പ്രായോഗികതയ്ക്ക് അനുസരിച്ച് തീരുമാനം എടുക്കുകയാണ് ശരിയെന്ന് തോന്നുമെങ്കിലും ഇത് ചെറുപ്പക്കാരുടെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള ധാരണയെ തകരാറിലാക്കുന്നു, അവരുടെ ആത്മവിശ്വാസത്തെ, ശുഭാപ്തിവിശ്വാസത്തെ, ജീവിതം കണ്ടെത്തുന്നതിലെ സന്തോഷത്തെ തകര്‍ത്തുകളയുന്നു. ചുരുക്കത്തില്‍, ഇതവരുടെ മാനസികാരോഗ്യത്തെ അപകടത്തിലാക്കുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഇണങ്ങാത്ത കോഴ്സുകള്‍ക്ക് പ്രവേശനം നേടിയ നിരവധി ചെറുക്കാര്‍ പലപ്പോഴും ധാരാളം പിന്നോട്ടടികള്‍ കിട്ടുമ്പോള്‍, അല്ലെങ്കില്‍ വര്‍ഷങ്ങളായിട്ടും വിജയിക്കാനാകാതെ പല പരീക്ഷകളും ബാക്കി കിടക്കുമ്പോള്‍ വിദഗ്ധാഭിപ്രായം തേടാന്‍ എത്താറുണ്ട്. അവര്‍ അകപ്പെട്ടിരിക്കുന്ന കോഴ്സ് പൂര്‍ത്തിയാക്കുകയല്ലാതെ അവര്‍ക്കുമുന്നില്‍ മറ്റ് വഴികളൊന്നും ഇല്ല, അതിനാല്‍ അവര്‍ പിടിച്ചു നില്‍ക്കുന്നു, വളരെയധികം അസന്തുഷ്ടരായിരിക്കുന്നു, ബിരുദമെടുത്തുകഴിഞ്ഞാല്‍ കുറഞ്ഞ പക്ഷം ഒരു ജോലിയുടേയും ശമ്പളത്തിന്‍റേയും കാര്യത്തിലെങ്കിലും കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷപുലര്‍ത്തുന്നു. ദുര്‍ബലമായ വ്യക്തിത്വമുള്ള, ഒന്നിനും പാകമല്ലാത്തതെന്ന് അനുഭവപ്പെടുന്ന ആളുകള്‍ പലപ്പോഴും "ഞാന്‍ ആരാണ്?" എന്നതുപോലുള്ള ചോദ്യങ്ങളുമായി അല്ലെങ്കില്‍ ' ഞാന്‍ വിചാരിക്കുന്നത് എനിക്കൊരു ഓര്‍മ്മ തകരാറുണ്ടെന്നാണ്" എന്നിങ്ങനെയുള്ള പരാതികളുമായി വിദഗ്ധാഭിപ്രായം തേടിയെത്താറുണ്ട്. അവര്‍ മിക്കവാറും അവര്‍ക്ക് താല്‍പര്യമില്ലാത്ത-താല്‍പര്യം ഇല്ലെങ്കിലും ഒരു ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ ഒടുവില്‍ ഒരു ജോലി നേടിത്തരും എന്ന വിശ്വാസത്തില്‍ തുടരുന്ന- ഒരു പ്രൊഫഷണല്‍ അല്ലെങ്കില്‍ വൊക്കേഷണല്‍ കോഴ്സിന്‍റെ മധ്യത്തിലായിരിക്കും. അവരുടെ പരാജയ ബോധത്തിനും യഥാര്‍ത്ഥത്തില്‍ താന്‍ ആരാണ്, തനിക്ക് ശരിക്കും എന്താണ് വേണ്ടത് എന്ന ആശയക്കുഴപ്പത്തിനുമൊപ്പം തങ്ങളുടെ കോഴ്സിന്‍റെ കാര്യങ്ങള്‍ ഗ്രഹിക്കുക എന്നത് അവര്‍ക്ക് കഠിനതരമായി അനുഭവപ്പെടുകയും പലപ്പോഴും തങ്ങള്‍ വിഡ്ഢികളാണോ എന്ന് അവര്‍ സ്വയം സംഭ്രമിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള വിഷാദം പലപ്പോഴും മറയ്ക്കപ്പെടുന്നു, കാരണം ഇവര്‍ തങ്ങളുടെ ബുദ്ധിമുട്ടേറിയ സാഹചര്യത്തോട് എത്രമാത്രം പൊരുത്തപ്പെടുന്നു എന്നും തങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വത്തില്‍ നിന്നും എത്രമാത്രം ദൂരേക്ക് നീങ്ങിപോയിരിക്കുന്നു എന്നും ആളുകള്‍ക്ക് പലപ്പോഴും തിരിച്ചറിയാനാകുന്നില്ല.