വൈകാരിക പീഡനം: ഒരു ക്ഷതത്തിനും ശാരീരിക പരുക്കിനും അപ്പുറം ആഴത്തിലുള്ളത് ആകുമ്പോൾ

നിങ്ങളുടെ ബന്ധത്തിൽ നിങ്ങള്‍ വൈകാരിക പീഡനം അനുഭവിക്കുന്നുണ്ടോ എന്ന് അറിയുന്നത് എങ്ങനെയാണ്?

എന്താണ് ശാരീരിക പീഡനം എന്നത് നമുക്ക് അറിയാം, ശാരീരിക കൈയ്യേറ്റം അക്രമപരമായതാണ് എന്ന് തിരിച്ചറിയുവാൻ നമുക്കു സാധിക്കുന്നുമുണ്ട്. എങ്കിലും, അതേപോലെ ഹാനികരവും എന്നാൽ കൂടുതൽ ദുർഗ്രഹമായതും ആയ മറ്റൊരു തരത്തിലുള്ള പീഡനം ഉണ്ട്: വൈകാരിക പീഡനം.

എന്താണ് വൈകാരിക പീഡനം?

ഉറ്റ ബന്ധങ്ങള്‍ക്ക് ഇടയിൽ കാണപ്പെടുന്ന ഒരു പ്രതിഭാസമാണ് വൈകാരിക പീഡനം എന്നത്. കരുതിക്കൂട്ടി മറ്റൊരു വ്യക്തിയെ നിന്ദിക്കുകയും അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രീതിയിൽ പെരുമാറുന്നതാണ് അത്. പീഡനം സഹിക്കേണ്ടി വരുന്ന വ്യക്തിക്ക് ഇതു മൂലം ആത്മാഭിമാനക്കുറവ് തോന്നുന്നതിനു സാദ്ധ്യതയുണ്ട്, ഇത്  ബന്ധത്തിൽ ആ വ്യക്തിക്കുള്ള പങ്കിന്മേൽ പ്രഭാവം ചെലുത്തുകയും ചെയ്യുന്നു. ഒരു ബന്ധത്തിൽ പുരുഷന്മാരും സ്ത്രീകളും ഒരേപോലെ പീഡകരാകാം.

ശാരീരിക ആക്രമണവും പീഡനവും പോലെ തന്നെ, വൈകാരിക പീഡനവും  തങ്ങളുടെ ബന്ധത്തില്‍ ബീഡനം അനുഭവിക്കുന്ന വ്യക്തിക്ക് ദൗർബ്ബല്യമോ നിസ്സഹായതയോ ഉണ്ടാക്കുന്നതിനുള്ള ഒരു വഴി തന്നെയാണ്. പലപ്പോഴും, പീഡനം അനുഭവിക്കുന്ന വ്യക്തിക്ക് താൻ പീഡിപ്പിക്കപ്പെടുകയാണ് എന്നു തിരിച്ചറിയുന്നില്ല. ചിലപ്പോൾ, മറ്റേ വ്യക്തിയിൽ തന്‍റെ വാക്കുകളോ പ്രവർത്തികളോ ഏൽപ്പിക്കുന്ന പ്രഭാവത്തെ കുറിച്ച് പീഡിപ്പിക്കുന്ന വ്യക്തിക്കു പോലും ബോധമുണ്ടായിരിക്കുകയുമില്ല. 

വൈകാരിക പീഡനം എന്തു പോലെയാണ്?

വൈകാരിക പീഡനത്തിൽ താഴെ വിവരിക്കുന്നവയിൽ ഒന്നോ അതിൽ കൂടുതലോ പെരുമാറ്റങ്ങൾ ഉൾപ്പെട്ടിരിക്കുന്നു:

  • നിരന്തര സംശയവും ഒരാളിന്‍റെ പങ്കാളിയെ പിന്തുടരലും, അവിശ്വാസം ആരോപിക്കലും. പീഡിപ്പിക്കുന്ന വ്യക്തി, പങ്കാളി എന്താണു ചെയ്യുന്നത് എവിടെയാണ് പോകുന്നത്, ആർക്കൊപ്പമാണ് സമയം ചെലവഴിക്കുന്നത് എന്ന് ആവർത്തിച്ചു ചോദ്യം ചെയ്‌തേക്കാം. തന്‍റെ പങ്കാളി തന്നോട് വിശ്വസ്തത പുലർത്തുന്നില്ല എന്ന് നിരന്തരം പരാതിപ്പെട്ടുകൊണ്ടിരിക്കും, പങ്കാളിയുടെ മേൽ ആരോപിക്കപ്പെട്ട അവിശ്വാസ്യതയെ കുറിച്ച് ചോദിച്ച് അവരെ നിരന്തരം ബുദ്ധിമുട്ടിക്കയും ചെയ്‌തെന്നു വരാം. 
  • മനോവ്യഥയുണ്ടാക്കുന്ന, സാധാരണമെന്ന മട്ടിലുള്ള വിമർശനാത്മക അഭിപ്രായം പറയൽ അല്ലെങ്കിൽ മുറിപ്പെടുത്തുന്ന വാക്കു പറയൽ. ഇത് തങ്ങളുടെ ആഹാരം, ബാഹ്യരൂപം, അല്ലെങ്കിൽ വേഷവിധാന ശൈലി, തുടങ്ങിയ ഏതിനെയെങ്കിലും കുറിച്ചുള്ള അഭിപ്രായങ്ങള്‍ മുതല്‍  അയാളുടെ കഴിവുകൾ, അതല്ലെങ്കിൽ സ്വന്തം ചുമതലകൾ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ് എന്നിവ  വരെ ആകാം. മറ്റേ വ്യക്തി എങ്ങനെയാണോ അതിന് എന്തോ അടിസ്ഥാനപരമായ കുറവ് ഉണ്ട് എന്ന് ഇങ്ങനെ ദ്യോതിപ്പിക്കുന്നതാവാം. 
  • മറ്റുള്ള ആളുകളുടെ മുമ്പിൽ വച്ച് നാണം കെടുത്തുകയോ തിരുത്തിക്കൊടുക്കുകയോ പരിഹസിക്കുകയോ ചെയ്യൽ. ഇതേ തുടർന്ന് സ്വകാര്യമായി പശ്ചാത്താപവിവശമായ മാപ്പു പറയൽ ഉണ്ടായെന്നും വരാം. 
  • മറ്റേ വ്യക്തിയുടെ പെരുമാറ്റം ശിക്ഷയിലൂടെയോ സ്‌നേഹം നൽകാതിരുന്നുകൊണ്ടോ നിയന്ത്രിക്കുന്നത്. ഈ നിയന്ത്രണം അവർ വേഷം ധരിക്കുന്ന രീതി മുതൽ അവർഎവിടെ പോകുന്നു അല്ലെങ്കിൽ എങ്ങനെ പണം ചെലവഴിക്കുന്നു എന്നതിൽ വരെ ഉണ്ടായെന്നു വരാം. ഇതുമൂലം ഏറ്റവും ചെറിയ കാര്യത്തിലോ പണം ചെലവാക്കുന്നതിലോ പങ്കാളിയോട് മുന്നേ കൂട്ടി 'വിവരം അറിയിച്ചിരിക്കണം' അല്ലെങ്കിൽ 'അനുവാദം' ചോദിച്ചിരിക്കണം എന്നു പങ്കാളിക്കു തോന്നലുണ്ടാകുന്ന അവസ്ഥ എത്തിയേക്കാം. 
  • വൈകാരിക മമത നൽകാതിരിക്കുക എന്നത് തന്‍റെ പങ്കാളിയുടെ സ്‌നേഹം താൻ അർഹിക്കുന്നില്ല എന്ന് മറ്റേയാൾ വിശ്വസിക്കുന്നതിനു ഇടയാക്കുന്നു. പലപ്പോഴും ഇത് ആ വ്യക്തിയുടെ 'വീഴ്ച്ചകൾക്ക് ' ഉള്ള ശിക്ഷ ആയിട്ടായിരിക്കും ഉപയോഗിക്കപ്പെടുക. 
  • മറ്റേ വ്യക്തിയെ നിരാകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യുക, അവർ സംസാരിക്കുമ്പോഴും തീരുമാനങ്ങൾ എടുക്കുമ്പോഴും അവർക്കു മനഃപൂർവ്വം ശ്രദ്ധ കൊടുക്കാതിരിക്കുക. മറ്റേ വ്യക്തിയുടെ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ അവഗണിച്ചേക്കാം, അല്ലെങ്കിൽ അവ വെറും നിസ്സാരമാണ് എന്നു തോന്നിപ്പിക്കുക.
  • തനിക്ക് മനസ്സിന്‍റെ നിയന്ത്രണം വിട്ടു പോകുന്നു എന്നു മറ്റേ വ്യക്തിയെ വിശ്വസിപ്പിക്കത്തക്ക വിധമുള്ള, അല്ലെങ്കിൽ അവർ ആവശ്യത്തിനു വിശ്വാസയോഗ്യരല്ല എന്നു തോന്നിപ്പിക്കുന്ന തരം അഭിപ്രായങ്ങൾ. ചില കാര്യങ്ങൾ നടന്നിട്ടേയില്ല എന്നു തോന്നിപ്പിക്കുന്ന മട്ടിലായിരിക്കും പീഡിപ്പിക്കുന്ന വ്യക്തി ഇതു നടപ്പിലാക്കുക; അല്ലെങ്കിൽ മറ്റേ വ്യക്തിക്ക് ചില സംഭവങ്ങൾ സംബന്ധിച്ചുള്ള ഓർമ്മകൾ വ്യത്യസ്തമാണ്,  അതിന് ഇല്ലാത്ത കൂടുതൽ അർത്ഥങ്ങൾ കൽപ്പിച്ചുണ്ടാക്കുന്നു, അവർ വളരെ കൂടുതൽ 'തൊട്ടാൽവാടി ' ആണ് തുടങ്ങിയവ. പീഡിപ്പിക്കുന്ന വ്യക്തി കാര്യങ്ങൾ ഓർമ്മിക്കുന്നത് വ്യത്യസ്തമായിട്ടാണ് എന്നും. 
  • ചില അവസരങ്ങളിൽ അവർ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ടു പോകുന്നിടത്തോളം വരെ പീഡിപ്പിക്കുന്ന വ്യക്തി മറ്റേ വ്യക്തിയുടെ സഞ്ചാരങ്ങളും പ്രവർത്തനങ്ങളും നിയന്ത്രിച്ചേക്കാം

പീഡനം അനുഭവിക്കുന്ന വ്യക്തിയെ മാനസിക തകർച്ചയിലേക്കു നയിക്കത്തക്ക വിധം വ്യവസ്ഥാനുസാരിയായ വാചികവും മാനസികവുമായ ക്രമരൂപങ്ങൾ സൃഷ്ടിക്കത്തക്ക വിധം മേൽ പറഞ്ഞവയിൽ ഒന്നോ അതിൽ കൂടുതൽ വഴികളോ പീഡനം നടത്തുന്ന വ്യക്തി ഉപയോഗിച്ചെന്നു വരാം. പീഡിപ്പിക്കുന്ന വ്യക്തി സമീപത്ത് ഉള്ളപ്പോൾ താൻ മുട്ടയുടെ പുറത്തു കൂടി നടക്കുകയാണ് എന്ന തോന്നലായിരിക്കും പീഡിപ്പിക്കപ്പെടുന്ന വ്യക്തി അനുഭവിക്കുക; താൻ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്യുന്നത് പീഡിപ്പിക്കുന്ന വ്യക്തിക്ക് അഹിതകരമായി ഭവിക്കുമോ എന്ന് അറിയാതെ എപ്പോഴും വളരെ സൂക്ഷിച്ച് പെരുമാറുക. പീഡകർ അവരോടു പറയുന്നത് അവർ സ്വയം വിശ്വസിച്ചു തുടങ്ങും -- താൻ വളരെ അവിവേകിയാണ്, ഒന്നിനും കൊള്ളാത്ത മൂല്യമില്ലാത്ത ആളാണ്, പീഡിപ്പിക്കുന്ന വ്യക്തിയുടെ സ്വഭാവത്തിന് താനാണ് ഉത്തരവാദി എന്നിങ്ങനെ. 

വൈകാരിക പീഡനം വളരെ ദുർഗ്രഹമായിട്ടായിരിക്കും തുടങ്ങുക -- പലപ്പോഴും അഭിപ്രായങ്ങളിലൂടെയോ സൂചനകളിലൂടെയോ -- പിന്നെ വേഗം കൂടും. ഇതു മൂലം പീഡനം അനുഭവിക്കുന്ന വ്യക്തി ആ പ്രത്യേക ബന്ധത്തിൽ ഇതു 'സാധാരണം' ആണ് എന്നു കണക്കാക്കി തടങ്ങിയെന്നു വരാം. പീഡിപ്പിക്കുന്ന വ്യക്തിയുടെ പെരുമാറ്റം സാധാരണമല്ല, അല്ലെങ്കിൽ തങ്ങളുടെ ആത്മാഭിമാനം ആക്രമിക്കപ്പെടുന്നുണ്ട് എന്ന് തിരിച്ചറിയുന്നതിന് അവർക്കു സാധിക്കുന്നില്ല. തന്‍റെ മേൽ പീഡിപ്പിക്കുന്ന വ്യക്തി ചെലുത്തുന്ന സ്വാധീനം തിരിച്ചറിയാൻ പീഡിപ്പിക്കപ്പെടുന്ന വ്യക്തിക്കു കഴിയുന്നില്ല. 

ക്രമേണ തീവ്രത ഉയർന്നു വരുന്നു, പീഡിപ്പിക്കപ്പെടുന്ന വ്യക്തിക്ക് താൻ മൂല്യമില്ലാത്ത ആൾ ആണ് എന്നും തന്നെ സഹായിക്കുവാൻ ആരുമില്ല എന്നും തോന്നിത്തുടങ്ങുന്നു. തങ്ങൾ എങ്ങനെയോ 'ഉന്മത്തരാണ്' , സ്‌നേഹമോ പരിചരണമോ അർഹിക്കുന്നില്ല എന്ന തോന്നൽ മറ്റുള്ളവരുടെ സഹായം ചോദിക്കുന്നതിൽ നിന്നും അവരെ വിലക്കിയെന്നും വരാം.

താൻ മാനസികമായി അന്യായമായ  സ്വാധീനം ചെലുത്തുകയാണ് എന്ന് ചിലപ്പോൾ, പീഡിപ്പിക്കുന്ന വ്യക്തിക്കു പോലും അവബോധം ഉണ്ടായെന്നു വരില്ല. തന്‍റെ ബാല്യകാലത്ത് വീട്ടിൽ അത്തരം പീഡനങ്ങൾ സംഭവിക്കുന്നത് കണ്ടിട്ടുണ്ടാകാം, ഉറ്റ ബന്ധങ്ങളിൽ അത് സാധാരണ പെരുമാറ്റമാണ് എന്ന് കരുതുകയും ചെയ്യുന്നു.

വൈകാരിക പീഡനത്തിന്‍റെ പ്രഭാവം

പീഡനം അനുഭവിക്കുന്ന വ്യക്തിയിൽ അത് ആഴത്തിലുള്ള പ്രഭാവം ചെലുത്തുന്നുണ്ടാകും, അവരെ ഒറ്റപ്പെടുത്തും, അവർക്ക് തങ്ങൾ ഒറ്റപ്പെടുത്തപ്പെടുന്നു, തങ്ങള്‍ മൂല്യമില്ലാത്തവരും അശക്തരും ആണ് എന്ന് തോന്നിപ്പിക്കുന്നു എന്നതിനാൽ വൈകാരിക പീഡനം ശാരീരിക പീഡനത്തിനു സമാനമാണ്.

  • ആ വ്യക്തിക്ക് ആത്മാഭിമാനം ഗുരുതരമായി കുറഞ്ഞെന്നു വരാം, കാരണം പീഡനം അനുഭവിക്കുന്ന വ്യക്തി വിശ്വസിക്കുന്നത് തനിക്കു നേരേ പീഡിപ്പിക്കുന്ന വ്യക്തി ഉന്നയിക്കുന്ന വിമർശനവും നാണം കെടുത്തലും തങ്ങളെ സംബന്ധിച്ചുള്ള കൃത്യമായ പ്രതികരണം ആണ് എന്നത്രേ. പരസ്പരബന്ധിത സംവിധാനങ്ങൾ (സുഹൃത്തുക്കൾ, കുടുംബം സഹജീവനക്കാർ) ഇല്ലാത്തവരെ സംബന്ധിച്ച് ഇത് പ്രത്യേകിച്ചും സത്യമായി ഭവിക്കാം, കാരണം മറ്റുള്ളവർ വ്യത്യസ്തമായിട്ടാണ് കാര്യങ്ങൾ വീക്ഷിക്കുക എന്നത് അറിയാൻ അവർക്ക് വേറേ മാർഗ്ഗമൊന്നുമില്ലല്ലോ. 
  • ആ വ്യക്തി താൻ കഴിവില്ലാത്തയാളും മൂല്യമില്ലാത്തയാളും ആണ് എന്ന് വിശ്വസിക്കുന്നു, അതിനാൽ മറ്റുള്ള ആരുമായും ഒത്തു പോകുന്നതിനോ മറ്റൊരു വ്യക്തിയുമായി ഒരു ഗുണമേന്മയുള്ള ബന്ധം സ്ഥാപിക്കുന്നതിനോ തനിക്കു കഴിവില്ല എന്നും. തന്‍റെ പങ്കാളി തന്നോടു പെരുമാറുന്ന രീതി  താന്‍  'അര്‍ഹിക്കുന്നുണ്ട് ' എന്നു അവര്‍ വിശ്വസിച്ചു തുങ്ങിയേക്കാം.
  • പീഡിപ്പിക്കുന്ന വ്യക്തിയെ  താന്‍ പ്രകോപിപ്പിച്ചാലോ എന്ന  സ്ഥിരമായ ഭയത്തിൽ എപ്പോഴും അവരെ ശ്രദ്ധിച്ചുകൊണ്ട് കഴിയുന്നു. തന്‍റെ ഏതു പെരുമാറ്റമായിരിക്കുകയും വിമര്‍ശിപ്പിക്കപ്പെടുക എന്നതു സംബന്ധിച്ച് നിരന്തര ഉത്കണ്ഠയില്‍ ആയിരിക്കും, പീഡിപ്പിക്കുന്ന വ്യക്തി സമീപത്ത് ഉള്ളപ്പോൾ താൻ മുട്ടയുടെ പുറത്തു കൂടി നടക്കുകയാണ് എന്ന തോന്നലായിരിക്കും പീഡിപ്പിക്കപ്പെടുന്ന വ്യക്തി അനുഭവിക്കുക.

ആവർത്തിച്ചുള്ള പീഡനങ്ങൾ മൂലം, നിസ്സാഹയതയുടേയും പ്രതീക്ഷയില്ലായ്മയുടേയും തോന്നലുകൾ വിഷാദത്തിന്‍റേയും ഉത്കണ്ഠയുടേയും ലക്ഷണങ്ങൾക്ക് കാരണമായേക്കാം. പക്ഷേ പീഡനം ഇല്ലാതായാൽ ലക്ഷണങ്ങളും ഇല്ലാതായേക്കാം. ദീർഘനാളത്തെ അന്തഃസംഘർഷത്തിന് ഉയർന്ന രക്തസമ്മർദ്ദം, ശരീര വേദന, മൈഗ്രെയിൻ, പോഷണപരിണാമവിഷയകമായ തകരാറുകൾ തുടങ്ങിയചിരസ്ഥായിയായ ആരോഗ്യ പ്രശ്‌നങ്ങൾക്കു കാരണമായേക്കാം. 'രഹസ്യം' സ്വയം സൂക്ഷിക്കുന്നതു മൂലമുണ്ടാകുന്ന സാംസ്‌കാരിക സമ്മർദ്ദവും കൂടി ആകുമ്പോൾ  അന്തഃസംഘർഷത്തിന് മാനസിക കാരണങ്ങളാൽ ഉണ്ടാകുന്ന ശാരീരിക രോഗങ്ങൾക്കും കാരണമായേക്കാം. വൈകാരിക പീഡനത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തി ഉത്കണ്ഠയ്‌ക്കോ വിഷാദത്തിനോ പെട്ടെന്ന് അടിപ്പെടാനുള്ള സാദ്ധ്യതയുണ്ട്.

വൈകാരിക പീഡനത്തിന് സഹായം തേടുന്നത്

വൈകാരിക പീഡനം ശാരീരിക പീഡനം പോലെ വ്യക്തമായിരിക്കില്ല, പക്ഷേ തുല്യമായ തരത്തിൽ ഉപദ്രവകാരിയും അപകടകാരിയുമാണ്. വൈകാരിക പീഡനം ഒറ്റപ്പെടുത്തുന്നതായിരിക്കും, അതു നിങ്ങളുടെ തെറ്റല്ല എന്ന് ഓർമ്മിക്കേണ്ടതുണ്ട്, മറ്റുള്ളവരിൽ നിന്നുള്ള പിന്തുണയോടെ നിങ്ങൾക്ക് കൂടുതൽ കരുത്തു നേടുന്നതായി അനുഭവപ്പെടും.

നിങ്ങൾ വൈകാരിക പീഡനം സഹിക്കുന്നുണ്ട് എന്നു നിങ്ങൾക്കു തോന്നുന്നുവെങ്കിൽ, ഉടനെ തന്നെ സഹായം തേടുക. നിങ്ങൾക്ക് ഹെൽപ് ലൈനിൽ വിളിക്കുകയോ അല്ലെങ്കിൽ ഒരു കൗൺസിലറുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്, അവർക്ക് നിങ്ങളെ വൈകാരികമായി പിന്തുണയ്ക്കുന്നതിനു കഴിയും. പീഡിപ്പിക്കുന്ന വ്യക്തിയുടെ അവിഹിതമായ സ്വാധീനം മൂലം ഉണ്ടാക്കിയെടുത്ത നിഷേധാത്മക ചിന്തകളുടെ ചക്രം പൊട്ടിച്ചെറിയുന്നതിനും നിങ്ങളുടെ ആത്മാഭിമാനം വീണ്ടെടുക്കുന്നതിനും അതു നിങ്ങളെ സഹായിക്കും. 

ഇതു കൂടാതെ നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും വൈകാരിക പിന്തുണ തേടാവുന്നതാണ്. നിങ്ങൾ ഉദ്യോഗസ്ഥയല്ലെങ്കിൽ, നിങ്ങളുടെ സാമൂഹ്യവൃത്തം വിപുലീകരിക്കുന്നതിനും ഒരു വിശ്രമം എടുക്കുന്നതിനം വേണ്ടി ഒരു ജോലി കിട്ടുന്നതിനെ കുറിച്ചോ സേവനം ചെയ്യുന്നതിനെ കുറിച്ചോ പരിഗണിക്കാവുന്നതാണ്. 

എവിടെയാണ് സഹായം കിട്ടുക:

കൗൺസിലിംഗിനോ നിങ്ങൾക്ക് സമീപമുള്ള ഒരു ആരോഗ്യവിദഗ്ദ്ധന്‍റെ വിവരം കിട്ടുന്നതിനോ വേണ്ടി വിളിക്കേണ്ട നമ്പറുകൾ:

പരിവർത്തൻ: (080) 65333323 Monday to Friday, 4.00 pm to 10.00pm

ഐകോൾ ഹെൽപ് ലൈൻ: 022-25521111 (Monday to Saturday, 8 AM to 10 PM)

സ്‌നേഹ (SNEHA): http://www.snehamumbai.org/our-work/domestic-violence.aspx (നിയമോപദേശവും ലഭിക്കും)

AKS Foundation crisis Line:  (+91) 8793 0888 14/15/16 (http://aksfoundation.org/how-we-can-help/)

പൊതുവായതും നിയമപരവുമായ പിന്തുണ:

വിമോചന ഫോറം ഫോർ വിമൻസ് റൈറ്റ്‌സ്: Vimochana Forum for Women's Rights: +91-80-25492781 / 25494266 (CrisisHelpline)

നാഷണൽ കമ്മീഷൻ ഫോർ വിമെൻ : http://ncw.nic.in/frmhelpline.aspx

പരിവർത്തൻ കൗൺസിലിംഗ്, ട്രെയിനിംഗ് ആൻഡ് റിസേർച്ച് സെന്‍ററിലെ ശബരി ഭട്ടാചാര്യ പങ്കു വച്ച അറിവുകൾ കൂടി ഉൾപ്പെടുത്തി തയ്യാറാക്കിയതാണ് ഈ ലേഖനം.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org