ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍

Q

എന്താണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡർ അഥവാ എഎസ്ഡി?

A

ഓട്ടിസം സ്‌പെക്ട്രം തകരാർ അഥവാ ഓട്ടിസം എന്നത് നാഡീവ്യൂഹസംബന്ധമായി ഉത്ഭവിക്കുന്നതും, സാമൂഹികവും ആശയവിനിമയപരവും പെരുമാറ്റപരവും ആയ വെല്ലുവിളികൾ ഉയർത്തുന്ന, ഒരു കൂട്ടം വളർച്ചാ തകരാറുകളെ ഒരു കുടക്കീഴിൽ അണിനിരത്തിയിട്ടുള്ള ഒരു പദപ്രയോഗവുമാണ്.

ഏറ്റവും സാധാരണമായിട്ടുള്ള മൂന്നാമത്തെ വളർച്ചാ തകരാർ ആണ് എഎസ്ഡി. സാമൂഹിക ഇടപെടലിനും ആശയവിനിമയത്തിനും ഇടിവു വരുത്തുന്നു എന്നതും ആവർത്തിച്ചുള്ള പെരുമാറ്റരീതികളോടോ അല്ലെങ്കില്‍ നിയന്ത്രിത താത്പര്യങ്ങളോടോ ആഭിമുഖ്യം പ്രകടിപ്പിക്കുന്നു എന്നതുമാണ് അതിന്‍റെ  പ്രധാന സവിശേഷത. എഎസ്ഡി ബാധിതരായ കുട്ടികൾക്ക് അവരുടെ ഇന്ദിയസംബന്ധിയായ അവബോധം കൂടി ബാധിക്കപ്പെടുന്നു. അതായത്, ചില പ്രത്യേക തരം കാര്യങ്ങളോട് (ഉദാഹരണത്തിന് ഉച്ചത്തിലുള്ള ശബ്ദങ്ങൾ, ചില പ്രത്യേകതരം തുണിത്തരങ്ങൾ മുതലായവ) സാധാരണയിലും കുറവായോ അധികമായോ ആയിരിക്കും അവർ പ്രതികരിക്കുക.

Q

ഓട്ടിസം സ്‌പെക്ട്രത്തിനു കീഴിൽ വരുന്ന തകരാറുകൾ എന്തെല്ലാം ആണ്?

A

ഓട്ടിസം സ്‌പെക്ട്രം എന്ന സംജ്ഞക്കു കീഴിൽ വരുന്ന തകരാറുകളുടെ ഒരു സംക്ഷിപ്ത അവലോകനം താഴെ പറയുന്നവ ആണ് :

ഓട്ടിസ്റ്റിക് തകരാർ (ഓട്ടിസ്റ്റിക് ഡിസോഡര്‍): എഎസ്ഡിയുടെ എല്ലാ ലക്ഷണങ്ങളുടേയും അടയാളങ്ങള്‍ ഒരു ആൺകുട്ടിയോ പെൺകുട്ടിയോ പ്രകടിപ്പിക്കുന്നു എങ്കിൽ ആ കുട്ടിക്ക് ഓട്ടിസം ഉള്ളതായി നിർണ്ണയിക്കപ്പെടുന്നു.

ആസ്‌പെർജേഴ്‌സ് സിൻഡ്രോം (Asperger's Syndrome): ഉയർന്ന തോതിൽ പ്രവർത്തിക്കുന്ന ഓട്ടിസം എന്നാണ് ഇത് പരാമർശിക്കപ്പെടുന്നത്. സാമൂഹിക/വൈകാരിക കഴിവുകളുമായി ബന്ധപ്പെട്ട പ്രബലമായ പ്രശ്നങ്ങളും അതു കൂടാതെ ചില പ്രത്യേകതരം വിഷയങ്ങളിൽ ഉള്ള അമിതമായ ശ്രദ്ധ കേന്ദ്രീകരിക്കലും കൊണ്ട് സവിശേഷമായതാണ് ഇത്. ഭാഷാപരമായതോ അവബോധം സംബന്ധിച്ചതോ ആയ വളര്‍ച്ചയ്ക്ക് കാലതാമസമൊന്നും അനുഭവപ്പെടുകയില്ല. കൂടുതൽ വിശദമായ അറിവുകൾക്ക് തുടർന്നു വായിക്കുക:

പർവേസീവ് ഡെവലപ്‌മെന്‍റല്‍ ഡിസോർഡർ--നോട്ട് അദർവൈസ് സ്‌പെസിഫൈഡ്, (പിഡിഡി എൻഒഎസ്) : പിഡിഡി (എന്‍ഒഎസ് ) അഥവാ വ്യാപകമായ വളർച്ചാ തകരാർ -- മറ്റു തരത്തിൽ പരാമർശിക്കപ്പെടാത്തവ,  പലപ്പോഴും പരാമർശിപ്പിക്കപ്പെടുന്നത് അസാധരണമായ  ഓട്ടിസം (എടിപ്പിക്കല്‍ ഓട്ടിസം) എന്നത്രേ, കാരണം, ഓട്ടിസത്തിന്‍റെ എല്ലാ സവിശേഷലക്ഷണങ്ങളും ഒരു കുട്ടി പ്രദർശിക്കുന്നുമില്ല, അതേ സമയം ചില ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നു എന്നുള്ളപ്പോഴാണ് അങ്ങനെ രോഗനിർണ്ണയം നടത്തപ്പെടുന്നത്. ഉദാഹരണത്തിന്, ഒരു കുട്ടി സംസാരിക്കുന്നതിനു കാലതാമസം പ്രദര്‍ശിപ്പിക്കുന്നു, ഒപ്പം തന്നെ ചില ആവർത്തന സ്വഭാവങ്ങൾ  കൂടി  പ്രദർശിപ്പിക്കുകയും  ചെയ്യുന്നു -- ആ കുട്ടിക്ക്  പിഡിഡി (എൻഒഎസ്) എന്നു രോഗനിർണ്ണയം നടത്തപ്പെടുന്നതിന് മിയ്ക്കവാറും സാദ്ധ്യതയുണ്ട്.

റെറ്റ് സിൻഡ്രോം: റെറ്റ് (Rett) സിൻഡ്രോം എന്നത് എകസ് (X) ക്രോമസോമിന്‍റെ പോരായ്മയുമായി ബന്ധപ്പെട്ട, അതുകൊണ്ടു തന്നെ അധികവും പെൺകുട്ടികളെ ബാധിക്കുന്ന, ഒരു അസാധാരണവും കഠിനവുമായ തകരാറാണ്. സാധാരണഗതിയിലുള്ള വളർച്ചയുടെ ആദ്യകാലത്തിനു ശേഷം കഴിവുകൾ മന്ദഗതിയിൽ പിൻവാങ്ങുക, പലപ്പോഴും ആശയവിനിമയ കഴിവുകൾ നഷ്ടപ്പെടുക, കൈകളുടെ സോദ്ദേശപരമായ ചലനങ്ങൾ നഷ്ടപ്പെടുക എന്നിവ റെറ്റ് സിന്‍ഡ്രോമിന്‍റെ  പ്രത്യേക സവിശേഷതകള്‍ ആണ്.  

ചൈൽഡ്ഹുഡ് ഡിസിന്‍റഗ്രേറ്റീവ് ഡിസോഡർ  (ബാല്യകാല വിഘടനപര തകരാർ): ആദ്യം എല്ലാ മേഖലകളിലും സ്വാഭാവികമായ വളർച്ച ഉണ്ടാകുകയും സ്‌പെക്ട്രത്തിലെ മറ്റു തകരാറുകളെ അപേക്ഷിച്ച് കഴിവുകളുടെ പിൻവാങ്ങൽ ആക്രമണം വളരെ താമസിച്ചുമാത്രം സംഭവിക്കുകയും ചെയ്യുന്ന തരം വളരെ അസാധാരണമായ ഒരു തകരാർ ആണ് ഇത്. ബാല്യകാല വിഘടന തകരാർ ഉള്ള കുട്ടികൾ എല്ലാത്തരം വളർച്ചാ മേഖലകളിലും (ഭാഷ, സാമൂഹികം, പേശീചലനശേഷി) കഴിവുകളുടെ നഷ്ടം അനുഭവിക്കുന്നു. 

മുമ്പ്, ഓരോ അവസ്ഥയും (ഓട്ടിസ്റ്റിക് ഡിസോഡര്‍,  പർവേസീവ് ഡെവലപ്‌മെന്‍റല്‍ ഡിസോർഡർ--നോട്ട് അദർവൈസ് സ്‌പെസിഫൈഡ്, (പിഡിഡി എൻഒഎസ്), ആസ്‌പെർജെർ സിൻഡ്രോം) പ്രത്യേകം പ്രത്യേകമായി രോഗനിർണ്ണയം നടത്തിയിരുന്നു, എന്നാൽ ഇപ്പോൾ ഈ അവസ്ഥകളെ ഒന്നിച്ചു ചേർത്ത് ഓട്ടിസ്റ്റിക് സ്‌പെക്ട്രം ഡിസോഡർ എന്നു കൂട്ടായി പറയുന്നു. 

Q

എഎസ്ഡിയുടെ ലക്ഷണങ്ങൾ എന്തെല്ലാം ആണ്?

A

ഓട്ടിസം സ്പെക്ട്രത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു കുട്ടിക്ക് പ്രയാസങ്ങൾ അനുഭവപ്പെടുന്നത് മൂന്നു പ്രധാന മേഖലകളിലാണ്:

  • സാമൂഹിക സമ്പർക്കം (ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിന് ഉള്ള പ്രയാസം മുതലാവയ)
  • സാമൂഹിക ആശയവിനിമയം (വാക്കുകൊണ്ടുള്ളതും വാക്കുകൊണ്ട് ഉള്ളത് അല്ലാത്തതും ആയ ആശയവിനിമയം, ഉദാഹരണത്തിന് ശരീരഭാഷ, ആംഗ്യങ്ങള്‍ തുടങ്ങിയവ)  
  • സാമൂഹിക സങ്കൽപ്പശക്തി (ചിന്തകളിലുള്ള വഴക്കം , സംയോജിപ്പിക്കല്‍ തുടങ്ങിയവയില്‍ പ്രയാസം അനുഭവിക്കുക )

പേശീചലനനാഡികളുടെ ശേഷികളുടെ വികാസത്തിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം, കൈകൾ കൂട്ടിയടിക്കുക, സ്വയം ആടിക്കൊണ്ടിരിക്കുക തുടങ്ങിയ അസാധാരണമായ ആവർത്തിച്ചുള്ള പെരുമാറ്റങ്ങളുടെ സാന്നിദ്ധ്യവും അനുഭവപ്പെട്ടേക്കാം.

Q

എങ്ങനെയാണ് ഒരു കുട്ടിയുടെ എഎസ്ഡി രോഗനിർണ്ണയം നടത്തേണ്ടത്?

A

ബുദ്ധിപരമായ വികാസത്തിനു കാലതാമസം വരുന്നതിനുള്ള സാദ്ധ്യത ഇല്ല എന്ന് ഉറപ്പു വരുത്തുന്നതിനായിട്ടു മാത്രമാണ് രോഗനിർണ്ണയ പരിശോധനകൾ നടത്തുക, എഎസ്ഡിയുടെ അപകട സാദ്ധ്യത ഉണ്ടോ എന്ന് വിലയിരുത്തുന്നതിനായി വിദഗ്ദ്ധർ എം-ചാറ്റ്-ആർ/എഫ് (M-CHAT-R/F) മുതലായ സൂക്ഷ്മപരിശോധനാ ഉപകരണങ്ങള്‍ അഥവാ രീതികൾ അവലംബിക്കുന്നു. ഇത്തരത്തിലുള്ള സൂക്ഷ്മപരിശോധനകൾക്കു ശേഷം വിശദമായ വിലയിരുത്തലും രോഗനിര്‍ണ്ണയവും നടത്തുന്നു. ഈ അവസ്ഥയുടെ ആദ്യം തന്നെയുള്ള തിരിച്ചറിവ് കാലേകൂട്ടിയുള്ള ഇടപെടലിനും അങ്ങനെ കുട്ടിക്ക് കാലക്രമേണ കൂടുതൽ അനുകൂല ഫലങ്ങൾ ലഭിക്കുന്നതിനും അവസരം ഒരുക്കുകയും ചെയ്യുന്നു. 

ഇവിടെ തന്നിരിക്കുന്ന, പ്രായപ്രകാരം ഉള്ള പരിശോധനാ പട്ടിക (കടപ്പാട്: കോം ഡീല്‍, Com DEALL) നിങ്ങളുടെ കുട്ടിയുടെ സ്വയം പരിശോധന ചെയ്യുന്നതിന് നിങ്ങളെ സഹായിക്കും. വേണ്ടത്ര വളർച്ചാ നാഴികക്കല്ലുകൾ നിങ്ങളുടെ കുട്ടി നേടുന്നുണ്ട് എന്നു മനസ്സിലാക്കുന്നതിനും പിന്നീട് വളർച്ചാ ശിശുരോഗചികിത്സികന്‍ (ഡെവലപ്‌മെന്‍റല്‍ പീഡിയാട്രീഷ്യൻ), ശിശു മനോരോഗചികിത്സകന്‍ (ചെൽഡ് സൈക്യാട്രിസ്റ്റ്), അല്ലെങ്കിൽ ക്ലിനിക്കൽ മനഃ ശാസ്ത്രജ്ഞന്‍ (ക്ലിനിക്കൽ സൈക്കോളിസ്റ്റ്) എന്നിവരിൽ ആരെങ്കിലും ആയി അതു ചർച്ച ചെയ്യുന്നതിനും നിങ്ങൾക്ക് ഇത് ഉപയോഗിക്കുവാൻ കഴിയും. ഈ പരിശോധനാ പട്ടിക ഒരിക്കലും ഒരു വിദഗ്ദ്ധ രോഗനിർണ്ണയത്തിനു പകരമാകുകയില്ല എന്നത് ദയവായി ശ്രദ്ധിക്കുക.

 

Q

എങ്ങനെയാണ് എഎസ്ഡി തിരിച്ചറിയുക?

A

എഎസ്ഡി തിരിച്ചറിയുന്നതിനായി ഒരൊറ്റ വൈദ്യപരിശോധനയോ ജനിതകപരിശോധയോ മാത്രമായി ഇല്ല. എങ്കിലും, ഓട്ടിസം നിർണ്ണയ നിരീക്ഷണ പദ്ധതികൾ (എഡിഒഎസ്, ഓട്ടിസം ഡയഗണോസ്റ്റിക് ഒബ്‌സെർവേഷൻ സ്കെഡ്യൂള്‍), ഓട്ടിസം നിർണ്ണയ മുഖാമുഖം - പുനർനിർണ്ണയിച്ചത് (ഓട്ടിസം ഡയഗ്ണോസ്റ്റിക് ഇന്‍റര്‍വ്യൂ-റിവൈസ്ഡ് (എഡിഐ-ആർ, ADI-R)  മുതലായ  രോഗനിര്‍ണ്ണയ പദ്ധതികൾ ഉപയോഗിച്ച് വിദഗ്ദ്ധർ വിലയിരുത്തൽ അല്ലെങ്കിൽ രോഗനിർണ്ണയം നടത്തും. ആശയവിനിമയം, സാമൂഹിക ഇടപെടലുകൾ,  പേശീചീലകനാഡിശേഷി, ധാരണാശക്തി  എന്നിങ്ങനെ വളർച്ചാ സംബന്ധമായ വിവിധ കഴിവുകളുടെ ഒരു ശ്രേണിയിലൂടെ കുട്ടിയെ വിലയിരുത്തും.

ചില സംഭവങ്ങളിൽ, കുട്ടി വളരെ നേരത്തെ തന്നെ ഓട്ടിസം സൂചനകൾ പ്രകടിപ്പിച്ചുവെന്നു വരാം. ചില സന്ദർഭങ്ങളിൽ 2 വയസ്സു മുതൽ 2.5 വയസ്സുവരെയുള്ള പ്രായത്തിൽ സ്വാഭാവികമായ, സ്പഷ്ടമായ വളർച്ചയുടെ ഒരു കാലയളവ് സാധാരണഗതിയിൽ അടയാളപ്പെടുത്തുകയും പിന്നീട് ചില മേഖലകളിൽ സ്വായത്തമാക്കിയിട്ടുള്ള വിവിധ കഴിവുകളുടെ നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ഇത് 'ഓട്ടിസ്റ്റിക് പിൻവാങ്ങൽ (ഓട്ടിസ്റ്റിക് റിഗ്രഷൻ, autistic regression)' എന്ന പേരിൽ പരാമർശിക്കപ്പെടുന്നു.

എഎസ്ഡി ബാധിതരായ പല കുട്ടികൾക്കും മറ്റൊരു തരം ചികിത്സാസംബന്ധമായതോ മനോരോഗ സംബന്ധമായതോ ആയ അവസ്ഥകൾ കൂടി ഉണ്ട് എന്നു വരാം. ഇതിനെ 'അനുബന്ധരോഗം (comorbidity) ' എന്നു പറയുന്നു. ഓട്ടിസത്തിനോട് ഒപ്പം സാധാരണഗതിയിൽ വരുന്ന അനുബന്ധ രോഗാവസ്ഥകൾ എഡിഎച്ച്ഡി (ADHD), ഉത്കണ്ഠ, വിഷാദം, ഇന്ദ്രിയബന്ധിയായ സംവേദനക്ഷമതകളില്‍ ഉള്ള കുറവ്, ബുദ്ധിപരമായ കഴിവുകുറവ് (ഇന്‍റലക്വച്ചല്‍ ഡിസെബിലറ്റി (ഐഡി, ID), ടൂറെറ്റ്സ് സിൻഡ്രോം (Tourette's syndrome) എന്നിവയാണ്. അവയുടെ സാദ്ധ്യത ദുരീകരിക്കുന്നതിനായി പ്രത്യേകമായ രോഗനിർണ്ണയം നടത്തുകയും ചെയ്യുന്നു.

Q

എഎസ്ഡി ബാധിച്ച കുട്ടികളുടെ ചില അനുപമമായ കഴിവുകൾ എന്തെല്ലാം ആണ്?

A

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് തങ്ങൾക്കു ചുറ്റുമുള്ള ലോകവുമായി ബന്ധപ്പെടുന്നതിനും സമ്പർക്കം പുലർത്തുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകും. എന്നിരുന്നാലും പില്‍ക്കാലത്ത് തങ്ങൾ തിരഞ്ഞെടുക്കുന്ന മേഖലകളിൽ ശോഭിക്കുന്നതിനു സഹായകമാകും  വിധം അവർക്ക് ചില അനുപമമായ കഴിവുകൾ വശഗതമായിരിക്കും. ഓട്ടിസബാധിതരായ കുട്ടികൾ സാധാരണഗതിയിൽ ശരാശരിയിലോ ശരാശിയിലും ഉയർന്ന നിലയിലോ ആയ കഴിവുകൾ പ്രകടിപ്പിക്കുന്ന ചില മേഖലകൾ ഇവയാണ്.

  • ഒരു പ്രത്യേക മേഖലയിൽ ഉള്ള സവിശേഷമായ അറിവ്
  • വളരെ നല്ല കാഴ്ച്ചശക്തിയും, ചുറ്റുപാടുകളെ കുറിച്ചുള്ള സ്ഥലസംബന്ധിയായ ഓർമ്മശക്തിയും 
  • അടുക്കും ചിട്ടയും
  • സാരാംശ ആശയം മനസ്സിലാക്കുന്നതിന് ഉള്ള കഴിവ്
  • പ്രശ്‌നപരിഹാരം / യുക്തിപരമായ അനുമാനങ്ങൾ

Q

എന്താണ് ഓട്ടിസത്തിനു കാരണമായി ഭവിക്കന്നത്?

A

ഓട്ടിസത്തിന്‍റെ കൃത്യമായ കാരണം കണ്ടുപിടിക്കുന്നതിനായി വിദഗ്ദ്ധർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, പക്ഷേ ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത് അതിന് കാരണമാകുന്നത് ജനിതകപരവും ജീവശാസ്ത്രപരവും പാരിസ്ഥിതിക പരവുമായ ഘടകങ്ങൾ ആയിരിക്കാം എന്നതാണ്.

Q

എഎസ്ഡിക്ക് ലഭ്യമായ ഇടപെടലുകൾ എന്തെല്ലാം ആണ്?

A

ഓട്ടിസം സ്‌പെക്ട്രം തകരാർ എന്നുള്ളത് ഒരു ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു അവസ്ഥയാണ്, അതിന് പ്രതിവിധിയും ഇല്ല. പക്ഷേ ശരിയായ രോഗചികിത്സയും (തെറപ്പിയും) ഇടപെടലും കുട്ടിക്ക് തന്‍റെ ജീവിതത്തിന്‍റെ  ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കഴിവുകൾ പഠിച്ചെടുക്കുന്നതിന് സഹായകമാകും. കുട്ടിക്ക് 12 മാസം മുതൽ 18 മാസം വരെ പ്രായമുള്ളപ്പോൾ തന്നെ എഎസ്ഡി തിരിച്ചറിയുവാൻ കഴിയും എന്നതിനാൽ, ഒരു മെച്ചപ്പെട്ട അനന്തരഫലത്തിനു വേണ്ടിയുള്ള ഇടപെടലുകൾ ആദ്യകാലങ്ങളിൽ തന്നെ നൽകുവാൻ കഴിയും.

ഒരു കുട്ടിയെ തന്‍റെ ആശയവിനിമയ, സാമൂഹിക സമ്പർക്ക, പെരുമാറ്റ നാഴികക്കല്ലുകൾ നേടുന്നതിനായി സഹായിക്കുന്നതിന് എഎസ്ഡിയ്ക്കുള്ള ഏറ്റവും ഫലപ്രദമായ ഇടപെടൽ, വിവിധപഠന മേഖലകൾ ചേർന്നുള്ളതും ഘടനാഭദ്രവും സവിശേഷപരവുമായ ഒന്നാണ്. ലഭിക്കുന്ന ഇടപെടൽ ഘടനാഭദ്രവും, തീവ്രവും, സ്ഥിരമായതും ആണെങ്കിൽ എഎസ്ഡി ബാധിതരായ കുട്ടികൾക്ക് സാർത്ഥകമായ പുരോഗമനം കൈവരിക്കുന്നതിന് സാധിക്കും.

പെരുമാറ്റപരമായ സമീപനങ്ങൾ

അപ്ലൈഡ് ബിഹേവിയർ അനാലിസിസ്എബിഎ (പ്രയുക്ത പെരുമാറ്റ വിശകലനം): എബിഎ പ്രധാനമായും ഓട്ടിസം ബാധിതരായ കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങൾ ലഘൂകരിക്കുന്നതിന് ലക്ഷ്യം വച്ച് ഉള്ളതാണ്. അത് പെരുമാറ്റത്തെ നിരീക്ഷിക്കുന്നത് ഒരു മൂന്നു പടി പ്രക്രിയ ആയിട്ടാണ്: നിർദ്ദേശം, പെരുമാറ്റം, അനന്തരഫലം.  ആവശ്യമുള്ള പെരുമാറ്റങ്ങളും കഴിവുകളും കുട്ടി നിലനിർത്തുന്നതിന് സഹായിക്കുന്നതിനായി, ഈ രീതി, പാരിതോഷികങ്ങളോ ദൃഢീകരിക്കലോ ഉപയോഗിക്കുകയും ചെയ്യുന്നു. കുട്ടിയുടെ പുരോഗതി പിന്തുടരുകയും അളക്കുകയും ചെയ്യുന്നു. എബിഎ ഉപയോഗിക്കുന്നത് താഴെ പറയുന്ന രീതികളാണ്:

  • ഡിസ്‌ക്രീറ്റ് ട്രയൽ ട്രെയിനിംഗ് ,ഡിറ്റിറ്റി, Discrete Trial Training, DTT (വിഭിന്നമായ പരീക്ഷണ പരിശീലനം): ഒരു പ്രവർത്തിയുടെ ചെറിയ ചെറിയ ഘടകങ്ങൾ ആദ്യം സ്വായത്തമാക്കിക്കൊണ്ട് സങ്കീർണ്ണങ്ങളായ പ്രവർത്തികൾ സ്വായത്തമാക്കുന്നതിന് കുട്ടിയെ ഡിറ്റിറ്റി രീതി സഹായിക്കുന്നു.  കുട്ടിയുടെ ശരിയായ  ഉത്തരങ്ങള്‍ക്കും പെരുമാറ്റങ്ങള്‍ക്കും പാരിതോഷികം എന്ന നിലയില്‍ ദൃഢീകരിക്കല്‍, പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കല്‍ തുടങ്ങിയ ശുഭാത്മകമായ രീതികള്‍ അനുവര്‍ത്തിക്കുന്നു. അഭിലഷണീയമായ പെരുമാറ്റം അല്ലെങ്കില്‍ കഴിവ് കുട്ടി സ്വായത്തമാക്കുന്നതു വരെ അവ കുട്ടിയെ ആവര്‍ത്തിച്ച് പഠിപ്പിക്കുന്നു. 
  • ഏർലി ഇന്‍റൻസീവ് ബിഹേവിയറൽ ഇന്‍റർവെൻഷൻ,  ഇഐബിഐ Early Intensive Behavioral Intervention, EIBI ( തുടക്കത്തിൽ തന്നെയുള്ള കഠിനതരമായ പെരുമാറ്റ ഇടപെടൽ ): അഞ്ചു വയസ്സിൽ താഴെയോ, കൂടുതൽ സാധാരണയായി മൂന്നു വയസ്സിൽ താഴെയോ ഉള്ള കുട്ടികളുടെ ഓട്ടിസത്തിന്‍റെ അസാധാരണമായ (atypical) പെരുമാറ്റങ്ങൾ ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള ഒരു തരം എബിഎ ആണ് ഇത്.
  • പിവട്ടൽ റെസ്‌പോൺസ് ട്രെയിനിംഗ്പിആർറ്റി, Pivotal Response Training, PRT (കേന്ദ്രസ്ഥാനീയമായ പ്രതികരണ പരിശീലനം): ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ നാലു പരമപ്രധാനമായ മേഖലകളിലാണ് പിആർറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : പ്രചോദനം, സ്വയം കൈകാര്യം ചെയ്യൽ, സ്വയം ആരംഭിക്കുന്നതിനുള്ള കഴിവ്, വിവിധ സൂചനകൾക്കുള്ള പ്രതികരണശേഷി. ഈ രീതി കുട്ടി നിയന്ത്രിക്കുന്ന ഒന്ന് ആണ്, കാരണം കുട്ടിയെ ലക്ഷ്യപ്രാപ്തി നേടുന്നതിനു സഹായിക്കുന്നതിനായി ചികിത്സകർ പലപ്പോഴും ഉപയോഗിക്കുന്നത് കുട്ടിയിൽ താൽപ്പര്യം ഉണർത്തുന്ന ഒരു പ്രവർത്തിയോ സാധനമോ ആണ്.

കൂട്ടായ ഇടപെടൽ 

ട്രീറ്റ്‌മെന്റ് ഓഫ് എഡ്യക്കേഷൻ ഓഫ് ഓട്ടിസ്റ്റിക് ആൻഡ് റിലേറ്റഡ് കമ്യൂണിക്കേഷൻ ഹാൻഡിക്യാപ്പ്ഡ് ചിൽഡ്രൻ മെത്തേഡ്ടീച്ച്,Treatment of Education of Autistic and related Communication Handicapped Children Method, TEACCH (ഓട്ടിസവും അനുബന്ധ ആശയവിനിമയ വൈകല്യവുമുള്ള കുട്ടികളുടെ ചികിത്സയും വിദ്യാഭ്യാസവും നടത്തുന്ന രീതി): ഘടനാഭദ്രമായ ശിക്ഷണത്തെ ആസ്പദമാക്കി ഉള്ളതാണ് ടീച്ച്.  ഓട്ടിസം ബാധിച്ചിട്ടുള്ള കുട്ടികൾക്ക് സ്വതവേ തന്നെ ഉള്ള അവരുടെ കഴിവുകളിലാണ് അത് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. കഴിയുന്നത്ര സ്വതന്ത്രമായി ഓട്ടിസം ബാധിച്ച കുട്ടികൾ കൃത്യനിർവ്വഹണം നടത്തുന്നതിന് സഹായിക്കുകയാണ് ടീച്ചിന്‍റെ ലക്ഷ്യം.

വളർച്ചാ വികാസപരമായ സമീപനങ്ങൾ

ഡെവലപ്‌മെന്‍റൽ, ഇൻഡിവിഡുവൽ, റിലേഷൻഷിപ്പ് ബെയ്‌സ്ഡ് അപ്പോച്ച്, ഡിഐആർ, Developmental, Individual Differences, Relationship-Based approach, (DIR-also called "Floortime" (വളർച്ചാ വികാസപരമായ സമീപനങ്ങൾ വ്യക്തിപരമായ വ്യത്യസ്തകൾ, ബന്ധം അധിഷ്ഠിതമായ സമീപനം - (ഡിഐആര്‍, 'ഫ്‌ളോർ ടൈം' എന്നു കൂടി വിളിക്കപ്പെടുന്നു): ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുട്ടിയുടെ വൈകാരികവും ബന്ധുത്വ വികസനപരവും (വികാരങ്ങൾ, തന്നെ പരിചരിക്കുന്നവരുമായി ഉള്ള ബന്ധം) ആയ വളര്‍ച്ചകളിലാണ്. കുട്ടി എങ്ങനെയാണ് കാഴ്ച്ചകള്‍, ശബ്ദങ്ങള്‍,  ഗന്ധങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നത് എന്നതിൽ കൂടി ഇത് ശ്രദ്ധ പതിപ്പിക്കുന്നു.

സ്റ്റാന്‍ഡേഡ് അപ്രോച്ചസ്( അംഗീകൃതമായ സമീപനങ്ങൾ) 

  • തൊഴിൽപരമായ ചികിത്സാരീതി: (ഓക്കുപ്പേഷണൽ തെറപ്പി) : ദൈനംദിന പ്രവർത്തികളിൽ കൂടതൽ പ്രയോജനപ്രദമായ വിധത്തിൽ പങ്കെടുക്കുന്നതിന് ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കുന്നതിനായി ഉപയോഗിക്കുന്ന വിവിധതരം പ്രയോഗരീതികൾ ആണ് തൊഴിൽപരമായ രോഗചികിത്സ. വലുതും ചെറുതുമായ പേശികളുടെ ചലനശേഷി പോലെയുള്ള ചില പ്രത്യേക മേഖലകള്‍ ശക്തിപ്പെടുത്തുന്നതിന് ഇതു സഹായകമാകുന്നു.
  • സംസാര ചികിത്സാരീതി (സ്പീച്ച് തെറപ്പി): സംസാര ചികിത്സകർ കുട്ടിക്കൊപ്പം പ്രവർത്തിച്ച് കുട്ടിയുടെ ആശയവിനിമയം അഭിവൃദ്ധിപ്പെടുന്നതിന് സഹായിക്കുന്നു. തങ്ങളുടെ ചിന്തകളും ആശയങ്ങളും കുട്ടികള്‍  മറ്റുള്ളവരോട് എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് പഠിക്കുന്നതിന് അവരെ സഹായിക്കുന്നതിനായി അവർ ആംഗ്യങ്ങൾ, ചിത്രപ്പലകകൾ മുതലായ ഇതര രീതികൾ അവലംബിക്കുന്നു. വിവിധ പഠനമേഖലകൾ സംയോജിപ്പിക്കുന്ന ഇടപെടൽ പരിപാടി എന്ന നിലയിൽ സംസാര രോഗചികിത്സ ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്, കാരണം ഓട്ടിസം ബാധിച്ച കുട്ടികൾ ആശയവിനിമയത്തിൽ കൂടുതൽ പ്രയാസം അനുഭവിക്കുന്നുണ്ട്.
  • ഇന്ദ്രിയ ഏകീകരണ ചികിത്സാരീതി (സെൻസറി ഇന്‍റഗ്രേഷൻ തെറപ്പി):  കാഴ്ച്ചകൾ, ശബ്ദങ്ങൾ, ഗന്ധങ്ങൾ മുതലായ ഇന്ദ്രിയപരമായ അറിവുകള്‍ കൈകാര്യം ചെയ്യുന്നതിന് ഇത് കുട്ടികളെ സഹായിക്കുന്നു. ചില ശബ്ദങ്ങള്‍ അസഹ്യതപ്പെടുത്തുകയോ അതല്ലെങ്കില്‍ സ്പർശനം ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്ന  കുട്ടിയെ ഇന്ദ്രിയ ഏകീകരണ ചികിത്സ സഹായിച്ചേക്കാം. കുട്ടികൾ ഇന്ദ്രിയ അവബോധങ്ങളിൽ മെച്ചപ്പെട്ട നിയന്ത്രണം നേടിക്കഴിയുമ്പോൾ, അവർ അവരുടെ ചലനങ്ങളിലും ശബ്ദങ്ങളിലും വികാരങ്ങളിലും കൂടുതൽ മെച്ചപ്പെട്ട നിയന്ത്രണം നേടുന്നു. ഇത് വിഷമകരമായ അവസ്ഥ ലഘൂകരിക്കുകയും സാമൂഹികപരമായ കഴിവുകൾ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു.

മറ്റു തരം സമീപനങ്ങൾ

  • സംഗീത ചികിത്സാരീതി (മ്യൂസിക് തെറപ്പി): ഓട്ടിസം ബാധിച്ചിട്ടുള്ള കുട്ടികൾക്ക് സാമൂഹികമായതും ആശയവിനിമയപരമായതും ആയ കഴിവുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി സംഗീത ചികിത്സാരീതി സവിശേഷമായ സംഗീത പ്രവർത്തനങ്ങൾ അവലംബിക്കുന്നു.
  • ചിത്രം കൈമാറുന്ന ആശയവിനിമയ പദ്ധതി (പിക്ച്ചർ എക്‌സ്‌ചേഞ്ച് കമ്യൂണിക്കേഷൻ സിസ്റ്റം, പിഇസിഎസ്, PECS): വളരെ കുറവു മാത്രം ആശയവിനിമയ കഴിവുകള്‍ മാത്രമുള്ള, അതല്ലെങ്കില്‍ ആശയവിനമയ കഴിവുകൾ തീരെയില്ലാത്തതോ ആയ ഓട്ടിസ ബാധിതരായ കുട്ടികൾക്കായി സാധാരണയായി ഈ രീതി ഉപയോഗിച്ചു വരുന്നു. ആശയവിനിമയം സൗകര്യപ്പെടുത്തുന്നതിനായി ചിത്രസൂചനകളോ കാർഡുകളോ ഉപയോഗിക്കുന്നു.
  • കുറിപ്പ്: കാലേകൂട്ടിയുള്ള ചികിത്സ ഒരു കുട്ടിയുടെ വളർച്ചയെ വളരെയധികം തുണച്ചേക്കാം എന്ന് ഗവേഷണഫലങ്ങൾ വെളിവാക്കുന്നുണ്ട്. നിങ്ങളുടെ കുട്ടിക്ക് ഓട്ടിസമോ മറ്റേതെങ്കിലും തരത്തിലുള്ള വളർച്ചാ പ്രശ്‌നമോ ഉണ്ടെന്നു നിങ്ങൾ കരുതുന്നുവെങ്കിൽ കഴിയുന്നത്ര വേഗം നിങ്ങളുടെ കുട്ടിയുടെ ഡോക്ടറോട് നിങ്ങൾ സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. പിന്തുണയും ബോധവൽക്കരണ ഉപദേശവും ആവശ്യമുള്ള, മനഃക്ഷോഭം അനുഭവിക്കുന്ന മാതാപിതാക്കളേയോ പരിപാലകരേയോ സഹായിക്കുന്നതിന് പലേ ഇടപെടൽ കേന്ദ്രങ്ങളും ഉണ്ട്. കുട്ടിയെ സഹായിക്കുന്നതിനായി എന്തു തരം പരിശീലനമാണ് ലഭ്യമായിട്ടുള്ളത് എന്ന് അറിയുന്നതിനും തെറപ്പിസ്റ്റുകൾക്ക് ഒപ്പം ഏറ്റവും ഉത്തമമായ രീതിയിൽ പ്രവർത്തിക്കുന്നതിന് നിങ്ങളെ എന്താണ് സജ്ജരാക്കുക എന്ന് അറിയുന്നതിനും വേണ്ടി നിങ്ങളുടെ ചികിത്സകരോട് ദയവായി സംസാരിക്കുക.

Q

എഎസ്ഡി ബാധിച്ച ഒരാളുടെ പരിചരണം

A

തങ്ങളുടെ കുട്ടിക്ക് ഓട്ടിസം തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് അറിയുമ്പോൾ മാതാപിതാക്കളോ രക്ഷിതാക്കളോ ഭീകരമായ മാനസിക പിരിമുറുക്കത്തിലൂടെയാണ് കടന്നു പോകുന്നത്, അത് തികച്ചും അന്തഃക്ഷോഭകരമായി ഭവിക്കുകയും ചെയ്‌തേക്കാം. തങ്ങളുടെ കുട്ടിക്ക് മുഴുവൻ സമയ പരിപാലകർ ആകുന്നതിനു വേണ്ടി പലേ മാതാപിതാക്കളും, പ്രത്യേകിച്ചും അമ്മമാർ തങ്ങളുടെ ഉദ്യോഗങ്ങൾ തന്നെ വേണ്ടന്നു വയ്ക്കുന്നു. വീട്ടിൽ വളരെയധികം ക്രമീകരണങ്ങൾ നടത്തേണ്ടതായി വരുന്നു, ഓട്ടിസം തിരിച്ചറിഞ്ഞിട്ടുള്ള കുട്ടിയുടെ കൂടപ്പിറപ്പുകൾ തങ്ങളുടെ ജീവിതം സഹോദരനോ സഹോദരിക്കോ വേണ്ടും വിധം അനുസൃതമാക്കിയെടുക്കുന്നു, മറ്റു കുടുംബാംഗങ്ങൾ കൂടുതൽ തുണ നൽകുന്നതിന് സന്നദ്ധരായി രംഗപ്രവേശം ചെയ്യുന്നു, കുട്ടിയുടെ താൽപ്പര്യം മനസ്സിൽ കണ്ടുകൊണ്ട് പ്രവർത്തനങ്ങളും പദ്ധതികളും രൂപീകരിക്കുന്നു, അങ്ങനെയങ്ങനെ. ചുരുക്കത്തിൽ ഓട്ടിസം ബാധിച്ച ഒരു കുട്ടിയെ വളർത്തുമ്പോള്‍, അതിനൊപ്പം അനുപമമായ ഒരു പറ്റം വെല്ലുവിളികൾ കൂടി നേരിടേണ്ടതായി വരുന്നു. എന്നിരുന്നാലും കൃത്യമായ അറിവുകളാൽ സജ്ജമാക്കപ്പെടുമ്പോൾ, മാതാപിതാക്കൾക്കോ പരിചരിക്കുന്നവര്‍ക്കോ കുട്ടിക്കു വേണ്ടി കൂടുതൽ മെച്ചപ്പെട്ട തിരഞ്ഞെടുപ്പുകൾ നടത്തുവാൻ കഴിയും. ഇങ്ങനെയുള്ള ഒരു അവസ്ഥയിൽ, ഒരു മാതാവ്, പിതാവ്, പരിപാലിക, എന്ന നിലയിൽ നിങ്ങൾക്ക് ചെയ്യുവാൻ കഴിയുന്നത് താഴെ പറയുന്നു:

  • ഓട്ടിസത്തെ കുറിച്ച് കഴിയുന്നത്ര പഠിക്കുക. വിവിധ തരത്തിലുള്ള ഇടപെടലുകൾ എങ്ങനെ നടത്താം എന്നതിനെ കുറിച്ച് പഠിക്കുവാൻ കഴിയുന്ന തരത്തിലുള്ള പരിശീലന പരിപാടികളിൽ പങ്കെടുക്കുക.
  • എല്ലാ ദൈനന്ദിന പ്രവർത്തികൾക്കും മുൻകൂട്ടി പദ്ധതി തയ്യാറാക്കി, കൃത്യമായ ദിനചര്യ നൽകുക.
  • വിദഗ്ദ്ധസഹായം സ്വീകരിക്കുക. ആ അവസ്ഥയുമായി തൃപ്തികരമായി പൊരുത്തപ്പെട്ടു പോകുന്നതിന് നിങ്ങൾക്കും ബോധവൽക്കരണ ഉപദേശം ആവശ്യമായി വന്നേക്കാം.
  • പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കൾക്കു മാത്രമേ അതേപോലെയുള്ള മറ്റു മാതാപിതാക്കൾ എന്ത് അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന് ശരിക്കും മനസ്സിലാക്കുവാൻ സാധിക്കുകയുള്ള എന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. പിന്തുണ സംഘങ്ങളിൽ ചേരുക, ഓട്ടിസം ബാധിച്ച മറ്റ്  കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധം പുലര്‍ത്തുക..
  • നിങ്ങൾക്കു വേണ്ടിയും സമയം നീക്കിവയ്ക്കുക. നിങ്ങളുടെ ശാരീരികവും വൈകാരികവുമായ ആരോഗ്യം കൂടി പരിപാലിക്കുക.


ബംഗളൂരുവിലുള്ള കോം ഡീല്‍ ട്രസ്റ്റ്  (Com DEALL Trust) എന്ന സ്ഥാപനത്തിലെ അഫിലിയേഷൻസ് കോ-ഓർഡിനേറ്റർ ആയ ശ്രീമതി. ദീപ ഭട്ട് നായർ നൽകിയ വിവരങ്ങൾ കൂടി ഉള്‍പ്പെടുത്തി  എഴുതിയതാണ് ആണ് ഈ ലേഖനം.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org