തകരാറുകൾ

ബുലിമിയ നെര്‍വോസ

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് ബുലിമിയ നെര്‍വോസ ?

A

 
ബുലിമിയ നെര്‍വോസ  ഭക്ഷണം കഴിക്കലിലെ ഒരുതകരാറാണ് (ഈറ്റിംഗ് ഡിസോര്‍ഡര്‍). ഇതുള്ള വ്യക്തികള്‍ വളരെയധികം ഭക്ഷണം ആര്‍ത്തിയോടെ കഴിക്കുകയും പിന്നീടത് ഛദ്ദിച്ചോ, അമിതമായി വ്യായാമം ചെയ്തോ അല്ലെങ്കില്‍ വയറിളക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ  പുറത്തു കളയുകയും ചെയ്യുന്നു. ഇവര്‍ അസ്വസ്ഥരാകുമ്പോള്‍ വലിച്ചുവാരി തിന്നുകയും കുടിക്കുകയും ചെയ്യും, അതായത് വളരെയധികം ഭക്ഷണം കഴിക്കും, പലപ്പോഴും രഹസ്യമായിട്ട്. അതിന് തൊട്ടുപുറകേ വലിച്ചുവാരി തിന്നതില്‍ അവര്‍ക്ക് കുറ്റബോധവും നാണക്കേടും തോന്നുകയും അവര്‍ കഴിച്ച ഭക്ഷണം  ഛര്‍ദ്ദിച്ചോ, അമിതമായി വ്യായാമം ചെയ്തോ മറ്റു മാര്‍ഗങ്ങളിലൂടേയോ പുറത്തുകളയാന്‍ ശ്രമിക്കുകും ചെയ്യും. ഈ കുറ്റബോധം അവര്‍ക്ക് അവരുടെ ശരീര രൂപത്തെക്കുറിച്ചുള്ള ധാരണയുടേയും മെലിയണം എന്ന അവരുടെ ആഗ്രഹത്തിന്‍റേയും ഫലമായി ഉണ്ടാകുന്നതാണ്. ഇവരുടെ അസ്ഥാനത്തുള്ള സ്വന്തം പ്രതിച്ഛായ വിചാരം ഇവരെ ഒരു തരം താഴ്ന്ന ആത്മാഭിമാനത്തിലേക്ക് നയിക്കുകയും ചെയ്യും. കഴിച്ച ഭക്ഷണം പുറത്തു കളയല്‍ (വിരേചനം)കൊണ്ട് അവര്‍ക്ക് ജീവിതത്തിന്‍റെ മേല്‍ നിയന്ത്രണം ഉണ്ടെന്ന തെറ്റായ ധാരണ ഉണ്ടാകുന്നു. തനിക്ക് ചുറ്റുമുള്ള കാര്യങ്ങളെല്ലാം നിയന്ത്രണത്തിന് പുറത്താണെങ്കില്‍ പോലും തങ്ങള്‍ കാണപ്പെടുന്ന രീതിയും തങ്ങളുടെ ശരീര രൂപവും നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് അവര്‍ കരുതും.
ബുലിമിയ കൊണ്ടുള്ള ശാരീരികമായ കുഴങ്ങള്‍ ഗുരുതരമായേക്കാം, എന്നാല്‍ സമയോചിതമായ ചികിത്സ ആ വ്യക്തിയെ അവനവനെക്കുറിച്ച് നല്ലത് തോന്നാനും ആരോഗ്യകരമായ ഭക്ഷണ ശീലം വളര്‍ത്തിയെടുക്കാനും സഹായിക്കും. അതേപോലെ തന്നെ തങ്ങളുടെ ഉത്കണ്ഠയേയും മാനസികസമ്മര്‍ദ്ദത്തേയും വിജയകരമായി നേരിടാനും അവര്‍ പഠിക്കും.
ശ്രദ്ധിക്കുക : ചില ആളുകള്‍ ഭക്ഷണത്തെ ആശ്വാസം കണ്ടെത്തുന്നതിനുള്ള ഒരു സാധ്യതയായി അവലംബിക്കുകയും തങ്ങള്‍ വൈകാരിക സംഘര്‍ഷത്തിലൂടെ കടന്നു പോകുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കുക എന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ ബുലിമിയ ഉള്ളവരെപ്പോലെ  അമിതമായ വ്യായാമത്തിലൂടെയോ വിരേചനത്തിലൂടെയോ ഇതിന് പ്രയശ്ചിത്തം ചെയ്യാന്‍ ശ്രമിക്കാറില്ല. മാനസിക സംഘര്‍ഷമോ മനക്ലേശമോ അനുഭവിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവിന്മേലുള്ള നിയന്ത്രണം കൈവിട്ടു പോകുന്നവര്‍ അമിതമായ തീറ്റയും കുടിയും എന്ന തകരാര്‍  അനുഭവിക്കുന്നുണ്ടാകാം. 

Q

ബുലിമിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ?

A

 
 
ബുലിമിയയുടെ ഏറ്റവും പ്രധാനപ്പെട്ട പെരുമാറ്റ പരമായ ലക്ഷണങ്ങള്‍ താഴെ പറയുന്നു : 
 
 •  ബുലിമിയ ഉള്ള വ്യക്തികള്‍ക്ക് തങ്ങളുടെ ശരീരത്തിന്‍റെ ആകൃതിയിലും രൂപത്തിലും അമിതമായ താല്‍പര്യമുണ്ടായിരിക്കും, ശരീരഭാരം വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ഭീതിയിലായിരിക്കും അവര്‍ ജീവിക്കുന്നത്.
 • മനസുഖമില്ലാതിരിക്കുമ്പോള്‍ ഇവര്‍ വളരെയധികം ഭക്ഷണം കഴിക്കും (വലിച്ചുവാരി തിന്നും).
 •  കുടുംബക്കാരോ സുഹൃത്തുക്കളോ കാണാതിരിക്കാനായി ഇവര്‍ രഹസ്യമായി ഭക്ഷണം കഴിക്കാനുള്ള പ്രവണ പ്രകടിപ്പിച്ചേക്കും. 
 • ഇവര്‍ ഭക്ഷണം കഴിച്ച ഉടനേ പതിലായി കുളിമുറിയില്‍ പോകുന്നുണ്ടെങ്കില്‍ അത് കഴിച്ച ഭക്ഷണം പുറന്തള്ളാനുള്ള ശ്രമത്തിന്‍റെ (വിരേചനത്തിന്‍റെ) സൂചനയായേക്കാം. ഇവര്‍ കഴിച്ചത് ഛര്‍ദ്ദിക്കാന്‍ സ്വയം പണിപ്പെടുന്നുണ്ടാകാം അല്ലെങ്കില്‍ വയറിളക്കുന്നതിനും മൂത്രം പോകുന്നതിനും മറ്റുമുപയോഗിക്കുന്ന മരുന്നുകള്‍  ദുരുപയോഗം ചെയ്യുന്നുണ്ടാകാം. ചില ആളുകള്‍ ശരീഭാരം കുറയ്ക്കുന്നതിനായി ചില പച്ചമരുന്ന് കൂട്ടുകള്‍ ദുരുപയോഗപ്പെടുത്തുകയും ചെയ്തേക്കും.
 •   ഇവര്‍ പലപ്പോഴും വളരെയധികം വ്യയാമം ചെയ്യും, അല്ലെങ്കില്‍ വ്യായാമത്തോട് അമിതമായ താല്‍പര്യം കാണിച്ചുകൊണ്ടിരിക്കും. ഉദാഹരണത്തിന്, പുറത്ത് മഴപെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍ പോലും ഇവര്‍ ഓടാന്‍ പോകാന്‍ ആഗ്രഹിക്കും. 
 
ശാരീരികമായ ചില സൂചനകള്‍ താഴെ പറയുന്നു : 
 •  ഇവര്‍ക്ക് കൈവിരലുകളുടെ തുമ്പിലും വിരലിന്‍റെ മടക്കുകളിലും മുറിവ് ഉണ്ടായേക്കും,  ഇതു സംഭവിക്കുന്നത് പതിവായി തൊണ്ടയില്‍ സമ്മര്‍ദ്ദം ചെലുത്തി ഛര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ്.
 • ഛര്‍ദ്ദിക്കുമ്പോള്‍ വയറ്റിലെ അമ്ലങ്ങള്‍  (ആസിഡുകള്‍) പല്ലില്‍ വന്ന് പറ്റും. ഇത് പതിവായി സംഭവിക്കുന്നത് പല്ലുകളുടെ നിറം മാറ്റത്തിന് കാരണമാകും.
 •  കൂടെക്കൂടെയുള്ള ഛര്‍ദ്ദിക്കല്‍ കവിള്‍ത്തടത്തിലും  കീഴ്ത്താടിയിലും മറ്റും നീരുകെട്ടുന്നതിന് കാരണമാകും.
 • വലിച്ചു വാരിത്തിന്നുകയും അത് പുറന്തള്ളുകയും ചെയ്യുക എന്ന പ്രക്രിയ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യുന്നതുമൂലം  ശരീരഭാരത്തില്‍ ഇടയ്ക്കിടയ്ക്ക് മാറ്റം വരും. 

Q

ബുലിമിയയ്ക്ക് എന്താണ് കാരണം?

A

 
ബുലിമിയയ്ക്ക് അറിയപ്പെടുന്ന പ്രത്യേക കാരണമൊന്നും ഇല്ല,  ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘടകങ്ങള്‍ കൂടിച്ചേര്‍ന്നാണ് സാധാരണമായി ഈ തകരാറുണ്ടാകുന്നതെന്ന് കരുതപ്പെടുന്നു. ഭക്ഷണം കഴിക്കലില്‍ ഉണ്ടാകുന്ന മറ്റ് പല തകരാറുകളെപ്പോലെ തന്നെ ബുലിമിയയും ആളുകള്‍ അവര്‍ക്കുള്ളില്‍ ആഴത്തില്‍ കുടിയിരിക്കുന്ന മറ്റ് വൈകാരിക പ്രശ്നങ്ങളെ നേരിടുന്നതിനായി ഉപയോഗപ്പെടുത്തുന്നു. 

Q

ഒരു വ്യക്തിയെ ബുലിമിയയിലേക്ക് നയിച്ചേക്കാവുന്ന ചില ഘടകങ്ങള്‍

A

 
 
 •  മാനസിക സംഘര്‍ഷമുണ്ടാക്കുന്ന സംഭവങ്ങള്‍ : പ്രിയപ്പെട്ട ആരുടെയങ്കിലും മരണം, ജോലി നഷ്ടപ്പെടല്‍ അല്ലെങ്കില്‍ വിവാഹമോചനം പോലുള്ള കാര്യങ്ങള്‍  ബുലിമിയയ്ക്കുള്ള പ്രേരകശക്തിയായേക്കാം. ഈ വ്യക്തിക്ക് മാനസികസംഘര്‍ഷത്തെ നേരിടുന്നതിനായി വലിച്ചുവാരി തിന്നാനുള്ള ത്വരയുണ്ടാകുകയും പിന്നീട് അത് പുറന്തളളിക്കൊണ്ട് അങ്ങനെ തിന്നതിന് സ്വയം ശിക്ഷിക്കുകയും ചെയ്യും.
 •  ബുലിമിയ ഉള്ള വ്യക്തികളില്‍ പലപ്പോഴും ഒരു ആഘാതത്തിന്‍റെ, ലൈംഗികമോ ശാരീരികമോ ആയ ആക്രമണത്തിന്‍റെ ചരിത്രം കാണാറുണ്ട്.
 •  മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍പ്പുമാതൃകകളിലൂടെ അല്ലെങ്കില്‍ കൂട്ടുകാരുടെ സമ്മര്‍ദ്ദത്തിലൂടെ ശരീരാകൃതിയെക്കുറിച്ച് രൂപം കൊള്ളുന്ന വികലമായ ധാരണയും ബുലിമിയ ഉണ്ടാകുന്നതില്‍ വളരെ വലിയ പങ്ക് വഹിക്കാറുണ്ട്. 
 • ചില കേസുകളില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നത് ജോലിയെ ബാധിക്കുമെന്ന പേടിയില്‍ നിന്നും ബുലിമിയ ഉണ്ടാകാറുണ്ട്, ഉദാഹരണത്തിന് ഫാഷന്‍ മോഡലുകള്‍, നടീനടന്മാര്‍, ജിംനാസ്റ്റുകള്‍ തുടങ്ങിയവരില്‍.
 • ചിലപ്പോഴൊക്കെ വിഷാദരോഗം, ഉത്കണ്ഠാ രോഗം അല്ലെങ്കില്‍ മറ്റ് വൈകാരിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് ബുലിമിയ ഉണ്ടായേക്കാം. അവരുടെ വൈകാരികമായ സംഘര്‍ഷം എല്ലാം നിയന്ത്രണത്തിന് പുറത്താണെന്ന തോന്നല്‍ സൃഷ്ടിക്കും. ഒരു വലിച്ചുവാരിത്തീറ്റയ്ക്ക് ശേഷം കഴിച്ചത് പുറന്തള്ളുന്നത് തങ്ങളുടെ ശരീര രൂപത്തിന് മേല്‍ തങ്ങള്‍ക്ക് ഒരു നിയന്ത്രണമായി എന്ന ധാരണ അവരില്‍ ഉണ്ടാക്കുന്നു. 

Q

ബുലിമിയയ്ക്ക് ചികിത്സ നേടല്‍

A

 
ബുലിമിയ ഒരു ഗുരുതരമായ പ്രശ്നമാണ്, എന്നാല്‍ അത് ചികിത്സിക്കാന്‍ സാധിക്കുകയും തക്കസമയത്തു തന്നെ സഹായം തേടുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിനെ  പരിപൂര്‍ണമായി മറികടക്കാനാകുകയും ചെയ്യും. ചികിത്സയില്‍ പ്രധാനമായി ഉത്കണ്ഠയെയും മാനസിക സംഘര്‍ഷത്തേയും എങ്ങനെ നന്നായി നേരിടാം എന്ന് നിങ്ങളെ പഠിപ്പിക്കുന്നതിനുള്ള കൗണ്‍സിലിംഗ്,  തെറാപ്പി എന്നിവ ഉള്‍പ്പെടുന്നു.ചിലപ്പോള്‍ ആന്‍റിഡിപ്രെസെന്‍റ് പോലുള്ള ചില മരുന്നുകള്‍ നിങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചേക്കാം.
നിങ്ങള്‍ക്ക് എന്തെങ്കിലും ശാരീരികമായ കുഴപ്പം ഉണ്ടെങ്കില്‍ നിങ്ങളെ അവസ്ഥ ശരിയാകുന്നതുവരെ ആശുപത്രിയില്‍ കിടത്തിയേക്കാം. നിങ്ങളുടെ ശരീരഭാരം ആവശ്യമായതിലും കുറവാണെങ്കില്‍ വിദഗ്ധരുടെ ഒരു സംഘം നിങ്ങളെ ആരോഗ്യകരമായ തൂക്കം തിരികെ നേടുന്നതിനും ആരോഗ്യകരമായ ഒരു നിത്യാഹാര ക്രമം പിന്തുടരുന്നതും സഹായിക്കും. നിങ്ങള്‍ എപ്പോഴും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സയില്‍ പിടിച്ച് നില്‍ക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.അമിതമായി ഭക്ഷണം കഴിക്കാന്‍ (വലിച്ചുവാരി തിന്നാല്‍) ത്വരയുണ്ടായാല്‍ ഉടനേ നിങ്ങളുടെ ഡോക്ടറേയോ പരിചാരകനേയോ വിവരം അറിയിക്കണം.

Q

ബുലിമിയ ഉള്ള ഒരാളെ പരിചരിക്കല്‍

A

 
ബുലിമിയ ഉള്ള വ്യക്തികള്‍ക്ക് തങ്ങളുടെ പ്രശ്നവുമായി ബന്ധപ്പെട്ട് വലിയ നാണക്കേട് ഉണ്ടായേക്കാം എന്നതിനാല്‍ അവര്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ മടിച്ചേക്കാം. എന്നിരുന്നാലും ബുലിമിയ ഒരു വ്യക്തിക്ക് ശാരീരികവും വൈകാരികവുമായി ഗുരുതരമായ തകരാര്‍ ഉണ്ടാക്കാറുണ്ട്. ഒരു പരിചാരകന്‍ എന്ന നിലയ്ക്ക് നിങ്ങള്‍ വളരെയധികം സഹായം നല്‍കേണ്ടതുണ്ട്. അവരെ അവരുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനും ചികിത്സ തേടാനും പ്രോത്സാഹിപ്പിക്കുക. ആദ്യം അവര്‍ ഇഷ്ടക്കേട് കാണിച്ചേക്കാം, എന്നാല്‍ നിങ്ങള്‍ ക്ഷമയോടെ തുടരണം. 
നിര്‍ബന്ധിക്കുകയോ  ഈ തകരാറിന്‍റെ വരുംവരായ്കകളെക്കുറിച്ച്  സൂചിപ്പിക്കുകയോ  ചെയ്യരുത്. ചികിത്സയുടെ ഘട്ടത്തില്‍, രോഗിക്ക് ചുറ്റുള്ള എല്ലാവരും ആരോഗ്യകരമായ ഒരു ഭക്ഷണ ശീലം പാലിക്കുകയും ശരീഭാരത്തേയും രൂപത്തേയും കുറിച്ചുള്ള സംസാരങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. ഈ വ്യക്തിയെ ചികിത്സയില്‍ ഉറച്ചു നില്‍ക്കാന്‍ പ്രോത്സാഹിപ്പിക്കുകയും തളര്‍ച്ചയുണ്ടാകുമ്പോളെല്ലാം നിങ്ങള്‍ സഹായത്തിനുണ്ടാകുമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്യുക.

Q

ബുലിമിയയെ വിജയകരമായി നേരിടല്‍

A

 
ബുലിമിയയുമായി ജീവിക്കുക എന്നത് അത്യധികം മാനസിക സംഘര്‍ഷമുണ്ടാക്കുന്ന കാര്യമായിരിക്കും. ശാരീരികമായ ശിക്ഷയോടൊപ്പം വൈകാരികമായ സംഘര്‍ഷം കൂടിയുണ്ടാകുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ജീവിതത്തെ ഗുരുതരമായി പരിക്കേല്‍പ്പിക്കും. എന്നിരുന്നാലും ഇതിന് ചികിത്സ സാധ്യമാണ്. സുഖപ്പെടുന്നതിനായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ക്കൊരു പ്രശ്നമുണ്ടെന്ന കാര്യം സ്വയം അംഗീകരിക്കുകയും സഹായം തേടുകയും ചെയ്യുക എന്നതാണ്. ബുലിമിയയ്ക്കുള്ള ചികിത്സയ്ക്ക് അല്‍പം സമയമെടുത്തേക്കും, അതിനാല്‍ ക്ഷമകാണിക്കുകയും ചികിത്സയോട് സ്ഥിരോത്സാഹം കാണിക്കുകയും   ചികിത്സയിലും  നിത്യാഹാരക്രമത്തിലും ഉറച്ചുനില്‍ക്കുകയും വേണം എന്നത് രോഗമുക്തി നേടുന്നതിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങള്‍ക്ക് വല്ലായ്മ തോന്നുകയോ വലിച്ചുവാരി തിന്നാനുള്ള ത്വരയുണ്ടാകുകയോ ചെയ്താല്‍ ആരെയെങ്കിലും സമീപിക്കുകയും അവരോട് സംസാരിക്കുകയും ചെയ്യുക. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നതിനായി പുറത്ത് ഓടാന്‍ പോകുക, സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുക എന്നിങ്ങനെയുള്ള ഗുണകരമായ അതിജീവന തന്ത്രങ്ങള്‍ വളര്‍ത്തിയെടുക്കുക.  

White Swan Foundation
malayalam.whiteswanfoundation.org