ബാല്യകാലം

നിങ്ങളുടെ കുട്ടിയുടെ ആത്മബോധം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുവാന്‍ നിങ്ങൾക്ക് കഴിയുമോ?

ഡോ ഗരിമ ശ്രീവാസ്തവ

ഏറ്റവും ലളിതമായ സംജ്ഞകളിൽ പറഞ്ഞാൽ, ഒരാൾക്ക് തന്നെ കുറിച്ചു തന്നെയുള്ള അറിവാണ് ആത്മബോധം അഥവാ അഹംബോധം. സാധാരണമായി  പരസ്പരം മാറ്റി ഉപയോഗിക്കുന്ന രണ്ടു മനഃശാസ്ത്രവിഷയകമായ സംജ്ഞകളാണ് ആത്മബോധവും (self-concept) ആത്മാഭിമാനവും (self-esteem), പക്ഷേ, ഈ സംജ്ഞകളുടെ അർത്ഥങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. ആത്മാഭിമാനം എന്ന സംജ്ഞ പരാമർശിക്കുന്നത് നിങ്ങൾക്ക് നിങ്ങളെ കുറിച്ച് അറിയാവുന്ന എന്തോ ഒന്നിനും അപ്പുറം നിങ്ങളോടു തന്നെയുള്ള നിങ്ങളുടെ മനോഭാവമാണ്. നമ്മൾ നമ്മളെ തന്നെ എത്രത്തോളം ഇഷ്ടപ്പെടുന്നു, സ്വീകരിക്കുന്നു, അല്ലെങ്കില്‍   അംഗീകരിക്കുന്നു, അതുമല്ലെങ്കിൽ നമ്മൾ നമ്മളെ തന്നെ എത്രത്തോളം വിലമതിക്കുന്നു എന്നതാണ്. ആത്മാഭിമാനത്തിൽ എല്ലായ്‌പ്പോഴും ഒരു പരിധി വരെ മൂല്യനിർണ്ണയം കൂടി ഉൾപ്പെട്ടിട്ടുണ്ട്, നമുക്ക് നമ്മളെ കുറിച്ചു തന്നെ ഒരു ശുഭാത്മകമോ നിഷേധാത്മകമോ ആയ കാഴ്ച്ചപ്പാട് ഉണ്ടായെന്നും വരാം. ഇത് നിങ്ങളുടെ അവസ്ഥയേയും, ഈയിടെയായി എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നുള്ളതിനേയും, നിങ്ങളുടെ ചുറ്റുപാടുകളില്‍  നിന്നും നിങ്ങൾക്കു ചുറ്റുമുള്ള ആൾക്കാരിൽ നിന്നും നിങ്ങൾക്ക് ഈയടുത്തയിടയ്ക്ക് ലഭിച്ചിട്ടുള്ള പ്രതികരണങ്ങൾ എന്തെല്ലാമാണ്, എന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്. ഒരു ശുഭാത്മകമായ ആത്മബോധം സ്വായത്തമാക്കുക എന്ന പ്രക്രിയ ജനനാൽ തന്നെ ആരംഭിക്കുന്നു, തങ്ങളുടെ കുഞ്ഞുങ്ങളുടെ പെരുമാറ്റത്തിന് മാതാപിതാക്കളോ അവരെ പരിചരിക്കുന്ന മറ്റുള്ളവരോ വാചികമോ വാചികമല്ലാത്തതോ ആയ പ്രതികരണം നൽകി തുടങ്ങുമ്പോൾ തന്നെ, അവ ആരംഭിക്കുന്നു. അവരെ കൂടാതെ അവരുടെ ചുറ്റുപാടിലും സമൂഹത്തിലും ഉള്ള മറ്റ് ആളുകളും അവരുടെ ആത്മബോധം വളർത്തുന്നതിലേക്ക് സംഭാവന നൽകുന്നുണ്ട്.

ഒരു മാതാവോ പിതാവോ എന്ന നിലയ്ക്ക്, നിങ്ങളുടെ കുട്ടിയുടെ ആത്മബോധത്തിൽ ഒരു ശുഭാത്മക പ്രഭാവം ചെലുത്തുന്നതിന് നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ കുട്ടിയുടെ നേർക്ക് നിങ്ങളുടെ വിധിക്കാത്ത മനോഭാവവും നിരുപാധിക അംഗീകാരവും തികച്ചും ആവശ്യമാണ്. തങ്ങളുടെ സ്വഭാവം, തങ്ങൾ പുറമേക്കു കാണപ്പെടുന്ന വിധം, അല്ലെങ്കിൽ തങ്ങളുടെ കഴിവുകൾ എന്നതിനെല്ലാം അപ്പുറം, തങ്ങൾ എന്തു തരം ആളുകളാണോ, അത് അതേ രീതിയിൽ തന്നെ അംഗീകരിക്കപ്പെടുന്നുണ്ട് എന്ന തോന്നൽ അനുഭവപ്പെടുന്നതിന് ഇത് അവരെ സഹായിക്കും.

നിങ്ങളുടെ കുട്ടിയിൽ ഒരു ശുഭാത്മക ആത്മബോധം വളർത്തി എടുക്കുന്നതിന് സഹായകമാകുന്ന ചില മാർഗ്ഗങ്ങളുണ്ട്:

പ്രതികരണം: തങ്ങളുടെ കുട്ടികൾ ചെയ്യുകയോ പറയുകയോ ചെയ്യുന്ന വിവിധ  കാര്യങ്ങൾക്കും പെരുമാറുന്ന വിധത്തിനും മിയ്ക്കവാറും മാതാപിതാക്കളും അവർക്ക് പ്രതികരണം നൽകി വരാറുണ്ട്, പക്ഷേ മിയ്ക്കവാറും തവണകളിലും പ്രതികരണം ശുഭാത്മകമാകുന്നതിനു പകരം നിഷേധാത്മകം ആയി ഭവിക്കുകയാണ് പതിവ്, അതിൽ ധാരാളം "പരിശോധനകളും"   "തിരുത്തലുകളും" ഉൾപ്പെടുകയും ചെയ്യുന്നു. "എങ്ങനെയാണ് എനിക്ക് രചനാത്മകമായ രീതിയിൽ തിരുത്തലുകൾ വരുത്തുവാൻ കഴിയുക?" എന്ന് ഒരു മാതാവോ പിതാവോ എന്ന നിലയിൽ നിങ്ങൾ മിയ്ക്കവാറും ചോദിച്ചെന്നു വരാം. ഓരോ കുട്ടിയും തന്‍റേതായ വിധത്തിൽ അനുപമമാണ്, വളർച്ചയുടെ പ്രക്രിയയിൽ മുമ്പേ തന്നെ ഒരു ആത്മബോധം കുട്ടിക്ക് ഉണ്ടായിരിക്കും താനും. അതിനാൽ  തിരുത്തൽ കുട്ടി എങ്ങനെ സ്വീകരിക്കും എന്ന് നിങ്ങൾക്ക് ഉറപ്പു നൽകുവാൻ കഴിയില്ല. വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നതു പ്രകാരം, നിങ്ങൾ ഒരു തിരുത്തൽ നടത്തുമ്പോൾ, ഒരു സമതുലിതാവസ്ഥ പാലിക്കുന്നതിനു വേണ്ടി, പ്രതികരണത്തിൽ  75 ശതമാനമെങ്കിലും ശുഭാത്മക അഭിപ്രായങ്ങൾ കൂടി ഉൾക്കൊള്ളിച്ചിരിക്കണം. 50/50 ശുഭാത്മക അഭിപ്രായങ്ങൾ-വിമർശനങ്ങൾ എന്ന വിഭജനം പ്രാവർത്തികമാകില്ല. മാതാപിതാക്കൾ ഒരു 75/25 അനുപാതത്തിലുള്ള സമതുലിതാവസ്ഥ ഉപയോഗിക്കാത്തിടത്തോളം, കുട്ടികൾക്ക് തങ്ങൾ അയോഗ്യരാണെന്ന് തോന്നും എന്ന് കുട്ടികളുമായി ബന്ധപ്പെട്ടു നടത്തിയ ഗവേഷണങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

ഉദാഹരണത്തിന്, ഒരു അവധിദിന ഗൃഹപാഠം സംബന്ധിച്ച് ഒരു പ്രതികരണം നിങ്ങൾ കുട്ടിക്ക് നൽകുമ്പോൾ, ഒരു രചനാത്മകമായ [75/25] തുലനം താഴെ പറയും വിധം ആയേക്കാം: "ഈ അവധിദിന ഗൃഹപാഠ റെക്കോഡ് ബുക്കിൽ  നീ നല്ല ഒന്നാന്തരം ജോലി  ചെയ്തിട്ടുണ്ടല്ലോ. നിന്‍റെ കൈയ്യക്ഷരം വൃത്തിയുള്ളതാണ്, നീ നിന്‍റെ പതിവുള്ള ദിനചര്യ രേഖപ്പെടുത്തിയിട്ടുണ്ട്, നിന്‍റെ കഥ മാർഗ്ഗനിർദ്ദേശക രേഖകൾ പിന്തുടരുന്നുമുണ്ട്. എങ്കിലും നീ നിന്‍റെ അവധിക്കാലത്തെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലല്ലോ. അതിനെ കുറിച്ചു കൂടി എഴുതുന്നത് ഒരു ഗംഭീരമായ ആശയം ആയിരിക്കും, അപ്പോൾ നിന്‍റെ റെക്കോഡ് ബുക്ക് പൂർണ്ണമായിരിക്കും, നിന്‍റെ ടീച്ചർ വായിക്കുമ്പോൾ അത് കൂടുതൽ മെച്ചപ്പെട്ടതാണ് എന്നു തോന്നുകയും ചെയ്യും."

അംഗീകാരം പ്രകടിപ്പിക്കലും വിധിക്കാത്ത മനോഭാവവും: നിങ്ങളുടെ കുട്ടിയുമായി പലേ അവസ്ഥകളിലും നിങ്ങൾ സംവദിക്കുമ്പോൾ, അങ്ങേയറ്റം തരം പരിധിവിട്ട പെരുമാറ്റങ്ങളുടെ നേർക്കു പോലും നിഷ്പക്ഷത പ്രദർശിപ്പിക്കുന്നതു വഴി നിങ്ങൾക്ക് അവരുടെ ആത്മവിശ്വാസത്തിന്‍റേയും ആത്മയോഗ്യതയുടേയും ബോധങ്ങൾ വർദ്ധിപ്പിക്കുന്നതിനു കഴിയും. ഉദാഹരണത്തിന്, കുട്ടി ഒരു അനുഭവമോ, ഒരു തോന്നലോ, ഒരു ചിന്തയോ പങ്കു വയ്ക്കുമ്പോൾ, മാതാവോ പിതാവോ അത് ആ നിമിഷം ആ വ്യക്തിയുടെ ശരിയായ പ്രകടിപ്പിക്കൽ ആയി അംഗീകരിക്കണം. ഉദാഹരണത്തിന്, താൻ തയ്യാറെടുത്തുകൊണ്ടിരുന്ന ഒരു പ്രവേശന പരീക്ഷ കടന്നുകൂടാൻ പറ്റിയില്ല എന്ന് ഒരു കുട്ടി പറയുമ്പോൾ, "അതു നീ ആവശ്യത്തിനു കഠിനപരിശ്രമം നടത്താത്തതു കൊണ്ടാണ്" എന്ന് പറഞ്ഞുകൊണ്ടോ അല്ലെങ്കിൽ "നിനക്കു പരീക്ഷ കടന്നുകൂടാൻ കഴിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു" എന്നോ പറഞ്ഞുകൊണ്ടോ അവരെ ആക്രമിക്കരുത്. അതിനു പകരം "ചിലപ്പോഴൊക്കെ പരാജയപ്പെടുന്നത് കുഴപ്പമില്ല, നീ നിന്‍റെ പരമാവധി ശ്രമിച്ചു എന്നതാണ് അതിലും കൂടുതൽ പ്രധാനം," എന്നോ "നിന്‍റെ നിരാശ എനിക്കു മനസ്സിലാകും, പക്ഷേ നിനക്ക് പരിശ്രമിക്കുന്നതിന് എല്ലായ്‌പ്പോഴും രണ്ടാമതൊരു അവസരം കൂടി ഉണ്ട് എന്ന് ഓർമ്മിക്കുക," എന്നോ പറഞ്ഞുകൊണ്ട് നിങ്ങൾക്ക് കുട്ടിക്ക് ഒരു ശുഭാത്മക പ്രതികരണം നൽകാവുന്നതാണ്.

ഉദാഹരണത്തിന് ബസ് കടന്നു പോയതുകൊണ്ട് വീട്ടിൽ സമയത്തിന് എത്തുവാൻ കഴിഞ്ഞില്ല എന്ന് ഒരു കുട്ടി പറയുമ്പോൾ, "നീ നുണ പറയുകയാണ്. അതു ശരിയല്ല - നീ നിന്‍റെ കൂട്ടുകാർക്കൊപ്പം ആയിരുന്നിരിക്കണം. സമയം നോക്കുവാൻ നീ മറന്നു പോയി" എന്നു പറഞ്ഞുകൊണ്ട് അവനേയോ അവളേയോ വിശ്വസിക്കാതിരിക്കരുത്. ഇതിനു പകരം, " ശരി, നിനക്ക് ബുദ്ധിമുട്ടൊന്നും വന്നു കാണില്ലെന്നു കരുതുന്നു, അടുത്ത പ്രാവശ്യം സ്‌കൂൾ ബസ്സ് കടന്നുപോകാതിരിക്കാൻ നീ കൂടുതൽ ശ്രദ്ധ വയ്ക്കണം, അപ്പോൾ നിനക്ക് സമയത്ത് സുരക്ഷിതമായി വീട്ടിലെത്താമല്ലോ," എന്നു പറഞ്ഞ് അവരെ വിധിക്കാത്ത തരം ഒരു ശുഭാത്മക സമീപനം സ്വീകരിക്കുക.

ഉത്സാഹത്തോടയുള്ള ശ്രദ്ധിക്കൽ: ഒരു മാതാവോ പിതാവോ എന്ന നിലയ്ക്ക്, നിങ്ങളുടെ കുട്ടികൾക്ക് സംസാരിക്കുന്നതിനുള്ള അവസരം നൽകുന്നു എന്നതു മാത്രമല്ല പ്രധാനം,  അവരെ ശ്രദ്ധാപൂർവ്വം കേൾക്കുകയും കൂടി വേണം, അവർ പറയുന്നത് കേൾക്കുന്നുണ്ട് എന്ന് അവർക്ക് തോന്നുകയും വേണം എന്നതും പ്രധാനമത്രേ. നിങ്ങള്‍ ഒരു മുതിർന്ന വ്യക്തിയോടു സംസാരിക്കുകയും അവർ പറയുന്നത് ശ്രദ്ധിക്കുകയും എങ്ങനെയാണോ ചെയ്യുന്നത്, അതേ വിധത്തിൽ തന്നെ നിങ്ങൾ കുട്ടികളോടും സംസാരിക്കുകയും അവരെ ശ്രദ്ധിക്കുകയും ചെയ്യണം. വെറുതെ അങ്ങു കേൾക്കുക മാത്രം ചെയ്താൽ പോരാ, നിങ്ങളുടെ കുട്ടിയെ ഉത്സാഹത്തോട തന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത് വാച്യേതരമായ ശരീരഭാഷ, ( ഉദാഹരണത്തിന് പരസ്പരം കണ്ണിൽ നോക്കുന്നത്, നിങ്ങളുടെ തലയാട്ടുന്നത് തുടങ്ങിയവ കൂടി) ഉൾപ്പെട്ടതുമായിരിക്കണം. അവർ പറയുന്നത് അംഗീകരിക്കുന്നതു വഴി അവരിൽ സ്വാഭിമാനത്തിന്‍റേയും ആത്മവിശ്വാസത്തിന്‍റേയും ഒരു ബോധം ഉരുത്തിരിയുന്നതിനും അവരുടെ ആത്മബോധത്തിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായകമാകും.

ഡോ ഗരിമ ശ്രീവാസ്തവ, ആൾ ഇന്ത്യാ ഇൻസ്റ്റിട്യൂട്ട്  ഓഫ് മെഡിക്കൽ സയൻസസിൽ നിന്നു പിഎച്ച്ഡി കരസ്ഥമാക്കിയ, ഡൽഹി ആസ്ഥാനമാക്കിയിട്ടുള്ള ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണ്. 

White Swan Foundation
malayalam.whiteswanfoundation.org