ആരാണ് ഒരു ശരാശരി കൗമാരക്കാരന്‍ അഥവാ ടിപ്പിക്കല്‍ ടീനേജര്‍?

Published on
കുഴപ്പക്കാരായ കൗമാരക്കാരുടെ മാതാപിതാക്കള്‍ മാത്രമാണ് ഈയൊരു വാക്ക് ഉപയോഗിച്ച് ഞാന്‍ കേട്ടിട്ടുള്ളത്. അതായത്  വൈകിയും വീടിന് പുറത്ത് സമയം ചെലവഴിക്കുന്ന, മദ്യപിക്കുന്ന, ഉച്ച ഭക്ഷണത്തിന്‍റെ സമയം വരെ കിടക്കയില്‍ തന്നെ കഴിച്ചുകൂട്ടുന്ന, ജീവിതത്തിലെ  'വിദ്യാര്‍ത്ഥി' എന്ന സ്ഥാനത്ത് തുടരുന്നു എന്നത്  ന്യായീകരിക്കുന്നതിന് മാത്രം മതിയാകുന്ന തരത്തിലുള്ള ഗ്രേഡുകള്‍ വാങ്ങുന്ന മകനോ മകളോ ഉള്ള മാതാപിതാക്കള്‍. അവര്‍ പറയുന്നത് അവരുടെ മക്കള്‍ വീട് ഉറങ്ങുന്നതിനും അവരുടെ അഴുക്കു വസ്ത്രങ്ങള്‍ തള്ളുന്നതിനും മാത്രമായുള്ള സ്ഥലമായി ഉപയോഗിക്കുന്നു മാതാപിതാക്കളെ വെറും എ ടി എമ്മായി കാണുന്നു എന്നാണ്. ഇവിടെ ഞാന്‍ അവരെ ഉദ്ധരിക്കുക മാത്രമാണ്.  ഈ മാതാപിതാക്കള്‍ ദേഷ്യപ്പെട്ടുള്ള പൊട്ടിത്തെറികളും അതിരുകടന്നുള്ള വാക്കുകള്‍ ഉപയോഗിക്കലും മറ്റും ഒരു ശരാശരി കൗമാരക്കാരനാകുന്നതിന്‍റെ ഭാഗമായി കാണുന്നു.
സങ്കോചത്തോടെയുള്ള ഒരു ചിരിയുമായാണ് അവര്‍ എപ്പോഴും ഇത് പറയുക, എന്‍റെ മുമ്പില്‍ ദുര്‍മുഖത്തോടെ കസേരയില്‍ ചടഞ്ഞിരിക്കുന്ന ഉദാസീനനായ ചെറുപ്പക്കാരനെ വിഷമിപ്പിക്കാതിരിക്കാന്‍ എന്നതുപോലെ.
അത്ഭുതമായി തോന്നുമെങ്കിലും കുട്ടിക്ക് നല്ല ഗ്രേഡ് കിട്ടുന്നു എന്നോ കൂട്ടുകാരെ തങ്ങള്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ടെന്നോ നമ്മുടെ നഗരങ്ങളില്‍ കുട്ടികള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ചൊക്കെ ഉത്കണ്ഠപ്പെട്ടു തുടങ്ങുന്നതിന് മുമ്പ് വീട്ടില്‍ തിരിച്ചെത്തുന്നു എന്നോ ഊന്നിപ്പറയാന്‍ ആഗ്രഹിക്കുമ്പോഴാണ് "അവള്‍ നല്ല കുട്ടിയാണ്, നാട്ടില്‍ കാണുന്ന പതിവ് കൗമാരക്കാരുടെ (ടിപ്പിക്കല്‍ ടീനേജറുടെ) സ്വഭാവമുള്ള കുട്ടിയല്ല" എന്ന് മാതാപിതാക്കള്‍ പറയുന്നത്. അവര്‍ രാത്രി വൈകി പാര്‍ട്ടിക്ക് പോയാല്‍ എവിടെയാണെന്ന് മാതാപിതാക്കളെ അറിയിക്കുകയും വീട്ടില്‍ തിരിച്ച് കൊണ്ടാക്കാന്‍ മദ്യപിക്കാത്ത ഒരാളെ കണ്ടുപിടിക്കുകയും ചെയ്യുന്നു.

 ഞാന്‍ കണ്ടുമുട്ടുന്ന കൗമാരക്കാരില്‍ വളരെയേറെപ്പേര്‍ തീര്‍ച്ചയായും നല്ല ഗ്രേഡ് കിട്ടുന്നതിലും നല്ല കോളേജ് വിദ്യാഭ്യാസം നേടുന്നതിലും താല്‍പര്യമുള്ളവര്‍ തന്നെയാണ്. അതേ, അവര്‍ സര്‍വഗുണസമ്പന്നരല്ല, അങ്ങനെയായിരിക്കേണ്ട ആവശ്യവുമില്ല. ചിലപ്പോഴൊക്കെ ഉഴപ്പുന്നു, വല്ലപ്പോഴും പരീക്ഷയില്‍ തോല്‍ക്കുന്നു, അല്ലെങ്കില്‍ ഉച്ചയ്ക്ക് ക്ലാസ് കട്ട് ചെയ്ത് കൂട്ടുകാരുമൊത്ത് കറങ്ങുന്നു. അവര്‍ മാതാപിതാക്കളോട് "എല്ലാം" പറയുന്നില്ല. അത് സാധാരണമാണ്. വളരുക എന്നാല്‍ അത് തന്നെയാണ് : സ്വന്തം പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സ്വതന്ത്ര വ്യക്തികളായിത്തീരുക. മാതാപിതാക്കളുടെ അതേ മൂല്യങ്ങള്‍ തന്നെയായിരിക്കണം അവര്‍ക്കും എന്ന് പ്രതീക്ഷിച്ചുകൂടാ, അങ്ങനെയല്ലതാനും. പക്ഷെ അവര്‍ കുടുംബ സ്നേഹം ഉള്ളവര്‍ തന്നെയാണ്. മാതാപിതാക്കളും സഹോദരങ്ങളുമായി സ്വരച്ചേര്‍ച്ചയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു. 

ഇവിടെ സര്‍വ്വലക്ഷണങ്ങളുമൊത്ത, തനി വൃദ്ധന്മാര്‍ ഇല്ല എന്നതുപോലെ തന്നെ സര്‍വ്വലക്ഷണങ്ങളുമൊത്തെ കൗമാരക്കാരും ഇല്ല. യുവാക്കളുടെ പൊതുസ്വഭാവം എന്ന് പറയാവുന്ന ഏക കാര്യം സ്വതന്ത്രരായ മുതിര്‍ന്നവരായി വളരുക എന്ന അവരുടെ ന്യായമായ ആവശ്യമാണ്. അതാകട്ടെ നമ്മള്‍ ജീവിതം എന്ന് വിളിക്കുന്ന സ്വഭാവിക പ്രക്രിയയുടെ ഭാഗവുമാണ്. അവര്‍ ചെയ്യുന്നതെല്ലാം ഈ നൈസര്‍ഗികാവശ്യത്തിന്‍റെ പ്രേരണയാലാണ്. ഞാന്‍ കൗമാരത്തിന്‍റെ യാതനകളെ കുറച്ച് കാണുകയല്ല, ഏതൊരു കൗമാരക്കാരനും പറയുന്നതുപോലെ സ്വത്വത്തിന്‍റെ കാര്യത്തിലും ശാരീരികമായ കാഴ്ചയുടെ കാര്യത്തിലും സമപ്രായക്കാരുമായുള്ള കൂട്ടുകെട്ടിന്‍റെ കാര്യത്തിലും പഠനത്തിന്‍റേയും കോളേജ് പഠനത്തിന് ഒരുങ്ങുന്നതിന്‍റേയുമൊക്കെ കാര്യത്തിലും അത് അവര്‍ വല്ലാതെ പരീക്ഷിക്കപ്പെടുന്ന കാലം തന്നെയാണ്. എന്നാലും അവരെ സര്‍വ്വനാശ സൂചകങ്ങളായി അതിശയോക്തികരമായി അവതരിപ്പിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നു എന്ന് മാത്രം. ഈ സാധ്യതകള്‍ യാഥാര്‍ത്ഥ്യമാണെങ്കിലും ഭൂരിപക്ഷം കൗമാരക്കാര്‍ക്കും ബാധകമല്ല. 

എവിടെ നിന്നാണ് ഈ വാര്‍പ്പ് മാതൃക ഉണ്ടായത്? ടിപ്പിക്കല്‍ ടീനേജര്‍  എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ പലപ്പോഴും അസ്വസ്ഥരായ കുട്ടികളാണ്. അവര്‍ അരക്ഷിതത്വബോധമുള്ളവരും തങ്ങളെക്കുറിച്ച് മതിപ്പ് തോന്നാത്തവരുമാണ്. അവരുടെ ഇല്ലായ്മകള്‍ മറയ്ക്കാന്‍ അവര്‍ ഉദാസീനമോ അല്ലെങ്കില്‍ അക്രമാസക്തമോ ആയ നിലപാട് സ്വീകരിക്കുന്നു. അവരുടെ പ്രശ്നങ്ങള്‍ക്ക് കാരണം പ്രകൃതവും സാഹചര്യവും കൂടിച്ചേര്‍ന്നുള്ള ഒരവസ്ഥയാണ്.
അസ്വസ്ഥനായ ഒരു ചെറുപ്പക്കാരന്‍ നിരാശനോ രോഷാകുലനോ ദുഃഖിതനോ ആയേക്കാം. അവര്‍ കടുത്ത വിഷാദം അനുഭവിക്കുകയും എന്നെന്നേക്കുമായി എല്ലാം വിട്ടുപോകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടാകും. കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആരുമില്ലാതെ അവന് ഒറ്റപ്പെടലും ആശയക്കുഴപ്പവും അനുഭവപ്പെടുന്നുണ്ടാകും. ജീവിതത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ എല്ലാവര്‍ക്കും പിന്തുണ ആവശ്യമായി വരും. അതിനാല്‍ സഹായം തേടുന്നതില്‍ തെറ്റൊന്നുമില്ല. ആദ്യപടി- പരിചിതനായ ഒരാളെ ഫോണില്‍ വിളിച്ച് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിക്കുക- വിഷമകരമാണെന്ന് എനിക്ക് അറിയാം. കാരണം കുട്ടികള്‍ എന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ട്. ഫോണിലെ ആദ്യ സംഭാഷണത്തില്‍ അവര്‍ ഒന്നുകില്‍ ഭയചകിതരാകും, അല്ലെങ്കില്‍ അവര്‍ ഉദാസീനരായി നടിക്കും പക്ഷെ അവരുടെ ഉത്കണ്ഠ മറച്ചുവെയ്ക്കാന്‍ അവര്‍ക്ക് കഴിയില്ല. 

ആദ്യ കൂടിക്കാഴ്ചയില്‍ ചെറുപ്പക്കാര്‍ പലപ്പോഴും സംശയാലുക്കളായിരിക്കും, കാരണം അവര്‍ പറയുന്നത് നമുക്ക് മനസിലാകില്ല എന്ന് അവര്‍ വിചാരിക്കുന്നു. ആദ്യ കൂടിക്കാഴ്ച കഴിഞ്ഞാല്‍ തങ്ങള്‍ തുടര്‍ന്നുള്ളവയ്ക്ക് പ്രതീക്ഷയോടെ കാത്തിരുന്നിരുന്നു എന്ന് പല ചെറുപ്പക്കാരും എന്നോട് പറഞ്ഞിട്ടുണ്ട്. കാരണം ഉള്ളില്‍ കുഴഞ്ഞുമറിഞ്ഞ് കിടന്നിരുന്നതിനെയൊക്കെ പുറത്തേക്ക് ഇടാന്‍ കഴിഞ്ഞതു തന്നെ അവരെ വളരെ സുഖപ്പെടുത്തി. അവര്‍ക്ക് കുറച്ചുകൂടി വ്യക്തമായി ചിന്തിക്കാന്‍ കഴിഞ്ഞു. പ്രത്യാശ തിരിച്ച് കിട്ടി. 

പലപ്പോഴും നിരീക്ഷണത്തിന് വിധേയരായി ഏതാനും മാസങ്ങള്‍ വിഷാദം കുറയ്ക്കുന്നതിനുള്ള- ആന്‍റിഡിപ്രസന്‍റ്- മരുന്നുകള്‍ കഴിക്കുന്നതിലൂടെ അവര്‍ക്ക് ഗുണമുണ്ടാകാറുണ്ട്. പെട്ടെന്നുള്ള ആഘാതങ്ങള്‍ എന്നതുപോലെ ദീര്‍ഘകാലത്തെ സമ്മര്‍ദ്ദവും മനസിനെ ബാധിക്കും. ആന്‍റിഡിപ്രസന്‍റ് മരുന്നുകള്‍ ഇവര്‍ക്ക് വലിയ സഹായമാകും. പരക്കെ കരുതപ്പെടുന്നതുപോലെ ഈ മരുന്നുകള്‍ അവയോട് അമിതാസക്തി -അഡിക്ഷന്‍- ഉണ്ടാക്കുകയോ ആളുകളെ ജീവച്ഛവങ്ങളാക്കുകയോ ചെയ്യില്ല. മരുന്നിന്‍റെ സഹായത്തോടെ ഉത്കണ്ഠയും വിഷാദവും കുറച്ചാല്‍ തെറാപ്പി കൂടുതല്‍ വിജയകരമായി ചെയ്യാനാകും. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org