തകരാറുകൾ

വിഷാദരോഗം

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് വിഷാദ രോഗം ?

A

നിങ്ങളുടെ ഒരു സുഹൃത്ത് അല്ലെങ്കില്‍ ബന്ധു എന്തുകൊണ്ടാണ് ഒരു പാട് നേരം ദുഃഖിതരും ക്ഷീണിതരും മറ്റുമായി കാണപ്പെടുന്നത് എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ അമ്പരന്നിട്ടുണ്ടോ? ഈ വ്യക്തി ഒന്നും മിണ്ടാതിരിക്കുന്നതോ ദൈനംദിന കാര്യങ്ങളില്‍ ഇയാള്‍ക്ക് താല്‍പര്യം നഷ്ടപ്പെട്ടിരിക്കുന്നതോ യഥാസമയം ഭക്ഷണം കഴിക്കാതിരിക്കുന്നതോ ഇടയ്ക്കിടയ്ക്ക് ജോലിക്ക് വരാതിരിക്കുന്നതോ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകാം. ഈ സൂചനകള്‍ വ്യക്തമാക്കുന്നത് ഈ വ്യക്തിക്ക് വിഷാദരോഗം ഉണ്ട് എന്നായേക്കാം. 
വിഷാദരോഗം, ഒരു വ്യക്തിയുടെ ചിന്തകളെ, വികാരങ്ങളെ, പെരുമാറ്റത്തെ, മറ്റുള്ളവരുമായുള്ള ബന്ധങ്ങളെ, ജോലിയിലുള്ള മികവിനെ ബാധിക്കുന്ന ഒരു കൂട്ടം ലക്ഷണങ്ങളോട് കൂടിയ, ചില ഗുരുതരമായ കേസുകളില്‍ ആത്മഹത്യയിലേക്ക് പോലും നയിച്ചേക്കാവുന്ന ഒരു സാധാരണ മാനസിക തകരാറാണ്.  
ചില സന്തോഷകരമല്ലാത്ത സന്ദര്‍ഭങ്ങളില്‍ അല്ലെങ്കില്‍ സംഭവങ്ങളില്‍ ആര്‍ക്കും ദുഃഖമോ അസ്വസ്ഥതയോ ഒക്കെ തോന്നിയേക്കാം. എന്നാല്‍ ആ  വികാരം ദീര്‍ഘനാള്‍ (രണ്ടാഴ്ചയില്‍ അധികം) നിലനില്‍ക്കുന്നു എങ്കില്‍ അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുകയും സാധാരണ ജീവിതത്തേയും ആരോഗ്യത്തേയും തടസപ്പെടുത്തുകയും ചെയ്യുന്നു എങ്കില്‍ അത് ഒരു പക്ഷെ ചികിത്സയാവശ്യമുള്ള വിഷാദരോഗത്തിന്‍റെ സൂചനയായേക്കാം. 
ശ്രദ്ധിക്കുക : 
 •  വിഷാദരോഗം തളര്‍ച്ചയുടേയോ, ബലമില്ലായ്മയുടേയോ അല്ലെങ്കില്‍ മാനസികമായ അസ്ഥിരതയുടേയോ സൂചനയല്ല, അത് പ്രമേഹവും ഹൃദ്രോഗവും പോലെ ഒരു രോഗമാണ്.വിഷാദരോഗം ആരേയും ജീവിതത്തിന്‍റെ ഏത് ഘട്ടത്തില്‍ വെച്ചും ബാധിച്ചേക്കാം. 
 •  വിഷാദരോഗം ചികിത്സിക്കാവുന്നതാണ്.

Q

വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെ?

A

" ഈയിടെയായി എനിക്ക് വിശപ്പ് തോന്നുന്നില്ല. പകല്‍ മുഴുവന്‍ എനിക്ക് ഉറക്കം വരുന്നു, എന്നാല്‍ രാത്രിയില്‍ ഞാന്‍ ഉറക്കം കിട്ടാതെ അസ്വസ്ഥമായ ചിന്തകളുമായി ഉണര്‍ന്നിരിക്കുകയും ചെയ്യുന്നു. എനിക്ക് ജോലി ചെയ്യാനോ ആരെങ്കിലുമായി സംസാരിക്കാനോ താല്‍പര്യമില്ല. ദിവസം മുഴുവന്‍ ഞാന്‍ എന്‍റെ മുറിയില്‍ കഴിച്ചു കൂട്ടുന്നു. ഞാന്‍ ചെയ്യുന്നതെല്ലാം എനിക്ക് തെറ്റായി തോന്നുന്നു. ഞാന്‍ ഒരു വിലയില്ലാത്തവനും ഒന്നിനും കൊള്ളാത്തവനുമാണെന്ന് എനിക്ക് തോന്നുന്നു. എന്നെ ആരും മനസിലാക്കുന്നില്ല..."
ഇത്തരത്തിലുള്ള ചിന്തകള്‍ സൂചിപ്പിക്കുന്നത് ആ വ്യക്തിക്ക് വിഷാദരോഗം ഉണ്ടായിരിക്കാം എന്നാണ്. എങ്ങനെയായാലും വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളും തീവ്രതയും ഓരോ വ്യക്തിയിലും വ്യത്യസ്തമായേക്കാം. അതുപോലെതന്നെ ഒരു വ്യക്തിയില്‍ എല്ലാ ലക്ഷണങ്ങളും  കാണുകയുമില്ല.വിഷാദരോഗം ജീവിതത്തിന്‍റെ എല്ലാ വശങ്ങളേയും ഭാവങ്ങളേയും ബാധിച്ചേക്കാം.
 
ശ്രദ്ധിക്കുക : ഈ ലക്ഷണങ്ങള്‍  ഈ അവസ്ഥയുടെ സാധ്യതയെ സൂചിപ്പിക്കുന്നതിനുള്ള ഒരു വ്യാപകാര്‍ത്ഥത്തിലുള്ള തരംതിരിക്കലാണ്. ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുകയും ശരിയായ രോഗനിര്‍ണയം നടത്തുകയും ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.അത് നിങ്ങളെ ഏതു തരത്തിലുള്ള ചികിത്സയാണ് വേണ്ടത് എന്ന് നിശ്ചയിക്കാന്‍ സഹായിക്കും. 
വിഷാദരോഗത്തിന്‍റെ ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു
 • ന്മിക്കവാറും സമയങ്ങളില്‍ നിരുത്സാഹവും സങ്കടവും അനുഭവപ്പെടുക.
 •  ദൈനംദിന കാര്യങ്ങളില്‍ താല്‍പര്യം നഷ്ടപ്പെടുകയും അവ ചെയ്തുതീര്‍ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും.  ദിവസം  മുഴുവന്‍ ഒരു പ്രസരിപ്പില്ലായ്മ അനുഭവപ്പെടുകയും എളുപ്പത്തില്‍ തളരുകയും ചെയ്യും. മുമ്പ് ഇഷ്ടമുണ്ടായിരുന്ന കാര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയാതെ വരും.
 •  ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും എന്തിലെങ്കിലും ശ്രദ്ധയൂന്നാനും ബുദ്ധിമുട്ട് അനുഭവപ്പെടും (ഉദാഹരണത്തിന് :വിനോദങ്ങളിലേര്‍പ്പെടുക, പഠനത്തില്‍ ശ്രദ്ധിക്കുക).
 •  ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെടുക.
 •  ജീവിതത്തേയും അവനവനേയും ഭാവിയേയും കുറിച്ച് പ്രതികൂലമായ ചിന്തകള്‍ ഉണ്ടാകുക.
 •  വിശപ്പ് ഇല്ലാതാകല്‍ അല്ലെങ്കില്‍ അമിതമായി ഭക്ഷണം കഴിക്കല്‍.
 • കുറ്റബോധം അനുഭവപ്പെടുകയും പഴയ കാല പരാജയങ്ങളുടെ പേരില്‍ സ്വയം കുറ്റപ്പെടുത്തുകയും ചെയ്യല്‍. 
 •  ജോലി ചെയ്യാന്‍ കഴിയാതിരിക്കല്‍ അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് ജോലിക്ക് പോകാതിരിക്കല്‍. 
 •  ഭാവിയെക്കുറിച്ച് പ്രത്യാശയില്ലാതിരിക്കല്‍. 
 •  അസ്വസ്ഥമായ ഉറക്കം അല്ലെങ്കില്‍ ഉറങ്ങാന്‍ കഴിയാതിരിക്കല്‍.
 •  ഇണചേരുന്നതിലും ലൈംഗിക കാര്യങ്ങളിലും താല്‍പര്യക്കുറവ്.
 •  തലവേദന, കഴുത്ത് വേദന, പേശികള്‍ കോച്ചിപ്പിടിക്കല്‍ പോലുള്ള ശരീര വേദനകള്‍ അനുഭവപ്പെടുക.
 •  സ്വയം വേദനിപ്പിക്കുന്നതിനെക്കുറിച്ചോ  ആത്മഹത്യയെ അല്ലെങ്കില്‍ മരണത്തെക്കുറിച്ചോ ഉള്ള ചിന്തകള്‍.
നിങ്ങള്‍ക്ക് അറിയാവുന്ന ആര്‍ക്കെങ്കിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും കാണുകയാണെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ അവരെ പ്രോത്സാഹിപ്പിക്കുക. 

Q

വിഷാദരോഗത്തിന് എന്താണ് കാരണം?

A

ജനിതകമായ ഘടകങ്ങള്‍, ജീവിത സന്ദര്‍ഭങ്ങള്‍, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങള്‍ ഒത്തുചേര്‍ന്നാണ് പലപ്പോഴും വിഷാദരോഗം ഉണ്ടാകുന്നത്. 
 •  മാനസികാരോഗ്യപരമായ തകരാറുകള്‍ : കണ്ടെത്തപ്പെടാതെ കിടക്കുന്ന ഒബ്സസീവ് കമ്പള്‍സീവ് ഡിസ്ഓര്‍ഡര്‍ (ഏതെങ്കിലും കാര്യങ്ങളില്‍ അതീവശ്രദ്ധ ചെലുത്തി നിരന്തരം ചെയ്തുകൊണ്ടിരിക്കല്‍)  സമൂഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലുള്ള ഭീതി (സോഷ്യല്‍ ഫോബിയ),സ്കിസോഫ്രീനിയ തുടങ്ങിയ മനോരോഗങ്ങള്‍ക്കൊപ്പം വിഷാദരോഗം ഉണ്ടായേക്കാം. ഇത്തരം കേസുകളില്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ വിശദമായ വിലിയിരുത്തല്‍ ആവശ്യമാണ്.
 •  ജീവിത സംഘര്‍ഷങ്ങള്‍ : മുതിര്‍ന്നവരില്‍ സാധാരണമായ ജോലിയുമായി ബന്ധപ്പെട്ടുള്ള, വ്യക്തികള്‍ക്കിടയിലുള്ള(കുടുംബാംഗങ്ങള്‍ തമ്മില്‍ അല്ലെങ്കില്‍ ദാമ്പത്യ സംബന്ധമായ) സമ്മര്‍ദ്ദങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവ.
 •  ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ : പ്രമേഹം, തൈറോയ്ഡ് പോലുള്ള നിയന്ത്രിക്കാനാകാത്ത രോഗങ്ങള്‍ ഒരാളെ വിഷാദരോഗത്തിലേക്ക് നയിച്ചേക്കാം. അതിനാല്‍ ഒരു മനോരോഗ വിദഗ്ധനെ കാണുന്നതിനൊപ്പം മുന്‍കാലത്ത് കണ്ടെത്തപ്പെടാത്ത രോഗങ്ങള്‍ വല്ലതും ഉണ്ടോയെന്ന അന്വേഷണം കൂടി നടത്തേണ്ടതാണ്. ഹൃദ്രോഗം, അര്‍ബുദം, എച്ച് ഐ വി തുടങ്ങിയ രോഗങ്ങള്‍ ഉണ്ടായിരിക്കുകയും ആ രോഗങ്ങളെ വിജയകരമായ നേരിടാനോ രോഗം ഉണ്ടെന്ന് സ്വയം സമ്മതിക്കാനോ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നവര്‍ക്ക് വിഷാദരോഗം ഉണ്ടായേക്കാം.  
 •  വ്യക്തിത്വം : വ്യക്തിത്വം  അല്ലെങ്കില്‍ ശരീരപ്രകൃതി  (വളരെ വണ്ണം ഉണ്ടായിരിക്കുക, അല്ലെങ്കില്‍ തീരെ മെലിഞ്ഞിരിക്കുക, വളരെ ഉയരം കൂടിയിരിക്കുക അല്ലെങ്കികില്‍ തീരെ പൊക്കം കുറഞ്ഞിരിക്കുക), പെര്‍ഫെക്ഷനിസം (എല്ലാവരും, എല്ലാ കാര്യങ്ങളും കുറ്റമറ്റതായിരിക്കണം എന്ന കടുംപിടുത്തം),  സ്കൂള്‍, കോളേജ്, ജോലിസ്ഥലം എന്നിവിടങ്ങളിലെ കിടമത്സരം, ആത്മവിശ്വാസക്കുറവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. മിക്കവാറും ഗവേഷണള്‍ വ്യക്തമാക്കുന്നത് ഈ ഘടകങ്ങള്‍ എല്ലാം അല്ലെങ്കില്‍  ഇവയുടെ സംയുക്തം വിഷാദരോഗത്തിന് പ്രേരകശക്തിയായേക്കും എന്നാണ്. 
 •  മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള ആസക്തി : മദ്യം വിഷാദമുണ്ടാക്കുന്ന വസ്തുവാണ്, ഇതിന്‍റെ അമിതമായ ഉപയോഗം വിഷാദരോഗത്തിന് കാരണമായേക്കാം. മയക്കുമരുന്നും മറ്റ് അപകടകരമായ ലഹരിവസ്തുക്കളും ഒരു വ്യക്തിയെ കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഒറ്റപ്പെടുത്തിയേക്കും. ദീര്‍ഘനാളായുള്ള മയക്കുമരുന്ന് ഉപയോഗം അല്ലെങ്കില്‍ മയക്കുമരുന്ന് കിട്ടാനുള്ള പ്രയാസം സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും മറ്റും പിന്‍വാങ്ങുന്നതിനുള്ള പ്രവണത, പെരുമാറ്റപരമായ പ്രശ്നങ്ങള്‍, വിഷാദം എന്നിവയുണ്ടാക്കിയേക്കും. എല്ലാ പ്രായക്കാരിലും  മനഃശാസ്ത്രപരമായ വിവിധ കാരണങ്ങളാലും വിഷാദരോഗം ഉണ്ടായേക്കാം.    താഴെ പറയുന്ന വിഭാഗങ്ങളില്‍ വിഷാദരോഗം കുട്ടികളേയും സ്ത്രീകളേയും മുതിര്‍ന്നവരേയും എങ്ങനെയെല്ലാമാണ് ബാധിക്കുന്നതെന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ വിശദമാക്കിയിരിക്കുന്നു. 
 • കുട്ടികളിലെ വിഷാദരോഗം. 
 • സ്ത്രീകളിലെ വിഷാദരോഗം.
 • മുതിര്‍ന്നവരിലെ വിഷാദരോഗം

Q

വിഷാദരോഗം എങ്ങനെ കണ്ടെത്താം ?

A

ഒരോ തകരാറിനും അതിന്‍റേതായ രോഗനിര്‍ണയ സംവിധാനം ഉണ്ട്. അതിനാല്‍ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ്  ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുകയും ശരിയായ രോഗനിര്‍ണയം നടത്തുകയും വേണം. തെറ്റായ രോഗനിര്‍ണയം പ്രശ്നം സങ്കീര്‍ണമാക്കുകയും രോഗവാസ്ഥ കൂടുതല്‍ വഷളാക്കുകയും ചെയ്യും.
 • രോഗ ചരിത്രം: സാധാരണയായി ഒരു വിദഗ്ധന്‍ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ക്ക് കാരണമായേക്കാവുന്ന മറ്റ് രോഗങ്ങള്‍ കണ്ടെത്തുന്നതിനായി നിങ്ങളുടെ മുന്‍കാല രോഗങ്ങളെയും ചികിത്സകളേയും സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കും.
 • മനഃശാസ്ത്രപരമായ വിലയിരുത്തല്‍ : രോഗിയുടെ ലക്ഷണങ്ങള്‍, ചിന്തകള്‍, വികാരങ്ങള്‍, പെരുമാറ്റ രീതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മാനസികാരോഗ്യ വിദഗ്ധന്‍ ഒരു ചോദ്യാവലി ഉപയോഗപ്പെടുത്തുന്നു. ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്ന കാല ദൈര്‍ഘ്യം,  എപ്പോള്‍, എങ്ങനെ അവ ആരംഭിച്ചു, അവയുടെ തീവ്രത എത്രത്തോളം, ഈ ലക്ഷണങ്ങള്‍ ഈ വ്യക്തിയുടെ ചിന്തകളേയും പെരുമാറ്റത്തേയും എങ്ങനെയാണ് ബാധിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഈ വിദഗ്ധന്‍ വിലയിരുത്തും. വിഷാദരോഗത്തിന്‍റെ അഞ്ചിലധികം ലക്ഷണങ്ങള്‍ ദിവസത്തില്‍ ഏതാണ്ട് എല്ലാ സമയത്തും രണ്ടാഴ്ചയിലധികം ഉണ്ടെങ്കില്‍ മാത്രമേ ഈ വ്യക്തിക്ക് വിഷാദരോഗം ഉള്ളതായി നിശ്ചയിക്കു.ഈ ലക്ഷണങ്ങള്‍ ഒരു വ്യക്തിയുടെ വീട്ടിലോ ജോലി സ്ഥലത്തോ ഉള്ള ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ തക്കവണ്ണം തീവ്രതയുള്ളതായിരിക്കുകയും വേണം.

Q

വിഷാദരോഗത്തിന് ചികിത്സ നേടല്‍

A

ആളുകള്‍ ഈ രോഗത്തെക്കുറിച്ച് പറയാന്‍ മടിക്കുന്നതിനാല്‍ വിഷാദരോഗം മിക്കവാറും മറഞ്ഞിരിക്കുകയാണ് ചെയ്യുന്നത്. പരിഹസിക്കപ്പെടും അല്ലെങ്കില്‍ ദുര്‍ബലരായി പരിഗണിക്കപ്പെടും എന്ന പേടികൊണ്ട് നമ്മളില്‍ പലരും ഒന്നു ചിരിക്കുകമാത്രം ചെയ്യുകയും ഈ പ്രശ്നം പങ്കുവെയ്ക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ ഈ രോഗം അപമാനകരമായി കാണുന്ന ചിന്ത നിലനില്‍ക്കുന്നു എന്നതാണ് ഇക്കാര്യത്തില്‍ സഹായം തേടുന്നതില്‍ നിന്നും ആളുകളെ തടയുന്ന പ്രധാന സംഗതി. ഇതുമൂലം വിഷാദരോഗത്തിന് ചികിത്സ തേടാതെ പല വ്യക്തികളും ദീര്‍ഘകാലം അനാവശ്യമായി ഇത് സഹിക്കുകയും  അവരുടെ കുടുംബവും ഇത് സഹിക്കുന്നതിന് കാരണക്കാരാകുകയും ചെയ്യുന്നു.
വേണ്ടത്ര അറിവോ അവബോധമോ ഇല്ലാത്തതിനാല്‍ ധാരാളം പേര്‍ക്ക് വിഷാദരോഗത്തിന്‍റെ സൂചനകള്‍ തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. ഇക്കാരണത്താല്‍ ഇവര്‍ ചികിത്സയെക്കുറിച്ച്  അന്വേഷിക്കുക പോലും ചെയ്യുന്നതില്‍ ഒരു വലിയ കാലതാമസം ഉണ്ടാകുന്നു, ഇതാകട്ടെ അവസ്ഥ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. ലഘുവായതും നിയന്ത്രിതമായ തോതിലുള്ളതുമായ വിഷാദരോഗത്തില്‍ നിന്ന് മുക്തി നേടുന്നതിന് കൗണ്‍സിലിംഗ്, ഏതെങ്കിലും തെറാപ്പി, സ്വയം സഹായിക്കുന്നതിനുള്ള  'ടെക്നിക്കു'കള്‍ എന്നിവ മതിയാകും. കടുത്ത വിഷാദരോഗത്തിന് മാത്രമേ ഒരാള്‍ക്ക് ചികിത്സയും മരുന്നുകഴിക്കലും ആവശ്യമുള്ളു.
ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ)  ലോകത്തില്‍ ആളുകളെ ഏറ്റവുമധികം ദുര്‍ബലപ്പെടുത്തുന്ന രോഗങ്ങളില്‍ ഒന്നായാണ് വിഷാദരോഗത്തെ കാണുന്നത്. എന്നിരുന്നാലും വിഷാദരോഗമുള്ള ആര്‍ക്കും ഇതില്‍ നിന്ന് മുക്തിനേടാനും  സന്തോഷകരമായ ഒരു സാധാരണ ജീവിതം നയിക്കാനും സാധിക്കും. 
വിഷാദരോഗം ചികിത്സിക്കുന്നതിന് വിവിധ മാര്‍ഗങ്ങള്‍ ഉണ്ട്. ഇതിലേതാണ് വേണ്ടതെന്നത് രോഗത്തിന്‍റെ തീവ്രത, ആരോഗ്യസ്ഥിതി, വേഗത്തില്‍ മുക്തി നേടണം എന്ന രോഗിയുടെ ദൃഢനിശ്ചയം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. 
 •  ഡോക്ടര്‍മാര്‍ സാധാരണയായി വിഷാദരോഗം തടയുന്നതിനുള്ള മരുന്നുകള്‍- ആന്‍റിഡിപ്രെസ്സെന്‍റ്കള്‍- നിര്‍ദ്ദേശിക്കുന്നു. 
 • വിഷാദരോഗത്തോടൊപ്പം നിലനില്‍ക്കുന്ന പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും ഒരു വ്യക്തിയെ വിഷാദരോഗത്തില്‍ നിന്നും വേഗത്തില്‍ മുക്തിനേടുവാന്‍ സഹായിക്കും. 
വിഷാദരോഗം ചികിത്സിക്കാന്‍  മാനശാസ്ത്രപരമായ വിവിധ തെറാപ്പികളും വളരെ ഫലപ്രദമായി കണ്ടുവരുന്നു. രോഗിക്ക് അനുകൂലവും ഗുണകരവുമായ ചിന്ത വളര്‍ത്തിയെടുക്കുന്നതിനും ജീവിതത്തെ വിജയകരമായി അഭിമുഖീകരിക്കുന്നതിനുമുള്ള  ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ടെക്നിക്കുകളും പരിശീലിക്കാവുന്നതാണ്. ഇത് ധാരണാസംബന്ധമായ തെറാപ്പി, പിന്തുണ നല്‍കുന്ന തെറാപ്പി, ശ്രദ്ധവര്‍ദ്ധിപ്പക്കുന്ന തെറാപ്പി  തുടങ്ങിയവയിലൂടെ ചെയ്യാവുന്നതാണ്.

Q

വിഷാദരോഗമുള്ള ഒരാളെ പരിചരിക്കല്‍

A

വിഷാദരോഗമുള്ള ഒരാളെ നിങ്ങള്‍ക്ക് എല്ലായ്പ്പോഴും സഹായിക്കാനാകും. എന്നിരുന്നാലും ഈ വ്യക്തിയെ രോഗമുണ്ടെന്ന വസ്തുത അംഗീകരിപ്പിക്കാനും സഹായം തേടണമെന്ന കാര്യം ബോധ്യപ്പെടുത്താനും പ്രയാസമായേക്കാം.എങ്കിലും നിങ്ങള്‍ക്ക് അറിയാവുന്ന ആര്‍ക്കെങ്കിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും കാണുന്നു എങ്കില്‍ ആ വ്യക്തിയെ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണ്.
പരിചരിക്കുന്നയാള്‍ എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാനാകും :
 •  നിങ്ങള്‍ കൂടുതല്‍ ശ്രദ്ധയും പിന്തുണയും നല്‍കുന്ന, അവസ്ഥ മനസിലാക്കുന്ന ആളായി പെരുമാറുക.
 •  ഈ വ്യക്തിയോട് സംസാരിക്കുകയും അയാളെ അനുകമ്പയോടെ കേള്‍ക്കുകയും ചെയ്യുക.
 •  സംസാരിക്കാനും വികാരങ്ങള്‍ പങ്കുവെയ്ക്കാനും ഇവരെ പ്രോത്സാഹിപ്പിക്കുക.
 •  വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഈ വ്യക്തിയെ സഹായിക്കുക,സജീവമായിരിക്കുക എന്നത് വിഷാദത്തിനുള്ള മറുമരുന്നാണ്.
 •  ആത്മഹത്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് ശ്രദ്ധിച്ചുകൊണ്ടിരിക്കുകയും ഉണ്ടാകുന്നു എങ്കില്‍ എത്രയും പെട്ടന്ന് മനോരോഗചികിത്സകനെ (സൈക്യാട്രിസ്റ്റിനെ) വിവരം അറിയിക്കുകയും ചെയ്യുക.

Q

വിഷാദരോഗത്തെ വിജയകരമായി നേരിടല്‍

A

വിഷാദം ഒരു രോഗമാണ്, അതില്‍ നിന്ന് മുക്തിനേടാന്‍ നിങ്ങള്‍ക്ക് സഹായം ആവശ്യമാണ്. ഇക്കാര്യത്തിലെ ആദ്യ ചുവടായി സുഹൃത്തുക്കളോടും കുടുംബത്തോടും സംസാരിക്കുകയും ശരിയായ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുകയും ചെയ്യുക. 
ചികിത്സയ്ക്കും തെറാപ്പിക്കും ഒപ്പം നിങ്ങള്‍ നിങ്ങളെ ശ്രദ്ധിക്കുകയും വേണം. അത്ര എളുപ്പമായിരിക്കില്ല എങ്കിലും നിങ്ങളുടെ ദിനചര്യകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് ഗുണകരമായ ഫലം ഉണ്ടാക്കും.
പ്രതികൂല ചിന്തകളുടെ ഒഴുക്ക് തടയുക : വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളില്‍ ഒന്ന്, സ്ഥിരമായി  കുറ്റബോധവും വിലകെട്ടവരും ഒന്നിനും കൊള്ളാത്തവരുമാണെന്ന ചിന്തയുമാണ്. ഇത്തരം ചിന്തകളെ നിയന്ത്രിക്കുകയും ഈ ചിന്തകള്‍ എപ്പോഴാണ് വളര്‍ന്നു വരുന്നത് എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് അവബോധമുണ്ടായിരിക്കുകയും വേണം. ഈ വക പ്രതികൂല ചിന്തകളുടെ ഘടന എന്താണെന്ന് തിരിച്ചറിയുകയും  അനുകൂലമായ, അല്ലെങ്കില്‍ ക്രിയാത്മകമായ ചിന്തകള്‍ അവയ്ക്ക് പകരം വെയ്ക്കുകയും ചെയ്യുക. സാധ്യമാണെങ്കില്‍ ഈ ചിന്തകളെ ശ്രദ്ധിക്കുകയും എങ്ങനെ നിങ്ങള്‍ക്ക് സന്തോഷകരമായ ചിന്തകളും വികാരങ്ങളും പകരം വെയ്ക്കാന്‍ കഴിയുമെന്ന് നോക്കുകയും ചെയ്യുക.
സജീവമായിരിക്കുക : ദൈനംദിന പ്രവര്‍ത്തനകളും കര്‍ത്തവ്യങ്ങളും ചികിത്സയുടെ ഫലം ചെയ്യുന്ന കാര്യങ്ങളാണ്. ദൈനംദിന പ്രവര്‍ത്തികള്‍  പൂര്‍ത്തിയാക്കാന്‍ കഴിയുന്നത്ര പരിശ്രമിക്കുക. ലഘുവും കൈവരിക്കാനാകുന്നതുമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക. വ്യായാമം ശീലമാക്കുക. ഗവേഷണങ്ങള്‍ തെളിയിക്കുന്നത് വ്യായാമം ശരീരത്തിനും മനസിനും സഹായകരമാണെന്നാണ്.
നിങ്ങളുടെ പേടികളെ/ആശങ്കകളെ അഭിമുഖീകരിക്കുക : സാധാരണ, ആളുകള്‍ സങ്കടമോ ഉത്കണ്ഠയോ ഉണ്ടാകുമ്പോള്‍ അവര്‍ മറ്റുള്ളവരോട് സംസാരിക്കുന്നത് അല്ലെങ്കില്‍ യാത്രചെയ്യുക, ഉദ്യാനം പരിപാലിക്കുക, പാചകം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കുന്നു. നിങ്ങളുടെ ആശങ്കകളെ / പേടികളെ അഭിമുഖീകരിക്കുകയും സാവധാനം ഈ കാര്യങ്ങള്‍ തുടരുകയും ചെയ്യുന്നതാണ് നല്ലത്. 
നിങ്ങളുടെ ദിനചര്യകളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുക : വിഷാദരോഗം നിങ്ങളുടെ ഉറക്കത്തിന്‍റെ സമയക്രമത്തെ ബാധിക്കുമ്പോഴും രാത്രി പതിവ് സമയത്ത് തന്നെ ഉറങ്ങാന്‍ പോകുകയും നിങ്ങള്‍ സാധാരണ എഴുന്നേല്‍ക്കാറുള്ള സമയത്ത് തന്നെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ദിനചര്യകളില്‍ കഴിയുന്നത്ര പിടിച്ച് നില്‍ക്കുക.
കുടുംബത്തിന്‍റെ പിന്തുണ :കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം തേടുക. നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സ അല്ലെങ്കില്‍ തെറാപ്പി പതിവായി ഡോക്ടര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നതുപോലെ തന്നെ ചെയ്യുക, ഇത് നിങ്ങളെ വേഗത്തില്‍ രോഗമുക്തി നേടാന്‍ സഹായിക്കും. പ്രചോദനവും സ്വയ-ദൃഢനിശ്ചയവും വിഷാദരോഗത്തില്‍ നിന്നും മുക്തി നേടുന്നതിനുള്ള സുപ്രധാന ഘടകങ്ങളാണ്. 

Q

പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

A

വിഷാദരോഗമുള്ള ഒരു വ്യക്തിയെ പരിചരിക്കുക എന്നത് നിങ്ങള്‍ക്ക് തളര്‍ച്ചയും മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കിയേക്കാം. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധവെയ്ക്കണം എന്നത് അതിപ്രധാനമായ കാര്യമാണ്, എങ്കിലേ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടയാളെ പരിചരിക്കാനാകു എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. സുഹൃത്തുക്കള്‍,  കുടുംബാംഗങ്ങള്‍, മാനസികാരോഗ്യ വിദഗ്ധര്‍ എന്നിവരില്‍ നിന്നും പിന്തുണയും ഉപദേശവും തേടുന്നത് നിങ്ങള്‍ക്ക് വളരെ   സഹായകരമാകും. നിങ്ങളുടെ അവസ്ഥ മനസിലാക്കാന്‍ കഴിവുള്ള, നിങ്ങളെപ്പോലെ തന്നെ മറ്റൊരാളെ പരിചരിക്കുന്നവരുമായി  സംസാരിക്കുക.
നിങ്ങളെ സുഖപ്പെടുത്തുന്ന നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാനാകും: 
 •  ഈ തകരാറിനെക്കുറിച്ച് പഠിക്കുക, ഇത് നിങ്ങളുടെ ഉത്കണ്ഠ കുറയ്ക്കാനും നിങ്ങളെ കൂടുതല്‍ മികച്ചൊരു പരിചരണം കൊടുക്കുന്നയാളാക്കി മാറാനും സാഹായിക്കും.
 •  ശരിയായ പോഷകവും മതിയായ ഉറക്കവും കൊണ്ട് നിങ്ങളുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തണം. 
 •  നടക്കാന്‍ പോകുകയോ നിങ്ങള്‍ക്ക് താല്‍പര്യമുള്ള ഒരു വിനോദത്തില്‍  അല്ലെങ്കില്‍ എന്തെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാം.
 •  നിങ്ങളുടെ സുഹൃത്ത് അല്ലെങ്കില്‍ വിശ്വസ്തനുമായി സംസാരിക്കുകയോ ചിന്തകള്‍ പങ്കുവെയ്ക്കുകയോ ചെയ്യുക. ഇത് നിങ്ങളെ നിങ്ങളുടെ സ്വയം വിലക്കുകള്‍ അല്ലെങ്കില്‍ മടി  മറികടക്കാന്‍ സഹായിക്കും.  
 •  നിങ്ങള്‍ നിങ്ങളുടെ പരിമിതികള്‍ മനസിലാക്കുകയും എത്രമാത്രം സമയം പരിചരണത്തിനായി ചെലവഴിക്കാനാകുമെന്നതിനെക്കുറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കുകയും ചെയ്യുക. ഈ പരിമിതികളെക്കുറിച്ച് രോഗിയുമായും കുടുംബാംഗങ്ങളുമായും ഡോക്ടറുമായും സംസാരിക്കുക, ഇത് അവര്‍ക്കെല്ലാം  ഇതിനെക്കുറിച്ച് അവബോധം ഉണ്ടാക്കുകയും വളരെയേറെ ചുമതല ഏറ്റെടുക്കല്‍ നിങ്ങളില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കാതിരിക്കുകയും ചെയ്യും.
 •  നിങ്ങളുടെ സാഹചര്യം നിങ്ങളെ ശാരീരികവും മാസികവുമായി വളരെയധികം തളര്‍ത്തുന്നു എങ്കില്‍ കുറച്ചു നേരത്തേക്ക് ഒരു ഇടവേളയെടുത്ത് അല്‍പം അകന്ന് നില്‍ക്കുക.

Q

വിഷാദരോഗത്തിനുള്ള വിവിധ തരം ചികിത്സകള്‍

A

വിഷാദരോഗത്തിന് ധാരണാസംബന്ധമായ പെരുമാറ്റ ചികിത്സകള്‍(കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി-സി ബി റ്റി ) , വ്യക്തികള്‍ക്കിടയിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്‍റര്‍പേര്‍സണല്‍ തെറാപ്പി (ഐ പി റ്റി) എന്നിവ ഉള്‍പ്പെടെയുള്ള വിവിധ തരത്തിലുള്ള സൈക്കോതെറാപ്പികള്‍ വളരെ ഫലപ്രദമാണെന്ന് കാണുന്നു. പൊതുവില്‍ ഈ രണ്ട് തെറാപ്പികള്‍ ഹ്രസ്വകാലം മാത്രം മതിയാകുന്നതാണ്, സാധാരണയായി ചികിത്സയടക്കം ഇതിന് 10-20 ആഴ്ചയാണ് വേണ്ടി വരുന്നത്. ലഘുവായതുമുതല്‍ നിയന്ത്രിതമായതുവരെയുള്ള വിഷാദരോഗം മരുന്നോ തെറാപ്പിയോ മാത്രം കൊണ്ട് വിജയകരമായി ചികിത്സിക്കാമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. എന്നാല്‍ കടുത്ത വിഷാദരോഗമുള്ള ഒരാള്‍ക്ക് ഇവ രണ്ടും ചേര്‍ത്തുള്ള ഒരു സംയോജിത ചികിത്സ വേണ്ടി വരും. 
തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതും വളരെ ഫലപ്രദവുമായ ധാരണാ സംബന്ധമായ പെരുമാറ്റ ചികിത്സ (കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി-സി ബി റ്റി ) വിഷാദരോഗം ചികിത്സിക്കാന്‍ വളരെ ഗുണകരമായതാണ്. ഇതിലൂടെ ഈ വ്യക്തിയെ വിഷാദരോഗത്തിന് പ്രേരക ശക്തിയാകുന്ന പ്രതികൂല ചിന്തകളെ മനസിലാക്കാനും നിയന്ത്രിക്കാനും നിര്‍ത്താനും പഠിപ്പിക്കുന്നതിനാല്‍ ഇത് പ്രതികൂല ചിന്തകളുടെ ഒഴുക്ക് തടയാന്‍ രോഗിയെ സഹായിക്കുന്നു. പ്രതികൂല ചിന്തകളുടെ രീതി/ പ്രക്രിയ ( ഉദാ: "എനിക്ക് ഒന്നും ശരിയായി ചെയ്യാന്‍ കഴിയില്ല" ) മനസിലാക്കുകയും അതിന്‍റെ സ്ഥാനത്ത് കൂടുതല്‍ ഗുണകരമായതും പെരുമാറ്റം മെച്ചപ്പെടുത്തുന്നതുമായ അനുകൂല ചിന്തകള്‍ (ഉദാ: "എനിക്കിത് ശരിയായി ചെയ്യാനാകും") ഉണ്ടാക്കുകയും ചെയ്യുന്നു.ഒരു വ്യക്തിയുടെ പെരുമാറ്റത്തില്‍ ചെറിയ  മാറ്റം വരുത്തുന്നത് അയാളുടെ ചിന്തയിലും മനോഭാവത്തിലും വലിയ പുരോഗതി കൊണ്ടുവരും എന്നും കണ്ടുവരുന്നു, ഇത് വീട്ടില്‍ നിന്നും പുറത്തിറങ്ങി പത്തുപതിനഞ്ച് മിനിറ്റ് നടക്കുന്നതിലൂടെ പോലും സാധിച്ചെടുക്കാനായേക്കും. 
ഇന്‍റര്‍പേഴ്സണല്‍ തെറാപ്പി (ഐ പി റ്റി) വ്യക്തിപരമായ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. തെറാപ്പിസ്റ്റ് വിഷാദരോഗമുള്ളവരെ മറ്റുള്ളവരോടുള്ള തങ്ങളുടെ പെരുമാറ്റം എങ്ങനെയാണെന്ന് വിലയിരുത്താനും സ്വയം സൃഷ്ടിക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ച് തിരിച്ചറിവ് നേടാനും പഠിപ്പിക്കുന്നു. അതുപോലെതന്നെ തെറാപ്പിസ്റ്റ് മറ്റുളളവരുമായി പൊരുത്തപ്പെടാനും മറ്റുള്ളവരെ മനസിലാക്കാനും ഈ വ്യക്തിക്കുള്ള ബുദ്ധിമുട്ട് സ്വയം വിലയിരുത്താന്‍ അയാളെ സഹായിക്കുകയും ചെയ്യുന്നു.
മനശാസ്ത്ര വിദ്യാഭ്യാസം ഒരു വ്യക്തിയെ അവരുടെ രോഗത്തെക്കുറിച്ചും അതെങ്ങിനെ ചികിത്സിക്കാം, രോഗം തിരിച്ചു വരുന്നതിന്‍റെ സൂചനകള്‍ എങ്ങനെ മനസിലാക്കാം എന്നതിനെക്കുറിച്ചും പഠിപ്പിക്കുന്നു. ഇതിലൂടെ അവര്‍ക്ക് രോഗം വഷളാകുന്നതിന് മുമ്പ് അല്ലെങ്കില്‍ തിരിച്ചു വരുന്നതിന് മുമ്പ് ആവശ്യമായ ചികിത്സ നേടാന്‍ സാധിക്കും. 
കുടുംബത്തിനുള്ള മനശാസ്ത്ര വിദ്യാഭ്യാസം കുടുംബത്തിനുള്ളിലുള്ള മാനസിക സംഘര്‍ഷവും, ആശയക്കുഴപ്പവും, ഉത്കണ്ഠയും കുറയ്ക്കാനും, ഈ സാഹചര്യത്തെ വിജയകരമായി അഭിമുഖീകരിക്കാനും സഹായിക്കുന്നു. ഇതിലൂടെ  വിഷാദരോഗമുള്ള വ്യക്തിക്ക് മെച്ചപ്പെട്ട പരിചരണവും പിന്തുണയും കൊടുക്കാന്‍ അവര്‍ക്ക് കഴിവുണ്ടാകുന്നു. 
മാനസിക രോഗങ്ങള്‍ നേരിടുന്ന വ്യക്തികള്‍ക്കും കുടുംബത്തിനുമുള്ള സഹായക സംഘങ്ങള്‍ (സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍) ഇപ്പോള്‍ ധാരാളം ഉണ്ട്. ഇവിടെ  ആളുകള്‍ക്ക് അവരുടെ അനുഭവങ്ങളും വികാരങ്ങളും പങ്കുവെയ്ക്കുകയും പരിശീലനം നേടിയിട്ടുള്ള സ്പെഷ്യലിസ്റ്റുകളില്‍ നിന്ന് സഹായം തേടുകയും ചെയ്യാം. അതുപോലെ തന്നെ സാമൂഹികമായ സാധ്യതകളെക്കുറിച്ച് പഠിക്കുകയും ഏത് ചികിത്സ അല്ലെങ്കില്‍ തെറാപ്പിയാണ് അവരുടെ രോഗമുക്തിക്ക് ഏറ്റവും ഫലപ്രദമാകുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സമ്പാദിക്കാനാകുകയും ചെയ്യും.
ഇലക്ട്രോ കണ്‍വള്‍സീവ് തെറാപ്പി (ഈ സി റ്റി ) : ഇത് കടുത്ത വിഷാദരോഗത്തിനും മതിഭ്രമത്തോട് കൂടിയ കടുത്ത വിഷാദരോഗത്തിനും വളരെയധികം ഫലപ്രദമായ ചികിത്സയാണ്. കടുത്ത മതിഭ്രമം അല്ലെങ്കില്‍ ആത്മഹത്യാ ചിന്ത പ്രകടിപ്പിക്കുന്ന വിഷാദരോഗത്തിന് മരുന്നും സൈക്കോതെറാപ്പിയും ഫലപ്രദമല്ലാതെ വരുമ്പോള്‍ അല്ലെങ്കില്‍ ഈ വ്യക്തി ആന്‍റിഡിപ്രെസ്സന്‍റുകള്‍ കഴിക്കാന്‍ വിസമ്മതിക്കുമ്പോള്‍ ഇ സി റ്റി പരിഗണിച്ചേക്കാം. ചില വ്യക്തികള്‍ക്ക്  ആന്‍റിഡിപ്രെസ്സെന്‍റുകള്‍ക്കൊപ്പം ചേര്‍ത്തും ഇ സി റ്റി ചികിത്സ നടത്താറുണ്ട്. ഇ സി റ്റി ചികിത്സയെ തുടര്‍ന്ന് ഓര്‍മ്മത്തകരാര്‍ ഉണ്ടായേക്കും, അതിനാല്‍ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ഈ ചികിത്സയ്ക്കായി ശ്രദ്ധാപൂര്‍വം ഒരു അപകട- ഗുണ സാധ്യതാ വിലയിരുത്തല്‍ നടത്തേണ്ടതാണ്. 

Q

നിങ്ങള്‍ക്ക് അറിയാമോ ?

A

ലോകാരോഗ്യ സംഘടന ഇങ്ങനെ പറയുന്നു
 • മുതിര്‍ന്നവരില്‍ ഏതാണ്ട് അഞ്ച് ശതമാനം പേര്‍ക്കും അവരുടെ ജീവിതത്തിന്‍റെ ഏത് ഘട്ടത്തില്‍ വെച്ചും വിഷാദരോഗം ഉണ്ടാകുന്നു. 
 • വിഷാദരോഗം 2020 ല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മാനസികരോഗമാകാന്‍ പോകുന്നു. 
 • ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന വിവിഷാദരോഗ നിരക്കുള്ള രാജ്യം ഇന്ത്യയാണ്. 

White Swan Foundation
malayalam.whiteswanfoundation.org