തകരാറുകൾ

ഫോബിയ (അസാധാരണമായ ഭയം)

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് ഫോബിയ?

A

 
ഭയമെന്നത്, നമ്മുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ഒരു സാഹചര്യത്തോടുള്ള നമ്മുടെ സ്വാഭാവികമായ പ്രതികരണമാണ്. പാമ്പിനെ പേടി,  വിമാനത്തില്‍ യാത്രചെയ്യുന്നതിനോടുള്ള ഭയം, ഇരുട്ടിനെ പേടി തുടങ്ങിയവ ആളുകള്‍ക്ക് ഉണ്ടാകാറുള്ള ചില പേടികളാണ്. എന്നാല്‍ ചില ആളുകള്‍ക്ക് ആസന്നമായേക്കാവുന്ന അപകടത്തെക്കുറിച്ച് അതിശയോക്തികലര്‍ന്ന, യുക്തിസഹമല്ലാത്ത ചിന്തയുണ്ടാകുകയും അത് ഗുരുതരമായ ഉത്കണ്ഠയിലേക്ക് നയിക്കുന്ന അസാധാരണ ഭയമായി മാറുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഉയരം പേടിയുള്ള ഒരാള്‍ നിരവധി നിലകളുള്ള ഒരു പൊക്കമുള്ള കെട്ടിടത്തില്‍ ഒട്ടും സുഖമില്ലാത്തവനും അസ്വസ്ഥനും വെറിപിടിച്ചവനുമായിത്തീരുന്നു. അതുപോലെ തന്നെ പാമ്പിനെ പേടിയുള്ളയാള്‍ ടെലിവിഷനില്‍ ഒരു പാമ്പിനെ കാണുമ്പോള്‍ തന്നെ പേടിച്ച് വിറയ്ക്കുകയും ഗുരുതരമായ ഉത്കണ്ഠയ്ക്ക് അടിപ്പെടുകയും ചെയ്യുന്നു. 

Q

ഫോബിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ?

A

 
ഫോബിയയുള്ള ആളുകള്‍ പൊതുവില്‍ താഴെ കാണുന്ന ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു : 
ന്മ തനിക്ക് പ്രത്യേകിച്ച് ഭീഷണിയൊന്നും ഉയര്‍ത്തുന്നില്ലെങ്കില്‍ പോലും  ചില വസ്തുക്കളോടും സാഹചര്യങ്ങളോടും യുക്തിക്ക് നിരക്കാത്ത രീതിയിലുള്ള അസാധാരണമായ പേടി. 
  •  ഭയമോ ഉത്കണ്ഠയോ ഉണ്ടാക്കിയേക്കാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നു.
  •  ഫോബിയ ഉണ്ടായാല്‍ നെഞ്ചിടിപ്പ് വര്‍ദ്ധിക്കല്‍, വല്ലാതെ വിയര്‍ക്കല്‍ അല്ലെങ്കില്‍ തലകറക്കം തുടങ്ങിയ ശാരീരികമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം. 
നിങ്ങളുടെ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, ഓഫീസിലെ സഹപ്രവര്‍ത്തകള്‍ എന്നിങ്ങനെ നിങ്ങള്‍ക്കു ചുറ്റുമുള്ള ആര്‍ക്കെങ്കിലും ഇത്തരം ലക്ഷണങ്ങള്‍ ഉള്ളതായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടേക്കാം. അത്തരക്കാരുണ്ടെങ്കില്‍ അവരോട് ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം തേടേണ്ടതിനെക്കുറിച്ച് സംസാരിക്കുക.

Q

ഫോബിയയ്ക്ക് കാരണമാകുന്നത് എന്താണ്?

A

 
 
  •  ആഘാതകരമായ സംഭവം : കുട്ടിക്കാലത്ത് ആഘാതകരമായ ഒരു അനുഭവം- ഉദാഹരണത്തിന് ഒരു പട്ടി കടിക്കുക- ഉണ്ടായിട്ടുള്ള ഒരാള്‍ക്ക് കുറേ നാള്‍ കഴിയുമ്പോള്‍ ഒരു ഫോബിയ ഉണ്ടായേക്കാം.
  •  കുടുംബ ചരിത്രം :   മാനസിക രോഗം ഉണ്ടായിരുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ഉത്കണ്ഠ അല്ലെങ്കില്‍ ഫോബിയ ഉണ്ടായേക്കാം എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്.ചിലപ്പോള്‍ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്ന അതേ ഫോബിയ (അസാധാരണമായ ഭയം) തന്നെ കുട്ടികള്‍ക്കും ഉണ്ടായേക്കും.
  •  ദീര്‍ഘകാലമായി തുടരുന്ന മാനസിക സംഘര്‍ഷം: ഇത് നിങ്ങളില്‍ ഉത്കണ്ഠയും ഭയവും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ചില സാഹചര്യങ്ങളെ വിജയകരമായി നേരിടാനുള്ള നിങ്ങളുടെ ശേഷി കുറയ്ക്കുകയും ചെയ്യും. കുറച്ചു നാള്‍ കഴിയുമ്പോള്‍ ഇതിന്‍റെ ഫലമായി ഒരു ഫോബിയ (അസാധാരണമായ ഭയം) വളര്‍ന്നു വന്നേക്കാം.
 

Q

ഫോബിയ എത്ര തരമുണ്ട് ?

A

 
ഫോബിയകളെ താഴെ പറയുന്ന വിധത്തില്‍ തരം തിരിച്ചിരിക്കുന്നു: 
  •  മൃഗങ്ങളോടുള്ള ഭയം (അനിമല്‍ ഫോബിയ): നായ, ഷഡ്പദങ്ങള്‍, പാമ്പ് തുടങ്ങിയ ജീവികളോടുള്ള ഭയം.
  •  സ്വാഭാവിക പരിതസ്ഥിതിയോടുള്ള ഭയം: ഉയരം, വെള്ളം, ഇരുട്ട് തുടങ്ങിയ സ്വാഭാവിക ചുറ്റുപാടുകളോടുള്ള ഭയം.
  •  സാഹചര്യപരമായ ഭയം :  ഒരു ലിഫ്റ്റില്‍ അല്ലെങ്കില്‍ എസ്കലേറ്ററില്‍ കയറുക, അല്ലെങ്കില്‍ വിമാനത്തില്‍ യാത്ര ചെയ്യുക തുടങ്ങിയ സാഹചര്യങ്ങളോടുള്ള ഭയം. 
  •  മറ്റ് ഫോബിയകള്‍ : രക്തം കണ്ടാല്‍ പേടിക്കുക, കുത്തിവെയ്പ്പെടുപ്പിക്കേണ്ടിവരുന്നതിനെ പേടിക്കുക, ശസ്ത്രക്രിയ, പരിക്കുപറ്റുന്നതിനോടുള്ള ഭയം തുടങ്ങിയവ.

Q

ഫോബിയയ്ക്ക് ചികിത്സ നേടല്‍

A

 
ഇത് തങ്ങളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തില്ലെന്നെന്ന് കരുതുന്നതിനാല്‍ ആളുകള്‍ പൊതുവില്‍ തങ്ങളുടെ അസാധാരണമായ ഭയങ്ങളെ (ഫോബിയ) അവഗണിക്കുകയാണ് ചെയ്യുന്നത്. അവര്‍ അതോടൊപ്പം തന്നെ ഫോബിയ സൃഷ്ടിച്ചേക്കാവുന്ന സാഹചര്യളോട് പ്രതിരോധപരമായ സമീപനം പുലര്‍ത്തുകയും അവയെ  ഒഴിവാക്കുകയും ചെയ്യുന്നു. എന്തായാലും ഇതൊന്നും ഒരു  പരിഹാരമല്ല. നിങ്ങള്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം തേടണം എന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം. 
ഇതിനുള്ള ചികിത്സയില്‍ മരുന്നും തെറാപ്പിയും അതല്ലെങ്കില്‍ രണ്ടും ചേര്‍ന്ന ഒരു സംയുക്ത ചികിത്സയും ഉള്‍പ്പെടുന്നു. സാധാരണയായി തെറാപ്പിയില്‍ ഫോബിയയുള്ള വ്യക്തിയെ നിയന്ത്രിതമായ ഒരു പരിതസ്ഥിയില്‍  അയാളുടെ ഫോബിയ്ക്ക് കാരണമായ സാഹചര്യത്തിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്.
 

Q

ഫോബിയയുള്ള ഒരാളെ പരിചരിക്കല്‍

A

 
പരിചരണം നല്‍കുന്നയാള്‍ എന്ന നിലയ്ക്ക്, ഫോബിയയുള്ള വ്യക്തിക്ക് വളരെയധികം പിന്തുണ ആവശ്യമുണ്ട് എന്ന കാര്യം നിങ്ങള്‍ തിരിച്ചറിയണം. അതുപോല തന്നെ അവര്‍ അനുഭവിക്കുന്ന ഭയവും ഉത്കണ്ഠയും വളരെ സത്യസന്ധമാണ് അതിനാല്‍ അതിന്‍റെ പേരില്‍ അവരെ  അവഗണിക്കുകയോ പരിഹസിക്കുകയോ ചെയ്യരുത്. വിദഗ്ധ സഹായം തേടാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ അവരുടെ പേടിയെക്കുറിച്ച് ആ വ്യക്തിയോട് സംസാരിക്കാനും അസ്വസ്ഥത ഉണ്ടാകുന്ന സമയത്ത് അവര്‍ക്ക് സഹായകമാകുന്നത് എന്താണെന്ന് കണ്ടെത്താനും ശ്രമിക്കണം. അവരുടെ അസാധാരണമായ ഭീതി (ഫോബിയ) വര്‍ദ്ധിപ്പിച്ചേക്കാവുന്ന ഒരു സാഹചര്യത്തിലേക്കും അവരെ നിര്‍ബന്ധപൂര്‍വം വലിച്ചിഴയ്ക്കാന്‍ ശ്രമിക്കരുത്.

Q

ഫോബിയയെ വിജയകരമായി നേരിടല്‍

A

 
നിങ്ങളുടെ അസാധാരണമായ ഭീതിയെ വിജയകരമായി നേരുന്നതിനായി നിങ്ങള്‍ ഒരു ഫോബിയാ അക്രമണത്തിന്‍റെ ഒരു ഘട്ടത്തില്‍ ഉണ്ടാകുന്ന ഉത്കണ്ഠയേയും സംഭ്രമത്തേയും എങ്ങനെ കൈകാര്യം ചെയ്യാനാകും എന്ന് പഠിക്കണം. ക്രമേണ ഇത് നിങ്ങളുടെ ഭയത്തിനുമേല്‍  കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ നിങ്ങളെ സഹായിക്കും. വിശ്രാന്തി നേടുന്നതിനുള്ള 'ടെക്നിക്കു'കളും മറ്റും ഇക്കാര്യത്തില്‍ നിങ്ങളെ വളരെയധികം സഹായിക്കും. ഒരു സഹായക സംഘത്തില്‍ ചേരുകയും നിങ്ങളുടെ അതേ പ്രശ്നം അനുഭവിക്കുന്നവരുമായി സംസാരിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് നിങ്ങളുടെ പേടികളെ യുക്തിപരമായി വ്യാഖ്യാനിക്കാനും മനസിലാക്കാനും സഹായിക്കും. എന്നാല്‍ മേല്‍പ്പറഞ്ഞവയൊന്നും ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കും സഹായത്തിനും പകരമാകുന്നില്ല- അതായിരിക്കണം ഫോബിയയെ മറികടക്കാന്‍ നിങ്ങള്‍ ചെയ്യേണ്ട ആദ്യത്തെ പ്രവര്‍ത്തി - എന്നോര്‍ക്കുക. 
 

White Swan Foundation
malayalam.whiteswanfoundation.org