തകരാറുകൾ

ആഘാതകരമായ സംഭവത്തിന് ശേഷമുള്ള മാനസിക സമ്മര്‍ദ്ദം

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് ആഘാതാനന്തര മാനസിക സമ്മര്‍ദ്ദ തകരാര്‍ (പി റ്റി എസ് ഡി )?

A

 
 
ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്നവര്‍ക്ക്, അല്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളവര്‍ക്ക് അതിനെക്കുറിച്ചുള്ള ഓര്‍മ്മകളും ആ സംഭവത്തേക്കുറിച്ച് പിന്നീട് പറയുന്നതും മറ്റും പലപ്പോഴും അവരില്‍ ഇടയ്ക്കിടക്ക് വലിയ ഉത്കണ്ഠയും ഭയവും ഉണ്ടാകുന്നതിന് പ്രേരകശക്തിയാകാറുണ്ട്. ഈ സംഭവങ്ങളില്‍ ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങള്‍, ഗുരുതരമായ അപകടങ്ങള്‍, യുദ്ധങ്ങള്‍, അല്ലെങ്കില്‍ ഭൂകമ്പം, സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. കുറച്ചു നാള്‍ കഴിയുകയും ശരിയായ പരിചരണം ലഭിക്കുകയും ചെയ്താല്‍ ഈ തകരാറിന് വിധേയരാകുന്നവര്‍ സാധാരണ ഗതിയില്‍ വേഗം സുഖപ്പെടും, ഉത്കണ്ഠയും ഭയവും കുറയുകയും അവര്‍ ദൈനംദിന ജീവിതത്തോട് പെരുത്തപ്പെടുകയും ചെയ്യും.
എന്നാല്‍ ചില ആളുകള്‍ക്ക് ഈ ഓര്‍മ്മകള്‍ വലിയ ദുരിതത്തിന് കാരണമാകാറുമുണ്ട്. ഈ വ്യക്തികള്‍ക്ക്  ആഘാതകരമായിരുന്ന ആ സംഭവത്തെക്കുറിച്ച്  നിയന്ത്രിക്കാനാവാത്ത വിധം ചിന്തയുണ്ടാകുകയും അത് ഗുരുതരമായ മാനസിക സംഘര്‍ഷത്തിനും ഭയത്തിനും കാരണമാകുകയും ചെയ്യും. ഇവര്‍ അതുമൂലം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ ശേഷിയില്ലാത്തവരായി മാറിയേക്കും. ഈ അവസ്ഥയുള്ള ആളുകളെയാണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ (പി റ്റി എസ് ഡി - അഥവാ ആഘാതാനന്തര മാനസിക സംഘര്‍ഷം) അനുഭവിക്കുന്നവര്‍ എന്ന് പറയുന്നത്. ഉദാഹരണത്തിന് ഒരാള്‍ക്ക് ഏതാണ്ട് അതി ഗുരുതരമായ ഒരു റോഡപകടം ഉണ്ടായി എന്ന് കരുതുക. ആ അപകടത്തെക്കുറിച്ച് അവര്‍ക്ക് ഇടയ്ക്കിടയ്ക്ക് വളരെ ശക്തമായ ഓര്‍മ്മ ഉണ്ടായിക്കൊണ്ടിരിക്കും. ഈ ഓര്‍മ്മകള്‍ വളരെ യാഥാര്‍ത്ഥ്യമായി തോന്നുകയും ആ വ്യക്തിക്ക്  അപ്പോള്‍, ആ നിമിഷത്തില്‍ അപകടം നടക്കുന്നതായി അനുഭവപ്പെടുകയും ചെയ്തേക്കും. മുന്‍പ് നടന്ന സംഭവത്തെക്കുറിച്ചുള്ള ഈ ഓര്‍മ്മ ഇവരില്‍ ഇടയ്ക്കിടയ്ക്ക് കടുത്ത ഉത്കണ്ഠയ്ക്കും മാനസിക സംഘര്‍ഷത്തിനും ഭയത്തിനും കാരണമാകുകയും ചെയ്യും.

Q

എന്തൊക്കെയാണ് പി റ്റി എസ് ഡിയുടെ ലക്ഷണങ്ങള്‍?

A

 
പി റ്റി എസ് ഡിയുള്ള ആളുകള്‍ക്ക് കടുത്ത ഉത്കണ്ഠയും ഭയവും അനുഭവപ്പെടും. പി റ്റി എസ് ഡിയുടെ ചില സാധാരണ സൂചനകള്‍ താഴെ പറയുന്നു.
  •  ആ സംഭവം വീണ്ടും അനുഭവിക്കല്‍: ഈ വ്യക്തിക്ക് ഒരിക്കല്‍ തനിക്ക് ആഘാതം ഉണ്ടാക്കിയ സംഭവത്തെക്കുറിച്ച് ദുഃസ്വപ്നങ്ങളും ശക്തമായ ഓര്‍മ്മയും ഉണ്ടാകുന്നു, ഇതവരില്‍ വീണ്ടും ആഘാതം ഉണ്ടാക്കുന്നു.ഈ അവസ്ഥ അവരെ വിയര്‍ക്കല്‍, പിടച്ചില്‍, കിതപ്പ്, നെഞ്ചിടിപ്പ്, ഓക്കാനം, അല്‍പനേരത്തേക്ക് അതിയായ ഉത്കണ്ഠ, സംഭ്രമം തുടങ്ങിയ കഠിനമായ ശാരീരിക പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും.
  •  ഒഴിവാക്കല്‍ പ്രവണത : ഈ വ്യക്തി സ്വൈരംകെടുത്തുന്ന ആ ഓര്‍മ്മകള്‍ ഉണ്ടായേക്കാം എന്ന ഭയംമൂലം  ആഘാതകരമായ ആ സംഭവവുമായി ബന്ധപ്പെട്ട സ്ഥലം, സാഹചര്യം,സംസാരം തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കാനുള്ള പ്രവണത പ്രകടിപ്പിച്ചേക്കും.
  •  അമിത ജാഗ്രത പുലര്‍ത്തല്‍ : ഈ വ്യക്തി തുടര്‍ച്ചയായി അതീവ ജാഗ്രത പുലര്‍ത്തുകയും വളരെ സുരക്ഷിതമായ സാഹചര്യത്തില്‍ പോലും എപ്പോഴും അപകടം ഉണ്ടാകുമോ എന്ന് ശ്രദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തേക്കും. ഇവര്‍ക്ക് നന്നായി ഉറങ്ങാന്‍ കഴിഞ്ഞേക്കില്ല, അതുപോലെ തന്നെ ഇവര്‍ പെട്ടന്ന് പേടിച്ച് വിറയ്ക്കുകയും ചെയ്തേക്കാം.
  •  വൈകാരികമായ അകല്‍ച്ച: ഇവര്‍ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകന്നു നില്‍ക്കുകയും മുമ്പ് ആസ്വദിച്ചിരുന്ന കാര്യങ്ങളില്‍ താല്‍പര്യമില്ലാത്തവരായി മാറുകയും  ചെയ്തേക്കും. 
പി റ്റി എസ് ഡിയുള്ള ആളുകള്‍ക്ക് മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളായ വിഷാദരോഗം, കടുത്ത ഉത്കണ്ഠ, മയക്കുമരുന്നുപയോഗം തുടങ്ങിയവയും ചില കേസുകളില്‍ ആത്മഹത്യാ  പ്രവണതപോലും ഉണ്ടായേക്കാം. നിങ്ങള്‍ക്ക് അറിയാവുന്ന ആര്‍ക്കെങ്കിലും ഈ ലക്ഷണങ്ങള്‍ ഉള്ളതായി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവരോട് അവരുടെ തകരാറിനെക്കുറിച്ച് സംസാരിക്കുകയും ഒരു വിദഗ്ധന്‍റെ സഹായം തേടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യണം.

Q

പി റ്റി എസ് ഡിക്ക് കാരണമാകുന്നത് എന്ത്?

A

 
ഒരാള്‍ക്ക് തന്‍റെ ജീവനെ അപായപ്പെടുത്തുന്നത്, അല്ലെങ്കില്‍  ശാരീരികമോ ലൈംഗികമോ ആയ അക്രമം അനുഭവിക്കേണ്ടിവരുകയോ അതിന് സാക്ഷിയാകുകയോ ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കില്‍ അയാളില്‍ പി റ്റി എസ് ഡി ഉണ്ടായേക്കാം. ഉത്കണ്ഠയ്ക്ക് അല്ലെങ്കില്‍ വിഷാദ രോഗത്തിന് ഉള്ള വലിയ സാധ്യതയോടെ ജനിച്ചവരും ഇതിന് എളുപ്പത്തില്‍ വിധേയരായേക്കാം. ഒരിക്കല്‍ നേരിട്ട ആഘാതത്തിന്‍റെ ദൈര്‍ഘ്യവും ഗുരുതരാവസ്ഥയും ഒരു ഘടകമായേക്കാം. ചില കേസുകളില്‍ തലച്ചോറ് സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യുന്ന രീതിയും കാരണമാകാറുണ്ട്. പി റ്റി എസ് ഡിക്ക് കാരമാകുന്ന ഒരു ഒറ്റക്കാരണം ഇല്ല,  സാധാരണയായി വിവിധ കാരണങ്ങള്‍ കൂടിക്കലര്‍ന്നാണ് ഇതുണ്ടാകുന്നത്. 

Q

പി റ്റി എസ് ഡിയ്ക്ക് ചികിത്സ നേടല്‍

A

 
വളരെ ആഘാതകരമായ ഒരു സംഭവത്തിന് തൊട്ടുപുറകേ പി റ്റി എസ് ഡിയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെടുക സാധാരണമാണ്. മിക്കവാറും ആളുകള്‍ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ ഈ പ്രശ്നത്തെ അതിജീവിക്കുകയും മുന്നോട്ടുപോകാനുള്ള ശേഷി കൈവരിക്കുകയും ചെയ്യും. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ആ സംഭവം കഴിഞ്ഞ് പിന്നേയും ഏറെ നാള്‍ നിലനിന്നാല്‍ നിങ്ങള്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണണം.
പി റ്റി എസ് ഡിയ്ക്കുള്ള ചികിത്സ പ്രാഥമികമായി തെറാപ്പിയിലാണ് ശ്രദ്ധവെയ്ക്കുന്നത്, മുഖ്യമായി ധാരണാ സംബന്ധമായ പെരുമാറ്റ ചികിത്സ (കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി- സി ബി റ്റി) യിലും എക്സപോഷര്‍  തെറാപ്പി (സമാന അനുഭവ സാഹചര്യത്തെ അഭിമുഖീകരിക്കുന്ന തെറാപ്പി) യിലും.  അസ്വസ്ഥതയും പേടിയും ഉണ്ടാക്കുന്നതിനാല്‍ ഈ വ്യക്തി സാധാരണ ഒഴിവാക്കാന്‍ ശ്രമിക്കുന്ന ആ ആഘാതകരമായ സംഭവത്തെക്കുറിച്ചുള്ള ചിന്തകളെ നേരിടാന്‍ ശീലിപ്പിക്കുകയാണ് ഈ തെറാപ്പിയില്‍ ചെയ്യുന്നത്. ഈ ചിന്തകളിലേക്ക് വീണ്ടും വീണ്ടും ഇറങ്ങിച്ചെല്ലുന്നതിലൂടെ  അവ മൂലം ഉണ്ടാകുന്ന മനക്ലേശം കുറയുന്നു.  വിഷാദരോഗത്തേയും ഉത്കണ്ഠയേയും കൈകാര്യം ചെയ്യാനും ഉറക്കക്കുറവുള്ളവര്‍ക്കും  മരുന്ന് നല്‍കുകയും ചെയ്യും.

Q

പി റ്റി എസ് ഡിയുള്ള വ്യക്തിയെ പരിചരിക്കല്‍

A

 
പി റ്റി എസ് ഡിയുള്ള വ്യക്തിക്ക് വളരെയധികം പിന്തുണയും ക്ഷമയും ആവശ്യമുണ്ട്. വൈകാരികമായ പിന്‍വലിയല്‍ പി റ്റി എസ് ഡിയുടെ ഭാഗമാണ് എന്ന കാര്യം നിങ്ങള്‍ മനസിലാക്കണം എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ അസുഖത്തെക്കുറിച്ച് അറിവ് നേടുന്നത് ആ വ്യക്തി കടന്നു പോകുന്ന അവസ്ഥയെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കാന്‍ നിങ്ങളെ സഹായിക്കും. ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ നിങ്ങളും കൂടെ ചെല്ലാമെന്ന് പറയുക, ഇത് നിങ്ങളുടെ സഹായ സന്നദ്ധത പ്രകടിപ്പിക്കലും അതോടൊപ്പം തന്നെ നിങ്ങള്‍ക്ക് ഈ തകരാറ് മനസിലാക്കാനുള്ള വഴിയുമാണ്. ഇതിലെല്ലാം ഉപരിയായി വിദഗ്ധ സഹായം തേടാന്‍ നിങ്ങളവരെ പ്രോത്സാഹിപ്പിക്കണം, പക്ഷെ അതൊരിക്കലും ഒരു അടിച്ചേല്‍പ്പിക്കലാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

Q

പി റ്റി എസ് ഡിയെ വിജയകരമായി നേടില്‍

A

 
 നിങ്ങള്‍ക്ക് പി റ്റി എസ് ഡിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ എത്രയും നേരത്തേ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണണം. ചികിത്സകള്‍ വളരെ ഫലപ്രദമായവയാണ്, എത്ര നേരത്തേ നിങ്ങള്‍ സഹായം തേടുന്നോ അത്രവും നേരത്തേ  സുഖപ്പെടുകയും ചെയ്യും. നിങ്ങളോട് ഏറ്റവും അടുത്ത ബന്ധമുള്ള ആളുകളോട്, അല്ലങ്കില്‍ സമാനമായ പ്രശ്നമുള്ളവരോട് സംസാരിക്കുന്നത് ആഘാതം ലഘൂകരിക്കാന്‍ വലിയതോതില്‍ സഹായകരമായേക്കും. മതിയായ വിശ്രമവും വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലവും ഉള്ള  ഒരു നല്ല ദിനചര്യ പരിപാലിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും സഹായകരമാകും. 

White Swan Foundation
malayalam.whiteswanfoundation.org