തകരാറുകൾ

ഒ സി ഡി (ഒബ്സെസീവ് കമ്പള്‍സീവ് ഡിസോര്‍ഡര്‍)

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് ഒബ്സെസീവ് കമ്പള്‍സീവ് ഡിസോര്‍ഡര്‍ (ഒ സി ഡി) ?

A

എന്തെങ്കിലും ഒരു ചിന്ത മനസിനെ പിടികൂടുകയും അത് നിയന്ത്രിക്കാനാകാത്ത പെരുമാറ്റ വൈകല്യമായി മാറുകയും ചെയുന്ന അവസ്ഥയാണിത്.
 
പകലത്തെ കാര്യങ്ങളെല്ലാം ചെയ്തു തീര്‍ത്ത് നിങ്ങള്‍ രാത്രി ഉറങ്ങാനായി പോകാന്‍ തുടങ്ങുകയായിരുന്നു, പെട്ടെന്ന് വീടിന്‍റെ മുന്‍വശത്തെ വാതില്‍ തുറന്നിട്ടിരിക്കുകയാണോ എന്നൊരു സംശയം നിങ്ങള്‍ക്കുണ്ടായി. നിങ്ങള്‍ ഇതില്‍ ഉത്കണ്ഠാകുലനാകുകയും വാതില്‍ അടച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി കിടക്കയില്‍ നിന്ന് എഴുന്നേറ്റ് പോകുകയും ചെയ്തു. നോക്കിയപ്പോള്‍ വാതില്‍ അടച്ചിട്ടുണ്ട്, അത് ഉറപ്പാക്കിയതോടെ നിങ്ങള്‍ സ്വസ്ഥനായി, ഉത്കണ്ഠ ഒഴിഞ്ഞു, തിരികെ വന്ന് കിടക്കയില്‍ ഉറങ്ങാന്‍ കിടക്കുകയും ചെയ്തു. ഇത്തരത്തിലുള്ള സാധാരണ ഉത്കണ്ഠകള്‍ നിങ്ങള്‍ക്ക് നല്ലതാണ്, കാരണം ഇത് നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പുലര്‍ത്താന്‍ /ശ്രദ്ധയുണ്ടായിരിക്കാന്‍ നിങ്ങളെ സഹായിക്കുന്നു.
എന്നാല്‍ ചിലസമയത്ത് ഈ ചിന്ത അനാവശ്യമായി  ആവര്‍ത്തിച്ചാവര്‍ത്തിച്ച് വന്നേക്കും. നിങ്ങള്‍ വാതില്‍ പൂട്ടിയിട്ടുണ്ടോ എന്ന് നോക്കാന്‍ പോകുകയും അത് പൂട്ടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയിട്ട് തിരികെ കിടക്കയിലെത്തുകയും ചെയ്താലും വീണ്ടും വാതില്‍ പൂട്ടിയിട്ടുണ്ടോ എന്നോര്‍ത്ത് നിങ്ങള്‍  ആശങ്കപ്പെടാന്‍ തുടങ്ങിയേക്കാം.നിങ്ങള്‍ വീണ്ടും വാതില്‍ പൂട്ടിയിട്ടുണ്ടോ എന്ന് നോക്കാന്‍ പോയി തിരിച്ചു വരും, പക്ഷെ അപ്പോഴും നിങ്ങളുടെ ആശങ്ക ബാക്കി നില്‍ക്കും. ഇത്തരത്തില്‍ നിങ്ങളെ എല്ലായ്പ്പോഴും ആശങ്കയിലാഴ്ത്തുകയും നിങ്ങളുടെ ദൈനംദിന ജീവിതത്തിന്‍റെ സുഗമമായ മുന്നോട്ട് പോക്കിനെ ബാധിക്കുകയും ചെയ്യുന്ന, ആവര്‍ത്തിച്ചാവര്‍ത്തിച്ചു വരുന്ന ചിന്തകളെയാണ് 'ഒബ്സെഷന്‍സ്' (മനസില്‍ നിന്ന് വിട്ടുപോകാതിരിക്കുന്ന വിചാരം അഥവാ 'ഒഴിയാബാധ') എന്ന് പറയുന്നത്. ഇത് പല തരത്തിലുണ്ട്. ചില ആളുകള്‍ക്ക്  ശുചിത്വമായിരിക്കും ഈ ഒഴിയാബാധ.അവര്‍ക്ക് ഒരു നിമിഷം മുമ്പ് കൈകഴുകിയതാണെങ്കില്‍ പോലും തങ്ങളുടെ കൈയ്യില്‍ അണുക്കള്‍ പറ്റിയിട്ടുണ്ട് അല്ലെങ്കില്‍ അഴുക്കുണ്ട് എന്നോര്‍ത്ത് ആശങ്കയുണ്ടായേക്കാം. 
ഒ സി ഡിയുള്ള ആളുകള്‍ക്ക് കടുത്ത ഉത്കണ്ഠയും മനക്ലേശവും അനുഭവപ്പെട്ടേക്കും. ഈ ഉത്കണ്ഠ ഒഴിവാക്കുന്നതിനായി ചില പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ച് ചെയ്യും, ഇതിനെ 'കമ്പള്‍ഷന്‍' (അനിയന്ത്രിത/ നിര്‍ബന്ധിത പ്രേരണ) എന്ന് പറയുന്നു. ഒ സി ഡിയുള്ള ആളുകള്‍ക്ക് ഈ കമ്പള്‍ഷന്‍ അവരുടെ 'ഒഴിയാബാധ' യില്‍ നിന്ന് താത്ക്കാലികമായ വിടുതല്‍ മാത്രമാണ് നല്‍കുന്നത്. കടുത്ത ഒ സി ഡിയുള്ള കേസുകളില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കാനുള്ള ത്വരയുണ്ടാകുകയും അത് ആ വ്യക്തിയുടെ ദൈനംദിന ജീവിതത്തെ ഗുരുതരമായി തടസപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിലുള്ള അനിയന്ത്രിതമായ ചിന്തയും അതിനെ തുര്‍ന്ന് ഒരു പ്രവര്‍ത്തി തുടര്‍ച്ചയായി ആവര്‍ത്തിക്കുകയും ചെയ്യുന്നത് ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ നേരിടാനുള്ള കഴിവിനെ തടസപ്പെടുത്തുകയാണെങ്കില്‍ ആ വ്യക്തിക്ക് 'ഒ സി ഡി' ആയേക്കാം.

Q

ഒ സി ഡിയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം ?

A

 
ഒരു വ്യക്തിയുടെ ഏതെങ്കിലും ഒരു പ്രവര്‍ത്തി അനിയന്ത്രിതമായ തരത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യുന്ന പെരുമാറ്റം നിരീക്ഷിച്ച്  ഒ സി ഡി കണ്ടെത്താം.
ഒ സി ഡിയുടെ ഏറ്റവും സാധാരണമായ ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു
  •  ശുദ്ധി/വൃത്തി : അഴുക്കിനെ/മാലിന്യത്തെക്കുറിച്ച് സ്ഥിരമായ ഭീതിയുള്ള ഒരാള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവരുടെ കൈ കഴുകുകയും വീട് വൃത്തിയാക്കുകയും ചെയ്യും.
  •  ക്രമം/ അടുക്കും ചിട്ടയും  : ചില ആളുകള്‍ ഒരു സുഘടനയോടും ക്രമത്തോടും അടുക്കും ചിട്ടയോടുമൊക്കെ അമിതമായ താല്‍പര്യം കാണിച്ചേക്കാം.തങ്ങളുടെ ഉത്കണ്ഠ ഒഴിവാക്കുന്നതിനായി അവര്‍ പുസ്തകങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ  വീണ്ടും വീണ്ടും അടുക്കിവെയ്ക്കുന്നതോ അല്ലെങ്കില്‍ കാര്‍പ്പെറ്റ്, തലയിണ, കുഷ്യന്‍ തുടങ്ങിയവ വീണ്ടും വീണ്ടും  അടുക്കിവെയ്ക്കുന്നതോ കാണാം. 
  •  ശേഖരിച്ചുവെയ്ക്കല്‍ : ഇവര്‍ക്ക് ഏതു സാധനവും നശിപ്പിച്ച് കളയുക എന്നത് അസാധ്യമായ കാര്യമായിരിക്കും. ഇവര്‍ പ്രത്യേകിച്ചൊരു കാരണവും ഇല്ലാതെ പഴയ പത്രങ്ങള്‍, തുണികള്‍, കത്തുകള്‍, മറ്റു വസ്തുക്കള്‍ മുതലായവ  ശേഖരിക്കും.
  • എണ്ണി തിട്ടപ്പെടുത്തല്‍ :ഈ തകരാറുള്ള വ്യക്തികള്‍ സ്റ്റെയര്‍കേസുകളിലെ പടികളുടെ എണ്ണം, വീട്ടിലെ ഇടനാഴികളിലെ ലൈറ്റുകള്‍ പോലുള്ള  ദൈനംദിന ജീവിതത്തില്‍ അവര്‍ ഉപയോഗിക്കുന്ന സാധനങ്ങളും മറ്റു വസ്തുക്കളും ആവര്‍ത്തിച്ച് എണ്ണിക്കൊണ്ടിരിക്കും. എണ്ണം തെറ്റിയാല്‍ അവര്‍ വീണ്ടും ആദ്യംമുതല്‍ എണ്ണാന്‍ തുടങ്ങും.  
  •  സുരക്ഷ : ചില ആളുകള്‍ക്ക് സുരക്ഷയെക്കുറിച്ച് അടിസ്ഥാനമില്ലാത്ത, യുക്തിസഹമല്ലാത്ത പേടിയുണ്ടാകും. അവര്‍ എപ്പോഴും വാതിലുകളും ജനലുകളും സുരക്ഷിതമാണോ, ഗ്യാസ് സ്റ്റൗ ശരിയായി ഓഫ് ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വീണ്ടും വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കും. 
നിങ്ങള്‍ക്ക് അറിയാവുന്ന ആര്‍ക്കെങ്കിലും ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നു എങ്കില്‍ നിങ്ങള്‍ അവരോട് സംസാരിക്കാനും  സഹായത്തിനായി ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ അവരെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കണം. 

Q

ഒ സി ഡിയ്ക്ക് എന്താണ് കാരണം ?

A

 
ഒ സി ഡിയ്ക്കുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെങ്കിലും അറിയപ്പെടുന്ന ചില  ഘടകങ്ങള്‍ താഴെ പറയുന്നു : 
  •  ജനിതക ഘടകങ്ങള്‍ :  ഒ സി ഡി ചിലപ്പോള്‍ മാതാപിതാക്കളില്‍ നിന്നും പാരമ്പര്യമായി കിട്ടിയേക്കാം. 
  •  ജീവശാസ്ത്രപരവും നാഡീസംബന്ധവുമായ ഘടകങ്ങള്‍ : ചില ഗവേഷണങ്ങള്‍ തലച്ചോറിലെ സെറോട്ടോണിന്‍റെ രാസ അസന്തുലനം ഒ സി ഡി ഉണ്ടാകുന്നതിനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നു. 
  •  ജീവിതത്തിലെ മാറ്റങ്ങള്‍ : ചിലപ്പോള്‍ ഒരു പുതിയ ജോലി അല്ലെങ്കില്‍ ഒരു കുട്ടിയുടെ ജനനത്തിലുടെ ഒരു വ്യക്തിക്ക്  കുടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നത് പോലുള്ള ജീവിതത്തിലെ വന്‍ മാറ്റങ്ങള്‍ ഒ സി ഡിയ്ക്കുള്ള പ്രേരകശക്തിയായേക്കാം. 
  •  പെരുമാറ്റപരമായ ഘടകങ്ങള്‍ : അത്യധികമായി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നവരും അടുക്കും ചിട്ടയും ഉള്ളവരും ചെറിയ കാര്യങ്ങളില്‍ അത്യധികം ശ്രദ്ധിക്കുന്നവരും ചെറുപ്പം മുതല്‍ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇഷ്ടപ്പെട്ടിരുന്നവരുമായ വ്യക്തികള്‍ക്ക് ഒ സി ഡി ഉണ്ടാകാന്‍ സാധ്യതയുണ്ട്. 
  •  വ്യക്തിപരമായ അനുഭവങ്ങള്‍ :  കടുത്ത ആഘാതങ്ങള്‍ക്ക് വിധേയരായിട്ടുള്ള ആളുകള്‍ക്ക് ഒ സി ഡിയുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്.ഉദാഹരണത്തിന് വീട്ടിലെ എലിവിഷം തൊട്ടതുമൂലം ഗുരുതരമായ ചൊറിഞ്ഞു പൊട്ടല്‍ ഉണ്ടായിട്ടുള്ള ഒരാള്‍ക്ക് എപ്പോഴും കൈ കഴുകിക്കൊണ്ടിരിക്കാനുള്ള അനിയന്ത്രിതമായ പ്രവണത ഉണ്ടായേക്കാം. 

Q

ഒ സി ഡിയ്ക്ക് ചികിത്സ നേടല്‍

A

 
ഒ സി ഡിയ്ക്കുള്ള ചികിത്സ വളരെ ഫലപ്രദമായാണ് കാണുന്നത്. ചികിത്സ നേടുന്ന മിക്കവാറും പേര്‍ ഇതില്‍ നിന്ന് പൂര്‍ണമായും മുക്തി നേടുന്നതായും കണ്ടു വരുന്നു. ഒ സി ഡിയുടെ ഗുരുതരാവസ്ഥ അനുസരിച്ച് വിവിധതരം മരുന്നു മുതല്‍ തെറാപ്പി വരെയുള്ള വ്യത്യസ്ത തരം ചികിത്സകള്‍ ഇതിന് ലഭ്യമാണ്. ലഘുവായുള്ള ഒ സി ഡിയ്ക്ക് ധാരണാപരമായ പെരുമാറ്റ ചികിത്സ അഥവാ കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (സി ബി റ്റി) പോലുള്ള തെറാപ്പി മാത്രം മതിയാകും. കൂടുതല്‍ ഗുരുതരമായ കേസുകള്‍ക്ക് മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെടും, ഉത്കണ്ഠ ഒഴിവാക്കുന്നതിനായി സാധാരണയായി ആന്‍റിഡിപ്രെസെന്‍റുകള്‍ നിര്‍ദ്ദേശിക്കുന്നു.

Q

ഒ സി ഡിയുള്ള ഒരു വ്യക്തിയെ പരിചരിക്കല്‍

A

 
ഒ സി ഡിയുള്ള ഒരാള്‍ക്കൊപ്പം കഴിയുക എന്നത് വളരെയധികം നിരാശാജനകവും മനക്ലേശമുണ്ടാക്കുന്നതുമായ കാര്യമായേക്കാം. എന്നാല്‍ ആ വ്യക്തി നിങ്ങള്‍ക്ക് ഒരു ഭാരമോ സങ്കടമോ ഒന്നും ആയിത്തീരാനുള്ള ശ്രമം നടത്തുകയല്ല, മറിച്ച്  തന്‍റെ ഉത്കണ്ഠയെ മറികടക്കാന്‍ തന്നെക്കൊണ്ട് ആകുന്നതുപോലെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്  എന്ന കാര്യം ഓര്‍ക്കണം. ഈ അവസ്ഥയില്‍ നിന്ന് കരകയറുന്നതിന് ആരുടെയെങ്കിലും സഹായം തേടുന്നതിനെക്കുറിച്ച് അവരോട് സംസാരിക്കാവുന്നതാണ്, പക്ഷെ ഇത് വലിയ വെല്ലുവിളിയായേക്കും എന്ന കാര്യം ശ്രദ്ധിക്കണം. അതിനാല്‍ നിങ്ങള്‍ ക്ഷമകാണിക്കണം. ഈ തകരാറുള്ള ഭൂരിപക്ഷം പേരും  തങ്ങള്‍ക്ക് സഹായം ആവശ്യമുണ്ടെന്ന് വിശ്വസിക്കില്ല. ചിലരാകട്ടെ എന്തിലെങ്കിലുമുള്ള തങ്ങളുടെ നിയന്ത്രിക്കാനാകാത്ത അമിത താല്‍പര്യത്തെക്കുറിച്ച് (ഒഴിയാബാധയെക്കുറിച്ച്) നാണക്കേട് തോന്നുന്നവരുമായേക്കാം.  
ഇവരെ ഇതില്‍ നിന്നും മുക്തിനേടാന്‍ സഹായിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനാകും. ഓരോ സമയത്തും ഉണ്ടാകുന്ന പേടിയെ നേരിടാന്‍ ഇവരെ പ്രോത്സാഹിപ്പിക്കുക. എന്തായാലും ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം തേടുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. 

Q

സ്വയം പരിചരിക്കല്‍

A

 
നിങ്ങള്‍ക്ക് വിശ്വാസമുള്ള ആരെങ്കിലുമായി സംസാരിക്കുന്നത് ഒ സി ഡിയെ വിജയകരമായി നേരിടുന്നതിന് നിങ്ങളെ വളരെയധികം സഹായിക്കും. ഇത് നിങ്ങളുടെ 'ഒഴിയാബാധ'യുമായി ബന്ധപ്പെട്ടുള്ള ഭയം കുറയ്ക്കുന്നതിന് കാര്യമായി ഗുണം ചെയ്യും. കായിക വിനോദങ്ങള്‍ പോലുള്ള  ഏതെങ്കിലും ശാരീരികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ മാനസിക സൗഖ്യം വര്‍ദ്ധിപ്പിക്കുന്നതിനും അനാവശ്യമായി തലനീട്ടുന്ന ചിന്തകള്‍ ഒഴിവാക്കുന്നതിനും സഹായിക്കും. 
നിങ്ങളുടെ സഹായത്തിനായി നിങ്ങള്‍ക്ക് സ്വയം ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കുക എന്നതാണ്. നിങ്ങളുടെ സാധാരണ ചികിത്സ കൂടാതെ നിങ്ങള്‍ക്ക് ഒ സി ഡിയെ വിജയകരമായി നേരിടുന്നതിനായി ഒരു പ്രവര്‍ത്തന പദ്ധതി തയ്യാറാക്കാന്‍ അദ്ദേഹം നിങ്ങളെ സഹായിക്കും.

White Swan Foundation
malayalam.whiteswanfoundation.org