തകരാറുകൾ

ലഹരി വിമുക്തതയിലേക്കുള്ള വഴി

ലഹരി ഉപയോഗത്തിൽ നിന്ന് മുക്തി നേടുന്ന ചികിത്സയിൽ പ്രചോദനങ്ങൾക്ക് കൃത്യമായ റോളുണ്ട്. 

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

ഡോ. ഗരിമ ശ്രീവാസ്തവ
ഒരാളുടെ സ്വഭാവരീതിയിൽ പ്രകടമായ രീതിയിൽ മാറ്റമുണ്ടാക്കാൻ ഏറ്റവും അവശ്യമായിട്ടുള്ള ഒന്നാണ് പ്രചോദനം. പ്രചോദനമാണ് ഒരാളിലെ മാറ്റത്തിന്റെ ആദ്യചുവടെന്നും പറയാം. നിങ്ങൾക്ക് ഒരു കുതിരയെ വെള്ളമുള്ളയിടത്തേക്ക് കൊണ്ടുപോകാൻ സാധിക്കും, എന്നാൽ കുടിപ്പിക്കാൻ സാധിക്കില്ല- ഇതൊരു സാമാന്യതത്വമാണ്. ആസക്തിയുള്ള ഒരാളെ ലഹരിമുക്തനാക്കാൻ ആദ്യം തീരുമാനിക്കേണ്ടത് അയാൾ തന്നെയാണ്. അയാൾക്ക് അയാൾതന്നെ ആദ്യപ്രചോദനമായി നിലകൊള്ളണം. ലഹരിക്ക് അടിമയായ അല്ലെങ്കിൽ ലഹരി ദുരുപയോഗം ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 
ലഹരിക്ക് അടിമയായ ഒരാള്‍ അതിൽനിന്ന് മോചിപ്പിക്കാനുള്ള ചികിത്സ തേടാന്‍തന്നെ ദീർഘനാൾ എടുക്കും, അതുമായി സഹകരിക്കാനും. മിക്കവാറും അത് നിർബന്ധപൂർവ്വം ചെയ്യേണ്ടിവരും. ലഹരിക്ക് അടിമകളായവരുടെ ചികിത്സ നേരിടാനുള്ള താത്പര്യങ്ങളിൽ പലപ്പോഴും ഏറ്റക്കുറച്ചിലുണ്ടാകാം. ചികില്‍സ തുടങ്ങിയതിനുശേഷംപോലും പലപ്പോഴും അത് പാതിവഴിയിൽ ഉപേക്ഷിക്കാനും സാധ്യതയുണ്ട്. പ്രചോദനത്തിന്റെ രീതികൾ വർദ്ധിപ്പിക്കുകയോ മാറ്റുകയോ ചെയ്താൽ ലഹരിക്ക് അടിമയായ ഒരാൾക്ക് ചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കാം, ചികിത്സ തുടരണോ സ്വഭാവത്തിൽ കാര്യമായ വ്യത്യാസം വരുത്തണോ തുടങ്ങിയ കാര്യങ്ങളിലാണ് തീരുമാനമെടുക്കാവുന്നത്. പ്രചോദിപ്പിക്കുന്ന ചികിത്സാരീതി ഒരാളെ അങ്ങേയറ്റം ഉത്സാഹിയാക്കി മാറ്റുകയാണ് ചെയ്യുന്നത്, അല്ലാതെ നിഷ്‌ക്രിയനാക്കി മാറ്റുകയല്ല. അവരുടെ ചികിത്സാരീതി അവർക്കുതന്നെ തിരഞ്ഞെടുക്കാനും അവമൂലം ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ഗുണഫലങ്ങളെക്കുറിച്ചും അവർക്കുതന്നെ ബോധ്യപ്പെടാനും സാധിക്കും. ലഹരിക്ക് അടിമപ്പെട്ട സാഹചര്യത്തിൽനിന്ന് എത്രമാത്രം മുക്തി വേണമെന്ന കാര്യത്തിലും അവർക്കുതന്നെ തീരുമാനമെടുക്കാം. വൈദ്യന്റെയോ കുടുംബാംഗങ്ങളുടെയോ ആഗ്രഹത്തിന് വിരുദ്ധമായി ചികിത്സാരീതിയിൽ വ്യത്യാസം വരുത്തണമെന്ന് തോന്നാനും സാധ്യതയില്ല. ചികിത്സ മൂലമുണ്ടാകുന്ന മാറ്റങ്ങളുടെ ഉത്തരവാദിത്വം തങ്ങൾക്കുതന്നെ ആണെന്ന് ബോധ്യമുള്ളതിനാൽ അവർക്ക് കൂടുതൽ താത്പര്യമുണ്ടാകാനും അതുമൂലം ചികിത്സാഫലത്തിൽ കാര്യമായ വ്യത്യാസമുണ്ടാകാനും സാധ്യതയുണ്ട്. 
സ്വഭാവരീതിയിൽ മാറ്റമുണ്ടാകുന്ന ചികിത്സാരീതിയിൽ പല തരത്തിലുള്ള അവസ്ഥകളിലൂടെ രോഗി കടന്നുപോകുമെന്നാണ് ഗവേഷകരുടെ സാക്ഷ്യം. ലഹരിമുക്ത ചികിത്സയിൽ പങ്കെടുക്കുന്ന രോഗി ലഹരി ഉപയോഗത്തിൽനിന്ന് പിന്തിരിയാൻ ധീരമായ ചുവടുവയ്പ് നടത്താനും സാധ്യതയുണ്ട്. 
ധ്യാനാവസ്ഥയ്ക്ക് മുമ്പ്: ഈ ഘട്ടത്തിൽ വ്യക്തി മാറ്റം പരിഗണിക്കുന്നതേയില്ല, തങ്ങളുടെ സ്വഭാവത്തിലെ ചില മോശം രീതികളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടെങ്കിലും അവർ പെട്ടെന്ന് തീരുമാനം എടുക്കില്ല. ചികിത്സയുടെ ആദ്യഘട്ടത്തിൽ വ്യക്തിയോടുള്ള തന്റെ യോജിപ്പും വിശ്വാസവും പ്രഖ്യാപിക്കുകയാണ് വൈദ്യൻ ചെയ്യേണ്ടത്, അങ്ങനെയാണ് ചികിത്സയ്ക്ക് വിധേയമാകാൻ വ്യക്തിയെ പ്രേരിപ്പിച്ച കാരണങ്ങള്‍ കണ്ടെത്തേണ്ടത്. ചികിത്സയ്ക്ക് വിധേയനാകാൻ തയ്യാറായതിന് വ്യക്തിയെ അഭിനന്ദിക്കുക, ചികിത്സ മികച്ച ഫലമുണ്ടാക്കുമെന്നു ബോധ്യപ്പെടുത്തുക. മാറാൻ തയ്യാറായ വ്യക്തിയുടെ താത്പര്യത്തിൽ ചികിത്സകന് കൃത്യമായി ഇടപെടാവുന്നതാണ്. ലഹരിയുടെ ദുരുപയോഗം കൊണ്ട് സ്വഭാവത്തിലുണ്ടാകുന്ന മോശം മാറ്റങ്ങളെക്കുറിച്ച് വ്യക്തിയെ ബോധവാനാക്കുന്നത് നല്ലതാണ്. വിഷാദരോഗിയായ ഒരാളോട് മദ്യം വിഷാദരോഗത്തിന് എത്രത്തോളം കാരണമാകുന്നുണ്ടെന്നോ, അല്ലെങ്കിൽ രോഗം വർദ്ധിപ്പിക്കാൻ എത്രത്തോളം കാരണമാകുമെന്നോ പറഞ്ഞ് മനസിലാക്കിക്കുക. ലഹരിയുടെ ഉപയോഗരീതി സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും അയാളുടെ വ്യക്തിജീവിതത്തിലും കുടുംബത്തിലുമുള്ള പ്രശ്‌നങ്ങൾ മൂലമാണോ ലഹരിക്ക് അടിമയായതുമെന്ന വിവരങ്ങൾ അറിയാൻ അയാളുടെയും കുടുംബാംഗങ്ങളുടെയും സഹായം ആവശ്യപ്പെടാവുന്നതാണ്. 
ധ്യാനം: ഈ ഘട്ടത്തിൽ വ്യക്തിക്ക് ലഹരി ഉപയോഗം മൂലം പ്രതികൂലവും അനുകൂലവുമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ട്. അതേസമയം ചികിത്സകൊണ്ട് ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ച് വല്ലാത്ത അനിശ്ചിതാവസ്ഥയുണ്ടുതാനും. അയാൾ മാറാൻ തയ്യാറായിട്ടില്ല എന്നതാണ് നേര്. ചില ഡോക്ടർമാർ ലഹരിമുക്ത ചികിത്സകൊണ്ട് അനുകൂലമായും പ്രതികൂലമായും ഉണ്ടാകാനിടയുള്ള മാറ്റങ്ങളെക്കുറിച്ച് രണ്ട് കോളത്തിൽ എഴുതാൻ വ്യക്തിയോട് ആവശ്യപ്പെടാറുണ്ട്. ഇത് വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലിയായിട്ടാണ് ഏൽപ്പിക്കുന്നത്, അടുത്തതവണ വരുമ്പോൾ ഇത് സംബന്ധിച്ചുള്ള ഒരു ചർച്ചയും ഇരുവർക്കുമിടയിൽ ഉണ്ടാകും. അല്ലെങ്കിൽ ചികിത്സയുടെ ഭാഗമായി തന്നെയാവും ഈ ലിസ്റ്റ് എഴുതിക്കുക. ബാഹ്യമായ പ്രചോദനത്തിൽനിന്ന് ആന്തരികമായ പ്രചോദനത്തിലേക്ക് കാര്യങ്ങൾ മാറ്റുകയാണ് ചികിത്സയ്ക്ക് സഹായിക്കുന്നയാൾ ചെയ്യുന്നത്. ഇത് ധ്യാനാത്മകമായി കാര്യങ്ങളെ സമീപിക്കുന്ന രീതിയില്‍ നിന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനമെടുക്കാന്‍ സഹായിക്കും.
ഇവിടെ, ഡോക്ടർക്ക് വ്യക്തിയെ പ്രചോദിപ്പിക്കാൻ സാധിക്കും. പരസ്പരവിരുദ്ധമായ നിലപാടുകൾ എടുക്കുന്ന വ്യക്തിയെ സഹായിക്കാനും തങ്ങളുടെ ലഹരി ദുരുപയോഗ രീതികളും വ്യക്തി ഉയർത്തി പിടിക്കുന്ന മൂല്യങ്ങളും തമ്മിലുള്ള ആന്തരിക സംഘർഷത്തിൽ കൃത്യമായ നിലപാട് എടുക്കാനും സഹായിക്കുന്നു. ലഹരിയുടെ ഉപയോഗം തുടർന്നാൽ ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് കൂടുതൽ ബോധവാനാക്കുകയും ലഹരിയുടെ ഉപയോഗം നിർത്തിയാലുണ്ടാകുന്ന പ്രയോജനങ്ങളെക്കുറിച്ച് മനസിലാക്കിക്കുകയും ചെയ്യാം. 
തയ്യാറാകൽ: ലഹരിയിൽനിന്ന് മുക്തിനേടാൻ ഒരാൾ ആഗ്രഹിച്ചാൽ ഉടൻതന്നെ രോഗമുക്തിക്കായുള്ള ചികിത്സ ആരംഭിക്കാം. ചികിത്സകനും വ്യക്തിയുടെ കുടുംബാംഗങ്ങളും ലഹരിയിൽനിന്ന് മുക്തനാകാൻ അയാളെ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണം. മാറാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ഡോക്ടർ അല്ലാതെ ഒരാളോടെങ്കിലും തുറന്ന് പറയുന്നത് നല്ലതാണ്. ഇത് ചെയ്യുന്നത് ചികിത്സ നേടുന്ന വ്യക്തിയെ കുറച്ചുകൂടി ഉത്തരവാദിത്തമുള്ളവനാക്കും, കൂടാതെ ആന്തരികമായ ചെറുത്തുനിൽപ്പുകളെക്കുറിച്ച് ബോധവനാകാനും സഹായിക്കും. വിവിധ തരത്തിലുള്ള ചികിത്സാരീതികളെ പരിചയപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടൽ ഗുണം ചെയ്യാനാണ് സാധ്യത. ചികിത്സയ്ക്ക് പോകാൻ വ്യക്തിയെ പ്രേരിപ്പിക്കുന്ന തരത്തിലാവണം ഇടപെടൽ. ഇതാണ് ഏറ്റവും ഗുണകരമായത്. വ്യക്തിക്ക് തനിക്ക് ഏറ്റവും യോജിച്ച ചികില്‍സാരീതി തെരഞ്ഞെടുക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്യാം. 
ചികിത്സ തേടാനുള്ള വ്യക്തിയുടെ തീരുമാനത്തെ അങ്ങേയറ്റം അഭിനന്ദിക്കുക, ഫലപ്രദമായ രീതിയിൽ സ്വന്തം കാര്യം നോക്കാൻ താത്പര്യം കാണിച്ചതിനെ പിന്തുണയ്ക്കുക, വിജയകരമായ ചികിത്സയ്ക്ക് വിധേയനാകാനുള്ള വ്യക്തിയുടെ കഴിവിനെ പ്രകീർത്തിക്കുക, ചികിത്സയ്ക്ക് വിധേയനാകാൻ ശ്രമിക്കുന്ന വ്യക്തിയെ സഹായിക്കുക, ഒരുപക്ഷേ, വീണ്ടും രോഗം വന്നാലും അത് ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തെ ഒരു തരത്തിലും മോശമാക്കാതിരിക്കാനും ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ ഘട്ടത്തിൽ ചെയ്യാനുള്ളത്. ഒരു വ്യക്തി ലഹരിമുക്ത ചികിത്സയ്ക്ക് തയ്യാറാകുന്ന ഘട്ടത്തിലാണ് ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളത്. പ്രശ്‌നങ്ങളെ തിരിച്ചറിയാനും ഏറ്റവും നല്ല മാറ്റങ്ങൾ ഉണ്ടാക്കുന്ന ചികില്‍സാരീതികളെ മനസിലാക്കാനും സാധിക്കണം, ഏറ്റവും യോജിച്ച ചികിത്സാരീതി തിരഞ്ഞെടുക്കണം. 
പ്രവർത്തനം: സാമ്പ്രദായിക ചികിത്സ ആവശ്യമുള്ള ഘട്ടമാണിത്. ഈ ഘട്ടത്തിൽ വ്യക്തി പുതിയ സ്വഭാവരീതി ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നു. എന്നാൽ അത് സ്ഥിരതയുള്ളതല്ല. അനിവാര്യമായ മാറ്റത്തിലേക്ക് കടക്കുന്ന ആദ്യഘട്ടം ഇവിടെയാണുള്ളത്. വ്യക്തി മാറാനുള്ള ശ്രമം നടത്തുന്നു, അല്ലെങ്കിൽ തുടങ്ങുന്നു. പഴയ രീതിയിൽനിന്ന് മാറാൻ വ്യക്തിക്ക് സഹായം ആവശ്യം വരുന്ന ഘട്ടം കൂടി ആണിത്. കാര്യങ്ങൾ നടപ്പിലാക്കുന്നതിന് കൃത്യമായ ഒരു കർമ്മപദ്ധതി ഉണ്ടാക്കാന്‍ വ്യക്തിക്ക് സഹായം ആവശ്യമാണ്. സംയമനത്തോടെ കാര്യങ്ങൾ നടപ്പിലാക്കാനും തയ്യാറെടുക്കണം. രോഗമുക്തിയുടെ ഭാഗമായി വ്യക്തിയിലുണ്ടാകുന്ന മാറ്റങ്ങളെയും സ്വഭാവരീതികളെയും ആ അർത്ഥത്തിൽ കാണാനും മനസിലാക്കാനും ഡോക്ടറും കുടുംബാംഗങ്ങളും തയ്യാറാകണം. ഈ ഘട്ടത്തിൽ ഡോക്ടറുടെയും കുടുംബാംഗങ്ങളുടെയും പ്രധാന ജോലി ഇത് തന്നെയാണ്. പെട്ടെന്ന് രോഗമുക്തി ഉണ്ടാകുന്നതിനുള്ള പ്രചോദനമായും പിന്തുണ നൽകിയും പ്രോത്സാഹനം നൽകിയും കൂട്ടത്തിൽ നിൽക്കുകയാണ് ഈ ഘട്ടത്തിൽ വേണ്ടത്. 
പരിപാലനം: ഒരു വ്യക്തി ഈ ഘട്ടത്തിലേക്ക് വന്നാല്‍, അതിനർത്ഥം പുതിയ സ്വഭാവരീതി ആർജ്ജിച്ചുവെന്നാണ്. ഇത് ദീർഘനാളത്തെ കാര്യമാണെങ്കിലും പഴയ രീതിയിലേക്ക് തിരിച്ച് വരാതിരിക്കാൻ ശ്രദ്ധിക്കണം. അതിനാണ് സഹായം ആവശ്യമുള്ളത്. ചെറിയ ഇടപെടൽ കൊണ്ടുതന്നെ നിലവിലെ അവസ്ഥ താരതമ്യം ചെയ്യാനും മൂല്യനിർണ്ണയം നടത്താനും സാധിക്കുക, ലഹരി കൂടാതെയുള്ള അവസ്ഥ ദീർഘകാലമാക്കുക തുടങ്ങി നിരവധി കാര്യങ്ങൾ ആവിഷ്‌കരിക്കാം. സമ്പൂർണ്ണ ലഹരിവർജ്ജനം എന്ന താരതമ്യേന ബുദ്ധിമുട്ടുള്ള കാര്യം ചെയ്യാനുള്ള വ്യക്തിയുടെ ശ്രമത്തില്‍ അവർക്ക് വലിയ പിന്തുണ ആവശ്യമായി വരും. വൈകാരികമായ ഏറ്റക്കുറച്ചിലുകൾ വ്യക്തിയെ പഴയ അവസ്ഥയിലേക്ക് തിരിച്ച് കൊണ്ടുപോകാം. 
പൂർവ്വസ്ഥിതിയാകൽ: ഈ ഘട്ടത്തിൽ വ്യക്തി പഴയ അവസ്ഥയിലേക്ക് തിരിച്ച് പോകുന്നതായുള്ള പ്രശ്‌നം അനുഭവിക്കുന്നു. അടുത്ത ഘട്ടത്തിൽ എന്താണ് ചെയ്യുകയെന്നതും അതുണ്ടാക്കുന്ന പരിണിതഫലങ്ങളുമാണ് ഈ ഘട്ടത്തിൽ പ്രധാനമായും ആലോചിക്കുന്നത്. പഴയ അവസ്ഥയിലേക്ക് തിരിച്ച് പോകാതിരിക്കാനുള്ള വ്യക്തിയുടെ ശ്രമങ്ങളെ കുടുംബാംഗങ്ങളും ഡോക്ടറും പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യണം. വ്യക്തിക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അത് ചെയ്യണം. ലഹരിയിലേക്ക് മടങ്ങിപ്പോകാതിരിക്കാൻ മറ്റെന്തെങ്കിലും സംവിധാനങ്ങൾ കണ്ടെത്താൻ സഹായിക്കണം. ലഹരിമുക്ത ചികിത്സ തേടുന്ന രോഗികളെ തിരിച്ച് അതിലേക്ക് വരാതിരിക്കാൻ സാധാരണഗതിയിൽ ഡോക്ടർമാർ ശ്രദ്ധിക്കാറുണ്ട്. ഇത് മാറ്റത്തിന്റെ പാതയിലേക്ക് രോഗിയെ തിരിച്ചുകൊണ്ടുവരുന്നു. മാറാനുള്ള ആഗ്രഹത്തെ പ്രശംസിക്കുന്നു, അഥവാ പഴയ അവസ്ഥ തിരിച്ചുവന്നാല്‍ അതു രോഗത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും പഠിക്കാനുമുള്ള ഒരു അവസരമായി കരുതുന്നു. 
ലഹരിമുക്ത ചികിത്സയിൽ വ്യക്തിയുടെ പങ്കാളിയോ കുടുംബാംഗമോ കൂടി പങ്കെടുത്താൽ കുറച്ചുകൂടി മെച്ചപ്പെട്ട ഫലമുണ്ടാകുമെന്നാണ് ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നത്. ലഹരിയിൽനിന്ന് മോചിതനാകാൻ വ്യക്തിയെ പങ്കാളിയോ ഭാര്യയോ കുടുംബാംഗങ്ങളോ സഹായിക്കും എന്നത് മാത്രമല്ല അടുത്തറിയാവുന്ന ഇവർക്ക് വ്യക്തിയുടെ ആന്തരിക ശക്തികള്‍ പ്രവര്‍ത്തനക്ഷമമാക്കി, ലഹരി ഉപയോഗമില്ലാത്ത ഒരു ജീവിതശൈലി സൃഷ്ടിക്കാനും നടപ്പിലാക്കാനും നിലനിര്‍ത്താനും കഴിയും. പഴയ ജീവിതരീതിലേക്ക് പോകാതിരിക്കാൻ അവരെ പ്രേരിപ്പിക്കാനും സാധിക്കും. വ്യക്തിയെ മാറ്റത്തിന് പ്രേരിപ്പിക്കുകയും ലഹരിയിലേക്ക് തിരിച്ച് പോകാതെ മറ്റ് മാർഗ്ഗങ്ങൾ സ്വയം തയ്യാറാക്കുകയും ചെയ്യുകയാണ് വേണ്ടത്. മാറ്റത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം വ്യക്തിക്ക് തന്നെയാണെന്ന ബോധ്യം ഉണ്ടാക്കുകയാണ് പ്രധാനം. 
വളരെ അടുപ്പമുള്ള വ്യക്തിബന്ധങ്ങൾ ഉണ്ടാകേണ്ടതും അത്യാവശ്യമാണ്. പ്രചോദനം ഉണ്ടാകേണ്ടതും അങ്ങനെയാണ്. വ്യക്തിയെ ലഹരിമുക്ത ജീവിതം നയിക്കാൻ പ്രേരിപ്പിക്കാനും കഴിവും സ്വാധീനവുമുള്ള ഒരാൾ കൂട്ടത്തിലുണ്ടാകുന്നത് നല്ലതാണ്. അങ്ങനെയുള്ള ഒരാളുടെ അകമഴിഞ്ഞ പിന്തുണ വ്യക്തിയെ കൂടുതൽ പ്രചോദിപ്പിക്കാനും ലഹരി ജീവിതം ഉപേക്ഷിക്കുവാനും പ്രേരിപ്പിക്കും. 
റഫറൻസസ്
ഓൾ ഇന്ത്യാ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്ന് പിഎച്ച്ഡി നേടിയ ഡോ. ഗരിമ ശ്രീവാസ്തവ ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. 
White Swan Foundation
malayalam.whiteswanfoundation.org