ബാല്യകാലം
നിങ്ങളുടെ നിരാശകള്‍ കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടോ?
എന്‍റെ പ്രാരംഭ ലേഖനത്തില്‍ മാതാപിതാക്കളായിരിക്കുക എന്ന അവസ്ഥയും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം പരിശോധിക്കാമെന്ന് ഞാന്‍ വാക്കുതന്നിരുന്നു. അതിനാല്‍ മാതാപിതാക്കളുടെ നിരാശകള്‍ക്ക് കുട്ടിയുടെ മാനസികാരോഗ്യത്തിലുണ്ടക്കാന്‍ സാധ്യതയുള്ള ആഘാതത്തെക്കുറിച്ചുള്ള എന്‍റെ വിലയിരുത്തല്‍ ഇവിടെ പറയുകയാണ്.
ഒരു കൗമാരക്കാരിയെ (സ്റ്റാന്‍ഡേര്‍ഡ് 6), ഒരു അദ്ധ്യാപിക അവളുടെ മോശം പ്രകടനത്തിന്‍റെ പേരില്‍ എന്‍റെ അടുത്തേക്ക് അയച്ചു. അവള്‍ തീരെ ഏകാഗ്രതയും ശ്രദ്ധയുമില്ലാതിരിക്കുന്നതായി അദ്ധ്യാപികയ്ക്ക് തോന്നി. കുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ചുകഴിഞ്ഞപ്പോള്‍ അവളുടെ പ്രശ്നങ്ങളില്‍ പ്രത്യക്ഷത്തില്‍ കാണുന്നതിലധികം ചിലതുണ്ടായിരിക്കുമെന്നും അവര്‍ക്ക് തോന്നി. അങ്ങനെ ഈ പെണ്‍കുട്ടി എന്നെ കാണാന്‍ വന്നു. ഭാഗ്യവശാന്‍ ഞങ്ങള്‍ക്ക് പെട്ടന്നുതന്നെ പരസ്പരം നല്ലബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു.
അല്‍പം ചികഞ്ഞു ചോദിച്ചപ്പോള്‍ കാലിലെ ചില പാടുകള്‍ പെണ്‍കുട്ടി എന്നെ കാണിച്ചു. അമ്മ ചുട്ടുപഴുപ്പിച്ച ഇരുമ്പു കമ്പി കാലില്‍ വെച്ചതുകൊണ്ട് ഉണ്ടായ പാടുകളായിരുന്നു അത്. ഞാന്‍ വല്ലാതായി. കൗണ്‍സിലര്‍ എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് എത്ര അനുഭവപരിചയമുണ്ടെങ്കിലും ചില സാഹചര്യങ്ങള്‍ക്ക് എപ്പോഴും നിങ്ങളെ ഞെട്ടിപ്പിക്കാന്‍ കഴിയും. ഇത് അങ്ങനെയൊന്നായിരുന്നു. ഇതേ പ്രായത്തിലുള്ള ഒരു മകളുള്ള അമ്മയായതുകൊണ്ട് ഇതൊന്നും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.
ഇക്കാര്യത്തില്‍ ഒരു പാട് പരിശ്രമം വേണ്ടിവരുമെന്ന് മനസിലാക്കി ഞാന്‍ നീണ്ടൊരു യ്ത്നത്തിന് തയ്യാറായി. മാതാപിതാക്കളെ കണ്ടുമുട്ടി മുഴുവന്‍ ചിത്രം മനസിലാക്കാന്‍, അല്ലെങ്കില്‍ അവര്‍ എന്നോട് പങ്കുവെയ്ക്കുന്ന അത്രയുമെങ്കിലും മനസിലാക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ സ്വന്തം മകളെ ദ്രേഹിക്കാന്‍ ഒരു അമ്മയെ പ്രേരിപ്പിച്ച കാരണം എന്തായിരിക്കും?
എന്‍റെ നിരന്തരമായ ഫോണ്‍ വിളികളെ തുടര്‍ന്ന് ഒടുവില്‍ ആ മാതാപിതാക്കള്‍ എന്നെ കാണാന്‍ വന്നു. അവര്‍ രണ്ടുപേരും ജോലി ചെയ്യുന്നവരാണെന്ന് എനിക്ക് മനസിലായി. കുട്ടിയുടെ പഠനം മോശമാകാന്‍ തുടങ്ങുകയും അവള്‍ക്ക് ഒരു പഠനവൈകല്യം ഉണ്ടെന്ന് അനുമാനിക്കപ്പെടുകയും ചെയ്തപ്പോള്‍ സ്കൂള്‍ അധികാരികള്‍ മാതാപിതാക്കളെ വിളിക്കുകയും അവളില്‍ കൂടുതല്‍ വ്യക്തിനിഷ്ഠമായ ശ്രദ്ധവെയ്ക്കണം എന്ന് അറിയിക്കുകയും ചെയ്തിരുന്നു. അമ്മയാണ് കുട്ടിയെ കൂടുതല്‍ സൂക്ഷ്മതയോടെ ശ്രദ്ധിക്കേണ്ടത് എന്ന സൂചിപ്പിക്കുന്ന തരത്തിലും അവര്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. നിരാശയോടെ അമ്മ കുട്ടിയെ നോക്കാനായി ജോലി ഉപേക്ഷിച്ചു.
എന്തായിരുന്നു അവരുടെ നിരാശകള്‍? കുട്ടിക്ക് വേണ്ടി ജോലി ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ച് മാത്രമായിരുന്നില്ല, ലിംഗ സമവാക്യങ്ങള്‍ (എന്തുകൊണ്ടാണ് അച്ഛനല്ല അമ്മതന്നെ കരിയര്‍ ഉപേക്ഷിക്കേണ്ടി വരുന്നു). ആത്മാഭിമാനം (ഒരു ജോലിയില്‍ നിന്ന് ഉണ്ടാകുന്നതും വീട്ടിലിരുന്ന് കുട്ടിയെ നോക്കുക എന്നതില്‍ നിന്നും ഉണ്ടാകാത്തതുമായ ബാഹ്യമായ സാമൂഹികാംഗീകാരം), വിവാഹ ബന്ധത്തിലെ അസംതൃപ്തി (ഭര്‍ത്താവ് എന്തിന് ജോലി വിടാന്‍ സമ്മര്‍ദ്ദം ചെലുത്തി? അയാള്‍ എന്തുകൊണ്ട് തനിക്ക് ആവശ്യമുള്ള അംഗീകാരം നല്‍കിയില്ല?) ഭര്‍തൃകുടുംബത്തോടുള്ള ദേഷ്യം (അവര്‍ക്കു വന്ന് കുട്ടിയെ നോക്കിക്കൂടേ?).
ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍! ഇനിയും ഉണ്ടായിരുന്നിരിക്കും, പക്ഷെ കിട്ടിയ കുറച്ച് സമയത്തിനുള്ളില്‍ ഞങ്ങള്‍ക്ക് ഇവിടം വരെയേ എത്താനായൊള്ളു, കാരണം ആദ്യത്തെ കൂടിക്കാഴ്ച കഴിഞ്ഞ് അവര്‍ പിന്നെ വന്നില്ല. ഈ പ്രശ്നങ്ങളുടെയെല്ലാം ദുരന്തഫലം അനുഭവിക്കുന്നത് ആരാണ്? കൂട്ടുകാരുടെയെല്ലാം അമ്മമാര്‍ കുട്ടികളെ വളരെ വാത്സല്യപൂര്‍വം നോക്കുമ്പോള്‍ തന്‍റെ അമ്മമാത്രം തന്നെ ഇത്രമാത്രം വെറുക്കുന്നത് എന്തിനെന്ന് എന്തു ചെയ്തിട്ടും പിടികിട്ടാത്ത ഒന്നും അറിയാത്ത ഒരു പതിമൂന്നുവയസുകാരി. അമ്മ തന്നെ എപ്പോള്‍ ഉപദ്രവിക്കും എപ്പോള്‍ ഉപദ്രവിക്കും എന്ന് പേടിച്ചാണ് ആ കുട്ടി ജീവിച്ചിരുന്നത്. അവള്‍ വൈകാരികവും ശാരീരികവുമായ വേദന അവള്‍ അനുഭവിച്ചു. കുടുംബ പ്രശ്നങ്ങള്‍ പുറത്തുപറയരുതെന്ന് പരിശീലിപ്പിച്ചിരുന്നതുകൊണ്ട് അവള്‍ക്ക് ആരോടും സംസാരിക്കാനും മനസിന്‍റെ ഭാരം കുറയ്ക്കാനും കഴിഞ്ഞില്ല.
താന്‍ കുടുംബത്തിന് ശാപമാണെന്നും തന്നെ ഒന്നിനും കൊള്ളില്ലെന്നും അവള്‍ക്ക് തോന്നി. കുട്ടി സ്കൂളില്‍ ഇത്രത്തോളം അശ്രദ്ധയോടെ ഇരിക്കുന്നതില്‍ എനിക്ക് ദുരൂഹതയൊന്നും തോന്നുന്നില്ല.
ആദ്യ രണ്ട് കൂടിക്കാഴ്ചകള്‍ക്ക് ശേഷം അവളെ ഞാന്‍ കണ്ടില്ല. കാരണം മാതാപിതാക്കള്‍ അവളെ ആ സ്കൂളില്‍ നിന്നും മാറ്റി. ഞാന്‍ എത്ര ശ്രമിച്ചിട്ടും ഒറ്റയ്ക്കോ കുടുംബമായോ ഉള്ള കൂടിക്കാഴ്ചകള്‍ക്ക് അവര്‍ പിന്നെ വന്നില്ല. അവരെ സംബന്ധിച്ചിടത്തോളം സ്കൂള്‍ ആണല്ലോ പ്രശ്നം, അവരല്ലല്ലോ. എന്‍റെ മനസില്‍ പല ചോദ്യങ്ങളും അവശേഷിച്ചു. ചിലതൊക്കെ ഞാനിവിടെ പറയുകയാണ്.
ആദ്യ രണ്ട് കൂടിക്കാഴ്ചകള്‍ക്ക് ശേഷം അവളെ ഞാന്‍ കണ്ടില്ല. കാരണം മാതാപിതാക്കള്‍ അവളെ ആ സ്കൂളില്‍ നിന്നും മാറ്റി. ഞാന്‍ എത്ര ശ്രമിച്ചിട്ടും ഒറ്റയ്ക്കോ കുടുംബമായോ ഉള്ള കൂടിക്കാഴ്ചകള്‍ക്ക് അവര്‍ പിന്നെ വന്നില്ല. അവരെ സംബന്ധിച്ചിടത്തോളം സ്കൂള്‍ ആണല്ലോ പ്രശ്നം, അവരല്ലല്ലോ. എന്‍റെ മനസില്‍ പല ചോദ്യങ്ങളും അവശേഷിച്ചു. ചിലതൊക്കെ ഞാനിവിടെ പറയുകയാണ്.
അമ്മ തന്‍റെ സ്വന്തം പ്രശ്നങ്ങള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും നേരിടുകയുമാണ് ചെയ്തിരുന്നതെങ്കില്‍ ഈ സാഹചര്യത്തില്‍ ഏന്ത് മാറ്റം ഉണ്ടാകുമായിരുന്നു? ഞാന്‍ ഒരിക്കലും അമ്മയുടെ നിരാശകള്‍ക്ക് അവരെ കുറ്റപ്പെടുത്തുന്നില്ല. തീര്‍ച്ചയായും അവ ന്യായമാണ്. പക്ഷെ നേരിടാന്‍ അവര്‍ ശ്രമിച്ചിരുന്നു എങ്കില്‍ അവ കുട്ടിയുടെ മേല്‍ ചൊരിയാന്‍ അവര്‍ നിര്‍ബന്ധിതയാകില്ലായിരുന്നു. അവയെ നേരിടുക എന്നതിന്‍റെ ആദ്യ പടി അവയെ തിരിച്ചറിയുകയും അംഗീകരിക്കുകയും വകവെയ്ക്കുകയും അങ്ങനെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാക്കുകയും ചെയ്യുക എന്നതാണ്.
വ്യക്തിപരമായ നിരാശകള്‍ ഇത്തരത്തില്‍ കുട്ടിയുടെ മേല്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ അവളുടെ മാനസികാരോഗ്യത്തേയും സൗഖ്യത്തേയും അത് എങ്ങനെ ബാധിച്ചിരിക്കും? വിവരങ്ങള്‍ എന്‍റെ കയ്യില്‍ ഇല്ലാത്തതുകൊണ്ട് എനിക്ക് ഊഹിക്കാനേ കഴിയു. മുതിരുമ്പോള്‍ അവള്‍ വളരെ ആത്മാഭിമാനം കുറഞ്ഞ ഒരു വ്യക്തിയായി തീര്‍ന്നേക്കും. ഇതു വ്യക്തിപരമായ മേഖലയിലും തൊഴില്‍ രംഗത്തും അവളുടെ ഭാവി ബന്ധങ്ങളെ ബാധിക്കും. ജീവിതത്തില്‍ മറ്റ് ബന്ധങ്ങളിലൊന്നും അവള്‍ക്ക് വിശ്വാസം അര്‍പ്പിക്കാന്‍ കഴിയുകയില്ല. സുരക്ഷിത മേഖലയില്‍ നിന്ന് പുറത്ത് കടക്കണമെങ്കില്‍ ഒരു സുരക്ഷാ കവചം വേണം, ഇതില്ലാത്തതുകൊണ്ട് അവള്‍ക്ക് തന്‍റെ സാധ്യതകള്‍ സാക്ഷാത്ക്കരിക്കാന്‍ ആകുകയില്ല. മുതിരുമ്പോള്‍ അവള്‍ അമിത ഉത്കണ്ഠയുള്ള വ്യക്തിയായിത്തീര്‍ന്നേക്കാം. ഇതിലൊക്കെ കഷ്ടം, മറ്റൊരു തരത്തിലുള്ള രക്ഷാകര്‍തൃത്തവും അനുഭവിച്ചിട്ടില്ലാത്തതുകൊണ്ട് സ്വന്തം കുട്ടികളില്‍ തന്‍റെ നിരാശകള്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ അവള്‍ ഈ പരമ്പര മുന്നോട്ട് കൊണ്ടുപോകും.
ഒരു പക്ഷെ ആ അമ്മയും താന്‍ വളര്‍ന്നപ്പോളുള്ള അനുഭവം ആവര്‍ത്തിക്കുകയായിരുന്നിരിക്കും. നമ്മള്‍ എത്ര നേരത്തേ ഈ ശൃംഖല തിരിച്ചറിഞ്ഞ് അതിന്‍റെ കണ്ണി പൊട്ടിക്കുന്നുവോ അത്രയും നേരത്തേ നമ്മുടെ കുട്ടികളുടെ സൗഖ്യം നമുക്ക് തിരിച്ചെടുക്കാനാകും. നമ്മുടെ കുട്ടികളുടെ മാനസികാരോഗ്യത്തിന് വേണ്ടി നമുക്ക് കടിഞ്ഞാണ്‍ സ്വന്തം കയ്യിലെടുത്ത് നമ്മുടെ നിരാശകളെ നേരിടാം. നമുക്ക് വേണ്ടി അല്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് വേണ്ടിയെങ്കിലും. നമുക്ക് നിരാശ തോന്നാല്‍ പാടില്ലെന്നോ അങ്ങനെ തോന്നുന്നത് തെറ്റാണെന്നോ അല്ല, വിവിധ സാഹചര്യങ്ങളില്‍ നിരാശ അനുഭവപ്പെടുന്നത് സാധാരണവും സ്വാഭാവികവുമാണ്. പക്ഷെ ആ നിരാശയെക്കുറിച്ചും അതു നമ്മെ എന്തിലേക്ക് നയിക്കുന്നു എന്നതിനെക്കുറിച്ചും ബോധം ഉണ്ടായിരിക്കുന്നത് വേണ്ടി വന്നാല്‍ അതിന് കടിഞ്ഞാണിടാന്‍ നമ്മളെ സഹായിക്കും.
ഞാന്‍ പറഞ്ഞിരിക്കുന്ന ഉദാഹരണം കുറച്ച് അസാധാരണമായതാണെന്ന് തോന്നിയേക്കാം. നമ്മുടെ സാഹചര്യവുമായി ബന്ധമില്ലാത്തതുകൊണ്ട് അത് ശ്രദ്ധിക്കേണ്ടതില്ലെന്ന് നമ്മള്‍ വിചാരിച്ചേക്കാം. അതേ,അത് അസാധാരണമാണ്, അതുകൊണ്ടുതന്നെയാണ് ഞാനത് ഓര്‍ത്തുകൊണ്ടിരിക്കുന്നത്. പക്ഷെ ചിലപ്പോള്‍ ചിലതൊക്കെ ശ്രദ്ധിക്കാന്‍ നമുക്ക് 'അസാധാരണ'ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്. ഇതിലും ലഘുവായ രൂപങ്ങളിലും നിരാശകള്‍ കാണപ്പെടാം- അടുത്തിടയ്ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ട്, കൗമാരക്കാരായ രണ്ട് കുട്ടികളെ വളര്‍ത്താനായി പിടിച്ചു നില്‍ക്കേണ്ടി വരുന്ന ഒരു സ്ത്രീ; അച്ഛന്‍ വിദേശത്തായിരിക്കുമ്പോള്‍ അഞ്ചുകുട്ടികളെ ഒരുപോലെ ശ്രദ്ധിക്കേണ്ടി വരുന്ന ഒരമ്മ; ഭര്‍ത്താവിന്‍റെ കുട്ടി പഠനത്തില്‍ മികവ് പുലര്‍ത്തുന്നു എന്ന് ഉറപ്പാക്കി വിവാഹ ബന്ധത്തിലെ തന്‍റെ വില സ്ഥാപിക്കേണ്ടി വരുന്ന ഒരു രണ്ടാനമ്മ; ഏറ്റവും ഇളയ കുട്ടിയും കൂടുവിട്ട് പറക്കാന്‍ ഒരുങ്ങുമ്പോള്‍ തന്‍റെ നിയന്ത്രണവും അതുവഴി തന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യവും നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്ന വീട്ടമ്മ; ഇങ്ങനെ ആരുമാകാം, എന്തുമാകാം. നിരാശകള്‍ പല രൂപത്തിലും വരുന്നു. നമ്മള്‍ അവയെ തിരിച്ചറിയുകയും അംഗീകരിക്കുകയും അവ നമ്മുടേതെന്ന് സമ്മതിക്കുകയും വേണം. നമ്മുടെ കുട്ടികളെ നമുക്ക് ഇതില്‍ നിന്നും മാറ്റി നിര്‍ത്താം.
മൗലിക ശര്‍മ്മ, മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നതിനായി തന്‍റെ കോര്‍പ്പറേറ്റ് കരിയര്‍ ഉപേക്ഷിച്ച, ബാഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൗണ്‍സിലറാണ്. തൊഴിലാളികളുടെ ക്ഷേമത്തിനും സൗഖ്യത്തിനുമായി പ്രവര്‍ത്തിക്കുന്ന ഒരു ആഗോള സ്ഥാപനമായ വര്‍ക്ക് പ്ലേയ്സ് ഓപ്ഷന്‍സിനൊപ്പം പ്രവര്‍ത്തിക്കുന്ന മൗലിക ബാംഗ്ലൂരിലെ റീച്ച് ക്ലിനിക്കിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഈ കോളത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ സംശയങ്ങളോ അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എഴുതേണ്ട വിലാസം- columns@whiteswanfoundation.org. ഉത്തരങ്ങള്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഈ കോളത്തോടൊപ്പം ഉണ്ടായിരിക്കുന്നതാണ്.