തകരാറുകൾ

സ്കിസോഫ്രീനിയ

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് സ്കിസോഫ്രീനിയ ?

A

 
സ്കിസോഫ്രീനിയ എന്നത് പലതരം അസാധാരണമായ പെരുമാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ഗുരുതരമായ മാനസിക തകരാറാണ്. ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക, യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ കാണുക, വിചിത്രവും ഭ്രമാത്മകവുമായ വിശ്വാസങ്ങള്‍ പുലര്‍ത്തുക തുടങ്ങിയ കാര്യങ്ങളാണ് സ്കിസോഫ്രീനിയ മൂലം ഒരു വ്യക്തിയില്‍ ഉണ്ടാകുന്നത്. ഇവര്‍ക്ക് സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാതെ വരും. മറ്റുള്ളവര്‍ ഇവരെ സ്വന്തം ലോകത്ത് സ്വയം നഷ്ടപ്പെട്ടവരായി കാണുമ്പോള്‍ ഇവര്‍ക്കാകട്ടെ  ഈ അസാധാരണ അനുഭവങ്ങള്‍ സത്യത്തില്‍ ഉള്ളതായി തോന്നുന്നു. 
ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ മൂലം സ്കിസോഫ്രീനിയയുള്ള ഒരാള്‍ മറ്റുള്ളവര്‍ക്ക് വിചിത്രമോ അസാധാരണമോ ആയി തോന്നിയേക്കാവുന്ന തരത്തില്‍ യാഥാര്‍ത്ഥ്യത്തെ വ്യാഖ്യാനിക്കുന്നു. മറ്റുള്ളവര്‍ തങ്ങളെ നിയന്ത്രിക്കാന്‍ അല്ലെങ്കില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്ന് ഇവര്‍ വിശ്വസിച്ചേക്കാം. അതുകൊണ്ടുതന്നെ സ്വയരക്ഷക്കായി പലതും ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാകുകയും അത് കാണുന്ന മറ്റുള്ളവര്‍ക്ക് ഇവര്‍ എന്തുകൊണ്ടാണിങ്ങനെ ചെയ്യുന്നതെന്ന് പിടികിട്ടാത്തപോകുകയും ചെയ്യുന്നു. ഉദാഹരണത്തിന്, കുടുംബത്തെ കൊലപ്പെടുത്താന്‍ അല്ലെങ്കില്‍ ഉപദ്രവിക്കാനുള്ള അയല്‍ക്കാരുടെ ശ്രമത്തില്‍ നിന്ന് അവരെ രക്ഷിക്കാന്‍ എന്നമട്ടില്‍  വീട്ടിലെ എല്ലാ വാതിലുകളും ജനലുകളും അടച്ചുപൂട്ടിവെയ്ക്കും.
സ്കിസോഫ്രീനിയയുള്ള വ്യക്തികള്‍ക്ക് തങ്ങളുടെ പെരുമാറ്റത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അവബോധമുണ്ടായേക്കില്ല. തങ്ങള്‍ വ്യത്യസ്തമായാണ് പെരുമാറുന്നതെന്ന് അവര്‍ സമ്മതിക്കുകയുമില്ല. അതിന് കാരണം അവരെ സംബന്ധിച്ചിടത്തോളം ആന്തരികവും ബാഹ്യവുമായ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ഇടയ്ക്കുള്ള വരകള്‍ വളരെ മങ്ങിയതായിരിക്കും, അതിനാല്‍ അവര്‍ക്ക് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വേര്‍തിരിച്ചറിയാന്‍ ശേഷിയില്ലായിരിക്കും എന്നതാണ്. ഉള്‍ക്കാഴ്ചയില്‍ ഉണ്ടാകുന്ന ഈ കുറവ് അവര്‍ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്‍വലിയുന്നതിന് കാരണമാകുകയും അവര്‍ വൈദ്യസഹായം നേടാന്‍ വിസമ്മതിക്കുകയും ചെയ്യും. 

Q

എന്താണ് സ്കിസോഫ്രീനിയ അല്ലാത്തത് ?

A

 
നമ്മളില്‍ ഭൂരിപക്ഷം പേരും ചപ്രച്ച തലമുടിയും കീറിയ വസ്ത്രവും ഒക്കെയായി ഒരു പരുക്കന്‍ പ്രകൃതമുള്ള ആളെ മനസില്‍ സങ്കല്‍പ്പിച്ചുകൊണ്ടാണ് 'സ്കിസോഫ്രീനിയ' എന്ന വാക്ക് ഉച്ചരിക്കുന്നത്. അതായത് എങ്ങനെയായിരിക്കും എന്ന് മുന്‍കൂട്ടി പറയാന്‍ കഴിയാത്തതരത്തിലുള്ള പെരുമാറ്റവും അക്രമാസക്തിയുമുള്ള ,സ്വന്തം പ്രവര്‍ത്തികള്‍ നിയന്ത്രിക്കാന്‍ കഴിവില്ലാത്ത ഒരാള്‍ എന്നതാണ് സ്കിസോഫ്രീയിയക്കാരെക്കുറിച്ചുള്ള നമ്മുടെ വിചാരം. അതല്ലെങ്കില്‍ പറക്കും തളികകളുമായി ആശയവിനിമയം നടത്തുന്ന, അല്ലെങ്കില്‍ ബാധകൂടിയതുപോലെ പെരുമാറുന്ന ഒരാള്‍. സിനിമകളില്‍ സ്കിസോഫ്രീനിയയുള്ളവരെ അവതരിപ്പിക്കുന്നത് കിറുക്കനായ പ്രതിഭാശാലി അല്ലെങ്കില്‍ ഭ്രാന്തനും അക്രമാസക്തനുമായ ആള്‍, ബാക്കിയുള്ള ജീവിത കാലം മുഴുവന്‍ ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തില്‍ ചങ്ങലയ്ക്കിടേണ്ടുന്ന വ്യക്തി എന്നൊക്കെയുള്ള തരത്തിലാണ്.
ഇന്ത്യയില്‍, സ്കിസോഫ്രീനിയുള്ള വ്യക്തിയെക്കുറിച്ചുള്ള പൊതുധാരണ ഭ്രാന്തന്‍, നിയന്ത്രിക്കാന്‍ പറ്റാത്തവന്‍, അവനവനും ചുറ്റുമുള്ള മറ്റുള്ളവര്‍ക്കും ഭീഷണിയായിട്ടുള്ളവര്‍ എന്നൊക്കെയാണ്. മാധ്യമങ്ങള്‍ ഈ തകരാറിനെ ചിത്രീകരിക്കുന്നത് ശരിയായിട്ടല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Q

എങ്ങനെയാണ് സ്കിസോഫ്രീനിയ ഉണ്ടാകുന്നത് ?

A

 
സ്കിസോഫ്രീനിയയുടെ ആക്രമണം സാധാരണ ഉണ്ടാകുന്നത് യൗവ്വനാരംഭകാലത്തിനും (കൗമാരത്തിന് തൊട്ടുമുമ്പ്) യൗവ്വനകാലത്തിനും ഇടയ്ക്കാണ്.ഇത് ഒരാഴ്ച മുതല്‍ ഒരുമാസം വരെയുള്ള കാലത്തിനിടയ്ക്ക് ക്രമേണ വികസിച്ചു വരുന്ന ഒരവസ്ഥയാണ്. സ്കിസോഫ്രിനിയയുടെ പ്രാരംഭഘട്ടത്തിലുള്ള ലക്ഷണങ്ങള്‍ വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ മറ്റ് മനോരോഗങ്ങളുടെ ലക്ഷണങ്ങളോട് സാദൃശ്യമുള്ളവ തന്നെയായേക്കാം.
രോഗത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ഈ വ്യക്തി സുഹൃത്തുക്കളില്‍ നിന്നും കുടുംബാഗങ്ങളില്‍ നിന്നും, ഒഴിഞ്ഞ്, പിന്‍വലിഞ്ഞ് നില്‍ക്കുന്നവനും  അകന്നു നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നവനും ആയിരിക്കുക തുടങ്ങിയ  'പ്രതികൂല ലക്ഷണങ്ങള്‍' കാണിച്ചേക്കാം. ഇവര്‍ക്ക്  ദൈനംദിന പ്രവര്‍ത്തികളോടും മുമ്പ് അവര്‍ ആസ്വദിച്ചിരുന്ന വിനോദങ്ങളോടും താല്‍പര്യം നഷ്ടപ്പെട്ടേക്കാം. അതുപോലെ തന്നെ മുമ്പ് വളരെയധികം ശ്രദ്ധവെച്ചിരുന്ന അണിഞ്ഞൊരുങ്ങലിലും ശുചിത്വത്തിലും ഇവര്‍ക്ക് താല്‍പര്യം നഷ്ടപ്പെട്ടേക്കാം. അവരുടെ പെരുമാറ്റത്തിലും മാറ്റങ്ങള്‍ ഉണ്ടാകും- ഇവര്‍ പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ പുഞ്ചിരിക്കുകയോ പൊട്ടിച്ചിരിക്കുകയോ ചെയ്തേക്കാം.
ഈ അവസ്ഥ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ പ്രശ്നം വഷളാകുകയും വ്യക്തി സംസാരത്തിലും ശാരീരികമായും അക്രമാസക്തനാകുകയും ചെയ്യും.
ലോകത്താകെയായി ജനസംഖ്യയുടെ ഒരു ശതമാനം പേര്‍ക്ക് സ്കിസോഫ്രീനിയ ബാധിച്ചിട്ടുള്ളതായും ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഉള്ളതായും കണ്ടുവരുന്നു. സാധാരണയായി ഈ രോഗം പിടികൂടുന്നത്  15വയസിനും  25 വയസിനും ഇടയിലുള്ള പ്രായത്തിലാണ്. എന്നാല്‍ ഈ പ്രായത്തിനു ശേഷവും ഈ തകരാര്‍ ഉണ്ടായിട്ടുള്ള കേസുകളും ഉണ്ട്.

Q

എന്തൊക്കെയാണ് സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങള്‍ ?

A

 
 സ്കിസോഫ്രീനിയയുള്ള ഒരാള്‍ എപ്പോഴും അസാധാരണമായ തരത്തില്‍ പെരുമാറണം എന്നില്ല. ഇതിന്‍റെ ലക്ഷണങ്ങള്‍ എപ്പോള്‍ പ്രത്യക്ഷപ്പെടുമെന്നോ അപ്രത്യക്ഷമാകുമെന്നോ മുന്‍കൂട്ടി പറയാനാകില്ല. അതുപോലെ തന്നെ ഈ അസാധാരണ പെരുമാറ്റത്തിന്‍റെ തീവ്രത ഏറിയും കുറഞ്ഞുമിരിക്കും.
ഏറ്റവും പൊതുവായുള്ള ചില  ലക്ഷണങ്ങള്‍ താഴെ പറയുന്നു :
 • മതിഭ്രമം : ഇല്ലാത്ത  ആളുകളെയും വസ്തുക്കളേയും  കാണുകയോ ഇല്ലാത്ത കാര്യങ്ങള്‍ കേള്‍ക്കുകയോ ചെയ്യല്‍. സ്കിസോഫ്രീനിയ ഉള്ള വ്യക്തികള്‍ക്ക് യഥാര്‍ത്ഥത്തില്‍ അടുത്തില്ലാത്ത ചിലതിന്‍റെ രുചിയും ഗന്ധവും സ്പര്‍ശവും അനുഭവപ്പെട്ടേക്കാം. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന മിക്കവാറും പേര്‍  തങ്ങളോട് സംസാരിക്കുന്ന, ആജ്ഞാപിക്കുന്ന, ശകാരിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി പറഞ്ഞിട്ടുണ്ട്.
 •   മിഥ്യാബോധം :  ഒരു കാര്യം തെറ്റാണെന്നോ യുക്തിരഹിതമാണെന്നോ തെളിയിക്കപ്പെട്ടാലും അവയിലുള്ള വിശ്വാസം നിലനില്‍ക്കുന്നു. ഈ രോഗമുള്ള ചിലര്‍  അവര്‍ക്ക് അറിയാവുന്ന ആരോ അവരെ നിയന്ത്രിക്കാന്‍ അല്ലെങ്കില്‍ വിഷംകൊടുത്ത് കൊല്ലാന്‍ ശ്രമിക്കുന്നതായി കരുതുന്നു, ചിലര്‍ ആരോ തങ്ങളോട് വിദൂരത്തിലിരുന്നുകൊണ്ട് ഒരു രഹസ്യ ഭാഷയിലൂടെ ആശയവിനിമയം നടത്തുന്നതായി വിശ്വസിച്ചേക്കാം. ഈ രോഗമുള്ള വ്യക്തിക്ക്  എല്ലാവരും തന്നെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണെന്ന് തോന്നുകയും ഇയാള്‍ എപ്പോഴും വലിയ സംശയാലുവായിരിക്കുകയും ചെയ്തേക്കാം. അപൂര്‍വം കേസുകളില്‍, ഈ രോഗമുള്ള വ്യക്തി താനൊരു പ്രസിദ്ധനായ വ്യക്തിയാണെന്ന് അല്ലെങ്കില്‍ ചരിത്ര കഥാപാത്രമാണെന്ന് വിശ്വസിച്ചേക്കാം.
 •  ക്രമരഹിതമായ ചിന്ത:  ചിലപ്പോള്‍ ഈ വ്യക്തിക്ക് വ്യക്തമായി ചിന്തിക്കാന്‍ കഴിയാതെ വരും. അവരുടെ സംസാരം യുക്തിസഹമല്ലാത്തതും അപ്രസക്തവും പരസ്പരബന്ധമില്ലാത്തുമായേക്കാം. ഇത് ചുറ്റുമുള്ളവര്‍ക്ക് മനസിലാകുന്നില്ല. ഈ വ്യക്തി സംസാരിച്ചുകൊണ്ടിരിക്കെ ഒരു വാചകം പൂര്‍ത്തിയാക്കാതെ അപ്രതീക്ഷിതമായി നിര്‍ത്തിയേക്കാം, ചോദ്യങ്ങള്‍ക്ക് അപ്രസക്തമായ ഉത്തരങ്ങള്‍ പറഞ്ഞേക്കാം, അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് അവരുടെ സ്വന്തമായ ചില നിരര്‍ത്ഥക/അബദ്ധപൂര്‍ണമായ വാക്കുകള്‍ പറഞ്ഞേക്കാം.
 മേല്‍പറഞ്ഞ ലക്ഷണങ്ങളെ പ്രത്യക്ഷ ലക്ഷണങ്ങള്‍ (പോസറ്റീവ് ലക്ഷണങ്ങള്‍) എന്ന് പറയുന്നു.
 •  തിരിച്ചറിയല്‍ (ധാരണ) സംബന്ധിച്ച പ്രശ്നങ്ങള്‍ : ഈ വ്യക്തിയുടെ തകരാറുള്ള ചിന്തകള്‍മൂലം  ലളിതമായ പ്രവര്‍ത്തികളില്‍ ഏറെനേരത്തേക്ക് ശ്രദ്ധയൂന്നുക എന്നത് ഇവര്‍ക്ക് പ്രയാസമാക്കും. മറ്റുള്ളവര്‍ പറയുന്നതില്‍ ശ്രദ്ധകൊടുക്കുക എന്നത് ഇവര്‍ക്ക് ബുദ്ധിമുട്ടാകും. അതുപോലെ തന്നെ ലളിതമായ ദിനചര്യകള്‍ ചെയ്യാനും ഇവര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടേക്കാം. ഇത്  ജോലിയില്‍ അല്ലെങ്കില്‍ പഠനത്തിലുള്ള അവരുടെ പ്രകടനം മോശമാക്കും. ഈ പ്രശ്നം രോഗത്തിന്‍റെ പ്രാരംഭ ഘട്ടത്തിലേ കാണപ്പെടുമെങ്കിലും രോഗത്തെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതിനാല്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇത് തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടേക്കാം.
 •  സാധാരണ പെരുമാറ്റത്തിലുണ്ടാകുന്ന തടസം : ഈ വ്യക്തി മറ്റുള്ളവരോടൊപ്പം സമയം ചെലവഴിക്കുന്നത് ഒഴിവാക്കാനുള്ള പ്രവണത കാണിക്കുകയും ഒറ്റയ്ക്കാകാന്‍ ആഗ്രഹിക്കുകയും ചെയ്തേക്കാം. ഇവര്‍ വളരെ പതിഞ്ഞ വിരസമായ സ്വരത്തില്‍ പലപ്പോഴും ഒറ്റവാക്കില്‍ സംസാരിക്കുകയും ഇവരുടെ മുഖത്തെ ഭാവം മുഖംമൂടിയുടേതുപോലെ നിര്‍വികാരമായിരിക്കുകയും ചെയ്തേക്കാം.

Q

മനോവിഭ്രാന്തിയുടേയും മനോരോഗത്തിന്‍റേയും പരമ്പരയിലെ ഭാഗങ്ങള്‍ എന്തൊക്കെ?

A

 
 
സൈക്കോസിസ് (മനോവിഭ്രാന്തി) എന്ന വാക്ക് പലപ്പോഴും സ്കിസോഫ്രീനിയയെയും മറ്റ് ചില ഗുരുതരമായ മാനസിക തകരാറുകളേയും സൂചിപ്പിക്കാന്‍ ഉപയോഗിച്ചു പോരുന്നുണ്ട്. ഈ വാക്ക് സൂചിപ്പിക്കുന്നത് ഒരു വ്യക്തിക്ക് യാഥാര്‍ത്ഥ്യവുമായുള്ള ബന്ധം വിട്ടുപോകുന്ന (യഥാര്‍ത്ഥത്തിലുള്ള കാര്യങ്ങളും സങ്കല്‍പ്പത്തിലുള്ള കാര്യങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിവില്ലാതെ വരുക) ഒരു മാനസികാവസ്ഥയാണ്. ഇത് അവരുടെ മാനോഭാവത്തേയും പെരുമാറ്റത്തേയും ബാധിക്കുകയും അവര്‍ പിന്‍വലിഞ്ഞ് നില്‍ക്കുന്നതിന് അല്ലെങ്കില്‍ വിഷാദത്തിന് അടിപ്പെടുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഒരു വ്യക്തി മതിഭ്രമവും മിഥ്യാബോധവും അനുഭവിക്കുകയും അത് ഭയം, സംശയം, ബഹളം, വിഷാദം തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. 
 
സൈക്കോട്ടിക് എപ്പിസോഡ് (മനോരോഗം പ്രത്യക്ഷമായി കാണുന്ന ഘട്ടം)  എന്നാല്‍ ഒരു വ്യക്തിക്ക് വളറെ ശക്തമായ മിഥ്യാബോധം അല്ലെങ്കില്‍ മതിഭ്രമം ബാധിക്കുന്ന അവസ്ഥയാണ്. ഈ സൈക്കോട്ടിക്ക് അവസ്ഥയുടെ ഗുരുതരാവസ്ഥയും  ഇത് ആര്‍ത്തിക്കപ്പെടുന്ന ഇടവേളകളുടെ കാലദൈര്‍ഘ്യവും ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കാം. മറ്റ് സമയങ്ങളില്‍ ഈ വ്യക്തി പൂര്‍ണമായും രോഗബാധയില്ലാത്ത, അല്ലെങ്കില്‍ സാധാരണ സ്ഥിതിയില്‍ കാണപ്പെടുന്നവരായിരിക്കും. 
ചില സമയങ്ങളില്‍ ഇവര്‍ ആക്രമിക്കുന്നവര്‍  അല്ലെങ്കില്‍  അക്രമാസക്തിയുള്ളവര്‍ ആയിരിക്കുകയും മറ്റുള്ളവര്‍ക്ക് അല്ലെങ്കില്‍ അവര്‍ക്കു തന്നെ ശാരീരികമായ ഭീഷിണിയായി മാറുകയും ചെയ്തേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ഈ വ്യക്തിയുടെ താല്‍പര്യത്തിന് വിരുദ്ധമായി, ഒരു മജിസ്ട്രേറ്റിന്‍റെ അനുമതിയോടെ  സംരക്ഷകന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാവുന്നതാണ്.
നിങ്ങള്‍ ഈ വ്യക്തിയുടെ അല്ലെങ്കില്‍ അയാളുടെ കുടുംബത്തിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ ചുമതലപ്പെട്ട ആളാണെങ്കില്‍ സാഹചര്യം നിയന്ത്രിക്കാനാകാത്തതായി മാറുകയാണെന്ന് തോന്നിയാല്‍ എത്രയും പെട്ടന്ന് ഒരു ഡോക്ടറെ സമീപിക്കുക.

Q

എന്താണ് സ്കിസോഫ്രീനിയയ്ക്ക് കാരണം?

A

വൈദ്യശാസ്ത്ര ഗവേഷണകര്‍ക്ക് ഇപ്പോഴും സ്കിസോഫ്രീനിയയുടെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. ഗവേഷണങ്ങള്‍ ഇപ്പോള്‍ പറയുന്നത് ഈ തകരാറ് തലച്ചോറിന്‍റെ ഘടനയിലെ അസ്വഭാവികത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഒരു വ്യക്തിയില്‍ സ്കിസോഫ്രീനിയ ഉണ്ടാക്കുന്നതിന് കാരണമായേക്കാമെന്ന് വിശ്വസിക്കപ്പെടുന്ന മറ്റ് ചില ഘടകങ്ങള്‍ താഴെ പറയുന്നു : 
 •  ജനിതകമായ ഘടകങ്ങള്‍ : സ്കിസോഫ്രീനിയയുള്ള മാതാപിതാക്കളോ സഹോദരന്‍/ സഹോദരിയോ ഉള്ളവര്‍ക്ക് ഇത് ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയേറെയാണ്.
 •  തലച്ചോറിലെ രാസഘടകങ്ങളുടെ അസന്തുലിതാവസ്ഥ.
 •  ഗര്‍ഭകാലത്തെ പ്രശ്നങ്ങള്‍ : അമ്മയ്ക്ക് ശരിയായ പോഷകാഹാരങ്ങള്‍ കിട്ടിയിട്ടില്ലെങ്കില്‍ അല്ലെങ്കില്‍ ഗര്‍ഭകാലത്ത് വൈറല്‍ രോഗങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കുട്ടിക്ക് സ്കിനോഫ്രീയിയ ഉണ്ടായേക്കാം.
അതിയായ മാനസിക സമ്മര്‍ദ്ദവും മയക്കുമരുന്നുകളുടേയും മദ്യത്തിന്‍റേയും അമിതോപയോഗവും സ്കിസോഫ്രീനിയയുടെ നിലവിലുള്ള ഏത് ലക്ഷണത്തേയും കൂടുല്‍ വഷളാക്കിയേക്കും.

Q

സ്കിസോഫ്രീനിയ എങ്ങനെ കണ്ടെത്താം ?

A

സ്കിസോഫ്രീനിയ കണ്ടെത്തുന്നതിനുമാത്രമായി   ഒരു ഒറ്റ പരിശോധന നിലവിലില്ല. രോഗിയില്‍ വ്യത്യസ്തങ്ങളായ ലക്ഷണങ്ങളുടെ ഒരു നിര ഉണ്ടായേക്കാമെന്നതിനാല്‍ മനോരോഗചികിത്സകന്‍ വിശദമായ ഒരു ക്ലിനിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് രോഗനിര്‍ണയം നടത്തുക. ഈ പരിശോധനയുടെ ഭാഗമായി അദ്ദേഹം രോഗിയുടെ പെരുമാറ്റത്തിലും ശാരീരികമായ പ്രവര്‍ത്തനങ്ങളിലും (ഉറക്കമില്ലായ്മ, ആഹാരം കഴിക്കുന്നതിലും സമൂഹവുമായി ഇടപഴകുന്നതിലും താല്‍പര്യമില്ലായ്മ മുതലായവ) ഉള്ള മാറ്റങ്ങള്‍ക്ക് പിന്നിലെ കുരുക്ക് അഴിച്ചെടുക്കാന്‍ ശ്രമിക്കും. രോഗിയുടെ കുടുംബാംഗങ്ങളില്‍ നിന്നോ സംരക്ഷകരില്‍ നിന്നോ രോഗിയുടെ പെരുമാറ്റത്തിലുണ്ടായ വ്യതിയാനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും.
ഒരു വ്യക്തി മേല്‍പ്പറഞ്ഞ ലക്ഷണങ്ങളുടെ ഒരു സമ്മിശ്രാവസ്ഥ കുറഞ്ഞത് ഒരു മാസമെങ്കിലും പ്രകടിപ്പിക്കുന്നു എങ്കില്‍ മാത്രമേ ആ വ്യക്തിക്ക് സ്കിസോഫ്രീനിയയുണ്ടെന്ന് നിശ്ചയിക്കു.
നിങ്ങള്‍ക്ക് അറിയാവുന്ന ആര്‍ക്കെങ്കിലും സ്കിസോഫ്രീയനിയയുണ്ടെന്ന് നിങ്ങള്‍ സംശയിക്കുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണുന്നതാണ് ഏറ്റവും നല്ലത്. മറ്റ് മാനസികാരോഗ്യ തകരാറുകളായ ആസക്തി അഥവാ അഡിക്ഷന്‍, ബൈപോളാര്‍ ഡിസോര്‍ഡര്‍, വിഷാദരോഗം തുടങ്ങിയവയും സ്കിസോഫ്രീനിയയും തമ്മില്‍ ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. കാരണം ഇവയും മിഥ്യാബോധം, മതിഭ്രമം സാമൂഹ്യമായ പിന്‍വലിയല്‍ എന്നിവയ്ക്ക് കാരണമായേക്കാം. ഒരു വ്യക്തിക്ക് സ്കിസോഫ്രീനിയയാണോ അതോ മറ്റേതെങ്കിലും തകരാറുകളാണോ എന്ന കാര്യം കൃത്യമായി കണ്ടെത്താന്‍ ഒരു മനോരോഗചികിത്സകന് മാത്രമെ കഴിയു.

Q

സ്കിസോഫ്രീനിയയ്ക്ക് ചികിത്സ നേടല്‍

A

 
സ്കിസോഫ്രീനിയയ്ക്ക് അറിയപ്പെടുന്ന പ്രതിവിധിയൊന്നും ഇല്ലെങ്കിലും ഈ വ്യക്തിയെ അവന്‍റെ /അവളുടെ ജീവിതം സ്വതന്ത്രമായി ജീവിക്കുന്നതിന് സഹായിക്കാന്‍ കഴിയുന്ന നിരവധി ചികിത്സകള്‍ ഉണ്ട്. സ്കിസോഫ്രീനിയ ദീര്‍ഘകാലം തുടരുന്ന ഒരു തകരാറാണ്, അതുകൊണ്ടുതന്നെ പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയുടെ കാര്യത്തിലെന്നപോലെ ഇതിനും ഒരു നിയന്ത്രണം ആവശ്യമാണ്.
ചികിത്സയുടെ ലക്ഷ്യം ലക്ഷണങ്ങളെ നിയന്ത്രിക്കുക എന്നത് മാത്രമായിരിക്കില്ല, അതിലുപരിയായി ഈ വ്യക്തിക്ക് സജീവമായ ഒരു ജീവിതം നയിക്കാനുള്ള ശേഷി ഉറപ്പാക്കുക എന്നതായിരിക്കും.
"സ്കിസോഫ്രീനിയയുള്ളവരില്‍ മൂന്നിലൊന്ന് പേര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുകയും, മൂന്നിലൊന്നുപേര്‍ പ്രാവര്‍ത്തികമായ ജീവിത്തിന്‍റെ തലത്തിലേക്ക് അതായത് സാധാരണ നിലയ്ക്ക് തൊട്ടുതാഴേക്ക് മടങ്ങി വന്ന് ഈ അവസ്ഥയെ വിജയകരമായി നേരിടാനുള്ള ശേഷികൈവരിക്കുകയും ബാക്കിയുള്ള മൂന്നിലൊന്നുപേര്‍ക്ക് ഒരു പ്രാവര്‍ത്തികമായ ജീവിതം നയിക്കുന്നതിന് കൂടുതല്‍ സഹായം വേണ്ടി വരികയും ചെയ്യും. ഒരു സ്കിസോഫ്രീനിയ രോഗി എപ്പോള്‍ അല്ലെങ്കില്‍ എന്ന് സാധാരണ പ്രവര്‍ത്തനമണ്ഡലത്തിലേക്ക് തിരിച്ചുവരും എന്ന കാര്യം ആര്‍ക്കും പ്രവചിക്കാനാകില്ല. പ്രാരംഭത്തിലേ രോഗം കണ്ടെത്തുക എന്നതാണ് പ്രധാന കാര്യം. എത്ര നേരത്തേ നിങ്ങള്‍ പ്രശ്നം തിരിച്ചറിയുകയും രോഗനിര്‍ണയം നടത്തുകയും എത്ര കണിശമായി ചികിത്സ പിന്തുടരുകയും ചെയ്യുന്നുവോ അത്രയും നല്ല ഫലം കിട്ടും. നിര്‍ദ്ദേശിക്കപ്പെടുന്ന ചികിത്സാ പദ്ധതിയില്‍ ഉറച്ച് നില്‍ക്കുക എന്നതാണ് ഇതില്‍ നിന്ന് മുക്തിനേടുന്നന് ഏറ്റവും പ്രധാനമായി ചെയ്യേണ്ടുന്ന കാര്യം", എന്ന് പറയുന്നു മനോരോഗചികിത്സകനും റിച്ച്മോണ്ട് ഫെല്ലോഷിപ് സൊസൈറ്റി (ബാഗ്ലൂര്‍ ശാഖ)യുടെ എം ഡിയും സി ഇ ഒയുമായ ഡോ. എസ് കല്യാണസുന്ദരം.

Q

മനോരോഗത്തിനുള്ള മരുന്നുകളും ഇ സി റ്റിയും

A

രോഗലക്ഷണത്തിന്‍റേയും അവസ്ഥ മോശമാകുന്നതിന്‍റേയും അടിസ്ഥാനത്തില്‍ ഡോക്ടര്‍ മരുന്നും തെറാപ്പിയും പുനരധിവാസവും കൂട്ടിച്ചേര്‍ത്ത ഒരു ചികിത്സ നിര്‍ദ്ദേശിച്ചേക്കാം. നിര്‍ദ്ദേശിക്കപ്പെടുന്ന ഈ മരുന്നുകളെ ആന്‍റിസൈക്കോട്ടിക് മരുന്നുകള്‍ എന്ന് പറയുന്നു,ഇവ അനുകൂല (പോസിറ്റീവ്) ലക്ഷണങ്ങളായ മതിഭ്രമം, മിഥ്യാബോധം, മനോവിഭ്രാന്തി തുടങ്ങിയ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ചില കേസുകളില്‍ മനോരോഗചികിത്സകന്‍ ഇലക്ട്രോ കണ്‍വള്‍സീവ് തെറാപ്പി
(ഇ സി റ്റി) നിര്‍ദ്ദേശിച്ചേക്കാം.
ആന്‍റിസൈക്കോട്ടിക് മരുന്നുകളെക്കുറിച്ചും അവയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും നിരവധി കെട്ടുകഥകള്‍ നിലനില്‍ക്കുന്നുണ്ട്. എല്ലാ മരുന്നുകള്‍ക്കും അതിന്‍റേതായ പാര്‍ശ്വഫലങ്ങളുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആന്‍റിസൈക്കോട്ടിക് മരുന്നുകള്‍ അഭിലഷണീയമായവയും പാര്‍ശ്വഫലങ്ങള്‍ വളരെ കുറഞ്ഞവയുമാണ്- രോഗികള്‍ക്ക് ഒരു വലിഞ്ഞുമുറുക്കം, വഴക്കമില്ലായ്മ അല്ലെങ്കില്‍ വിറയല്‍ അനുഭവപ്പെട്ടേയ്ക്കാം. ആവശ്യമാണെങ്കില്‍ ഞങ്ങള്‍ ഈ പാര്‍ശ്വഫലങ്ങള്‍ നിയന്ത്രിക്കുന്നതിനും  മരുന്ന് നിര്‍ദ്ദേശിക്കാറുണ്ട്", ബാംഗ്ലൂര്‍ കിംസിലെ പ്രൊഫസര്‍ ഡോ. ലക്ഷ്മി വി പണ്ഡിറ്റ് പറയുന്നു.
പൊതുവിലുള്ള വിശ്വാസം  മറിച്ചാണെങ്കിലും,  പരിശീലനം നേടിയിട്ടുള്ള വിദഗ്ധരാണ് ചെയ്യുന്നതെങ്കില്‍ ഇ സി റ്റി വളരെ സുരക്ഷിതമായ ഒരു ചികിത്സാ രീതിയാണ്. " തീവ്രമായ അസ്വസ്ഥത അനുഭവിക്കുന്ന അല്ലെങ്കില്‍ മരുന്നുകഴിക്കുന്നതിനോട് സഹകരിക്കാത്ത ഒരു രോഗിക്ക് ഞങ്ങള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും സുരക്ഷിതമായ തെറാപ്പിയാണ് ഇത്. ഈ തെറാപ്പി ചെയ്യുന്നത് രോഗിയെ മയക്കിയതിന് ശേഷമാണ്. ഇത് ലഘുവും പോസറ്റീവ് ലക്ഷണങ്ങളെ ശമിപ്പിക്കുന്നതും രോഗിക്ക് യാതൊരു ദുരിതത്തിനും കാരണമാകാത്തതുമാണ്", ഡോ. പണ്ഡിറ്റ് പറയുന്നു.
 സ്കിസോഫ്രീനിയയെ കൈകാര്യം ചെയ്യാന്‍ /നിയന്ത്രിക്കാന്‍ രോഗിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ എല്ലാ ഘടകങ്ങളേയും പരിഗണിച്ചുകൊണ്ടുള്ള ഒരു (ഹോളിസ്റ്റിക്) സമീപനമാണ് വേണ്ടത്, മരുന്ന് ഇതിന്‍റെ ഒരു വശം മാത്രമാണ്. പരിചരിക്കുന്നവരുടെ പിന്തുണയ്ക്കും വളരെ മികച്ച രീതിയിലുള്ള  പുനരധിവാസത്തിനും രോഗമുക്തി കൈവരിക്കാന്‍ രോഗിയെ സഹായിക്കുന്നതില്‍ വളരെ നിര്‍ണായകമായ പങ്കുവഹിക്കാനാകും.
 

Q

സ്കിസോഫ്രീനിയയുള്ള ഒരാളെ പരിചരിക്കല്‍

A

സ്കിസോഫ്രിനിയയുള്ള ഒരാളെ പരിചരിക്കുക എന്നത് വളരെ വലിയൊരു വെല്ലുവിളിയാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിതവും വിചിത്രവുമായ പെരുമാറ്റം നിങ്ങള്‍ക്ക് ആഘാതം ഉണ്ടാക്കിയേക്കാം. ഇവരെ പരിചരിക്കുന്നവര്‍- പ്രത്യേകിച്ച് മാതാപിതാക്കള്‍- ഈ രോഗത്തെക്കുറിച്ച് അറിഞ്ഞു കഴിയുമ്പോള്‍  വലിയ ദുഃഖവും കുറ്റബോധവും ഉണ്ടായേക്കാം. "എന്തുകൊണ്ട് ഞാന്‍?", "എവിടെയാണ് എനിക്ക് തെറ്റുപറ്റിയത്?", "ഞാനൊരു മോശം രക്ഷകര്‍ത്താവാണോ ?" തുടങ്ങിയവ  സാധാരണയായി ഉണ്ടാകാറുള്ള ചില പ്രതികരണങ്ങളാണ്.
നിങ്ങള്‍ക്ക് പ്രിയപ്പെട്ട ആര്‍ക്കെങ്കിലും സ്കിസോഫ്രീനിയ ഉണ്ടെന്ന് നിങ്ങള്‍ സംശയിക്കുന്നു എങ്കില്‍ അവരുടെ പെരുമാറ്റത്തിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുകയും മുഴുവന്‍ വിവരങ്ങളും ഡോക്ടറോട് പറയുകയും ചെയ്യുക. ഡോക്ടറോട് സംസാരിക്കുകയും രോഗനിര്‍ണരീതിയെ 
ക്കുറിച്ച് വിശദമായി മനസിലാക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് ഉണ്ടായ ആഘാതം, പശ്ചാത്താപം, അല്ലെങ്കില്‍ കുറ്റബോധം മറികടക്കാന്‍ സഹായം ആവശ്യമാണെങ്കില്‍ നിങ്ങളുടെ പ്രദേശത്തുള്ള ഒരു സഹായക സംഘത്തെ (സപ്പോര്‍ട്ട് ഗ്രൂപ്പ)ക്കുറിച്ച് അല്ലെങ്കില്‍ കൗണ്‍സിലറെക്കുറിച്ച് ഡോക്ടറോട് ചോദിക്കുക.  കടന്നുപോകുന്ന സാഹചര്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ശരിയായ വിവരങ്ങളും 
അത് മറികടക്കുന്നതിനുള്ള പിന്തുണയും ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് രോഗിയെ പരിചരിക്കല്‍ കൂടുതല്‍ എളുപ്പമാകും.
ഡോക്ടര്‍മാര്‍ പറയുന്നത്, പ്രകടിപ്പിക്കപ്പെടുന്ന വികാരങ്ങള്‍ രോഗിയുടെ സുഖപ്പെടലില്‍ വലിയ പങ്ക് വഹിക്കുമെന്നാണ്. കുടുംബം തന്‍റെ രോഗത്തെ കൈകാര്യം ചെയ്യുന്ന രീതിയില്‍  നിന്ന്  ഈ വ്യക്തിക്ക് ബോധപൂര്‍വ്വമായോ  അബോധപൂര്‍വ്വമായോ ചില വൈകാരികമായ സൂചനകള്‍ പിടിച്ചെടുക്കാന്‍ കഴിയും. കുടുംബം പിന്തുണയും സംരക്ഷണവും നല്‍കുകയാണെങ്കില്‍ ഇവര്‍ വേഗത്തില്‍ സുഖപ്പെടുന്നതായി കാണുന്നു. കുടുംബം ഇവരെ അവരുടെ രോഗത്തിന്‍റെ പേരില്‍ വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുകയാണെങ്കില്‍ ഇവര്‍ സുഖപ്പെടാന്‍ കഠിനമായി പ്രയാസപ്പെട്ടേക്കാം. അതുപോലെ തന്നെ രോഗത്തില്‍ നിന്ന് മുക്തിനേടിക്കൊണ്ടിരിക്കുന്നവരാണെങ്കില്‍ പഴയ രോഗാവസ്ഥയിലേക്കുതന്നെ തിരിച്ചു പോയെന്നും വരാം. 
പരിചരിക്കുന്നയാളെന്ന നിലയ്ക്ക്  സ്കിസോഫ്രീനിയയുള്ള വ്യക്തിക്ക് തന്‍റെ രോഗലക്ഷണങ്ങളെക്കുറിച്ച് ഒരു തിരിച്ചറിവും ഉണ്ടായിരിക്കില്ല എന്ന കാര്യം  നിങ്ങള്‍ പ്രത്യേകം ഓര്‍ക്കണം. അവര്‍ക്ക് തങ്ങളുടെ പെരുമാറ്റം സാധാരണമല്ലെന്നറിയാനും എന്തുകൊണ്ടാണ് അങ്ങനെയാകുന്നതെന്ന് മനസിലാക്കാനും കഴിവുണ്ടാകില്ല. മിഥ്യാബോധങ്ങളും മതിഭ്രമങ്ങളും (ഇല്ലാത്ത ശബ്ദങ്ങളും ഗന്ധങ്ങളും മറ്റും അനുഭവപ്പെടലും ഇല്ലാത്ത കാര്യങ്ങള്‍ കാണലും) യഥാര്‍ത്ഥ അനുഭവങ്ങളാണ് എന്ന് വിശ്വസിപ്പിക്കുന്ന സന്ദേശങ്ങളാണ് അവരുടെ തലച്ചോര്‍ അവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. അതുമൂലം ഇവര്‍ തങ്ങള്‍ക്ക് കുഴപ്പമൊന്നും ഇല്ലെന്ന് വിശ്വസിക്കുന്നതിനാല്‍ ചികിത്സയ്ക്ക് വഴങ്ങാതിരിക്കും. തങ്ങള്‍ മാനസികമായി രോഗികളാണ് എന്ന കാര്യം അവര്‍ക്ക് അറിവുണ്ടാകില്ല. ഇത്തരക്കാരെ പരിചരിക്കുന്ന ചിലര്‍- അവരോടുള്ള സ്നേഹം കൊണ്ടാകാം- അവര്‍ക്കുണ്ടാകുന്ന മിഥ്യാബോധങ്ങളൊന്നും ശരിയല്ലെന്ന് പറയുകയും സഹായം തേടാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തേക്കാം. ഇത് പരിചരിക്കുന്നവരില്‍ നിന്നും അകന്നു നില്‍ക്കാന്‍ ഈ വ്യക്തിയെ പ്രേരിപ്പിക്കുകയും മിഥ്യാബോധങ്ങള്‍ മൂലം ഉണ്ടാകുന്ന ഭയവും മനോവിഭ്രാന്തിയും വര്‍ദ്ധിപ്പിക്കുകയും ചെയ്തേക്കാം.
താഴെ പറയുന്ന രീതിയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരെ സഹായിക്കാനാകും : 
 •  അവരോട് അവരുടെ അനുഭവങ്ങളെക്കുറിച്ച് ചോദിക്കുക (മതിഭ്രമങ്ങളെക്കുറിച്ചും മിഥ്യാബോധങ്ങളെക്കുറിച്ചും).
 •  അവരുടെ വിശ്വാസം നിഷേധിക്കുന്നതിന് പകരം ആ അനുഭവങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം സത്യമാണെന്നും, അവ അവരെ ശല്യപ്പെടുത്തുന്നുണ്ടെന്നും  സമ്മതിച്ചുകൊടുക്കുക.
 •  ചികിത്സ സംബന്ധിച്ച തീരുമാനങ്ങളെടുക്കാന്‍ ഈ വ്യക്തിയെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക.
 •   ഈ വ്യക്തിക്ക് രോഗലക്ഷണങ്ങളേയും മരുന്ന് കഴിക്കുന്നതിനേയും കുറിച്ചുള്ള വളരെ പ്രസക്തമായ വിവരങ്ങള്‍ ഓര്‍ത്തെടുക്കാനോ മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കാനോ കഴിവുണ്ടാകില്ല എന്നതിനാല്‍ നിങ്ങള്‍ ഇക്കാര്യങ്ങളുടെ ഒരു റെക്കോര്‍ഡ് ഉണ്ടാക്കി എപ്പോഴും പുതുക്കി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. രോഗിയെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഡോക്ടര്‍ ആശ്രയിക്കുന്നത് കുടുംബത്തെയായിരിക്കുകയും ചെയ്യും.
 • നിങ്ങളുടെ ഉത്കണ്ഠയെക്കുറിച്ച് മറ്റ് കുടുംബാംഗങ്ങളുമായി സംസാരിക്കുക, രോഗി ചികിത്സയിലൂടെ കടന്നു പോകുമ്പോള്‍ എങ്ങനെ നിങ്ങള്‍ക്ക് പരസ്പരം സഹായിക്കാനാകുമെന്ന് ചര്‍ച്ച ചെയ്യുക.
 •  നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്കും വേണ്ടി വൈകാരികമായ പിന്തുണ തേടുന്നതിനായി ഒരു കൗണ്‍സിലറോട് സംസാരിക്കുകയോ അടുത്തുള്ള സഹായക സംഘത്തില്‍ ചേരുകയോ ചെയ്യുക. സ്കിസോഫ്രീനിയ പരിചരണം നല്‍കുന്നവരിലും വളരെ വലിയ സമ്മര്‍ദ്ദവും ദുഃഖവും ഉണ്ടാക്കിയേക്കാം. അതിനാല്‍ സ്വന്തം ആവശ്യങ്ങളിലും ശ്രദ്ധവെയ്ക്കുക, അത് രോഗിക്ക് മികച്ച പരിചരണം കൊടുക്കാന്‍ നിങ്ങള്‍ക്ക് സഹായകരമാകും.
രോഗം തിരിച്ചു വരുന്നതിന്‍റെ സൂചനകള്‍ ഉണ്ടോ എന്നറിയാന്‍ ആളെ നന്നായി നിരീക്ഷിച്ചുകൊണ്ടിരിക്കുക (ഇതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഡോക്ടര്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും). അങ്ങനെ ചെയ്താല്‍ വീണ്ടും ആയാള്‍ ഒരു മനോരോഗാവസ്ഥയിലെത്തുന്നതിന് മുമ്പ് നിങ്ങള്‍ക്ക് സഹായം തേടാനാകും. ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത് രോഗം തിരിച്ചുവന്നാല്‍ അത് ആ വ്യക്തിയുടെ അവസ്ഥ പഴയതിനേക്കാള്‍ കൂടുതല്‍ മോശമാക്കുകയും രോഗമുക്തി നേടുകയെന്നത് കൂടുതല്‍ ദുഷ്കരമാക്കുകയും തലച്ചോറില്‍ പ്രതികൂലമായ ചില മാറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്തേക്കാമെന്നാണ്.

White Swan Foundation
malayalam.whiteswanfoundation.org