തകരാറുകൾ

മയക്കു മരുന്ന് ഉപയോഗിക്കുന്ന ശീലം സ്വയം തിരഞ്ഞെടുക്കാൻ  കഴിയുന്നതോ?

ശാരീരിക, സാമൂഹിക മാനസിക ഘടകങ്ങൾ  സ്വാധീനിക്കുന്ന സങ്കീർണമായ പ്രശ്നമാണ് മയക്കു മരുന്നു ആസക്തി

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

കോളജിൽ  പഠിക്കാനായി ചേർന്ന കാലത്താണ് രോഹിത് പുകവലിക്കാൻ  തുടങ്ങിയത്. പുകവലിക്കാരായ ഒരു  സംഘം കൌമാരക്കാരുടെ സംഘവുമായിട്ടായിരുന്നു അവന്റെ സൌഹൃദം ആരംഭിച്ചത്. ആ സംഘത്തിനൊപ്പം ആകുവാനായിരുന്നു പുകവലി ആരംഭിച്ചത്. തുടക്കം പ്രതിദിനം ഒന്നോ രണ്ടോ സിഗററ്റുകൾ  മാത്രം. എന്നാൽ ആറു മാസം കഴിയുമ്പോഴേക്കും രോഹിത് പ്രതിദിനം ഒരു  പായ്ക്കറ്റ് സിഗററ്റ് ഉപയോഗിക്കുന്നയാളായി. അവന് ക്ലാസിലും അസൈമെന്റ്സിലും ഗ്രേഡിലുമൊക്കെ താത്പര്യം കുറഞ്ഞു. അവധിക്കാലത്ത് സ്വന്തം വീട്ടിലേക്ക് പോയപ്പോൾ  ഇഷ്ടമുള്ള വിധം പുകവലിക്കാനുള്ള സാഹചര്യം ലഭിച്ചില്ല. അതോടെ എന്തിനോടും ദേഷ്യം തോന്നാൻ  തുടങ്ങി. പല കാര്യങ്ങളിലും താത്പര്യം കുറഞ്ഞു. അസ്വസ്ഥനുമായി. ചെറിയ കാര്യങ്ങളിൽ  പോലും ശ്രദ്ധിക്കാൻ  കഴിയാതെ ചുറ്റുപാടും കറങ്ങി നടക്കാൻ  തുടങ്ങി. ഇത്തരം പ്രശ്നങ്ങളിൽ  നിന്നും മനോ നിലയിൽ  നിന്നും രക്ഷപെടുന്നതിനു പുകവലിക്കാനായി അവൻ  വീട്ടിൽ  നിന്നും പലപ്പോഴും ഒളിച്ചു കടന്നു. അവധിക്കാലത്തിന്റെ ആഹ്ലാദം അവനിൽ  നിറഞ്ഞില്ല. കുടുംബത്തിനൊപ്പമുള്ള സമയവും അവന് വിരസതയായി. വീട്ടിൽ  നിന്ന് പുറത്തു പോയി പുകവലിക്കാനുള്ള സാഹചര്യം എപ്രകാരം ലഭിക്കുമെന്നതു മാത്രമായി അവന്റെ ചിന്ത.അല്ലെങ്കിൽ  വീട്ടിൽ  മറ്റുള്ളവരുടെ ശ്രദ്ധയിൽ നിന്നും മാറി എപ്രകാരം പുകവലിക്കാൻ  അവസരം ലഭിക്കുമെന്നായി. നിയന്ത്രണമില്ലാതെ പുകവലിക്കാൻ  കഴിയുന്ന കോളജ് ദിനങ്ങളിലേക്ക് തിരികെ പോകാനുള്ള ചിന്തകളായി മനസിൽ. രോഹിതിന്റെ മാതാപിതാക്കൾക്ക്  മകന്റെ സിഗററ്റിനോടുള്ള അഭിനിവേശം മനസിലായിരുന്നില്ല. കോളജിൽ  നിന്നും മാതാ പിതാക്കളെ വിളിച്ച് അവൻ  ക്ലാസുകളിൽ  കൃത്യമായി എത്താറില്ലായിരുന്നുവെന്നും ഹാജർ  കുറവായതിനാൽ  പരീക്ഷ എഴുതാൻ  കഴിയില്ലെന്നും അടുത്ത ക്ലാസിലേക്ക് പഠനം തുടരാൻ  കഴിയില്ലെന്നും അറിയിക്കുമ്പോഴാണ് മാതാ പിതാക്കൾ  മകന്റെ കാര്യങ്ങൾ അറിയുന്നത്. 
കല്പനാ സൃഷ്ടമായ വിവരണം  യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങൾ വ്യക്തമായി തിരിച്ചറിയുന്നതിനുള്ള ഉപാധി എന്ന നിലയിലാണ്  ഇവിടെ സൂചിപ്പിക്കുന്നത്. 
എന്താണ് മയക്കു മരുന്ന് ആസക്തി? 
മയക്കു മരുന്നിന് ആസക്തനായ വ്യക്തി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് സ്വയം ആഹ്ലാദവാനാകാനായി ഒരു  വസ്തു (മദ്യം, സിഗററ്റുകൾ , മരുന്നുകൾ) വിനെ ആശ്രയിക്കുന്നതാണ്. ഒരു വ്യക്തി ഒരു വസ്തുവിനെ ആശ്രയിക്കുമ്പോൾ അയാളുടെ ജീവിതത്തിലെ മറ്റു മേഖലകളിൽ  താല്പര്യം നഷ്ടമാകുന്നു. കുടുംബം, കൂട്ടുകാർ , ജോലി സംബന്ധമായ ഉത്തരവാദിത്തങ്ങൾ തുടങ്ങിയവയിൽ നിന്നൊക്കെ ശ്രദ്ധ മാറും. ഇത് ആ വ്യക്തിക്കും ഒപ്പമുള്ളവർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. 
മയക്കു മരുന്ന് ആസക്തി ഒരു മസ്തിഷ്ക രോഗമാണ്. ജീവശാസ്ത്രപരമായ അടിസ്ഥാനം അതിനുണ്ട്. ഒപ്പം സാമൂഹിക, മാനസിക ഘടകങ്ങൾ സ്വാധീനിക്കുകയും ചെയ്യും. 
കുറിപ്പ് : മയക്കു മരുന്ന് ശീലം സംബന്ധിച്ചു നിരവധി തെറ്റിധാരണകൾ  നിലനില്ക്കുന്നുണ്ട്. മയക്കു മരുന്ന് ഉപയോഗിക്കുന്ന വ്യക്തി അനാരോഗ്യവാനും സദാചാര വിരുദ്ധനുമാണെന്ന് കരുതുന്നവരുണ്ട്. ഇവിടെ ഓർമ്മിക്കേണ്ട വസ്തുത മയക്കുമരുന്നു ശീലം പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുന്നത് എന്നതാണ് . പാരമ്പര്യവും, ജീവിക്കുന്ന ചുറ്റുപാടും അതിനെ സ്വാധീനിക്കും. അതൊരിക്കലും വ്യക്തി സ്വയം തിരഞ്ഞെടുക്കുന്നതല്ല. 
ഒരു വസ്തുവിനോട് എങ്ങനെയാണ് ഒരാൾ ആസക്തനാകുന്നത്.? 
എല്ലാ മയക്കു മരുന്ന് വസ്തുക്കളും - മദ്യം, പുകയില കൊണ്ടുള്ള സിഗരറ്റ്‌, മരുന്നുകൾ - മുതലായവ  ഉപയോഗിക്കുന്ന വ്യക്തിയുടെ ശരീരത്തിൽ ജൈവപരമായ മാറ്റങ്ങൾ വരുത്താൻ കഴിവുള്ളവയാണ്‌. ഒരു വ്യക്തി ഇവ ഉപയോഗിക്കുമ്പോൾ തലച്ചോറിൽ നിന്നും ആഹ്ലാദം ഉയർത്തുന്ന ഡോപമൈൻ എന്ന ഘടകത്തെ ഉദ്പാദിപ്പിക്കും. ഇത് പെട്ടെന്ന് ആഹ്ലാദം ലഭ്യമാക്കുമെന്ന ചിന്തയിൽ കൂടുതൽ കൂടുതൽ മയക്കു മരുന്ന് ഉപയോഗിക്കുവാൻ അയാളെ പ്രേരിപ്പിക്കും. 
മയക്കു മരുന്ന് ഇല്ലാതാകുമ്പോൾ അയാൾ  അതിനു വേണ്ടി ആഗ്രഹിക്കുകയും ഉന്മേഷ ലഭ്യതയ്ക്ക് വേണ്ടി എന്തും ചെയ്യാൻ ശ്രമിക്കുകയും ചെയ്യും. ഇത്തരം പദാർഥങ്ങൾ ഉപയോഗിക്കുന്തോറും ശരീരം അവയെ കൂടുതൽ ഉൾക്കൊള്ളുവാൻ സജ്ജമാകും. എല്ലാത്തിൽ നിന്നും മാറി നില്ക്കുവാൻ പ്രേരിപ്പിക്കുന്ന പിൻ  വാങ്ങൽ ലക്ഷണങ്ങൾ കൂടുതൽ മയക്കു മരുന്ന് ഉപയോഗിക്കുവാൻ പ്രേരിപ്പിക്കും. തങ്ങൾക്കു ഇവ ഉപയോഗിക്കാതെ തുടരാൻ കഴിയില്ലെന്നും ഭക്ഷണം, വെള്ളം, ഓക്സിജൻ എന്നിവ പോലെ തന്നെ ഇവയും പ്രാധാന്യം ഉള്ളത് തന്നെയെന്നും അവർ കരുതും. ഈ വസ്തുക്കൾ കൂടുതൽ ലഭിക്കുന്നസാഹചര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ മാറുന്നതും ജോലി, ഉത്തരവാദിത്തങ്ങൾ, കുടുംബം, കൂട്ടുകാർ എന്നിവരെ അവഗണിക്കാനും ഇത് വഴിയൊരുക്കും. 
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശകരേഖ പ്രകാരം താഴെ പറയുന്ന കാര്യങ്ങൾ ഉള്ളവർ  മയക്കു മരുന്ന് ആസക്തരുടെ ഗണത്തിൽ വരും. 
  • മയക്കു മരുന്ന് ഉപയോഗിക്കുന്നതിന് നിർബന്ധം പിടിക്കുന്നു 
  • ഉപയോഗം സ്വയം നിർത്തുവാൻ കഴിയാതെ വരുന്നു (അല്ലെങ്കിൽ ഉപയോഗിക്കുന്ന വസ്തുവിന്റെ അളവ് കുറയ്ക്കാനും കഴിയുന്നില്ല) 
  • അടുത്ത ഡോസ് ലഭിക്കുവാനുള്ള മാർഗങ്ങൾ സംബന്ധിച്ചു നിരന്തരം ആലോചിക്കുന്നു
മയക്കു മരുന്ന് ഉപയോഗം മൂലമുള്ള രോഗങ്ങൾ  സംബന്ധിച്ചു ലോകാരോഗ്യ സംഘടന അംഗീകരിച്ച രോഗലക്ഷണങ്ങൾ ഇനി പറയുന്നു.
മയക്കു മരുന്ന് ഉപയോഗം മൂലമുള്ള രോഗം എന്നത് ദീർഘ  കാലം വ്യക്തിയിൽ നില നില്ക്കുന്നതും വീണ്ടും വരാൻ സാധ്യതയുള്ളതുമാണ്. പ്രമേഹം പോലെയുള്ള വിട്ടുമാറാത്ത രോഗങ്ങൾ പോലെയുള്ളവയാണിത്‌. തികഞ്ഞ സംയമനത്തോടെയുള്ള തുടർ  ചികിത്സ ഈ രോഗാവസ്ഥക്ക് അത്യാവശ്യമാണ്. വിവിധ ഘട്ടങ്ങളിലുള്ള ചികിത്സകൾ പൂർത്തിയായാലും  ഈ രോഗം തിരികെ വരില്ലെന്ന് ഉറപ്പു നല്കാൻ കഴിയില്ല. രോഗം തിരികെ വരാൻ സാധ്യതകൾ ഏറെയാണ്‌. രോഗം തിരികെ വരുന്നത് രോഗി വ്യക്തി പരമായി പരാജയപ്പെട്ടു എന്നല്ല കരുതേണ്ടത്. മറിച്ചു രോഗിക്ക് ഈ ഘട്ടം തരണം ചെയ്യുവാൻ കൂടുതൽ സഹായം വേണമെന്നാണ്. 
പൊതുവെ കാണുന്ന മയക്കു മരുന്നുകൾ 
ഇന്ത്യയിൽ  കാണുന്ന മയക്കു മരുന്ന് വസ്തുക്കളെ മൂന്നു ഗണത്തിൽ പെടുത്താം. നിയമ വിധേയമായ മദ്യം, പുകയില/ സിഗരറ്റുകൾ അനധികൃത മരുന്നുകൾ, ഉന്മേഷം നൽകുന്നവ ഉൾപ്പെടെ ഔഷധങ്ങൾ / ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ 
ശീലവും ആസക്തിയും തമ്മിലുള്ള വ്യത്യാസം എന്താണ്? 
ആഹ്ലാദത്തിന്റെ ഒരു പ്രത്യേക അവസ്ഥാ വിശേഷം കൈവരിക്കാൻ ഒരു പ്രത്യേക വസ്തു കൂടുതൽ കൂടുതൽ തവണ ഉപയോഗിക്കേണ്ടി വരുന്നതാണല്ലോ ആസക്തി. മാനസികാരോഗ്യ വിദഗ്ധർ ആശ്രിതത്വം എന്ന പദമാണ് ഇത് വിശേഷിപ്പിക്കാൻ സൂചിപ്പിക്കുന്നത്. ഒരു പ്രത്യേക നിലയിൽ  എത്താൻ ആദ്യം ഒരു ഗ്ലാസ് മദ്യം ഉപയോഗിക്കുന്ന വ്യക്തി ചില മാസങ്ങൾക്ക് ശേഷം മൂന്നു ഗ്ലാസ് കുടിക്കേണ്ടി വരും അതേ തലത്തിൽ എത്തുവാൻ. ആശ്രിതത്വം ( വർധിതമായ സഹന ശക്തി എന്നും പരാമർശിക്കപ്പെടുന്നു) ശീലം ആസക്തിയിലേക്ക് വഴി മാറുന്നു എന്നതിന്റെ മുന്നറിയിപ്പാണ്. 
ആസക്തിയുടെ മറ്റു ചില സൂചനകൾ കൂടി പറയാം. 
  •  മയക്കു മരുന്ന് ഉപയോഗിക്കുമ്പോൾ വ്യക്തിയുടെ സമയം കൂടുതലും ചിന്തകൾ അപഹരിക്കും. (എപ്പോഴാണ് എനിക്ക് അടുത്ത തവണ കുടിക്കാനും/ പുകവലിക്കാനും കഴിയുക? എപ്പോഴാണ് എനിക്ക് അടുത്ത   തവണ കുടിക്കാനും പുകവലിക്കാനും  കഴിയുക, അത് എവിടെ നിന്ന് ലഭിക്കും, എങ്ങനെ ലഭിക്കും  ) 
  • നിശ്ചിത കാലം ഇവ ഉപയോഗിക്കാത്ത വ്യക്തിക്ക് എല്ലാ പ്രവർത്തനങ്ങളിൽ നിന്നും സ്വയം പിൻ മാറുവാൻ ആഗ്രഹം തോന്നും.വിറയൽ, അസ്വസ്ഥത, മയക്കു മരുന്നിനോട് അമിതമായ ആഗ്രഹം തുടങ്ങിയവയ്ക്ക് ഒപ്പം മാനസിക, വികാര വിക്ഷോഭങ്ങൾ 
  • നിയന്ത്രണം നഷ്ടമാകുക,ഒരു പകൽ  മുഴുവൻ ഇവ ഉപയോഗിക്കില്ലെന്ന് നിശ്ചയിച്ചു പുറപ്പെടുന്ന വ്യക്തിക്ക് അത് പൂർത്തിയാക്കാനുള്ള ധൈര്യം നഷ്ടമാകുന്നു. 
  • മയക്കു മരുന്നിനോട് അമിതമായ ആഗ്രഹം തോന്നുക 
  • തനിക്കും തന്റെ ഒപ്പമുള്ളവർക്കും  ശാരീരിക, മാനസിക പ്രശ്നങ്ങൾ  ഉണ്ടാക്കുന്നുവെന്ന് ഉറപ്പുണ്ടായിട്ടും മയക്കു മരുന്ന് ഉപയോഗിക്കുന്നവർ 
മയക്കു മരുന്ന് ദുരുപയോഗവും ആസക്തിയും തമ്മിലുള്ള വ്യത്യാസം എന്താണ്? 
 ഒരു വ്യക്തി ഒരു പദാര്‍ത്ഥം വകതിരിവില്ലാതെ ഉപയോഗിക്കുന്നതിനെയാണ് പൊതുവെ ദുരുപയോഗം ചെയ്യുക എന്ന് വിശേഷിപ്പിക്കുന്നത്. വ്യക്തി  ഒരു പദാര്‍ത്ഥം അമിതമായി അനുചിതമായ സമയത്തും സ്ഥലത്തും ഉപയോഗിക്കുന്നുണ്ടാകും. എന്നാൽ ഇക്കാര്യം  കൊണ്ട് മാത്രം ആ വ്യക്തി അതിനോട് ആസക്തനെന്നോ അല്ലെന്നോ പറയാൻ കഴിയില്ല.   ദുരുപയോഗം ചെയ്യുന്ന വ്യക്തിക്ക് എത്ര ഉപയോഗിക്കണം എന്ന് തീരുമാനിക്കാൻ കഴിയും.എപ്പോൾ അത് നിർത്തണം എന്നും  തീരുമാനിക്കാനാകും. അതിനൊക്കെ പുറമേ ദീർഘ സമയം ഇവയുടെ ഉപയോഗമില്ലാതെ തന്നെ തങ്ങളുടെ പ്രവർത്തനങ്ങളിൽ സ്വാഭാവികമായി ഇടപെടാൻ കഴിയും. എന്നാൽ ഈ പദാര്‍ത്ഥം ഉപയോഗിച്ചത് കൊണ്ട് അവരുടെ ശാരീരിക, വ്യക്തിത്വ, സാമൂഹിക തലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെന്ന് കരുതരുത്. ചികിത്സാ മേഖലയെ പരിഗണിച്ചാൽ ആസക്തൻ  എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തി ഒരു വസ്തുവിനോട് കീഴ്പ്പെട്ടവൻ ആകുന്നു എന്നാണു. മയക്കു മരുന്ന് ആസക്തി ഗുരുതരവും, തിരികെ വരാൻ സാധ്യതയുമുള്ള രോഗമാണ്. പദാര്‍ത്ഥത്തിന്റെ ഉപയോഗം മസ്തിഷ്കത്തിൽ മാറ്റങ്ങൾക്ക് കാരണമാകും, അതോടെ അയാൾക്ക്‌ അതിൽ നിന്നും മോചനം നേടാൻ കഴിയാതെ വരും. ഉപയോഗിക്കാതിരിക്കാൻ കഴിയാതെ വരും.ദുരുപയോഗം ആയാലും ആസക്തി ആയാലും വ്യക്തിയെ സംബന്ധിച്ചിടത്തോളം രണ്ടും ദോഷകരം തന്നെ. 
മയക്കു മരുന്ന് ആസക്തിയെ എന്ത് കൊണ്ടാണ് മാനസിക രോഗം എന്ന് കരുതുന്നത്? 
തുടർച്ചയായ മയക്കു മരുന്ന് ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കും.ഒരു പദാര്‍ത്ഥത്തിനോട് ഒരാൾ വിധേയപ്പെടുമ്പോൾ തന്നിൽ മാറ്റങ്ങൾ ഉണ്ടാകുന്നതായ കാര്യം അയാൾ ഒരിക്കലും അറിയുന്നില്ല. ആവശ്യങ്ങൾ മാറും. പദാര്‍ത്ഥം ലഭ്യമാകുന്നതാകും ഏറ്റവും വലിയ  പ്രാധാന്യത്തോടെ അയാൾ കാണുന്നത്. തീരുമാനം എടുക്കാനും ചിന്തിക്കാനുമുള്ള കഴിവുകൾ നഷ്ടമാകും . അത് കൊണ്ടാണ് മയക്കു മരുന്ന് അവർ തുടർച്ചയായി ഉപയോഗിക്കുന്നതും അതിൽ നിന്നും മാറണം എന്ന് ചിന്തിച്ചാൽ പോലും കഴിയാതെ വരുന്നതും. മയക്കു മരുന്ന്, മദ്യം, സിഗരട്ട് എന്നിവ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുകയാണ്  അവർ ചെയ്യുക. ഇതോടെ ജോലിയിലും കുടുംബത്തിലും, കൂട്ടുകാരിലും ഉള്ള ശ്രദ്ധ കുറയും. ഒപ്പം മറ്റു ഉത്തരവാദിത്തങ്ങളും. ഇത് അവരുടെ ദൈനം ദിന പ്രവർത്തനങ്ങളെയും ബന്ധങ്ങളെയും സ്വാധീനിക്കും.
മയക്കു മരുന്ന് ആസക്തിയുള്ള  ഒരാളുടെ തലച്ചോർ മറ്റു പല പ്രശ്നങ്ങളെയും സ്വാധീനിക്കുന്ന ഭാഗത്താകും ബാധിക്കുക. ഇത് വിഷാദരോഗം,കടുത്ത  ഉൽകണ്ഠ, പ്രവൃത്തികള്‍ക്ക്‌ ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസികരോഗം (സ്‌കിസോഫ്രീനിയ) എന്നിവയ്ക്ക് കാരണമാകും. മയക്കു മരുന്നിനു അടിമയായ വ്യക്തിയിൽ ഇത്തരം മാനസിക പ്രശ്നങ്ങൾ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.  
മയക്കു മരുന്നിനോടുള്ള ആസക്തി തിരഞ്ഞെടുക്കുന്നതാണോ? 
പൊതുവെ ആളുകൾ ദുശീലം ഉണ്ടാക്കുന്ന പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനു പല വിധ കാരണങ്ങൾ ഉണ്ട്. ജിജ്ഞാസ, കൂട്ടുകാരുടെ സമ്മർദ്ദം, മറ്റുള്ളവർക്കൊപ്പം ചേരാനുള്ള ശ്രമം,  വീടുകളിലെ വളർന്നു വരുന്ന സാഹചര്യം, അല്ലെങ്കിൽ എതിർപ്പിന്റെ ഭാഗം. അങ്ങനെ എങ്കിൽ കുറച്ചു പേർ മാത്രം എങ്ങനെ ആസക്തരാകും? കുറച്ചു പേർ ഒന്നോ രണ്ടോ  തവണ മദ്യപിച്ചോ അല്ലെങ്കിൽ ഒരു സിഗരട്ട് പുകച്ചോ  കളം വിടും. ആസക്തി സാധ്യത അവർ തിരിച്ചറിയുന്നില്ല. 
ചികിത്സാ രംഗത്തെ വിദഗ്ധർ പറയുന്നത് ചിലർ ഇത്തരം അപകടങ്ങളിലേക്ക് വേഗം വീണു പോകാൻ സാധ്യതയുള്ളവർ ആണെന്നാണ്‌. ഏറ്റവും വേഗം ഈ കെണിയിൽ പെടുന്നവരുടെ പ്രത്യേകത അവർ  വേഗം കോപിക്കും. പ്രതിഷേധിക്കും,എതിർക്കും. ആർക്കും നിയന്ത്രിക്കാൻ കഴിയാത്തവർ.  - അമിതമായ ഉൽകണ്ഠ ഉള്ളവരും ആത്മ ധൈര്യം വളരെ കുറഞ്ഞവരുമാണ് മയക്കു മരുന്ന് ആസക്തിയിലേക്ക് വേഗം വീഴുന്ന മറ്റൊരു കൂട്ടർ  എന്ന് നിംഹാൻസ് സെന്റർ ഫോർ അഡിക്ഷൻ മെഡിസിനിലെ സൈക്യാട്രിസ്റ്റ് ആയ ഡോ. പ്രതിമ മൂർത്തി പറഞ്ഞു. ജനിതക കാരണങ്ങളും മയക്കു മരുന്ന് ഉപയോഗ സാധ്യത വർധിപ്പിക്കുന്നു. -ഉദാഹരണത്തിന് അടുത്ത ബന്ധുക്കൾ ആരെങ്കിലും മയക്കു മരുന്നിന് അടിമപ്പെട്ടിട്ടു  ഉണ്ടായിരുന്നു എങ്കിൽ - 
ഒരാൾ ജീവിക്കുന്ന പശ്ചാത്തലം അയാളുടെ മയക്കു മരുന്ന് ആസക്തിയെ സ്വാധീനിക്കാറുണ്ട്. ഇവ  ലഭിക്കാനുള്ള സാധ്യത, സമീപത്തു തന്നെ ലഭിക്കുക, താങ്ങാനാകുന്ന വില എന്നിവയ്ക്ക് പുറമെ മയക്കു മരുന്ന് ഉപയോഗത്തോടുള്ള  സാമൂഹിക നിയമങ്ങളും   ആസക്തനാകാനുള്ള അയാളുടെ ചിന്തകളെ  സ്വാധീനിക്കും.  
ഒരാൾ മയക്കു മരുന്ന് ഉപയോഗിച്ചു തുടങ്ങുന്നത് കൌതുകം, സൌഹൃദ ബന്ധങ്ങളിലെ സമ്മർദ്ദം എന്നിവയ്ക്കൊപ്പം തന്നെ അവർ ജീവിച്ചു വരുന്ന ചുറ്റുപാടുകളുടെയും   സ്വാധീനത്തിലാണ്.  ആസക്തിക്ക്  വിധേയരാകാൻ സാധ്യതയുള്ളവർ ആകട്ടെ തങ്ങൾക്കു സുരക്ഷിത തലം സംബന്ധിച്ചു ധാരണയുമില്ല. എപ്പോൾ നിർത്തണം എന്ന് സ്വയം ബോധ്യപ്പെടുത്തുന്ന ഒരു മാനസിക സുരക്ഷാ കവചം അവരിൽ ഇല്ല.  അത് കൊണ്ട് തന്നെ അല്പം മദ്യം കുടിച്ച ശേഷം അസ്പഷ്ടമായി സംസാരിക്കുക,  നേരെ നിൽക്കാൻ കഴിയാതെ വരിക തുടങ്ങിയ സൂചനകളിൽ നിന്നും മുന്നറിയിപ്പുകൾ മനസ്സിലാക്കുവാനുള്ള കഴിവ്  അവരിൽ നിന്നും നഷ്ടമാകുന്നു. ഇത് അവരെ കൂടുതൽ പദാർത്ഥം ഉപയോഗിക്കുന്നതിലേക്ക് നയിക്കുകയും സ്വയം ഹാനികരമാകുകയും ചെയ്യും.  
White Swan Foundation
malayalam.whiteswanfoundation.org