ബാല്യകാലം

നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ നിങ്ങളുടെ പ്രതീക്ഷകളുടെ ഭാരം കൊണ്ട് തളര്‍ത്തുന്നുണ്ടോ?

മൗലിക ശര്‍മ്മ

അടുത്തകാലത്ത് എനിക്കൊരു സന്ദര്‍ശകയുണ്ടായിരുന്നു, അവള്‍ വിവാഹമോചനത്തിന് തയ്യാറെടുക്കുകയായിരുന്നു. ആ തീരുമാനത്തിന്‍റെ ഭവിഷ്യത്തുകളെക്കുറിച്ചും അവ തന്‍റെ മുന്നോട്ടുള്ള പോക്കിനെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചും വളരെ അസ്വസ്ഥയായിരിക്കും അവള്‍ എന്നാണ് ഞാന്‍ വിചാരിച്ചത്. അതിന് പകരം ഞാന്‍ കണ്ടത് ഈ തീരുമാനം തന്‍റെ മാതാപിതാക്കളെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് അസ്വസ്ഥയായിരിക്കുന്ന ഒരാളെയാണ്.അവര്‍ക്ക് തന്നെക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകള്‍ക്കൊപ്പം താന്‍ മുന്‍കാലത്തും ഉയര്‍ന്നിരുന്നില്ല. ഇപ്പോള്‍ ഇതും. അവര്‍ എങ്ങനെ സമൂഹത്തെ അഭിമുഖീകരിക്കും എന്നതിനെക്കുറിച്ച് അവള്‍ ഉത്കണ്ഠപ്പെട്ടിരുന്നു.  അവള്‍ അവരെ നിരാശപ്പെടുത്തുകയല്ലേ ചെയ്തത്? അവര്‍ക്ക് എന്നെങ്കിലും ഇതില്‍ നിന്നും മുക്തി നേടാന്‍ കഴിയുമോ? അവരെ നിരാശപ്പെടുത്തിയതിന്‍റെ കുറ്റബോധത്തില്‍ നിന്നും കരകയറാന്‍ അവള്‍ക്ക് എന്നെങ്കിലും കഴിയുമോ? ഇതൊക്കെയായിരുന്നു അവളുടെ പ്രധാന ഉത്കണ്ഠകള്‍.

സ്വന്തം കുട്ടികളുടെ ഭാവി വഴികള്‍ ഇപ്പോഴേ വ്യക്തമായി രേഖപ്പെടുത്തിവെച്ചിരിക്കുന്ന നിരവധി മാതാപിതാക്കളെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്- കുട്ടിയുടെ ഓരോ നാഴികക്കല്ലും രേഖപ്പെടുത്തിയിരിക്കുന്ന, കുറഞ്ഞത് മനസിലെങ്കിലും കൊത്തിവെച്ചിരിക്കുന്ന മാതാപിതാക്കള്‍. അവരെ സംബന്ധിച്ചിടത്തോളം  കുട്ടികള്‍ അവരെ അനുസരിക്കുകയും ആ വഴികള്‍  പിന്തുടരുകയും  ചെയ്താല്‍ മതി. അവര്‍ സന്തോഷകരവും വിജയകരവുമായ ഒരു ഭാവിജീവിതം കൈവരിക്കും.  അവര്‍ക്ക് വേണ്ടതും അതാണ്. അതാണ് ഒരേയൊരു മാര്‍ഗം. 

എങ്കിലും കുട്ടികള്‍ ലോകത്ത് എത്തിയിരിക്കുന്നത് അവരുടെ സ്വന്തമായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതിനും അവരുടേതായ പാതകള്‍ നിര്‍മ്മിക്കുന്നതിനും ആ പാതയിലൂടെ ഉത്സാഹത്തോടേയും ആവേശത്തോടേയും മുന്നോട്ട് പോകുന്നതിനും വേണ്ടിയാണ്.സ്വന്തം വ്യക്തിത്വവും സ്വന്തം പാതയും കണ്ടെത്തുന്നതിനുള്ള ഈ പ്രക്രിയയില്‍ അവരെ സഹായിക്കുക എന്നത് മാത്രമാണ് മാതാപിതാക്കള്‍ എന്ന  നിലയ്ക്ക് നമ്മുടെ ഉത്തരവാദിത്തം. അവര്‍ക്ക് തഴച്ചുവളരാന്‍ വേരുകളും പറക്കാന്‍ ചിറകുകളും നല്‍കുക എന്നതാണ് ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം. അമേരിക്കന്‍ ടിവി അവതാരകനായ ബ്രിയാന്‍ ട്രാസി പറയുന്നത് " നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ  അവര്‍ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന ഏതെങ്കിലും ലക്ഷ്യം അല്ലെങ്കില്‍ കര്‍ത്തവ്യം നിറവേറ്റാന്‍ അവര്‍ക്ക് കഴിയും എന്ന വിശ്വാസത്തിലേക്കും വികാരത്തിലേക്കും ഉയര്‍ത്തുന്നു എങ്കില്‍ ഒരു രക്ഷകര്‍ത്താവ് എന്ന നിലയ്ക്ക് നിങ്ങള്‍ വിജയിക്കുകയും എല്ലാത്തിലും വച്ച് ഏറ്റവും വലിയ അനുഗ്രഹം നിങ്ങള്‍ നിങ്ങളുടെ കുട്ടിക്ക് കൊടുക്കുകയുമായിരിക്കും ചെയ്യുന്നത്," എന്നാണ്.

 നമ്മുടെ കുട്ടികള്‍ നമുക്കൊപ്പം ജീവിക്കാന്‍ അതായത് നമ്മുടെ ജീവിതത്തിലേക്ക് എത്തിയിരിക്കുന്നത് അവരുടെ സ്വന്തം ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണെന്ന കാര്യം മാതാപിതാക്കളെന്ന നിലയ്ക്ക് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അല്ലാതെ അവര്‍ ഇവിടെ എത്തിയിരിക്കുന്നത് നമ്മുടെ ലക്ഷ്യങ്ങളും മോഹങ്ങളും ആഗ്രഹങ്ങളും സഫലമാക്കുന്നതിന് വേണ്ടിയല്ല. നമുക്ക്  നമ്മുടെ ജീവിതം സാധൂകരിക്കപ്പെട്ടു എന്നൊരു വിചാരം ഉണ്ടാക്കിത്തരുന്നതിന് വേണ്ടിയല്ല.  അവര്‍ ഇവിടെയെത്തിരിക്കുന്നത് നമ്മുടെ കുടുംബപേരോ ബിസിനസോ മുന്നോട്ട് കൊണ്ടുപോകുന്നതിനോ നമ്മുടെ സഫലമാകാതെ പോയ സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്ക്കരിക്കുന്നതിനോ, നമ്മുടെ വാര്‍ദ്ധക്യകാലത്തിന് ഒരു ഇന്‍ഷ്വറന്‍സ് പോളിസി ആയിത്തീരുന്നതിനോ നമുക്ക് മഹത്വം കൊണ്ടുവരുന്നതിനോ ഒന്നുമല്ല. അവര്‍ ഇവിടെയുള്ളത് നമ്മുടെ സ്വപ്നങ്ങള്‍  സഫലമാക്കുന്നതിനോ നമ്മുടെ ചിന്തകള്‍ ചിന്തിക്കുന്നതിനോ നമ്മള്‍ ചിന്തിക്കുന്നതുപോലെ ആരെങ്കിലും ആകുന്നതിനോ അല്ല. അവര്‍ നമ്മുടെ കുടുംബപ്പേരിന് മഹത്വവും പ്രശസ്തിയും കൊണ്ടുവരുന്നതിനുള്ള വിജയമുദ്രകളോ കീര്‍ത്തിസ്തംഭങ്ങളോ ഒന്നുമല്ല.അവര്‍ ഇവിടെയുള്ളത് അവരുടെ സ്വന്തം വഴികളിലൂടെ നടക്കുന്നതിനും അവരുടേതായ ജീവിതം മെനഞ്ഞെടുക്കുന്നതിനും വേണ്ടിയാണ്. അവര്‍ ആ പ്രക്രിയയുടെ നാഴികക്കല്ലുകള്‍ മറികടക്കുമ്പോള്‍ അവരെക്കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളാന്‍ നമ്മള്‍ അനുവദിക്കപ്പെട്ടിരിക്കുന്നു. 

അതുകൊണ്ട്, നമ്മുടെ കുട്ടി എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് മുന്‍കൂട്ടി നിര്‍വചിക്കപ്പെട്ട, അഥവാ തീരുമാനിക്കപ്പെട്ട പ്രതീക്ഷകള്‍, ആഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍, നമ്മള്‍ നമ്മുടെ മനസിന്‍റെ ജാലകങ്ങള്‍ തുറന്നിട്ട് ആ പ്രതീക്ഷകളെ ഇറക്കിവിടണം എന്നത് അനിവാര്യമായ സംഗതിയാണ്- അത് അവ ഏതെങ്കിലും യാഥാര്‍ത്ഥ്യത്തിന്‍റെ അടിസ്ഥാനത്തിലുള്ളവയല്ലാത്തത് കൊണ്ടുമാത്രമല്ല, അത് നമ്മുടെ കുട്ടികളുടെ ജീവിത സാഹചര്യം വിഷമയമാക്കിത്തീര്‍ക്കുക കൂടി ചെയ്യും എന്നതുകൊണ്ടാണ്- തുടക്കത്തില്‍ പറഞ്ഞ എന്‍റെ സന്ദര്‍ശകയെപ്പോലെ, അവള്‍ തന്‍റെ മാതാപിതാക്കളെ നിരാശരാക്കിയല്ലോ എന്നോര്‍ത്ത് ഇപ്പോഴും സങ്കടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

കുറച്ചുനാള്‍ മുമ്പ് പത്രമാധ്യമങ്ങളില്‍ ശക്തമായ ഒരു വിവാദം നടന്നിരുന്നു, കുട്ടികളെ വളര്‍ത്തുന്നതിലെ ചൈനീസ് ശൈലിയേയും അമേരിക്കന്‍ ശൈലിയേയും കുറിച്ച്. ചൈനീസ് ശൈലി അമേരിക്കന്‍ ശൈലിയേക്കാള്‍ പട്ടാളച്ചിട്ടയോടെയുള്ളതും ശിക്ഷണപരവുമായതാണ്. ഇതില്‍ മാതാപിതാക്കള്‍ ചിന്തിച്ച് ഉറപ്പിച്ച് വച്ചിരിക്കുന്ന വഴിയിലൂടെ  സഞ്ചരിക്കുന്ന കുട്ടികളെക്കുറിച്ച്  മാതാപിതാക്കള്‍ ഉയര്‍ന്ന പ്രതീക്ഷ പുലര്‍ത്തുന്നു. ഉദാഹരണത്തിന്, ചൈനീസ് കുട്ടികള്‍ക്ക്- രാത്രി ചെലവഴിക്കുന്നതിന് മറ്റൊരാളുടെ വീട് സന്ദര്‍ശിക്കുക, കുട്ടികള്‍ കളിക്കാന്‍ ഒന്നിച്ച് പുറത്തുപോകുക, സ്കൂള്‍ നാടകങ്ങളില്‍ പങ്കെടുക്കുക, സ്കൂള്‍ കളികളില്‍ പങ്കെടുക്കാത്തതിന് പരാതി പറയുക, ടി വി കാണുക, കമ്പ്യൂട്ടര്‍ ഗെയിം കളിക്കുക, അവനവന്‍റെ സ്വന്തം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കുക, എ ഗ്രേഡില്‍ കുറഞ്ഞ ഏതെങ്കിലും ഗ്രേഡ് നേടുക, വ്യായാമം നാടകം എന്നിവയിലൊഴികെ മറ്റെല്ലാ വിഷയത്തിലും ഒന്നാമനാകാതിരിക്കുക, പിയാനോയോ വയലിനോ ഒഴികെ മറ്റെന്തെങ്കിലും  സംഗീത ഉപകരണങ്ങള്‍ വായിക്കുക, അല്ലെങ്കില്‍ പിയാനോയോ വയലിനോ വായിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളൊന്നും അനുവദനീയമല്ല. എന്നാല്‍ അമേരിക്കന്‍ ശൈലി ഇതില്‍ നിന്നും  വ്യത്യസ്തമാണ്. അത് കുട്ടിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍, താല്‍പര്യങ്ങള്‍,ആഗ്രഹങ്ങള്‍, അഭിലാഷങ്ങള്‍, വികാരങ്ങള്‍, ആത്മാഭിമാനം എന്നിവയ്ക്ക് കൂടുതല്‍ ഇടം കൊടുക്കുന്നു.  ചൈനീസ് കുട്ടികളുടെ വിദ്യാഭ്യാസപരമായ പ്രകടനത്തിന്‍റെ പൊതു നിലവാരം കൂടുതല്‍ ഉയര്‍ന്നതായിരിക്കുന്നു  എന്നത് വാസ്തവമാണെങ്കിലും അതുകൊണ്ട് ചൈനീസ് ശൈലി  ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമാണ് എന്ന് നമ്മള്‍ അനുമാനിച്ചേക്കുമെങ്കിലും ഞാന്‍ വിശ്വസിക്കുന്നത്, ചൈനീസ് സമ്പ്രദായം മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവരെ സൃഷ്ടിക്കുന്നു, അല്ലാതെ സര്‍ഗസൃഷ്ടി നടത്തുന്നവരെ/രചയിതാക്കളെ/ സ്വരവിന്യാസകരെയല്ല എന്നാണ്. ഇന്ത്യന്‍ ശൈലിയിലും ഇതാണ് അധികവും നടക്കുന്നത്.

ഗൂഗിളില്‍ ശാസ്ത്രീയ സംഗീതം ചിട്ടപ്പെടുത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ വേഗത്തിലൊന്ന് പരതിയാല്‍ 20 ചൈനാക്കാരുടെ പേരായിരിക്കും കിട്ടുക, അതേ സമയം അമേരിക്കന്‍ കംപോസര്‍മാരുടെ നിരവധി പേജുകള്‍ കാണാന്‍ കഴിയും. ഇവിടെ നമുക്ക് നേരെ ഉയരുന്ന ഒരു ചോദ്യം- നമുക്ക് വേണ്ടത്  കേവലം മുമ്പേ എഴുതിതയ്യാറക്കപ്പെട്ടവയുടെ പ്രകടനം നടത്തുന്ന (അതായത് അനുകരിക്കുന്നവര്‍, പിന്തുടരുന്നവര്‍, കാര്യസ്ഥന്മാര്‍, നിര്‍വാഹകര്‍) കുട്ടികളെയാണോ അതോ സ്വന്തം രചനകളുടെ കംപോസര്‍മാരെയാണോ(അതായത്, നയിക്കുന്നവര്‍, രൂപകല്‍പനചെയ്യുന്നവര്‍, കണ്ടുപിടിക്കുന്നവര്‍, സൃഷ്ടിക്കുന്നവര്‍)? വ്യവസായ യുഗം  ഒന്നാം തരം അധ്വാനശീലം, കാര്യനിര്‍വഹണശേഷി, കൃത്യത, വരച്ചവരയില്‍ പോകല്‍  എന്നിവയും അതുപോലുള്ള മറ്റ് ഗുണങ്ങളുമായി ചേര്‍ന്നിരിക്കുമ്പോള്‍ നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന വിജ്ഞാന യുഗം (തീര്‍ച്ചയായും  നമ്മുടെ കുട്ടികളും ജീവിക്കാന്‍ പോകുന്ന കാലഘട്ടം) ഘടിപ്പിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും സര്‍ഗാത്മകത, സ്വതന്ത്രവും നവീനവുമായ ചിന്ത, ജോലിയില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവ്, പ്രശ്നങ്ങള്‍ പരിഹരിക്കല്‍, സംഘത്തെ നയിക്കല്‍, സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കല്‍ (ഔപചാരികമോ അനൗപചാരികമോ ആയ ടീം ഘടനകള്‍), നമ്മുടെ ആശയങ്ങളും അഭിപ്രായങ്ങളും വിനിമയം ചെയ്യല്‍,        "ചെയ്യാനാകും" എന്ന സമീപനം, സ്വയം പ്രചോദനം നല്‍കാനുള്ള കഴിവ്, പരാജയങ്ങളില്‍ നിന്നും പാഠം പഠിക്കാനുള്ള കഴിവ് എന്നിങ്ങനെയുള്ള കാര്യങ്ങളുമായാണ്. നമ്മുടെ നിലവിലുള്ള പരീക്ഷാ സമ്പ്രദായങ്ങളിലെന്നും ഇതൊന്നും പരിശോധിക്കപ്പെടുന്നില്ല, നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തില്‍ ഈ കഴിവുകളും ഗുണങ്ങളുമൊന്നും വികസിപ്പിക്കപ്പെടുന്നുമില്ല. അതിനാല്‍, നമ്മുടെ കുട്ടികളില്‍ നിന്നും നൂറുശതമാനം വിജയം നമ്മള്‍ പ്രതീക്ഷിക്കുകയും അവര്‍ നമ്മുടെ പ്രതീക്ഷകള്‍ക്കൊത്ത് ജീവിക്കുകയും ചെയ്താല്‍ പോലും അവര്‍ നമ്മുടെ പ്രതീക്ഷകളെ സഫലമാക്കുമെങ്കിലും ജീവിതത്തില്‍, ജോലി സ്ഥലത്ത് അവര്‍ വിജയമായേക്കില്ല. നമുക്ക് എന്താണ് വേണ്ടത്, അവര്‍ പരീക്ഷകളില്‍  വന്‍ വിജയം നേടണമെന്നോ അതോ അവര്‍ ജീവിതത്തില്‍ വിജയിക്കണമെന്നോ? മാതാപിതാക്കളെന്ന നിലയ്ക്ക് നമ്മളെടുക്കേണ്ട തീരുമാനമാണിത്, കാരണം രണ്ടിലേക്കുമുള്ള വഴി തികച്ചും വ്യത്യസ്തമായതാണ്. നിര്‍ഭാഗ്യവശാല്‍, പല മാതാപിതാക്കളും വിചാരിക്കുന്നത്  പരീക്ഷകളിലെ വിജയം സ്വയമേവ ജീവിത വിജയമായിക്കൊള്ളും എന്നാണ്. പരീക്ഷകളിലെ വിജയം ഏതാനും വാതിലുകള്‍ മാത്രമാണ് തുറക്കുന്നത്. അതേസമയം ജീവിതത്തിലെ വിജയം, അത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്, പലപ്പോഴും പരീക്ഷകളിലെ വിജയത്തിന് അവിടെ ഒന്നും ചെയ്യാനുണ്ടാകില്ല. 

ഇതിനര്‍ത്ഥം മാതാപിതാക്കള്‍ക്ക് കുട്ടികളെക്കുറിച്ച് ഒരു പ്രതീക്ഷയും പാടില്ല എന്നാണോ? അല്ല, ഒരിക്കലുമല്ല. കുട്ടികള്‍ മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്കൊപ്പം ജീവിക്കാന്‍ ശ്രമിക്കുന്നതായി കാണപ്പെടാറുണ്ട്. അതുകൊണ്ട്   ചില പ്രതീക്ഷകള്‍ ഉണ്ടായിരിക്കുക എന്നത് അവരെ സ്വയം വലിയ ഉയരങ്ങള്‍ കീഴടക്കുന്നതിലേക്ക് തള്ളിവിടുന്നതിനുള്ള പ്രേരണയാകും. ഇതവരില്‍ സുഖകരമായ, ഒതുങ്ങിക്കൂടി ഇരിക്കാവുന്ന അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാനും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും സമ്മര്‍ദ്ദം ചെലുത്തുന്നു.
 മാതാപിതാക്കളുടെ പ്രതീക്ഷകള്‍  കുട്ടികള്‍ പരീക്ഷയ്ക്ക് നേടുന്ന മാര്‍ക്കിനെക്കുറിച്ചും അവരുടെ വിദ്യാഭ്യാസ പ്രകടനത്തെക്കുറിച്ചും ഇവിടെ നിലനില്‍ക്കുന്ന കര്‍ക്കശമായ സാമൂഹ്യ നിയമങ്ങളുടെ പേരിലും ആയിരിക്കരുത് എന്നു മാത്രമേ ഇതിന് അര്‍ത്ഥമുള്ളു. 

നമ്മുടെ കുട്ടികള്‍ ഏത് മേഖലയാണോ തെരഞ്ഞെടുക്കുന്നത് അതില്‍ അവര്‍ നടത്തുന്ന ഏറ്റവും മികച്ച പരിശ്രമത്തെ ചുറ്റിയായിരിക്കണം നമ്മുടെ പ്രതീക്ഷകള്‍; അവര്‍ അവരുടെ കഴിവിനനുസരിച്ചുള്ള ഏറ്റവും മികച്ച പഠനം നടത്തുന്നതിനെക്കുറിച്ച്,  കുട്ടികള്‍ക്ക് വിശ്വസിക്കാന്‍ സഹായകരമാകും വിധം നമ്മള്‍ മാതൃകയായിട്ടുള്ള, ജീവിത മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള അവരുടെ ജീവിതത്തെക്കുറിച്ച്, നമ്മുടെ കുട്ടികള്‍ അവര്‍ക്കുള്ള സാധ്യതകളുടെ പരമാവധി ഉപയോഗപ്പെടുത്തുന്നതിനുള്ള ശേഷിയിലേക്ക് ഉയരുന്ന തരത്തില്‍ അവരുടെ പരിമിതികളും അതിര്‍ത്തികളും മറികടക്കുന്നതിനെക്കുറിച്ച്, അവര്‍ ഏറ്റവും മികച്ച തരത്തില്‍ സാമൂഹ്യമായി ഒത്തിണങ്ങുന്നതിനെക്കുറിച്ച് പ്രതീക്ഷ പുലര്‍ത്തുക, അവരുടെ വിശ്വാസങ്ങളില്‍ പ്രതീക്ഷയുണ്ടായിരിക്കുക, നമ്മുടേതില്‍ നിന്നും വ്യത്യസ്തമായ അവരുടെ സ്വപ്നങ്ങളേയും അഭിലാഷങ്ങളേയും കുറിച്ച് പ്രതീക്ഷപുലര്‍ത്തുക.

അതിനാല്‍, നമ്മുടെ കുട്ടികള്‍ക്ക് എന്ത് നല്‍കാന്‍ നമുക്ക് കഴിയും? അവര്‍ എന്താണോ അത് മൂല്യവത്തും പ്രധാനപ്പെട്ടതുമാണ് എന്ന നമ്മുടെ അറിവും വിശ്വാസവും ആണ് നമ്മള്‍ അവള്‍ക്ക് നല്‍കേണ്ടത്. അതുപോലെ തന്നെ അവര്‍ക്ക് വളരാന്‍ നിരസിക്കലിന്‍റേയോ അംഗീകരിക്കാതിരിക്കലിന്‍റേയോ ഭീതിയില്ലാത്ത, സത്യസന്ധവും, ആധികാരികവും സുരക്ഷിതവും സുനിശ്ചിതവുമായ ഒരു സാഹചര്യം ഒരുക്കിക്കൊടുക്കാന്‍ നമുക്കാകും. 

മാതാപിതാക്കളെന്ന നിലയ്ക്ക് അവരില്‍ നിന്ന് തിരിച്ച് നമുക്ക് എന്ത് പ്രതീക്ഷിക്കാം? ഷാരോണ്‍ ഗുഡ്മാന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍- " തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് കണ്ടെത്തുന്നതിലേക്ക് നമ്മള്‍ കുട്ടികളെ നയിക്കുന്ന മഹത്തായ ഒരു സാഹസിക യാത്ര"-യില്‍ കുറഞ്ഞ് ഒന്നുമല്ല. 

മൗലിക ശര്‍മ്മ, മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നതിനായി തന്‍റെ കോര്‍പ്പറേറ്റ് കരിയര്‍ ഉപേക്ഷിച്ച, ബാഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൗണ്‍സിലറാണ്.   തൊഴിലാളികളുടെ ക്ഷേമത്തിനും സൗഖ്യത്തിനുമായി പ്രവര്‍ത്തിക്കുന്ന ഒരു ആഗോള സ്ഥാപനമായ വര്‍ക്ക് പ്ലേയ്സ് ഓപ്ഷന്‍സിനൊപ്പം പ്രവര്‍ത്തിക്കുന്ന മൗലിക ബാംഗ്ലൂരിലെ റീച്ച് ക്ലിനിക്കിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഈ കോളത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ സംശയങ്ങളോ  അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എഴുതേണ്ട വിലാസം- columns@whiteswanfoundation.org. 
White Swan Foundation
malayalam.whiteswanfoundation.org