തകരാറുകൾ

ഫോണിനോ കമ്പ്യൂട്ടറിനോ അടിമപ്പെട്ടിരിക്കുകയാണോ? വിചാരിക്കുന്നതിലും ഗുരുതരമായ പ്രശ്‌നമാകാമത്!

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

സാങ്കേതിക വിദ്യയുടെ യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും സ്‌ക്രീനിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു. ജോലി, പഠനം, പ്രിയപ്പെട്ടവരോടൊപ്പമുള്ള സമയം ചെലവഴിക്കൽ, ഷോപ്പിങ്ങ്, ബില്ലുകൾ അടയ്ക്കുക തുടങ്ങിയ കാര്യങ്ങളെല്ലാംതന്നെ ഒരു മൗസ് ക്ലിക്കിലോ ഫോണിലൂടെയോ സാധ്യമാകുന്നുണ്ട്. സാങ്കേതിക വിദ്യയോടുള്ള ആശ്രിതത്വം ജീവിതത്തെ കൂടുതൽ ലളിതമാക്കിയിരിക്കുകയാണ്. ആരോഗ്യകരവും ഉപയോഗപ്രദവുമായ രീതിയിൽനിന്ന് (സാങ്കേതിക വിദ്യയുടെ ഉപയോഗം പൂർണ്ണമായും നമ്മുടെ നിയന്ത്രണത്തിൽ ആകുമ്പോൾ) അനാരോഗ്യകരവും ആസക്തി ഉണ്ടാക്കുന്നതുമായ രീതിയിലേക്ക് (സാങ്കേതികവിദ്യയുടെ ഉപയോഗം നിയന്ത്രണാതീതമാകുമ്പോൾ) സാങ്കേതിക വിദ്യയുടെ ഉപയോഗം നീങ്ങുന്നത് തിരിച്ചറിയാൻ ഒരുപക്ഷേ കഴിഞ്ഞെന്ന് വരില്ലെന്നും ഇതർത്ഥമാക്കുന്നു. ചോദ്യമിതാണ്: എപ്പോഴാണ് നിങ്ങൾ നിങ്ങളുടെ ശീലത്തെ നിയന്ത്രിക്കുന്നതെന്നും നിങ്ങളുടെ ശീലം എപ്പോഴാണ് നിങ്ങളെ നിയന്ത്രിക്കുന്നതെന്നും എങ്ങനെയാണ് മനസിലാക്കാൻ കഴിയുക?
പത്തൊൻപത് വയസുള്ള രോഹിതിന് തന്റെ സ്മാർട്ട്‌ഫോണിനോട് വല്ലാത്ത അടുപ്പമാണ്. ഉണർന്നിരിക്കുന്ന സമയമത്രയും തന്റെ കൺവെട്ടത്ത് നിന്ന് അത് മാറ്റാറില്ല. മറ്റ് കൗമാരക്കാരെപ്പോലെ ഇ-മെയിൽ അയക്കാനും സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാനും ഇന്റർനെറ്റിൽ പരതാനും ഗെയിം കളിക്കാനുമായിരുന്നു അവൻ ഫോൺ ഉപയോഗിച്ചിരുന്നത്. പക്ഷേ മറ്റ് കൗമാരക്കാരിൽനിന്നു വ്യത്യസ്തമായി ഒരു ദിവസം കുറഞ്ഞത് ആറ് മണിക്കൂറിലധികം സമയം സ്മാർട്ട്‌ഫോണിനെ ചുറ്റിപ്പറ്റിയാണ് രോഹിത് ജീവിച്ചത്. ദിവസം കുറഞ്ഞത് നാന്നൂറ് സന്ദേശങ്ങൾ ലഭിക്കുകയും ഇരുന്നൂറോളം സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുമായിരുന്നു. ഒരുപാട് സമയം സ്‌ക്രീനിൽ നോക്കിയിരുന്ന് രോഹിതിന്റെ കണ്ണുകൾക്കും ടൈപ്പ് ചെയ്ത് വിരലുകൾക്കും കടുത്ത വേദന അനുഭവപ്പെടുകയുണ്ടായി. പുതിയ സന്ദേശങ്ങൾക്ക് വേണ്ടി തുടർച്ചയായി ഫോൺ പരിശോധിക്കാനുള്ള ത്വര ഉറക്കക്കുറവിന് കാരണമായി. ക്ലാസ് സമയത്ത് അവൻ ഉറങ്ങുവാൻ തുടങ്ങി. മനസ് മുഴുവൻ ടെക്റ്റ് മെസേജുകളിൽ ആയതിനാൽ ഉണർന്നിരിക്കുന്ന അവസരങ്ങളിൽ പോലും അവൻ അശ്രദ്ധനായി കാണപ്പെട്ടു. തൻമൂലം സ്‌കൂളിലെ ഗ്രേഡ് താഴാൻ തുടങ്ങി. തങ്ങളുടെ പുത്രന്റെ സ്വഭാവത്തിലുള്ള പ്രകടമായ മാറ്റം തിരിച്ചറിഞ്ഞപ്പോൾ രക്ഷിതാക്കൾ ആകെ പരിഭ്രാന്തരായി. തുടർന്ന് സന്ദേശങ്ങൾ അയക്കുന്നതിനോടുള്ള രോഹിതിന്റെ ആസക്തിയാണ് ഇതിന് കാരണമെന്ന് അവർ കണ്ടെത്തുകയായിരുന്നു. 
(മേൽപ്പറഞ്ഞ കഥ സത്യമാണെങ്കിലും സ്വകാര്യത മാനിച്ച് പേരുവിവരങ്ങൾ മാറ്റിയിരിക്കുന്നു) 

സാങ്കേതിക വിദ്യയോടുള്ള ആസക്തി: ഒരു ഗുരുതര പ്രശ്‌നമാണോ? 
സാങ്കേതികവിദ്യ സർവ്വവ്യാപിയായതിനാൽ ആരോഗ്യപരവും അനാരോഗ്യപരവുമായ അതിന്റെ ഉപയോഗം നിർണ്ണയിക്കുന്ന രേഖ വളരെ നേർത്തതാണ്. അതിനാൽതന്നെ ഒരുവൻ എപ്പോഴാണ് അതിർത്തി ലംഘിക്കുന്നതെന്ന് പ്രവചിക്കുവാനും കഴിയില്ല. പെരുമാറ്റം എപ്പോഴും നിർണ്ണയിക്കാൻ സാധിക്കണമെന്നുമില്ല. മാത്രമല്ല, ദീർഘകാലം കൊണ്ട് മാത്രമേ അതിന്റെ പരിണിതഫലം പ്രകടമാകൂ. സാങ്കേതികവിദ്യയോടും ഇന്റർനെറ്റിനോടുമുള്ള ആസക്തി മറ്റ് ആസക്തികളെപ്പോലെ ഗുരുതരപ്രശ്‌നമായി കണക്കാക്കാത്തത് ഇതിനാലാണ്. 
സാങ്കേതിക വിദ്യയുടെ ഇരുണ്ട വശത്തെക്കുറിച്ച് ഒരുപാട് നമ്മൾ വായിച്ചറിഞ്ഞിട്ടുണ്ട്. ഓൺലൈൻ ഷോപ്പിങ്ങിൽ വീണ് കടത്തിലായവരും കുട്ടികൾ വിശന്ന് കരഞ്ഞാൽപ്പോലും അറിയാതെ വീഡിയോ ഗെയിമുകളിൽ വ്യാപൃതരാകുന്ന മാതാപിതാക്കളുംവരെ ഇതിൽ ഉൾപ്പെടുന്നു. കമ്പ്യൂട്ടറിനും ഫോണിനും മുമ്പിൽ ദീർഘനേരം ചെലവഴിക്കുന്നത്, ഹാനികരമാണെന്ന പ്രതീതി ഉളവാക്കാത്ത പെട്ടെന്ന് തിരിച്ചറിയാതെ പോകുന്ന ഒരു പ്രശ്‌നമാണ്. ഗുരുതരമായ പരിണിതഫലം ഇതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ട്. 
സാങ്കേതികവിദ്യയോടുള്ള ആസക്തിയെ ഭൂരിപക്ഷം മാനസികാരോഗ്യ വിദഗ്ദരും മറ്റ് ആസക്തികൾക്കൊപ്പമാണ് കാണുന്നത്. മറ്റ് പല ലഹരികളെപ്പോലെ തന്നെ സവിശേഷ സ്വഭാവരീതികളും വിടുതൽ ലക്ഷണങ്ങളും ഇതിനോടൊപ്പം കണ്ടുവരുന്നു. മറ്റ് എല്ലാത്തിനും പോലെ സാങ്കേതിക വിദ്യയോടുള്ള ആസക്തിയും ഒരു ശീലമായാണ് തുടങ്ങുന്നത്. നിയന്ത്രണാതീതമാകുമ്പോൾ ആരോഗ്യം, ദിനചര്യകൾ, ക്ഷേമം, ബന്ധങ്ങൾ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളെ ഇത് കാര്യമായി ബാധിക്കുന്നു.  
ബാംഗ്ലൂരിലെ നിംഹാൻസിന്റെ (നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോസയൻസ്) നേതൃത്വത്തിലുള്ള SHUT (സർവ്വീസസ് ഫോർ ഹെൽത്തി യൂസ് ഓഫ് ടെക്‌നോളജി) എന്ന സ്ഥാപനത്തിൽ മാത്രം ഒരു മാസം പതിനഞ്ച് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 
എന്താണ് സാങ്കേതികവിദ്യയോടുള്ള ആസക്തി? 
ഒരുവൻ തനിക്ക് ആനന്ദം നൽകുന്ന വസ്തുവിനോട് ആശ്രിതനാകുന്ന രീതിയെയാണ് വൈദ്യശാസ്ത്രപരമായി ആസക്തി എന്ന് പറയുന്നത്. ഒരു വസ്തുവിന് അടിമപ്പെടുന്നത് മൂലം കുടുംബം, സുഹൃത്തുക്കൾ, ജോലി സംബന്ധിച്ച ഉത്തരവാദിത്വങ്ങൾ തുടങ്ങി ജീവിതത്തിലെ വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വ്യക്തിക്ക് കഴിയാതെ വരുന്നു. ഇത് അയാൾക്കും അയാളുടെ ചുറ്റുമുള്ളവരിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു.
ഒരു വ്യക്തി ഒരു സാങ്കേതിക മാധ്യമത്തോട് അടിമപ്പെടുന്ന രോഗാവസ്ഥയാണ് സാങ്കേതികവിദ്യയോടുള്ള ആസക്തി എന്ന് പറയുന്നത്. സന്ദേശങ്ങൾ അയക്കാനും, വീഡിയോകൾ കാണുവാനും, സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനുമായി മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്ന പതിനാലിനും പത്തൊൻപതിനും ഇടയിൽ പ്രായമുള്ള കൗമാരക്കാരാണ് സാങ്കേതികവിദ്യയോട് കൂടുതൽ ആശ്രിതരായിരിക്കുന്നതായി ഇന്ത്യയിലെ കണക്കുകൾ വ്യക്തമാക്കുന്നത്. 
ജീവിതത്തിന്റെ വിവിധ മേഖലകളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിക്കുന്നതിനാൽ അതിനോടുള്ള ആസക്തി കൂടുതൽ ഗുരുതരവും സങ്കീർണ്ണവുമാകുന്നു. എന്തുകൊണ്ടെന്നാൽ എപ്പോഴാണ് അതിന്റെ ഉപയോഗം അനാരോഗ്യകരമായ രീതിയിലേക്ക് കടന്ന് കയറുക എന്നത് കണ്ടെത്തുക ബുദ്ധിമുട്ടാണ്. 
'പഠനകാര്യത്തിനായോ ജോലിയുടെ ഭാഗമായോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി സാങ്കേതികവിദ്യ ഉപയോഗിക്കുകയും ഉദ്ദേശ്യം നിറവേറിയശേഷം മറ്റ് പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് സാധിക്കുകയും ചെയ്താൽ നിങ്ങൾ സാധാരണ ഉപയോക്താവിന്റെ ഗണത്തിൽപ്പെടുന്നു' - നിംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജി ഡിപ്പാർട്ട്‌മെന്റ് അഡീഷണൽ പ്രൊഫസർ ഡോ. മനോജ് ശർമ്മ പറയുന്നു.
അനാരോഗ്യകരമായ രീതിയിലാണോ നിങ്ങൾ ടെക്‌നോളജി ഉപയോഗിക്കുന്നതെന്നറിയാന്‍ ചില സൂചനകളുണ്ട്. ഷട്ട് ക്ലിനിക്ക് നടത്തുന്ന ഡോ. ശർമ്മ ഇത് പരിശോധിക്കുന്നതിന് ചില കാര്യങ്ങൾ പറയുന്നുണ്ട്. പ്രത്യേക ലക്ഷ്യങ്ങൾ ഇല്ലാതെ ഉപയോഗിക്കുക, കാരണങ്ങളൊന്നുമില്ലാതെ നിരന്തരം ഉപയോഗിക്കുക, ഒരിക്കൽ ലോഗിൻ ചെയ്താൽ ലോഗൗട്ട് ചെയ്യാൻ കഴിയാതെ വരുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. മറ്റ് പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുമ്പോഴും ഫോൺ പരിശോധിക്കാനും മെയിൽ ചെക്ക് ചെയ്യാനും നിങ്ങൾ നിർബന്ധിതരായേക്കാം. സുഹൃത്തുക്കൾ, കുടുംബം, സഹപ്രവർത്തകർ തുടങ്ങി നിങ്ങൾക്ക് ചുറ്റുമുള്ളവർ അവരോടൊപ്പം മതിയായ സമയം ചെലവഴിക്കുന്നില്ലെന്ന് പരാതിപ്പെട്ടേക്കാം, അല്ലെങ്കിൽ അവരോടു സംസാരിക്കുന്ന സമയത്തുപോലും ഫോൺ ഉപയോഗിക്കുന്നതായി കണ്ടേക്കാം.
കഴിഞ്ഞ വർഷം ഷട്ട് ക്ലിനിക്കിന് സാക്ഷിയാകേണ്ടിവന്ന നൂറ് കണക്കിന് കഥകളിൽ ഒന്നാണ് മുകളിൽ വിവരിച്ച രോഹിതിന്റേത്. ഡോ. ശർമ്മ പറയുന്നതിന് അനുസരിച്ച് ക്ലിനിക്കിലേക്ക് രക്ഷിതാക്കൾ കൊണ്ടുവരുന്ന ഭൂരിപക്ഷം കൗമാരക്കാരും സന്ദേശങ്ങൾ അയക്കുന്നതിലും വീഡിയോ ഗെയിമിലും സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റുകളിലും ഓൺലൈൻ രതിയിലും മുഴുകി തങ്ങളുടെ ഗൃഹപാഠമോ ദിനചര്യകളോ ആരോഗ്യമോ പോലും കണക്കിലെടുക്കാത്തവരാണ്.
ആറ് വയസ് മുതൽ ഓൺലൈൻ വീഡിയോ ഗെയിമുകൾ ഉപയോഗിച്ച് കൊണ്ടിരുന്ന ഒരു പതിനാലുകാരനാണ് ഷട്ട് ക്ലിനിക്കിലെ പ്രായം കുറഞ്ഞ ഇടപാടുകാരന്‍. സ്‌കൂൾ വിട്ട് വന്നശേഷമുള്ള സമയത്തും ആഴ്ചയവസാനങ്ങളിലും തുടർച്ചയായി അവൻ വീഡിയോ ഗെയിം കളിക്കുമായിരുന്നു. തുടക്കത്തിൽ ഇതൊരു ഗുരുതരപ്രശ്‌നമായി രക്ഷിതാക്കൾ പരിഗണിച്ചിരുന്നില്ല. വെള്ളത്തിനോ ഭക്ഷണത്തിനോ വേണ്ടിപോലും ഈ കൗമാരക്കാരൻ തന്റെ മുറിവിട്ട് ഇറങ്ങില്ലായിരുന്നു. മാതാപിതാക്കളോടോ മറ്റ് കുടുംബാംഗങ്ങളോടോ അവൻ സംസാരിക്കാൻപോലും താത്പര്യം കാണിക്കാതായി. വളർച്ചാഘട്ടത്തിന്റെ ഭാഗമാണ് ഇതെന്ന് കരുതിയ രക്ഷിതാക്കൾ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയത് ക്ലാസിൽ അവൻ അശ്രദ്ധനാണെന്നും ഉറക്കം തൂങ്ങുന്നുവെന്നും അസൈൻമെന്റുകൾക്ക് തീരെ പുറകിലാണെന്നും മറ്റും സ്‌കൂളിൽനിന്ന് വിവരം കിട്ടിയപ്പോഴാണ്. അവർ ഷട്ട് ക്ലിനിക്കൽ അഭയം തേടി. മകന്റെ കാര്യത്തിൽ ദുഃഖഗ്രസ്ഥരും കോപാകുലരുമായിരുന്നു. തന്റെ രോഗാവസ്ഥയിൽനിന്ന് കര കയറാൻ അവന് സഹായം ലഭിച്ചതോടൊപ്പം മാതാപിതാക്കൾക്കും കൃത്യമായ കൈത്താങ്ങ് ലഭിച്ചു. ബോധവത്കരണത്തിലൂടെയും രോഗവിവരങ്ങളെക്കുറിച്ചുള്ള അറിവോടെയും കൂടി സാഹചര്യത്തെ കൂടുതൽ വസ്തുനിഷ്ഠമായി മനസിലാക്കാനും അവർക്ക് സാധിച്ചു. തങ്ങളുടെ മകൻ ഏത് സാഹചര്യത്തിലൂടെയാണ് കടന്ന് പോയതെന്ന് അവർ തിരിച്ചറിഞ്ഞു. അവർ അവന്റെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കുവാൻ തുടങ്ങി. അവൻ തന്റെ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിക്കുന്നുണ്ടെന്നും അവർ ഉറപ്പു വരുത്തി. കുറച്ച് മാസങ്ങൾക്കകം അവരുടെ മകൻ തന്റെ ഗൃഹപാഠം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യാൻ തുടങ്ങുകയും ഇതുമൂലം പ്രവർത്തനക്ഷമമല്ലാത്ത പെരുമാറ്റം കാര്യമായി കുറയുകയും ചെയ്തു. 
സാങ്കേതികവിദ്യയോടുള്ള ആസക്തിക്ക് സൂക്ഷ്മപരിശോധന ആവശ്യമുണ്ടോ? 
താഴെ കൊടുത്തിരിക്കുന്ന മൂന്ന് സൂചനകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ആ വ്യക്തിക്ക് സാങ്കേതികവിദ്യയോടുള്ള ആസക്തി സംബന്ധിച്ചുള്ള സൂക്ഷ്മപരിശോധന ആവശ്യമുണ്ട്. 
 •  ത്വര: ഇന്റർനെറ്റിലോ സാങ്കേതികവിദ്യയിലോ വ്യാപൃതരായിരിക്കുകയും കമ്പ്യൂട്ടറിന്റെയോ ഫോണിന്റെയോ അസാന്നിധ്യത്തിൽ അസ്വസ്ഥരാകുകയും ചെയ്യുക. 
 •  നിയന്ത്രണം നഷ്ടപ്പെടുക: ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയം പരിമിതപ്പെടുത്താൻ കഴിയാതെ വരുക. (അതായത് വിചാരിക്കുന്നതിലും കൂടുതൽനേരം ഇന്റർനെറ്റിൽ ചിലവഴിക്കുക). 
 •  നിർബന്ധിക്കപ്പെടുക: ഉണർന്നിരിക്കുന്നതിൽ ഭൂരിഭാഗം സമയവും ഓൺലൈനിൽ ചെലവഴിക്കുക. 
ഇത് കൂടാതെ താഴെ പറയുന്നതിൽ കുറഞ്ഞത് നാല് സൂചനകൾ എങ്കിലും ഇവർ പ്രകടിപ്പിക്കുന്നു. 
 •  മറ്റ് പ്രവർത്തികളിൽ ഉള്ള താത്പര്യം കുറയുന്നു
 •  ഓൺലൈൻ ചെലവഴിക്കുന്ന സമയത്തെക്കുറിച്ച് കളവ് പറയുന്നു.
 •  അർദ്ധരാത്രിയിൽ ഉണർന്ന് ഓൺലൈനില്‍ വരികയും ഇ-മെയിലോ മെസേജോ ഉണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുന്നു. 
 •  സ്‌കൂളിലേയോ ജോലിസ്ഥലത്തേയോ ഹാജരും കാര്യക്ഷമതയും കുറയുന്നു. 
 •  കുടുംബത്തേയും സുഹൃത്തുക്കളെയും അവഗണിക്കുന്നു.
 •  വ്യക്തിശുചിത്വവും സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കുന്നതും അവഗണിക്കുന്നു. (കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കാനും ഉറങ്ങാനും മറന്ന് പോകുന്നു.)
സാങ്കേതികവിദ്യ ആസക്തിയുടെ ഫലങ്ങൾ
ഒരു നേരമ്പോക്കായി തുടങ്ങുന്ന സാങ്കേതികവിദ്യയോടുള്ള ആസക്തി കൃത്യമായ നിബന്ധനകൾ ഇല്ലാതെ വരുമ്പോൾ വ്യക്തിയുടെ ഉണർന്നിരിക്കുന്ന സമയമത്രയും പിടിച്ചെടുക്കുന്ന തരത്തിലുള്ള ആസക്തിയായി മാറുന്നു. പലനിലകളിലും അയാൾ പ്രവർത്തനക്ഷമതയില്ലായ്മ കാണിക്കുന്നു. താഴെ പറയുന്ന കാര്യങ്ങൾ അതിന്റെ സൂചനയാണ്.  
 •  ഉറക്കത്തിന്റെ രീതികൾ:  ഓൺലൈനിൽ ചെലവഴിക്കുന്ന സമയംമൂലം വ്യക്തി താമസിച്ചാണ് ഉറങ്ങുക. ഉറക്കം മുറിയാനും സാധ്യതയുണ്ട്. 
 •  കാര്യക്ഷമത: ഉറക്കക്കുറവ് പരിഹരിക്കാൻ വേണ്ടി ക്ലാസിൽ പോകാതെയും ജോലിക്ക് പോകാതെയും അലസനാകുക, ജോലി സമയത്തോ പഠനസമയത്തോ ഉറങ്ങുക, നിലവാരം കുറയുക എന്നിവ സൂചനകളാണ്. 
 •  പ്രാഥമിക ആരോഗ്യം: കൈകളിൽ വേദന, വിരലുകളിൽ വേദന, കണ്ണുകഴപ്പ്,  പുറംവേദന, ക്ഷീണം, വിശപ്പില്ലായ്മ, നിർജ്ജലീകരണം തുടങ്ങിയ പരാതികൾ പറയുക.
 •  ആശയവിനിമയം: സൈബർ ഇടത്തെ വിർച്വൽ ലൈഫിലേക്ക് സ്വന്തം ജീവിതത്തെ കേന്ദ്രീകരിക്കുക. പുറത്തേക്ക് പോകുന്നത് ഒഴിവാക്കി (ഓൺലൈൻ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലും സ്ഥലത്തേക്ക്) സ്വന്തം മുറിയിൽ ഇരിക്കാൻ താത്പര്യപ്പെടുന്നു. പൊതുസ്ഥലത്ത് ഇരിക്കുമ്പോൾ മറ്റുള്ളവരുമായുള്ള സംസാരം ഒഴിവാക്കി ഫോൺ സ്‌ക്രീനിൽ നോക്കിയിരിക്കുന്നു. 
ഷട്ട് ക്ലിനിക്കിലെ ക്ലൈന്റുകൾ രണ്ട് വിഭാഗത്തിൽപ്പെടുന്നു.
 •  ആദ്യമായി മാനസിക പ്രശ്‌നങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്ന കൗമാരക്കാർ. നാണം കുണുങ്ങികളും വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയാത്തവരും ഉത്കണ്ഠാകുലരുമായവർ ഓൺലൈൻ ഇടത്തിൽ അവഗണിക്കപ്പെടാനുള്ള സാധ്യത കുറവായതിനാൽ കൂടുതൽ സമയം ചെലവഴിക്കുന്നു. 
 •  പരീക്ഷണാത്മക സ്വഭാവവും പുതിയ കാര്യങ്ങൾ ശ്രമിച്ച് നോക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരുമായ കൗമാരക്കാർ. സമൂഹമാധ്യമങ്ങളും വീഡിയോ ഗെയിമുകളും തരുന്ന പെട്ടെന്നുള്ള സന്തോഷത്തിന് വേണ്ടിയാണ് കൂടുതൽ യുവാക്കളും ഇത് ഉപയോഗിക്കുന്നത്. 
'പ്രവർത്തനക്ഷമത ഇല്ലായ്മ, താത്പര്യക്കുറവ് തുടങ്ങിയവ കാണിച്ച് തുടങ്ങുമ്പോഴാണ് മാതാപിതാക്കൾ കുട്ടികളെ ക്ലിനിക്കൽ കൊണ്ടുവരുന്നത്. അതുവരെ സാങ്കേതികവിദ്യയുടെ ഉപയോഗം കുറയ്ക്കാൻ വിവിധ നടപടികൾ എടുത്ത് നോക്കി. പക്ഷേ ഒന്നും ഫലവത്തായില്ല. രക്ഷിതാക്കൾ ഒരിക്കലും സാങ്കേതികവിദ്യയ്ക്ക് എതിരല്ല, പക്ഷേ മക്കൾ ആരോഗ്യവും മറ്റ് കാര്യങ്ങളും ഒഴിവാക്കുന്നതിലാണ് അവർക്ക് സങ്കടം. അടുത്തറിയുമ്പോൾ ഭയചകിതരാകുന്നു. എങ്കിലും സംസാരിക്കുമ്പോൾ തിരിച്ചറിയുന്നത് ഭൂരിപക്ഷംപേർക്കും ആവശ്യം സാങ്കേതികവിദ്യയുടെ ഉപയോഗവും മറ്റ് കാര്യങ്ങളും തമ്മിലുള്ള ഒരു സന്തുലിതാവസ്ഥയാണ്' ഡോ. ശർമ്മ പറയുന്നു
ഷട്ട് ക്ലിനിക്ക് സന്ദർശിക്കുന്നവരിൽ ഭൂരിപക്ഷവും മധ്യവർഗ്ഗ, ഉപരിവർഗ്ഗ സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുകളിൽനിന്ന് വരുന്ന യുവാക്കളാണ്. ഒറ്റമക്കൾ മാത്രമുള്ള വീടുകളിൽനിന്നാണ് കൂടുതൽ പേരും വരുന്നത്. മാതാപിതാക്കളുടെയോ മുതിർന്നവരുടെയോ അസാന്നിധ്യവും കൂട്ടുകാരില്ലാത്തതും അവരെ ഏകാകികളാക്കുന്നു. അങ്ങനെയുള്ള കുട്ടികൾ വളരെ പെട്ടെന്ന് സാങ്കേതികവിദ്യയ്ക്ക് അടിമകളാകാൻ സാധ്യതയുണ്ട്. 
സാങ്കേതിക വിദ്യയോടുള്ള ആസക്തിയും മറ്റ് ആസക്തികളും

മറ്റ് ആസക്തികളോട് താരതമ്യം ചെയ്യുമ്പോൾ സാങ്കേതികവിദ്യയോടുള്ള ആസക്തി ഹാനികരമല്ലെന്ന് തോന്നിയേക്കാം. എന്നിരുന്നാലും വിദഗ്ദ്ധർ സാങ്കേതികവിദ്യയോടുള്ള ആസക്തിയുടെ കേസുകളെ മദ്യം, പുകയില, മറ്റ് ലഹരിവസ്തുക്കള്‍ എന്നിവയോടുള്ള ആസക്തിക്ക് സമാനമായാണ് കാണുന്നത്. ഈ ശീലം വളർന്നുവരുന്ന രീതി മറ്റ് ആസക്തികളെപ്പോലെ തന്നെയാണ്. വ്യക്തി ലഹരി പദാർത്ഥങ്ങൾക്ക് (സാങ്കേതികവിദ്യ) വേണ്ടി തീവ്രമായി ആഗ്രഹിക്കുന്നു. തീവ്രമായി ആഗ്രഹിക്കുകയും ഉപയോഗം വർദ്ധിപ്പിക്കുകയും ആഗ്രഹിച്ചിട്ടും ഉപയോഗം നിർത്താൻ സാധിക്കാതെയും വരുന്നു. ലഹരി ഉപയോഗത്തിൽനിന്ന് പിൻമാറുന്ന വ്യക്തിക്ക് ശാരീരികവും വൈകാരികവുമായ വിടുതൽ ലക്ഷണങ്ങളും സാങ്കികതവിദ്യ ആസക്തിയിൽനിന്ന് പിൻമാറുമ്പോൾ പെരുമാറ്റരീതിയിലും വിടുതൽ ലക്ഷണങ്ങൾ കാണിക്കുന്നു. ഈ ആസക്തികളെല്ലാംതന്നെ വ്യക്തിക്ക് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അയാളുടെ ആരോഗ്യത്തെ ബാധിക്കുന്നു. പെരുമാറ്റത്തേയും കാര്യക്ഷമതയേയും ബാധിക്കുന്നു. സാമൂഹികമായ ഒറ്റപ്പെടലും വൈകാരിക പ്രശ്‌നങ്ങളും ഉണ്ടാകുന്നു. 
സാങ്കേതികവിദ്യ ആസക്തി കൈകാര്യം ചെയ്യൽ

ലഹരി ഉപയോഗത്തിന്റെ ചികിത്സാരീതിയെ ആധാരമാക്കിയ മനശാസ്ത്രപരമായ ചികിത്സ തന്നെയാണ് സാങ്കേതികവിദ്യ ആസക്തിക്കും ഉപയോഗിക്കുന്നത്. വ്യക്തിക്ക് പ്രചോദനവും കൃത്യമായ നല്ലചുറ്റുപാടുകളും കൊടുത്ത്  ഇന്റർനെറ്റിലോ സെൽഫോണിലോ കേന്ദ്രീകൃതമല്ലാത്ത പുതിയൊരു ജീവിതരീതി സൃഷ്ടിക്കാൻ ഈ ചികിത്സാരീതി സഹായിക്കുന്നു. 
താഴെ പറയുന്ന മൂന്ന് ഘട്ടങ്ങളാണ് ഈ ചികിത്സാരീതിക്കുള്ളത്
ASK: ഒന്നാമതായി വ്യക്തിയെ മനശാസ്ത്രജ്ഞന്റെയോ കൗൺസിലറുടെയോ അടുത്ത് എത്തിക്കുക. വിദഗ്ദ്ധർ കാര്യങ്ങൾ മനസിലാക്കുവാൻ വിശകലനം നടത്തുന്നു. 
 •  വ്യക്തി സാങ്കേതികവിദ്യയെ എത്രമാത്രം ആശ്രയിക്കുന്നു? 
 •  അതിന്റെ ഉപയോഗത്തിന് കാരണമായ സാഹചര്യങ്ങൾ ഏതൊക്കെ? 
 •  ഉപയോഗവുമായി ബന്ധപ്പെട്ട് നിൽക്കുന്ന മനശാസ്ത്രപരമായ കാരണങ്ങളെന്ത്?
 • വ്യക്തിയുടെ പെരുമാറ്റ വ്യതിയാനത്തിന് കാരണമായി എന്തെങ്കിലും കുടുംബപ്രശ്‌നങ്ങളുണ്ടോ? 
ഇതിനെത്തുടർന്ന് വ്യക്തിയുടെ ഉപയോഗം എത്ര മാത്രം ഉണ്ടെന്ന് വിദഗ്ദ്ധൻ പരിശോധിക്കുന്നു. ഇതിനുശേഷം മാനസികപഠനം ഏർപ്പെടുത്തുന്നു. ഈ പ്രക്രിയ വ്യക്തിയേയും കുടുംബാംഗങ്ങളേയും ഇന്റർനെറ്റ് ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചും അതുമൂലം ഉണ്ടാകുന്ന പ്രവർത്തനക്ഷമതമില്ലായ്മയെപറ്റിയും അതുകൂടാതെയുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. പ്രവർത്തനക്ഷമത ഇല്ലായ്മ, ഭാരക്കുറവ്, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, എന്നിവയെ എങ്ങനെ കുറയ്ക്കണമെന്ന് വ്യക്തിക്കും കുടുംബാംഗങ്ങൾക്കും ബോധവത്കരണം നടത്തുന്നു.
ഈ ഘട്ടത്തിൽ വ്യക്തിയോ കൂട്ടുകാരോ സാങ്കേതികവിദ്യ ആസക്തിയെ സംബന്ധിച്ചുള്ള സംശയങ്ങൾ ചോദിക്കുന്നതും എങ്ങനെയാണ് സഹായിക്കാൻ കഴിയുക എന്നത് മനസിലാക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. 
പ്രചോദനത്തിന്റെ തോത് വർദ്ധിപ്പിക്കുക എന്നതും മാനസിക പഠന പ്രക്രിയയിൽ അനിവാര്യഭാഗമാണ്. വ്യക്തി തന്റെ സാങ്കേതിക വിദ്യയോടുള്ള ആസക്തി കുറയ്ക്കുവാൻ പ്രേരിതനാകുന്നു. മറ്റ് ലഹരികളെപ്പോലെതന്നെ സാങ്കേതികവിദ്യയോടുള്ള ആസക്തിയുള്ള വ്യക്തിക്ക് അത് പെട്ടെന്ന് ഉപേക്ഷിക്കാൻ സാധിക്കില്ല. മിക്കവാറും കേസുകളിലും മറ്റൊരാൾ തങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്നുവെന്ന തോന്നൽ അസുഖകരവും നിരാശാജനകവുമാണ്. ഇതിനാൽ വ്യക്തിയോട് ദിവസവും ഒരു നിശ്ചിത സമയത്ത് മൊബൈലോ ഇന്റർനെറ്റോ ഉപയോഗിക്കാനുള്ള ഉടമ്പടിയിൽ ഏർപ്പെടുന്നു. ഈ കരാറുകൾ ചെറിയ കാലയളവിലേക്കാണ് രൂപീകരിക്കുന്നത് (ഒരു ദിവസത്തിനും ഒരാഴ്ചയ്ക്കുമിടയിൽ). അത് പരിശോധിക്കുകയും ചെയ്യുന്നു. വ്യക്തിക്ക് കരാറിനെക്കുറിച്ചും കാലയളവിനെക്കുറിച്ചും കൃത്യമായ അഭിപ്രായം ഉണ്ടാകേണ്ടത് പ്രധാനമാണ്. 
പ്രശ്‌നത്തെ അംഗീകരിക്കുക
സാങ്കേതികവിദ്യയ്ക്ക് അടിമപ്പെടുന്ന മിക്കവാറും പേരും അത് സമ്മതിച്ച് തരാറില്ല, മറ്റ് ലഹരികൾക്ക് അടിമകളായവരെപ്പോലെ തന്നെ. അവരുടെ ഇന്റർനെറ്റ് ഉപയോഗം ഹാനികരം ആണെന്ന് അവർ ചിന്തിക്കില്ല. അതിനാൽ പൂർണ്ണമായ വിടുതലിന് പകരം അതുമൂലം ഉണ്ടാകുന്ന ദോഷം കുറയ്ക്കുന്നതിലും ഈ ശീലം സൃഷ്ടിക്കുന്ന പ്രവർത്തനക്ഷമതമില്ലായ്മയെ എങ്ങനെ മറികടക്കാമെന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചിലപ്പോൾ രോഗിയോട് ഇന്റർനെറ്റ് പൂർണ്ണമായും ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്നു. എന്നിരുന്നാലും ഓഫ്‌ലൈൻ ഇരിക്കാനും ഉപയോഗരീതിയിൽ വ്യത്യാസം വരുത്താനും വ്യക്തി പ്രേരിതനായാൽ മാത്രമേ ഇത് ഫലവത്താകുകയുള്ളൂ. തങ്ങളുടെ ഉപയോഗം അനാരോഗ്യകരമാണെന്നും അതിനാൽ അവർക്ക് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്നും മനസിലാക്കുക ആണെങ്കിൽ മാത്രമേ രോഗിക്ക് ഫലവത്തായി ഇത് കൈകാര്യം ചെയ്യാൻ പറ്റുകയുള്ളൂ. 
മറ്റ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
ആത്മരക്ഷയും പരിപോഷണവും ഒപ്പം ഇതര പ്രവർത്തികൾക്കും പഠനത്തിനും ജോലിക്കും സാമൂഹിക ഇടപെടലുകൾക്കും ഉതകുന്ന രീതിയുള്ള ഒരു ദിനചര്യ വ്യക്തിയില്‍ വളർത്തിയെടുക്കാൻ മാനസികാരോഗ്യ വിദഗ്ദ്ധർ സഹായിക്കുന്നു. ഉറക്കക്കുറവ്, സാമൂഹികമായി ഇടപെടാനുള്ള വിമുഖത, സ്വയം പരിരക്ഷയില്ലായ്മ (വ്യക്തി അവന്റെ ആരോഗ്യവും ശുചിത്വവും പോഷണവും ആസക്തി മൂലം ഒഴിവാക്കിയേക്കാം) തുടങ്ങിയ സർവ്വ സാധാരണമായ പ്രശ്‌നങ്ങളായിരിക്കും ഈ ഘട്ടത്തിൽ പരിഹരിക്കാൻ ശ്രമിക്കുക. 
തങ്ങളുടെ കുട്ടികൾ സാങ്കേതികവിദ്യയോട് അടിമപ്പെട്ടിരിക്കുകയാണ് എന്നറിയുന്ന ഭൂരിഭാഗം രക്ഷിതാക്കളും ഭയചകിതരും ഉത്ക്കണ്ഠാകുലരുമായിരിക്കും. ഇത്തരം രക്ഷിതാക്കൾക്ക് സാഹചര്യങ്ങളെ മറികടക്കാനുള്ള താങ്ങ് കൊടുക്കാൻ കൗൺസിലർക്ക് കഴിയുന്നു.    
White Swan Foundation
malayalam.whiteswanfoundation.org