ബാല്യകാലം

നിങ്ങളുടെ ഉത്കണ്ഠകളും ഭീതികളും നിങ്ങള്‍ കുട്ടികളിലേക്ക് പകരുന്നുണ്ടോ?

മൗലിക ശര്‍മ്മ

എനിക്ക് ഈ കോളത്തില്‍ വിശകലനം ചെയ്യാനും സൂക്ഷ്മാന്വേഷണം നടത്താനുമുള്ളത് രണ്ട് തരം ഉത്കണ്ഠയെക്കുറിച്ചും ഭയത്തെക്കുറിച്ചുമാണ്. ഒന്നാമത്തേത് നമുക്കൊപ്പം വളരുന്നതും പ്രായപൂര്‍ത്തിയായിക്കഴിഞ്ഞും മാതാപിതാക്കളായിരിക്കുമ്പോഴും നമുക്ക് മറികടക്കാന്‍ പറ്റാത്തതുമായത്. രണ്ടാമത്തേത് നമ്മുടെ കുട്ടികളേയും അവരുടെ ഭാവിയേയും ചുറ്റിപ്പറ്റിയുള്ളത്.

ആദ്യത്തേതിന്‍റെ കാര്യത്തില്‍, എനിക്ക് ഒരുപാട് ദൂരത്തേക്കൊന്നും നോക്കേണ്ട ആവശ്യമില്ല. നായ്ക്കളെക്കുറിച്ച് എനിക്കുണ്ടായിരുന്ന ഉത്കണ്ഠയെക്കുറിച്ച് തന്നെ പറയാം. അതെവിടെ നിന്ന് വന്നു എന്ന് എനിക്ക് കൃത്യമായി അറിയാം. എന്‍റെ അച്ഛന്‍ നായ്ക്കളെ പേടിച്ചിരുന്നു. അതിന് അദ്ദേഹത്തിന് അദ്ദേഹത്തിന്‍റേയതായ ന്യായീകരണങ്ങളും നായ്ക്കളെ അദ്ദേഹം എന്തുകൊണ്ടാണ് ഇഷ്ടപ്പെടാത്തത് എന്നതിന് പറയാന്‍ ധാരാളം സംഭവകഥകളും ഉണ്ടായിരുന്നു. ഈ പേടി ഏതാണ്ട് സ്വാഭാവികമായി തന്നെ എന്നിലേക്ക് അരിച്ചുകയറി.ഞാന്‍ ഇതിനെക്കുറിച്ച് അധികം ചിന്തിച്ചില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ സ്വാഭാവികമായ ഒരു കാര്യമായിട്ടാണ് തോന്നിയത്. ഇതെന്നെ അലോസരപ്പെടുത്തിയിരുന്നത്  നായയുണ്ടായിരുന്ന ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ മാത്രമാണ്. പക്ഷെ ഞാന്‍ ചെന്നപ്പോള്‍ അവള്‍ അതിനെ മറ്റൊരു മുറിയിലാക്കുമായിരുന്നതിനാല്‍ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. എന്‍റെ പേടി  ഒരു ചെറിയ വെറിപിടിക്കല്‍ മാത്രമായിരുന്നു, അല്ലാതെ എന്നെ സ്തംഭിപ്പിച്ചുകളയുന്ന ഒരു കാര്യമായിരുന്നില്ല. അതുകൊണ്ട് എന്‍റെ ജീവിതം ഏതാണ്ട് സാമാധാനപൂര്‍ണമായി മുന്നോട്ട് പോയി. 

പിന്നീട്, ഞാനൊരു അമ്മയായി. ഞാന്‍ നായ്ക്കളെക്കുറിച്ചുള്ള എന്‍റെ ഭീതി എന്‍റെ മകളിലേക്ക് പകരേണ്ടതുണ്ടോ? ഇല്ല, തീച്ചയായും ഇല്ല. അതുകൊണ്ട് ഓരോതവണയും, ഒരു നായയുള്ള വീട് സന്ദര്‍ശിച്ചപ്പോഴൊക്കെയും പേടിയില്ലാത്ത, സന്തോഷമുള്ള മുഖഭാവം സൂക്ഷിക്കാന്‍ ശ്രമിക്കുകയും എന്‍റെ ശരീരത്തിലെ ഓരോ പേശിയും വലിഞ്ഞ് മുറുകി നിന്നപ്പോഴും   ഒരു ശാന്തമായ, ഉറച്ച മുഖഭാവം നിലനിര്‍ത്താനും ശ്രമിക്കുകയും ചെയ്തു. എനിക്കൊരിക്കലും അതിനുള്ള ശക്തി സംഭരിക്കാനായിട്ടില്ല എങ്കിലും ആ നായയെ ഓമനിക്കാന്‍ പരീക്ഷണാര്‍ത്ഥം ഞാനെന്‍റെ മകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സത്യത്തില്‍ എന്‍റെ ഭര്‍ത്താവിന് ഇത്തരത്തിലുള്ള പേടിയില്ലാതിരുന്നത് വളരെ സഹായകമായി എന്ന് പറയാം, കാരണം എനിക്ക് സാധിക്കാതിരുന്നപ്പോഴും അദ്ദേഹം ഈ സമ്പര്‍ക്കപരിപാടിക്ക് ഒരു സ്വാഭാവികത കൊണ്ടുവന്നു. ഒടുവില്‍ നായ്ക്കളുടെ കാര്യത്തില്‍ എന്‍റെ മകള്‍ ഒരു അനായാസതയിലെത്തിയെന്ന് പറയാം. അവള്‍ നായ്ക്കളെ പേടിക്കുകയോ അവ അവളെ അസ്വസ്ഥയാക്കുകയോ ചെയ്തില്ലെന്നു മാത്രമല്ല അവള്‍ അവയെ സ്നേഹിക്കുകയും അവള്‍ക്ക് സ്വന്തമായി ഒരു നായയെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒരു വീമ്പിന്‍റെ പുറത്ത് ഒറ്റയടിക്ക് ഞാനത് സമ്മതിച്ചു, അതോടെ ആ ചര്‍ച്ച തീരുമെന്നും പിന്നീട് അക്കാര്യത്തില്‍ ഒന്നും ചെയ്യാതെ തന്നെ മുന്നോട്ട് പോകാമെന്നുമുള്ള ചിന്തയോടെയാണ് അങ്ങനെ ചെയ്തത്. പക്ഷെ അവള്‍ അതില്‍ വാശിപിടിക്കുകയും മൂന്നുവര്‍ഷത്തിന് ശേഷം എനിക്ക് അറിയാവുന്ന എല്ലാ ഒഴികഴിവുകളും പറഞ്ഞു തീര്‍ന്നതിന് ശേഷം ഞങ്ങള്‍ ഇപ്പോള്‍ അഞ്ചുവയസ് പ്രായമുള്ള ഞങ്ങളുടെ ബീഗല്‍ വര്‍ഗത്തില്‍ പെട്ട സിനമന്‍ എന്ന നായയെ ഞങ്ങള്‍ക്കൊപ്പം ചേര്‍ത്തു. ഭാവി എന്തായിരിക്കും എനിക്ക് വേണ്ടി കരുതിവെച്ചിരിക്കുന്നത് എന്നോര്‍ത്ത് ഭയപ്പെട്ട് അന്ന് തിരികെ വീട്ടിലേക്കുള്ള വഴി മുഴുവന്‍ ഞാന്‍ നിശ്ബ്ദമായി കരഞ്ഞു. ഇനി ഒരിക്കലും എനിക്ക് എന്‍റെ വീട്ടില്‍ പേടികൂടാതെ, സ്വസ്ഥമായി കഴിയാനാകില്ലെ? 

ഇതെല്ലാം പക്ഷെ ഒരു ചരിത്രമായിരിക്കുന്നു. ഞാനിപ്പോള്‍ വഴിയില്‍ കാണുന്ന എല്ലാ ഭംഗിയുള്ള നായയോടും കൊഞ്ചിസംസാരിക്കുന്ന, നല്ല നായ്ക്കളുടെ മനോഹരമായ ചിത്രങ്ങളിലേക്കെല്ലാം കണ്ണ് പായിക്കുന്ന ഒരു നായസ്നേഹിയാണ്.ആ നായ ഇല്ലായിരുന്നു എങ്കില്‍ നന്നായിരുന്നോ, ഒരിക്കലും ഇല്ല. നായയെ പേടിയുള്ള ഒരാളില്‍ നിന്നും നായസ്നേഹിയിലേക്കുള്ള എന്‍റെയീ മാറ്റത്തിലും നായയുമായി ബന്ധപ്പെട്ടുള്ള എന്‍റെ ഉത്കണ്ഠകളും ഭീതികളും എന്‍റെ മകളിലേക്ക് പകരാതിരിക്കുന്നതിലും ഞാന്‍ ഏറെക്കുറെ അഭിമാനം കൊള്ളുകയും ചെയ്യുന്നു. എന്തായാലും, ഇത് ഇത്തരത്തില്‍ അവസാനിക്കുമെന്ന് ഉറപ്പില്ലായിരുന്നു. എനിക്ക് എന്‍റെ നായപ്പേടിയേയും ഉത്കണ്ഠകളേയുംകുറിച്ച് അവബോധവും അവയെ അതിജീവിക്കാനുള്ള ആഗ്രഹവും ഇല്ലായിരുന്നു എങ്കില്‍ എന്‍റെ കുട്ടികള്‍ക്ക് ഒരു പക്ഷെ  എനിക്ക് ഉണ്ടായിരുന്നത്രയോ അതില്‍ കൂടുതലോ നായപ്പേടി ഉണ്ടായേക്കുമായിരുന്നു. 

മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്ന രണ്ടാമത്തെ തരത്തിലുള്ള ഉത്കണ്ഠ, കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ളതാണ്. അവര്‍ നന്നായി പഠിച്ചില്ലെങ്കില്‍ അവര്‍ എന്തായിത്തീരും? അവര്‍ പരീക്ഷയില്‍ തോറ്റുപോയാല്‍ എന്ത് സംഭവിക്കും? അവര്‍ അവരുടെ ഹോംവര്‍ക്കും പ്രോജക്റ്റുകളും മറ്റും സമയത്ത് ചെയ്തു തീര്‍ത്തില്ലെങ്കില്‍ എന്ത് സംഭവിക്കും? അവക്ക് നല്ലൊരു കോളേജില്‍ ചേരാനായില്ലെങ്കില്‍ എന്ത് പറ്റും? രാജ്യത്തെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചില്ലെങ്കില്‍ പിന്നെ അവര്‍ക്ക് എതു തരത്തിലുള്ള ജോലിയായിരിക്കും കിട്ടുക? ഇത് കടുത്ത മത്സരമുള്ള ഒരു ലോകമാണല്ലോ. 

പിടിച്ചു നില്‍ക്കാനും പോരാടി മുന്നേറാനും പഠിച്ചില്ലായെങ്കില്‍ ഈ ലോകത്തെ അവര്‍ എങ്ങനെ കൈകാര്യം ചെയ്യും? അവര്‍ ഇത്രയധികം സ്വാര്‍ത്ഥരാണെങ്കില്‍ പിന്നെങ്ങനെ അവര്‍ ബന്ധങ്ങള്‍ കെട്ടിപ്പടുക്കും? എന്‍റെ കുട്ടി ഒരു മാന്യമായ ജോലി/കരിയര്‍/പ്രൊഫഷണില്‍ ചെന്നു ചേര്‍ന്നില്ലെങ്കില്‍ എന്നെക്കുറിച്ചും ഞാന്‍ കുട്ടിയെ വളര്‍ത്തിയ രീതിയെക്കുറിച്ചും ലോകം എന്ത് പറയും? എന്‍റെ കുട്ടി ചീത്ത കൂട്ടുകെട്ടില്‍ വീണുപോയാല്‍ എന്ത് സംഭവിക്കും? ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്‍റെ കുട്ടിക്ക് എന്ത് സംഭവിക്കും? എന്‍റെ കുട്ടിക്ക് രോഗം വന്നാല്‍ എന്ത് ചെയ്യും? അങ്ങനെയായാല്‍... എന്ത് സംഭവിക്കും, ഇങ്ങനെയായാല്‍ എന്ത് സംഭവിക്കും..?
ഇങ്ങനെ നിരവധി ആശങ്കകള്‍, ഉത്കണ്ഠകള്‍, ഓരോന്നും സ്വാഭാവികവും ന്യായീകരിക്കത്തക്കതുമാണ്. ഉത്കണ്ഠാകുലരായിരിക്കുക എന്നത് മാതാപിതാക്കളായിരിക്കുക എന്നതിന്‍റെ പാതിവശം മാത്രമാണ്.         മുഴുവനും ഇതാക്കാതിരിക്കാന്‍ നമ്മള്‍ മനസ് വെയ്ക്കുക തന്നെ വേണം. 

നിങ്ങളുടെ കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠകള്‍ ഇപ്പോള്‍ കുട്ടിക്കൊപ്പമായിരിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നുണ്ടോ? 
പത്തുവര്‍ഷം കഴിയുമ്പോള്‍ കുട്ടിക്ക് നല്ല കോളേജില്‍ പ്രവേശനം കിട്ടേണ്ടതുണ്ട് (തീര്‍ച്ചയായും ഇത് നമുക്ക് നിയന്ത്രിക്കാനാകുന്ന കാര്യമല്ല) എന്നതിനാല്‍ ദിവസത്തില്‍ മുഴുവന്‍ സമയവും പഠിത്തത്തിലേക്കും ഹോം വര്‍ക്ക് ചെയ്യലിലേക്കും അവരെ തള്ളിവിടേണ്ടതുള്ളതിനാല്‍ നിങ്ങള്‍ അവര്‍ക്കൊപ്പം കളിക്കുന്നത് ഒഴിവാക്കുന്നുണ്ടോ? അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി (ഇതും നമുക്ക് നിയന്ത്രക്കാനാകുന്ന കാര്യമല്ല) നിങ്ങള്‍ക്ക് ഒരു വലിയ തുക ബാങ്കില്‍ നീക്കിയിരിപ്പുണ്ടാകണം എന്ന് ആഗ്രഹിക്കുന്നതിനാല്‍  അവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് ഒഴിവാക്കുന്നുണ്ടോ? കുട്ടിയുടെ ഭാവിയെക്കുറിച്ചോര്‍ത്തുള്ള ഉത്കണ്ഠമൂലം അസ്വസ്ഥരാകുന്നതിനാല്‍ ഇപ്പോള്‍ അവര്‍ക്കൊപ്പം കളിച്ചും ചിരിച്ചും സമയം പാഴാക്കാനില്ല എന്ന് ചിന്തിച്ച് അവരുമായി ബന്ധപ്പെട്ടിരിക്കുന്നത് നിങ്ങള്‍ ഒഴിവാക്കുന്നുണ്ടോ? എങ്ങനെയങ്കിലും നമുക്കാ ഭാവിയെ നിയന്ത്രിക്കണം. എങ്ങനെയെങ്കിലും. എന്‍റെ അഭിപ്രായത്തില്‍  ഇതിനുള്ള ഏറ്റവും നല്ല വഴി- ഒരു പക്ഷെ വൈരുദ്ധ്യമായി തോന്നിയേക്കാമെങ്കിലും- പരിതസ്ഥിതിയെ നിയന്ത്രിക്കാന്‍ ശ്രമിക്കാതിരിക്കുക, നമ്മള്‍ എത്രതന്നെ കഠിനമായി ശ്രമിച്ചാലും  നമുക്കതിന് സാധിക്കില്ല. അതിനാല്‍ അതിന് പകരം നിങ്ങളുടെ കുട്ടിയുമായുള്ള നിങ്ങളുടെ ബന്ധം സുരക്ഷിതമാക്കാന്‍ പരിശ്രമിക്കുക. 

നിങ്ങള്‍ നിങ്ങളുടെ ഉത്കണ്ഠകള്‍ കുട്ടിയും നിങ്ങളും തമ്മിലുള്ള ബന്ധത്തിന് പുറത്ത് കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. അവരെ അംഗീകരിക്കുക, തിരിച്ചറിയുക, മനസിലാക്കുക, ഒരു കൗണ്‍സിലറുമായോ വിശ്വസ്തനായ ഒരു സുഹൃത്തുമായോ സംസാരിച്ചുകൊണ്ട് ബോധപൂര്‍വം കുട്ടിയെ നിങ്ങളുമായി ചേര്‍ത്തുവെയ്ക്കുക. എന്നിട്ട് ഇപ്പോള്‍ ഈ നിമിഷത്തില്‍, മനസ് നിറഞ്ഞ്, പൂര്‍ണഹൃദയത്തോടെ നിങ്ങളുടെ കുട്ടിക്കൊപ്പമായിരിക്കാന്‍ പഠിക്കുക.
നിങ്ങളുടെ കുട്ടിക്ക് അവന്/അവള്‍ക്ക് ആശ്രയിക്കാനാകുന്ന ഒരു ബന്ധം സമ്മാനിക്കുക, അഥവാ എന്തെങ്കിലും തരത്തിലുള്ള ഒരു പരാജയം അവര്‍ക്ക് സംഭവിച്ചു പോയാലും നിങ്ങളിലേക്ക് തിരികെ എത്താമെന്ന വിചാരം ഉണ്ടാക്കുന്നതിന് മതിയായ സുരക്ഷിതത്വം അവര്‍ക്ക് അനുഭവപ്പെടുത്തുക. ആ അറിവ് അവരെ ശക്തിപ്പെടുത്തും, മുന്നോട്ട് നീങ്ങുന്നതിന് ആത്മവിശ്വാസവും ധൈര്യവും നല്‍കും, അവര്‍ക്ക് താല്‍പര്യമുള്ള മേഖലയില്‍ ലക്ഷ്യം നേടുന്നതിനായി പരമാവധി പരിശ്രമിക്കുന്നതിനുള്ള കരുത്ത് പകരും.
 
ഞാന്‍ ആവര്‍ത്തിക്കുന്നു, അവര്‍ക്ക് നല്‍കേണ്ടത് അവര്‍ക്ക് ആശ്രയിക്കാനാകുന്ന, വിശ്വസിക്കാനാകുന്ന ഒരു ബന്ധമാണ്, അല്ലാതെ ഒരു വലിയ ബാങ്ക് ബാലന്‍സല്ല.
White Swan Foundation
malayalam.whiteswanfoundation.org