നമിത വളരെ അടുക്കും ചിട്ടയുമുള്ള പെണ്‍കുട്ടിയായിരുന്നു, അവള്‍ എല്ലായ്പ്പോഴും വൃത്തിയുള്ള സ്കൂള്‍ യൂണിഫോമിന്‍റെ പേരിലും നന്നായി പരിപാലിക്കപ്പെടുന്ന പുസ്തകങ്ങളുടേയും ബുക്കുകളുടേയും പേരിലും വടിവൊത്ത കൈയ്യക്ഷരത്തിന്‍റെ പേരിലും മറ്റുള്ളവരുടെ അഭിനന്ദനത്തിന് പാത്രമായിരുന്നു. ഏഴാം ക്ലാസുവരെ അവള്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഏട്ടാംക്ലാസില്‍ എത്തിയപ്പോള്‍ സ്ഥിതിയാകെ മാറി, പഠിക്കുക എന്നത് വളരെയധികം കഠിനതരമായ കാര്യമായി അവള്‍ക്ക് അനുഭവപ്പെടാന്‍ തുടങ്ങി, അതിന് കാരണമാകട്ടെ ഓരോ പാഠവും പൂര്‍ണ്ണമായി കാണാപ്പാഠം പഠിക്കുക എന്ന അവളുടെ സമ്പൂര്‍ണതാവാദ (പെര്‍ഫെക്ഷണിസ്റ്റിക്) പഠന രീതി എട്ടാം ക്ലാസില്‍ അവളെ തുണച്ചില്ല എന്നതാണ്. അവള്‍ക്ക് ഇടയ്ക്കിടെ അത്യധികമായ ഉത്കണ്ഠ ഉണ്ടാകാന്‍ തുടങ്ങുകയും ഒടുവില്‍ അവസാന വര്‍ഷ പരീക്ഷയ്ക്ക് മുമ്പായി ഒന്നും ചെയ്യാനാകാതെ ചലനമറ്റ അവസ്ഥയിലായിപ്പോകുകയും ചെയ്തു. അവളുടെ ഡോക്ടര്‍ അവളെ മയക്കാനുള്ള മരുന്ന് കൊടുത്ത് ശാന്തയാക്കിയതിന് ശേഷം എന്‍റെയടുത്തേക്ക് പറഞ്ഞുവിട്ടു.