അല്‍ഷിമേഴ്സ് രോഗത്തെ മനസിലാക്കല്‍

Q

അല്‍ഷിമേഴ്സ് രോഗത്തില്‍ തലച്ചോറിന് എന്താണ് സംഭവിക്കുന്നത് ?

A

 
 
നമുക്ക് ഇപ്പോഴും അറിയില്ല, അല്‍ഷിമേഴ്സ് രോഗം എങ്ങനെയാണ് ആരംഭിക്കുന്നതെന്ന്. ഇതിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് ഒരു ദശാബ്ദമോ  അതിന് മുമ്പോ തലച്ചോറിന്‍റെ തകരാറ് ആരംഭിക്കുന്നതായി നിരീക്ഷിക്കപ്പെടുന്നു. അല്‍ഷിമേഴ്സിന്‍റെ പ്രാരംഭഘട്ടത്തില്‍ വ്യക്തിയില്‍ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരിക്കില്ല, പക്ഷെ തലച്ചോറില്‍ അപകടകരമായ മാറ്റങ്ങള്‍ സംഭവിക്കുകയായിരിക്കും. കുറച്ചുനാള്‍ കഴിയുമ്പോള്‍ തലച്ചോറിലെ ന്യൂറോണുകള്‍ക്ക് സന്ദേശങ്ങള്‍ കൈമാറാനുള്ള ശേഷി നഷ്ടമാകുകയും ക്രമേണ അവ നശിക്കുകയും ചെയ്യും. വൈകാതെ തകരാറ് തലച്ചോറില്‍ ഓര്‍മ്മകള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്ന കേന്ദ്രമായ ഹിപ്പോകാംപസിലേക്ക് പടരുന്നു. കൂടുതല്‍ ന്യൂറോണുകള്‍ തകരാറിലാകുമ്പോള്‍ തലച്ചോറിലെ അസുഖബാധിതമായ മേഖല ചുരുങ്ങാന്‍ തുടങ്ങുന്നു. അല്‍ഷിമേഴ്സ് രോഗിയില്‍   അതിന്‍റെ അവസാനഘട്ടത്തില്‍ തലച്ചോറിന്‍റെ മറ്റ് പല ഭാഗങ്ങളും തകരാറിലാകുകയും അയാളുടെ ഓര്‍മ്മശക്തി പൂര്‍ണമായി നഷ്ടപ്പെടുകയും അയാള്‍ പരിപൂര്‍ണമായി സംരക്ഷകരെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തുകയും ചെയ്യുന്നു.

Q

അല്‍ഷിമേഴ്സ് രോഗമുള്ളയാള്‍ എത്രകാലം ജീവിച്ചിരിക്കും ?

A

 
അല്‍ഷിമേഴ്സ് മൂന്നു ഘട്ടങ്ങളിലായി സാവധാനം വര്‍ദ്ധിക്കുന്ന ഒരു രോഗമാണ്. ലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്ത പ്രാരംഭ ഘട്ടം, തിരിച്ചറിയിന്‍റെ കാര്യത്തില്‍ ചെറിയതോതിലുള്ള തകരാറ് കാണിക്കുന്ന മധ്യഘട്ടം, പൂര്‍ണമായി ഓര്‍മ്മശക്തി നഷ്ടപ്പെടുന്ന അവസാഘട്ടം എന്നിങ്ങനെയാണ് ആ മൂന്നു ഘട്ടങ്ങള്‍.  രോഗം കണ്ടെത്തപ്പെടുമ്പോള്‍ രോഗി 80 വയസോ അതിലധികമോ പ്രായമുള്ളയാളാണെങ്കില്‍ മൂന്നോ നാലോ വര്‍ഷവും വ്യക്തി ചെറുപ്പക്കാരനാണെങ്കില്‍ പത്തോ അതിലധികമോ വര്‍ഷവും ജീവിച്ചിരിക്കാം.

Q

എന്താണ് ഡിമെന്‍ഷ്യ?

A

 
ഒരു വ്യക്തിയുടെ പെരുമാറ്റം, ചിന്തിക്കുക, ഓര്‍മ്മിക്കുക, അനുമാനിക്കുക തുടങ്ങിയ ഗ്രഹണ/ധാരണാ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ തകരാറിലാക്കുകയും അതിലൂടെ ഒരു വ്യക്തിയുടെ ദൈനംദിനം ജീവിതത്തേയും പ്രവര്‍ത്തികളേയും ബാധിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ (സിന്‍ഡ്രം) യാണ് ഡിമെന്‍ഷ്യ. ഒരു വ്യക്തിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കാന്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ ഡിമെന്‍ഷ്യ വളരെ ചെറിയതോതിലായിരുന്നേക്കാം, എന്നാല്‍ പിന്നീടത് വ്യക്തി ദൈനംദിന ജീവിതത്തിലെ അടിസ്ഥാന കാര്യങ്ങള്‍ക്ക് പോലും മറ്റുള്ളവരെ പൂര്‍ണമായി ആശ്രയിക്കേണ്ടി വരുന്നത്ര ഗുരുതരാവസ്ഥയിലേക്ക് തിരിയുകയും ചെയ്യുന്നു.
പല അവസ്ഥകളും രോഗങ്ങളും ഡിമെന്‍ഷ്യയ്ക്ക് കാരണമാകാം. വയസായവരിലെ ഡിമെന്‍ഷ്യയ്ക്കുള്ള ഏറ്റവും പൊതുവായ കാരണം അല്‍ഷിമേഴ്സ് രോഗമാണ്. വാസ്കുലാര്‍ ഡിമെന്‍ഷ്യയ്ക്ക് കാരണമാകുന്നത് തലച്ചോറിലുണ്ടാകുന്ന തുടര്‍ച്ചയായ സ്ട്രോക്കുകളോ തലച്ചോറിലെ രക്ത വിതരണത്തിലെ മാറ്റങ്ങളോ ആണ്.
 ഡിമെന്‍ഷ്യയ്ക്ക് കാരണമാകുന്ന മറ്റ് അവസ്ഥകളില്‍ താഴെ പറയുന്നവയും ഉള്‍പ്പെടുന്നു
  • മരുന്നുകളുടെ പാര്‍ശ്വഫലം.
  • ദീര്‍ഘകാലമായുള്ള മദ്യപാനം.
  • തലച്ചോറിലെ ട്യൂമറോ അണുബാധയോ. 
  • ന്യൂറോണുകള്‍ക്ക് വളരെയധികം തകരാറ് ഉണ്ടാക്കുന്നതിന് കാരണമാകുന്ന, ആഘാതം മൂലം തലച്ചോറിന് ഉണ്ടാകുന്ന പരിക്ക്.
  • തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നത്.
  • വൈറ്റമിന് ബി 12 ന്‍റെ കുറവ്.
  • തൈറോയ്ഡ്, കിഡ്നിയുടെ അല്ലെങ്കില്‍ കരളിന്‍റെ തകരാറ്.

Q

ഡിമെന്‍ഷ്യ എന്ന് തെറ്റിദ്ധരിക്കപ്പെടാവുന്ന അവസ്ഥകള്‍

A

 
മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവയ്ക്ക് ഒരു വ്യക്തിയെ വളരെയധികം ഓര്‍മ്മക്കുറവുള്ള ആളാക്കാന്‍ കഴിയും. ഈ അവസ്ഥയുടെ ലക്ഷണങ്ങളെ ഡിമെന്‍ഷ്യയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഉദാഹരണത്തിന്, അടുത്ത കാലത്ത് ജോലിയില്‍ നിന്ന് വിരമിച്ച ഒരാള്‍ അല്ലെങ്കില്‍ ജീവിതപങ്കാളിയുടെ മരണത്തെ തുടര്‍ന്ന് ജീവിതത്തെ നേരിടുന്നയാള്‍ക്ക് സങ്കടം, ഏകാന്തത മുതലായവ അനുഭവപ്പെടുകയോ ജീവിതം വിരസമായി തോന്നുകയോ ചെയ്യുന്നുണ്ടാകാം. ഈ ജീവിത മാറ്റങ്ങളെ നേരിടാന്‍ ശ്രമിക്കുന്നത് ചിലരില്‍ വലിയ ആശയക്കുഴപ്പവും ഓര്‍മ്മക്കുറവും ഉണ്ടാക്കാറുണ്ട്. സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള പിന്തുണ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവരെ വലിയൊരളവില്‍ സാഹായിക്കും.

Q

ഞാന്‍ പേരുകള്‍ മറന്നു പോകുന്നു, എനിക്ക് അല്‍ഷിമേഴ്സ് രോഗമാണോ ?

A

 
എല്ലാവരും പലപ്പോഴും പലതും മറക്കാറുണ്ട്. നിങ്ങള്‍ക്ക് ഓര്‍മ്മക്കുറവ് ക്രമേണ വര്‍ദ്ധിക്കുകയും, ഈ ഓര്‍മ്മക്കുറവ് നിങ്ങളുടെ ദൈനംദിനെ ജീവിതത്തെ തടസപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കില്‍  മാത്രം നിങ്ങളതിനെ കാര്യമായി പരിഗണിച്ചാല്‍ മതി. 

Q

അല്‍ഷിമേഴ്സ് വരാനുള്ള സാധ്യത വയസായ ആളുകള്‍ക്ക് മാത്രമാണോ ?

A

 
അല്‍ഷിമേഴ്സ് ബാധിച്ചിട്ടുള്ളവരില്‍ ഏതാണ്ട് 50 ശതമാനം പേരും 75 വയസിന് മുകളിലുള്ളവരാണെന്ന് കാണുന്നുണ്ടെങ്കിലും ചില കേസുകളില്‍ പ്രായം നാല്‍പ്പതുകളിലും അമ്പതുകളിലും ഉള്ള ആളുകള്‍ക്കും അല്‍ഷിമേഴ്സ് ബാധിച്ചിട്ടുള്ളതായും കാണുന്നുണ്ട്. 

Related Stories

No stories found.