തകരാറുകൾ

സെറിബ്രല്‍ പാള്‍സി

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് സെറിബ്രല്‍ പാള്‍സി ?

A

 
കുട്ടിയുടെ തലച്ചോറ് വളരുന്ന ഘട്ടത്തില്‍  തലച്ചോറില്‍ ഉണ്ടാകുന്ന ക്ഷതമോ വൈകല്യമോ മൂലമുണ്ടാകുന്ന ഒരു നാഡീവ്യൂഹ (ന്യൂറോളജിക്കല്‍) തകരാറാണ് സെറിബ്രല്‍ പാള്‍സി. സെറിബ്രല്‍ പാള്‍സി ശരീരത്തിന്‍റെ ചലനങ്ങള്‍, പേശീനിയന്ത്രണം, അനൈച്ഛിക പ്രതികരണം (റിഫ്ളക്സ്), നില്‍പ്പും ശരീരത്തിന്‍റെ സംതുലനവും എന്നിവയെ ബാധിക്കുന്നു.ഇത് നീണ്ടുനില്‍ക്കുന്ന ബാല്യകാല വൈകല്യത്തിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളില്‍ ഒന്നാണ്. 
 
സെറിബ്രല്‍ പാള്‍സി വേര്‍തിരിച്ച് അറിയാനുള്ള ലക്ഷണങ്ങള്‍ താഴെ പറയുന്നു
 
ചികിത്സിച്ച് ഭേദമാക്കാനാകാത്തതും സ്ഥിരമായി നിലനില്‍ക്കുന്നതും : തലച്ചോറിനുണ്ടാകുന്ന ക്ഷതവും തകരാറും സ്ഥിരമായതും ചികിത്സിച്ച് ഭേദമാക്കാന്‍ ആകാത്തതുമാണ്. മറ്റു ശരീരഭാഗങ്ങളിലെ പോലെ തലച്ചോറിലെ പരിക്കുകള്‍ ഭേദമാകുകയില്ല. എന്നാലും ഇതിനോട് അനുബന്ധിച്ചുള്ള അവസ്ഥകള്‍ കാലക്രമേണ മെച്ചപ്പെടുകയോ മോശമാകുകയോ ചെയ്തേക്കാം. 
 •  വര്‍ധനയില്ലാത്തത് : ക്ഷതം മൂലമുള്ള തലച്ചോറിന്‍റെ സ്ഥിതി കൂടുതല്‍ മോശമാകുകയില്ല. 
 • നീണ്ടുനില്‍ക്കുന്നത് : സെറിബ്രല്‍ പാള്‍സിയുള്ള വ്യക്തിക്ക് ആ തകരാറ് ജീവിതാവസാനം വരെയുണ്ടാകും. 
ഈ അവസ്ഥയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഇവയാണ് :
 •  ചലനശേഷിയിലെ തകരാറ്. 
 •  ഇന്ദ്രിയങ്ങള്‍ക്കുള്ള തകരാറ്.
 •   ശ്രവണ വൈകല്യം.
 •   ശ്രദ്ധക്കുറവ്.
 •  ഭാഷാപരവും ധാരണാപരവുമായ വൈകല്യം.
 •  മാനസിക വളര്‍ച്ചാ മുരടിപ്പ്.
 •   പെരുമാറ്റ പ്രശ്നങ്ങള്‍.
 •   ആരോഗ്യ പ്രശ്നങ്ങള്‍ 
 •   ആവര്‍ത്തിച്ചുണ്ടാകുന്ന അപസ്മാരമോ മോഹാലസ്യമോ. 
 
പ്രധാന വസ്തുതകള്‍
 
 •   കുട്ടിക്കാലത്ത് ഉണ്ടാകുന്ന ഏറ്റവും സാധാരണമായ ശാരീരിക / ചലനപരമായ വൈകല്യമാണ് സെറിബ്രല്‍ പാള്‍സി.
 • ലോകത്താകമാനം ഏതാണ്ട് 17 ദശലക്ഷം ആളുകള്‍ സെറിബ്രല്‍ പാള്‍സി ബാധിച്ചവരായി ഉണ്ട്. 

Q

സെറിബ്രല്‍ പാള്‍സിയുടെ സൂചനകള്‍

A

 
തലച്ചോറിനുള്ള ക്ഷതത്തിനോ വൈകല്യത്തിനോ വൈദ്യശാസ്ത്രപരമായി കണ്ടെത്താവുന്ന ഫലങ്ങളാണ് സെറിബ്രല്‍ പാള്‍സിയുടെ സൂചനകള്‍. കുട്ടിക്ക് സ്വന്തം പ്രശ്നങ്ങള്‍ പറഞ്ഞറിയിക്കാന്‍ പ്രായമായിട്ടില്ലാത്തതുകൊണ്ട് സെറിബ്രല്‍ പാള്‍സിയുടെ സാധ്യത കണ്ടെത്താനുള്ള പ്രധാനമാര്‍ഗം ഈ സൂചനകളാണ്. ചലിക്കാനുള്ള ശേഷി ഉണ്ടായിവരുന്നതിലെ താമസം മാതാപിതാക്കള്‍ക്ക് കണ്ടെത്താനാകുമെങ്കിലും, ഡോക്ടര്‍ വൈദ്യപരിശോധനകളിലൂടേയും മറ്റ് വിലയിരുത്തലുകളിലൂടേയും മറ്റ് സാധ്യതകള്‍ തള്ളിക്കളഞ്ഞ് ഈ തകരാറ് കണ്ടുപിടിക്കേണ്ടതുണ്ട്. 
ഡോക്ടര്‍ ഈ തകരാറിന്‍റെ വ്യാപ്തിയും സ്ഥാനവും കാഠിന്യവും ഇതോടൊപ്പമുള്ള മറ്റ് അവസ്ഥകളുടെ സാന്നിദ്ധ്യവും നിര്‍ണയിക്കും. തലച്ചോറിലുള്ള ക്ഷതത്തിന്‍റെ കാഠിന്യം അനുസരിച്ച് സൂചനകള്‍ വ്യത്യാസപ്പെടാം. 
 
 •  പേശീബലം : പേശീബലത്തിലെ കൂടുതലോ കുറവോ- കൈ കാലുകള്‍ അയഞ്ഞ് തൂങ്ങി കിടക്കുന്നതോ വല്ലാതെ മുറുകിയിരിക്കുന്നതോ, മനപൂര്‍വമല്ലാത്ത പേശീവലിവ്, ശരിയായ ചലനം തടസപ്പെടുത്തുന്ന വിധം പറ്റിച്ചേര്‍ന്ന സന്ധികള്‍.  ഇത് നടപ്പിനേയും ഇരിപ്പിനേയും താങ്ങില്ലാതെ നില്‍ക്കുന്നതിനേയും ബാധിക്കുന്നു. 
 •  ചലന നിയന്ത്രണവും ഏകീകരണവും : പേശീബലത്തിന്‍റെ തകരാറ് കുട്ടിയുടെ കൈകാലുകളേയും ശരീരചലനത്തേയും നിയന്ത്രണത്തേയും ബാധിക്കുന്നു. പേശീ നിയന്ത്രണത്തിലെ തകരാറ് കാരണം കൈകാലുകള്‍ എപ്പോഴും നീണ്ടിരിക്കുകയോ ചുരുണ്ടിരിക്കുകയോ വിറച്ചുകൊണ്ടിരിക്കുകയോ ചെയ്തേക്കാം. ഉദാഹരണത്തിന്, ആറുമാസമായാല്‍ പോലും കുഞ്ഞിന് എഴുന്നേറ്റിരിക്കാനോ തനിയേ കമിഴ്ന്നു കിടക്കാനോ സാധിച്ചില്ലെന്നിരിക്കും. 12-18 മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ കഴിഞ്ഞില്ലെന്നിരിക്കും. എഴുതുക, പല്ലുതേയ്ക്കുക, ഷൂസ് ധരിക്കുക മുതലായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നിരിക്കും. 
 •  നില്‍പ്പ് / ഇരിപ്പ് : സെറിബ്രല്‍ പാള്‍സി നില്‍പ്പിനേയും ഇരിപ്പിനേയും സംതുലനാവസ്ഥയേയും ബാധിക്കുന്നു. കുട്ടികളെ വിവിധ തരത്തില്‍ ഇരുത്തുമ്പോള്‍ അവരില്‍ നിന്നും സ്വാഭാവികമായി പ്രതീക്ഷിക്കുന്ന ചില പ്രതികരണങ്ങള്‍ ഉണ്ട്. സാധാരണയായി ഇരിപ്പില്‍ ഇരുവശങ്ങളും ഒരു പോലെയായിരിക്കും, അതായത് കുഞ്ഞ് രണ്ടുകാലുകളും മുന്നിലാക്കിയാണ് ഇരിക്കുന്നത്. എന്നാല്‍ സെറിബ്രല്‍ പാള്‍സിയുള്ള കുട്ടികളുടെ കാര്യത്തില്‍ ഇരുവശവും ഒരുപോലെ ആയേക്കില്ല. 
 •  സംതുലനം (ബാലന്‍സ്) : സ്ഥൂല ചലന ശേഷിയിലെ തകരാറ് കുട്ടിക്ക് സംതുലനം കൈവരിക്കാനുള്ള ശേഷിയെ ബാധിച്ചേക്കും. മാതാപിതാക്കള്‍ ഈ ലക്ഷണങ്ങള്‍ കാണുന്നത് കുട്ടി ഇരിക്കാനും ഇരുന്നിട്ട് എഴുന്നേല്‍ക്കാനും പഠിക്കുമ്പോളും ഇഴയാനോ നടക്കാനോ തുടങ്ങുമ്പോഴുമാണ്. സാധാരണഗതിയിലുളള വളര്‍ച്ചയാണെങ്കില്‍ കുട്ടികള്‍ ഇരിക്കുന്നതും നടക്കുന്നതും കൈകളുടെ താങ്ങോടെയാണ്. പിന്നീട് ബലവും ഏകീകരണവും ഉണ്ടാകുമ്പോള്‍ അവര്‍ക്ക് ഒരു താങ്ങുമില്ലാതെ അത് ചെയ്യാനാകും. കുട്ടിക്ക് താങ്ങില്ലാതെ ഇരിക്കാനോ നില്‍ക്കാനോ കഴിയുന്നില്ലെങ്കില്‍ അത് സെറിബ്രല്‍ പാള്‍സിയുടെ ലക്ഷണമാകാം. 
 •  സ്ഥൂല ചലന ശേഷി : ഒന്നിലേറെ അവയവങ്ങളും പേശീവ്യൂഹങ്ങളും ഉപയോഗീച്ച് ഏകീകൃതമായി വലിയ ചലനങ്ങള്‍ നടത്താനുള്ള ശേഷിയേയാണ് സ്ഥൂല ചലന ശേഷി എന്ന് പറയുന്നത്. കുട്ടിയുടെ തലച്ചോറും ശരീരവും വളരുന്നതിന് അനുസരിച്ച് അവര്‍ വളര്‍ച്ചയുടെ ചില നാഴികക്കല്ലുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്രതീക്ഷിക്കുന്നതിലും വൈകി ഈ ഘട്ടത്തിലെത്തുന്നതോ എത്തിയാലും ദുര്‍ബലമായ ചലനമാണെങ്കിലോ (ഉദാഹരണത്തിന്, ഇഴയുമ്പോള്‍ ഒരു വശത്തേക്ക് ചരിയുക, താങ്ങില്ലാതെ നടക്കാന്‍ കഴിയാതിരിക്കുക) എന്നിവ സെറിബ്രല്‍ പാള്‍സിയുടെ ലക്ഷണങ്ങളാകാം. 
 • സൂക്ഷ്മ ചലന ശേഷി : ഏകീകൃതമായ കൃത്യതയുള്ള പേശീചലനങ്ങള്‍ക്കുള്ള ശേഷിയെ സൂക്ഷ്മ ചലന ശേഷിയെന്ന് പറയുന്നു. പറഞ്ഞുകൊടുക്കുന്നതിന് അനുസരിച്ച് ചെയ്യുന്ന പല പ്രവര്‍ത്തികളും സൂക്ഷ ചലന ശേഷിയില്‍ ഉള്‍പ്പെടും. ഇതില്‍ മാനസികവും ( ആസൂത്രണവും യുക്തിയും), ശാരീരികവും (ഏകീകരണവും സംവേദനവും ) ആയ കഴിവുകള്‍ അടങ്ങിയിരിക്കുന്നു. കുട്ടി വളരുമ്പോള്‍ സാധാരണമായ സൂക്ഷ്മ ചലന ശേഷിയുടെ ഓരോരോ ഘട്ടങ്ങളില്‍ എത്തിച്ചേരുന്നു. സൂക്ഷ്മ ചലനശേഷിയിലെ തകരാറോ താമസമോ സെറിബ്രല്‍ പാള്‍സിയുടെ ലക്ഷണമാകാം. 
 • വായയുടെയും മുഖപേശികളുടേയും ചലന ശേഷി : സംസാരിക്കുന്നതിനും ആഹാരം കഴിക്കുന്നതിനും കുടിക്കുന്നതിനും വേണ്ടി ചുണ്ടുകളും നാവും താടിയെല്ലുകളും ഉപയോഗിക്കാന്‍ കഴിയുന്നത് ശരിയായ മുഖപേശീ ചലനശേഷി മൂലമാണ്. സെറിബ്രല്‍ പാള്‍സിയുള്ള കുട്ടിക്ക് ഈ പറഞ്ഞ ശേഷിയില്‍ തകരാറുണ്ടായിരിക്കും. ഇതുമൂലം സംസാരിക്കാനും ഭക്ഷണം കഴിക്കാനും ചവയ്ക്കാനും വിഴുങ്ങാനും പ്രയാസമുണ്ടാകും. ഈ തകരാറ് ശ്വസനത്തേയും ഉച്ചാരണത്തേയും ശബ്ദത്തേയും ബാധിക്കാം. അപ്രാക്സിയയും ഡിസാര്‍ത്തിയയും പോലുള്ള നാഡീസംബന്ധമായ സംസാര വൈകല്യങ്ങള്‍ സെറിബ്രല്‍ പാള്‍സി മൂലം ഉണ്ടാകും. 
 

Q

സെറിബ്രല്‍ പാള്‍സിയുടെ ലക്ഷണങ്ങള്‍

A

 
സെറിബ്രല്‍ പാള്‍സിയുടെ ലക്ഷണങ്ങള്‍ കുട്ടിയുടെ ജീവിതത്തിന്‍റെ ആദ്യത്തെ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ കാണപ്പെടും. സെറിബ്രല്‍ പാള്‍സി ഓരോ കുട്ടിയിലും വ്യത്യസ്ത ശരീര ഭാഗങ്ങളെ ബാധിക്കുകയും കാഠിന്യത്തില്‍ വ്യത്യസ്തമായിരിക്കുകയും ചെയ്യാം. കൂടാതെ ചില കുട്ടികള്‍ക്ക് നിസാര പ്രശ്നങ്ങളായിരിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് ഗുരുതരമായ വൈകല്യങ്ങള്‍ ഉണ്ടായേക്കാം. കുട്ടി ഇഴയുക, എഴുന്നേറ്റിരിക്കുക, നടക്കുക, സംസാരിക്കുക മുതലായ  പ്രധാന വളര്‍ച്ചാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് സാധാരണയിലും പതുക്കെയായേക്കാം. 
തൊണ്ടതടയല്‍, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, സാധനങ്ങള്‍ മുറുകെ പിടിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, താങ്ങില്ലാതെ ഇരിക്കാനോ നില്‍ക്കാനോ കഴിയാതിരിക്കല്‍, കേള്‍വിക്കുറവ്, ചില ശരീര ഭാഗങ്ങളില്‍ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് അറിയാനായി മാതാപിതാക്കള്‍ കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതാണ്.  
 

Q

സെറിബ്രല്‍ പാള്‍സിക്ക് കാരണമാകുന്നത് എന്ത് ?

A

 
സെറിബ്രല്‍ പാള്‍സിയുടെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്. ഗര്‍ഭകാലത്തോ ജനന സമയത്തോ മൂന്നു വയസിനുള്ളിലോ തലച്ചോറിന് ഉണ്ടാകുന്ന തകരാറ് സെറിബ്രല്‍ പാള്‍ക്ക് കാരണമാകുന്നതായി നീരീക്ഷിക്കപ്പെടുന്നു. സെറിബ്രല്‍ പാള്‍സിയുള്ള കുട്ടികളില്‍ 70 ശതമാനം പേര്‍ക്കും ഈ തകരാറുണ്ടായതിന്  കാരണം ഗര്‍ഭത്തിലായിരിക്കുമ്പോള്‍ തലച്ചോറിനുണ്ടായ തകരാറാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തലച്ചോറിനുണ്ടാകുന്ന തകരാറിന്‍റെ കാഠിന്യവും സ്വഭാവവുമാണ് കുട്ടിയുടെ ചലന ശേഷിയേയും ബുദ്ധി ശക്തിയേയും  അത് എത്രമാത്രം ബാധിക്കുമെന്ന് നിശ്ചയിക്കുന്നത്.
 
തലച്ചോറിനുണ്ടാകുന്ന ക്ഷതത്തിനുള്ള കാരങ്ങളില്‍ ചിലത് താഴെപറയുന്നു
 •  ഗര്‍ഭകാലത്തെ അണുബാധ : ഇത് ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ന്നുകൊണ്ടിരിക്കുന്ന നാഡീവ്യൂഹത്തെ തകരാറിലാക്കിയേക്കാം. ജനിതക പ്രശ്നങ്ങള്‍, പ്രസവ സമയത്തെ അണുബാധ അല്ലെങ്കില്‍ മറ്റു പ്രശ്നങ്ങള്‍ എന്നിവയും സെറിബ്രല്‍ പാള്‍സിക്ക് കാരണമാകാം.
 •  അകാല പ്രസവം : ആന്തരിക രക്തസ്രാവം ഉണ്ടെങ്കില്‍ അത് തലച്ചോറിന് തകരാറുണ്ടാക്കും. മറ്റൊരു സാധ്യത മഞ്ഞപ്പിത്തമാണ്. രക്തത്തിലെ ബില്‍റൂബിന്‍റെ അളവ് വര്‍ദ്ധിക്കുന്നതുകൊണ്ടാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. സാധാരണ കരള്‍ ബില്‍റൂബിനെ അരിച്ച് നീക്കുകയാണ് പതിവ്. നവജാത ശിശുവിന്‍റെ കരളിന് ഫലപ്രദമായി ബില്‍റൂബില്‍ അരിച്ചുനീക്കി തുടങ്ങാന്‍ കുറച്ചു ദിവസങ്ങള്‍ വേണ്ടി വരും, അതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ജനിച്ച് കുറച്ചു ദിവസത്തേക്ക് മഞ്ഞപ്പിത്തം ഉണ്ടാകുക എന്നത് സാധാരണമാണ്. മഞ്ഞപ്പിത്തം ചികിത്സിക്കാന്‍ പ്രകാശ ചികിത്സ (ഫോട്ടോ / ലൈറ്റ് തെറാപ്പി) പ്രയോഗിക്കുന്നു. എന്നാല്‍ ചില അപൂര്‍വം കേസുകളില്‍ ഗുരുതരമായ, ചികിത്സിക്കപ്പെടാത്ത മഞ്ഞപ്പിത്തം തലച്ചോറിന്‍റെ കോശങ്ങളെ തകരാറിലാക്കുന്നു. 
 •  ശൈശവത്തിന്‍റെ ആദ്യ വര്‍ഷങ്ങള്‍ : ഗുരുതരമായ രോഗങ്ങള്‍, മുറിവ്, തലച്ചോറിലേക്ക് ഓക്സിജന്‍ കിട്ടാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ തലച്ചോറിലെ കോശങ്ങളെ തകരാറിലാക്കിയേക്കാം.
 
 

Q

സെറിബ്രല്‍ പാള്‍സി എങ്ങനെ കണ്ടെത്തും ?

A

 
സെറിബ്രല്‍ പാള്‍സി കണ്ടെത്താന്‍ നിര്‍ണായകമായ പരിശോധനകളൊന്നും ഇല്ല. രോഗം കണ്ടെത്തല്‍  പ്രധാനമായും കുട്ടിയുടെ ചികിത്സാ ചരിത്രത്തിന്‍റേയും ശാരീരിക പരിശോധനകളുടേയും അടിസ്ഥാനത്തിലാണ് നടക്കുന്നത്. കുട്ടിക്ക് വേണ്ട ചികിത്സയും പിന്തുണയും ലഭ്യമാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും വിധം നേരത്തേയുള്ള രോഗനിര്‍ണയമാണ് നല്ലതെങ്കിലും ഈ തകരാറു കണ്ടെത്താന്‍ പ്രയാസമായതിനാല്‍ രോഗനിര്‍ണയം വൈകിയും നടക്കാറുണ്ട്. കുഞ്ഞുങ്ങള്‍ക്ക്  ആദ്യവര്‍ഷങ്ങളില്‍ രോഗലക്ഷണങ്ങളില്‍ മാറ്റം വരുംവിധം എന്തെങ്കിലും ശാരീരീകാസുഖം ബാധിച്ചിട്ടുണ്ടെങ്കിലും സെറിബ്രല്‍ പാള്‍സി കണ്ടെത്താന്‍ കൂടുതല്‍ സമയമെടുക്കും. കടുത്ത സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികളിലാണ് ഇത് കണ്ടെത്താന്‍ എളുപ്പം, ഇവരില്‍ ആദ്യ മാസത്തിനുള്ളില്‍ തന്നെ മിക്കവാറും രോഗം കണ്ടെത്തിയേക്കാം. ചിലരില്‍ ആദ്യവര്‍ഷത്തിനുള്ളില്‍ ഈ അസുഖം കണ്ടെത്തപ്പെടുമ്പോള്‍ അത്ര ഗുരുതരമല്ലാത്ത അവസ്ഥയിലുള്ളവരില്‍ 3-4 വയസുവരെ ഇത് കണ്ടെത്തിയില്ലെന്നുമിരിക്കും. 
കുട്ടിയുടെ മാസങ്ങളോ വര്‍ഷങ്ങളോ എടുത്ത് വികസിക്കുന്ന അനൈച്ഛിക പ്രതികരണം, പേശീ ബലം, നില്‍പ്പുമിരിപ്പും, പേശീചലനങ്ങളുടെ ഏകോപനം തുടങ്ങിയ കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ പരിശോധിക്കും. പ്രഥമിക ചികിത്സകര്‍ക്ക് വിദഗ്ദ്ധരുടെ ഉപദേശം തേടേണ്ടി വരും. അല്ലെങ്കില്‍ തലച്ചോറിന്‍റെ രൂപം ലഭ്യമാക്കുന്ന എംആര്‍ഐ (മാഗ്നറ്റിക് റിസോണന്‍സ് ഇമേജിംഗ്), ക്രാനിയല്‍ അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ സി റ്റി സ്കാന്‍  മുതലായ പരിശോധനകള്‍ നിര്‍ദ്ദേശിക്കേണ്ടി വരും. 
അകാലത്തില്‍ പിറന്ന കുട്ടിയാണെങ്കില്‍ നേരത്തേതന്നെ എം ആര്‍ ഐ സ്കാന്‍ നടത്തിയാല്‍ തലച്ചോറിന് ക്ഷതമുണ്ടോയെന്ന് കണ്ടെത്താനായേക്കുമെങ്കിലും അതുണ്ടാക്കുന്ന ആഘാതം എത്രത്തോളമെന്ന് പ്രവചിക്കാന്‍ അപ്പോള്‍ കഴിഞ്ഞേക്കില്ല. കുട്ടിക്ക് സെറിബ്രല്‍ പാള്‍സി വരാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയാണെങ്കില്‍ ഒരു മാസം കഴിഞ്ഞാല്‍ തന്നെ ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ ആരംഭിക്കാം. 
പരിശോധനകളും സ്കാനിംങ്ങും
സെറിബ്രല്‍ പാള്‍സിക്ക് സമാനമായ ലക്ഷണങ്ങളുള്ള മറ്റ് അസുഖങ്ങളല്ലെന്ന് ഉറപ്പാക്കാന്‍ ഇനി പറയുന്ന കൂടുതല്‍ പരിശോധനകള്‍ നടത്താവുന്നതാണ്.  
 •  എം ആര്‍ ഐ സ്കാന്‍ : തലച്ചോറിനെ പഠിക്കാന്‍ റേഡിയോ തരംഗങ്ങളും കാന്തിക തരംഗങ്ങളും ഉപയോഗിക്കുന്നു. 
 • അള്‍ട്രാസൗണ്ട് സ്കാന്‍ : കുട്ടിയുടെ മസ്തിഷ്ക കലകളുടെ ചിത്രം ഉണ്ടാക്കാന്‍ ശബ്ദതരംഗങ്ങള്‍  ഉപയോഗിക്കുന്നു. 
 •  സി ടി സ്കാന്‍ : തലച്ചോറിന്‍റെ 3- ഡി ചിത്രം തയ്യാറാക്കാന്‍ ഒരു കൂട്ടം എക്സ്-റേ ചിത്രങ്ങളെ കംപ്യൂട്ടറില്‍ ഏകോപിപ്പിക്കുന്നു. 
 •  ഇലക്ട്രോഎന്‍സെഫാലോഗ്രാം (ഇ ഇ ജി ) : തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി തലയില്‍ ചെറിയ ഇലക്ട്രോഡുകള്‍ ഘടിപ്പിക്കുന്നു. 
 •  ഇലക്ട്രോമയോഗ്രാം : പേശീപ്രവര്‍ത്തനങ്ങളും പാര്‍ശ്വനാഡികളുടെ (തലച്ചോറില്‍ നിന്നും സുഷ്മ്നാ നാഡിയില്‍ നിന്നും മറ്റ് ശരീരഭാഗങ്ങളിലേക്ക് പോകുന്ന ഞരമ്പുകള്‍ ) പ്രവര്‍ത്തനവും പരിശോധിക്കുന്നു. 
 •  രക്തപരിശോധന.

Q

സെറിബ്രല്‍ പാള്‍സിക്കുള്ള ചികിത്സ

A

 
കുട്ടി സ്വാഭാവികമായ വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തിലെക്ക് എത്തിയിട്ടില്ല എന്ന് ആദ്യം ശ്രദ്ധിക്കുന്നത് മാതാപിതാക്കളായിരിക്കും. ഏതെങ്കിലും വളര്‍ച്ചാ ഘട്ടം താമസിക്കുകയാണെങ്കില്‍ കുട്ടി കാര്യങ്ങള്‍ വൈകിതുടങ്ങുന്ന പ്രകൃതമാണെന്നും  ക്രമേണ എല്ലാം പഠിക്കുമെന്നും മാതാപിതാക്കള്‍ വിചാരിച്ചേക്കാം. എന്നാല്‍ ഇത്തരത്തിലുള്ള വൈകലിനെക്കുറിച്ച് ശിശുരോഗ ചികിത്സകനെ അറിയിക്കേണ്ടതാണ്. 
സെറിബ്രല്‍ പാള്‍സിക്ക് പരിഹാരം ഇല്ലെങ്കിലും അതിന്‍റെ ലക്ഷണങ്ങള്‍ക്ക് വിവിധ ചികിത്സകള്‍ ലഭ്യമാണ്. സെറിബ്രല്‍ പാള്‍സിയുടെ തരത്തിലും  സ്ഥാനത്തിലും തകരാറിന്‍റെ കാഠിന്യത്തിലും വ്യത്യാസം ഉള്ളതിനാല്‍ വിദഗ്ധ ചികിത്സകരുടെ ഒരു സംഘം ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് സെറിബ്രല്‍ പാള്‍സിയുള്ള കുട്ടികള്‍ക്കായി സമഗ്രമായ ചികിത്സാ പദ്ധതി തയ്യാറാക്കുന്നത്. ശിശുരോഗവിദഗ്ധന്‍, ഫിസിയോതെറാപ്പിസ്റ്റ്, ഓര്‍ത്തോറ്റിസ്റ്റ് (ബലക്കുറവുള്ള സന്ധികള്‍ക്ക് താങ്ങുകൊടുക്കാനും വൈകല്യങ്ങള്‍ പരിഹരിക്കാനും ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിദഗ്ധര്‍), സ്പീച്ച് ആന്‍റ് ലാംഗ്വേജ് തെറാപ്പിസ്റ്റ് (സംസാരത്തിലേയും ഭാഷയിലേയും തകരാറുകള്‍ക്ക് ചികിത്സിക്കുന്ന വിദഗ്ധന്‍), ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് (ദൈനംദിന പ്രവര്‍ത്തികള്‍ സംബന്ധിച്ച് ചികിത്സ നല്‍കുന്നയാള്‍), ഭിന്നശേഷിയുള്ളവരെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍, മനഃശാസ്ത്രജ്ഞര്‍ തുടങ്ങിയവരെല്ലാം ഒരുമിച്ച് പ്രവര്‍ത്തിച്ച് കുട്ടിയെ രോഗലക്ഷണങ്ങള്‍ കൈകാര്യം ചെയ്യാനും കഴിയുന്നത്ര സ്വയംപര്യാപ്തത നേടാനും സഹായിക്കുന്നു. 
 •  ഫിസിയോതെറാപ്പി :  സാധാരണയായി കുട്ടിക്ക് സെറിബ്രല്‍ പാള്‍സി കണ്ടെത്തുന്ന സമയത്ത് ആരംഭിക്കുന്നു. പേശികള്‍ക്ക് ബലക്കുറവുണ്ടാകുന്നതും പേശികള്‍ ചുരുങ്ങുന്നതും അവയുടെ സാധാരണ ചലന വ്യാപ്തി നഷ്ടപ്പെടുന്നതും തടയുകയാണ് ഫിസിയോതെറാപ്പിയുടെ ലക്ഷ്യം. ഒരു ഫിസിയോതെറാപ്പിസ്റ്റ് നിങ്ങളുടെ കുട്ടിയെ പേശീകള്‍ ബലപ്പെടുത്താനും നീട്ടാനുമുള്ള വിവിധ വ്യായാമങ്ങള്‍ പഠിപ്പിക്കും. പേശികള്‍ നീട്ടാനും ഇരുപ്പും നില്‍പ്പും മെച്ചപ്പെടുത്താനും കൈയ്ക്കോ കാലിനോ ഉള്ള പ്രത്യേക താങ്ങുകളും (ഓര്‍ത്തോസ്) ഇവര്‍ ഉപയോഗിച്ചേയ്ക്കും. 
 •  സംസാര ചികിത്സ (സ്പീച്ച് തെറാപ്പി) : കുട്ടികളെ അവരുടെ ആശയവിനിമയശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കുട്ടികളെ വ്യക്തമായി സംസാരിക്കാന്‍ സഹായിക്കുന്ന ഒരു കൂട്ടം വ്യയാമങ്ങള്‍ പഠിപ്പിക്കുന്നു. ഗുരുതരമായ സംസാരവൈകല്യം ഉണ്ടെങ്കില്‍ ആംഗ്യഭാഷപോലുള്ള ബദല്‍ ആശയവിനിമയ മാര്‍ഗങ്ങള്‍ പഠിപ്പിക്കുന്നു. കുട്ടിയെ ആശയവിനിമയത്തിന് സഹായിക്കാന്‍ കംപ്യൂട്ടറുമായി ഘടിപ്പിക്കപ്പെട്ട 'വോയ്സ് സിന്തസൈസര്‍' പോലുള്ള പ്രത്യേക ഉപകരണങ്ങളും ലഭ്യമാണ്. 
 •  ഒക്കുപേഷണല്‍ തെറാപ്പി (ദൈനംദിന പ്രവര്‍ത്തികള്‍ സംബന്ധിച്ച് ചികിത്സ ) : ഈ ചികിത്സ നടത്തുന്നയാള്‍ കുട്ടിക്ക് ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിലുള്ള പ്രയാസങ്ങള്‍ കണ്ടെത്തുകയും കക്കൂസില്‍ പോകുക, വസ്ത്രം ധരിക്കുക, ഭക്ഷണം കഴിക്കുക പോലെ ചലനം ആവശ്യമുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് സാധ്യമായ ഏറ്റവും മികച്ച മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഒക്കുപേഷണല്‍തെറാപ്പി നിങ്ങളുടെ കുട്ടിയുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കാനും അവരെ സ്വാശ്രയരാക്കാനും അങ്ങേയറ്റം ഗുണകരമായ ചികിത്സാരീതിയാണ്, പ്രത്യേകിച്ച് അവര്‍ മുതിര്‍ന്ന കുട്ടികളാകുമ്പോള്‍. 
 • പ്ലേ തെറാപ്പി (കളികള്‍ ഉപയോഗിച്ചുള്ള ചികിത്സ) : കളിച്ച് രസിക്കുന്നതിലൂടെ കുട്ടികളുടെ വൈകാരികാവസ്ഥയില്‍ വളരെ ഗുണകരമായ മാറ്റം കൊണ്ടുവരാന്‍ സഹായിക്കുന്ന നൂതനമായ ഒരു ചികിത്സാ സമ്പ്രദായമാണ് പ്ലേ തെറാപ്പി. ഇത് കുട്ടികള്‍ക്ക് മറ്റുള്ളവരുമായി ഇടപഴകേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാനും ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും അവസരം നല്‍കുന്ന മനശാസ്ത്രപരവും വൈദ്യശാസ്ത്രപരവുമായ ഇടപെടലാണ്. പ്ലേ തെറാപ്പിയില്‍ സുരക്ഷിതവും സഹായകരവുമായ ഒരു സാഹചര്യത്തിലുള്ള കുട്ടിയുടെ ശാരീരികമായ ശേഷികള്‍, ധാരണാശേഷി, വൈകാരികമായ ആവശ്യങ്ങള്‍ തുടങ്ങിയവ  ഉള്‍പ്പെടുന്നു. പ്ലേ തെറാപ്പി പലപ്പോഴും കുട്ടി ചെറുതായിരിക്കുമ്പോള്‍  (0-2 വയസ്)ആണ് നടത്തുന്നത്. എന്നാല്‍ കൗമാരപ്രായത്തില്‍ അതിയായ സമ്മര്‍ദ്ദം ഉണ്ടാകുകയും കൂട്ടുകാരാല്‍ അംഗീകരിക്കപ്പെടുക എന്നത് നിര്‍ണായകമാകുകയും ചെയ്യുന്ന ഘട്ടത്തിലും ഇത് ചെയ്യാവുന്നതാണ്. എത്ര നേരത്തേ പ്ലേ തെറാപ്പി നിര്‍ദ്ദേശിക്കപ്പെടുന്നുവോ അത്രയും നേരത്തേ കുട്ടിക്ക് അതില്‍നിന്നും ഗുണമുണ്ടാകും. നേരത്തേയുള്ള ഇടപെടലിലൂടെ കുട്ടിക്ക് താന്‍ പഠിച്ച പെരുമാറ്റങ്ങള്‍ മറ്റു കുട്ടികളുമായും കൂട്ടുകാരുമായും കുടുംബാംഗങ്ങളുമായുമുള്ള ഇടപഴകലുകളില്‍ പ്രയോഗിക്കാനുള്ള സാധ്യതയും വളരയേറെ വര്‍ദ്ധിക്കും.
 •  കൗണ്‍സിലിംഗ് : ഒരു കൗണ്‍സിലര്‍ക്ക് അല്ലെങ്കില്‍ മനഃശാസ്ത്രജ്ഞന് കുട്ടിയേയും കുട്ടിയുടെ കുടുംബത്തേയും ഈ അവസ്ഥയെ വിജയകരമായ അഭിമുഖീകരിക്കുന്നതിനും ആവശ്യമായ സേവനങ്ങള്‍ കൈവരിക്കുന്നതിനും സഹായിക്കാനാകും. 
 •  പ്രത്യേകമായി രൂപപ്പെടുത്തിയ വിദ്യാഭ്യാസ പരിപാടികള്‍ : പഠനവൈകല്യമോ മാനസികവൈകല്യമോ ഉള്ള കുട്ടികളെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്നു.

Q

സെറിബ്രല്‍ പാള്‍സിയുള്ള കുട്ടിയെ പരിചരിക്കല്‍

A

 
ഒരു കുഞ്ഞ് പിറക്കുന്ന സമയം മാതാപിതാക്കളുടെ ജീവിതത്തില്‍ പ്രത്യാശയും ആകാംഷയും സന്തോഷവും നിറയ്ക്കപ്പെടുന്ന കാലമാണ്. എന്നാല്‍ ആ കുട്ടിക്ക് സെറിബ്രല്‍ പാള്‍സിയുണ്ട് എന്ന് മാതാപിതാക്കള്‍ അറിയുന്നതോടെ അവര്‍ തകര്‍ന്നുപോകുന്നു. അതോടെ ഭാവിയെക്കുറിച്ചുള്ള മാതാപിതാക്കളുടെ കാഴ്ചപ്പാട് ആകെ മാറിപ്പോകുകയും ചെയ്യുന്നു. ഒരു പക്ഷെ കുറച്ച് സമയം എടുത്തേക്കാം, എന്നിരുന്നാലും അവര്‍ അപ്രതീക്ഷിതമായ ഈ സാഹചര്യത്തെ വിജയകരമായി അഭിമുഖീകരിക്കാനും അടുത്ത ചുവടുവെയ്ക്കാനും പഠിക്കേണ്ടതുണ്ട്. ഇക്കൂട്ടത്തില്‍ ആദ്യത്തേത് എത്രയും നേരത്തേയുള്ള ഇടപെടലിനും ആവശ്യമായ ചികിത്സ നേടുന്നതിനും സഹായകരമാകുന്ന തരത്തില്‍ കുട്ടിയുടെ അവസ്ഥയെക്കുറിച്ച് വ്യക്തമായി മനസിലാക്കുക എന്നതാണ്. 
സെറിബ്രല്‍ പാള്‍സിയുള്ള ഒരു കുട്ടിയെ പരിചരിക്കുക എന്നതും ജീവിതത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതും വളരെ പ്രയാസമുള്ളതും അത്യധികമായ പ്രയത്നം ആവശ്യമുള്ളതുമായ കാര്യമാണ്, എന്നാല്‍ അതില്‍ നിങ്ങള്‍ക്ക് ഒരു പ്രതീക്ഷ പുലര്‍ത്തുകയും ചെയ്യാം. നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയുടെ ഏറ്റവും മികച്ച വക്താവും പിന്തുണയും ആകാന്‍ കഴിയും. സെറിബ്രല്‍ പാള്‍സിയെക്കുറിച്ചുള്ള അറിവ്  നിങ്ങളെ സാധ്യമായ എല്ലാ വഴിക്കും കുട്ടിയെ സഹായിക്കാന്‍ തയ്യാറാകുന്ന തരത്തിലേക്ക്  ആക്കിതീര്‍ക്കും. നിങ്ങള്‍ക്ക് നിങ്ങള്‍ പഠിച്ച കാര്യങ്ങളും നിങ്ങളുടെ അനുഭവങ്ങളും പങ്കുവെയ്ക്കാന്‍ സാധിക്കുന്ന ഒരു സഹായക സംഘത്തില്‍ പങ്കാളിയാകുകയും  മറ്റ് മാതാപിതാക്കളില്‍ നിന്ന് അവരുടെ അനുഭവങ്ങള്‍ മനസിലാക്കി പഠിക്കുകയും ചെയ്യുക എന്നതും സഹായകരമാകും.     

സെറിബ്രല്‍ പാള്‍സിയുള്ളവര്‍ക്ക് ജീവിത വിജയം നേടുന്നതിനുള്ള സാധ്യതകള്‍ പരമാവധി വര്‍ധിപ്പിക്കുക

സെറിബ്രല്‍ പാള്‍സി മെച്ചപ്പെടാത്തതും  നിലവില്‍ ചികിത്സയില്ലാത്തതുമായ ഒരു അവസ്ഥയാണ്. എന്നിരുന്നാലും സെറിബ്രല്‍ പാള്‍സിയുള്ള വ്യക്തികള്‍  അവരുടെ കഴിവുകള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും തങ്ങളുടെ ജീവിതാഭിലാഷങ്ങള്‍ എങ്ങനെ സാക്ഷാത്ക്കരിക്കാമെന്നും പഠിക്കുകയും ജീവിതത്തില്‍ നിരവധി വെല്ലുവിളികളെ സധൈര്യം നേരിട്ട് വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. സെറിബ്രല്‍ പാള്‍സിയുള്ള വ്യക്തികള്‍ക്ക് അവരുടെ പഠനപ്രവര്‍ത്തനങ്ങളും  വിനോദവൃത്തികളും താല്‍പര്യമുളള കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിനും കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും  സഹായിക്കുന്നതിനായി ഇപ്പോള്‍ നിരവധി ബദല്‍ മാര്‍ഗങ്ങളും പുരധിവാസ, സംരക്ഷണ, സഹായക പദ്ധതികളും ഉപകരണങ്ങളും മറ്റുമുണ്ട്. സെറിബ്രല്‍ പാള്‍സിയുള്ള കുട്ടികള്‍ ആദ്യത്തെ വിലയിരുത്തലുകള്‍ക്കും വളരെ അപ്പുറം പോകും എന്നതിന് തെളിവുകളുണ്ട്. നടക്കാന്‍ കഴിവില്ലാത്തത് എന്ന് രോഗപരിശോധനയില്‍ കണ്ടെത്തപ്പെട്ട ഒരു കുട്ടി, അല്ലെങ്കില്‍  നടക്കാന്‍ പഠിച്ചിട്ടില്ലാത്ത ഒരു കുട്ടി പര്‍വ്വതാരോഹണം വരെ നടത്തയിട്ടുണ്ട്. ഒരിക്കലും ആശയവിനിമയം നടത്തില്ലെന്ന് കരുതിയിരുന്ന മറ്റു ചിലരാകട്ടെ പുസ്തകങ്ങള്‍ എഴുതുകയും വലിയ വലിയ അറിവുകള്‍ അവതരിപ്പിച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയും ചെയ്തിട്ടുണ്ട്.
മാതാപിതാക്കള്‍ക്ക് ഈ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടൊരു പങ്കുവഹിക്കാനാകും. ഒരു മികച്ച ജീവിതം നയിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തില്‍  അവര്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ പിന്തുടരുന്നതിനും സുപ്രധാന ജീവിതശേഷി കൈവരിക്കുന്നതിനും മാതാപിതാക്കള്‍ക്ക് അവരെ സഹായിക്കാനാകും. 
 

Q

സെറിബ്രല്‍ പാള്‍സി വിവിധ തരം

A

 
സെറിബ്രല്‍ പാള്‍സി നാല് തരമുണ്ട്.
 •  പക്ഷാഘാത സെറിബ്രല്‍ പാള്‍സി (സ്പാസ്റ്റിക്ക് സെറിബ്രല്‍ പാള്‍സി) : സെറിബ്രല്‍ പാള്‍സിയില്‍ വളരെ സാധാരണമായതും വളരെയധിക കുട്ടികളെ ബാധിച്ചിട്ടുള്ളതുമായ  ഒരു തരമാണിത്. ഈ വിഭാഗത്തിലുള്ള സെറിബ്രല്‍ പാള്‍സിയുടെ അവസ്ഥ കാഠിന്യം കുറഞ്ഞതോ ഗുരുതരമോ ആകാം.  സ്പാസ്റ്റിക് സെറിബ്രല്‍ പാള്‍സിക്ക് നാല് ഉപ വിഭാഗങ്ങളും ഉണ്ട്. 
 • ഹെമിപ്ലീജിയ (കോട്ടുവാതം) : ഒരു വശത്തെ കൈകാലുകളെ ബാധിക്കുന്നു. സാധാരണയായി കൈയ്ക്കാണ് ഇത് കൂടുതലായി ബാധിച്ചു കാണുന്നത്. 
 •  പാരാപ്ലീജിയ (തളര്‍വാതം)  : രണ്ടുകാലുകളേയും ബാധിക്കുന്നു. കൈകളെ ബാധിക്കാറില്ല, അല്ലെങ്കില്‍ വളരെ ചെറുതായേ ബാധിക്കാറുള്ളു.
 • ക്വാഡ്രിപ്ലീജിയ അല്ലെങ്കില്‍ ടെട്രാപ്ലീജിയ : എല്ലാ കൈകാലുകളേയും (തളര്‍ച്ച)  ഒരുപോലെ ബാധിക്കുന്നു. 
 •  ഡിപ്ലീജിയ : പാരാപ്ലീജിയയ്ക്കും ക്വാഡ്രിപ്ലീജിയയ്ക്കും ഇടയിലുള്ള ഒരു അവസ്ഥ.  രണ്ടുകാലുകളുടേയും ചലനശേഷിയെ ബാധിക്കുന്നു.
 •  എതിറ്റോയ്ഡ് അല്ലെങ്കില്‍ ഡിസ്കൈനെറ്റിക് സെറിബ്രല്‍ പാള്‍സി : പേശികളുടെ ബലക്കുറവ്, മന്ദഗതിയിലും വളഞ്ഞുപുളഞ്ഞുമുള്ള നീക്കങ്ങള്‍, കൈകാലുകളുടേയോ തലയുടേയോ മനഃപൂര്‍വ്വമല്ലാത്ത അനക്കം എന്നിവയാണ് ഈ തരം സെറിബ്രല്‍ പാള്‍സി ബാധിച്ചവരില്‍ കാണപ്പെടുക. ചലനങ്ങള്‍ മാനസിക പിരിമുറുക്കം ഉണ്ടാകുന്നതിന് അനുസരിച്ച് വര്‍ദ്ധിക്കുകയും വ്യക്തി വിശ്രമത്തിലായിരിക്കുമ്പോള്‍ കുറയുകയും ചെയ്യുന്നു. 
 •  അറ്റാക്സിക് സെറിബ്രല്‍ പാള്‍സി : ഇത് അപൂവമായി മാത്രം ഉണ്ടാകുന്നതാണ്. ബലക്ഷയം, ഏകോപിതമല്ലാത്ത ചലനങ്ങള്‍, ഉറപ്പില്ലായ്മ എന്നിവയാണ് ഇതിന്‍റെ ഫലമായി കാണപ്പെടുന്നത്. കാലുകള്‍ കവച്ചുവെച്ചു നടക്കലും സൂക്ഷ്മചലനശേഷിയിലെ ബുദ്ധിമുട്ടും സാധാരണമാണ്.   
 •  സെറിബ്രല്‍ പാള്‍സികളുടെ മിശ്രിതാവസ്ഥ : വിവിധ തരം സെറിബ്രല്‍ പാള്‍സികള്‍ കൂടിക്കലര്‍ന്ന ഒരു രൂപമാണ് ഇത്. എന്നിരുന്നാലും പക്ഷാഘാതവും മനപ്പൂര്‍വ്വമല്ലാതെയുള്ള വളഞ്ഞുപുളഞ്ഞ ചലനങ്ങളും ചേര്‍ന്നു വരുന്നതാണ് ഈ വിഭാഗത്തില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്നത്. 
 

White Swan Foundation
malayalam.whiteswanfoundation.org