ഡിമെന്‍ഷ്യ (ബുദ്ധിഭ്രംശം)

Published on
Q

എന്താണ് ഡിമെന്‍ഷ്യ (ബുദ്ധിഭ്രംശം)

A

 
 
ഡിമെന്‍ഷ്യ ഒരു പ്രത്യേക തകരാറല്ല, മറിച്ച് ഒരു കൂട്ടം രോഗലക്ഷണങ്ങള്‍ ഒരേ കാലത്ത് പ്രവര്‍ത്തിക്കുന്ന ഒരു അവസ്ഥ (സിന്‍ഡ്രം)യാണ്.ഇതില്‍ തലച്ചോറിലെ വിവിധ കോശജാലങ്ങളും (ടിഷ്യു) കോശങ്ങളും തകരാറിലാകുന്നത് മൂലം ഉണ്ടാകുന്ന നിരവധി രോഗലക്ഷണങ്ങള്‍ ഉള്‍പ്പെടുന്നു. ഈ തകരാറ് മൂലം ആളുകള്‍ക്ക് അല്‍ഷിമേഴ്സ് അല്ലെങ്കില്‍ പാര്‍ക്കിന്‍സണ്‍സ് പോലെയുള്ള, കാലംചെല്ലുമ്പോള്‍ സ്ഥിതി കൂടുതല്‍ മോശമാകുന്ന രോഗങ്ങള്‍ ബാധിക്കുന്നു. ഓര്‍മ്മശക്തി നശിക്കല്‍, മാനസികാവസ്ഥയിലെ മാറ്റം, ചിന്തിക്കാനും യുക്തിവിചാരത്തിനും കണക്കു ചെയ്യാനും ഭാഷ പഠിക്കാനും ബുദ്ധിമുട്ട് തുടങ്ങിയവ ഇതിന്‍റെ ലക്ഷണങ്ങളില്‍ ചിലതാണ്. ഈ ലക്ഷണങ്ങളില്‍ പലതും  ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള വ്യക്തിയുടെ കഴിവിനെ തടസ്സപ്പെടുത്തുന്നു.
ഡിമെന്‍ഷ്യ ക്രമേണ വര്‍ദ്ധിക്കുന്ന അതായത്  അവസ്ഥ ക്രമേണ വഷളാകുന്ന രോഗമാണ്. വഴിയെ ഇത് വ്യക്തിയെ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. 
 
ശ്രദ്ധിക്കുക : 'ഡിമെന്‍ഷ്യ ഇന്ത്യ റിപ്പോര്‍ട്ട്' പ്രകാരം നമ്മുടെ രാജ്യത്ത് 3.7 ദശലക്ഷത്തിലധികം പേര്‍ക്ക് ഡിമെന്‍ഷ്യ ബാധിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ഇത് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Q

എന്താണ് ഡിമെന്‍ഷ്യ അല്ലാത്തത് ?

A

 
  •  പ്രായമാകുമ്പോള്‍ ആളുകള്‍ക്ക് ഓര്‍മ്മക്കുറവ് ഉണ്ടായേക്കാം.ശരീരികമായ രോഗങ്ങളും വിഷാദരോഗം പോലുള്ള മാനസിക രോഗങ്ങളും ഓര്‍മ്മശക്തിയെ ബാധിക്കാറുണ്ട്, ഇത് ഡിമെന്‍ഷ്യയുടെ ലക്ഷണമല്ല.
  •  ഡിമെന്‍ഷ്യയുള്ള വ്യക്തിക്ക് തലച്ചോറിന്‍റെ രണ്ട് പ്രവര്‍ത്തനങ്ങളിലെങ്കിലും പ്രശ്നം ഉണ്ടാകുകയും (ഓര്‍മ്മശക്തിക്ക്, തീരുമാനങ്ങളെടുക്കുന്നതില്‍ അല്ലെങ്കില്‍ ഭാഷയില്‍). ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പരാശ്രയമില്ലാതെ ചെയ്യാന്‍  കഴിവില്ലാതാകുയും ചെയ്തേക്കാം.

Q

വിവിധ തരം ഡിമെന്‍ഷ്യകള്‍

A

 
ഡിമെന്‍ഷ്യ (ബുദ്ധിഭ്രംശം) പലതരത്തിലുണ്ട്. ഓരോന്നിനും അതിന് കാരണമാകുന്ന  രോഗത്തിന്‍റേയോ  അവസ്ഥയുടേയോ പേര് കൊടുത്തിരിക്കുന്നു.  
1. അല്‍ഷിമേഴ്സ് രോഗം ഏറ്റവും സാധാരണമായ ഒരു തരം ഡിമെന്‍ഷ്യയാണ്.അല്‍ഷിമേഴ്സ് രോഗം സാധാരണായി  7-10 വര്‍ഷം കൊണ്ട് സാവധാനം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. തലച്ചോറിന്‍റെ ഗ്രഹണ/ധാരണാ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ പതുക്കെ ക്ഷയിക്കുന്നു, ഒടുവില്‍ തലച്ചോറില്‍ ഓര്‍മ്മ, ഭാഷ, തീരുമാനമെടുക്കല്‍, സ്ഥലവും സമയവും തിരിച്ചറിയുന്നതിനുള്ള ശേഷി മുതലായവയെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 
 
2.ല്യൂയി ബോഡി ഡിമെന്‍ഷ്യ : ല്യൂയി ബോഡി എന്നാല്‍,  തലച്ചോറില്‍ കാണപ്പെടുന്ന പ്രോട്ടീനുകളുടെ ഒരു അസാധാരണമായ കൂട്ടമാണ്. ഈ വിഭാഗത്തിലെ  ഡിമെന്‍ഷ്യയുള്ള വ്യക്തിക്ക് പലപ്പോഴും അതിവേഗം കണ്ണുകള്‍ ചലിക്കുന്ന ഒരവസ്ഥ, വ്യക്തി താന്‍ സ്വപ്നത്തില്‍ കാണുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന  ഉറക്കം സംബന്ധമായ തകരാര്‍ മുതലായവ ഉണ്ടായേക്കാം.
3. ഫ്രോന്‍റ്റോറ്റെംപെറല്‍ ഡിമെന്‍ഷ്യ :  ഈ തരം ഡിമെന്‍ഷ്യ മറ്റുതരങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറച്ച് ചെറുപ്രായത്തിലാണ് സംഭവിക്കുന്നത് (40-65 വയസില്‍). തലച്ചോറില്‍  വ്യക്തിത്വം, പെരുമാറ്റം, ഭാഷ തുടങ്ങിയവയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന മേഖലകളിലെ (ഫ്രെന്‍റല്‍ലും റ്റെംപെറലും )  നാഡീകോശങ്ങള്‍ ക്രമേണ ക്ഷയിക്കുന്നതാണ് ഇതില്‍ നടക്കുന്നത്. ഇതിന്‍റെ ഫലമായി ഉചിതമല്ലാത്ത പെരുമാറ്റം, ഭാഷ, ചിന്തിക്കാനും ഏകാഗ്രതപുലര്‍ത്താനും ചലനങ്ങള്‍ക്കും പ്രശ്നങ്ങള്‍ മുതലായവ ഉണ്ടാകുന്നു.
 
4. ധമനീ സംബന്ധമായ ഡിമെന്‍ഷ്യ (ബുദ്ധിഭ്രംശം) : തലച്ചോറിലേക്ക് നീളുന്ന രക്തധമനികളിലൂടെയുള്ള രക്തപ്രവാഹം കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുന്നതുമൂലം  തലച്ചോറിന് തകരാറുണ്ടാകുമ്പോഴാണ് ഈ ഡിമെന്‍ഷ്യ സംഭവിക്കുന്നത്. തലച്ചോറിലെ തകരാറ് മസ്തിഷ്കാഘാതം (സ്ട്രോക്ക്), ഹൃദയവാല്‍വിന് ഉണ്ടാകുന്ന അണുബാധ, അല്ലെങ്കില്‍ ധനമികളുടെ (രക്ത ധമനികളുടെ) അവസ്ഥകള്‍ മൂലം ഉണ്ടാകാവുന്നതാണ്.
 
.

Q

ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം?

A

 
 
ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ അതിനുള്ള കാരണത്തിന്‍റേയും തലച്ചോറിലെ ഏതു ഭാഗത്തേയാണ് ഇത് ബാധിച്ചിരിക്കുന്നത് എന്നതിന്‍റേയും അടിസ്ഥാനത്തില്‍ വ്യത്യസ്തമായേക്കാം. ഓരോ വ്യക്തിക്കും വ്യത്യസ്തമായ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയും ഈ ലക്ഷണങ്ങള്‍ മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കുകയും ചെയ്തേക്കാം.
 
ഡിമെന്‍ഷ്യയുള്ള വ്യക്തിക്ക് താഴെ പറയുന്ന കാര്യങ്ങളില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം
 
  •  സമീപകാല സംഭവങ്ങള്‍ അല്ലെങ്കില്‍ പ്രവര്‍ത്തികള്‍ ഓര്‍ത്തെടുക്കുന്നതില്‍.
  •  കാര്യങ്ങള്‍ വര്‍ണിക്കാന്‍ ശരിയായ വാക്കുകള്‍ കണ്ടെത്താന്‍.
  •  ആളുകളെ തിരിച്ചറിയാനും സ്ഥലങ്ങള്‍ മനസിലാക്കാനും.
  • പാചകം, ശുചീകരണം പോലുള്ള ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യാന്‍.
  •  കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും ക്രമീകരിക്കാനും (സാമ്പത്തിക കാര്യങ്ങള്‍, ദിനചര്യകള്‍ മുതലായവ).
  •  യുക്തിസഹമായി ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യല്‍, പ്രത്യേകിച്ച് ഒരു അടിയന്തിര ഘട്ടത്തില്‍.
  •  വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്യല്‍ (കുളി, വൃത്തിയായി വസ്ത്രം ധരിക്കല്‍ മുതലായവ).
  •  അക്രമാസക്തിയിലേക്കും കലഹത്തിലേക്കും നയിച്ചേക്കാവുന്ന മനോഭാവത്തേയും പെരുമാറ്റത്തേയും നിയന്ത്രിക്കല്‍.
ചില തരത്തിലുള്ള ഡിമെന്‍ഷ്യ പ്രത്യേക തരത്തിലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമായേക്കാം
  •  ല്യൂയി ബോഡി കൊണ്ടുള്ള ഡിമെന്‍ഷ്യ : ഇതുള്ള വ്യക്തിക്ക് മതിഭ്രമം ഉണ്ടാകുകയും (ഇല്ലാത്ത കാഴ്ചകള്‍ കാണുക) ഇടയ്ക്കിടെ വീഴുകയും ചെയ്തേക്കാം. 
  •  ഫ്രോന്‍റോറ്റെംപോറല്‍ ഡിമെന്‍ഷ്യ : വ്യക്തിത്വ മാറ്റം അല്ലെങ്കില്‍ അസാധാരണമായ പെരുമാറ്റം. ഈ വ്യക്തി സംസാരിക്കുമ്പോള്‍ മറ്റുള്ളവരോട് ഒരു പരിഗണനയും കാണിച്ചേക്കില്ല, പരുഷമായും മര്യാദയില്ലാതേയും പെരുമാറിയേക്കാം. 
  • വാസ്കുലാര്‍ ഡിമെന്‍ഷ്യ : ഈ വ്യക്തിക്ക് ഉന്മാദമോ പുതിയതോ അല്ലെങ്കില്‍ വഷളായിക്കൊണ്ടിരിക്കുന്നതോ ആയ ഒരു അസുഖം മൂലം  വിഭ്രാന്തിയോ ഉണ്ടായേക്കാം

Q

ഡിമെന്‍ഷ്യ എങ്ങനെ കണ്ടെത്താം?

A

 
ഡിമെന്‍ഷ്യ കണ്ടെത്താന്‍ ഒരു പ്രത്യേക ഒറ്റപ്പരിശോധന ഇല്ല. എന്നിരുന്നാലും ഡോക്ടര്‍മാര്‍ വ്യക്തിയുടെ രോഗ ചരിത്രം, പെരുമാറ്റത്തിലെ മാറ്റങ്ങള്‍, ലബോറട്ടറി പരിശോധനാ ഫലങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രോഗ നിര്‍ണയം നടത്തുന്നു. എത്രയും നേരത്തേ രോഗം കണ്ടെത്തുന്നത് ഈ വ്യക്തിയെ തന്‍റെ അവസ്ഥ മനസിലാക്കാനും, കുടുംബാംഗങ്ങളുടെ സഹായത്തോടെ ഭാവികാര്യങ്ങള്‍ക്കായി ഒരു പദ്ധതി തയ്യാറാക്കാനും സാധ്യമാകുന്നത്ര ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും സഹായിക്കും. 
 
ഡിമെന്‍ഷ്യ കണ്ടെത്തുന്നതിനുള്ള ചില പരിശോധനകള്‍ താഴെ പറയുന്നു : 
 
  • കോഗ്നിറ്റീവ്, ന്യൂറോഫിസിക്കല്‍ പരിശോധനകള്‍ : ധാരണാസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മ, ക്രമീകരണം, യുക്തിചിന്ത, വിധിന്യായം, ഭാഷ തുടങ്ങിയ കാര്യങ്ങളില്‍ നടത്തുന്ന പരിശോധനകളിലൂടെ വിലയിരുത്തുന്നു.
  • നാഡീസംബന്ധമായ വിലയിരുത്തല്‍ : ഡോക്ടര്‍മാര്‍ ചലനം, സംതുലനം, ബോധം, പ്രതിപ്രവര്‍ത്തനം മുതലായ കാര്യങ്ങള്‍ പരിശോധിക്കുന്നു.
  • ബ്രെയ്ന്‍ സ്കാന്‍ : ഈ വ്യക്തിക്ക് ഒരു ട്യൂമറുണ്ടാ എന്നറിയാന്‍  ഒരു സ്ട്രോക്ക് ഉണ്ടായിട്ടുണ്ടോ അല്ലെങ്കില്‍ ആന്തരിക രക്തസ്രാവം ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഒരു കംപ്യൂട്ടര്‍നിയന്ത്രിത റ്റോമോഗ്രോഫി (സി റ്റി) സ്കാന്‍ അല്ലെങ്കില്‍ മാഗ്നറ്റിക് റിസോണന്‍സ് ഇമേജിംഗ് ( എം ആര്‍ ഐ) സ്കാന്‍ നടത്തുന്നു.
  • മനഃശാസ്ത്രപരമായ വിലയിരുത്തല്‍ : ഒരു മാനസികാരോഗ്യ വിദഗ്ധന്‍ വിഷാദരോഗമോ അല്ലങ്കില്‍ മറ്റെന്തെങ്കിലും മാനസികാസ്വാസ്ഥ്യമോ ആണോ ഈ ലക്ഷണങ്ങള്‍ക്ക് കാരണം എന്ന് പരിശോധിച്ചേക്കാം.

Q

ഡിമെന്‍ഷ്യക്ക് ചികിത്സ നേടല്‍

A

 
ഡിമെന്‍ഷ്യ ചികിത്സിച്ച് ഭേദമാക്കാനാകില്ല, എന്തുകൊണ്ടെന്നാല്‍ ഡിമെന്‍ഷ്യക്ക് കാരണമാകുന്ന രോഗങ്ങള്‍ ക്രമേണ വര്‍ദ്ധിക്കുന്ന-അതായത് നാളുകള്‍ കഴിയുന്തോറും വഷളാകുന്ന  തരത്തിലുള്ളവയാണ്. എന്നിരുന്നാലും ഡോക്ടര്‍മാര്‍ക്ക് ഈ വ്യക്തിയെ അവന്‍റെ /അവളുടെ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കാനാകും. ഡിമെന്‍ഷ്യയ്ക്ക് ഒപ്പം ഉണ്ടായേക്കാവുന്ന ഉത്കണ്ഠ, വിഷാദരോഗം തുടങ്ങിയ മറ്റ് അവസ്ഥകള്‍ക്ക് ചികിത്സ ആവശ്യമാണ്. 
ഡോക്ടര്‍മാരും കുടുംബാംഗങ്ങളും ഈ വ്യക്തിക്ക് ഇപ്പോഴും ചെയ്യാനാകുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധവെയ്ക്കുകയും അവ ചെയ്യുന്നത് തുടരാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്.  ഏറ്റവും പ്രധാനപ്പെട്ട ചികിത്സ കുടുംബാംഗങ്ങളില്‍ നിന്നുള്ള സ്നേഹം, പിന്തുണ, ശ്രദ്ധ എന്നിവയാണ്.

Q

ഡിമെന്‍ഷ്യ തടയാനാകുമോ ?

A

 
ഡിമെന്‍ഷ്യ തടയാന്‍ ആകില്ല എന്നാണ് കണ്ടുവരുന്നതെങ്കിലും ചില കാര്യങ്ങള്‍ ഡിമെന്‍ഷ്യയുടെ ആക്രമണം വൈകിപ്പിക്കുന്നതിന് സഹായിച്ചേക്കും. എന്തായാലും ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുകയാണ്. 
ആരോഗ്യകരമായ ഒരു ജീവിത ശൈലി പരിപാലിക്കുന്നതിന് ഗുണകരമായ ചില വഴികള്‍ താഴെ പറയുന്നു : 
  •  മാനസികമായി ഉത്തേജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മനസ് സജീവമാക്കി നിലനിര്‍ത്തുക. ഉദാഹരണത്തിന്, വാക്കുകള്‍ കൊണ്ടുള്ള കളി, സുഡോക്കു, ഓര്‍മ്മ പരിശീലനം, അല്ലെങ്കില്‍ പുതിയൊരു ഭാഷ പഠിക്കല്‍. 
  •  പതിവായി വ്യായാമം ചെയ്തും, ആരോഗ്യകരമായ ഒരു ഭക്ഷണക്രമം പരിപാലിച്ചും ശാരീരികമായി ഊര്‍ജ്സ്വലമായിരിക്കുക. 
  •  പൊതു സാമൂഹിക പ്രവര്‍ത്തനത്തില്‍ സന്നദ്ധസേവകനാകുക, ഏതെങ്കിലും ഒരു ഹോബി ക്ലാസില്‍ ചേരുക, സുഹൃത്തുക്കളോടൊപ്പമോ ഇഷ്ടമുള്ളവരോടൊപ്പമോ സമയം ചെലവഴിക്കുക എന്നിങ്ങനെ എപ്പോഴും ഊര്‍ജസ്വലമായിരിക്കുക.
  • ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു അച്ചടക്കമുള്ള ദിനചര്യ വളര്‍ത്തിയെടുക്കുക.
  •  പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക.

Q

ഡിമെന്‍ഷ്യയുള്ള ഒരാളെ പരിചരിക്കല്‍

A

 
ഒരു വ്യക്തിക്ക് ഡിമെന്‍ഷ്യയാണെന്ന് കണ്ടെത്തപ്പെട്ടാല്‍ അത് ആ വ്യക്തിക്കും കുടുംബാംഗങ്ങള്‍ക്കും തീവ്രദുഃവും ഞെട്ടലും ഉണ്ടാക്കിയേക്കും. ഡിമെന്‍ഷ്യയുള്ള വ്യക്തികള്‍ക്ക് പ്രാംരഭ ഘട്ടത്തില്‍ വലിയ അളവില്‍ പിന്തുണയും സമാശ്വാസവും ആവശ്യമുണ്ട്. അതിലൂടെ ജീവിതം ആ വ്യക്തികള്‍ക്ക് കൂടുതല്‍ എളുപ്പവും കൈകാര്യം ചെയ്യാനാകുന്നതും ആക്കി മാറ്റാനാകും. 
 ഈ വ്യക്തിയുടെ പരിചരണം ഏറ്റെടുക്കാന്‍ ശേഷി നേടുന്നതിന് താഴെ പറയുന്ന ചില നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് പിന്തുടരാവുന്നതാണ്. എന്നിരുന്നാലും ഈ വ്യക്തിയുടെ അവസ്ഥയ്ക്കും സാഹചര്യത്തിനും അനുഗുണമായി നിങ്ങള്‍ക്ക് ഈ നിര്‍ദ്ദേശങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. 
ഡിമെന്‍ഷ്യ ക്രമേണ വര്‍ദ്ധിക്കുന്ന രോഗമാണെന്നതും ഇതിന്‍റെ ലക്ഷണങ്ങള്‍ ദിവസങ്ങള്‍ പിന്നിടുന്തോറും വഷളായി വരുമെന്നതും നിങ്ങള്‍ മനസിലാക്കേണ്ടതാണ്. 
  •  ആശയവിനിമയം : ഡിമെന്‍ഷ്യയുള്ള വ്യക്തിയുമായി സംസാരിക്കുമ്പോള്‍ കണ്ണുകളുമായി ബന്ധം പുലര്‍ത്താന്‍ ശ്രദ്ധിക്കുക. ലളിതമായ വാചകങ്ങളില്‍ സാവധാനത്തിലും സ്പഷ്ടമായും സംസാരിക്കുക. അതുപോലെ തന്നെ ഒരു സമയം ഒരു വിഷയത്തെക്കുറിച്ചു  മാത്രം പറയാനും ശ്രദ്ധിക്കുക.
  • വ്യായാമം : ഈ വ്യക്തിയെ ലളിതമായ വ്യായാമങ്ങള്‍ ചെയ്യാനും, ശരീര സൗഖ്യം നിലനിര്‍ത്താനും വിഷാദത്തിന്‍റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും ഇരിക്കാനും നടക്കാനും കൈകള്‍ ചലിപ്പിക്കാനും മറ്റുമുള്ള മോട്ടോര്‍ സ്കില്‍സ് നിലനിര്‍ത്താനും   പ്രോത്സാഹിപ്പിക്കണം. 
  •  കളികളും മറ്റ് പ്രവര്‍ത്തനങ്ങളും : ചിന്ത ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളിലും കളികളിലും പങ്കെടുക്കാന്‍ ഈ വ്യക്തിയെ പ്രോത്സാഹിപ്പിക്കുക. തിരിച്ചറിയല്‍ സംബന്ധിച്ച വൈദഗ്ധ്യം ഉപയോഗിക്കുന്നത് തലച്ചോറിലെ കോശങ്ങള്‍ ക്ഷയിക്കുന്നത് സാവധാനത്തിലാക്കാന്‍ സഹായിച്ചേക്കും. 
  • ദിനചര്യ : ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ശരിയായ ദിനചര്യ ഉണ്ടാക്കുക, അങ്ങനെയാകുമ്പോള്‍ ഈ വ്യക്തിക്ക് ഭക്ഷണം കഴിക്കുന്നസമയവും  ഉറങ്ങാന്‍ പോകുന്ന സമയവും തോന്നിയ പടിയാകുന്നതു കൊണ്ടുള്ള ശല്യം ഉണ്ടാകില്ല. പെരുമാറ്റത്തില്‍ വരുന്ന മാറ്റങ്ങളെ സ്വീകരിക്കാന്‍ തയ്യാറാകുക, കാരണം കുറച്ചു നാള്‍ കഴിയുമ്പോള്‍ ഈ വ്യക്തിയുടെ സ്വഭാവത്തില്‍ വലിയ മാറ്റം ഉണ്ടായേക്കാം. 
  •  ഭാവി : ഡിമെന്‍ഷ്യയുടെ പ്രാരംഭ ഘട്ടത്തില്‍ ഈ വ്യക്തിയെ ഭാവി ആസൂത്രണം ചെയ്യാനും സാമ്പത്തികം, വസ്തു, ദീര്‍ഘകാല സംരക്ഷണ പദ്ധതി, സുരക്ഷ, ദൈനംദിന ജീവിതം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാനും പ്രോത്സാഹിപ്പിക്കുക.

Q

പരിചരിക്കുന്നവര്‍ക്കുള്ള പരിചരണം

A

 
ഡിമെന്‍ഷ്യയുള്ള ഒരാളെ പരിചരിക്കുക എന്നത് വളരെ മാനസിക സമ്മര്‍ദ്ദവും നിരാശയും ശാരീരികവും  വൈകാരികവുമായ തളര്‍ച്ചയും സൃഷ്ടിക്കുന്ന കാര്യമാണ്. നിങ്ങള്‍ക്ക് പലപ്പോഴും ദേഷ്യം, കുറ്റബോധം, ദുഃഖം, സ്വയം പരിതാപം, ഉത്കണ്ഠ, നിസ്സഹായത തുടങ്ങിയവയുടെ ഒരു സമ്മിശ്ര വികാരം ഉണ്ടായേക്കാം. പക്ഷെ ഈ ദുഷ്കരമായ ഘട്ടത്തിലൂടെ തുഴഞ്ഞു മുന്നേറുന്നതിനുള്ള കരുത്ത് നേടാന്‍ നിങ്ങള്‍ നിങ്ങളുടെ ശാരീരികവും മാനസികവുമായ സൗഖ്യത്തില്‍ ശ്രദ്ധവെയ്ക്കേണ്ടതാണ്.
  •  ഈ രോഗത്തെക്കുറിച്ച് നിങ്ങള്‍ക്ക് കഴിയാവുന്നത്ര പഠിക്കുക, അതിലൂടെ നിങ്ങള്‍ക്ക് രോഗിയുടെ പ്രശ്നങ്ങള്‍ നന്നായി  മനസിലാക്കാനും സാഹചര്യം നല്ല രീതിയില്‍ കൈകാര്യം ചെയ്യാനും സാധിക്കും. 
  •  ഡോക്ടറോടും കൗണ്‍സിലറോടും  നിങ്ങളുടെ ഉത്കണ്ഠകള്‍ ചര്‍ച്ച ചെയ്യുക.
  •  ആവശ്യമുള്ളപ്പോള്‍ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സഹായം തേടുക.
  • നിങ്ങളുടെ ശാരീരികവും വൈകാരികവും ആത്മീയവുമായ ആരോഗ്യത്തില്‍ ശ്രദ്ധവെയ്ക്കുക.
  •  കുറച്ചു നേരം പുറത്തു പോകുകയും നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുകയും വേണം.
  • നിങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനും നിങ്ങളുടെ അതേ പ്രശ്നങ്ങള്‍ തന്നെ നേരിടുകയും  പരിചരണം കൊടുക്കുകയും ചെയ്യുന്ന മറ്റുള്ളവരില്‍ നിന്നും പിന്തുണ തേടുന്നതിനുമായി ഒരു സഹായക സംഘത്തില്‍ ചേരുക.  അവിടെ അവര്‍ക്ക് പിന്തുണ കൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയും ചെയ്യും. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org