ബാല്യകാലം

കുട്ടികളില്‍ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താന്‍ മാതാപിതാക്കളെന്ന നിലയ്ക്ക് നിങ്ങള്‍ ഓര്‍ക്കാറുണ്ടോ?

മൗലിക ശര്‍മ്മ

അടുത്തകാലത്ത് ആരോ പറയുന്നത് ഞാന്‍ കേട്ടു, " എപ്പോഴും നിധി കുഴിച്ചെടുക്കാന്‍ നോക്കുക, അഴുക്കല്ല". എത്ര ലളിതമായ ആശയം. എന്നാല്‍ അതനുസരിച്ച് ജീവിക്കാന്‍ എത്ര ബുദ്ധിമുട്ടാണ്. ഈ ചിന്ത എന്നില്‍ പ്രതിധ്വനികള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഈ മൂല്യം പാലിക്കാത്തതിനാല്‍ വിനാശകരമായ ഭവിഷ്യത്തുകള്‍ ഉണ്ടായ സംഭവങ്ങളുടെ ഓര്‍മ്മകള്‍ ഇരച്ചു വന്നു. 

കൗണ്‍സിലിംഗിന് വരുന്ന കുട്ടികളിലും കൗമാരക്കാരിലും മുക്കാലോളം പേരിലേയും പ്രശ്നം ആത്മാഭിമാനക്കുറവും അതുകൊണ്ട് ഉണ്ടാകുന്ന മറ്റ് പ്രശ്നങ്ങളുമാണെന്ന് പറഞ്ഞാല്‍ തെറ്റുണ്ടാകില്ല, അവര്‍ അവതരിപ്പിക്കുന്ന പ്രശ്നങ്ങള്‍ വ്യത്യസ്തമാണെങ്കിലും. അവരെപ്പോഴും സ്വയം പറയുന്നത് "ഞാന്‍ ഒന്നിനും കൊള്ളില്ല", " എനിക്ക് വേണ്ടത്ര മിടുക്കില്ല", "ഞാന്‍ കാണാന്‍ കൊള്ളില്ല"      "ഞാന്‍ പരീക്ഷ നന്നായി ചെയ്തില്ല, പിന്നെയെന്തിന് ആരെങ്കിലും എന്നോട് കൂട്ടുകൂടണം?" "ആരും എന്നോട് മിണ്ടുന്നില്ല", "എനിക്ക് ചോദ്യം ചോദിക്കാന്‍ കഴിയുന്നില്ല, കാരണം ടീച്ചര്‍ എന്നെ വഴക്കു പറയുകയും അപ്പോള്‍ മറ്റുള്ളവര്‍ ചിരിക്കുകയും ചെയ്തേക്കും." "എനിക്ക് സ്റ്റേജില്‍ കയറാന്‍ പേടിയാണ്- എല്ലാവരും എന്നെ നോക്കി ചിരിക്കും" എന്നും മറ്റുമാണ്.
 
ആത്മാഭിമാനത്തില്‍ പ്രതിഫലിക്കുന്നത് ഒരാള്‍ക്ക് അവന്‍റെ/അവളുടെ സ്വന്തം മൂല്യത്തെക്കുറിച്ചുള്ള ആകമാന വ്യക്തിയധിഷ്ഠിത വൈകാരിക വിലയിരുത്തലാണ്. അത് അവനവനെക്കുറിച്ചുള്ള വിധിനിര്‍ണയവും അവനവനോടുള്ള ഒരു നിലപാടുമാണ്. മുമ്പേ പറഞ്ഞതുപോലുള്ള പ്രസ്താവനകള്‍ ആത്മാഭിമാനക്കുറവിന്‍റെ ലക്ഷണങ്ങളാണ്. ഈ കുട്ടികള്‍ ജനിച്ചപ്പോള്‍ ഇങ്ങനെയായിരുന്നില്ലായെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്.
നമ്മുടെ അലക്ഷ്യമായ, വേദനിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ കൊണ്ടും ആവശ്യമില്ലാത്ത വിധികല്‍പ്പിക്കല്‍കൊണ്ടും നമ്മള്‍, അവരുടെ മാതാപിതാക്കളും ജീവതത്തിലെ മറ്റ് മുതിര്‍ന്നവരും, അവരെ ഇങ്ങനെയാക്കിയതാണ്. അവരെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കാനുള്ള സദുദ്ദേശപരമായ പരിശ്രമത്തില്‍ നമ്മള്‍ ചിലപ്പോള്‍ അവരുടെ കുതിപ്പ് തടയുകയാണ് ചെയ്യുന്നത്. 

നമ്മള്‍ എന്ത് പറയുന്നു, എങ്ങനെ പറയുന്നു എന്നതില്‍ അതീവ ശ്രദ്ധ കാണിക്കാന്‍ ഓര്‍ക്കേണ്ടതാണ്. നമ്മള്‍ വളരെ അലക്ഷ്യമായി രണ്ടാമതൊന്ന് ചിന്തിക്കാതെ. നമ്മുടെ കുട്ടിയെ മണ്ടന്‍, പൊട്ടന്‍, മന്ദന്‍, കഴിവുകെട്ടവന്‍ എന്നൊക്കെ വിളിച്ചെന്നിരിക്കും. ചിലപ്പോള്‍ തോറ്റുതൊപ്പിയിട്ടവനെന്നു പോലും.    പക്ഷെ വാസ്തവത്തില്‍ അവന്‍/അവള്‍ താന്‍ മേല്‍പറഞ്ഞ കാര്യങ്ങളാണെന്ന് വിശ്വസിച്ച് വളരണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നുണ്ടോ?
ഒരു പ്രൈമറി ക്ലാസ് കുട്ടിയുടെ മാതാപിതാക്കള്‍ കുറച്ചുനാള്‍ മുമ്പ് എന്‍റെ അടുത്ത് സഹായം തേടിയെത്തി. അടുത്തകാലത്ത് നടന്ന അദ്ധ്യാപക-രക്ഷകര്‍ത്താ യോഗത്തില്‍ ഒരു ടീച്ചര്‍ ഈ കുട്ടിക്കുള്ള നിരവധി 'പ്രശ്ങ്ങള്‍' ചൂണ്ടിക്കാണിക്കുകയും സ്കൂള്‍ കൗണ്‍സിലറെ കാണാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അവര്‍ വളരെ ഉത്കണ്ഠാകുലരായിരുന്നു. ഞാനുമായുള്ള കൂടിക്കാഴ്ചയില്‍ തങ്ങള്‍ നിസ്സഹായരാണെന്നും മകനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. അവരുപയോഗിച്ച വാക്കുകള്‍ എന്നെ ഞെട്ടിച്ചു. കാരണം എന്‍റെ നിഘണ്ടുവില്‍ നിങ്ങള്‍ 'കൈകാര്യം'ചെയ്യുന്നത് ഒരു 'പ്രശ്ന'ത്തെയാണ്. ഒരു കുട്ടി ഒരു 'പ്രശ്നമല്ല'.
നിങ്ങളുടെ കുട്ടിയെ നിങ്ങള്‍ ഒരു പ്രശ്നമായി കാണുകയാണെങ്കില്‍ നിങ്ങള്‍ പറയുന്നതിലും ചെയ്യുന്നതിലുമെല്ലാം ആ നിലപാട് പ്രതിഫലിക്കും. വൈകാതെ നിങ്ങളുടെ കുട്ടി അവന്‍/അവള്‍ ഒരു പ്രശ്നം തന്നെയാണെന്ന് വിശ്വസിച്ചു തുടങ്ങും. കുട്ടിയുടെ കഴിവുകളായി എന്താണ് കണ്ടിട്ടുള്ളതെന്ന് ഈ മാതാപിതാക്കളോട് കൂടിക്കാഴ്ചയുടെ വിവിധ ഘട്ടങ്ങളില്‍ വിവിധ രീതിയില്‍ ചോദിച്ച് നോക്കിയെങ്കിലും രണ്ടുപേര്‍ക്കും എന്നും എടുത്തുപറയാന്‍ കഴിഞ്ഞില്ല, ഇതില്‍ അത്ഭുതപ്പെടാനും ഇല്ല. 
എന്‍റെ കാഴ്ചപ്പാടില്‍ അതായിരുന്നു 'കൈകാര്യം' ചെയ്യേണ്ടിയിരുന്ന 'പ്രശ്നം'. കുട്ടിയല്ല. പല കുട്ടികളും തങ്ങളില്‍ വ്യത്യസ്തവും പ്രത്യേകവുമായി ഒന്നുമില്ലെന്ന് വിശ്വസിച്ച് വളരുന്നതില്‍ അത്ഭുതപ്പെടാനില്ല. കാരണം ഈ മാതാപിതാക്കള്‍ അവരുടെ നിലപാടിലും പെരുമാറ്റത്തിലും വ്യത്യസ്തരായിരുന്നില്ല. ഒരു മാനദണ്ഡം കൊണ്ടും അവര്‍ അസാധാരണരായിരുന്നില്ല! 

ഒരു കുട്ടിയെ മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും മറ്റു മുതിര്‍ന്ന വരുടേയും കണ്ണില്‍ 'ദൃശ്യ'മാക്കുക എന്നത് വളരെ പ്രധാനമാണ്. പക്ഷെ അവര്‍ നല്ലത് ചെയ്ത് നല്ലവരായിരിക്കുമ്പോള്‍ ദൃശ്യമാക്കുക, ചീത്തകാര്യം ചെയ്ത് ചീത്തയായിരിക്കുമ്പോഴല്ല, എന്നതു കുട്ടിയുടെ മാനസിക ഘടനയില്‍ വലിയ ഗുണം ചെയ്യും. എല്ലാ മാതാപിതാക്കള്‍ക്കും കുട്ടിയുടെ ജീവിതത്തിലെ മറ്റ് മുതിര്‍ന്നവര്‍ക്കും സൗജന്യമായി കിട്ടുന്ന ഒരു  ശക്തിമത്തായ ഉപകരണമാണ് ഇത്. കണ്ണും കാതും തുറന്ന് വെയ്ക്കുക മാത്രം  ചെയ്താല്‍ മുതിര്‍ന്നവര്‍ക്ക് കുട്ടികളില്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ കഴിയും- നല്ലവാക്ക് ചെവിക്കൊള്ളുക, വൃത്തിയായി ചെയ്യുന്ന പ്രവര്‍ത്തികള്‍ ശ്രദ്ധിക്കുക, പെരുമാറ്റം നല്ലതാണോയെന്ന് നിരീക്ഷിക്കുക, ഈ പരിശ്രമങ്ങളെല്ലാം അംഗീകരിക്കുക എന്നിവയിലൂടെ.

അപ്പോള്‍ നിങ്ങള്‍ക്ക് ഇതല്ല ചെയ്ത് പരിചയമെങ്കില്‍, എങ്ങനെയാണ് തുടങ്ങേണ്ടത്? എല്ലാ ദിവസവും നിങ്ങളുടെ കുട്ടിയില്‍ ഒരു നല്ല കാര്യമെങ്കിലും നിങ്ങള്‍ ശ്രദ്ധിച്ച് അംഗീകരിച്ചു എന്ന് ഉറപ്പു വരുത്തുന്നത് ഈ ദിശയിലുള്ള ഒരു നല്ല പരിശ്രമമായിരിക്കും. എല്ലാ ദിവസവും എന്നത് ആദ്യമാദ്യം ഒരു പ്രയാസമായി തോന്നുകയാണെങ്കില്‍ തുടക്കത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ ആകുക.

നിങ്ങള്‍ എത്ര അപൂര്‍വമായാണ് നിങ്ങളുടെ കുട്ടികളുടെ പരിശ്രമങ്ങളെ അഭിനന്ദിച്ചത് എന്ന് മനസിലാക്കുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. വാസ്തവത്തില്‍ ചില കുട്ടികള്‍ക്ക് ഒരു പക്ഷെ ഒരിക്കലും അവരുടെ മാതാപിതാക്കളില്‍ നിന്ന് പ്രശംസ ലഭിച്ചിട്ടുണ്ടാകില്ല. എന്നാല്‍ ഈ അവഗണന എല്ലായ്പ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. തെറ്റായ കാര്യങ്ങള്‍ കാണാന്‍ നമ്മള്‍ അമിതജാഗ്രത കാണിക്കുന്നു. എന്നാല്‍ അഭിനന്ദിക്കപ്പെടേണ്ട കാര്യങ്ങളെ സാധാരണം എന്ന മട്ടില്‍ അവഗണിച്ച് കളയുകയും ചെയ്യുന്നു.

കുഞ്ഞുങ്ങള്‍ക്കുള്ളിലെ കഴിവുകളുടെ, സാധ്യതകളുടെ സ്വര്‍ണം കുഴിച്ചെടുക്കാന്‍ ഓര്‍ക്കുക. അത് എന്നും ചെയ്ത് ഒരു ശീലമാക്കുക. എന്നിട്ട് ആ സ്വര്‍ണം തേച്ചു മിനുക്കി കൂടുതല്‍ തിളക്കമുള്ളതാക്കുക. അല്ലാതെ അഴുക്ക് തുടച്ചെടുക്കുക മാത്രം ചെയ്ത് അപ്പോള്‍ ഉണ്ടായ വൃത്തികേട് 'കൈകാര്യം' ചെയ്യുകയല്ല വേണ്ടത്.
White Swan Foundation
malayalam.whiteswanfoundation.org