വിവിധ തരം വ്യക്തിത്വ തകരാറുകള്‍

Q

വിവിധ തരം വ്യക്തിത്വ തകരാറുകള്‍

A

 
 വീട്ടിലൊ ജോലിസ്ഥലത്തോ ഉള്ള ഒരു വ്യക്തിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസമുക്കുന്ന തരത്തില്‍ ചില പ്രത്യേക സ്വഭാവ സവിശേഷതകള്‍ സ്പഷ്ടമായിക്കുകയോ കുറഞ്ഞിരിക്കുകയോ ചെയ്യുക എന്നതാണ് വ്യക്തിത്വ തകരാറുകളുടെ പ്രകൃതം. ഈ തകരാറുകളുമായി ബന്ധപ്പെട്ടിരിക്കുന്ന സ്വഭാവ സവിശേഷതകള്‍ എല്ലാ വ്യക്തികളിലും  വ്യത്യസ്തമായ അളവില്‍  കുട്ടിക്കാലം മുതല്‍ ഉണ്ടായേക്കും, എന്നാല്‍ അവ ശക്തമായി സുസ്ഥാപിതമാകുന്നത് സാധാരണായായി പ്രായപൂര്‍ത്തിയാകുന്നതോടെയാണ്. 
വ്യക്തിത്വ തകരാറുകള്‍ ഒരു വ്യക്തിയില്‍ കൂടുതലായി തെളിഞ്ഞു നില്‍ക്കുന്ന സ്വഭാവ സവിശേഷതയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗമായി തരം തിരിക്കപ്പെട്ടിട്ടുണ്ട്.
വ്യക്തിത്വ തകരാറുകളെ ഇവിടെ മൂന്ന് വിഭാഗങ്ങള്‍ (ഗ്രൂപ്പുകള്‍ /ക്ലസ്റ്ററുകള്‍) ആയി തരം തിരിച്ചിരിക്കുന്നു, ഒരോന്നിലും പ്രത്യേക തരത്തിലുള്ള നിരവധി വ്യക്തിത്വ തകരാറുകള്‍ ഉള്‍പ്പെടുന്നു. ഓരോ ക്ലസ്റ്ററിലും വരുന്ന വ്യക്തിത്വ തകരാറുകള്‍ക്ക് ഒരു പ്രത്യേക സ്വഭാവ സവിശേഷതയോടൊപ്പം സമാന പ്രകൃതവും ലക്ഷണങ്ങളും ഉണ്ടായിരിക്കും. 
വിഭാഗം എ : വിചിത്രമോ അസാധാരണമോ ആയ പെരുമാറ്റത്തോടുകൂടിയ തകരാറുകളാണ് ഈ വിഭാഗത്തില്‍ വരുന്നത്.
വിഭാഗം ബി : നാടകീയവും അസ്ഥിരവും വൈകാരികവുമായ പെരുമാറ്റം പ്രകടിപ്പിക്കുന്നവ ഈ വിഭാഗത്തില്‍ വരുന്നു.
വിഭാഗം സി : ഉത്കണ്ഠയും ഭീതിയും ഉള്ള പെരുമാറ്റം പ്രകടിപ്പിക്കുന്നവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
ഇതിലേതെങ്കിലും വ്യക്തിത്വ തകരാര്‍ ഉള്ള വ്യക്തിയില്‍ വ്യക്തിപരമായോ, മറ്റു വ്യക്തികളുമായുള്ള ബന്ധത്തിലോ, തൊഴില്‍പരമായോ ഉള്ള തലത്തില്‍ തടസം സൃഷ്ടിക്കുന്ന വളരെ പ്രകടമായ പെരുമാറ്റ രീതികള്‍ നിരീക്ഷിക്കാനാകും.
 
ശ്രദ്ധിക്കുക :ഓരോ വിഭാഗത്തിലും  പരാമര്‍ശിച്ചിരിക്കുന്ന സ്വഭാവ സവിശേഷതകള്‍ നമുക്കെല്ലാം ഉണ്ടായിരിക്കും. ഈ തരംതിരിക്കലില്‍ പറയുന്ന ചില പെരുമാറ്റ ലക്ഷണങ്ങള്‍ നിങ്ങളിലോ നിങ്ങള്‍ക്ക് ചുറ്റുമുള്ള ആരിലെങ്കിലുമോ കാണുന്നുണ്ടാകാം, പക്ഷെ താഴെ പറയുന്ന തരത്തിലാണെങ്കില്‍ മാത്രമേ അതൊരു വ്യക്തിത്വ തകരാറാകുകയുള്ളു : 
  • എ) ഈ സ്വഭാവ പ്രത്യേകത അത്യധികമായിരിക്കുകയും ഈ വ്യക്തിയുടെ അവനവനെക്കുറിച്ചും മറ്റുള്ളവരേക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചുമുള്ള കാഴ്ചപ്പാടിനെ സ്വാധീനിക്കുകയും ചെയ്യുന്ന തരത്തില്‍ ഉണ്ടായിരിക്കണം. വ്യക്തികള്‍ ഈ സ്വഭാവ പ്രത്യേകതകള്‍ ഒരു നിശ്ചിത കാലം മുഴുവന്‍ പ്രകടമാക്കുകയും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ഇത് സ്പഷ്ടമാകുകയും ചെയ്തിട്ടുണ്ടാകണം.
  • ബി) ഈ സ്വഭാവ പ്രത്യേകതകള്‍ ഈ വ്യക്തിക്കും അവന് / അവള്‍ക്ക് ചുറ്റുമുള്ളവര്‍ക്കും ശ്രദ്ധേയമായ തരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു എങ്കില്‍.
(ഈ വിവരണങ്ങള്‍ പ്രശ്നം കണ്ടെത്തുന്നതിന് മാര്‍ഗ രേഖയാകണം എന്ന് ഉദ്ദ്യേശിച്ചുള്ളതാണ്, അല്ലാതെ ഒരു തകരാര്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ളതല്ല. രോഗം നിര്‍ണിക്കേണ്ടത് നിര്‍ബന്ധമായും ഒരു മാനസികാരോഗ്യ വിദഗ്ധനാണ്).

Q

വിഭാഗം എ : വിചിത്രമോ അസാധാരണമോ ആയ പെരുമാറ്റ പ്രകൃതമുള്ളവ

A

 
ഈ വിഭാഗത്തില്‍ വരുന്ന തകരാറുകള്‍ ഉള്ളവരുടെ ചിന്തയും പെരുമാറ്റവും മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ സാധിക്കാത്ത രീതിയിലുള്ളതായേക്കാം. ഈ വ്യക്തി മറ്റുള്ളവരില്‍ വലിയ സംശയാലുവായിരിക്കുകയും ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുകയും മറ്റുള്ളവരോട് ഉദാസീനത കാണിക്കുകയും ചെയ്യുന്നത് ഇവരുടെ ബന്ധങ്ങളേയും ദൈനംദിന ജീവിത രീതിയേയും അത്യധികമായി ബാധിക്കുന്നു.
 
പാരനോയ്ഡ് വ്യക്തിത്വ തകരാര്‍
പാരനോയ്ഡ് വ്യക്തിത്വ തകരാറുള്ള ഒരു വ്യക്തിക്ക് മറ്റുള്ളവരെ വിശ്വാസത്തിലെടുക്കാന്‍ ബുദ്ധിമുട്ടുള്ളതായി കാണുന്നു. ഈ അവിശ്വാസം മറ്റുള്ളവരെപ്പോലെ ഇവര്‍ ഉള്ളില്‍ സൂക്ഷിക്കില്ല, അവര്‍ ഇത് അവരുടെ പ്രവര്‍ത്തിയിലൂടേയും പെരുമാറ്റത്തിലൂടേയും പ്രകടമാക്കും. ഈ വ്യക്തിക്ക് അയാളുടെ കുടുംബം, അടുത്ത സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെയുള്ള ആളുകളോട് പൊതുവില്‍ വിശ്വാസമില്ലായ്മ ഉണ്ടായിരിക്കും. ഈ ആളുകളെല്ലാം തന്നെ ചതിക്കുകയോ അപകടപ്പെടുത്തുകയോ ചെയ്തേക്കാമെന്ന് അല്ലങ്കില്‍ അവരുടെ നേട്ടത്തിനായി ഉപയോഗിച്ചേക്കുമെന്ന് ഇവര്‍ എപ്പോഴും ഭയപ്പെട്ടുകൊണ്ടിരിക്കും. ഇതവരെ പ്രിയപ്പെട്ടവരില്‍ നിന്നുപോലും വൈകാരികമായി അകത്തി നിര്‍ത്തും. ഇവര്‍ അവരുടെ ജീവിത പങ്കാളിയോടു പോലും ഒന്നും വെളിപ്പെടുത്താന്‍ തയ്യാറായേക്കില്ല. ഇവര്‍ ഒരാളോട് ഒരു ചെറിയ തെറ്റിന്‍റെ പേരില്‍ ആ സംഭവത്തിന് ഏറെക്കാലം കഴിഞ്ഞു പോലും വിരോധം വെച്ച് പുലര്‍ത്തിയേക്കും. ഇവര്‍ക്ക് മറ്റുള്ളവരോട് സഹകരിക്കാനും മറ്റുള്ളവര്‍ക്കൊപ്പം ജോലി ചെയ്യാനും കഴിഞ്ഞേക്കില്ല. ഇവര്‍ ഇവരുടെ സംശയങ്ങള്‍ വിളിച്ചു പറയുകയും നിങ്ങളുടെ ലക്ഷ്യമെന്താണെന്ന് തനിക്കറിയാമെന്ന് പറയുകയും ചെയ്തേക്കും.
പാരനോയ്ഡ് വ്യക്തിത്വ തകരാറുള്ള വ്യക്തികള്‍  കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ള മറ്റുള്ളവരുമായി അവരുടെ കമ്പ്യൂട്ടര്‍ പങ്കുവെയ്ക്കാന്‍ തയ്യാറായേക്കില്ല, അതവരുടെ ജോലിയേയും ബന്ധങ്ങളേയും ബാധിച്ചേക്കുമെങ്കില്‍ പോലും. ആരെങ്കിലും തന്‍റെ ഡാറ്റകള്‍ നശിപ്പച്ചേക്കും എന്ന് ഭയക്കുന്നതുകൊണ്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നത്.
 
സ്കിസോയ്ഡ് (സ്കിസോഫ്രീനിയയുടെ ചില ലക്ഷണങ്ങളോട് കൂടിയ) വ്യക്തിത്വ തകരാര്‍
സ്കിസോയ്ഡ് വ്യക്തിത്വ തകരാറുള്ള വ്യക്തികള്‍ തണുപ്പന്മാരും ഒന്നിലും താല്‍പ്പര്യമില്ലാത്തവരുമായേക്കും. ഒറ്റയ്ക്കിരിക്കുന്നതില്‍ അവര്‍ സന്തോഷം കണ്ടെത്തുന്നു.ഇവര്‍ സമൂഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനോ മറ്റുള്ളവര്‍ ആസ്വദിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ ഇഷ്ടപ്പെടില്ല. ഇവരെ സ്തുതിച്ചാല്‍ ഇവരുടെ മുഖത്ത് സന്തോഷമോ വിമര്‍ശിച്ചാല്‍ അസ്വസ്ഥതയോ ഉണ്ടായേക്കില്ല. അതുപോലെ തന്നെ അവരേയോ കുടുംബാംഗങ്ങളേയോ സുഹൃത്തുക്കളേയോ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാന്‍ അവര്‍ ആഗ്രഹിക്കുന്നുമുണ്ടാകില്ല. മറ്റുള്ളവര്‍ ഇവരെ തണുപ്പന്മാരും പ്രതികരിക്കാത്തവരുമായി കണ്ടേക്കാം, ഇത് കുടുംബത്തിനും കൂട്ടുകാര്‍ക്കും ഇവരുമായി അര്‍ത്ഥവത്തായ ഒരു ഇടപഴകലിന് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.
ഈ വ്യക്തിത്വ തകാറുള്ള വ്യക്തികള്‍ ഏതെങ്കിലും പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായാല്‍ ആകെ വട്ടംചുറ്റിപ്പോയിരിക്കുന്നായി തോന്നും, എന്താണ് പറയേണ്ടതെന്നോ ചെയ്യേണ്ടതെന്നോ അവര്‍ക്ക് അറിയില്ലായിരിക്കും.മറ്റുള്ളവരുമായി ഇടപഴകാന്‍ നിര്‍ബന്ധിതരായേക്കാവുന്ന സാഹചര്യങ്ങള്‍ ഇവര്‍ ഒഴിവാക്കുകയും ചെയ്തേക്കാം.
 
സ്കിസോടൈപ്പല്‍ വ്യക്തിത്വ തകരാര്‍
സ്കിസോയ്ഡ് വ്യക്തിത്വ തകരാറുള്ള വ്യക്തികളും പാരനോയ്ഡ് വ്യക്തിത്വ തകരാറുള്ള   വ്യക്തികളും പ്രകടിപ്പിക്കുന്ന ചില സ്വഭാവ സവിശേഷതകള്‍ ഒന്നിച്ച് (കോംബിനേഷന്‍) പ്രകടമാകുന്ന വ്യക്തിത്വ തകരാറാണിത്. ഈ വ്യക്തികള്‍ പൊതുവില്‍ മറ്റുള്ളര്‍ക്കുമേല്‍ വലിയ അവിശ്വാസം പുലര്‍ത്തുകയും അടുത്ത ബന്ധങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യും. ഈ ലക്ഷണങ്ങള്‍ കൂടാതെ ചുറ്റുമുള്ളവര്‍ക്ക് കിറുക്ക് അല്ലെങ്കില്‍ വിചിത്രം എന്ന് തോന്നിയേക്കാവുന്ന ചില പെരുമാറ്റങ്ങളും ഇവര്‍ക്ക് ഉണ്ടായേക്കാം.അതുപോലെ തന്നെ വീണ്ടും വീണ്ടും ഒരു കാര്യം  പരിശോധിക്കുക, എല്ലാ കാര്യങ്ങളും തുല്യാനുപാതത്തിലാണെന്ന് ഉറപ്പുവരുത്തുക, അല്ലെങ്കില്‍ പാത്രത്തിലുള്ള ധാന്യങ്ങള്‍ എത്രയുണ്ടെന്ന് എണ്ണി നോക്കുക പോലുള്ള വിചിത്രമായ പെരുമാറ്റങ്ങളും ഈ വ്യക്തികള്‍ പ്രകടിപ്പിച്ചേക്കാം.
സ്കിസോടൈപ്പല്‍ വ്യക്തിത്വ തകരാറുള്ള വ്യക്തികളുടെ ഒരു കാര്യം വീണ്ടുംവീണ്ടും ചെയ്യുന്ന 
ഈ പെരുമാറ്റം ചിലപ്പോള്‍ ഒബ്സെസീവ് കമ്പള്‍സീവ് ഡിസോര്‍ഡറാണോ എന്ന് സംശയം ഉണ്ടാക്കിയേക്കാം. ഒബ്സെസീവ് കമ്പള്‍സീവ് വ്യക്തിത്വ തകരാറുള്ള ഒരു വ്യക്തി തന്‍റെ ഈ പെരുമാറ്റം ഭോഷത്തരവും വിചിത്രവും, അസംബന്ധവുമാണെന്ന് തിരിച്ചറിയുന്നുണ്ടാകും, എന്നാല്‍ അവര്‍ക്കത് നിയന്ത്രിക്കാനാകില്ല. അതേസമയം  സ്കിസോടൈപ്പല്‍ വ്യക്തിത്വ തകരാറുള്ള വ്യക്തികള്‍ക്ക് അവരുടെ ഈ പ്രവര്‍ത്തി അസംബന്ധമോ അസാധാരണമോ ആണെന്ന കാര്യത്തെക്കുറിച്ച് ബോധമുണ്ടായിരിക്കില്ല.
ഈ തകരാറുള്ള വ്യക്തികള്‍ക്ക് ഒരു 'മാജിക്കല്‍ ചിന്ത'യുണ്ടാകും-അതായത് പരസ്പരം ഒരു തരത്തിലും ബന്ധമില്ലാത്ത രണ്ട് സംഭവങ്ങളെ ബന്ധപ്പെടുത്തി കാര്യകാരണ ബന്ധം സങ്കല്‍പ്പിക്കുന്നു.  ഇവര്‍ക്ക് അന്ധവിശ്വാസങ്ങളിലും ശാസ്ത്രീയ ഗവേഷണങ്ങളുടെ പരിധിക്ക് പുറത്തുള്ള (പാരാനോര്‍മല്‍) കാര്യങ്ങളിലും മറ്റും വലിയ താല്‍പര്യം ഉണ്ടായിരിക്കും. അതുപോലെ തന്നെ ഈ തകരാറുള്ള വ്യക്തികള്‍ക്ക് യഥാര്‍ത്ഥ സംഭവങ്ങളും അവര്‍ സങ്കല്‍പ്പിച്ചുണ്ടാക്കുന്ന കാര്യങ്ങളും തമ്മില്‍  കൂടിക്കുഴഞ്ഞ് പോകാറുമുണ്ട്.

Q

വിഭാഗം ബി : നാടകീയവും വിചിത്രവും വൈകാരികവുമായ പെരുമാറ്റം

A

 
ഈ വിഭാഗത്തില്‍ വരുന്ന തകരാറുകളുള്ള വ്യക്തികള്‍ നാടകീയമോ അതിവൈകാരികമോ ആയ  പെരുമാറ്റം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ മറ്റുള്ളവരുടെ ആവശ്യങ്ങളേക്കാള്‍ പ്രധാനപ്പെട്ടതാണെന്ന് ഇവര്‍ കരുതുകയും പലപ്പോഴും ഇത് ചുറ്റുമുള്ള മറ്റുള്ളവര്‍ക്ക് നഷ്ടം വന്നേക്കാവുന്ന തരത്തില്‍  നടത്തിയെടുക്കുകയും ചെയ്യുന്നു. ഈ തകരാറുകളിലെ മറ്റൊരു പൊതു സ്വഭാവം, ഈ വ്യക്തികള്‍ക്ക്  അവരുടെ പ്രവര്‍ത്തികളുടെ തൊട്ടടുത്ത ഫലത്തിന് അപ്പുറത്തേക്ക് കാണാന്‍ കഴിവില്ലായിരിക്കുകയും അതിന്‍റെ ഫലമായി ഉള്‍പ്രേരണാ നിയന്ത്രണം, വികാരങ്ങള്‍ നിയന്ത്രിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രശ്നം ഉണ്ടാകുകയും ചെയ്യും എന്നതാണ്.
 
സാമൂഹ്യ വിരുദ്ധ വ്യക്തിത്വ തകരാര്‍
സാമൂഹ്യ വിരുദ്ധ വ്യക്തിത്വ തകരാര്‍ ഉള്ള വ്യക്തികളില്‍ കണ്ടുവരുന്ന ഒരു പ്രധാന സ്വഭാവ സവിശേഷത, സ്വന്തം ആവശ്യം നടത്താന്‍ വേണ്ടി തങ്ങളുടെ പ്രവര്‍ത്തികളുടെ വരുംവരായ്കകളോടും മറ്റുള്ളവരുടെ ഉത്കണ്ഠകളോടും കാണിക്കുന്ന നിര്‍ദ്ദയമായ അവഗണനയാണ്. സ്വന്തം പ്രവര്‍ത്തികള്‍ തന്നിലും മറ്റുള്ളവരിലും ഭാവിയില്‍ ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകള്‍ എന്തായിരിക്കുമെന്ന് കാണാന്‍ ഇവര്‍ക്ക് കഴിവുണ്ടാകില്ല. ഈ വ്യക്തിക്ക് ശക്തമായ ഒരു അര്‍ഹതാ ബോധവും താന്‍ മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നതാണ് അതിനാല്‍ മറ്റുളളവരേക്കാള്‍ കൂടുതല്‍ അര്‍ഹിക്കുന്നു എന്ന തോന്നലും ഉണ്ടായിരിക്കും. 
സാമൂഹ്യ വിരുദ്ധ വ്യക്തിത്വ തകരാര്‍ ഉള്ള വ്യക്തികള്‍ ശാരീരികമായും വൈകാരികമായും അക്രമാസക്തി കാണിക്കുക, നിയമം തെറ്റിക്കുക, മറ്റുള്ളവരുടെ സാധനങ്ങളോട് അനാദരവ് കാണിക്കുക (ഉദാ: മറ്റുള്ളവരുടെ സാധനങ്ങള്‍ പൊട്ടിച്ചു കളയുക) -തുടങ്ങിയ വിനാശകരമായ പെരുമാറ്റങ്ങള്‍ പ്രകടിപ്പിച്ചേക്കും. ഈ വ്യക്തികള്‍ക്ക് കുട്ടികളായിരുന്നപ്പോള്‍  പലപ്പോഴും മുഠാളത്തരം കാണിക്കുക, ദുര്‍ബലരായ കുട്ടികള്‍ ചെറിയ മൃഗങ്ങള്‍ എന്നിവരെപ്പോലെ എളുപ്പം വഴങ്ങിക്കൊടുക്കുന്നവരെ വിരട്ടുകയും ശാരീരികമായി ഉപദ്രവിക്കയും ചെയ്യുക തുടങ്ങിയ തരത്തിലുള്ള നിരന്തരമായ പെരുമാറ്റ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. തങ്ങളുടെ പെരുമാറ്റത്തിലോ അവനവനും മറ്റുളളവര്‍ക്കും ഉണ്ടാക്കുന്ന ദ്രോഹത്തിലോ ഇവര്‍ പലപ്പോഴും തെറ്റൊന്നും കാണില്ല.
അക്രമം ആവശ്യമായിരുന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തി തങ്ങളുടെ പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ ഇവര്‍ക്ക് കഴിവുണ്ടായേക്കും. കള്ളം പറയാനും കാര്യം നടത്താന്‍ മറ്റുള്ളവരെ ഉപയോഗിക്കാനും, സ്വീകാര്യത നേടുന്നതിന് വേണ്ടി തങ്ങളുടെ പ്രവര്‍ത്തികളില്‍ പശ്ചാത്താപം നടത്താനും,  ലക്ഷ്യം നിറവേറിക്കഴിഞ്ഞാല്‍ തങ്ങളുടെ സാമൂഹ്യവിരുദ്ധ പെരുമാറ്റത്തിലേക്ക് തിരികെ വഴുതിയിറങ്ങാനും ഇവര്‍ക്ക് നല്ല മിടുക്കായിരിക്കും.
സാമൂഹ്യവിരുദ്ധ വ്യക്തിത്വ തകരാറുള്ള വ്യക്തികള്‍ക്ക് വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കാന്‍/ സാഹസികത കാണിക്കാനുള്ള പ്രവണതയുണ്ടാകും. ഇവര്‍ക്ക് റിസ്ക്കെടുക്കാനുള്ള താല്‍പര്യവും മയക്കു മരുന്ന് ഉപയോഗ പ്രശ്നങ്ങളും ഉണ്ടായിരിക്കും. സ്വന്തം പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അല്ലെങ്കില്‍ മറ്റുള്ളവരുടെ സാഹചര്യങ്ങള്‍ അല്ലെങ്കില്‍ നിലപാടുകള്‍ പരിഗണിക്കാന്‍ 
ഇവര്‍ വിസമ്മതിച്ചേക്കും.
 
ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാര്‍
ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറെന്നാല്‍ (ബി പി ഡി ) ഒരു വ്യക്തി അയാളുടെ വികാരങ്ങളെ നിയന്ത്രിക്കുകയും സാഹചര്യങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്ന രീതിയെ ബാധിക്കുന്ന തകരാറാണ്. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ഇവര്‍ക്ക്  ഒരു ഉറച്ച ധാരണ ഉണ്ടായിരിക്കില്ല, അതിനോട് പൊരുത്തപ്പെടാന്‍ അവര്‍ സ്ഥിരമായി പൊരുതിക്കൊണ്ടിരിക്കുകയും ചെയ്യും. ഏതു വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കൊപ്പമാണ് ഉള്ളത് എന്നതിന് അനുസരിച്ച് അവരുടെ വ്യക്തിത്വം മാറിക്കൊണ്ടിരിക്കും, ഇതവരെ കൗശലക്കാരും ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്നവരുമാണെന്ന് തോന്നിപ്പിക്കും. ബി പി ഡിയുള്ള വ്യക്തികള്‍ തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ അതിവൈകാരികമായി എടുത്തേക്കും. ഇതവര്‍ക്ക് വലിയ മനക്ലേശം ഉണ്ടാക്കിവെയ്ക്കുകയും ചെയ്യും. 
 
നാര്‍സിസ്സിസ്റ്റിക് വ്യക്തിത്വ തകരാര്‍ (എന്‍ പി ഡി)
'നാര്‍സിസ്സിസ്റ്റ്' എന്ന വാക്ക് അവനവനോട് തന്നെ അമിതമായ താല്‍പര്യം കാണിക്കുകയും, സ്വന്തം സൗന്ദര്യത്തെയും ഗുണങ്ങളേയും സ്വഭാവ സവിശേഷതകളേയും ആരാധിക്കുകയും, തന്നെക്കുറിച്ച് അമിതമായ അഭിമാനം പുലര്‍ത്തുകയും ചെയ്യുന്ന വ്യക്തികളെ പരാമര്‍ശിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതാണ്. നാര്‍സിസ്സിസ്റ്റിക് വ്യക്തിത്വ തകരാര്‍ ഉള്ള വ്യക്തികള്‍ക്ക് അവനവനോടുതന്നെ അത്യധികമായ താല്‍പര്യമുണ്ടായിരിക്കും. ഇവര്‍ സ്വന്തം സൗന്ദര്യത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും മഹത്വത്തെക്കുറിച്ചുമുള്ള ചിന്തയിലും ഭാവനകളിലും വ്യാപൃതരായിരിക്കും. തങ്ങള്‍ ചില പ്രത്യേക പരിഗണകള്‍,  ശക്തി, സമ്പത്ത്, വിജയം എന്നിവയ്ക്ക് അര്‍ഹതപ്പെട്ടവരാണെന്ന വിശ്വാസം ഈ വ്യക്തികള്‍ക്ക് ഉണ്ടായേക്കാം. ഈ വ്യക്തി ശക്തിയും വിജയവും സംബന്ധിച്ച് ഭാവകളില്‍ മുഴകിയിരിക്കും, എന്നാല്‍ ഈ ഭാവനകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്ന കാര്യം അവഗണിക്കും. ഇവര്‍ പലപ്പോഴും തങ്ങളുടെ മേല്‍ക്കോയ്മ പ്രകടിപ്പിക്കുന്നതിനായി മറ്റുള്ളവരുടെ പരിമിതികളെ ഉപയോഗപ്പെടുത്തുകയും തങ്ങളുടെ മേല്‍ക്കോയ്മ കൈവരിക്കുന്നതിനായി മറ്റുളളവരുടെ അടിത്തറ തോണ്ടാന്‍ ശ്രമിക്കുകയും ചെയ്യും.
നാര്‍സിസ്സിസ്റ്റിക് വ്യക്തിത്വ തകരാര്‍ ഉള്ള വ്യക്തികള്‍ ധിക്കാരികളും, പൊങ്ങച്ചക്കാരും, അഹങ്കാരികളുമാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നും. അവര്‍ ധിക്കാരികളും ഉദാസീനരുമാണെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ വിമര്‍ശനങ്ങളോട് വളരെ വൈകാരികമായി പ്രതികരിക്കുന്നവരാണ്. രോഗി പെട്ടെന്ന് ആവേശം കാണിക്കുകയും സ്ഥിരമായി മറ്റുള്ളവരുടെ ശ്രദ്ധ കൊതിക്കുകയും ചെയ്യുന്ന വ്യക്തിയായേക്കാം. തങ്ങള്‍ അര്‍ഹിക്കുന്നു എന്ന് അവര്‍ കരുതുന്ന ലക്ഷ്യം കൈവരിക്കുന്നതിനായി മറ്റുള്ളവരെ ഉപയോഗപ്പെടുത്തുന്നവരും ആയേക്കും. താന്‍ അല്‍പം 'സ്പെഷ്യലാണ്' എന്ന ചിന്തയും അവനവില്‍ തന്നെ കേന്ദ്രീകരിക്കലും മൂലം ഈ തകരാറുള്ള ഒരു വ്യക്തിക്ക് മറ്റുള്ളവരുമായുള്ള വ്യക്തി ബന്ധങ്ങള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായിരിക്കും.
ഈ തകരാറിനെ സൂചിപ്പിക്കുന്നതിനായി ചിലപ്പോള്‍ 'മെഗലോമാനിയ' (മഹത്വത്തോടുള്ള അതിയായ താല്‍പര്യം) എന്ന വാക്കും ഉപയോഗിക്കാറുണ്ട്.
 
അഭിനയപരമായ വ്യക്തിത്വ തകരാര്‍
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അമിത വികാര പ്രകടനവും ശ്രദ്ധ ആകര്‍ഷിക്കാനുള്ള പെരുമാറ്റവുമാണ് ഈ തകരാറിന്‍റെ പ്രകൃതം. ഈ തകരാറുള്ള വ്യക്തിക്ക് ഏത് ആള്‍ക്കൂട്ടത്തിലും താനായിരിക്കണം  ശ്രദ്ധാകേന്ദ്രം എന്നതായിരിക്കും ആഗ്രഹം. അതിന് വേണ്ടി ഏതറ്റംവരേയും പോകാന്‍, ആത്മഹത്യാ ശ്രമം വരെ നടത്താന്‍ ഇവര്‍ തയ്യാറായേക്കും. സന്തോഷമാകട്ടെ സങ്കടമാകട്ടെ ഏത് വികാരവും ഇവര്‍ അതിശയോക്തികരമായി അവതരിപ്പിക്കും. ഇവര്‍ എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയും അംഗീകാരവും തേടുന്നു, ഇതവരുടെ വസ്ത്രധാരണം, പെരുമാറ്റം (വികാരങ്ങളുടെ നാടകീയമായ അവതരണം, മുഖസ്തുതി, ശൃംഗാരം തുടങ്ങിയവ), വരുംവരായ്കകള്‍ വിലയിരുത്താതെ എടുത്തുചാടി തീരുമാനമെടുക്കാനുള്ള (ഉദാ : സ്വയം കൊല്ലാന്‍ ശ്രമിക്കല്‍) പ്രവണത എന്നിവയിലൂടെ പ്രകടമാകും.
ഇവരുടെ ബന്ധങ്ങളില്‍ ഇവര്‍ യഥാര്‍ത്ഥത്തില്‍  ഉള്ളതിനേക്കാള്‍ ഉയര്‍ന്ന തലത്തിലുള്ള ഒരു വൈകാരികമായ അടുപ്പം (ദൃഢ ബന്ധം) സങ്കല്‍പ്പിക്കും. ചിലര്‍ അവരോട് ഒരു പരിചയം മാത്രമായിരിക്കും കാണിക്കുന്നത്, എന്നാല്‍ ഇവര്‍ അവരെ വളരെ പ്രിയപ്പെട്ട സുഹൃത്തായി പരിഗണിക്കും. ഈ അതിശയോക്തികരമായ വികാരപ്രകടനം അവരുടെ പെരുമാറ്റത്തെ ഉപരിപ്ലവമായത് അല്ലെങ്കില്‍ വ്യാജമായത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതാക്കും. ഇവര്‍ വളരെ ചപലരും മറ്റുള്ളവരാല്‍  എളുപ്പം സ്വാധീനിക്കപ്പെടുന്നവരുമാണെന്ന് തോന്നിപ്പിക്കും. ഇവര്‍ക്ക് ശ്രദ്ധ വളരെ കുറവായിരിക്കും, ഒരു കാര്യത്തില്‍ ഒരുപാട് നേരം ശ്രദ്ധവെയ്ക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞേക്കില്ല. അവര്‍ ശ്രദ്ധയും ഉത്തേജനവും ആഗ്രഹിക്കുകയും തങ്ങള്‍ ശ്രദ്ധാകേന്ദ്രമായില്ലെങ്കില്‍ അസ്വസ്ഥരാകുകയും ചെയ്യും.

Q

വിഭാഗം സി : ഉത്കണ്ഠയും ഭീതിയും ഉള്ള പെരുമാറ്റം

A

 
ഈ വിഭാഗത്തില്‍ വരുന്ന തകരാറുകളുടെ സ്വഭാവം ഉത്കണ്ഠ, നിയന്ത്രിക്കാനാകാത്ത പെരുമാറ്റം, എന്തെങ്കിലും ഒരു ചിന്ത മനസിനെ പിടികൂടുകയും  അത് നിയന്ത്രിക്കാനാകാത്ത പെരുമാറ്റ വൈകല്യമായി മാറുകയും ചെയ്യല്‍, ഒറ്റപ്പെട്ട് നില്‍ക്കല്‍ തുടങ്ങിയവയാണ്. ഈ വിഭാഗത്തിലെ തകരാറുകളുടെ പ്രധാന ലക്ഷണം സ്വന്തം കഴിവുകളിലുള്ള സംശയത്തില്‍ നിന്നും ഉദ്ഭവിക്കുന്ന അവനവനെക്കുറിച്ചു തന്നെയുള്ള ഉയര്‍ന്ന തോതിലുള്ള ഉത്കണ്ഠയാണ്. ഇത് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. 
 
ഒഴിഞ്ഞുനില്‍ക്കല്‍ പ്രവണതയുള്ള വ്യക്തിത്വ തകരാര്‍ (അവോയ്ഡന്‍റ് പേര്‍സണാലിറ്റി ഡിസോര്‍ഡര്‍)
 
ഈ തകരാറുള്ള വ്യക്തികള്‍ മറ്റുള്ളവര്‍ തന്നെക്കുറിച്ച് എന്താണ് കരുന്നത് എന്നതിനെക്കുറിച്ച് അത്യധികമായി ഉത്കണ്ഠപ്പെട്ടുകൊണ്ടിരിക്കും. മറ്റുള്ളവ ര്‍ തങ്ങളെ മോശമായി വിലയിരുത്തും, തന്‍റെ കുറ്റങ്ങള്‍ കണ്ടെത്തും അല്ലെങ്കില്‍ തങ്ങള്‍ ഒന്നിനും കൊള്ളാത്തവന്‍ അല്ലെങ്കില്‍ വിലകെട്ടവന്‍ ആണെന്ന് കരുതും എന്നോര്‍ത്ത് അത്യധികമായി ഭീതിപ്പെടും. ഇതവരെ കടുത്ത  ഉത്കണ്ഠയുള്ളയുള്ള വരും ആളുകള്‍ക്കിടയില്‍ വെച്ച് സ്വസ്ഥത അനുഭവിക്കാന്‍ പറ്റാത്തവരുമാക്കി മാറ്റും. 
ഈ തകരാറുള്ള വ്യക്തികള്‍ക്ക് വളരെ കുറഞ്ഞ ആത്മാഭിമാനമായിരിക്കും ഉണ്ടായിരിക്കുക. ഇവര്‍ തങ്ങള്‍ വേണ്ടത്ര ബുദ്ധിയുള്ളവരല്ല, അത്ര നല്ലതല്ല, വേണ്ടത്ര സമ്പന്നരല്ല, വേണ്ടത്ര യോഗ്യനല്ല തുടങ്ങിയ വിശ്വാസങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരിക്കും. ഇവര്‍ തങ്ങളേക്കാള്‍ മെച്ചപ്പെട്ടവരെന്നും ഉന്നതരെന്നും ഇവര്‍ക്ക് തോന്നുന്ന (അത് ചിലപ്പോള്‍ ശരിയാകണം എന്നില്ല) ആളുകളുമായി ഇടപഴകാന്‍ ഭയക്കും. ഇവര്‍ ഇടപഴകാനും ബന്ധപ്പെടാനും തീവ്രമായി ആഗ്രഹിക്കുന്നുണ്ടാകും, എന്നാല്‍ അതേ സമയം തന്നെ വിമര്‍ശനവും തിരസ്കാരവും ഭയക്കുകയും ചെയ്യുന്നു. തങ്ങള്‍ വിധിക്കപ്പെടുമോ എന്ന ഭയം മൂലം ഇവര്‍ സാമൂഹ്യമായ സമ്പര്‍ക്കം വേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കും. ഇവര്‍ വിമര്‍ശനത്തോട് വളരെ വൈകാരികമായ സമീപനം പുലര്‍ത്തും. തങ്ങളുടെ പ്രവര്‍ത്തികളെക്കുറിച്ചുള്ള വിമര്‍ശനത്തെ തള്ളിക്കളയലായാണ് അവര്‍ കാണുന്നത്. മറ്റുള്ളവര്‍ ഇവരെ ഒഴിഞ്ഞുമാറുന്നവരും കര്‍ക്കശക്കാരും വൈകാരികമായി അകലം പാലിക്കുന്നവരുമായി കാണ്ടേക്കും.
 
ആശ്രിത വ്യക്തിത്വ തകരാര്‍
ആശ്രിത വ്യക്തിത്വ തകരാറുള്ള ഒരു വ്യക്തി തനിക്ക് ചുറ്റുമുള്ള ആളുകളെ ആശ്രയിക്കുന്ന ആളായിരിക്കും. ഇവര്‍, തങ്ങള്‍ സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍ പ്രാപ്തിയില്ലാത്തരാണെന്ന് കരുതുന്നവരും സ്വന്തം സംരക്ഷത്തിന്‍റെയോ ജോലിയുടേയോ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പേടിക്കുന്നവരും ആയിരിക്കും. പിന്തുണയും സഹായവും കിട്ടുന്നതിനായി തങ്ങള്‍ ചെയ്യാന്‍ ആഗ്രഹക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ പോലും തയ്യാറാകുന്ന തരത്തില്‍ വിനയവും അനുസരണയും ഉള്ളവരായിരിക്കാന്‍ ഇവര്‍ തയ്യാറായിരിക്കും. സ്വന്തമായി എന്തെങ്കിലും ചെയ്യേണ്ടി വന്നാല്‍ ഇവര്‍ക്ക് നിസ്സഹായത അനുഭവപ്പെടും. അവര്‍ക്ക് അവരെ പരിചരിക്കാന്‍ എപ്പോഴും ആരെങ്കിലും ഉണ്ടായിരിക്കണം. മറ്റുള്ളവര്‍ ഇവരെ എപ്പോഴും എന്തെങ്കിലും ആവശ്യമുള്ളവരും പറ്റിപ്പിടിക്കുന്നവരുമായി കാണും. ഈ തകരാറുള്ള ഒരു വ്യക്തി ഒരു ബന്ധം നഷ്ടപ്പെടുന്നതിനെ വല്ലാതെ ഭയക്കും. ഇതിനുവേണ്ടി അവര്‍ പീഡനവും അപമാനവും സഹിക്കുകവരെ ചെയ്യും.
ഈ തകരാറുള്ള വ്യക്തികള്‍ക്ക് ഉത്കണ്ഠാരോഗം അല്ലെങ്കില്‍ വിഷാദരോഗം ഉണ്ടായിവരാനുള്ള സാധ്യതയും ഉണ്ട്.
 
ഒബ്സെസീവ് കമ്പള്‍സീവ് വ്യക്തിത്വ തകരാര്‍/ അനങ്കാസ്റ്റിക് വ്യക്തിത്വ തകരാര്‍ 
ഒബ്സെസീവ് കമ്പള്‍സീവ് വ്യക്തിത്വ തകരാര്‍ ഉള്ള ഒരാള്‍ കാര്യങ്ങള്‍ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ കര്‍ക്കശമായ ധാരണകള്‍ പുലര്‍ത്തുന്നവരായിരിക്കും. അവര്‍ക്ക് എല്ലാ കാര്യങ്ങളും കൃത്യതയോടെ നടക്കണം, അതിനു വേണ്ടി എത്ര ദൂരം വരെ വേണമെങ്കിലും പോകാന്‍ അവര്‍ തയ്യാറാകുകയും ചെയ്യും. അവര്‍ അവരുടെ സമീപനങ്ങളില്‍ കര്‍ക്കശക്കാരായിരിക്കും- അതായത് ഒരു കാര്യം വെറുതെ ചെയ്താല്‍ മാത്രം പോര, അത് അതിന്‍റെ ശരിയായ നിലവാരത്തില്‍ എത്തണം എന്നവര്‍ വാശി പിടിക്കും, എന്തെങ്കിലും അവര്‍ പ്രതീക്ഷിക്കുന്നതിലും താഴെയായിപ്പോയാല്‍ അതിനെച്ചൊല്ലി അവര്‍ വളരെയധികം ഉത്കണ്ഠാകുലരാകും. തങ്ങള്‍ ഇഷ്ടപ്പെടുന്ന തരത്തിലാണ് ഒരു കാര്യം ചെയ്യുന്നത് എന്ന് ഉറപ്പാക്കുന്നതിനായി വിനോദവും വിശ്രമവും ഒഴിവാക്കാനും, സ്വന്തം ശാരീരികമായ സൗഖ്യം അവഗണിക്കാന്‍ പോലും അവര്‍ തയ്യാറാകും. ഈ പ്രവണതമൂലം അവര്‍ ജോലികളും ഉത്തരവാദിത്തങ്ങളും  മറ്റുള്ളവരെ ഏല്‍പ്പക്കാന്‍ തയ്യാറാകില്ല, പകരം അവര്‍ക്ക് കൈകാര്യം ചെയ്യാനാകുന്നതിനേക്കാള്‍ കൂടുതല്‍ ഏറ്റെടുക്കുകയും ചെയ്യും. അവര്‍ ജോലിയില്‍ അത്യധികമായി താല്‍പര്യം കാണിക്കുന്നവരും തൊഴില്‍ പരമായ കര്‍ത്തവ്യം നിര്‍വ്വഹണത്തില്‍ കൃത്യ (പെര്‍ഫെക്ഷന്‍) പുലര്‍ത്തുന്നതിനായി സ്വന്തം സ്വകാര്യ ജീവിതം പോലും  അവഗണിക്കുന്നവരുമായിരിക്കും. 
ഒബ്സെസീവ് കമ്പള്‍സീവ് വ്യക്തിത്വ തകരാറുള്ള ഒരു വ്യക്തിക്ക് നിയമങ്ങളോടും നിയന്ത്രണങ്ങളോടും  ശക്തമായ ഒരു ഇഷ്ടം ഉണ്ടായിരിക്കും. കാര്യങ്ങള്‍ എങ്ങനെ ചെയ്യണം എന്നത് നിയമത്തില്‍ മുറുകെ പിടിച്ചു കൊണ്ട് അവര്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയും പട്ടികകള്‍ (ലിസ്റ്റ്) തയ്യാറാക്കുകയും സമയക്രമം ഉണ്ടാക്കുകയും അത് ശക്തമായി പിന്തുടരുകയും ചെയ്യും.ഇവര്‍ പിശുക്കന്മാരാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നു, കാരണം, പണം എങ്ങനെ ചെലവാക്കുന്നു എന്നത് നിയന്ത്രിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു, അത് നഷ്ടപ്പെടുന്നതിനെക്കുറിച്ച് അവര്‍ വലിയ ഭീതി പുലര്‍ത്തുന്നു. ഈ വ്യക്തിക്ക് തന്‍റെ പെരുമാറ്റം അന്യായവും യുക്തിരഹിതവുമായതാണെന്ന് മനസിലാകുന്നുണ്ടാകും, പക്ഷെ അത്തരം പെരുമാറ്റം തിരുത്താന്‍ അവര്‍ക്ക് കഴിവുണ്ടാകില്ല

Q

ഒ സി ഡി യും ഒ സി പി ഡിയും തമ്മിലുള്ള വ്യത്യാസം

A

 
ഒബ്സെസീവ് കമ്പള്‍സീവ് വ്യക്തിത്വ തകരാര്‍ പലപ്പോഴും ലക്ഷണങ്ങളിലും പെരുമാറ്റത്തിലുമുള്ള സാമ്യത മൂലം ഒബ്സെസീവ് കമ്പള്‍സീവ് തകരാറുമായി മാറിപ്പോകാറുണ്ട്.  
ഒബ്സെസീവ് കമ്പള്‍സീവ് തകരാറുള്ള ഒരു വ്യക്തി തന്നിലെ  നിര്‍ബന്ധപ്രേരണമൂലം സംഭവിക്കുന്ന മനക്ലേശത്തെ മറികടക്കുന്നതിനായി ഒരു കാര്യം തന്നെ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കും. ഒ സി പി ഡിയുള്ള വ്യക്തിക്കാകട്ടെ ഇത്തരത്തിലുള്ള നിര്‍ബന്ധപ്രേരണ (കമ്പള്‍സണ്‍) ഉണ്ടാകില്ല. നിയന്ത്രണം നഷ്ടപ്പെടുന്നതിലെ, അല്ലെങ്കില്‍ കാര്യങ്ങള്‍ പരിപൂര്‍ണതയോടെ (പെര്‍ഫെക്റ്റായി) ചെയ്യുന്നയാളല്ല എന്ന് ധരിക്കപ്പെട്ടേക്കാം എന്നതിലെ ഭീതി മൂലം ഇവരില്‍ ചില പ്രത്യേക പെരുമാറ്റങ്ങള്‍ ഉണ്ടാകുകയാണ് ചെയ്യുന്നത്. അനന്തര ഫലം  നിയന്ത്രിക്കാനാകാത്ത ചില സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍ ഇവര്‍ക്ക് അമിതമായ ഉത്കണ്ഠ ഉണ്ടായേക്കും. ഈ രണ്ട് കേസിലും ഉത്കണ്ഠമൂലമാണ് പ്രത്യേക തരം പെരുമാറ്റം ഉണ്ടാകുന്നത്. ഒ സി ഡിയുള്ള ഒരു വ്യക്തിയില്‍ ഉത്കണ്ഠ ഒരു പ്രത്യേക കാര്യം വീണ്ടു വീണ്ടും ചെയ്യാനുള്ള അനിയന്ത്രിതമായ പ്രേരണയുണ്ടാക്കുമ്പോള്‍ ഒ സി പി ഡിയുള്ള വ്യക്തി അയാളുടെ സ്വഭാവ സവിശേഷതകള്‍ മൂലം ഉത്കണ്ഠ അനുഭവിക്കുകയാണ് ചെയ്യുന്നത് ( മിക്കവാറും കേസുകളില്‍ കാര്യങ്ങള്‍ പരിപൂര്‍ണമായ കൃത്യതയോടെ ചെയ്യുക എന്ന സ്വഭാവ പ്രത്യേകത അല്ലെങ്കില്‍ കാര്യങ്ങള്‍ എങ്ങനെയായിരിക്കണം ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള വിട്ടുവീഴ്ചയില്ലാത്ത ചിന്താഗതി ഉത്കണ്ഠ ഉണ്ടാക്കുന്നു). 
ഒ സി ഡിയുള്ള ഒരു വ്യക്തി തന്‍റെ പെരുമാറ്റം യുക്തിയില്ലാത്തതും വിചിത്രവുമാണെന്ന് തിരിച്ചറിയുന്നുണ്ടാകും,എന്നാല്‍  ഒ സി പി ഡിയുള്ള വ്യക്തി തന്‍റെ പെരുമാറ്റം അസാധാരണമായതാണെന്ന കാര്യം അറിയുന്നുണ്ടാകില്ല. 
 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org