കൗമാരപ്രായക്കാരുടെ മസ്തിഷ്കത്തിനുള്ളില്‍ സംഭവിക്കുന്നത്
എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ തോന്നുന്നത്? എന്തുകൊണ്ടാണ് എനിക്ക് എന്‍റെ വികാരങ്ങളെ മനസ്സിലാക്കാൻ കഴിയാതെ പോകുന്നത്? എന്തുകൊണ്ടാണ് മറ്റുളളവർക്ക് എന്‍റെ പെരുമാറ്റം മനസ്സിലാക്കാൻ കഴിയാത്തത്? എന്തുകൊണ്ടാണ് എനിക്ക് ചുറ്റുമുള്ള മുതിർന്നവർ പെട്ടെന്ന് വ്യത്യസ്തമായി പെരുമാറി തുടങ്ങുന്നത്?എന്തുകൊണ്ടാണ് എനിക്ക് എന്നെ തന്നെ നിയന്ത്രിക്കുവാൻ കഴിയാതാകുന്നത്? ഈ പ്രശ്നം എനിക്കു മാത്രമേ ഉള്ളോ? അതോ എല്ലാവരും അങ്ങനെ തന്നെ ആണോ? ഞാൻ ആരോടാണ് ചോദിക്കേണ്ടത്? ഞാൻ എന്താണ് ചെയ്യേണ്ടത്? ആരെയെങ്കിലും വിശ്വസിക്കുന്നത് എനിക്ക് ബുദ്ധിമുട്ടായി തോന്നുന്നു.... കൗമാരപ്രായത്തിലുള്ള ഒരാൾ എന്ന നിലയിൽ നിങ്ങളുടെ ഉള്ളിലും ഇതു പോലെയുള്ള ചോദ്യങ്ങൾ ഉണ്ടാകുന്നുണ്ടോ? നിങ്ങൾക്ക് നിങ്ങളെത്തന്നെ കൂടുതൽ മെച്ചപ്പെട്ട നിലയിൽ മനസ്സിലാക്കുന്നതിനായി മേല്‍ പറഞ്ഞവയിലെ ഏതാനും ചില ചോദ്യങ്ങൾക്ക് ഞങ്ങൾ ഉത്തരം നൽകാന്‍ ശ്രമിക്കട്ടെ.
എന്താണു സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എനിക്ക് ഇത്രത്തോളം ആശയക്കുഴപ്പം തോന്നുന്നത് എന്തുകൊണ്ടാണ്?
അതു നിങ്ങള്‍ക്കു മാത്രമല്ല, കൗമാരപ്രായത്തിലുള്ള ഓരോരുത്തരും ഇത്തരത്തിലുള്ള ആശയക്കുഴപ്പങ്ങളും നിരാശയും അനുഭവിക്കുന്നുണ്ട്. നിങ്ങളുടെ ഹോർമോണുകളും ഈ ഘട്ടത്തിലുള്ള നിങ്ങളുടെ മസ്തിഷ്‌കത്തിന്‍റെ വികാസവും മൂലവും ആയിരിക്കാം നിങ്ങൾക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകുന്നത്. നിങ്ങളുടെ ഈ അവസ്ഥ മനസ്സിലാക്കുന്നത് നിങ്ങള്‍ക്ക് സഹായകമായിരിക്കും, അത് നിങ്ങളുടെ പരിവർത്തനം കൂടുതൽ എളുപ്പമാക്കി തീർക്കും.
വികാസത്തിന്‍റെ/വളർച്ചയുടെ ഈ ഘട്ടത്തിൽ നിങ്ങളുടെ ശരീരത്തിനു മാത്രമല്ല മാറ്റം സംഭവിക്കുന്നത്, നിങ്ങളുടെ മസ്തിഷ്‌കവും ഒപ്പം തന്നെ മാറിക്കൊണ്ടിരിക്കുകയാണ്.
ആറാമത്തെ വയസ്സ് ആകുമ്പോഴേയ്ക്കും മസ്തിഷ്‌കത്തിന്‍റെ പ്രധാന വികാസം സംഭവിച്ചു കഴിഞ്ഞിരിക്കും എന്നാണ് പൊതുവായി വിശ്വസിച്ചു വരുന്നതെങ്കിലും, യഥാര്‍ത്ഥത്തില്‍ ഇരുപതുകളുടെ ആദ്യകാലങ്ങൾ വരെ മസ്തിഷ്‌കത്തിന്‍റെ വളർച്ച തുടർന്നു കൊണ്ടേയിരിക്കും. യുക്തിപരമായി ചിന്തിക്കുക, അനുമാനിക്കുക, യുക്തിപരമായ തീര്‍പ്പു കല്‍പ്പിക്കുക, ആസൂത്രണം ചെയ്യുക, നടപ്പിൽ വരുത്തുക തുടങ്ങിയവയുടേയും മറ്റു തരത്തിലുള്ള ഉയർന്ന മാനസിക പ്രക്രിയകളുടേയും ചുമതല നിർവ്വഹിക്കുന്ന മസ്തിഷ്‌ക ഭാഗങ്ങളുടെ വികാസത്തിന് വളരെ നിർണ്ണായകമായ ഒരു കാലമാണ് കൗമാര കാലഘട്ടം.
കൗമാരകാലത്ത് മസ്തിഷ്‌കത്തിൽ സംഭവിക്കുന്ന വ്യത്യസ്തമായ മാറ്റങ്ങൾ നമുക്ക് ഒന്നു പരിശോധിക്കാം.
ഹോർമോൺ വ്യതിയാനങ്ങൾ
കൗമാരക്കാരുടെ പെരുമാറ്റത്തിന് പിന്നില്‍ ഹോർമോണുകൾ ആണ് എന്നുള്ള മട്ടിൽ നിങ്ങളുടെ ചുറ്റിലുമുള്ള മുതിർന്നവർ സംസാരിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഒരിക്കൽ നിങ്ങൾക്ക് പ്രായപൂര്‍ത്തി ആയി കഴിഞ്ഞാല്‍, മുമ്പത്തെക്കാൾ വളരെ ഉയര്‍ന്ന അളവിൽ നിങ്ങളുടെ ശരീരത്തില്‍ ലൈംഗിക ഹോർമോണുകൾ ഉത്പാദിക്കപ്പെടും എന്നും അവ നിങ്ങളെ നൈമിഷികമായ തീരുമാനങ്ങളിലേക്ക് നയിച്ചേക്കുന്നതിന് സാദ്ധ്യതയുണ്ട് എന്നും നിങ്ങൾക്ക് മുമ്പേ തന്നെ അറിവുണ്ടായിരിക്കും. എന്നാൽ ഹോർമോണുകൾക്ക് അതിലും അപ്പുറം പല കാര്യങ്ങളും ഉണ്ട്.
പുതിയ *കൂട്ടുകെട്ടുകള്‍ രൂപപ്പെടുകയും ഓർമ്മകൾ ശക്തിപ്പെടുകയും ചെയ്യുന്ന ഉറക്ക സമയത്താണ് മസ്തിഷ്‌ക വളർച്ചയിൽ അധികവും സംഭവിക്കുക. വളർച്ചാ ഹോർമോണുകൾ പുറപ്പെടുവിക്കുന്നത് ശ്ലേഷ്മ ഗ്രന്ഥികൾ (pituitary glands) ആണ്, അതിനാൽ പുതിയ അറിവുകൾ സ്വായത്തമാക്കുന്നതിന് ഉറക്കം പരമ പ്രധാനമാണ്. എങ്കിലും ഉറക്ക ചക്രങ്ങൾ അധികവും വക്രസ്വഭാവം പ്രദർശിപ്പിക്കുന്നതും ഈ ഘട്ടത്തിൽ തന്നെയാണ്.
നമ്മുടെ ഉറക്കം ക്രമപ്പെടുത്തുന്നത് രണ്ടു ഹോർമോണുകൾ ആണ്: കോർട്ടിസോൾ, മെലടോണിൻ എന്നിവ. കോർട്ടിസോൾ നമ്മെ ഉണർന്ന് എഴുന്നേൽക്കുവാൻ സഹായിക്കുമ്പോൾ, മെലടോണിൻ നമുക്ക് ഉറക്കം വരുത്തുന്നു. ഉറക്കം സംബന്ധിച്ചുള്ള ഗവേഷണങ്ങൾ പറയുന്നത് രാത്രി പത്തു മണിയോട് അടുപ്പിച്ച് ശരീരം മെലടോണിൻ പുറപ്പെടുവിക്കുന്നു എന്നാണ്. എന്നിരുന്നാലും, കൗമാരക്കാർ അവരുടെ മുഴുവൻ ശ്രദ്ധയും ആവശ്യപ്പെടുന്ന എന്തെങ്കിലും കാര്യങ്ങള്‍ തിരക്കിട്ട് ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ മെലടോണിൻ പുറപ്പെടുവിക്കൽ വൈകുന്നതിനും ഇടയുണ്ട്. അത് ഭാഗികമായി സംസ്‌കാരപരവും കൂടിയാണ് (ഉദാഹരണത്തിന് നിങ്ങളുടെ തരക്കാരായ ചങ്ങാതിമാർ താമസിച്ച് പാർട്ടി നടത്തുകയാണെങ്കിൽ), പക്ഷേ ജീവശാസ്ത്രപരമായി അതിനെ മെലടോൺ പുറപ്പെടുവിക്കലിന്‍റെ അമാന്തത്തോട് ആരോപിക്കാവുന്നതാണ്. നിങ്ങൾക്ക് അതിരാവിലെ സ്‌കൂളിലേക്കോ കോളേജിലേക്കോ പോകേണ്ടതുണ്ടെങ്കിൽ, നിങ്ങൾക്ക് ശുണ്ഠി പിടിച്ചേക്കാം, ശ്രദ്ധക്കുറവും അനുഭവപ്പെട്ടേക്കാം, കാരണം നിങ്ങൾക്ക് ആവശ്യത്തിനുള്ള ഉറക്കം ലഭിച്ചിട്ടില്ലല്ലോ.
മുഴുവനായും അയച്ചു വിട്ട് ഏറ്റവും കുറഞ്ഞത് ആറുമണിക്കൂറുകൾ എങ്കിലും നീണ്ട ഉറക്കം നിങ്ങളുടെ ശരീരത്തിന്‍റേയും മസ്തിഷ്‌ക്കത്തിന്‍റേയും വളർച്ചയ്ക്ക് വളരെ പ്രധാനമാണ്. നിങ്ങളുടെ പഠനകാര്യങ്ങൾക്കും ഉല്ലാസങ്ങൾക്കും മാത്രമല്ല, നിങ്ങൾക്ക് നന്നായി ഉറങ്ങുവാൻ കഴിയുന്ന വിധത്തിൽ കൂടി ആയിരിക്കണം നിങ്ങളുടെ ദിവസം ആസൂത്രണം ചെയ്യേണ്ടത്. നിങ്ങളുടെ സമയം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്നതിനായി നിങ്ങളുടെ മാതാപിതാക്കളുടേയോ ഒരു മുതിർന്ന വ്യക്തിയുടേയോ സഹായം നിങ്ങൾക്ക് തേടാവുന്നതാണ്.
പ്രീഫ്രൊണ്ടൽ ലോബ് (prefrontal lobe) ന്‍റെ വികാസം
എല്ലാത്തരം യുക്ത്യാനുസൃത തീരുമാനങ്ങളുടേയും ചുമതലയുള്ള മസ്തിഷ്‌ക ഭാഗമാണ് പ്രീഫ്രൊണ്ടൽ ലോബ്. ഒരു പ്രത്യേക പ്രവർത്തി, ന്യായാന്യായ നിർണ്ണയം, പെട്ടെന്നുണ്ടാകുന്ന ഉൾപ്രേരണ അല്ലെങ്കിൽ പെരുമാറ്റ തടസ്സം മുതലായവയുമായി ബന്ധപ്പെട്ടു സംഭവിക്കാവുന്ന അപകടസാദ്ധ്യത ഇതില്‍ അന്തര്‍ഭവിച്ചിട്ടുണ്ടാകും. പ്രായപൂർത്തിയായവരിൽ, ഈ ഭാഗം മുഴുവനായും വികസിച്ചിട്ടുണ്ടാകും, അത് മസ്തിഷ്‌കത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യും. അതിനാൽ പ്രായപൂർത്തി എത്തിയവരുടെ മസ്തിഷ്‌കം എല്ലാ ഭാഗങ്ങളിൽ നിന്നും കിട്ടുന്ന അറിവുകൾ ഏകീകരിപ്പിച്ചുകൊണ്ടും കാര്യവിവരമുള്ള തീരുമാനങ്ങൾ കൈക്കൊണ്ടു കൊണ്ടും പൂർണ്ണമായ രീതിയിൽ പ്രവർത്തിക്കുന്നു. കൗമാരക്കാരിലാകട്ടെ, മസ്തിഷ്‌കത്തിന്‍റെ ഈ ഭാഗം അപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതേ ഉണ്ടായിരിക്കുകയുള്ളു, ഇരുപതുകളുടെ ആദ്യകാലങ്ങൾ വരെ ഇത് തുടരുകയും ചെയ്യും.
ഘടനാപരമായി വികസിക്കുന്നതു കൂടാതെ, അത് മുഴുവനായും പ്രവർത്തനപരമാകുന്നുമില്ല - പ്രായപൂർത്തി എത്തിയ മസ്തിഷ്‌കത്തിൽ ചെയ്യുന്നത്ര വേഗതയിൽ അത് അറിവുകളുടെ എത്തിച്ചു കൊടുക്കൽ അഥവാ പ്രസരണം നടത്തുന്നുമില്ല. ഇത് നാഡീകോശങ്ങൾ (ന്യൂറോണുകൾ, neurons) മൂലമാണ്. മസ്തിഷ്‌കത്തിന്‍റെ ഒരു ഭാഗത്തു നിന്നു മറ്റൊരു ഭാഗത്തേക്ക് അറിവുകൾ പ്രസരണം ചെയ്യുകയും പകർന്നു കൊടുക്കുകയും ചെയ്യുന്ന കോശങ്ങളാണ് ന്യൂറോണുകൾ. മയലിൻ ആവരണം (myelin sheath) എന്നു പറയപ്പെടുന്ന ഒരു രോധക വസ്തു കൊണ്ട് ന്യൂറോണുകൾ പൊതിഞ്ഞിട്ടുണ്ടാകും, മയലിൻ ആവരണത്തിന്‍റെ അഭാവത്തിൽ ചെയ്യുന്ന അറിവുകളുടെ പ്രസരണത്തേക്കാൾ നൂറ് മടങ്ങ് വേഗത്തിലാക്കുന്നു അവ ഉള്ളപ്പോഴത്തെ പ്രസാരണം. നിങ്ങൾ ഇതിനകം മനസ്സിലാക്കി കഴിഞ്ഞതു പോലെ, നിങ്ങളുടെ മസ്തിഷ്‌കത്തിന്‍റെ ന്യൂറോണുകളിൽ ഈ ചെറുമെത്ത പോലുള്ള പതുപതുത്ത ആവരണം വളർന്നു വരുന്നതേ ഉണ്ടായിരിക്കുകയുള്ളു.
ന്യൂറോണുകളുടെ ഈ പരിപക്വമാകൽ ആദ്യം ആരംഭിക്കുന്നത് വികാരങ്ങളുടേയും സംവേദക്ഷമതയുടേയും ചുമതലയുള്ള, മസ്തിഷ്‌കത്തിന്‍റെ പിൻഭാഗത്തു നിന്നാണ്, ഇത് കൗമാരക്കാരെ 'കൂടുതൽ വികാരാധീനത അനുഭവിക്കുകയും കുറവ് ചിന്തിക്കുകയും' ചെയ്യുന്നവരാക്കി തീർക്കുന്നു. ഇത് നിങ്ങളെ വൈകാരികമായി കൂടുതൽ കരുതലില്ലാത്തവരാക്കി മാറ്റുന്നു, മനോഭാവ ചാഞ്ചാട്ടങ്ങളുടെ ഇടവേളകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ ചെറിയ കുട്ടികൾ ആയിരുന്ന കാലത്തേക്കാൾ നിങ്ങളെ പരവശപ്പെടുത്തിക്കളയും വിധം വികാരങ്ങൾ (emotions) കൂടുതൽ തീവ്രമായി അനുഭവപ്പെട്ടു തുടങ്ങുന്നു. യുക്തിക്ക് അപ്പുറം വികാരങ്ങളെ ആസ്പദമാക്കി പെട്ടെന്നുള്ള ഉൾപ്രേരണ മൂലം എടുത്തു ചാടി തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് പ്രവണതയുള്ള ആളായി നിങ്ങളെ മാറ്റുകയും ചെയ്യുന്നു.
ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു വഴി, പെട്ടെന്നു തീരുമാനങ്ങൾ എടുക്കാതിരിക്കുക, ഒരു തീരുമാനം എടുക്കുന്നതിനു മുൻപായി അതിന്‍റെ അനുകൂല പ്രതികൂല വാദങ്ങൾ അളന്നു നോക്കുക എന്നതാണ്. നിങ്ങളെ ഈ പ്രക്രിയയിൽ സഹായിക്കുവാൻ കഴിയുന്ന ആരോടെങ്കിലും നിങ്ങൾക്ക് സംസാരിക്കുകയും ചെയ്യാം. നിങ്ങൾ വിശ്വസിക്കുന്ന ഈ ആൾ നിങ്ങളെ പോലെ തന്നെ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന കൗമാരപ്രായത്തിലുള്ള മറ്റൊരാൾ ആകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ മാതാപിതാക്കളാകാം, മുതിർന്ന കൂടപ്പിറപ്പ് ആകാം, ടീച്ചർ ആകാം, അതുമല്ലെങ്കിൽ നിങ്ങള്‍ക്കു മാർഗ്ഗദർശകത്വം നല്‍കാറുള്ള മറ്റൊരാളും ആവാം.
സൈനാപ്റ്റിക് പ്രൂണിംഗ് (Synaptic pruning)
നിങ്ങളുടെ *മസ്തിഷ്‌കത്തിനുള്ളിലെ കൂട്ടുകെട്ടുകളുടെ (Brain connections) ഗുണമേന്മയ്ക്കു മാത്രമല്ല മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നത്, ആ കൂട്ടുകെട്ടുകളുടെ അളവിലും കൂടിയാണ്. നിങ്ങൾ നിങ്ങളുടെ കൗമാരപ്രായ വർഷങ്ങളിലൂടെ കടന്നു പോകുമ്പോൾ, കൂട്ടുകെട്ടുകളുടെ എണ്ണം വാസ്തവത്തിൽ കുറയുന്നു. ഒരു അഞ്ചു വയസ്സു പ്രായമുള്ള കുട്ടി എന്ന നിലയ്ക്ക് നിങ്ങളുടെ മസ്തിഷ്‌കത്തിന്‍റെ ഒരു ഭാഗത്തു നിന്ന് മറ്റൊരു ഭാഗത്തേക്ക് നിങ്ങൾക്ക് പതിനഞ്ചു കൂട്ടുകെട്ടുകൾ ഉണ്ടായിരുന്നുവെങ്കിൽ, ഒരു കൗമാരപ്രായമുള്ള കുട്ടി എന്ന നിലയ്ക്ക് നിങ്ങൾക്ക് വെറും രണ്ടു കൂട്ടുകെട്ടുകൾ മാത്രമാണ് ഉണ്ടായിരിക്കുക. ഇവ രണ്ടും ആയിരിക്കും ഏറ്റവും അധികമായി ഉപയോഗിക്കുക, ബാക്കിയുള്ള കാലഹരണപ്പെട്ടവ വിഛേദിക്കപ്പെടുന്നു. മുമ്പ് ഉണ്ടായിരുന്ന പതിനഞ്ചു കൂട്ടുകെട്ടുകളേക്കാൾ കൂടുതൽ ശക്തമായിരിക്കും ഈ രണ്ടു കൂട്ടുകെട്ടുകൾ. അറിവുകൾ എളുപ്പത്തിൽ പ്രസരിപ്പിക്കത്തക്ക വിധം ചിന്താപ്രക്രിയകൾ ഏറ്റവും ക്രമാനുഗതവും കൂടുതൽ ചിട്ടപ്പെടുത്തുന്നതും ആയി തീരുന്നതിന് മസ്തിഷ്‌കത്തെ ഇവ സഹായിക്കുകയും ചെയ്യുന്നു.
അമിഗ്ഡലയും ലിംബിക് സിസ്റ്റവും (Amygdala and the Limbic system)
എന്തുകൊണ്ടാണ് മദ്യപാനത്തിനുള്ള നിയമപരമായ പ്രായം 21 ആയിരിക്കുന്നത് എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ തുടര്‍ന്നു വായിക്കുക.
ലിംബിക് സിസ്റ്റത്തിനും അമിഗ്ഡലയ്ക്കും ആണ് വികാരങ്ങളുടെ ചുമതല. പ്രീഫ്രണ്ടൽ കോർട്ടെക്‌സിനു മുമ്പേ തന്നെ മസ്തിഷ്‌കത്തിന്‍റെ ഈ ഭാഗം വികസിക്കുന്നു. വികാരങ്ങൾ തിരിച്ചറിയുന്നതിന് പ്രീഫ്രണ്ടൽ കോർട്ടെക്‌സ് വളരെ പ്രധാനമാണ്. വികാരങ്ങൾ തിരിച്ചറിയുന്നതിനോ അവ കൈകാര്യം ചെയ്യുന്നതിനോ ബുദ്ധിമുട്ടുണ്ടാകുന്നു എന്നു നിങ്ങൾ കരുതുന്നതിന്‍റെ കാരണം ഇതായിരിക്കാം. ഇതു തന്നെയാണ് മസ്തിഷ്‌കത്തിന്‍റെ ഉല്ലാസത്തിന്‍റേയും റിവാഡ് പ്രോസസിംഗിന്‍റേയും (ഫലാവബോധ പ്രക്രിയ) മേഖലയും. ഇതു പൂർണ്ണമായും വികസിക്കുന്നു, പക്ഷേ അപകടസാദ്ധ്യത തിട്ടപ്പെടുത്തുന്ന മസ്തിഷ്‌കഭാഗം അപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുകൊണ്ടാണ് മയക്കുമരുന്നുകൾ, മദ്യം, സുരക്ഷിതമല്ലാത്ത മത്സരങ്ങൾ തുടങ്ങിയ അപകടസാദ്ധ്യതയുള്ള പെരുമാറ്റത്തിലൂടെ മനഃശാസ്ത്രപരമായ നേട്ടങ്ങളിലേക്കുള്ള വഴികൾ തേടുന്നതിനുള്ള പ്രവണത അവർ പ്രദര്‍ശിപ്പിക്കുന്നത്.
മദ്യപാനം ചെയ്യുന്നതിനുള്ള നിയമപരമായ പ്രായം 21 ആണ്, കാരണം, നിങ്ങളുടെ മസ്തിഷ്‌കം അപ്പോഴും വികസിച്ചു കൊണ്ടിരിക്കുന്നതേയുള്ളു, ഏതു തരം പദാർത്ഥ ഉപയോഗവും ആ പ്രക്രിയയെ മന്ദഗതിയിലാക്കും. ഈ പ്രായത്തില്‍ വളരെ അധികം മദ്യപിക്കുന്നത്, നിങ്ങളെ ആസക്തിക്ക് അടിപ്പെടും വിധമുള്ള കരുതലില്ലായ്മയിലേക്കു നയിക്കുകയും ചെയ്യും.
*മസ്തിഷ്‌കത്തിനുള്ളിലെ കൂട്ടുകെട്ടുകള്‍ (Brain connections) - ഒരു നാഡീവ്യൂഹ സംവിധാനത്തിലെ ഭിന്ന ഘടകങ്ങള്‍ തമ്മില്‍ ഉള്ള പരസ്പര പ്രവര്‍ത്തനം. മസ്തിഷകകോശങ്ങള്‍ ഇലക്ട്രോ കെമിക്കല്‍ അടയാളങ്ങള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ പകരുന്നു