പൊതുവായ ഉത്കണ്ഠാ രോഗം - ജി എ ഡി

Published on
Q

എന്താണ് പൊതുവായ ഉത്കണ്ഠാ രോഗം ? (ജനറലൈസ്ഡ് ആങ്‌സൈറ്റി ഡിസോര്‍ഡര്‍- ജി എ ഡി)

A

നമുക്കെല്ലാവര്‍ക്കും ഒരു പരീക്ഷയ്‌ക്കോ ഇന്റര്‍വ്യൂവിനോ മുമ്പ് ഒരു പരിഭ്രമം ഉണ്ടാകാറുണ്ട്.അതുപോലെ തന്നെ നമ്മുടെ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് വേവലാതി, ജോലി തീര്‍ത്തു കൊടുക്കേണ്ട സമയത്തെക്കുറിച്ചോര്‍ത്ത് മാനസിക പിരിമുറുക്കം  എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. നമ്മള്‍ സാധാരണ ദിവസങ്ങളില്‍  അഭിമുഖീകരിക്കുന്ന ഈ ഉത്കണ്ഠ സ്വാഭാവികമായതാണ്. വാസ്തവത്തില്‍ ഇത് നമ്മളെ മികച്ച പ്രകടം കാഴ്ചവെയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. അതേ സമയം ജനറലൈസ്ഡ് ആങ്‌സൈറ്റി ഡിസോര്‍ഡര്‍ (ജി എ ഡി ) ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഈ തകരാറുള്ള ഒരു വ്യക്തിക്ക് പ്രത്യക്ഷത്തില്‍ കാണാവുന്ന കാരണങ്ങളൊന്നും ഇല്ലാതെ തന്നെ ദീര്‍ഘനാള്‍  അധികമായ മനഃക്ലേശവും ഉത്കണ്ഠയും അനുഭവപ്പെടുന്നു. ഈ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതായിരിക്കും. അതേസമയം  ഇതുള്ള മിക്കവാറും പേര്‍ക്ക് തങ്ങളുടെ ഉത്കണ്ഠ അനാവശ്യമായതാണെന്ന ബോധം ഉണ്ടായിരിക്കുകയും ചെയ്യും. ഉദാഹരണത്തിന്, ദൈനംദിന കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചുള്ള ചിന്തപോലും അവരില്‍ ഉത്കണ്ഠയുണ്ടാക്കും.

Q

ജി എ ഡിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ ?

A

 ജി എ ഡിയുടെ ലക്ഷണങ്ങള്‍ മറ്റ് ഉത്കണ്ഠാ രോഗങ്ങളുടെ ലക്ഷണങ്ങളോട് സാമ്യതയുള്ളവയായിരിക്കും. ഏറ്റവും പൊതുവായ ലക്ഷണങ്ങള്‍ താഴേ പറയുന്നു : 
പെരുമാറ്റപരമായ ലക്ഷണങ്ങള്‍ : ഇതുള്ള വ്യക്തി മുന്‍കോപിയാകും, പെട്ടെന്ന് പേടിച്ച് വിറയ്ക്കും, ഒന്നിലും ശ്രദ്ധയുറപ്പിക്കാനാകാതെ വരും. 
ശാരീരികമായ ലക്ഷണങ്ങള്‍ :  ജി എ ഡി യുടെ ശാരീരിക ലക്ഷണങ്ങളില്‍ ക്ഷീണം, മനംപുരട്ടല്‍, തലവേദനയും ശരീരവേദനയും, വിയര്‍ക്കല്‍, ശ്വാസഗതി കുറയല്‍, തലകറക്കം എന്നിവ ഉള്‍പ്പെടുന്നു. 
നിങ്ങള്‍ക്ക് അറിയാവുന്ന ആരെങ്കിലും ഈ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു എങ്കില്‍ ഒരു വിദഗ്ധന്റെ സഹായം തേടാന്‍ അയാളോട് പറയുക.

Q

ജി എ ഡിയ്ക്ക് കാരണം എന്ത് ?

A

 
മറ്റ് പല മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ കാര്യത്തിലെന്ന പോലെ ജി എ ഡിയുടെ കാര്യത്തിലും കൃത്യമായ കാരണം അജ്ഞാതമാണ്. ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് തലച്ചോറിന്റെ ഭാഗങ്ങളും നാഡികളിലേക്ക് ഒരു വിവരം കടത്തി വിടുന്നതിന് നാഡീ തന്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന രാസപദാര്‍ത്ഥങ്ങളും (ന്യൂറോട്രാന്‍സ്മിറ്ററുകള്‍) ഭയവും ഉത്കണ്ഠയും ഉണ്ടാക്കുന്നതില്‍ പങ്കാളികളായേക്കാമെന്നാണ്. ചിലപ്പോഴൊക്കെ, മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും മാനസിക അസ്വാസ്ഥ്യം ഉണ്ടായിട്ടുണ്ടെങ്കിലും കുട്ടിയിലും ഉത്കണ്ഠാ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. പതിവായുള്ള മാനസിക പിരിമുറുക്കം, ജോലി സമ്മര്‍ദ്ദം, സാമ്പത്തിക പ്രശ്‌നങ്ങള്‍ മുതലായവയും ജി എ ഡിക്ക് കാരണമായേക്കാം. എന്തായാലും ജി എ ഡിയ്ക്ക് അറിയപ്പെടുന്ന കൃത്യമായ ഒരു കാരണം ഇല്ല.
 

Q

ജി എ ഡിയ്ക്കുള്ള ചികിത്സ

A

 
ജി എ ഡി ഒരാളില്‍  ഒരുപാട് ദുരിതങ്ങള്‍ക്ക് കാരണമായേക്കാം, എന്നാല്‍ ഇത് ചികിത്സിക്കാവുന്നതാണ്. ജി എ ഡിയ്ക്കുള്ള ചികിത്സയില്‍ സാധാരണയായി മരുന്നു നല്‍കലും സൈക്കോതെറാപ്പിയും ഉള്‍പ്പെടുന്നു. ചിലപ്പോള്‍ ഇതു രണ്ടും  സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സയും നടത്താറുണ്ട്. അവബോധ പെരുമാറ്റ ചികിത്സ (കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി- സി ബി റ്റി) ജി എ ഡിയ്ക്കുള്ള  ഫലപ്രദമായ ഒരു ചികിത്സയായി അറിയപ്പെടുന്നു. മരുന്നുകള്‍ ഉത്കണ്ഠയുടെ അരിഷ്ടതകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും. 

Q

ജി എ ഡിയുള്ള വ്യക്തിയെ പരിചരിക്കല്‍

A

 
ജി എ ഡിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആരെയെങ്കിലും നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അയാളെ സുഖപ്പെടാന്‍ സഹായിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. ആദ്യം നിങ്ങള്‍ ഈ തകരാറിനെക്കുറിച്ച് പഠിക്കുക. അതിലൂടെ ആ വ്യക്തി കടന്നു പോകുന്ന അവസ്ഥ എന്താണെന്ന് മനസിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആ വ്യക്തിയെ ഒരു വിദഗ്ധന്റെ സഹായം തേടാന്‍ പ്രോത്സാഹിപ്പിക്കുകയും അയാളോട് ചികിത്സ ഫലപ്രദമാകുന്നതിനെക്കുറിച്ച്  പറയുകയും ചെയ്യുക. വൈദ്യസഹായം തേടുന്നതിനായി അയാളോടൊപ്പം ചെല്ലാമെന്ന് വാക്കുകൊടുക്കുകയും ചെയ്യുക.

Q

ജി എ ഡിയെ വിജയകരമായി അഭിമുഖീകരിക്കല്‍

A

 
ജി എ ഡിയുടെ ലക്ഷണങ്ങളെ കൈകാര്യം ചെയ്യുന്നതിന് അവനവനുതന്നെ നടപ്പിലാക്കാവുന്ന ധാരാളം തന്ത്രങ്ങള്‍ ഉണ്ടെങ്കിലും ആദ്യമായി നിങ്ങള്‍ സമഗ്രമായ പരിശോധനയും ഉചിതമായ ചികിത്സാവിധിയും നേടുന്നതിനായി  ഒരു മാനസികാരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക. ഈ അവസ്ഥയെ വിജയകരമായി അഭിമുഖീകരിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ഇതോടൊപ്പം നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം, എന്നാല്‍ അതൊരിക്കലും ഇതിന് പകരമാകരുത്. ധ്യാനവും വിശ്രാന്തി നേടുന്നതിനുള്ള വിവിധ പരിപാടികളും മറ്റും ഉത്കണ്ഠയില്‍ നിന്നും ആശ്വാസം നേടുന്നതിന് ഫലപ്രദമായ മാര്‍ഗങ്ങളാണ്. ക്രമേണ ഇവ മൊത്തത്തില്‍ ഉത്കണ്ഠയുടെ നില താഴ്ത്തിയെടുക്കുന്നതിന് സഹായകരമാകും. ആരോഗ്യകരമായ ഭക്ഷണരീതി, പതിവായുള്ള വ്യായാമം, മതിയായ ഉറക്കം തുടങ്ങിയ ശീലങ്ങള്‍ കൈവരിച്ച് ജീവിതശൈലി മെച്ചപ്പെടുത്തുന്നതും വളരെ ഗുണകരമായ ഫലം ഉണ്ടാക്കും.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org