കൗമാരം
കൗമാരത്തിലുള്ള കുട്ടിയുമായി ഇടപെടല്‍
ഞാന്‍ മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ, കൗമാരക്കാര്‍ക്ക് ഉണ്ടാകാവുന്ന ഏറ്റവും വലിയ സമ്പത്തെന്നത് അവരോട് തുറന്ന് ഇടപെടുന്നതും എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതം ഉണ്ടാകുമോ എന്ന പേടിയൊന്നും കൂടാതെ അവര്‍ക്ക് തുറന്ന്, സ്വതന്ത്രമായി ഇടപെടാവുന്നതും വിശ്വസിക്കാവുന്നതുമായ മാതാപിതാക്കളായിരിക്കും. മാതാപിതാക്കള്‍, വളരെ യുക്തിരഹിതരായി തോന്നിക്കുന്നവര്‍ പോലും, തങ്ങളുടെ കുട്ടിയുടെ ഉത്തമ താല്‍പര്യമാണ് ആഗ്രഹിക്കുന്നത്. എന്നിരുന്നാലും തന്‍റെ ചെറുപ്പക്കാരനായ മകന് അല്ലെങ്കില്‍ മകള്‍ക്ക് ഏറ്റവും നല്ലതായിരിക്കും എന്ന് അച്ഛനോ അമ്മയോ കരുതുന്നത് തനിക്ക് ഏറ്റവും നല്ലതെന്ന് മകനോ മകളോ കരുതുന്നതുമായി ഇണങ്ങിയേക്കില്ല (പൊരുത്തപ്പെട്ടേക്കില്ല). ചിലപ്പോള്‍ രണ്ടിലൊരാളുടെ ചിന്ത തെറ്റായേക്കാം, അല്ലെങ്കില്‍ രണ്ടുകൂട്ടരും തെറ്റായിരിക്കില്ല.
മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ ഏറ്റവും സാധാരണമായി ഞാന്‍ കണ്ടിട്ടുള്ള പ്രശ്നങ്ങള്‍ താഴെ പറയുന്നു:
- കുട്ടിയുടെ വിദ്യാഭ്യാസത്തില്‍ കട്ടി പ്രകടിപ്പിക്കുന്ന മികവും മാതാപിതാക്കളുടെ പ്രതീക്ഷകളും.
- കുട്ടി സാമൂഹിക മാധ്യമങ്ങളില്‍/ ഇന്‍റര്‍നെറ്റില്‍ പരതുന്നതിനായി ചെലവഴിക്കുന്ന സമയം.
- രാത്രിനേരത്തെ വരവും പോക്കും, കൂട്ടുകാരോടൊപ്പം നേരം വൈകിയും പുറത്ത് ചെലവഴിക്കുന്നത്.
- ഒരു കാമുകി/കാമുകന്‍ ഉണ്ടായിരിക്കുന്നത്.
- മദ്യം, സിഗരറ്റ്, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം.
- മാതാപിതാക്കളോട് പുലര്‍ത്തുന്ന ധിക്കാരപരമായ അല്ലെങ്കില്‍ നിഷേധാത്മകമായ സമീപനം.
- വീട്ടില്‍ പാലിക്കേണ്ട അടുക്കും ചിട്ടയും മറ്റും അവഗണിക്കുക - ഉദാ. പിസയുടേയും ബിസ്ക്കറ്റിന്‍റേയും മറ്റും ഒഴിഞ്ഞ കൂടുകളും കടലാസുകളും കട്ടിലിനടിയില്‍ തള്ളുക.
- യഥാര്‍ത്ഥ മാനസിക ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍.
ഇതിലോരോ പ്രശ്നവും പരിഹിക്കുന്നതിന് ചെറുപ്പക്കാരും അവരുടെ മാതാപിതാക്കളും തമ്മില്‍ കുട്ടികള്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ആരംഭിക്കുന്നതും വര്‍ഷങ്ങള്‍കൊണ്ട് വളര്‍ത്തിയെടുത്തതുമായ ഒരു നല്ല, ആരോഗ്യകരമായ പരസ്പര ബന്ധം ഉണ്ടായിരിക്കണം. ഏതൊരു ബന്ധത്തിന്‍റേയും അടിസ്ഥാന ശിലയെന്നത് വിശ്വാസവും ബഹുമാനവുമാണ്, അതില്‍ വിശ്വാസം പ്രഥമസ്ഥാനത്ത് നില്‍ക്കുകയും ചെയ്യുന്നു. ഓരോ ശിശുവും തന്‍റെ മാതാപിതാക്കളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടാണ് ജീവിതം ആരംഭിക്കുന്നത്. ഇത് പരിപാലിക്കുകയും കൂടുതല്‍ നന്നായി കെട്ടിപ്പടുക്കുകയും ചെയ്യുക എന്നത് മാതാപിതാക്കളുടെ ജോലി അഥവാ ഉത്തരവാദിത്തമാണ്. ഇത് സാധ്യമാകുക കുട്ടി പിച്ചനടക്കുന്ന പ്രായത്തിലും ബാല്യത്തിലും കൗമാരത്തിലുമായിരിക്കും. അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കാനാകാത്തവയാണ്, ഇവിടെയാണ് പരസ്പര ബഹുമാനം എന്ന വിഷയം വരുന്നത്. അഭിപ്രായവ്യത്യാസങ്ങള്‍- ഞാന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പ് എന്ന തരത്തിലുള്ള - പിടിവാശിയില്‍ നിന്നും തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്നും വിട്ട് ജനാധിപത്യപരമായ,വിവേകപൂര്‍വമായ മാര്‍ഗത്തിലൂടെ പരിഹരിക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും കാര്യത്തില്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള വ്യത്യസ്തമായ അഭിപ്രായം ഉണ്ടായാല്‍ തന്നെയും മാതാപിതാക്കള്‍ അത്യധികമായ കോപത്തിലേക്ക് പോകില്ല എന്നൊരു വിശ്വാസത്തിന്‍റെ പിന്‍ബലത്തോടെയായിരിക്കും കുട്ടികള്‍ വളര്‍ന്ന് വലുതാകുക, തനിക്ക് സംസാരിക്കാനും വിയോജിക്കാനും കൂടി അവസരം കിട്ടും എന്ന് കുട്ടിക്ക് ഒരു വിശ്വാസം ഉണ്ടാകും.
ചിലപ്പോള്‍ മാതാപിതാക്കളും കുട്ടികളും കൂടി ഒരു പ്രശ്നം വളരെ യുക്തിസഹമായി ത്തന്നെ ചര്‍ച്ചചെയ്യും, പക്ഷെ ഒരു പരിഹാരം കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞേക്കില്ല.അത്തരം സാഹചര്യങ്ങളില്‍ അവര്‍ ഒരു മൂന്നാം കക്ഷിയെ മാദ്ധ്യസ്ഥം വഹിക്കുന്നതിനായി വിളിക്കും, അത് മിക്കവാറും ഒരു ബന്ധു, അല്ലെങ്കില്‍ മാതാപിതാക്കളുടെ ഒരു സുഹൃത്ത് ആയിരിക്കും. ഇത് ഗുണപ്പെടുന്നില്ലായെങ്കില്‍, അതായത് ഇതിലൂടെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലായെങ്കില്‍ ഒരു ചര്‍ച്ചയ്ക്കും നിഷ്പക്ഷമായ ഒരു ഉപദേശത്തിനും വേണ്ടി ഒരു വിദഗ്ധന്‍റെ സഹായം തേടുന്നതായിരിക്കും നല്ലത്.
ഉദാഹരണമായി ഞാന്‍, മാതാപിതാക്കള്‍ കഴിഞ്ഞ വര്‍ഷം കണ്‍സള്‍ട്ട് ചെയ്യാന്‍ കൊണ്ടുവന്ന 15 വയസുള്ള ഒരു പെണ്‍കുട്ടിയുടെ കാര്യം പറയാം. അവള്‍ക്ക് പരീക്ഷകളില്‍ എപ്പോഴും കുറഞ്ഞ ഗ്രേഡാണ് ലഭിക്കുന്നത്. ഇതിന് കാരണമായി മാതാപിതാക്കള്‍ കരുതുന്നത് അവള്‍ മടിച്ചിയാണ്, വേണ്ടത്ര നേരം പഠിക്കുന്നില്ല എന്നൊക്കെയാണ്. അവളുമായി വിശദമായി സംസാരിക്കുകയും അവളുടെ പ്രശ്നങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്തപ്പോള്‍ അവള്‍ക്ക് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിസോര്‍ഡര്‍ (എ ഡി എച്ച് ഡി) എന്ന മാനസികാരോഗ്യ പ്രശ്നം ഉണ്ടെന്ന് കണ്ടെത്തി. ഇതിന് ചികിത്സ ആരംഭിക്കുകയും അവള്‍ ഐ സി എസ് ഇ പരീക്ഷയില്‍ പ്രതീക്ഷിക്കാത്ത അത്ര നല്ല പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു.
ഇതില്‍ നിന്ന് വ്യക്തമാകുന്ന ഒരു കാര്യം, കൗമാരത്തിലുള്ള കുട്ടികള്‍ പ്രകടിപ്പിക്കുന്ന മോശം പെരുമാറ്റങ്ങള്‍ ഒരു പക്ഷെ യഥാര്‍ത്ഥത്തില്‍ അവര്‍ക്കുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെ മറികടക്കുന്നതിനായി അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളായേക്കാം എന്നാണ്. ഇത് ഒരിക്കലും വ്യക്തമായിരിക്കില്ല, അതിനാല്‍ ഈ പെരുമാറ്റങ്ങള്‍ ഏതാണ്ടെല്ലാം തന്നെ എപ്പോഴും മുഖവിലയ്ക്കെടുക്കപ്പെടുന്നു. വളരെ ഉത്കണ്ഠാകുലരായ ചെറുപ്പക്കാര്‍ പലപ്പോഴും ഉത്കണ്ഠയെ കീഴടക്കുന്നതിനായി പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാറുണ്ട്. തങ്ങളുടെ ലാപ്ടോപ് ഹാക്ക് ചെയ്യപ്പെടുന്നു എന്ന് വിശ്വസിക്കുന്ന, അല്ലെങ്കില്‍ ഭയപ്പെടുത്തുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്ന ചെറുപ്പക്കാരും ഒരു മാനസിക തകരാറിന്‍റെ വക്കത്തെത്തി ഈ വഴിക്ക് നീങ്ങാറുണ്ട്. മാതാപിതാക്കള്‍ പലപ്പോഴും കുട്ടികള്‍ അവരുടെ തലയ്ക്കുള്ളില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന പിശാചുക്കളെക്കുറിച്ച് ഒരു ധാരണയുമില്ലാതെ " അവന് കോളിജില്‍ ഹാജര്‍ കുറവുണ്ട്," അല്ലെങ്കില്‍ അവള്‍ രാത്രി മുഴുവന്‍ ലാപ്ടോപ്പിന്‍റെ മുന്നിലിരിക്കുകയും പകല്‍ മുഴുവന്‍ ഉറങ്ങുകയും ചെയ്യുന്നു," തുടങ്ങിയ പരാതികളുമായി അവരുടെ കുട്ടികളെ എന്‍റെ അടുക്കല്‍ കൊണ്ടുവരാറുണ്ട്.
ഇവിടെ പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ചില കുട്ടികളുടെ മാനസിക ഘടന അപകടങ്ങള്‍ വിലയിരുത്താനും പ്രവര്‍ത്തികളുടെ ഭവിഷ്യത്തുകള്‍ മുന്‍കൂട്ടിക്കാണാനും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ളതാണ്. ഇതിന്‍റെ ഫലമായി, അവര്‍ പോകുന്നിടത്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്ക് കഴിവുണ്ടായിരിക്കില്ല, കുടുംബം അടക്കമുള്ള സമൂഹം തന്നെക്കുറിച്ച് പുലര്‍ത്തുന്ന പ്രതീക്ഷകളെ അവര്‍ അംഗീകരിക്കുന്നുണ്ടാകില്ല. ഇത് തികച്ചും വ്യത്യസ്തമായ ഒരു അവസ്ഥയാണ്, അവര്‍ക്ക് അവരുടെ മാതാപിതാക്കളുമായിട്ടുള്ള പ്രശ്നങ്ങള്‍ അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് അവരുമായിട്ടുള്ള പ്രശ്നങ്ങള്‍ അത്ര എളുപ്പത്തിലൊന്നും വിജയകരമായി കൈകാര്യം ചെയ്യാനാകില്ല.
മുതിര്‍ന്നവര്‍ ഒരു കുഴപ്പമായി പരിഗണിക്കുന്ന, കൗമാരക്കാരുടെ ഏത് പെരുമാറ്റത്തിന്‍റേയും മൂലകാരണം കണ്ടെത്തണമെങ്കില്‍ വളരെയധികം ക്ഷമയും സഹനശക്തിയും ആവശ്യമാണ്. ഇക്കാര്യത്തില്‍ വിദ്ഗധരുടെ സഹായം തേടേണ്ടി വരുന്നു എന്നത് നിങ്ങള്‍ മോശം മാതാപിതാക്കളാണെന്നതിന്‍റെ സൂചനയായൊന്നും എടുക്കേണ്ടതില്ല. ഇത് ഒരു കുട്ടിക്ക് പനിയുണ്ടായിരിക്കുമ്പോള്‍ അതിന് കാരണമായിരിക്കാവുന്ന അണുബാധ കണ്ടെത്തുന്നതിനായി ഒരു ശിശുരോഗവിദ്ഗധനെ സമീപിക്കുന്നതില്‍ നിന്നും ഒട്ടും വ്യത്യസ്തമായ കാര്യമല്ല.
മാതാപിതാക്കള്‍ കുട്ടികളുടെ ഏറ്റവും വലിയ പിന്തുണയും സഹായവുമാണ്, കുട്ടികള്‍ മാതാപിതാക്കളുടെ ഏറ്റവും വലിയ ആനന്ദവും. അതിനാല്‍ കുട്ടികളും മാതാപിതാക്കളും, കൗമാരത്തിന്‍റെ ക്ലേശങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും എതിരായി സംരക്ഷണമൊരുക്കുന്നതിനുള്ള ഒരു പുറങ്കോട്ടപോലെ അമൂല്യവും ദിവ്യവുമായി കണ്ട് ആ ബന്ധത്തെ പരിപോഷിപ്പിക്കണം.
ഡോ. ശ്യാമള വാത്സ കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രാക്ടീസ് ചെയ്യുന്ന മനോരോഗ ചികിത്സകയാണ് (സൈക്യാട്രിസ്റ്റ്). യുവാക്കളെക്കുറിച്ചുള്ള ഡോ. ശ്യാമള വാത്സയുടെ ഈ കോളം രണ്ടാഴ്ചയില്‍ ഒരിക്കലാണ് പ്രസിദ്ധീകരിക്കപ്പെടുക. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും എഴുതിയറിയിക്കേണ്ട വിലാസം- columns@whiteswanfoundation.org