ബുദ്ധിപരമായ സത്യസന്ധത- വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം

Published on
മറ്റൊരു വ്യക്തിയുടെ ആശയം മോഷ്ടിച്ചെടുക്കുകയും അത് നിങ്ങളുടേതായി അവതരിപ്പിക്കുകയും ചെയ്യുന്നതിനെ ആശയചോരണം(പ്ലേജിയറിസം) എന്നാണ് പറഞ്ഞു പോരുന്നത്. ക്ലാസില്‍ കൂടെ പഠിക്കുന്ന ഒരാളുടെ ഹോംവര്‍ക്ക് പകര്‍ത്തിയെഴുതുക, അല്ലെങ്കില്‍ സ്കൂള്‍ പ്രോജക്റ്റിന് ഇന്‍റര്‍നെറ്റില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍/ചിത്രങ്ങള്‍,  അപ്പാടെ  പകര്‍ത്തിവെയ്ക്കുക എന്നിവയെല്ലാം സാഹിത്യ/ആശയ ചോരണം എന്ന വകുപ്പില്‍ പെടുന്നു. കൂടുതല്‍ പരിചിതമായ ഒരു വാക്ക് ഉപയോഗിച്ചാല്‍- ഇത് തട്ടിപ്പാണ്.

ഒരു വിദ്യാര്‍ത്ഥിക്ക് ഇതില്‍ നിന്നും എന്ത് നേട്ടമാണ് ഉണ്ടാകുന്നത്? തല്‍ക്കാലത്തേക്ക്, ഹോംവര്‍ക്ക് പൂര്‍ത്തിയാക്കി കൊടുക്കാനാകും. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍, ഈ പ്രവര്‍ത്തി തുടരുകയാണെങ്കില്‍ താന്‍ തട്ടിപ്പുകാരനാണ്, തന്‍റെ ഇതേ പ്രായത്തിലുള്ള മറ്റുള്ളവക്ക് എളുപ്പത്തില്‍ ചെയ്യാനാകുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവും തലച്ചോറും ഇല്ലാത്തയാളാണ്, എന്ന ആഴത്തില്‍ വേരൂന്നുന്ന ഒരു ചിന്ത എന്നെന്നേക്കുമായി അവരെ വിടാതെ പിന്തുടരും. തുടക്കത്തില്‍, ടീച്ചറെ പറ്റിച്ചത് വലിയ മിടുക്കായി  എന്ന് അവര്‍ ചിന്തിക്കും, വാസ്തവത്തില്‍ അവര്‍ക്ക് കോളേജില്‍ ചെല്ലുമ്പോള്‍ അവരുടെ സ്വന്തം ശക്തി/ശേഷി ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യാനുള്ള അവസരം നഷ്ടമാകുകയാണ് ഇതിലൂടെ ചെയ്യുന്നത്. 

വിദ്യാഭ്യാസത്തിന്‍റെ പരമ പ്രധാനമായ ഉദ്ദേശ്യം എന്നത് കുട്ടിയില്‍ വിമര്‍ശനപരമായ ചിന്താശേഷി വികസിപ്പിച്ചെടുക്കുക എന്നതാണ്. പാഠങ്ങള്‍ കാണാപ്പാഠം പഠിക്കുക എന്നതിനപ്പുറം കാര്യങ്ങളെ ചോദ്യം ചെയ്യാന്‍ പഠിക്കുകയാണ് കുട്ടികള്‍ വിദ്യാഭ്യാസത്തിലൂടെ ചെയ്യേണ്ടത്. ഇത് അവര്‍ക്ക് പിന്നീട് ഏത് ജീവിത, തൊഴില്‍ സാഹചര്യത്തിലും ഉപയോഗപ്പെടുത്താനാകുന്ന ഒരു കഴിവാണ്. അവര്‍ അവരുടെ ഹോംവര്‍ക്കുകളും പ്രോജക്റ്റുകളും ചെയ്യാന്‍ സ്വന്തം ആശയങ്ങള്‍ ഉപയോഗിക്കാന്‍ പഠിക്കുന്നു. 

ഉദാഹരണത്തിന്, ഓരോ കാര്യങ്ങളെയും കുറിച്ച് യുക്തിപൂര്‍വം ചിന്തിക്കാന്‍ പഠിക്കുന്ന ഒരു കൗമാരക്കാരന്‍/ കൗമാരക്കാരി മയക്കുമരുന്ന് പരീക്ഷിച്ച് നോക്കാന്‍ തയ്യാറായേക്കില്ല. ആപ്പിളിന്‍റെ സഹ സ്ഥാപകന്‍ സ്റ്റീവ് വോസ്നിയാക് പറയുന്നത് നോക്കുക : "നിങ്ങള്‍ ഒരു മയക്കുമരുന്ന് ഉപയോഗിക്കുമ്പോള്‍, പിന്നെ നിങ്ങളും ആ മരുന്നും കൂടിയാണ് പ്രവര്‍ത്തിക്കുന്ന്, ശരിയല്ലെ? അപ്പോള്‍ അത് ശരിക്കും നിങ്ങളല്ല, നിങ്ങള്‍ മാത്രമല്ല. ഞാന്‍ എന്‍റെ കഴിവുകളുടെ പേരില്‍ വിലയിരുത്തപ്പെടാനാണ് ആഗ്രഹിക്കുന്നത്, അതിന്‍റെ മാത്രം പേരില്‍". മയക്കു മരുന്നെടുത്താല്‍ ബുദ്ധി കൂടുതല്‍ വികസിക്കുമെന്നും കൂടുതല്‍ ഉയര്‍ന്ന ഗ്രേഡുകള്‍ നേടാനാകുമെന്നും മറ്റ് കുട്ടികള്‍ പറഞ്ഞിട്ടുപോലും തനിക്ക് മരുന്നുകളുടെ ആവശ്യമില്ല എന്ന് അദ്ദേഹം ദൃഢനിശ്ചയമെടുത്തു. 

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ (ഇന്ത്യയിലും വേറെവിടേയും) മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ലക്ഷ്യബോധം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവര്‍ സ്കൂളില്‍ ചെയ്യേണ്ടുന്ന ഹോംവര്‍ക്കുകളും പ്രോജക്റ്റുകളും മറ്റും കേവലം ഗ്രേഡുകള്‍ നേടുന്നതിന് വേണ്ടിയുള്ള കഠിനമായ യത്നം മാത്രമായും പന്ത്രണ്ടാം തരത്തില്‍വെച്ച്  കേളേജില്‍ മറ്റ് അപേക്ഷകരേക്കാള്‍ മുന്‍ഗണന നേടുന്നതിനായി വ്യക്തിവിവരണരേഖ (റെസ്യൂം) ഉണ്ടാക്കികൂട്ടുന്നതിനുള്ള പ്രവര്‍ത്തിയായും മാത്രം കണക്കാക്കുന്നു. ഇതെല്ലാം കുട്ടിക്കുമേല്‍ ഒരു വലിയ ഭാരമായി മാറുകയും ഏത് കാര്യം ചെയ്യുന്നതിനും അവര്‍- അസൈന്‍മെന്‍റുകള്‍ പൂര്‍ത്തിയാക്കുന്നതിനും സമര്‍പ്പിക്കുന്നതിനുമായി ഇന്‍റര്‍നെറ്റില്‍ നിന്നും പെറുക്കിയെടുക്കുന്ന വിവരങ്ങളും മറ്റും നിരത്തിവെയ്ക്കുക പോലുള്ള കുറുക്കുവഴികള്‍ തേടുകയും ചെയ്യുന്നു.
 
എന്താണ് ആളുകളെ എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്? വാസ്തവത്തില്‍ ഇത് എന്തെങ്കിലും യഥാര്‍ത്ഥമായി ഇഷ്ടപ്പെടുക എന്ന കാര്യമാണ്. ഈ വികാരം-താല്‍പര്യം/ഇഷ്ടം- തലച്ചോറിന്‍റെ ലിംബിക് സിസ്റ്റം എന്ന് വിളിക്കപ്പെടുന്ന ഭാഗത്താണ് ഉത്ഭവിക്കുന്നത്. ഇത് ആശയരൂപീകരണ പ്രക്രിയ നടക്കുന്ന ഭാഗമായ ഫോര്‍ബ്രെയ്നിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നു. ഫോര്‍ബ്രെയ്ന്‍ ഉണ്ടാക്കുന്ന ആവേശകരമായ ചിന്തകളുടെ അടിസ്ഥാനത്തിലാണ് ആളുകള്‍ ഓരോരോ കാര്യങ്ങള്‍ ചെയ്യുന്നത്. ഒരേ കാര്യം എല്ലാവരിലും താല്‍പര്യം ഉണ്ടാക്കുന്നില്ല. അതിനാല്‍  ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഒരു കുട്ടി, ചിന്തിക്കുക എന്നതിന് പകരം മറ്റുള്ളവരുടെ ചിന്തകളെ പകര്‍ത്തിവെയ്ക്കുന്നതിലൂടെ ഒരു തെറ്റായ തീരുമാനം എടുക്കുകയായിരിക്കും ചെയ്യുന്നത്, കാരണം പകര്‍ത്തിവെയ്ക്കല്‍- ചിന്തിക്കലിന് പകരം- എന്നത് കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ഒരു സാധാരണ വഴിയാണ് എന്ന വിചാരം അവരില്‍ ആഴത്തില്‍ വേരുപിടിക്കുന്നു. അവര്‍ കോളേജില്‍ പഠിക്കാന്‍ ചേര്‍ന്നേക്കാം, പഠനത്തിനായി കൊമേഴ്സ് തെരഞ്ഞെടുത്തേക്കാം- അവരുടെ സുഹൃത്ത് അത് എടുത്തിരിക്കുന്നതു കൊണ്ട് മാത്രം. പിന്നീടോ? ക്രമേണ അവന് അത് പഠിക്കാന്‍ പറ്റാത്തതായി തീര്‍ന്നേക്കാം, അപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം, വിഷാദം, അല്ലെങ്കില്‍ പരാജയം മൂലം അവന്‍ ആ കോഴ്സ് ഉപേക്ഷിച്ച്  പോയേക്കാം.

 വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ എളുപ്പവഴിയായി തെരഞ്ഞെടുത്ത പകര്‍ത്തല്‍/അനുകരണം  പിന്നെ ഒരു ശീലമായി മാറിയേക്കും. ഇന്ന്, ആളുകള്‍ ഒരു വീണ്ടുവിചാരവും ഇല്ലാതെ മറ്റുള്ളവരുടെ ജീവിതശൈലി പോലും പകര്‍ത്തുന്നുണ്ട്. ഇങ്ങനെ പകര്‍ത്തപ്പെടുന്ന ജീവിത ശൈലി പകര്‍ത്തുന്നവരുടെ കാര്യത്തില്‍ ശരിയായിക്കൊള്ളണം എന്നില്ല, അതവരെ ആശക്കുഴപ്പത്തിലും മാനസിക സമ്മര്‍ദ്ദത്തിലുമാക്കും, അതവരെ അസന്തുഷ്ടരുമാക്കും. ചില ആളുകള്‍ക്ക് വിഷാദരോഗത്തിന് മരുന്ന് കൊടുക്കുന്നത് ഇതുകൊണ്ടാണ്, അതായത്- അമിതമായ ഉത്കണ്ഠകൊണ്ട് അവരുടെ തലച്ചോറിന്‍റെ രാസപ്രവര്‍ത്തനത്തില്‍ മാറ്റം സൃഷ്ടിക്കപ്പെടുന്നു. ഇവര്‍ ഉത്കണ്ഠ കുറയ്ക്കുന്നതിനും തങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം കണ്ടെത്തുന്നതിന്, വര്‍ഷങ്ങളായി സ്വയം തന്നെ തങ്ങളെ ചുറ്റിപ്പൊതിഞ്ഞ പകര്‍ത്തിയെടുത്ത വ്യക്തിത്വത്തിന്‍റെ പാളികള്‍ അഴിച്ചു മാറ്റുന്നതിനുമായി തെറാപ്പി ചെയ്യുന്നതിന് മണിക്കൂറുകള്‍ ചെലവഴിക്കുന്നു.

വിദ്യാഭ്യാസം, കുട്ടികളെ യുക്തിഭദ്രമായ ചിന്തകള്‍ക്കും  അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നതിനുമായി സ്വന്തം മനസിനെ വിശ്വസിച്ച് ആശ്രയിക്കാന്‍ പഠിപ്പിക്കുന്നതാകണം. ഇത് അവരുടെ ജീവിതാരംഭം മുതല്‍ക്കു തന്നെ ബുദ്ധിപരമായ സത്യസന്ധതയില്‍ ഊന്നല്‍കൊടുത്തുകൊണ്ട് ആരംഭിക്കണം. സത്യസന്ധതയും തെളിഞ്ഞ ചിന്തയും അവരെ കൗമാരത്തിലും യൗവ്വനത്തിലും വിഷാദവും ബഹളവും കലഹവും മറ്റും തടയുന്നതിന് വളരെയധികം സഹായിക്കും. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org