സ്വന്തം വ്യക്തിത്വം മനസിലാക്കാന്‍ കഴിയാത്ത തകരാര്‍

Q

ബോര്‍ഡര്‍ ലൈന്‍ വ്യക്തിത്വ തകരാര്‍ ഒരു വ്യക്തി അയാളേയും അയാളുടെ വികാരങ്ങളേയും നിയന്ത്രിക്കുന്ന രീതിയെ ബാധിക്കുന്നു

A

വ്യക്തികളെന്ന നിലയ്ക്ക് നമ്മുടെ സ്വഭാവസവിശേഷതകള്‍ എന്താണെന്നതും നമ്മള്‍ ആരാണെന്നതും സംബന്ധിച്ച് നമ്മളില്‍ മിക്കവാറും പേര്‍ക്ക് ഏതാണ്ട് വ്യക്തമായൊരു ധാരണയുണ്ട്. ഈ 'ഞാന്‍' എന്നതിനെക്കുറിച്ചുള്ള ധാരണ നമുക്ക് വെളിപ്പെട്ടുകിട്ടുന്നത് നമ്മുടെ മുന്‍കാല അനുഭവങ്ങളിലൂടേയും  ചുറ്റുപാടുകളുമായുള്ള നമ്മുടെ സമ്പര്‍ക്കത്തിലൂടേയുമാണ്. ഇതാകട്ടെ നമ്മള്‍ മിക്കാവാറും ജീവിത്തിലെ ആദ്യത്തെ രണ്ട് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു. ഈ അവനവനെക്കുറിച്ചുള്ള ധാരണ വരുന്നത് എന്താണ് നമുക്ക് പ്രധാനപ്പെട്ടത്, എന്താണ് ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും, എന്താണ് നമ്മള്‍ ലക്ഷ്യംവെയ്ക്കുന്നത്,വ്യക്തിപരവും സാമൂഹ്യവുമായ തലങ്ങളില്‍ നമ്മുടെ സ്ഥാനം എവിടെയാണ്  (സുഹൃത്തുക്കള്‍, ജോലി, നമ്മുടെ ചുറ്റുപാട്) എന്നതില്‍ നിന്നെല്ലാമാണ്. എന്നാല്‍ ബി പി ഡി യുള്ളവര്‍ക്ക്  തങ്ങളുടെ ദൈനംദിന സംഘര്‍ഷം നിശ്ചയിക്കുന്ന ഈ  ചോദ്യങ്ങള്‍ക്ക് സ്ഥിരമായ അല്ലെങ്കില്‍ മാറ്റമില്ലാത്ത ഒരു ഉത്തരം ഉണ്ടായിരിക്കില്ല. 
ബോര്‍ഡര്‍ ലൈന്‍ വ്യക്തിത്വ തകരാര്‍ ഒരു വ്യക്തി അയാളേയും അയാളുടെ വികാരങ്ങളേയും നിയന്ത്രിക്കുന്ന രീതിയെ ബാധിക്കുന്നു. ഈ തകരാറിന്‍റെ ഏറ്റവും പ്രകടമായ പ്രത്യേകത അസ്ഥിരതയാണ്- വ്യക്തിബന്ധങ്ങളിലും (ഈ വ്യക്തി മറ്റുള്ളവരുമായി എങ്ങനെ  ബന്ധപ്പെടുന്നു എന്നതില്‍) അവനവനെക്കുറിച്ചുള്ള ബോധത്തിലും(അസ്തിത്വം) സ്വ-ധാരണയിലും (ഈ വ്യക്തി എങ്ങനെയാണ് തന്നെയും മറ്റുള്ളവരേയും കാണുന്നത്) മനോഭാവത്തിലും (ഇടയ്ക്കിടെ മാറാനുള്ള പ്രവണത പ്രകടിപ്പിക്കുന്നു)  ഉണ്ടാകുന്ന അസ്ഥിരത.
ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാര്‍ ഉള്ള വ്യക്തികള്‍ക്ക് 'അവനവനെ'ക്കുറിച്ച് സ്ഥിരമായ ഒരു വ്യക്തിത്വബോധം ഇല്ലാതിരിക്കുകയും അപ്പോഴപ്പോഴത്തെ സാഹചര്യത്തിനും ചുറ്റുപാടിനും അനുസരിച്ച് അവര്‍ അവരെ നിര്‍വചിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇവര്‍ ഓരോരോ സാഹചരത്തില്‍ വ്യത്യസ്തമായ വ്യക്തിത്വ സവിശേഷതകള്‍ അല്ലെങ്കില്‍ വ്യത്യസ്തമായ പെരുമാറ്റ പ്രത്യേകതകള്‍ പ്രകടിപ്പിക്കുന്നു. ഇവര്‍ ഇതിനോട് പൊരുത്തപ്പെടാനുള്ള ഒരു തരം വെറിപിടിച്ച സംഘര്‍ഷത്തിലൂടെ സ്ഥിരമായി കടന്നു പോകുകയും ചെയ്യുന്നു. ഇവര്‍ തങ്ങള്‍ക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളോട് വളരെയധികം വൈകാരികമായ സമീപനം പുലര്‍ത്തുകയും നിസാരമായ ദൈനംദിന സംഭവങ്ങളോട് പോലും ശക്തമായി പ്രതികരിക്കുകയും ചെയ്തേക്കാം. ഇവരുടെ പെരുമാറ്റം ഇവരെ മറ്റുള്ളവരുടെ കണ്ണില്‍,  അന്യരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നവരുമാക്കി മാറ്റിയേക്കാം.

Q

'ബോര്‍ഡര്‍ലൈന്‍' എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?

A

 
ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറുള്ള വ്യക്തികള്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ദൈനംദിന കാര്യങ്ങളോട് അമിതമായ വൈകാരികത പ്രകടിപ്പിക്കുകയും അത്തരത്തില്‍ പെരുമാറുകയും ചെയ്യും. ഇത് അവര്‍ക്ക് മനസിന് അകത്തും പുറത്തും അസ്വസ്ഥതയും അലങ്കോലവും ഉണ്ടാക്കുകയും ചെയ്യും.ഈ സമ്മര്‍ദ്ദം അവരില്‍ മറ്റുള്ളവരേക്കുറിച്ചും സാഹചര്യത്തേക്കുറിച്ചും അതിലേറെയായി അവനവനെക്കുറിച്ചു  തന്നെയും ശക്തമായ അഭിപ്രായങ്ങള്‍ സൃഷ്ടിക്കും. ഇതവരെ വലിയ മാനസിക രോഗങ്ങളുടെ വക്കത്ത് എത്തിക്കുന്നു, അതുകൊണ്ടാണ് ഈ രോഗത്തിന് 'ബോര്‍ഡര്‍ലൈന്‍ (അതിര്‍ത്തി രേഖ) എന്ന് പേരുകൊടുത്തിരിക്കുന്നത്.

Q

ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറിന് കാരണം എന്ത് ?

A

 
ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറിനുള്ള കാരണം ഇപ്പോഴും അജ്ഞാതമാണ്. എന്നിരുന്നാലും ജീവശാസ്ത്രപരവും മാനശാസ്ത്രപരവുംസാമൂഹ്യപരവുമായ ഘടകങ്ങളുടെ ഒരു സംയുക്തമാണ് ഒരു വ്യക്തിയില്‍ ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറിനുള്ള സാധ്യത സൃഷ്ടിക്കുന്നതെന്ന കാര്യം നമുക്ക് അറിയാം. ഈ തകരാറിന്‍റെ ചില ലക്ഷണങ്ങള്‍ തലച്ചോറിലെ സെറോറ്റോണിന്‍ന്‍റെ അസന്തുലനം മൂലം ഉണ്ടാകുന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. 
ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറിനുള്ള ഒരു ജനിതക പ്രവണത,  മറ്റ് വ്യക്തിത്വ തകരാറുകള്‍ അല്ലെങ്കില്‍ മാനസികാവസ്ഥാ തകരാറുകള്‍ ഒരു വ്യക്തിയെ ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാര്‍ ഉണ്ടാകാനുള്ള ഉയര്‍ന്ന സാധ്യതയിലേക്ക് തള്ളിയിടുന്നു എന്നതാണ്.
ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത് കുട്ടിക്കാലത്ത് അനുഭവിച്ചിട്ടുള്ള പീഡനം ഒരു വ്യക്തിയില്‍ മുതിര്‍ന്ന പ്രായത്തില്‍ ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാര്‍ ഉണ്ടാകുന്നതിന് കാരണമായേക്കാമെന്നാണ്. ചില സിദ്ധാന്തങ്ങള്‍ പറയുന്നത്, പീഡനത്തിന്  വിധേയരായ  കുട്ടികള്‍ വളരുമ്പോള്‍ വൈകാരികമായ കാര്യങ്ങളില്‍ ഒരാശയക്കുഴപ്പം ഉണ്ടാകുകയും അതുമൂലം അവക്ക് അവരെക്കുറിച്ച് അല്ലെങ്കില്‍ ചുറ്റുമുള്ള സംഭവങ്ങളോടുള്ള അവരുടെ പ്രതികരണത്തെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായേക്കാം എന്നാണ്. അങ്ങനെയാണെങ്കിലും കുട്ടിക്കാലത്ത് ആഘാതകരമായ സംഭവം നേരിട്ട എല്ലാ കുട്ടികള്‍ക്കും ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാര്‍ ഉണ്ടാകണമെന്നില്ല. 
ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാര്‍ പൊതുവില്‍ പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകളില്‍ കാണപ്പെടുന്നു. 

Q

ഒരാള്‍ക്ക് ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാര്‍ ഉണ്ടെന്ന് എങ്ങനെ അറിയാന്‍ കഴിയും?

A

 
ബി പി ഡിയുള്ള വ്യക്തികള്‍ക്ക് അവരുടെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. മറ്റുള്ളവര്‍ വളരെ മൃദുവായി പ്രതികരിച്ചേക്കാവുന്ന വിഷയങ്ങളില്‍ ഇവര്‍ അത്യധികമായ കോപമോ സന്തോഷമോ പ്രകടിപ്പിച്ചേക്കാം. ഇവരുടെ മാനസികാവസ്ഥയില്‍ ഇടയ്ക്കിടയ്ക്ക്  മാറ്റമുണ്ടാകുകയും ഇവര്‍ എടുത്തുചാടി തീരുമാനങ്ങളെടുക്കുകയും ചെയ്തേക്കും. വളരെ എളുപ്പത്തില്‍ ആളുകളെ ആരാധിക്കുകയും(വ്യക്തിപൂജ) വളരെ പെട്ടന്ന് വിമര്‍ശിക്കുകയും ചെയ്യുന്ന പ്രവണയുണ്ടായിരിക്കുന്നതുകൊണ്ട് ഉറപ്പുള്ള വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ഇവര്‍ക്ക് പ്രയാസമായിരിക്കും. മറ്റെല്ലാ വ്യക്തിത്വ തകരാറുകളുടേയും പോലെ, ബി പി ഡിയുടെയും വിവിധ ലക്ഷണങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതകാലഘട്ടത്തില്‍ മുഴുവന്‍ പ്രത്യക്ഷമായേക്കും. ലക്ഷണങ്ങളുടെ തീവ്രതയും വൈവിധ്യവും മൂലം ബി പി ഡിയുള്ള ഒരു വ്യക്തിയെ തിരിച്ചറിയുക എന്നത് ബുദ്ധിമുട്ടും കടുത്ത വെല്ലുവിളിയുമായേക്കും. സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിനായി ഒരു ചികിത്സാ വിദഗ്ധന്‍റെ അടുക്കല്‍ രോഗനിര്‍ണയം നടത്തുന്നതാണ് ഏറ്റവും നല്ലത്.

Q

ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാം?

A

 
വൈകാരികമായ സംഘര്‍ഷമാണ് ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറിന്‍റെ ഏറ്റവും പ്രകടമായ ഒരു ലക്ഷണം, ഈ വ്യക്തിക്ക് ഏതാനും മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കുന്ന തീവ്രമായ ഭാവമാറ്റമുണ്ടാവുകയും ഇയാള്‍ അത്യധികമായി പ്രതികരിക്കുകയും ചെയ്തേക്കാം. ഇവരുടെ മാനസികാവസ്ഥയും പെരുമാറ്റവും മുന്‍കൂട്ടി പറയാനാകാത്തതരത്തിലുള്ളതും കാര്യകാരണബന്ധമില്ലാത്തതും അല്ലെങ്കില്‍ തമ്മില്‍ പൊരുത്തമില്ലാത്തതും ആയേക്കാം. ഇവര്‍ മറ്റുള്ളവരുടെ വാക്കുകളെ അല്ലെങ്കില്‍ പ്രവര്‍ത്തികളെ വ്യക്തിപരമായ വിമര്‍ശനം അല്ലെങ്കില്‍ വിധിപ്രഖ്യാപനമായി വ്യാഖ്യാനിച്ചേക്കാം, ഇതവരില്‍ സങ്കടവും ദേഷ്യവും ഒഴിവാക്കപ്പെട്ടേക്കുമെന്ന ഭയവും ഉണ്ടാക്കിയേക്കും. 
 
ബി പി ഡിയുടെ മറ്റ് ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു (ഇവ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ കാണപ്പെടുകയാണെങ്കില്‍ രോഗലക്ഷണങ്ങളായി കണക്കാക്കാം)  : 
  •  ആശയക്കുഴപ്പമുള്ള വ്യക്തിത്വം- ഇത് ജീവിത മൂല്യങ്ങള്‍, പെരുമാറ്റം, സൗഹൃദം, ലൈംഗിക വ്യക്തിത്വം, ജോലി തെരഞ്ഞെടുക്കല്‍ തുടങ്ങിയവയിലെല്ലാം ഉണ്ടായേക്കും. ഇവര്‍ക്ക് അവര്‍ ആരാണ്, എന്താണ് അവര്‍ ഇഷ്ടപ്പെടുന്നത്, എന്താണ് അവര്‍ വിശ്വസിക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കില്ല. അവരുടെ വ്യക്തിത്വം അവര്‍ നിലനില്‍ക്കുന്ന സംഘത്തെ (സുഹൃത്ത് സംഘത്തേയും മറ്റും) ആശ്രയിച്ചിരിക്കുന്നു.
  •  വ്യക്തി ബന്ധങ്ങള്‍ അധികകാലം നിലനില്‍ക്കാത്തത് ഒരു തുടര്‍ സ്വഭാവമായി കാണപ്പെടുന്നു. 
  •  തെറ്റിദ്ധരിക്കപ്പെട്ടതായോ, ഒഴിവാക്കപ്പെട്ടതോ അല്ലെങ്കില്‍ ഒഴിഞ്ഞതോ ആയി ആവര്‍ത്തിച്ച് അനുഭവപ്പെടുക. ഇവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരാല്‍ ഉപേക്ഷിക്കപ്പെടുന്നതിനെക്കുറിച്ച് ഭയപ്പെടുകയും ഒരു ബന്ധം 'സംരക്ഷിക്കുന്ന'തിനായി ഏതറ്റംവരെയും പോകാന്‍ തയ്യാറാകുകയും ചെയ്തേക്കാം. 
  •  ഇവര്‍ മിക്കവാറും, വീണ്ടുവിചാരമില്ലാതെ പണം ചിലവാക്കല്‍, സാഹസികത, കടകളില്‍ നിന്നും മോഷ്ടിക്കല്‍, സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ച തുടങ്ങിയ കാര്യങ്ങളില്‍ എടുത്തുചാട്ടം കാണിക്കുകയും വിനോദിക്കുകയും ചെയ്യുന്നു.
  •  ജീവിതത്തെ വിജയകരമായി അഭിമുഖീകരിക്കാന്‍ തങ്ങള്‍ക്ക് ശേഷിയില്ലെന്നും ചുറ്റിനും ആളുവേണമെന്നും  എന്ന് ഇവര്‍ ശക്തമായി വിശ്വസിക്കുന്നു. 
  •  ഇവര്‍ തങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളെ നേരെ നല്ല വ്യക്തികളെന്നും ചീത്ത വ്യക്തികളെന്നും മാത്രമായി തരംതിരിക്കുന്നു. തന്നെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചുമുള്ള ഇവരുടെ ധാരണകള്‍ ഈ രണ്ട് വിഭാഗത്തിനിടയില്‍ മാത്രമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
  •  സ്വയം അപകടപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റം അല്ലെങ്കില്‍ ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുന്നു. (ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറുള്ളവര്‍ക്കിടയിലെ ആത്മഹത്യാ നിരക്ക് 15 - 20 ശതമാനമാണ്).
  •  മാനസിക സമര്‍ദ്ദം ഉണ്ടാക്കുന്ന ഘട്ടത്തില്‍ വിട്ടുപോകുക; ബി പി ഡിയുള്ള വ്യക്തികള്‍ക്ക്  മനക്ലേശം ഉണ്ടാക്കുന്ന സംഭവങ്ങളില്‍ നിന്നുള്ള ബന്ധം വിട്ടുപോകുകയും പിന്നീട് ഈ സംഭവത്തെക്കുറിച്ച് ഓര്‍മ്മയില്ലാതിരിക്കുകയും ചെയ്തേക്കാം. 
ശ്രദ്ധിക്കുക : ഒരു വ്യക്തിക്ക് ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറാണ് എന്ന് നിശ്ചയിക്കണമെങ്കില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ആ വ്യക്തിയുടെ ജീവിതത്തിലുടനീളം പ്രത്യക്ഷമായിട്ടുണ്ടായിരിക്കണം എന്ന കാര്യം ഓര്‍ക്കുക. 

Q

ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാര്‍ കണ്ടെത്തല്‍

A

 
ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാര്‍ കണ്ടെത്തുന്നതിന് മാത്രമായുള്ള പ്രത്യേക ഒറ്റപരിശോധന നിലവിലില്ല. അതിനാല്‍ സൈക്യാട്രിസ്റ്റ് ആദ്യം,   വ്യക്തിയുടെ പെരുമാറ്റത്തിന്‍റെ കാര്യത്തില്‍ വലിയ പങ്കുവഹിച്ചേക്കാവുന്ന സ്കിസോഫ്രീനിയ, മയക്കുമരുന്ന് ഉപയോഗം, വിഷാദരോഗം, ഭക്ഷണം കഴിക്കുന്നതിലെ തകരാറുകള്‍, ഉത്കണ്ഠാ രോഗം, മറ്റ് വ്യക്തിത്വ തകരാറുകള്‍ തുടങ്ങിയവ ഇല്ലെന്ന് ഉറപ്പാക്കാനായുള്ള പരിശോധനകളും വിലയിരുത്തലുകളും നടത്തും. എന്നാല്‍ ചില കേസുകളില്‍ ഈ തകരാറുകള്‍ ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറിനൊപ്പവും ഉണ്ടാകാറുണ്ട്. 
രോഗിയുമായുള്ള കൂടിക്കാഴ്ചയെയാണ് രോഗനിര്‍ണയത്തിന് പ്രധാനമായും ആശ്രയിക്കുന്നത്.  ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറിന്‍റെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലൂടേയും ഡോക്ടര്‍ വ്യക്തിയെ വിലിയിരുത്താറുണ്ട്. ഒരു വ്യക്തിക്ക് ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറാണ് എന്ന് നിര്‍ണയിക്കണമെങ്കില്‍ ആ വ്യക്തി കുറഞ്ഞത് അഞ്ചു ലക്ഷണങ്ങളെങ്കിലും പ്രകടിപ്പിച്ചിരിക്കണം. 

Q

ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാര്‍ എങ്ങനെയാണ് ഒരു വ്യക്തിയുടെ ജീവിതത്തെ ബാധിക്കുന്നത് ?

A

 
ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകാറുള്ള ഒരു വ്യക്തിക്ക് സുഹൃത്തുക്കള്‍, കുടുംബം, സഹ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായുള്ള ബന്ധം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഇതവരുടെ ബന്ധങ്ങളേയും ജോലിയേയും ദൈനംദിന ജീവിതത്തേയും ബാധിച്ചേക്കും. ഈ വ്യക്തികള്‍ക്ക് തങ്ങളുടെ അത്യധികമായ ഉത്കണ്ഠയും അതിവൈകാരികമായ പ്രതികരണങ്ങളും മൂലം ജോലിയോ വ്യക്തിബന്ധങ്ങളോ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയാതെ വരും.ഇവര്‍ കൈത്തണ്ട മുറിക്കുക, അമിതമായി മരുന്ന് അല്ലെങ്കില്‍ മദ്യം കഴിക്കുക,ആത്മഹത്യ തുടങ്ങിയ പ്രവര്‍ത്തികളിലൂടെ  സ്വയം അപകടപ്പെടുത്താനും സാധ്യതയുണ്ട്. ഇവര്‍ക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍, വിഷാദരോഗം, അനോറെക്സിയ അല്ലെങ്കില്‍ ബുളിമിയ, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളെ നേരിടേണ്ടതായും വന്നേക്കാം.

Q

ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറിന് ചികിത്സ നേടല്‍

A

 
 
ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാര്‍ ചികിത്സിക്കുന്നതിന് മരുന്നും തെറാപ്പിയും പിന്തുണയും ഒന്നിച്ചു ചേര്‍ത്തുള്ള ഒരു സംയുക്ത ചികിത്സാരീതിയാണ് ഉപയോഗിച്ചുവരുന്നത്. ഡോക്ടര്‍മാര്‍ മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനുള്ള (മാനസികാവസ്ഥാ ചാഞ്ചാട്ടം കുറയ്ക്കുന്നതിന് ) മരുന്നുകള്‍ അല്ലെങ്കില്‍ മനോരോഗത്തിനുള്ള മരുന്നുകള്‍(മതിഭ്രമവും മിഥ്യാധാരണയും കുറയ്ക്കുന്നതിന്) നല്‍കും. അതുകൂടാതെ ഈ രോഗികള്‍ക്ക് വ്യക്തിബന്ധങ്ങളും വൈകാരികാവസ്ഥയും കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് മൂലം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന തെറാപ്പി നിര്‍ദ്ദേശിച്ചേക്കാം.
ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറുള്ള വ്യക്തികള്‍ക്ക് വിഷാദരോഗം, ഉത്കണ്ഠാ രോഗം, പി റ്റി എസ് ഡി, ഈറ്റിംഗ് ഡിസോര്‍ഡര്‍ (ഭക്ഷണം കഴിക്കുന്നതിലെ തകരാറുകള്‍) ബൈപോളാര്‍ ഡിസോര്‍ഡര്‍, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം കേസുകളില്‍ ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറിനുള്ള ചികിത്സ ബന്ധപ്പെട്ടുള്ള മറ്റു തകാറുകള്‍ക്കുള്ള ചികിത്സയെക്കൂടി പിന്തുണയ്ക്കുന്നതായിരിക്കണം. 
 
ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറുള്ള വ്യക്തികളെ അവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വിവിധ തരം തെറാപ്പികള്‍ താഴെ പറയുന്നു : 
 
ധാരണാസംബന്ധമായ പെരുമാറ്റ ചികിത്സ (കോഗ്നിറ്റിവ് ബിഹേവിയറല്‍ തെറാപ്പി) : രോഗിക്ക് അയാളെക്കുറിച്ചു തന്നെയുള്ള കാതലായ വിശ്വാസത്തില്‍ മാറ്റം വരുത്താന്‍ തെറാപ്പിസ്റ്റ് സഹായിക്കുന്നു. ഈ കാതലായ വിശ്വാസത്തില്‍ മാറ്റം വരുത്തുന്നത് രോഗിക്ക് തന്നെക്കുറിച്ചുള്ള ധാരണ കൈകാര്യം ചെയ്യാനും മറ്റുള്ളവരുമായുള്ള ബന്ധം മെപ്പെടുത്താനും സഹായിക്കും. 
സംവാദാത്മക പെരുമാറ്റ ചികിത്സ (ഡയലക്റ്റിക്കല്‍ ബിഹേവിയറല്‍ തെറാപ്പി) : തെറാപ്പിസ്റ്റ് രോഗിയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ചിന്തകള്‍ അല്ലെങ്കില്‍ വിശ്വാസങ്ങള്‍ എന്താണെന്ന് കണ്ടെത്താന്‍  ശ്രമിക്കും. രോഗിക്ക് സ്വയം അംഗീകരിക്കാനും മനസിലാക്കാനുമുള്ള മാര്‍നിര്‍ദ്ദേശം നല്‍കും. ഇതിന് ശേഷം, തന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം മാറ്റങ്ങളാണ് വേണ്ടതെന്ന് രോഗി തിരിച്ചറിയും. 

Q

ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറുമായി ജീവിക്കല്‍

A

 
 
നിങ്ങള്‍ക്ക് ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാര്‍ ഉണ്ടെന്ന് നിങ്ങള്‍ കരുതുന്നു എങ്കില്‍ അല്ലെങ്കില്‍  നിങ്ങള്‍ക്ക് ആ തകരാര്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെങ്കില്‍ നിരാശനാകേണ്ടതില്ല. മരുന്നും നിങ്ങളുടെ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും പിന്തുണയും കൊണ്ട് നിങ്ങള്‍ക്ക് ഒരു കര്‍മ്മനിരതമായ ജീവിതം നയിക്കാനാകും. 
 
നിങ്ങള്‍ക്ക് സ്വയം സഹായിക്കുന്നതിനായി ചെയ്യാവുന്ന ചില കാര്യങ്ങള്‍ താഴെ പറയുന്നു : 
  •  ഒരു സഹായക സംവിധാനം കണ്ടെത്തുക. നിങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു സുഹൃത്തിനോടോ കുടുംബാംഗത്തോടെ രോഗം കണ്ടെത്തിയതിനെക്കുറിച്ച് പറയുക. നിങ്ങളുടെ തകരാറിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനായി അടുത്ത തവണ ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ നിങ്ങള്‍ക്കൊപ്പം വരാന്‍ അവരോട് ആവശ്യപ്പെടുക.
  •  മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന സംഭവങ്ങളോടുള്ള പ്രതികരണത്തിന്‍റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടായേക്കാം. നിങ്ങളുടെ ജീവിത പങ്കാളിയെ അല്ലെങ്കില്‍ സുഹൃത്തിനെ ലോകത്തിലെ ഏറ്റവും സ്നേഹമുള്ള വ്യക്തിയായി അല്ലെങ്കില്‍ ഏറ്റവും മോശമായ വ്യക്തിയായി നിങ്ങള്‍ക്ക് തോന്നിയേക്കാം. നിങ്ങള്‍ക്ക് ചിലപ്പോള്‍ കടുത്ത വിഷാദം താങ്ങാനാകാതെ വല്ലതും ചെയ്തുപോയേക്കും എന്ന് തോന്നിയേക്കാം. ഇക്കാര്യം നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുകയും അത്തരം സാഹചര്യങ്ങളില്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ മാര്‍ഗനിദ്ദേശങ്ങള്‍ ചോദിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് ഒരു വല്ലായ്മ തോന്നുമ്പോള്‍ നിങ്ങളെ സഹായിച്ചേക്കാവുന്ന ഒരു സുഹൃത്തിനോടോ ബന്ധുവിനോടോ സംസാരിക്കുക.
  •  ഒരു ദൈനംദിന സമയക്രമം ഉണ്ടാക്കുന്നതിനായി ഡോക്ടറോട് സംസാരിക്കുക. സ്വയം ജോലിയില്‍ വ്യാപൃതനായിരിക്കുക. നിങ്ങള്‍ക്ക് ആസ്വദിക്കാനാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.
  •  ഈ തകരാറിനെ വിജയകരമായി നേരിടുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സ പിന്തുടരുകയും മരുന്നുകള്‍ മുടങ്ങാതെ കഴിക്കുകയും ചെയ്യുക എന്നതാണെന്ന കാര്യം ഓര്‍ക്കുക. നിങ്ങള്‍ ഒരു തെറാപ്പിസ്റ്റിനെ കാണുകയാണങ്കില്‍ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളെക്കുറിച്ചും അയാളോട് പറയുക. ഒന്നും മറച്ചുവെയ്ക്കരുത്, തെറാപ്പിസ്റ്റ് നിങ്ങള്‍ പറയുന്നത് കേട്ട് നിങ്ങളെക്കുറിച്ച് ഒരു മോശം അഭിപ്രായമൊന്നും രൂപപ്പെടുത്താന്‍ പോകുന്നില്ല. അവര്‍ നിങ്ങളെ സഹായിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്.
  •  നിങ്ങളുടെ മാനസികാവസ്ഥയിലെ ചാഞ്ചാട്ടങ്ങളും മറ്റുള്ളവരുമായുള്ള ബന്ധങ്ങളും നിങ്ങളെ ഒരു ചീത്ത മനുഷ്യനാക്കില്ല എന്ന കാര്യം എപ്പോഴും ഓര്‍ക്കുക. അതൊന്നും നിങ്ങളുടെ കുഴപ്പമല്ല. 

Q

ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറുള്ള വ്യക്തിയെ പരിചരിക്കല്‍

A

 
ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറുള്ള വ്യക്തികള്‍ മിക്കവാറും മറ്റുള്ളവരുടെ സഹായം തേടാന്‍ തയ്യാറായേക്കില്ല, കാരണം അവരുടെ പെരുമാറ്റം അവര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മനക്ലേശം ഉണ്ടാക്കുന്നു എന്ന കാര്യം മനസിലാക്കാന്‍ അവര്‍ക്ക് കഴിവുണ്ടാകില്ല. ഈ വ്യക്തിയെ പരിചരിക്കുന്നവര്‍ക്ക, ഈ മനക്ലേശവും പെരുമാറ്റത്തില്‍ മാറ്റം വരുത്തുന്നതിലുള്ള രോഗിയുടെ വിസമ്മതവും കൂടിച്ചേര്‍ന്ന് വല്ലാത്ത തളര്‍ച്ച ഉണ്ടാക്കിയേക്കാം. 
ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറ് അനുഭവിക്കുന്ന വ്യക്തികളുള്ള മിക്കവാറും കുടുംബങ്ങള്‍ മാനസിക സംഘര്‍ഷവും നിസ്സഹായതയും നിരാശാബോധവും അനുഭവിക്കാറുണ്ടെന്ന് പറയുന്നു. തങ്ങളുടെ പ്രിയപ്പട്ടവന്‍/അവള്‍ സ്വയം കൊല്ലാനോ അപകടപ്പെടുത്താനോ ശ്രമിക്കുന്നത് വെറുതെ കണ്ടുനില്‍ക്കേണ്ടി വരുക എന്നത് പ്രയാസകരമായ കാര്യമായി അവര്‍ കാണുന്നു. ഈ മനക്ലേശം രോഗിയുടെ പെരുമാറ്റത്തിലൂടെ കൂടുതല്‍ വഷളാകുകയും ചെയ്യുന്നു. 
രോഗി ഒരു സമയത്ത് തന്‍റെ കുടുംബത്തെ വളരെയധികം സ്നേഹിക്കുകയും തൊട്ടടുത്ത നിമിഷം കഠിനമായി വെറുക്കുകയും ചെയ്തേക്കാം. അതിനാല്‍ തങ്ങള്‍ എവിടെ നില്‍ക്കണം, എന്തായിരിക്കണം തങ്ങളുടെ സമീപനം, ഏതു തരത്തിലുള്ള സഹായവും പിന്തുണയുമാണ് രോഗിക്ക് ആവശ്യം തുടങ്ങിയ കാര്യങ്ങള്‍ തിരിച്ചറിയാനാകാതെ അവര്‍ കുഴങ്ങുന്നു. 
രോഗിയെ പരിചരിക്കുന്നവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവന്‍റെ / അവളുടെ ഈ തകരാറിനെക്കുറിച്ചോര്‍ത്ത് കുറ്റബോധം ഉണ്ടായേക്കാം. ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാര്‍ കുട്ടിക്കാത്തെ പീഡനം, അല്ലെങ്കില്‍ ആഘാതം മൂലം ഉണ്ടായേക്കാം. അതുപോലെ തന്നെ ഈ രോഗിക്ക് ഈ തകരാറുണ്ടായിരുന്ന ആരെങ്കിലുമായി ജനിതക ബന്ധമുണ്ടെങ്കിലും ഇതുണ്ടാകാനുള്ള സാധ്യതയേറെയാണ്. ഇത് മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടിയുടെ പ്രശ്നത്തിന് തങ്ങളാണ് ഉത്തരവാദികള്‍ എന്ന വിചാരം ഉണ്ടാക്കുകയും അവര്‍ പരിഭ്രാന്തിയോടെ ഈ പ്രശ്നത്തിന് പരിഹാരം തേടുകയും ചെയ്യുന്നു.
 
ഈ തകരാറിനെക്കുറിച്ച് പഠിക്കുക : ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാര്‍ ഒരുപാട് ചീത്തപ്പേര് കേട്ടിട്ടുള്ള ഒരു തകരാറാണ്.  ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറുള്ള വ്യക്തികള്‍ മറ്റുള്ളവരെ ചൂഷണം ചെയ്യുന്നവരാണ്, മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനുവേണ്ടി സ്വയം കൊല്ലുന്നതായി നടിക്കുന്നു; ഇവര്‍ വളരെ മര്‍ക്കടമുഷ്ടിക്കാരും പെരുമാറ്റത്തില്‍ മാറ്റം വരുത്താന്‍ ആഗ്രഹക്കാത്തവരുമാണ്, എന്നിങ്ങനെ ഈ തകാറിനെക്കുറിച്ച് പൊതുവില്‍ വിശ്വസിക്കപ്പെടുന്ന ധാരാളം കെട്ടുകഥകളുണ്ട്. ഇവര്‍ അനുഭവിക്കുന്ന ദുരിതം എന്താണെന്ന് മനസിലാക്കുന്നത് ഇവരുമായി ബന്ധപ്പെടുന്നതിന് നിങ്ങളെ സഹായിക്കും. 
പരിചരണം നല്‍കുന്ന വ്യക്തിയെന്ന നിലയ്ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഈ അവസ്ഥയ്ക്ക് നിങ്ങളല്ല ഉത്തരവാദി എന്ന കാര്യവും നിങ്ങള്‍ക്ക് എല്ലാ കാര്യവും സ്വയം പരിഹരിക്കാന്‍ ആകില്ല എന്ന കാര്യവും അംഗീകരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ചെയ്യാനാകുന്നത്, ചികിത്സയെ സംബന്ധിച്ച തീരുമാനങ്ങളെടുക്കാന്‍ രോഗിയെ സഹായിക്കുകയും അവര്‍ ചികിത്സാ പദ്ധതിയില്‍ നിന്ന് വ്യതിചലിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. നിങ്ങളുടെ പ്രിയപ്പെട്ടവന്‍റെ പെരുമാറ്റം നിങ്ങള്‍ക്ക് അന്യായമായും വിചിത്രമായും തോന്നിക്കുന്ന തരത്തിലുള്ളതാക്കുന്ന ഒരു തകരാറാണിതെന്ന കാര്യം എല്ലായ്പ്പോഴും ഓര്‍മ്മയില്‍ വെയ്ക്കുക. ഒരു ദിവസം അവര്‍ നിങ്ങളെ പൂജിച്ചേക്കാം, അടുത്ത ദിവസം വെറുത്തേക്കാം. ഇത് ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറുള്ളവരുടെ പെരുമാറ്റത്തിലെ ഒരു വിചിത്രമായ പ്രത്യേകതയാണെന്ന വസ്തുത മനസിലാക്കുക. ഇത് വ്യക്തിപരമായെടുക്കുകയോ നിങ്ങളുടെ പരാജയത്തിന്‍റെ സൂചനയായി പരിഗണിക്കുകയോ ചെയ്യരുത്. 
മനോഭാവത്തിലെ സ്ഥിരതയില്ലായ്മ മൂലം ഈ തകരാറുള്ളവരുമായി സംസാരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. തുറന്ന് പറയുക, ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഒരവസരവും കൊടുക്കാതെ വ്യക്തമായി ചെറിയ വാചകങ്ങളില്‍ സംസാരിക്കുക. നിങ്ങള്‍ ഉദ്ദ്യേശിച്ചത് ആ വ്യക്തിക്ക് കൃത്യമായി മനസിലായിട്ടില്ല എന്ന് തോന്നിയാല്‍ കൂടുതല്‍ വ്യക്തമാക്കിക്കൊടുക്കുക. അവരെ സുഖിപ്പിക്കാനായി മുഖസ്തുതി നടത്തരുത്. ആ വ്യക്തിയുടെ പെരുമാറ്റത്തില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യം കണ്ടെത്തുകയും അതിനെക്കുറിച്ച് സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. ഇത്  അവരെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്താനും നിങ്ങള്‍ അവരില്‍ താല്‍പര്യം കാണിക്കുന്നു എന്ന് മനസിലാക്കാനും അവരെ സഹായിക്കും. 
രോഗിയുടെ സമയക്രമത്തില്‍ പെട്ടന്ന് മാറ്റം വരുത്താന്‍ ശ്രമിക്കരുത്. ഈ തകരാറുള്ള വ്യക്തികള്‍ക്ക് പെട്ടെന്നുള്ള മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടായിരിക്കും. അടുത്തുതന്നെ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അതിനായി രോഗിയെ സജ്ജമാക്കുക. 
 
പരിധി നിശ്ചയിക്കല്‍ : പരിചരണം കൊടുക്കുന്ന ഭൂരിപക്ഷം പേരും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പരമാവധി പിന്തുണ കൊടുക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷെ എവിടെയാണ് പരിധി നിശ്ചയിക്കേണ്ടതെന്ന് അവര്‍ക്ക് അറിയില്ല. ചിലര്‍ രോഗി ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നു, തങ്ങള്‍ വിസമ്മതിച്ചാല്‍ രോഗി സ്വയം അപകടപ്പെടുത്താന്‍ തുനിഞ്ഞാലോ എന്ന് അവര്‍  ഭയക്കുന്നതാണ് ഇതിന് കാരണം. 'പറ്റില്ല' എന്ന് പറയാന്‍ പഠിക്കുക. ഏതൊക്കെ പ്രവര്‍ത്തികളോടും പെരുമാറ്റങ്ങളോടുമാണ് നിങ്ങള്‍ക്ക് പൊരുത്തപ്പെട്ട് ജീവിക്കാന്‍ കഴിയുന്നത് ? അക്രമം സ്വീകാര്യമാണോ ? ഏതുകാര്യവും എന്തുവരെയാകാം, എത്രവരെയാകാം എന്ന് വ്യക്തമായി പരിധി നിശ്ചയിക്കുക. 
രോഗി ശാരീരികമായി അക്രമാസക്തനാകുന്ന സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് ഡോക്ടറോട് ചോദിച്ച് മനസിലാക്കുക.
ഈ സാഹചര്യം നേരിടുന്നതിന് നിങ്ങള്‍ സ്വയം ഒരുങ്ങിയിരിക്കുകയും ചെയ്യുക. 
സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധവെയ്ക്കുക. പരിചരിക്കുന്നയാള്‍ എന്ന ഉത്തരവാദിത്തത്തില്‍ നിന്നും കുറച്ചു സമയം മാറിനില്‍ക്കുക. ഈ സമയത്ത് നിങ്ങള്‍ക്ക് ആസ്വാദ്യകരമായ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ മുഴുകുക. നിങ്ങളുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരിക്കാനും നിങ്ങള്‍ക്ക് മനസുതുറന്ന് സംസാരിക്കാന്‍ ആരെങ്കിലും ഉണ്ടായിരിക്കാനും ശ്രദ്ധിക്കുക. നിങ്ങളുടെ പ്രദേശത്ത് ഒരു സഹായക സംഘം (സപ്പോര്‍ട്ട് ഗ്രൂപ്പ്) ഉണ്ടെങ്കില്‍ അതില്‍ ചേരുക. അതിലെല്ലാം പ്രധാനമായി, നിങ്ങള്‍ ക്ഷീണിതന്‍ /ക്ഷീണിതയാകുമ്പോള്‍ നിങ്ങളുടെ ഡോക്ടറോട് അല്ലെങ്കില്‍ കൗണ്‍സിലറോട് പറയുക. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org