ തന്നെ മാനിയയുടേയും വിഷാദത്തിന്‍റേയും ഘട്ടങ്ങളും ഉണ്ടാകും എന്നതാണ് ഇതിലെ പ്രധാന വ്യത്യാസം. 

Q

ബൈപോളാര്‍ തകാരാറിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാം?

A

ബൈപോളാര്‍ തകരാറുള്ള വ്യക്തികള്‍ വിഷാദത്തിന്‍റെ ഘട്ടത്തിലും മാനിയയുടെ ഘട്ടത്തിലും രണ്ടു തരം ലക്ഷണങ്ങളാണ് കാണിക്കുന്നത്.
മാനിക് ഘട്ടം : മാനിയ ഉണ്ടാകുന്ന സമയത്ത് ഈ വ്യക്തി എടുത്തു ചാട്ടം, ശരിയായി വിലയിരുത്താതെ തീരുമാനം എടുക്കല്‍, അനാവശ്യമായ  റിസ്ക്കെടുക്കല്‍ തുടങ്ങിയ പെരുമാറ്റങ്ങള്‍ പ്രകടിപ്പിച്ചേക്കും. അതുപോലെ തന്നെ ഈ വ്യക്തിക്ക് അവരുടെ അപ്രതീക്ഷിതമായ പെരുമാറ്റങ്ങളുടെ പ്രതികൂല ഫലങ്ങളെക്കുറിച്ച് അവബോധം ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ അവര്‍ അത് അവഗണിക്കുകയോ ചെയ്തേക്കാം. 
 •  മോശം വാര്‍ത്തയ്ക്കോ ദുരന്ത സംഭവങ്ങള്‍ക്കോ പോലും മാറ്റാനാകാത്ത  അത്യാഹ്ലാദം അനുഭവപ്പെടും.
 • പെട്ടന്നുള്ള രോഷം അല്ലെങ്കില്‍ അതിയായ മുന്‍കോപം.
 •  യുക്തിസഹമായ ഒരു കാരണവുമില്ലാത്ത ശക്തമായ വിശ്വാസങ്ങള്‍ അല്ലെങ്കില്‍ ഉന്നതമായ മോഹത്തോടെയുള്ള മിഥ്യാബോധങ്ങള്‍ തുടങ്ങിയവ ഉണ്ടായേക്കാം. ഈ വ്യക്തി അവന് അല്ലെങ്കില്‍ അവള്‍ക്ക് ദൈവവുമായി, ചരിത്ര കഥാപാത്രങ്ങളുമായി അല്ലെങ്കില്‍ സുപ്രസിദ്ധ വ്യക്തികളുമായി (സെലിബ്രിറ്റികളുമായി)  ഒരു പ്രത്യേക ബന്ധമുണ്ടെന്ന് അവകാശപ്പെട്ടേക്കാം.
 •  സ്വന്തം ശേഷിയെക്കുറിച്ച് യാഥാര്‍ത്ഥ്യബോധമില്ലാത്ത വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തും. ഉദാഹരണത്തിന്, ദുഷ്കരമായ ഒരു കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ നിന്ന്  ഒന്നിനും തന്നെ തടുക്കാനാകില്ലെന്ന് ഈ വ്യക്തികള്‍ ചിന്തിച്ചേക്കും.
 • അനാവശ്യമായ കാര്യങ്ങളില്‍ ആര്‍ഭാടം കാണിക്കല്‍, മണ്ടന്‍ ബിസിനസുകളില്‍ നിക്ഷേപമിറക്കല്‍, ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ്, അതിയായ ലൈംഗിക പെരുമാറ്റങ്ങള്‍, പോലുള്ള എടുത്തു ചാട്ടങ്ങളും അപകട സാധ്യതയുള്ള പെരുമാറ്റങ്ങളും നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ. 
 •  മനസ്സില്‍ നിയന്ത്രിക്കാനാകാത്ത ചിന്തകള്‍  തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കും.
 •  ഉറങ്ങാന്‍ കഴിയാതെ വരികയും അത് വിശ്രമമില്ലായ്മയ്ക്കും അത്യുല്‍സാഹ പ്രവണത (ഹൈപ്പറാക്റ്റിവിറ്റി)ക്കും കാരണമാകുകയും ചെയ്യും.
 •  എന്തിലെങ്കിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് നേരിടും, സാധാരണ കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ വരും.
 •  ദിവസം മുഴുവന്‍ നിരാശ തോന്നുകയും അസ്വസ്ഥരായിരിക്കുകയും ചെയ്യും.
 •  അതിവേഗത്തിലുള്ള സംസാരം, ഒരു ആശയത്തില്‍ നിന്നും മറ്റൊന്നിലേക്ക് ചാടല്‍, ചിന്തകള്‍ തമ്മില്‍ ഒരു പെരുത്തം ഇല്ലായ്മ തുടങ്ങിയവ പ്രകടമാകും.
 •  യാഥാര്‍ത്ഥ്യബോധം നഷ്ടമാകല്‍- ഇത് മിഥ്യാഭ്രമത്തിലേക്ക് (ഇല്ലാത്ത കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യല്‍) നയിക്കുകയും ചെയ്യും. 
 •  അമിതമായ ഉയര്‍ന്ന അത്മാഭിമാനവും സ്വന്തം ശേഷികളില്‍ യാഥാര്‍ത്ഥ്യബോധമില്ലാത്ത വിശ്വാസങ്ങളും. 
 •  ആവര്‍ത്തിച്ചുള്ള അനിയന്ത്രിതമായ പെരുമാറ്റങ്ങള്‍ (ഒബ്സസീവ് കമ്പള്‍സീവ് ബിഹേവിയര്‍)- ന്മ സാധനങ്ങള്‍ വൃത്തിയാക്കുകയോ ക്രമീകരിക്കുകയോ ചെയ്യുക, ദിവസങ്ങളോളം ഒരേ പാട്ട്തന്നെ കേട്ടുകൊണ്ടിരിക്കുക, മറ്റുള്ളവരെ നിയന്ത്രിക്കാനോ ഭരിക്കാനോ ശ്രമിക്കുക.
 
വിഷാദ ഘട്ടം :വിഷാദം ഉണ്ടാകുന്ന ഘട്ടത്തില്‍ ഈ വ്യക്തിക്ക് താഴെ പറയുന്ന അനുഭവങ്ങള്‍ ഉണ്ടായേക്കാം : 
 •  അതിയായ സങ്കടം അല്ലെങ്കില്‍ നിരാശ.
 •  പ്രത്യാശയില്ലായ്മ അനുഭവപ്പെടല്‍.
 •  ഒരിക്കല്‍ ആസ്വദിച്ചിരുന്ന കാര്യങ്ങളില്‍ താല്‍പര്യം ഇല്ലായ്മ.
 •  പ്രസരിപ്പ് നഷ്ടമാകല്‍, എളുപ്പത്തില്‍ ക്ഷീണിക്കാനും മയക്കം വരാനുമുള്ള പ്രവണത. 
 • ഉറക്കം സംബന്ധിച്ച ബുദ്ധിമുട്ടുകള്‍- വളരെയധികം ഉറങ്ങുകയോ തീരെ ഉറങ്ങാതിരിക്കുകയോ ചെയ്യും.
 •  രുചിയിലും വിശപ്പിലും  മാറ്റം വരുക,  ആഹാരം കഴിക്കാന്‍ കഴിയാതെ വരുക, കൃത്യമായ ഭക്ഷണനിയന്ത്രണം ഇല്ലാതെ തന്നെ ശ്രദ്ധേയമായ തരത്തില്‍ തൂക്കക്കുറവ് ഉണ്ടാകുക.
 •  ഏകാഗ്രത പുലര്‍ത്താനും ഓര്‍മ്മിക്കാനും തീരുമാനങ്ങളെടുക്കാനും ബുദ്ധിമുട്ട്.
 •  സ്വയം അപകടപ്പെടുത്താനോ മരണത്തേക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ ഉള്ള ചിന്തകള്‍.
നിങ്ങള്‍ക്ക് അറിയാവുന്ന ആര്‍ക്കെങ്കിലും ഈ ലക്ഷണങ്ങള്‍ കാണുന്നു എങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ അവരെ പ്രോത്സാഹിപ്പിക്കുക.

Q

ബൈപോളാര്‍ തകാരാറിന് എന്താണ് കാരണം?

A

ബൈപോളാര്‍ തകരാറിനുള്ള കൃത്യമായ കാരണം അജ്ഞാതമാണ്. ബൈപോളാര്‍ തകരാര്‍ സാധാരണയായി കൗമാരത്തിലോ യൗവ്വനാരംഭത്തിലോ  ആണ് ആരംഭിക്കുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു. ഈ തകരാറിനെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതിനാല്‍ ബൈപോളാര്‍ തകരാറുള്ള ഭൂരിപക്ഷം പേരും സഹായം തേടുന്നതിന് മുമ്പ് ദീര്‍ഘകാലം ഇത് അനുഭവിക്കുകയാണ് ചെയ്യുന്നത്.  
ഹോര്‍മോണ്‍ നിലയിലെ സംതുലനമില്ലായ്മ, ജനിതകം, ഏതെങ്കിലും ദുരന്തത്തിന്‍റെ ഫലമായി  സംഭവിച്ചിട്ടുള്ള ആഘാതം, മദ്യത്തിന്‍റേയും മയക്കുമരുന്നുകളുടേയും ഉപയോഗം തുടങ്ങിയവയാണ് ബൈപോളാര്‍ തകരാറുണ്ടാകുന്നതിനുള്ള സാധ്യതാ ഘടകങ്ങള്‍. ചിത്തഭ്രമത്തോട് കൂടിയ കടുത്ത വിഷാദരോഗം, അല്ലെങ്കില്‍ സ്കിസോഫ്രീയ തുടങ്ങിയ മനോരോഗങ്ങള്‍ക്കൊപ്പവും ബൈപോളാര്‍ തകരാര്‍ ഉണ്ടായേക്കാം.

Q

വിവിധ തരം ബൈപോളാര്‍ തകരാറുകള്‍

A

ബൈപോളാര്‍ തകരാര്‍ നാലുതരത്തിലുണ്ട് : 
1. ബൈപോളാര്‍ ക തകരാര്‍ : മാനിക് അല്ലെങ്കില്‍ സമ്മിശ്രമായ അവസ്ഥ, കുറഞ്ഞത് ഒരാഴ്ച നീണ്ടു നില്‍ക്കും, അല്ലെങ്കില്‍ വ്യക്തിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലാക്കേണ്ടി വരുന്ന തരത്തിലുള്ള കടുത്ത മാനിക് ലക്ഷണങ്ങള്‍ ഉണ്ടാകും. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും നിലനിന്നേക്കാവുന്ന വിഷാദമുള്ള ഘട്ടവും ഉണ്ടായേക്കാം. 
2. ബൈപോളാര്‍ കക തകരാര്‍ : വിഷാദവും ശക്തി കുറഞ്ഞ മാനിയയും ഒന്നിച്ചുള്ള അവസ്ഥ ഉണ്ടാകും. പക്ഷെ ശക്തമായ മാനിക് അല്ലെങ്കില്‍ സമ്മിശ്ര അവസ്ഥ ഉണ്ടാകില്ല.
3. മറ്റ് തരത്തില്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടില്ലാത്ത ബൈപോളാര്‍ തകരാര്‍ (ബിപി-എന്‍ ഒ സ്) : രോഗത്തിന്‍റെ ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തും എന്നാല്‍ ബൈപോളാര്‍ ക ന്‍റെ അല്ലെങ്കില്‍ കക ന്‍റെ രോഗനിര്‍ണയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടില്ല. എന്നിരുന്നാലും ഈ ലക്ഷണങ്ങള്‍ വ്യക്തിയുടെ സാധാരണ പെരുമാറ്റ ലക്ഷണങ്ങളില്‍ നിന്നും വ്യക്തമായി വേറിട്ടു നില്‍ക്കുന്നതായിരിക്കും. 
4. സൈക്ലോത്തൈമിക് തകരാര്‍ അല്ലെങ്കില്‍ സൈക്ലോത്തൈമിയ : ബൈപോളാര്‍ തകരാറിന്‍റെ ഒരു ലഘുവായ രൂപം, ശക്തികുറഞ്ഞ മാനിയയും ലഘുവായ വിഷാദവും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും നിലനിന്നേയ്ക്കും.

Q

ബൈപോളാര്‍ തകരാറിനൊപ്പം ഉണ്ടാകുന്ന മറ്റ് അവസ്ഥകള്‍

A

ചില വ്യക്തികളില്‍ ബൈപോളാര്‍ തകരാറിനൊപ്പം സ്കിസോഫ്രീനിയ, കടുത്ത വിഷാദരോഗം പോലുള്ള മറ്റ് തകരാറുകളും കണ്ടേക്കാം. അതുപോലെ തന്നെ ബൈപോളാര്‍ തകരാറുള്ള വ്യക്തിക്ക് തൈറോയ്ഡ്, പ്രമേഹം, അല്ലെങ്കില്‍  ചില മാനസിക രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്.

Q

ബൈപോളാര്‍ തകരാര്‍ എങ്ങനെ കണ്ടെത്തും?

A

ലക്ഷണങ്ങളിലുള്ള സാമ്യത മൂലം ബൈപോളാര്‍ തകരാര്‍ പലപ്പോഴും സ്കിസോഫ്രീനിയ ആണെന്നും വിഷാദരോഗമാണെന്നും മറ്റും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മാനസികാവസ്ഥയിലെ സാധാരണമല്ലാത്ത ആരോഹണം/ഉയര്‍ച്ച (മാനിയ അല്ലെങ്കില്‍ ശക്തികുറഞ്ഞ മാനിയ) ആണ് ബൈപോളാര്‍ തകരാറിന്‍റെ ഏറ്റവും പ്രബലമായ ലക്ഷണം.
ബൈപോളാര്‍ തകരാര്‍ ശരിയായി നിര്‍ണയിക്കുന്നതിനും വ്യക്തിയുടെ അവസ്ഥയ്ക്ക് കാരണമായി മറ്റെന്തെങ്കിലും അടിസ്ഥാന പ്രശ്നങ്ങളുണ്ടോ എന്ന് അറിയുന്നതിനുമായി  മാനസികാരോഗ്യ വിദഗ്ധര്‍ നിരവധി പരിശോധനകളും വിലയിരുത്തലുകളും നടത്തും.
രോഗലക്ഷണങ്ങളുടെ തീവ്രത അറിയുന്നതിനായി വിദഗ്ധന്‍ ഈ വ്യക്തിയോട് അവരുടെ മാനസികാവസ്ഥയിലെ മാറ്റം, ഉറക്കത്തിന്‍റെ രീതി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ  ഒരു ദൈനംദിന റെക്കോര്‍ഡ് ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടേക്കും.ഇത് ശരിയായ ചികിത്സ നിര്‍ദ്ദേശിക്കുവാന്‍ സഹായിക്കും. 
ഒരു സൈക്കോളജിസ്റ്റ് (മനഃശാസത്രജ്ഞന്‍) ഈ വ്യക്തിയുടെ ചിന്തകള്‍, അനുഭവങ്ങള്‍, വികാരങ്ങള്‍ എന്നിവ വിലയിരുത്തും. ഈ വ്യക്തിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വിദഗ്ധന്‍ കുടുംബാംഗങ്ങളുമായും സംസാരിച്ചേക്കും. തകരാറിന്‍റെ ഗുരുതരാവസ്ഥ വിശകലനം ചെയ്യുന്നതിനായി മനഃശാസത്രപരമായ ഒരു സ്വയം വിലയിരുത്തലും നിര്‍ദ്ദേശിച്ചേക്കാം. 

Q

ബൈപോളാര്‍ തകരാറിന് ചികിത്സ നേടല്‍

A

ബൈപോളാര്‍ തകരാര്‍ ഹൃദ്രോഗവും പ്രമേഹവും പോലെ തന്നെ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതും ഒരു വ്യക്തിയുടെ ജീവിത കാലം മുഴുവന്‍ കൈകാര്യം ചെയ്യേണ്ടി വരുന്നതുമായ രോഗമാണ്. ശരിയായ രോഗനിര്‍ണയവും ചികിത്സയും ഒരു വ്യക്തിയെ ആരോഗ്യകരവും ഫലപ്രദവുമായ ഒരു ജീവിതം നയിക്കാന്‍ സഹായിക്കും. ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍ ഉണ്ടാകുന്ന കാലയളവിലും ലക്ഷണങ്ങളുടെ തീവ്രതയിലും കുറവ് വരുത്തിക്കൊണ്ട് രോഗിയുടെ അവസ്ഥയില്‍ വന്‍ മാറ്റം കൊണ്ടുവരാന്‍ ചികിത്സയ്ക്ക് സാധിക്കും. മരുന്നും തെറാപ്പിയും കൗണ്‍സിലിംഗും ഒന്നിപ്പിച്ചുകൊണ്ടുള്ള ഒരു ചികിത്സ ബൈപോളാറിന് വളരെ ഫലപ്രദമായിരിക്കും.  വ്യക്തിയുടെ പ്രായം, രോഗ ചരിത്രം, അവസ്ഥയുടെ തീവ്രത, മരുന്നിനോടുള്ള രോഗിയുടെ  പ്രതികരണം എന്നിവയുടെ അടിസ്ഥാനത്തില്‍ ചികിത്സയ്ക്ക് വ്യത്യാസം ഉണ്ടായേക്കാം. ചികിത്സിക്കാതിരിക്കുകയോ നിലവിലുള്ള ചികിത്സയോ മരുന്നുകഴിക്കലോ തുടരാതിരിക്കുകയോ ചെയ്യുന്നത് അവസ്ഥ കൂടുതല്‍ വഷളാക്കുകയോ രോഗം തിരിച്ചു വരുന്നതിന് കാരണമാകുകയോ ചെയ്യും. ചില വ്യക്തികളില്‍ ലക്ഷണങ്ങള്‍ അപ്രതീക്ഷിതമായി കുതിച്ചുയരുകയും ആ വ്യക്തിക്ക്  അത് നിയന്ത്രിക്കാന്‍ കഴിയുകയോ അതിനെക്കുറിച്ച് അവബോധം ഉണ്ടായിരിക്കുക പോലുമോ ഇല്ല.
ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങള്‍ താഴെ പറയുന്നു :
 •  ഈ തകരാറിന്‍റെ തീവ്രതയും കാലയളവും കുറയ്ക്കുക.
 •  ഈ വ്യക്തിയെ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും വീട്ടിലും ജോലിസ്ഥലത്തുമുള്ള അവന്‍റെ/അവളുടെ ജീവിതം ആസ്വദിക്കാനും പ്രാപ്തിയുള്ളവരാക്കുക.
 •  സ്വയം അപകടപ്പെടുത്തലും ആത്മഹത്യയും തടയുക.
ശ്രദ്ധിക്കുക : ഈ ലക്ഷണങ്ങളില്‍ ചിലത് വിഷാദരോഗത്തിനും സ്കിസോഫ്രീനിയയ്ക്കും കണ്ടേക്കാം. അതിനാല്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ അടുക്കല്‍ സൂക്ഷമമായ വിശകലനവും വിലയിരുത്തലും നടത്തി രോഗം നിര്‍ണയിക്കുകയും നിര്‍ദ്ദേശിക്കപ്പെടുന്ന ചികിത്സയുമായി മുന്നോട്ട് പോകുകയും ചെയ്യണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
പ്രധാനപ്പെട്ട കാര്യം : ബൈപോളാര്‍ തകരാറുള്ള ഒരു വ്യക്തി ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ചികിത്സ എത്രയും പെട്ടന്ന് ആരംഭിക്കണം. 

Q

ബൈപോളാര്‍ തകരാറിനെ വിജയകരമായി നേരിടല്‍

A

ബൈപോളാര്‍ തകരാര്‍ നിങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളേയും ബാധിച്ചേക്കാം.നിങ്ങള്‍ക്ക് ബൈപോളാര്‍ തകരാര്‍ ഉണ്ടെന്ന കാര്യം അംഗീകരിക്കുകയും ഇതിനെക്കുറിച്ച് സാധ്യമാകുന്നത്ര  പഠിക്കുകയും ചെയ്യുന്നത് ഈ അവസ്ഥയെ വിജയകരമായി അഭിമുഖീകരിക്കാന്‍ നിങ്ങളെ സഹായിക്കും. 
നിങ്ങള്‍ക്ക് സാധിക്കുന്ന ചില കാര്യങ്ങള്‍ താഴെ പറയുന്നു : 
 • മാനസികാരോഗ്യ വിദഗ്ധന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ചികിത്സ പിന്തുടരുക.
 • ന് പതിവുള്ള പരിശോധനയ്ക്കായി മുടങ്ങാതെ പോകുകയും മരുന്ന്  യഥാസമയം മുടങ്ങാതെ കഴിക്കുകയും ചെയ്യുക.
 •  പോഷകാഹാരങ്ങള്‍ കഴിക്കുന്നതിലും കൃത്യസമയത്ത് വേണ്ടത്ര ഉറങ്ങുന്നതിലും ശ്രദ്ധവെച്ചുകൊണ്ടുള്ള ഒരു ആരോഗ്യകരമായ ജീവിത ശൈലി നയിക്കുക. 
 •  നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് അവബോധം ഉണ്ടായിരിക്കുകയും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ പ്രേരകശക്തിയാകുന്ന സാഹചര്യങ്ങളും സംഭവങ്ങളും ഏതെല്ലാമെന്ന് തിരിച്ചറിയുകയും ചെയ്യുക. 
 •  പരിചരിക്കുന്നവര്‍ (കുടുംബാംഗങ്ങളും സുഹൃത്തുക്കളും)  നല്‍കുന്ന പിന്തുണയേയും സഹായത്തേയും വകവെയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യുക. 
 •  ഒരു സഹായക സംഘത്തില്‍ (സപ്പോര്‍ട്ട് ഗ്രൂപ്പില്‍)ചേരുകയും നിങ്ങളുടെ അതേ പ്രശ്നം നേരിടുന്ന ആളുകളുമായി ഇടപെടുകയും ചെയ്യുക. ഇത്തരം സമ്പര്‍ക്കങ്ങള്‍ നിങ്ങള്‍ക്ക് പ്രചോദകമാകുകയും  നിങ്ങളുടെ അവസ്ഥയെ കൈകാര്യം ചെയ്യാന്‍ അത് നിങ്ങളെ കൂടുതല്‍ ശേഷിയുള്ളവരാക്കുകയും ചെയ്യും.  

Q

ബൈപോളാര്‍ തകരാറുള്ള വ്യക്തിയെ പരിചരിക്കല്‍

A

ബൈപോളാര്‍ തകരാറുള്ള ആരെയെങ്കിലും നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാനും ചികിത്സ നേടാനും അവരെ പ്രോത്സാഹിപ്പിക്കുക. തങ്ങള്‍ക്ക് ഒരു പ്രശ്നം ഉണ്ടെന്ന് ഈ വ്യക്തി സമ്മതിച്ചെന്നു വരില്ല. അത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ ആദ്യം ഡോക്ടറെ കാണുകയും പിന്നീട് ഈ വ്യക്തിയെ കൂടെ കൊണ്ടുപോകുകയും ചെയ്യുക. 
നിങ്ങള്‍ക്ക് സാധിക്കുന്ന ചില കാര്യങ്ങള്‍ : 
 • ന്ഇവരുമായി സംസാരിക്കുമ്പോള്‍ ശാന്തരും സൗമ്യരുമായിരിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ശാന്തത ആ വ്യക്തിയെ അനുകൂലമായ തരത്തില്‍ സ്വാധീനിച്ചേക്കും.
 •  ഈ വ്യക്തിയെ ഒരു പ്രവര്‍ത്തന പദ്ധതി പിന്തുടരാനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി ക്രമീകരിക്കാനും പ്രോത്സാഹിപ്പിക്കുക.
 •  ബൈപോളാര്‍ തകരാര്‍ ഉണ്ടാകുന്ന ഒരു മിശ്ര ഘട്ടം അസ്വസ്ഥതയുണ്ടാക്കുന്നതും അപകടസാധ്യതയുള്ളതുമാണ്. എന്ത് സമ്മര്‍ദ്ദമാണ് ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണമാകുന്നതെന്ന് നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുക, അത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ ആ വ്യക്തിയെ സഹായിക്കുക. ഉദാഹരണത്തിന്, ക്രമരഹിതമായ ഭക്ഷണം കഴിക്കല്‍ അല്ലെങ്കില്‍ ഉറക്കം, എളുപ്പത്തില്‍ പണം ലഭ്യാകുന്ന അവസ്ഥ. 
 •  ബൈപോളാറിന്‍റെ ഒരു ഘട്ടത്തിന് ശേഷം തങ്ങളുടെ ഉചിതമല്ലാത്തതും കുഴപ്പം പിടിച്ചതുമായ രോഗവുമായി  ബന്ധപ്പെട്ട പെരുമാറ്റത്തെ ഓര്‍ത്ത് ഈ വ്യക്തിക്ക് വലിയ അപമാനവും കുറ്റബോധവും അനുഭവപ്പെട്ടേക്കും. അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ഇത്തരം പെരുമാറ്റം സ്വമേധയാ ചെയ്യുന്നതല്ല, ഈ അവസ്ഥ മൂലം ഉണ്ടാകുന്നതാണ് എന്ന കാര്യം അവരോട് വിശദീകരിക്കുകയും ചെയ്യുക. 
 •  തുടര്‍ച്ചയായുള്ള ചികിത്സ കൊണ്ട് സ്ഥിതി മെച്ചപ്പെടുത്താമെന്നും ഒരു സാധാരണ ജീവിതം നയിക്കാനാകുമെന്നും അവര്‍ക്ക് ഉറപ്പു കൊടുക്കുക. 
 •  ആത്മഹത്യയെക്കുറിച്ചോ സ്വയം അപകടപ്പെടുത്തുന്നതിനേക്കുറിച്ചോ എന്തെങ്കിലും അഭിപ്രായ പ്രകടനങ്ങളോ അതിനുള്ള പ്രവര്‍ത്തികളോ ഉണ്ടാകുന്നുണ്ടോയെന്ന് ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാന്‍ ഉടനേ ഡോക്ടറെ അറിയിക്കുക. 

Q

പരിചരിക്കുന്നവര്‍ക്കുള്ള പരിചരണം

A

ബൈപോളാര്‍ തകരാറുള്ളവരെ ചികിത്സിക്കുന്നവരും വളരെയധികം മാനസിക സമ്മര്‍ദ്ദത്തിലൂടേയും വൈകാരിക സംഘര്‍ഷത്തിലൂടേയുമായിരിക്കും കടന്നു പോകുന്നത്. മിക്കവാറും പരിചരണം നല്‍കുന്ന പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ മാനസിക സമ്മര്‍ദ്ദവും തളര്‍ച്ചയും ഉത്കണ്ഠയും മറ്റും അനുഭവപ്പെട്ടേക്കും. അവര്‍ക്ക് വിഷാദരോഗം ഉണ്ടായി വരാനുള്ള സാധ്യത വളരെ കൂടുതലുമാണ്. 
പരിചരിക്കുന്നവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെക്കുറിച്ച് വളരെയേറെ ഉത്കണ്ഠപ്പെടുന്നതിനാല്‍ സ്വന്തം കാര്യം നോക്കാന്‍ മറന്നു പോകാറുണ്ട്. 
പരിചരിക്കുന്നവര്‍ താഴെ പറയുന്ന അവസ്ഥയിലാണെങ്കില്‍ അവരും സഹായം തേടേണ്ടതാണ്.
 •   പരിചരിക്കാന്‍ തുടങ്ങുന്നത് മുമ്പ് ഉണ്ടായിരുന്ന പ്രസരിപ്പും ഊര്‍ജസ്വലതയും നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നില്ലെങ്കില്‍. 
 • ഇടയ്ക്കിടയ്ക്ക് ജലദേഷം, പനി, കഫക്കെട്ട് തുടങ്ങിയവ മൂലം അസുഖത്തിലാകുന്നു എങ്കില്‍.
 •  ആവശ്യത്തിന് ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്തതിന് ശേഷവും എപ്പോഴും  തളര്‍ച്ച തോന്നുന്നു എങ്കില്‍. 
 •  നിങ്ങള്‍ വളരെ തിരക്കിലായതുകൊണ്ടോ അല്ലെങ്കില്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതുകൊണ്ടോ സ്വന്തം ആവശ്യങ്ങള്‍ അവഗണിക്കുന്നു എങ്കില്‍. 
 •  നിങ്ങളുടെ ജീവിതം രോഗിയെ പരിചരിക്കലില്‍ ചുറ്റി തിരിയുകയാണ്, പക്ഷെ അത് നിങ്ങള്‍ക്ക് സംതൃപ്തി തരുന്നില്ല എന്ന് ചിന്തിക്കുന്നു എങ്കില്‍.
 •  സഹായം ലഭ്യമാകുമ്പോള്‍ പോലും റിലാക്സ് ചെയ്യാന്‍ പറ്റാതിരിക്കല്‍.
 •  നിങ്ങള്‍ പരിചരിക്കുന്ന വ്യക്തിയോടും മറ്റുള്ളവരോടും ദേഷ്യം തോന്നുകയും നിങ്ങളുടെ അക്ഷമ വര്‍ദ്ധിച്ചു വരികയും ചെയ്യുന്നു എങ്കില്‍.
 •  തളര്‍ച്ചയും, നിസ്സഹായതയും നിരാശയും തോന്നു എങ്കില്‍-
നിങ്ങള്‍ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ ശ്രദ്ധവെയ്ക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. താഴെ പറയുന്ന ചില കാര്യങ്ങള്‍ ചെയ്താല്‍ അത് നിങ്ങള്‍ക്ക് ഗുണകരമാകും: 
 • ആവശ്യത്തിന് വിശ്രമിക്കുകയും പോഷകാഹാരം കഴിക്കുകയും ചെയ്യുക.
 •  പതിവായി വ്യായാമം ചെയ്യുക.
 •  മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ടെക്നിക്കുകള്‍ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുക.
 • കുറ്റബോധം കൂടാതെ നിങ്ങളുടെ കാര്യങ്ങള്‍ക്ക് ആവശ്യമായ സമയം ചെലവഴിക്കുക.
 •  നിങ്ങള്‍ക്ക് മനസുഖം തരുന്ന ഒരു വിനോദത്തിലോ എന്തെങ്കിലും പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടുക. 
 •  മറ്റുള്ളവരുടെ സഹായം തേടുകയും സ്വീകരിക്കുകയും ചെയ്യുക.
 •  വിശ്വസിക്കാവുന്ന ഒരു കൗണ്‍സിലറോടോ അല്ലെങ്കില്‍ ഒരു സുഹൃത്തിനോടോ നിങ്ങളുടെ ചിന്തകളും വികാരങ്ങളും പങ്കുവെയ്ക്കുക. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org