തകരാറുകൾ

കുട്ടികളിലേയും കൗമാരക്കാരിലേയും വിഷാദരോഗം

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് കുട്ടികളിലെ വിഷാദരോഗം ?

A

 
 
ഒരാള്‍ വളരുന്ന പ്രായത്തില്‍ സങ്കടം, മനോവേദന, അസന്തുഷ്ടി തുടങ്ങിയവ അനുഭവപ്പെടുക എന്നതും വിവിധ മനോവികാരങ്ങളിലൂടെ കടന്നുപോകുക എന്നതും സാധാരണമാണ്. എന്നിരുന്നാലും ചില കുട്ടികളില്‍ ഈ വികാരങ്ങള്‍ അവരുടെ വൈകാരികവും മാനസികവുമായ ആരോഗ്യത്തെ ബാധിച്ചുകൊണ്ട് ദീര്‍ഘനാളത്തേക്ക് നിലനില്‍ക്കുന്നു. 
കുട്ടികളിലെ വിഷാദരോഗം വളരെ ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്. ഇത് കുട്ടി എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു തുടങ്ങിയ കാര്യങ്ങളേയും കുട്ടിയുടെ ജീവിത നിലവാരത്തേയും ബാധിച്ചേക്കും.

Q

കുട്ടികളിലെ വിഷാദരോഗത്തിന്‍റെ സൂചനകള്‍ എന്തൊക്കെ ?

A

 
വിഷാദരോഗം പലപ്പോഴും മുതിര്‍ന്നവരുടെ ഒരു അസുഖമായാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത് കുട്ടികളേയും കൗമാരപ്രായത്തിലുള്ളവരേയും ബാധിക്കുമ്പോള്‍ എല്ലായ്പ്പോഴും തിരിച്ചറിയപ്പെടുന്നില്ല. കുട്ടികളിലെ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ക്ക് മുതിര്‍ന്നവരില്‍ കാണപ്പെടുന്നതിനേക്കാള്‍ ചെറിയ വ്യത്യാസവും ഉണ്ട്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നതാണ് രോഗമുക്തി നേടുന്നതിലേക്കുള്ള അദ്യത്തെ ചുവട്.
വിഷാദരോഗമുള്ള ഒരു കുട്ടിക്ക് താഴെ പറയുന്ന പ്രശ്നങ്ങള്‍ ഉണ്ടാകും
 •  പഠനത്തിലുള്ള താല്‍പര്യം നഷ്ടപ്പെടും, സ്കൂളിലെ പ്രകടനത്തില്‍ പെട്ടെന്നുള്ള ഒരു തളര്‍ച്ചയുണ്ടാകും.
 •  സ്കൂളില്‍ പോകാന്‍ വിസമ്മതിക്കും.
 •  മനസ് ചിതറിയ നിലയിലാകുകയും പഠനത്തിലോ മറ്റ് പ്രവര്‍ത്തികളിലോ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതാകുകയും ചെയ്യും. 
 •  എളുപ്പത്തില്‍ ക്ഷീണിതരും ഉദാസീനതയുള്ളവരുമാകുകയും ചെയ്യും.
 •  ഉറക്കവും വിശപ്പും നഷ്ടപ്പെടും
 • ചിന്തിക്കുന്നതിനും തീരുമാനമെടുക്കുന്നതിനും പ്രയാസപ്പെടും.
 •  ചെറിയകാര്യങ്ങള്‍ക്കും  ക്ഷോഭിക്കും.
 •  ഒരു കാരണവുമില്ലാതെ കരയും.
 •  തലവേദനയെന്നും വയറുവേദനയെന്നും പരാതിപ്പെടുകയും ചികിത്സകൊണ്ട് മെച്ചപ്പെടാതിരിക്കുകയും ചെയ്യും.
 •  കൂട്ടുകാരോടൊപ്പം കളിക്കാന്‍ വിസമ്മതിക്കും.
 •  ഒരിക്കല്‍ ആസ്വദിച്ചിരുന്ന പ്രവര്‍ത്തികളില്‍ താല്‍പര്യം നഷ്ടപ്പെടും.

Q

കുട്ടികളിലെ വിഷാദരോഗത്തിന് എന്താണ് കാരണം ?

A

 
ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത്, പഠനത്തിലും മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതിനായി അനാവശ്യമായ സമ്മര്‍ദ്ദത്തിലൂടെ കുട്ടികള്‍ വളരെയധികം പീഢിപ്പിക്കപ്പെടുന്നുണ്ട്. ഓരോ കുട്ടിയും അനന്യമായതാണ് എന്ന വസ്തുത മാതാപിതാക്കളും അദ്ധ്യാപകരും അവഗണിക്കുന്നു. കുട്ടി വളറെ കര്‍ക്കശമായ ഒരു സംവിധാനത്തെ പിന്തുടരാന്‍ നിര്‍ബന്ധിക്കപ്പെടുകയും നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് അനുസരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് അവര്‍ക്ക് കൈകാര്യം ചെയ്യാനാകുന്നതിലും വളരെ അധികമാണ്. കുട്ടികളിലെ വിഷാദരോഗത്തിന് ഇത് ഏറ്റവും പ്രധാനമായ കാരണങ്ങളില്‍ ഒന്നാകാം. വീട്ടിലായാലും സ്കൂളിലായാലും കുട്ടികള്‍ അവരുടെ വളരെയധികം  സമയം പഠിക്കാനായി ചെലവഴിക്കുന്നു. അതേസമയം കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന മറ്റ് സാമൂഹിക-മാനസിക ഘടകങ്ങളും ഉണ്ടാകാം. വൈകാരികവും മാനസികവുമായ കോളിളക്കങ്ങള്‍ താങ്ങാന്‍ പറ്റാത്ത കുട്ടികളും എളുപ്പത്തില്‍ വിഷാദരോഗത്തിന് വിധേയരായേക്കാം. 
 
കുട്ടികളിലും കൗമാരക്കാരിലും താഴെപറയുന്ന കാരണങ്ങള്‍ മൂലം വിഷാദരോഗം ഉണ്ടാകാം.
 •  കുടുംബത്തിലെ സംഘര്‍ഷങ്ങള്‍ മൂലം ഉണ്ടാകുന്നതും നീണ്ടുനില്‍ക്കുന്നതുമായ മാനസിക സമ്മര്‍ദ്ദം, ഉദാഹരണത്തിന് മദ്യപാനിയായ രക്ഷകര്‍ത്താവുമായി ഇടപഴകേണ്ടി വരുന്നത്, അല്ലെങ്കില്‍ മാതാപിതാക്കളുടെ ദാമ്പത്യ പ്രശ്നങ്ങള്‍.
 •  ശാരീരികമോ മാനസികമോ ആയ പീഡനം, അക്രമം, അവഗണന തുടങ്ങിയവ പോലുള്ള ആഘാതമേല്‍പ്പിക്കുന്ന സംഭവങ്ങള്‍. 
 •  ഉത്കണ്ഠാ രോഗം പോലെ ചികിത്സിക്കപ്പെടാതെപോകുന്ന മനോരോഗങ്ങള്‍ 
 • കുട്ടിയുടെ ആത്മവിശ്വാസത്തേയും കഴിവുകളേയും ബാധിക്കുന്ന തരത്തിലുള്ള പഠന പ്രശ്നങ്ങള്‍.
 
കുട്ടികള്‍ക്കിടയിലെ വിഷാദരോഗം ഗുരുതരമല്ലാത്തത് മുതല്‍ ഇടത്തരം തീവ്രതയുള്ളത്,  വളരെ ഗുരുതരമായത് എന്നിങ്ങനെ പല തരത്തിലുണ്ടായേക്കാം.
 •  ഗുരുതരമല്ലാത്ത വിഷാദരോഗം കുട്ടിയില്‍ അസന്തുഷ്ടി   ഉണ്ടാകുന്നതിന് കാരണമായേക്കാമെങ്കിലും കുട്ടിക്ക് ഒരു സാധാരണ ജീവിതം നയിക്കാനാകും. കുട്ടി ദൈനംദിന പ്രവര്‍ത്തികളോ ഗൃഹപഠങ്ങളോ ചെയ്യാന്‍ അത്ര താല്‍പര്യം കാണിച്ചെന്നിരിക്കില്ല, എന്നാല്‍ മാതാപിതാക്കളുടെ സഹായത്തോടെയും ജീവിത ശൈലിയില്‍ വരുത്തുന്ന ലളിതമായ മാറ്റങ്ങള്‍ കൊണ്ടും കുട്ടിക്ക് ഈ വിഭാഗത്തിലുള്ള വിഷാദരോഗത്തെ അതിജീവിക്കാനാകും.
 •  ഇടത്തരം തീവ്രതയുള്ള വിഷാദരോഗം സാരമായിത്തന്നെ കുട്ടിയുടെ ജീവിതത്തെ ബാധിക്കും. കുട്ടി സ്ഥിരമായി ദുഃഖിതനും നിരാശനുമായേക്കാം. നിങ്ങളുടെ കുട്ടി വിഷാദരോഗത്തിന്‍റെ ഈ ലക്ഷണങ്ങള്‍ കാണിക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നു എങ്കില്‍ നിങ്ങളുടെ കുടുംബ ഡോക്ടറുമായി ബന്ധപ്പെടുകയും ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം തേടുകയും ചെയ്യുക. 
 •  ഗുരുതരമായ വിഷാദരോഗം കുട്ടിയില്‍ താന്‍ കഴിവുകെട്ടവനാണ് എന്ന മനോവിചാരം ഉണ്ടാക്കിയേക്കാം. കുട്ടിയില്‍ സ്ഥിരമായ അവന് അല്ലെങ്കില്‍ അവള്‍ക്ക് തൃപ്തികരമായി നേരിടുന്നതിന് സാധിക്കാതെ വരുന്ന സങ്കടാവസ്ഥയും പ്രതികൂല ചിന്തകളും ഉണ്ടാകാം. നിങ്ങളുടെ കുട്ടി ഗുരുതരമായ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്നു എങ്കില്‍ കുട്ടിയെ ഡോക്ടറെ കാണിക്കുകയും എത്രയും നേരത്തേ ചികിത്സ ആരംഭിക്കുകയും ചെയ്യുക. 

Q

വിഷാദരോഗത്തിനുള്ള ചികിത്സ നേടല്‍

A

 
വിഷാദരോഗം കുട്ടിയുടെ ശാരീരിക, മാനസിക ആരോഗ്യത്തേയും പഠന മികവിനേയും ദൈനംദിന ജീവിതത്തേയും ബാധിക്കുന്നു. കുട്ടിയില്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങളില്‍  രണ്ടോ അതിലധികമോ നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നു എങ്കില്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഒരു ശിശുരോഗ വിദഗ്ധന്‍റെയോ മാനസികാരോഗ്യ വിദഗ്ധന്‍റെയോ ഉപദേശം തേടുക എന്നതാണ്. മരുന്നുകളും ഔഷധം ആവശ്യമില്ലാത്ത ചികിത്സകളും അടക്കം ചികിത്സാവിധി ഏതായിരിക്കണം എന്നു തീരുമാനിക്കുന്നത്  അവസ്ഥ എത്രമാത്രം ഗുരുതരമാണ് എന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും. ധാരണാപരമായ പെരുമാറ്റ ചികിത്സ (കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി- സി ബി റ്റി ) വിഷാദരോഗം ചികിത്സിക്കുന്നതിന് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ശ്രദ്ധിക്കുക : അദ്ധ്യാപകര്‍ മാനസികാരോഗ്യത്തില്‍ പരിശീലനം നേടേണ്ടതുണ്ട്. അങ്ങനെയായാല്‍ അവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളും കൈകാര്യം ചെയ്യാനാകും. 

Q

വിഷാദരോഗമുള്ള കുട്ടിയെ പരിചരിക്കല്‍

A

 
മാതാപിതാക്കളെന്ന നിലയ്ക്ക് നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയെ വിഷാദരോഗം വിജയകരമായി അഭിമുഖീകരിക്കുന്നതിന് സഹായിക്കാനാകും. നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയെ സഹായിക്കാനാകുന്ന ചില മാര്‍ഗങ്ങള്‍ താഴെ പറയുന്നു.
 •  വിഷാദരോഗത്തെക്കുറിച്ച് പഠിക്കുക- പരിചരണം കൊടുക്കുന്ന ഒരാളെന്ന നിലയ്ക്ക് ഈ അവസ്ഥയെക്കുറിച്ച് മനസിലാക്കുന്നത് നിങ്ങളെ കൂടുതല്‍ സജ്ജനാകുവാന്‍ ശേഷിയുള്ളവനാക്കും. അതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിക്ക് വളരെയധികം ആവശ്യമായ പിന്തുണ കൊടുക്കാനാകും.
 • നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സ മുടങ്ങാതെ പിന്തുടരാന്‍ കുട്ടിയെ സഹായിക്കുക. ഡോക്ടര്‍ മരുന്നു കഴിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത് എങ്കില്‍ പതിവായി കുട്ടി  മരുന്ന് കഴിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. 
 •  നിങ്ങളുടെ കുട്ടിയോട് സംസാരിക്കുകയും അവന്‍റെ അല്ലെങ്കില്‍ അവളുടെ സംസാരം ക്ഷമയോടെയും സ്നേഹത്തോടെയും സഹാനുഭൂതിയോടെയും കേള്‍ക്കുകയും ചെയ്യുക. എന്താണ് ഏതാണ് എന്നൊന്നും വിധിക്കാതെ അവരെ അവരുടെ മനോവികാരങ്ങള്‍ തുറന്നു പറയാന്‍ അനുവദിക്കുക.
 •   വിഷാദരോഗം വര്‍ദ്ധിക്കുന്നതായി മുന്നറിയിപ്പ് തരുന്ന സൂചനകളും അതുണ്ടാകുന്ന സാഹചര്യങ്ങളും നിരീക്ഷിക്കുക. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
 •   വിഷാദരോഗത്തില്‍ നിന്ന് കരകയറാനായി നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയെ എങ്ങനെ സഹായിക്കാനാകും എന്ന് കണ്ടെത്തുന്നതിനായി ഡോക്ടര്‍, അദ്ധ്യാപകര്‍ മറ്റ് വിദഗ്ധര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക.
 • കുട്ടിയുടെ ശാരീരികാരോഗ്യത്തില്‍ ശ്രദ്ധവെയ്ക്കുക. വ്യായാമങ്ങളും ശാരീരികമായുള്ള മറ്റ് പ്രവര്‍ത്തനങ്ങളും കുട്ടിയുടെ മാനസിക നില മെച്ചപ്പെടുത്താന്‍ സഹായകരമാകും. 
 •  കുട്ടിയുടെ പോഷകാഹാരത്തില്‍ ശ്രദ്ധവെയ്ക്കുക, കാരണം അത് കുട്ടിയുടെ ശാരീരികവും മാനസികവുമായ സൗഖ്യത്തിന് വളരെ അത്യാവശ്യമാണ്.

White Swan Foundation
malayalam.whiteswanfoundation.org